Spiritual

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സീറോ-മലബാര്‍ ചാപ്ലയന്‍സിയില്‍ ഇടവക ദിനവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളും പ്രൗഢഗംഭീരമായി നടന്നു. ബാഗുളി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ജപമാലയയോട് കൂടി ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ ഇടവക വികാരി റെവ.ഡോ ലോനപ്പന്‍ അരങ്ങാശേരി മുഖ്യ കാര്‍മ്മികത്വം വഹിച്ചപ്പോള്‍ ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍ ദിവ്യബലിയില്‍ സഹ കാര്‍മ്മികനായി. ദിവ്യബലിയെത്തുടര്‍ന്ന് തുടര്‍ന്ന് ടിംബര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ പൊതുസമ്മേളനവും കലാപരിപാടികളും നടന്നു.

ഇടവക വികാരി റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു സന്ദേശം നല്‍കി. ഫാ.നിക്ക് കെയിന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ട്രസ്റ്റി ബിജു ആന്റണി സ്വാഗതം ആശംസിച്ചപ്പോള്‍ സണ്‍ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ ബോബി ആലഞ്ചേരി നന്ദി രേഖപ്പെടുത്തി.സണ്‍ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ റിന്‍സി സജിത്ത്, മാതൃവേദി പ്രസിഡന്റ് മിനി ഗില്‍ബര്‍ട്ട് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വിവാഹ വാര്‍ഷികത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ച ടോമി തെനയനും അസ്സീസാ ടോമിക്കും ഫാ.ലോനപ്പന്‍ ഉപഹാരം നല്‍കിയപ്പോള്‍,സണ്ണി ആന്റണിക്കും കുടുംബത്തിനും, ഡോ.ബെന്‍ഡനും കുടുംബത്തിനും പ്രത്യേക പുരസ്‌ക്കാരങ്ങള്‍ ഇടവക വികാരി കൈമാറി. ഇതേതുടര്‍ന്ന് വെല്‍ക്കം ഡാന്‍സോടെ കലാസന്ധ്യക്കു തിരി തെളിഞ്ഞു.

തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ക്ലാസ് അടിസ്ഥാനത്തില്‍ വിവിധ പരിപാടികളുമായി ഇടമുറിയാതെ വേദിയില്‍ എത്തിക്കൊണ്ടിരുന്നു. പരിപാടികള്‍ ഏവര്‍ക്കും മികച്ച വിരുന്നായപ്പോള്‍ ഇടവകയിലെ മാതൃവേദി പ്രവര്‍ത്തകരും പിതൃവേദി പ്രവര്‍ത്തകരും അടിപൊളി സ്‌കിറ്റുമായി വേദിയില്‍ എത്തിയപ്പോള്‍ നിലക്കാത്ത കൈയടികള്‍ ഉയര്‍ന്നു. ഇടവകയിലെ കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണത്തെ തുടര്‍ന്ന് സാല്‍ഫോര്‍ഡ് കലവറ കേറ്ററിംഗ് ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

ബ്രിസ്റ്റോള്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ എട്ട് റീജിയണുകളിലായി നടന്ന പ്രാഥമികതല മത്സരങ്ങളിലെ വിജയികള്‍ നാളെ ബ്രിസ്റ്റോളിലെത്തുന്നു, ദൈവം ദാനമായി നല്‍കിയ കലാസിദ്ധികളിലൂടെ ദൈവത്തെ മഹത്വപ്പെടുത്താന്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബ്രിസ്റ്റോള്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ‘ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം’ ഈ വര്‍ഷം മുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ പങ്കാളിത്തം കൊണ്ടും കൂടുതല്‍ മികച്ച കലാപ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധ നേടുകയാണ്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് പറഞ്ഞു.

യൂറോപ്പില്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലുള്ള ഏറ്റവും വലിയ ബൈബിള്‍ കലോത്സവം എന്ന ഖ്യാതി നേടിയിരിക്കുന്ന ഈ കലാമാമാങ്കത്തില്‍ അഞ്ഞൂറിലധികം വ്യക്തിഗത ഇനങ്ങളിലും അറുപത്തഞ്ചോളം ഗ്രൂപ്പ് ഇനങ്ങളിലുമായി 850ല്‍ അധികം കലാകാരന്മാരും കലാകാരികളുമാണ് പങ്കെടുക്കുന്നത്. 11 സ്റ്റേജുകളിലായി 21 ഇനങ്ങളില്‍ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. ഓരോ സ്റ്റേജിനും വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാനുള്ളവരുടെയും മത്സരങ്ങള്‍ക്ക് വിധികര്‍ത്താക്കളാകാനുള്ളവരുടെയും നിയമനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഓരോ റീജിയണില്‍ നിന്നും മത്സരിക്കാനെത്തുന്നവര്‍ക്ക് നേതൃത്വം നല്‍കാന്‍ അതാതു റീജിയണില്‍ നിന്നും ബഹു വൈദികരുടെയും അല്‍മായ ലീഡേഴ്സിന്റെയും സേവനം ലഭ്യമായിരിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രഥമ ബൈബിള്‍ കലോത്സവമെന്ന പ്രത്യേകത പരിഗണിച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാളെ മുഴുവന്‍ സമയവും ബ്രിസ്റ്റോളില്‍ ചിലവഴിക്കും.

