Spiritual

ഫാ.ഹാപ്പി ജേക്കബ്

രക്ഷകനായ ക്രിസ്തുവിന്റെ ജനനത്തിന്റെ വലിയ സന്തോഷം പങ്കിടുവാന്‍ നാം ഒരുങ്ങുന്ന ഈ സമയം മനസില്‍ കടന്നുവന്ന സമ്മിശ്ര വികാരപരമായ ചിന്തകള്‍ ഇവിടെ പങ്കുവയ്ക്കയാണ്. ഒരു ജനസമൂഹം കാത്തിരുന്ന വലിയ ഒരു ദിവസം, അതാണല്ലോ ക്രിസ്തുമസ്. രണ്ട് വ്യത്യസ്ത കുടുംബങ്ങള്‍ ആണ് ഈ ആഴ്ചകളിലൊക്കെ പ്രതിപാദന വിഷയമായി ഭവിക്കുന്നത്. ഒന്നാമത് സഖറിയ പുരോഹിതന്റെയും എലിസബത്തിന്റേയും കുടുംബവും രണ്ടാമത് ജോസഫിന്റേയും മറിയയുടേയും കുടുംബവും. മനുഷ്യരാല്‍ അസാധ്യമെന്ന് കരുതിയ രണ്ട് സംഭവങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. വി. ലൂക്കോസിന്റെ സുവിശേഷം രണ്ടാം അധ്യായത്തില്‍ ഈ സംഭവം വിവരിക്കുന്നു. ജനിക്കുവാന്‍ പോകുന്ന പൈതങ്ങളുടെ വിശേഷണം മാലാഖ അറിയിക്കുന്നത് നാം എല്ലാവരും ശ്രദ്ധിക്കേണ്ട വസ്തുതകളാണ്. കുടുംബത്തിന്റെ പ്രത്യേകിച്ചും മക്കളുടെ ഭാവിയില്‍ ഉത്കണ്ഠാകുലരാകുന്ന ഏവരും ഈ ഭാഗം മനസിലാക്കുക. ദൈവ സന്നിധിയില്‍ ഉള്ള ജീവിതം നമ്മുടെ മക്കള്‍ക്ക് നല്‍കിയാല്‍ അതിന്റെ അനുഗ്രഹം തലമുറ തലമുറയായി അനുഭവിക്കാം. എന്നാല്‍ ഇന്ന് പല അവസരങ്ങളിലും പലരും പങ്കുവെച്ചിട്ടുള്ളത്. ”അവര്‍ക്ക് പ്രാപ്യമായ എല്ലാ സൗകര്യങ്ങളും ഞങ്ങളാലാവമത് കൊടുത്തിട്ടും എന്തേ ഇങ്ങനെ സംഭവിക്കുന്നു. ഇത് ഒരു വിലാപം മാത്രമല്ല ഒരു സമൂഹത്തിന്റെ ദുഃഖം കൂടിയാണ് എന്ന് വിസ്മരിക്കരുത്.

മാതാപിതാക്കളും അനുവര്‍ത്തിക്കപ്പെടേണ്ടതായ തത്വങ്ങള്‍ ഈ കുടുംബങ്ങളില്‍ നിന്ന് പകര്‍ത്താവുന്നതാണ്. ദൈവാനുഗ്രഹം ലഭിച്ച സഖറിയാവ് മകന്റെ ജനനത്തോളം മൗനമായിരുന്നു. മൗനം എന്നത് ആന്തരികമായി മനസിലാക്കുമ്പോള്‍ വലിയ ഒരു പാഠം ഉള്‍ക്കൊള്ളേണ്ടതാണ്.

വിലാപങ്ങള്‍ 3:26 യഹോവയുടെ രക്ഷയ്ക്കായി മിണ്ടാതെ കാത്തിരിക്കുന്നത് നല്ലത്. മൗനമായി രക്ഷയുടെ അനുഭവങ്ങളെ ധ്യാനിക്കുവാന്‍ നാം പരിശീലിക്കണം. മറിയയുടെ അനുഭവത്തില്‍ ഇപ്രകാരം സംഭവിച്ചപ്പോള്‍ ”ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, അവിടുത്തെ ഹിതം പോലെ എനിക്ക് ഭവിക്കട്ടെ” എന്ന് പ്രതിവചിക്കുന്നു. ദൈവ സന്നിധിയില്‍ മൗനമായിരുന്ന് അനുഗ്രഹം സ്വീകരിക്കയും അതിനനുസരിച്ച് വിധേയരായി ജീവിക്കുകയും ചെയ്താല്‍ നമ്മുടെ ഭവനങ്ങളിലും അനുഗ്രഹിക്കപ്പെട്ട മകള്‍ ജനിക്കും.

