Spiritual

ജോണ്‍സണ്‍ ജോസഫ്
സീറോ മലങ്കര കാത്തോലിക്കാ സഭയുടെ യു.കെ. റീജിയന്‍ കൗണ്‍സിലിന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. കവന്‍ട്രിയില്‍ ചേര്‍ന്ന കൗണ്‍സില്‍ പ്രതിനിധി യോഗത്തില്‍ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാദര്‍ തോമസ് മടുക്കമൂട്ടില്‍ അധ്യക്ഷത വഹിച്ചു.

സഭയുടെ ഭാവി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്ക് പ്രതിനിധി സമ്മേളനം വേദിയായി. കഴിഞ്ഞ ഏഴുവര്‍ഷക്കാലം യു.കെ. കോര്‍ഡിനേറ്ററായിരുന്ന ഫാദര്‍ ദാനിയേല്‍ കുളങ്ങരയുടെ പ്രവര്‍ത്തനങ്ങളെ സമ്മേളനം നന്ദിയോടെ അനുസ്മരിച്ചു. സഭയുടെ ശുശ്രൂഷകള്‍ക്കായി നിയമിതനായിരിക്കുന്ന ഫാദര്‍ രഞ്ജിത്ത് മഠത്തിറമ്പിലിനെ തദവസരത്തില്‍ സ്വാഗതം ചെയ്തു.

മലങ്കര കാത്തലിക് കൗണ്‍സില്‍ യു.കെ.യുടെ പുതിയ ഭാരവാഹികള്‍
വൈസ് പ്രസിഡന്റ് – ജോജി മാത്യു(ബ്രിസ്‌റ്റോള്‍), ജനറല്‍ സെക്രട്ടറി- ജോണ്‍സണ്‍ ജോസഫ് (നോട്ടിംഗ്ഹാം), ജോയിന്റ് സെക്രട്ടറി-സുശീല ജേക്കബ്(മാഞ്ചസ്റ്റര്‍), ട്രഷറര്‍- ക്രിസ്‌റ്റോ തോമസ് (ഗ്ലോസ്റ്റര്‍) , ലീഗല്‍ അഡൈ്വസര്‍- ക്രൈസ്റ്റണ്‍ ഫ്രാന്‍സിസ് (ഷെഫീല്‍ഡ്).

പ്രതിനിധി സമ്മേളന സമാപനത്തില്‍ നടന്ന വി. കുര്‍ബാന മധ്യേ സത്യപ്രതിജ്ഞ ചെയ്ത് പുതിയ ഭാരവാഹികള്‍ ഉത്തരവാദിത്വം ഏറ്റെടുത്തു.

ഫാ. ബിജു കുന്നയ്ക്കാട്ട്, P.R.O, Syro-Malabar Eparchy of Great Britain

പ്രവാസി വിശ്വാസികൾക്കു ദൈവത്തി൯െറ പദ്ധതിയിൽ വലിയ സ്ഥാനമുണ്ടെന്നും തങ്ങളുടെ വിളിയും നിയോഗവും അനുസരിച്ചു ജീവിക്കുക എന്നതാണ് പ്രധാന ഉത്തരവാദിത്വമെന്നും ഓർമ്മിപ്പിച്ച് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആദ്യ ഇടയലേഖനം പുറപ്പെടുവിച്ചു.  നോമ്പുകാലത്തോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ഇടയലേഖനത്തിൽ രൂപതയുടെ വിവിധ മേഖലകളിലുള്ള അജപാലന പ്രവർത്തനങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നതോടൊപ്പം നോമ്പുകാലത്തിന് അനുയോജ്യമായ പ്രസക്തമായ ഉൾക്കാഴ്ചകളും പങ്കുവയ്ക്കുന്നുണ്ട്. രൂപതാദ്ധ്യക്ഷനായി ഉത്തരവാദിത്വം ഏറ്റെടുത്തതു മുതൽ ആദ്യ ഇടയ ലേഖനത്തിനായി വിശ്വാസികൾ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.