കലോത്സവ ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും ജോ. ഡയറക്ടര്‍ റവ. ഫാ. ജോയി വയലിലിന്റെയും വിവിധ കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ അതിവിപുലമായ സൗകര്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി ക്രമീകരിച്ചിരിക്കുന്നത്. ഓരോ റീജിയണിന്റെയും ചുമതല വഹിക്കുന്നവര്‍ക്ക് ഇതിനോടകം പ്രത്യേക ക്ഷണക്കത്തുകള്‍ അയച്ചുകഴിഞ്ഞു. ദൂരെ നിന്നും എത്തുന്നവര്‍ക്ക് പ്രഭാത ഭക്ഷണം ലഭിക്കാനുള്ള സൗകര്യങ്ങള്‍, ട്രെയിന്‍, ബസ് സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍, മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ മറ്റു ക്രമീകരണങ്ങള്‍ തുടങ്ങിയവയെല്ലാം ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥനയോടെ കലോത്സവ ദിനത്തിനായി രൂപതാകുടുംബം ഒന്നാകെ പ്രാര്‍ത്ഥിച്ച് ഒരുങ്ങും. തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. കലാവാസനകളിലൂടെ കുട്ടികള്‍ തന്നെ വചനപ്രഘോഷകരാകുന്ന ഈ ബൈബിള്‍ കലോത്സവത്തെ രൂപത ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ദൈവാനുഗ്രഹങ്ങളും വിജയാശംസകളും നേരുന്നതായും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

ബാബു ജോസഫ്

ദൈവികേതര സങ്കല്പങ്ങളുടെയും പൈശാചികതയുടെയും പ്രതിരൂപമായ യൂറോപ്പിലെ ഹാലോവീന്‍ ആഘോഷത്തെ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനപ്രകാരം ‘ഹോളിവീന്‍’ ആഘോഷമാക്കിമാറ്റിക്കൊണ്ട് ബര്‍മിങ്ഹാം കവെന്‍ട്രി സെന്റ് ജൂഡ് യൂണിറ്റിലെ കുട്ടികള്‍ പുതിയ തുടക്കം കുറിച്ചു. യൂണിറ്റിലെ മുതിര്‍ന്നവരുടെ നിര്‍ദ്ദേശാനുസരണം ഒക്ടോബര്‍ ഒന്നുമുതല്‍ എല്ലാദിവസവും മുഴുവന്‍ കുട്ടികളും ഒരുമിച്ചുകൂടി വിവിധ ഭവനങ്ങള്‍ കേന്ദ്രീകരിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥന നടത്തിയിരുന്നു.

ഹാലോവീന്‍ ദിവസമായ ഇന്നലെ ഹോളിവീനായി ആചരിച്ചുകൊണ്ട് യൂണിറ്റിലെ മുതിര്‍ന്നവര്‍ വെള്ളവസ്ത്രം ധരിച്ചപ്പോള്‍ കുട്ടികള്‍ വിശുദ്ധരുടെയും മാലാഖാമാരുടെയും വേഷവിധാനങ്ങളോടെ വീടുകളില്‍ എത്തി ഒരുമിച്ച് ജപമാലപ്രാര്‍ത്ഥന നടത്തി. ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ കഴിഞ്ഞമാസം കുട്ടികള്‍ ഹോളിവീന്‍ ആചരണം നടത്തിയതും കുട്ടികള്‍ക്ക് പ്രചോദനമായി. ഒക്ടോബര്‍ 28ന് കവെന്‍ട്രി സെന്റ് ജൂഡ് യൂണിറ്റിലെ കുട്ടികളുടെ ഹോളിവീന്‍ ആഘോഷത്തിന്റെ വീഡിയോ കാണാം.

ഒക്ടോബര്‍ 28ന് മലയാളം സീറോ മലബാര്‍ കുര്‍ബാനയ്ക്ക് ഷെഫീല്‍ഡിലെ കുട്ടികള്‍ ഹോളിവീന്‍ ആചരണം നടത്തി. റവ.ഫാ.മാത്യു മുളയോലില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ഇടവക സമൂഹം പ്രത്യേക സമ്മാനങ്ങളും നല്‍കി.