ഈ ജനനത്തിന്റ സന്തോഷം സമൂഹത്തില്‍ എത്തുന്നത് വീണ്ടെടുപ്പിന്റെ അനുഭവത്തിലൂടെയാണ്. മരണ നിഴലില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശ, തെറ്റിപ്പോയവര്‍ക്ക് തിരിച്ച് വരവ്, കാണാതെ പോയിട്ടുള്ളവരുടെ കണ്ടെത്തല്‍ രോഗികളുടെ സൗഖ്യം, അശരണര്‍ക്ക് ആശ്രയം ഇവയൊക്കെയാണ് ഏറ്റവും വലിയ സമ്മാനവും. അതിന് നാം പാത്രീഭവിക്കേണ്ടതിന്റെ ഒരുക്ക സമയമാണ് ഈ നോമ്പിന്റെ കാലം. നമ്മെ തന്നെ ഒരുക്കി നമ്മുടെ ഉള്ളില്‍ രക്ഷകന്‍ ജനിക്കുവാന്‍ ഇടയാകട്ടെ. പ്രത്യേകിച്ചും ഈ ദിവസങ്ങളില്‍ കേരളത്തില്‍ കാറ്റും മഴയും മൂലം ജീവന്‍ നഷ്ടപ്പെട്ടവരും, വീടും സമ്പത്തും നഷ്ടപ്പെട്ടവരേയും അവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ നല്‍കുന്നവരേയും നമുക്ക് ഓര്‍ത്ത് പ്രാര്‍ത്ഥിക്കാം. നമുക്ക് ലഭിച്ചിരിക്കുന്ന സമാധാനം ഏവര്‍ക്കും ലഭ്യമാകണം. സര്‍വ്വ ജനത്തിനും ഉണ്ടാകുവാനുള്ള ആ മഹാസന്തോഷം ഭൂതലമെങ്ങും നിറയുവാന്‍ നമുക്ക് ഒരുങ്ങാം.

സ്നേഹത്തോടെ

ഹാപ്പി ജേക്കബ് അച്ചന്‍

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

നോട്ടിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇടയലേഖനത്തിലൂടെ നിര്‍ദ്ദേശിച്ചതനുസരിച്ച് ‘2017- 2018 കുട്ടികളുടെ വര്‍ഷം നോട്ടിംഗ്ഹാമില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇടയലേഖനം വിശ്വാസികള്‍ക്കായി വായിച്ചതിനുശേഷം വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വിശ്വാസ പരിശീലന പ്രഥമാധ്യാപകന്‍ ജോര്‍ജ് കുട്ടി തോമസ് ചെറുപറമ്പില്‍ മാതാപിതാക്കളുടെ പ്രതിനിധികളായി ബേബി കുര്യാക്കോസ്, ബിന്‍സി ബേബി, വിദ്യാര്‍ത്ഥി പ്രതിനിധികളായി റിയ ജയിംസ്, ആബേല്‍ പ്രസാദ് എന്നിവര്‍ തിരി തെളിയിച്ചു. ദൈവിക ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥനാ ഗാനാലാപനത്തോടെയാണ് തിരി തെളിയിക്കപ്പെട്ടത്.