പ്രലോഭനം എന്നത് തിന്മകളിലേയ്ക്കുള്ള ആകർഷണം മാത്രമല്ലെന്നും നമ്മെ സംബന്ധിച്ചുള്ള ദൈവ പദ്ധതിയിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള തിന്മയുടെ ക്ഷണവുമാണെന്ന് ഇടയലേഖനത്തിൽ മാർ സ്രാമ്പിക്കൽ സൂചിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ വിവിധ സമൂഹങ്ങളെ അടുത്തറിയാനായി നടത്തുന്ന യാത്രകൾ തീർത്ഥയാത്രകൾ പോലെയാണെന്നും ക്രൈസ്തവ വിശ്വാസ ജീവിതത്തിനു സജീവസാക്ഷ്യം നൽകുന്ന നിരവധി കുടുംബങ്ങളെ ഈ തീർത്ഥയാത്രയിൽ കാണാനായത് വലിയ പ്രത്യാശ നൽകുന്നുവെന്നും പിതാവു പറയുന്നു.

20170227_234618 20170227_234840 20170227_234943

യൗവ്വനത്തി൯െറ ഊർജ്ജവും ചൈതന്യവും പ്രസരിപ്പിക്കുന്ന ഗ്രേറ്റ് ബ്രിട്ടൺ രൂപത ആഗോള സഭയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. തീഷ്ണമായ പ്രാർത്ഥനയിൽ വളരുന്ന കുഞ്ഞുങ്ങളിലാണ് സഭയുടെ ഭാവി. ഇപ്പോൾ കാണുന്ന അവസ്ഥയിൽ സഭയെ വളർത്തുന്നതിനു സഹായിച്ച വൈദികരെയും സന്യാസിനികളെയും അൽമായ സഹോദരങ്ങളെയും നന്ദിയോടെ ഓർക്കുന്നു – മാർ സ്രാമ്പിക്കൽ കൂട്ടിച്ചേർത്തു.

വിവിധ കമ്മീഷനുകളിലായി രൂപീകരിക്കപ്പെട്ട രൂപതയുടെ വിവിധ അജപാലന പ്രവർത്തനങ്ങളുടെ പ്രാധാന്യം ഇടയലേഖനത്തിൽ എടുത്തു പറഞ്ഞിരിക്കുന്നു. പതിനായിരത്തിലധികം വരുന്ന സ്ത്രീകളുടെ കൂട്ടായ്മയ്ക്കും ഉന്നമനത്തിനുമായി രൂപീകൃതമായ വനിതാ ഫോറത്തെക്കുറിച്ചും ഇടയലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്. സുവിശേഷത്തിനു സാക്ഷ്യം വഹിച്ച വിശുദ്ധാത്മാക്കളുടെ മാതൃക പ്രവാസ ജീവിതത്തിലും വിശ്വാസികൾക്കു പിന്തുടരാനാകട്ടെ എന്ന ആശംസയോടെയാണ് ആദ്യ ഇടയലേഖനം പൂർത്തിയാകുന്നത്.

ഇംഗ്ലീഷിലും മലയാളത്തിലും പുറത്തിറക്കിയിരിക്കുന്ന ഇടയലേഖനം ഗ്രേറ്റ് ബ്രിട്ടണിൽ സീറോ മലബാർ കുർബാന അർപ്പിക്കപ്പെടുന്ന എല്ലാ സെൻററുകൾക്കുമായിട്ടാണ് നൽകിയിരിക്കുന്നത്. റാംസ് ഗേറ്റിൽ വൈദികരുടെ വാർഷിക ധ്യാനത്തിൽ സംബന്ധിക്കവേ രൂപം നൽകിയ ഈ ആദ്യ ഇടയലേഖനത്തിൽ ഇംഗ്ലണ്ടിൽ ക്രൈസ്തവ വിശ്വാസത്തിനു വേരുപാകിയ വി. അഗസ്റ്റി൯െറയും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥ വി. അൽഫോൻസാമ്മയുടെയും മദ്ധ്യസ്ഥം പ്രാർത്ഥിക്കുകയും ഇംഗ്ലണ്ടി൯െറ മണ്ണിൽ പുതിയ സുവിശേഷവൽക്കരണത്തിന് അവസരം നല്കിയ ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയോടുള്ള സീറോ മലബാർ സഭയുടെ നന്ദി അറിയിക്കുകയും ചെയ്തിരിക്കുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട്