റജി നന്തികാട്ട്

ലണ്ടന്‍: കേരള കാത്തോലിക് അസോസിയേഷന്‍ ഓഫ് ദി യുകെയുടെ ആഭിമുഖ്യത്തില്‍ മരിച്ച വിശ്വാസികള്‍ക്കായുള്ള ഓര്‍മ്മത്തിരുനാള്‍ കൊണ്ടാടുന്നു. 2017 നവംബര്‍ 3 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മാനര്‍പാര്‍ക്കിലുള്ള സെന്റ്. സ്റ്റീഫന്‍സ് കാത്തോലിക് ചര്‍ച്ചില്‍ ആണ് തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നത്. ഇംഗ്ലീഷില്‍ നടത്തപ്പെടുന്ന തിരുക്കര്‍മങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ലഘു ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക.

Galvin Gabriel
0775 1515161

Earnest (Chairman)
0753 3374990

Dominicson (Secretary)
0778 0661258

Lloyd (Treasurer)
0790 8855899

venue address

146 Little Ilford Lane
London
E12 5PJ
England

(Bus No: 147 from East Ham Station)

രാജേഷ്‌ ജോസഫ്

ക്‌നാനായ പരമ്പര്യത്തിലും തനിമയിലും വിശ്വാസ നിറവിലും അധിഷ്ഠിതമായ ശക്തമായ മിഷന്‍ സംവിധാന രൂപീകരണത്തിലേക്ക് ചുവടു വയ്ക്കാന്‍ ഒരുങ്ങുന്ന ലെസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് പുതിയ ഭാരവാഹികള്‍.  എസ്രാ പ്രവാചകന്റെ ശവകുടീരത്തില്‍ പ്രാര്‍ത്ഥിച്ചു തുടക്കമിട്ട ജനത തങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും ഹൃദയത്തില്‍ കാത്തു സൂക്ഷിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭയോട് ചേര്‍ന്ന് വിശ്വാസത്തിന്റെ വെന്നിക്കൊടി പാറിക്കുമ്പോള്‍ ലെസ്റ്റര്‍ യൂണിറ്റും അതിന്‍റെ ഭാഗമായിമുന്നോട്ട് നീങ്ങുന്നു.

അംഗബലം കൊണ്ട് മിഡ്ലാന്‍ഡ്സിലെ യുകെകെസിഎയുടെ ഏറ്റവും പ്രധാന യൂണിറ്റ് ആണ് ലെസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍. ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ പത്തു വര്‍ഷം പിന്നിട്ട അസോസിയേഷന്റെ ജനറല്‍ ബോഡി കഴിഞ്ഞ ദിവസം 2018 -19 വര്‍ഷത്തെ അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി.

ഭാരവാഹികള്‍

പ്രസിഡന്റ് : വിജി ജോസഫ്
വൈസ് പ്രസിഡന്റ് : ബെറ്റി അനില്‍
സെക്രട്ടറി :റോബിന്‍സ് ഫിലിപ്പ്
ജോയിന്റ് സെക്രെട്ടറി: മോള്‍ബി ജെയിംസ്
ട്രഷറര്‍ : ഷിജു ജോസ്
ജോയിന്റ് ട്രഷറര്‍ : മജു തോമസ്

ആക്ടിവിറ്റി കോര്‍ഡിനേറ്റേഴ്‌സ് :
മിനി ജെയിംസ് കണ്ണമ്പാടം
ടോമി കുമ്പുക്കല്‍

കമ്മറ്റി മെംബേര്‍സ്
രാജേഷ് ജോസഫ്
തോമസ് ചേത്തലില്‍

അഡ്വൈസര്‍
സിബു ജോസ്

വരും വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത്, ക്‌നാനായ പരമ്പര്യത്തിലും തനിമയിലും വിശ്വാസ നിറവിലും ഉള്ള ശക്തമായ മിഷന്‍ സംവിധാന രൂപീകരണത്തിന് ചുവടുവെക്കാം എന്ന തീരുമാനത്തോടെയാണ് യോഗം അവസാനിച്ചത്.

ബാബു ജോസഫ്

ബര്‍മിങ്ഹാം: നവസുവിശേഷവത്ക്കരണ രംഗത്ത് ശക്തമായ സൗഖ്യത്തിന്റെയും വിടുതലിന്റെയും പ്രകടമായ ദൈവിക അടയാളങ്ങളിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിച്ചുകൊണ്ട് യുകെ കേന്ദ്രമാക്കി വിവിധ ലോകരാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സെഹിയോന്‍ മിനിസ്ട്രിയുടെ ഡയറക്ടറും പ്രമുഖ ആത്മീയ, രോഗശാന്തി ശുശ്രൂഷകനുമായ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന സ്പിരിച്വല്‍ ഷെയറിങ് രോഗശാന്തി ശുശ്രൂഷകള്‍ നവംബര്‍ 4 ശനിയാഴ്ച്ച രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ ബര്‍മിങ്ഹാം സെന്റ് ജെറാര്‍ഡ് കാത്തലിക് ദേവാലയത്തില്‍ നടക്കും.