തന്റെ മൂന്നാമത്തെ ഇടയലേഖനത്തില്‍, രൂപതയുടെ അജപാലന പഞ്ചവത്സര പദ്ധതിയിലെ ആദ്യ വര്‍ഷത്തില്‍ ശ്രദ്ധ പതിപ്പിക്കുന്ന കുട്ടികളുടെ വിശ്വാസ പരിശീലനത്തെയും ആത്മീയ രൂപീകരണത്തെയും കുറിച്ചാണ് പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്. വിശ്വാസ പരിശീലനം വിശ്വാസ സമൂഹത്തിന്റെ മുഴുവന്‍ കൂട്ടായ ഉത്തരവാദിത്വമാണെന്ന് ഇടയലേഖനത്തില്‍ എടുത്തു പറഞ്ഞിരിക്കുന്നു. വി. കുര്‍ബാനയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും വികാരി ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, വിശ്വാസ പരിശീലകര്‍, വിമന്‍സ് ഫോറം പ്രതിനിധികള്‍ വാര്‍ഡ് ലീഡേഴ്സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളിലും വരുന്ന ആഴ്ചകളായി കുട്ടികളുടെ വര്‍ഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും. തുടര്‍ന്നു വരുന്ന വര്‍ഷങ്ങളില്‍ യുവജനങ്ങള്‍, ദമ്പതികള്‍, കുടുംബങ്ങള്‍, ഇടവക കൂട്ടായ്മകള്‍ എന്നീ ഓരോ വിഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും അജപാലന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നത്. നവംബര്‍ 20 മുതല്‍ 22 വരെ മിഡ്വെയില്‍സിലെ കെഫെന്‍ലി പാര്‍ക്കില്‍ വച്ചുനടന്ന രൂപതാ പ്രതിനിധി സമ്മേളനത്തിലും ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.

ജെഗി ജോസഫ്

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പഞ്ചവത്സര പദ്ധതിയിലെ (living Stone) ആദ്യവര്‍ഷം കുട്ടികളുടെ വര്‍ഷമായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഇടവകതല ഉത്ഘാടനം വരുന്ന ഞായറാഴ്ച (ഡിസംബര്‍ 3) ഉച്ച കഴിഞ്ഞ് 1.45ന് വി. കുര്‍ബാനയോട് കൂടി ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്‌സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. തദവസരത്തില്‍ രൂപതാ ചാന്‍സലര്‍ ഫാ. മാത്യു പിണക്കാട്ട്, പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. ടോണി പഴയകുളം, ഫാ. അരുണ്‍ കലമറ്റം, ഫാ. ബിബിന്‍ ചിറയില്‍ എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരിക്കും.

എല്ലാവരെയും തദവസരങ്ങളിലേക്ക് സാദരം ക്ഷണിക്കുന്നുവെന്ന് വികാരി ഫാ. പോള്‍ വെട്ടിക്കാട്ടും ട്രസ്റ്റിമാരായ ജോസ് മാത്യു, ലിജോ പടയാട്ടില്‍, പ്രസാദ് ജോണ്‍ എന്നിവര്‍ അറിയിച്ചു. ഫാ സിറില്‍ ഇടമന നയിക്കുന്ന ഡിസംബര്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍ ഇന്ന് ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്‌സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ വച്ച് രാത്രി 8 മണിക്ക് ജപമാലയോടെ ആരംഭിച്ച് രാത്രി 12 മണിക്ക് അവസാനിക്കും. വി. കുര്‍ബ്ബാന, ദിവ്യ കാരുണ്യാരാധന, വചന സന്ദേശം, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ജീവിതത്തിലെ പ്രതിസന്ധികളെ പടവെട്ടി ജയിക്കുവാന്‍ നമ്മെ സഹായിക്കുന്നതിന് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST , കൈക്കാരന്മാരായ ജോസ് മാത്യു, ലിജോ പടയാട്ടില്‍, പ്രസാദ് ജോണ്‍ എന്നിവര്‍ അറിയിക്കുന്നു.

ഫിലിപ്പ് കണ്ടോത്ത്

ലോകമെങ്ങും രക്ഷകനായ ക്രിസ്തുവിന്റെ ജനന തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്ന ഈ വേളയില്‍, സ്‌നേഹത്തിന്റെയും പങ്കുവെയ്ക്കലിന്റെയും ഭക്തിസാന്ദ്രമായ ഈ ആഘോഷപിറവി തിരുന്നാളിനായി എപ്പാര്‍ക്കി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാറിലെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ ക്രിസ്തുമസ് ഒരുക്കധ്യാനം പ്രശസ്ത ധ്യാനഗുരുവും സഭാപണ്ഡിതനുമായ ബഹുമാനപ്പെട്ട അരുണ്‍ കലമറ്റം നയിക്കുന്നതായിരിക്കും. കൂടാതെ ബഹുമാനപ്പെട്ട ജോസ് പൂവാനി കുന്നേലച്ചനും ടോണി പഴയകളം അച്ചനും ഉണ്ടായിരിക്കുന്നതായിരിക്കും.