കെന്റ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ക്കായി ഇന്നു മുതല്‍ വ്യാഴാഴ്ച വരെ (13 തിങ്കള്‍ മുതല്‍ 16 വ്യാഴം വരെ) വാര്‍ഷികധ്യാനം നടക്കും. കെന്റിനടുത്തുള്ള റാംസ്‌ഗേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ റിട്രീറ്റ് സെന്ററിലാണ് (സെന്റ് അഗസ്റ്റിന്‍സ് ആബി) ധ്യാനം നടക്കുന്നത്. തലശ്ശേരി അതിരൂപതാംഗമായ റവ. ഡോ. ജോസഫ് പാംപ്ലാനിയാണ് വാര്‍ഷിക ധ്യാനം നയിക്കുന്നത്.

ഇന്നുവൈകിട്ട് 6 മണിക്ക് വി. കുര്‍ബാനയോടു കൂടി ആരംഭിക്കുന്ന ധ്യാനത്തില്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്റ്, വെയില്‍സ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരാണ് പങ്കുചേരുന്നത്.

വ്യാഴാഴ്ച ഉച്ചയോടു കൂടി തീരുന്ന ധ്യാനത്തെ തുടര്‍ന്ന് 3 മണി മുതല്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും വികാരി ജനറല്‍മാരും വൈദികരും ഒത്തുചേരുന്ന ‘അജപാലനാലോചനായോഗം’ (Patosral consultation with the priests) നടക്കും. രൂപതയുടെ വിവിധങ്ങളായ കര്‍മ്മ പദ്ധതികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യുകയും ആശയങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യും.

വൈദികരുടെ വാര്‍ഷിക ധ്യാന വിജയത്തിനായും ദൈവാനുഗ്രഹം സമൃദ്ധമായി രൂപതയുടെമേല്‍ ചൊരിയുന്നതിനും വിശ്വാസികള്‍ എല്ലാവരും തീക്ഷ്ണമായി പ്രാര്‍ത്ഥിക്കണമെന്നും മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട്

ബര്‍മിങ്ഹാം: ദൈവശാസ്ത്ര പരിജ്ഞാനമുള്ള അല്മായര്‍ സഭയുടെ മുതല്‍ക്കൂട്ടാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയും തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ദൈവശാസ്ത്ര കോഴ്‌സുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ അജപാലന ശുശ്രൂഷയിലും സുവിശേഷവത്കരണ പ്രവൃത്തികളിലും അല്മായര്‍ക്ക് സുപ്രധാനമായ സ്ഥാനമുണ്ടാകും. സഭാവബോധവും ദൈവശാസ്ത്ര ഉള്‍ക്കാഴ്ചകളുമുള്ള അല്മായര്‍ സഭയുടെ ചരിത്രത്തില്‍ എക്കാലത്തും നിര്‍ണായകമായ സംഭാവനകള്‍ നല്‍കുകയും സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു ചൂരപ്പോയ്കയില്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോസഫ് പാംബ്ലാനി, കോഴ്‌സ് ഡയറക്ട്ടര്‍ ഫാ. ജോയി വയലില്‍., റവ. ഡോ. സെബാസ്റ്റിയന്‍ നാമറ്റത്തില്‍, സിസ്റ്റര്‍ മേരി, ഫാ. ഫാന്‍സുവ പത്തില്‍, തമ്പി ജോസ്, സിന്ധു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിശുദ്ധ ഗ്രന്ഥം, ആരാധനക്രമം തുടങ്ങി പതിനാലു വിഷയങ്ങളിലും ഹീബ്രു, ഗ്രീക്ക്, സുറിയാനി തുടങ്ങിയ ഭാഷകളും പരിചയപ്പെടുത്തുന്ന ദൈവശാസ്ത്ര കോഴ്‌സില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറോളം അല്മായര്‍ ചേര്‍ന്നിട്ടുണ്ട്.