പ്രായഭേദമന്യേ ഏവര്‍ക്കും വേണ്ടി നടത്തപ്പെടുന്ന ഈ ശുശ്രൂഷയില്‍ ഓരോരുത്തര്‍ക്കും പ്രത്യേകമായി നടത്തുന്ന പ്രാര്‍ത്ഥനയിലും സ്പിരിച്വല്‍ ഷെയറിങിലും ഫാ.സോജി ഓലിക്കല്‍ പങ്കെടുക്കും. കുമ്പസാരിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. ഏറെ അനുഗ്രഹീതമായ ഈ പ്രത്യേക ആത്മാഭിഷേക ശുശ്രൂഷയിലേക്ക് സെഹിയോന്‍ മിനിസ്ട്രീസ് ഏവരെയും യേശുനാമത്തില്‍ സ്വാഗതം ചൈയ്യുന്നു.

അഡ്രസ്സ്
ST.JERARD CATHOLIC CHURCH
2.RENFREW SQUARE
BIRMINGHAM
B35 6JT.

സ്വന്തം ലേഖകന്‍

ഇന്‍ഡോര്‍ : ദൈവദാസി സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ നാലിന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കും. രാവിലെ പത്തിന് ഇന്‍ഡോര്‍ ബിഷപ്‌സ് ഹൗസിനടുത്തുള്ള സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണു ചടങ്ങുകള്‍ നടക്കുന്നത്. വത്തിക്കാനില്‍നിന്നു കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും. ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, ഭോപ്പാല്‍ ആര്‍ച്ച് ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, മെത്രാപ്പോലീത്തമാര്‍ എന്നിവരും ശുശ്രൂഷകളില്‍ പങ്കെടുക്കും. തുടര്‍ന്നു പൊതുസമ്മേളനം നടക്കും. പിറ്റേന്ന് സിസ്റ്റര്‍ റാണി മരിയയുടെ കബറിടമുള്ള ഉദയ്നഗര്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയിലും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടാകും. ഇന്‍ഡോറില്‍ നടക്കുന്ന പ്രഖ്യാപന ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള മെത്രാന്മാരും വൈദികരും എഫ്സിസി സന്യാസിനികളും കുടുംബാംഗങ്ങളും മറ്റു പ്രതിനിധികളും പങ്കെടുക്കും.

സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുന്ന തിരുക്കർമ്മങ്ങൾക്കായി മധ്യപ്രദേശിലെ ഇൻഡോറിനൊപ്പം കേരളവും തയാറെടുപ്പ് പൂർത്തിയാക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെയും എഫ്.സി.സി. സന്യാസിനി സമൂഹത്തിന്റെയും നേതൃത്വത്തിൽ നവംബർ 11 നാണ് കേരളത്തിൽ സഭാതല ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തുന്നതിനോടനുബന്ധിച്ചു കേരളസഭയുടെ കൃതജ്ഞതാബലിയും ആഘോഷവും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആതിഥേയത്വത്തില്‍ നവംബറില്‍ എറണാകുളത്ത് നടക്കും. എറണാകുളം – അങ്കമാലി അതിരൂപതയിലെ പുല്ലുവഴിയാണു സിസ്റ്റര്‍ റാണി മരിയയുടെ ജന്മനാട്. മധ്യപ്രദേശിലെ പ്രേഷിത പ്രവര്‍ത്തനത്തിനിടെ 1995 ഫെബ്രുവരി 25 നാണ് സിസ്റ്റര്‍ കൊല്ലപ്പെട്ടത്. എഫ്‌സിസി സന്യാസിനി സമൂഹാംഗമായിരുന്നു സിസ്റ്റര്‍ റാണി മരിയ.

വത്തിക്കാനിലെ നാമകരണ നടപടികൾക്കായുള്ള തിരുസംഘം പ്രീഫെക്ട് കർദിനാൾ ആഞ്ജലോ അമാത്തോയാണ് ഇൻഡോറിലെ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുക. ദിവ്യബലിമധ്യേ സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുന്ന ചടങ്ങും നിർവ്വഹിക്കും. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ, ഇന്ത്യയിലെ നാലു കർദിനാൾമാർ ഉൾപ്പെടെ 100 ൽപ്പരം ബിഷപ്പുമാർക്കൊപ്പം സിസ്റ്ററിന്റെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററും ഒ.എഫ്.എം കോൺഗ്രിഗേഷൻ അംഗവുമായ ഫാ. ജുവാൻ ജിസപ്പേ കാലിഫിനോ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി വൈദികർ സഹകാർമ്മികരാകും.