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനിലെ മാസ് സെന്ററുകളില്‍ താഴെ പറയുന്ന രീതിയില്‍ റിട്രീറ്റ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നു.

December 1st     Cardif    6 pm to 11 pm
December 1st     Bath       5 pm to 10 pm
December 2nd   Bath       11 am to 10 pm
December 2nd   Gloucester 9.30 to 5 pm
December 8t h   Western Supermajic 11.30 am to 5.30 pm
December 9th    Tounton 9.30 am to 6 pm
December 10      Tounton 1 pm to 8 pm ember
December 15       Bristol   5 pm to 9 pm
December 16      Bristol   9 am to 4 pm
December 17       Yeovil  12.30 pm to 8 pm

മുകളില്‍ പറഞ്ഞിരിക്കുന്ന ദിവസങ്ങള്‍ ഒഴികെ മറ്റേതെങ്കിലും ദിവസങ്ങള്‍ ബഹുമാനപ്പെട്ട കലമറ്റം അച്ചന്റെ ധ്യാനം ആഗ്രഹിക്കുന്നവര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തുമായി ബന്ധപ്പെടുക. (07703063836).

ധ്യാനത്തിനോടൊപ്പം തന്നെ കുമ്പസാരത്തിനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. ലോക രക്ഷകന്റെ ജനനത്തെ അനുസ്മരിക്കുവാന്‍ ഒരുങ്ങുന്ന ഈ മംഗളവാര്‍ത്താക്കാലത്ത് ഇതാ കര്‍ത്താവിന്റെ ദാസി എന്ന് പറഞ്ഞ് മറിയം നമ്മള്‍ക്ക് മാതൃകയാണ്. മറിയത്തെപ്പോലെ വചനമാകുന്ന ദൈവവചനത്തെ ലോകത്തിനു മുമ്പില്‍ പറയുവാനുള്ള ദൈവകൃപ ക്രിസ്തുമസ് ഒരുക്ക ധ്യാനത്തിലൂടെ നമ്മള്‍ക്ക് നേടിയെടുക്കുവാനും ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും എല്ലാവരെയും ദൈവസന്നിധിയില്‍ ക്ഷണിക്കുന്നതായി സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടും സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു.

ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13-ാമത് ക്രിസ്തുമസ്, പുതുവത്സര ആഘോഷം 2018 ജനുവരി 6-ാം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് വിപുലമായി ആഘോഷിക്കുന്നു.

ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്രിസ്തുമസ് – പുതുവത്സര പരിപാടികള്‍ക്ക് 2017 ഡിസംബര്‍ 1-ാം തീയതി മുതല്‍ തുടങ്ങുന്ന കരോള്‍ സര്‍വ്വീസോടെ ആരംഭം കുറിക്കും.

തപ്പിന്റെയും തുടിയുടെയും കിന്നരത്തിന്റെയും അകമ്പടിയോടെ പുതിയ കരോള്‍ ഗാനങ്ങളുമായി അംഗങ്ങളുടെ ഭവനത്തില്‍ കരോള്‍ഗാനം ആലപിക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഗായകസംഘം എത്തിച്ചേരും.

ടെസ്‌കോ കമ്മ്യൂണിറ്റി ഹാളില്‍ കൂടിയ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായ ജോണ്‍സണ്‍ മാത്യൂസ് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ (”പിറവി”) ലോഗോ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ സോനു സിറിയക്ക് (പ്രസിഡന്റ്) ജോജി കോട്ടക്കല്‍ (വൈസ് പ്രസിഡന്റ്) രാജീവ് തോമസ് (സെക്രട്ടറി) ലിന്‍സി അജിത്ത് ( ജോ. സെക്രട്ടറി) മനോജ് ജോണ്‍സണ്‍ (ട്രഷറര്‍) എന്നിവര്‍ക്ക് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. ”പിറവി”യില്‍ അവതരിപ്പിക്കുവാനും പുല്‍ക്കൂട് മത്സരം നടത്തുവാനും കമ്മിറ്റി തീരുമാനം എടുത്തു.

തുടര്‍ന്ന് നടന്ന യുവജന സമ്മേളനത്തില്‍ യൂത്ത് പ്രസിഡന്റുമാരായ അലന്‍ സുനില്‍, ആഗ്ന ബിനോയി എന്നിവര്‍ ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍ക്ക് (പിറവി) പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും നവീനമായ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു.

പരിപാടികളുടെ പരിപൂര്‍ണമായ വിജയത്തിനായി എല്ലാവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ ഭാരവാഹികളും പ്രോഗ്രാം കമ്മിറ്റിയും കരോള്‍ കമ്മിറ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

മാത്യു ജോസഫ് 

സന്ദർലാൻഡ്:കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ നേതൃത്വത്തിൽ വർഷം തോറും നടത്തിവരാറുള്ള എക്യുമെനിക്കൽ ക്രിസ്മസ് കരോൾ സംഗീത സന്ധ്യ ഈ വർഷം ജനുവരി 7 ഞായറാഴ്ച വൈകുന്നേരം 5.00 ന് ന്യൂ കാസിൽ സെ.ജെയിംസ് & സെ. ബേസിൽ ചർച്ച് ഹാളിൽ വെച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിദ്ധ്യത്തിൽ തുടക്കമാകുന്നു. ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ട് തങ്ങൾക്കു കിട്ടിയ വിശ്വാസദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവർ സ്നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങൾക്ക് കൈമാറാനുള്ള എളിയ സംരംഭത്തിൽ കത്തോലിക്ക, ഓർത്തഡോക്സ്‌, ജാക്കോബൈറ്റ്, മാർത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും. വിവിധ സഭകളുടെ വൈദീക ശ്രേഷ്ഠന്മാരും മറ്റു വിശിഷ്ട അഥിതികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങിൽ നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തവണ പതിവിനു വിഭിന്നമായി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ക്കൊണ്ട്, കരോൾ ആഘോഷത്തിൽ നിന്നും കിട്ടുന്ന വരുമാനം സമൂഹത്തിലെ അശരണരായവർക്ക് കൈത്താങ്ങാകാൻ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നു. ക്രിസ്തീയ സ്നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരിൽ എത്തിക്കാനുള്ള എളിയ ശ്രമത്തിന് സമൂഹത്തിന്റെ നാനാവിഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകർ ആശിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 07947947523

സംഗമ വേദി : St James & St Basil Church Hall, Fenham, Wingrove Road North,Newcastle upon Tyne. NE4 9EJ

ബെന്നി മേച്ചേരിമണ്ണില്‍

റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളില്‍ നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും ഡിസംബര്‍ മാസം 3-ാം തിയതി 4.15ന് കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്ന് മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു.

ശനിയാഴ്ച 3 മണിമുതല്‍ നാലുമണി വരെ രൂപതയിലെ ആദ്യ കുര്‍ബാന സ്വീകരിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ബൈബിള്‍ പഠനം, വിശുദ്ധ കുര്‍ബാനയുടെ ആഴത്തിലുള്ള അറിവ്, പ്രാര്‍ത്ഥന, പ്രാര്‍ത്ഥനാ കൂട്ടായ്മ എന്നിവയെ കുറിച്ച് ഫാദര്‍ റോയ് കോട്ടക്കുപുറത്തിന്റെ നേതൃത്വത്തില്‍ ക്ളാസും ചര്‍ച്ചകളും നടത്തപ്പെടുന്നതാണ്. എല്ലാമാതാപിതാക്കളും കുട്ടികളെ നേരത്തെ പള്ളിയില്‍ എത്തിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

റെക്‌സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കപ്പുറം SDVയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ പരിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മറ്റു പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്നു പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ റെക്‌സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളേയും സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനിലേക്ക് രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം സ്‌നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു.

ഫാദര്‍ റോയ് കോട്ടയ്ക്ക് പുറം Sdv – 07763756881.

പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് – SACRED HEART CHURCH, HAWARDEN _ CH53D

ഫൈസൽ നാലകത്ത്

ലണ്ടൻ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വൽ മാസത്തിൽ യുകെയിലെ മലയാളി മുസ്ലീങ്ങൾ സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മീലാദ് കാമ്പയിൻറെ ഔപചാരിക ഉദ്ഘാടനം ലണ്ടൻ വെംബ്ലിയിൽ നവംബർ 26ന് ഞായറാഴ്ച നടന്നു. 11 വർഷത്തോളമായി ലണ്ടൻ മലയാളി മുസ്ലീങ്ങൾക്കിടയിൽ ആത്മീയ സംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു അൽ ഇഹ്സാൻ ആണ് മീലാദ് കാമ്പയിനുകൾക്ക് ചുക്കാൻ പിടിക്കുന്നത്.