ഇൻഡോർ ബിഷപ്പ് ഡോ. ചാക്കോ തോട്ടുമാരിക്കലിന്റെയും എഫ്.സി.സി സന്യാസിനി സമൂഹത്തിന്റെയും നേതൃത്വത്തിൽ പ്രഖ്യാപന ചടങ്ങുകളുടെ ക്രമീകരണം പൂർത്തിയായി. സിസ്റ്ററിന്റെ കബറിടം സ്ഥിതിചെയ്യുന്ന ഉദയ്‌നഗർ സേക്രഡ് ഹാർട്ട് ദൈവാലയത്തിൽ നവംബർ മൂന്നിന് വൈകിട്ട് 5.00നും അഞ്ചിന് രാവിലെ 10.00നും പ്രാർത്ഥനാശുശ്രൂഷകൾ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇരുപതിനായിരത്തോളം പേർ പരിപാടികളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇൻഡോറിലെ തിരുകർമ്മങ്ങളെ തുടർന്ന് സിസ്റ്ററുടെ തിരുശേഷിപ്പ് എറണാകുളം മേജർ ആർച്ച് ബിഷപ്‌സ് ഹൗസിൽ എത്തിക്കും. കേരള സഭാതല ആഘോഷത്തോട് അനുബന്ധിച്ച് നവംബർ 11ന് അർപ്പിക്കുന്ന തിരുക്കർമ്മങ്ങൾക്ക് സീറോമലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിക്കും.

വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തുന്നതിനോടനുബന്ധിച്ച് പുല്ലുവഴിയിൽ ഒക്ടോബർ 10 മുതൽ നവംബർ 19 വരെ നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പുല്ലുവഴി സെന്റ് തോമസ് ദൈവാലയത്തിൽ സിസ്റ്റർ റാണി മരിയ മ്യൂസിയത്തിൽ സ്ഥാപിച്ച ഛായാചിത്രത്തിന്റെ അനാഛാദനം റവ.ഡോ. ജേക്കബ് നങ്ങേലിമാലിൽ നിർവഹിക്കും.‘ സിസ്റ്റർ റാണി മരിയയുടെ ജീവിതവഴി ’ യിലൂടെ എന്ന വിഷയത്തിൽ സീറോ മലബാർ സഭ വക്താവും ഭരണങ്ങാനം സെന്റ് അൽഫോൻസ തീർഥാടനകേന്ദ്രം റെക്ടറുമായ റവ. ഡോ. മാത്യു ചന്ദ്രൻകുന്നേൽ പ്രഭാഷണം നടത്തും.   നവംബർ 15നാണ് തിരുശേഷിപ്പ് പുല്ലുവഴി സെന്റ് തോമസ് ദൈവാലയത്തിൽ എത്തിക്കുന്നത്. 19 ന് ഉച്ചകഴിഞ്ഞ് 3.00ന് അർപ്പിക്കുന്ന  കൃതജ്ഞതാബലിയിൽ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും. കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ വചനസന്ദേശം നൽകും.

ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, ഡോ. ചാക്കോ തോട്ടുമാരിക്കൽ, മാർ മാത്യു വാണിയകിഴക്കേൽ, മാർ എഫ്രേം നരികുളം എന്നിവർ സഹകാർമ്മികരാകും. വൈകിട്ട് 5.00ന് അഞ്ചിനു നടക്കുന്ന പൊതുസമ്മേളനത്തിൽവെച്ച്  പുല്ലുവഴി സെന്റ് തോമസ് ദൈവാലയത്തെ മാർ ആലഞ്ചേരി തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കും. വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖർ സമ്മേളനത്തിൽ സന്നിഹിതരാകും.

മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപനത്തിലും എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന കേരളസഭാതല ആഘോഷത്തിലും പുല്ലുവഴിയിൽനിന്ന് പ്രതിനിധിസംഘങ്ങൾ പങ്കെടുക്കുന്നുണ്ട്. രക്തസാക്ഷി പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്കായി എല്ലാവിധ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍  അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള  സഹായങ്ങള്‍ ആവശ്യമുള്ളവര്‍  താഴെയുള്ള ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ബിഷപ്പ് അറിയിച്ചു.