ബുർദ പാരായണത്താലും കുട്ടികളുടെ കലാപരിപാടികളാലും വർണ്ണശബളമായ പരിപാടിയിൽ മുഹമ്മദ് മുജീബ് നൂറാനി മുഖ്യപ്രഭാഷണം നടത്തി. എല്ലാ സഹജീവികളോടും സ്നേഹത്തിലും സാഹോദര്യത്തിലും സഹവർത്തിക്കണമെന്ന്  പ്രവാചകാദ്ധ്യാപനം നൂറാനി സദസ്സിനെ ബോധ്യപ്പെടുത്തി. മീലാദ് കാമ്പയിന്റെ സമാപന സമ്മേളനം വലിയ പരിപാടികളോടെ ഡിസംബർ 16ന് ലണ്ടൻ mile-end ൽ നടക്കും നൂറിൽപരം വിദ്യാർത്ഥികളുടെ കലാപരിപാടികളും cultural conference തുടങ്ങി വിവിധ പ്രോഗ്രാമുകൾ സമാപന സമ്മേളനത്തിന്റെ പ്രത്യേകതയാണ്.

വെംബ്ലി കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടികൾക്ക് റംഷീദ് കിൽബൺ, ഫൈസൽ നാലകത്ത് വെംബ്ലി, റഷീദ് വിൽസ്ഡൻ, മുനീർ ഉദുമ തുടങ്ങിയവർ നേതൃത്വം നൽകി അൽ ഇഹ്സാൻ ജനറൽസെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതവും സിറാജ് ഓവൽ നന്ദിയും പറഞ്ഞു

ഫാ.ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്ററായി ഫാ. ടോണി പഴയകളം സി. എസ്. റ്റി.യെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. രൂപതയുടെ അജപാലന ശുശ്രൂഷകള്‍ ഏകോപിപ്പിക്കുന്ന ചുമതലയാണ് രൂപതാ കൂരിയാംഗവുമായ അദ്ദേഹത്തിനുള്ളത്. ചെറുപുഷ്പ സന്യാസ സഭാംഗമായ ഫാ. ടോണി ചങ്ങനാശേരി അതിരൂപതയിലെ കൈനടി ഇടവകാംഗമാണ്.

2001ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ബാംഗ്ലൂര്‍ ധര്‍മാരാം വിദ്യാക്ഷേത്രത്തില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും, റോമില്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും, ഡബ്ലിന്‍ സെന്റ് പാട്രിക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രീ-ഡോക്ടറല്‍ പഠനവും പൂര്‍ത്തിയാക്കി.

ആലുവ ലിറ്റില്‍ ഫ്‌ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആന്‍ഡ് റിലീജിയന്‍ ഡീന്‍ ഓഫ് സ്റ്റഡീസ്, ഡബ്ലിന്‍ സെന്റ് ക്രോസ് ഇടവകയില്‍ അഞ്ചു വര്‍ഷം അജപാലന ശുശ്രൂഷ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. ടോണി അറിയെപ്പടുന്ന വചനപ്രഘോഷകനും സംഘാടകനുമാണ്.

അപ്പച്ചന്‍ കണ്ണഞ്ചിറ

എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് രൂപതാ മക്കളെ നേരില്‍ കാണുവാനും അവരുടെ ഭവനങ്ങളില്‍ വെഞ്ചരിപ്പ് കര്‍മ്മം നടത്തുന്നതിനുമായി സ്റ്റീവനേജില്‍ എത്തുന്നു. നവംബര്‍ 29,30 തീയതികളില്‍ (ബുധന്‍,വ്യാഴം) രാവിലെ 9:30 മുതല്‍ വൈകുന്നേരം 9:30 വരെയാണ് ഭവന സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ സെന്റ് നിക്കോളാസ് പ്രദേശത്തുള്ള ഭവനങ്ങളില്‍ സന്ദര്‍ശനം ആരംഭിച്ച് രാത്രിയോടെ ഗ്രെയ്റ്റ് ആഷ്ബി, ചെല്‍സ് പ്രദേശങ്ങള്‍ പൂര്‍ത്തിയാക്കുവാനും, വ്യാഴാഴ്ച ബെഡ്വെല്‍ പ്രദേശത്തു നിന്ന് തുടങ്ങി ഓള്‍ഡ് ടൗണ്‍, ഫിഷസ് ഗ്രീന്‍ പ്രദേശങ്ങള്‍ പൂര്‍ത്തിയാക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

പിതാവിന്റെ ഭവന സന്ദര്‍ശനങ്ങളിലൂടെ കുടുംബങ്ങളെ നേരില്‍ കാണുവാനും അവര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുവാനും, പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ രൂപതാ തലത്തില്‍ ആസൂത്രണം ചെയ്യുവാനും, രൂപതയുടെ കര്‍മ്മ പദ്ധതികളില്‍ ഏവരുടെയും നിസ്സീമമായ പിന്തുണയും സഹകരണവും തേടുവാനുമായിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഭവനങ്ങള്‍ തോറും പിതാവ് നടത്തുന്ന പ്രാര്‍ത്ഥനകളിലൂടെ ആത്മീയ ചൈതന്യം നിറക്കുവാനും, പ്രഭാത-സന്ധ്യാ പ്രാര്‍ത്ഥനകള്‍ക്കു ഭവനങ്ങളില്‍ ആക്കം കൂട്ടുവാനും പ്രയോജനകരമാകും.

രൂപത ആരംഭിച്ച ആദ്യ വര്‍ഷം തന്നെ ദൈവം നല്‍കിയ വലിയ അനുഗ്രഹങ്ങള്‍ക്കും, അതിനോടൊപ്പം കുടുംബങ്ങള്‍ നല്‍കിയ പിന്തുണക്കും നന്ദി പറയുവാന്‍ ഏറ്റവും ഉചിതം ഒന്നിച്ചുള്ള പ്രാര്‍ത്ഥനകളും സ്തുതിപ്പുകളുമാണ് എന്ന പിതാവിന്റെ വീക്ഷണമാണ് ഭവന സന്ദര്‍ശനങ്ങള്‍ക്കായുള്ള പദ്ധതിക്കു ആരംഭമായത്. രൂപതയില്‍ ആയിരത്തില്‍പരം ഭവനങ്ങള്‍ ഇതിനോടകം പിതാവ് സന്ദര്‍ശിച്ചു കഴിഞ്ഞു.

സ്റ്റീവനേജിലെ സ്രാമ്പിക്കല്‍ പിതാവിന്റെ ഭവന സന്ദര്‍ശനങ്ങളില്‍ ചാപ്ലൈന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, സെക്രട്ടറി ഫാ.ഫാന്‍സുവാ പത്തില്‍ എന്നിവരോടൊപ്പം പാരീഷ് കമ്മിറ്റി ട്രസ്റ്റികളും അനുധാവനം ചെയ്യും. ജോസഫ് പിതാവിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ നടത്തപ്പെട്ട ഭക്തിസാന്ദ്രവും ആഘോഷപൂര്‍ണ്ണവുമായ തിരുന്നാളിലൂടെയും തന്റെ അനുഗ്രഹീത സാന്നിദ്ധ്യത്തില്‍ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ പാരീഷ് ദിനാഘോഷത്തിലൂടെയും സ്റ്റീവനേജ് വിശ്വാസി സമൂഹത്തിനു പകര്‍ന്ന പുത്തന്‍ ഉണര്‍വ്വ് ഒന്നുകൂടി അരക്കിട്ടുറപ്പിക്കുവാനും സഭാ സ്‌നേഹവും തീക്ഷ്ണതയും പോഷിപ്പിക്കുവാനും ഭവന സന്ദര്‍ശനങ്ങള്‍ ആക്കം കൂട്ടും. തങ്ങളുടെ അജപാലകനെ സ്‌നേഹപൂര്‍വ്വം വരവേല്‍ക്കുവാന്‍ ഓരോ ഭവനങ്ങളൂം ഒരുങ്ങി കാത്തിരിക്കുകയായി.

RECENT POSTS
Copyright © . All rights reserved