 

 

ജെഗി ജോസഫ്

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവത്തിന് തിരി തെളിയുവാന്‍ ഇനി അഞ്ച് നാളുകള്‍ മാത്രം ബാക്കി നില്‍ക്കവേ കലോത്സവത്തിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. മത്സരത്തിന്റെ ആവേശവും മുന്നൊരുക്കവുമാണ് എല്ലായിടത്തും. റീജിയണല്‍ മത്സരങ്ങളില്‍ വിജയിച്ച് കഴിവു തെളിയിച്ച കുട്ടികള്‍ കലോത്സവ വേദികളില്‍ മാറ്റുരയ്ക്കുമ്പോള്‍ അത് ആസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭവമായിരിക്കും സമ്മാനിക്കുക. മത്സരത്തേക്കാളുപരി ദൈവവചനങ്ങള്‍ കലാരൂപങ്ങളിലൂടെ വേദിയിലെത്തുമ്പോള്‍ അത് കുരുന്നുകള്‍ക്ക് ദൈവത്തിലേക്കുള്ള വഴിയായി മാറും. കുഞ്ഞുമനസുകളില്‍ വിശ്വാസം ഉറപ്പിക്കാന്‍ ഈ മത്സരത്തിനാകുമെന്നത് മുന്‍ വര്‍ഷത്തെ സ്വീകാര്യതയില്‍ നിന്ന് തന്നെ വ്യക്തമാണ്.


എട്ട് റീജിയണുകളിലായി നടന്ന റീജിയണല്‍ ബൈബിള്‍ കലോത്സവത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ വിജയികളാണ് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ നവംബര്‍ 4ന് നടക്കുന്ന മത്സരത്തില്‍ മാറ്റുരക്കാന്‍ എത്തുന്നത്. 550 ഓളം വ്യക്തിഗത ഇനങ്ങളിലും 65 ഓളം ഗ്രൂപ്പിനങ്ങളിലുമായി ഏകദേശം 850 ലധികം കുട്ടികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ബ്രിസ്റ്റോളിലെ സൗത്തമീഡ് ഗ്രീന്‍വേ സെന്ററിലും ബ്രിസ്റ്റോള്‍ കമ്മ്യൂണിറ്റി സെന്ററിലുമായി ഒരുക്കുന്ന 9 സ്റ്റേജുകളുടെയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. വോളന്റിയേഴ്സിന്റെയും മറ്റും ലിസ്റ്റ് തയ്യാറായിക്കഴിഞ്ഞു. 9 സ്റ്റേജുകളില്‍ എവിടെയെങ്കിലും താമസം നേരിട്ടാല്‍ ഉടന്‍ തന്നെ അതിനുള്ള പകരം സംവിധാനം ഒരുക്കുന്നതിനായി രണ്ടു സ്ഥലങ്ങളിലും ഓരോ എക്സ്ട്രാ സ്റ്റേജുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

നവംബര്‍ 3 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കുന്ന യാമപ്രാര്‍ത്ഥനയോട് കൂടി ബൈബിള്‍ കലോത്സവത്തിന്റെ ആധ്യാത്മിക തലത്തിലുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമാകും. എല്ലാ ആദ്യ വെള്ളിയാഴ്ചകളിലും ബ്രിസ്റ്റോളില്‍ നടക്കുന്ന നൈറ്റ് വിജില്‍ ഇത്തവണ ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായുള്ള നൈറ്റ് വിജിലാവും. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ വചന സന്ദേശം നല്‍കും. 7 മണിക്ക് വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് ആരാധനയും ക്രമീകരിച്ചിട്ടുണ്ട്.

ശനിയാഴ്ച രാവിലെ 8.45ന് തന്നെ ഗ്രീന്‍വേ സെന്ററില്‍ രജിസ്ട്രേഷന്‍ ഡോക്യുമെന്റസ് എല്ലാവര്‍ക്കും വിതരണം ചെയ്യും. തുടര്‍ന്ന് ഒന്‍പതേകാലിന് ബൈബിള്‍ പ്രതിഷ്ഠയോട് കൂടി ബൈബിള്‍ കലോത്സവ മത്സരങ്ങള്‍ ആരംഭിക്കും. വൈകുന്നേരം ആറര വരെ നീണ്ടു നില്‍ക്കുന്ന മത്സരങ്ങള്‍ക്ക് ശേഷം പൊതുസമ്മേളനത്തിന് തുടക്കമാവുവുകയും സമ്മളന വേദിയില്‍ വച്ച് വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടക്കും.

എല്ലാ മാസ് സെന്ററുകളിലെയും വൈദികര്‍ക്കും മറ്റു വിശിഷ്ട വ്യക്തികള്‍ക്കുമായി കലോത്സവ ഡയറക്ടറുടെയും ചീഫ് കോര്‍ഡിനേറ്ററുടെയും പേരുകളില്‍ ഇന്‍വിറ്റേഷന്‍ ലെറ്ററുകള്‍ അയച്ചു കഴിഞ്ഞു. 850 ലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഒരു മത്സരമായത് കൊണ്ട് തന്നെ മുന്നൊരുക്കങ്ങള്‍ എല്ലാം വളരെ തകൃതിയായി നടക്കുന്നു.ആതിഥേയരായ STSMCC യുടെ ട്രസ്റ്റിമാരായ പ്രസാദ് ജോണ്‍, ലിജോ പടയാറ്റില്‍, ജോസ് മാത്യു, വിവിധ കമ്മിറ്റികളുടെ വോളന്റിയേഴ്സും മറ്റും മീറ്റിങ്ങുകള്‍ ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ നടത്തിവരികയാണ്.

എട്ട് മണിക്കൂറിലധികം യാത്ര ചെയ്തു സ്‌കോട്ട്ലാന്‍ഡില്‍ നിന്നും ലിവര്‍പൂളില്‍ നിന്നും ലണ്ടന്‍, കേംബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് വേണ്ടി ബ്രേക്ക്ഫാസ്റ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ അതിനായി ചുമതലപ്പെട്ടവരെ ബന്ധപ്പെടേണ്ടതാണ്. ബൈബിള്‍ കലോത്സവത്തിന്റെ പ്രധാന കോര്‍ഡിനേറ്റര്‍ കലോത്സവം ഡയറക്ടര്‍ ഫാ പോള്‍ വെട്ടിക്കാട്ട് ആണ്.-07450243223. കലോത്സവം ചീഫ് കോര്‍ഡിനേറ്റര്‍ സിജി വാദ്യാനത്ത്- 07734 303945

നടപടികള്‍ പൂര്‍ത്തിയായെങ്കിലും രജിസ്ട്രേഷന്‍ സംബന്ധിച്ച് അന്വേഷണങ്ങള്‍ക്ക് രജിസ്ട്രേഷന്റെ കോര്‍ഡിനേറ്റര്‍ ജോജി മാത്യുവിനെ ബന്ധപ്പെടുക-07737 506147 ദൂരസ്ഥലത്ത് നിന്ന് വരുന്നവര്‍ക്ക് അക്കോമഡേഷനെ കുറിച്ച് അറിയാന്‍ ജോമോന്‍ മാമച്ചനെ വിളിക്കുക (07886208051) നേരത്തെ റെയില്‍വേ സ്റ്റേഷനിലും മറ്റുമെത്തുന്നവര്‍ ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങള്‍ക്ക് ജോസ് മാത്യുവിനെ ബന്ധപ്പെടുക-07837482597 ഭക്ഷണ സംബന്ധമായ കാര്യങ്ങള്‍ക്ക് പ്രസാദ് ജോണ്‍ -07525687588
മത്സരങ്ങളുടെ സമ്മാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ അനിതാ ഫിലിപ്പ്-07809714895 ഫൈനാന്‍സ് സംബന്ധിച്ച് അറിയാന്‍ എസ്ടിഎംസിസിയുടെ ട്രെഷറര്‍ ബിജു ജോസിനെ വിളിക്കുക -07956 120231,

ബ്രിസ്റ്റോളിലും യുകെയിലെമ്പാടുമുള്ള വിവിധ മാസ് സെന്ററുകളിലെ വിശ്വാസികളെല്ലാം നല്ലൊരു മത്സരം കാണുവാനുള്ള ഒരുക്കത്തിലാണ്. അഭിഷേകാഗ്നി കണ്‍വന്‍ഷനില്‍ പങ്കെടുത്തവര്‍ കണ്‍വന്‍ഷനില്‍ നിന്നുമുള്ള പ്രചോദനം ഉള്‍ക്കൊണ്ട് ദൈവവചനം കലാരൂപങ്ങളില്‍ കൂടി അവതരിപ്പിക്കാനും അത് കുട്ടികളിലേക്ക് പകര്‍ന്നു കൊടുക്കാനുമുള്ള ഒരുക്കത്തിലാണ്. ഇത്തവണത്തെ മത്സരങ്ങള്‍ വളരെ കടുത്തതായിരിക്കുമെന്നതില്‍ സംശയമേതുമില്ല. യുകെയിലെ പ്രമുഖ മലയാളം ചാനലായ ഗര്‍ഷോം ടിവിയില്‍ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

ബെന്നി മേച്ചേരിമണ്ണില്‍

റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളില്‍ നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും നവംബര്‍ മാസം 4-ാം തിയതി 4.15ന് കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു. തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു. ശനിയാഴ്ച 3 മണിമുതല്‍ നാലുമണി വരെ രൂപതയിലെ ആദ്യ കുര്‍ബാന സ്വീകരിച്ച ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ബൈബിള്‍ പഠനം, വിശുദ്ധ കുര്‍ബാനയുടെ ആഴത്തിലുള്ള അറിവ്, പ്രാര്‍ത്ഥന, പ്രാര്‍ത്ഥനാ കൂട്ടായ്മ എന്നിവയെ കുറിച്ച് ഫാദര്‍ റോയ് കോട്ടക്കുപുറത്തിന്റെ നേതൃത്വത്തില്‍ ക്ലാസും ചര്‍ച്ചകളും നടത്തപ്പെടുന്നതാണ്. എല്ലാ മാതാപിതാക്കളും കുട്ടികളെ നേരത്തെ പള്ളിയില്‍ എത്തിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

റെക്‌സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കപ്പുറം SDVയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ പരിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മറ്റു പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്ന് പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ റെക്‌സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളേയും സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനിലേക്കു രൂപത കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം സ്‌നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു.

ഫാദര്‍ റോയ് കോട്ടയ്ക്ക് പുറം Sdv 07763756881.

പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് – SACRED HEART CHURCH , HAWARDEN, CH53D

ടോജോ ഫ്രാന്‍സിസ്

ലെസ്റ്റര്‍: ചെറിയ ഇടവേളക്കു ശേഷം സീറോ മലബാര്‍ വിശ്വാസികളുടെ കാത്തിരിപ്പിനു വിരാമമായി. ലെസ്റ്ററിലെ സീറോ മലബാര്‍ വിശ്വാസികളുടെ ആദ്ധ്യാത്മിക കാര്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ബഹുമാനപെട്ട വികാരി അച്ചന്‍ ശ്രീ ജോര്‍ജ് തോമസ് ചേലക്കലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനക്ക് തുടക്കമായതോടെ സീറോ മലബാര്‍ സഭയുടെ യുകെയിലെ ആദ്യ മാസ്സ് സെന്ററുകളില്‍ ഒന്നായ ലെസ്റ്ററിനു ഇത് ധന്യ നിമിഷം. 750 ഓളം വരുന്ന സഭ വിശ്വാസികള്‍ക്കു തങ്ങളുടെ ആത്മീയ അജപാലന ആവശ്യങ്ങല്‍ നടത്തികൊടുക്കുന്നതിനായിട്ടാണ് ബഹുമാനപ്പെട്ട ജോര്‍ജ് അച്ചന്‍ നിയമിതനായത്. താമരശ്ശേരി രൂപതാംഗമായ അച്ചന്‍ മികച്ച പ്രധാന അധ്യാപകനായി അവിടെ തന്റെ സേവനം പൂര്‍ത്തിയാക്കിയ ശേഷമാണു ലെസ്റ്ററിലെ അജപാലന ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. വിശുദ്ധ അല്‍ഫോന്‍സാമ്മയെ ഏറെ സ്‌നേഹിക്കുന്ന അച്ചന്‍ നിലവില്‍ ഇവിടെ St Edwards Catholic Church വികാരിയായും സേവനം അനുഷ്ഠിക്കുന്നു. ഒരു വര്‍ഷം പിന്നിട്ട സിറോ മലബാര്‍ സഭ രൂപതയുടെ വളര്‍ച്ചയില്‍ ലെസ്റ്ററിലെ അച്ചന്റെ പ്രവര്‍ത്തങ്ങള്‍ ഒരു മുതല്‍ക്കൂട്ടാകും എന്നതില്‍ ഒരു സംശയവുമില്ല.

നിലവില്‍ മലയാളം കുര്‍ബാന സജ്ജീകരിച്ചിരിക്കുന്ന മദര്‍ ഓഫ് ഗോഡ് പള്ളി വികാരി ബഹുമാനപെട്ട ഗബ്രിയേല്‍ അച്ചന്‍ മലയാളം കുര്‍ബാനയ്ക്ക് എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും എല്ലാവിധ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയുമുണ്ടായി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സണ്‍ഡേ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കു പാരിഷ് ഹാളില്‍ കൂടിയ യോഗത്തില്‍ അവാര്‍ഡുകളും മെഡലുകളും വിതരണം ചെയുകയുണ്ടായി.

ആത്മീയതയിലും പ്രാര്‍ത്ഥനയിലുംല്‍ ഊന്നിയ കമ്മ്യൂണിറ്റി ലെസ്റ്ററില്‍ഉണ്ടാകും എന്നുള്ള ശുഭ പ്രതീക്ഷ മനസ്സില്‍ കാത്തുസൂക്ഷിച്ചു നല്ല സായാഹ്നം എല്ലാവര്‍ക്കും ആശംസിച്ചുകൊണ്ട് ചടങ്ങുകള്‍ അവസാനിച്ചു.

(ചിത്രങ്ങള്‍ : പ്രവീണ്‍ ജോസഫ്)

Copyright © . All rights reserved