unnamed
ഫാ. ജോസഫ് പാംബ്ലാനിയുടെ നേതൃത്വത്തില്‍ റവ. ഡോ. തോമസ് പാറയടിയില്‍, റവ. ഡോ. മാത്യു ചൂരപ്പോയ്കയില്‍, റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട്, റവ. ഡോ. സെബാസ്റ്റിയന്‍ നാമറ്റത്തില്‍, സിസ്റ്റര്‍ മേരി ആന്‍ , റവ. ഡോ. ഗരേത്ത് ലേഷോണ്‍, റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി., റവ. ഡോ. മാത്യു പിണക്കാട്ട് തുടങ്ങിയവരാണ് ക്ലാസുകള്‍ നയിക്കുന്നത്. രൂപതാ മതബോധന കമ്മിഷന്‍ ചെയര്‍മാന്‍ ഫാ. ജോയി വയലില്‍ കോഴ്‌സ് ഡയറക്ടറും അനിറ്റ ഫിലിപ്പ് രജിസ്ട്രാറു സിജി സെബാസ്റ്റിയന്‍ വാധ്യാനത്ത് ഫൈനാന്‍സ് ഓഫീസറും മിസ് ലിന്‍സിയ ജോര്‍ജ് അക്കാഡമിക്ക് കോഓര്‍ഡിനേറ്ററുമായി പ്രവര്‍ത്തിക്കും.


ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം എന്നിങ്ങനെയുള്ള വിവിധ തലങ്ങളിലുള്ള കോഴ്‌സിന് വിവിധ യൂണിവേഴ്‌സിറ്റികളുടെ അംഗീകാരവുമുണ്ട്. ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതാ നിലവില്‍ വന്ന ശേഷം ആവിഷ്‌കരിക്കുന്ന ആദ്യത്തെ പ്രമുഖ സംരംഭമാണ് ദൈവശാസ്ത്ര പഠന കോഴ്‌സ്.

ഫാ. ബിജു കുന്നയ്ക്കാട്ട്

സഭയുടെ സുവിശേഷ ദൗത്യവും കാലഘട്ടത്തിന്റെ ആവശ്യകതയും ഒന്നിച്ചുചേര്‍ത്ത് സഭയിലെ ദൈവജനത്തിനായി രൂപപ്പെടുത്തിയിരിക്കുന്ന ദൈവശാസ്ത്രപഠന കോഴ്‌സിന്റെ ഉദ്ഘാടനവും ആദ്യ കോണ്‍ടാക്ട് ക്ലാസുകളും ഫെബ്രുവരി 11, 12 (ശനി, ഞായര്‍) ദിവസങ്ങളില്‍ നടക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ശനിയാഴ്ച രാവിലെ 11.30-ന് പഠന കോഴ്‌സ് ഉദ്ഘാടനം ചെയ്യും. വോളറാപ്ടണിലുള്ള യു.കെ.കെ.സി.എ ഹാളിലാണ് പരിപാടികള്‍ നടക്കുന്നത്. (അഡ്രസ്സ്: UKKCA Hall, Woodcross Lane, Bilston, Wolverhampton, WV14 9 BW)

വി. ഗ്രന്ഥം, ആരാധനാക്രമം ഉള്‍പ്പെടെ പതിനൊന്നിലധികം വിവിധങ്ങളായ വിഷയങ്ങളിലും ഹീബ്രൂ, ഗ്രീക്ക് തുടങ്ങിയ വി. ഗ്രന്ഥ ഭാഷകളിലും ക്ലാസുകള്‍ നല്‍കുന്ന ഈ കോഴ്‌സിലേയ്ക്ക് വളരെ മികച്ച പ്രതികരണമാണ് ഈ ആദ്യ ബാച്ചിലേയ്ക്ക് ലഭിച്ചത്. ബല്‍ജിയം ലുവെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വി. ഗ്രന്ഥ പഠനത്തില്‍ ഡോക്ടറേറ്റ് നേടിയ റവ. ഫാ. ജോസഫ് പാംപ്ലാനി നേതൃത്വം നല്‍കുന്ന കോഴ്‌സിന് വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ പത്തിലധികം വൈദികരുടേയും സന്യസ്തരുടേയും സഹായവുമുണ്ട്. കേരളത്തില്‍ തലശ്ശേരി അതിരൂപതയില്‍ റവ. ഫാ. ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്റ് സയന്‍സുമായി കൈകോര്‍ത്താണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ഈ അല്‍മായ ദൈവശാസ്ത്ര പഠന കോഴ്‌സ് യാഥാര്‍ത്ഥ്യമാക്കുന്നത്.

ഡിപ്ലോമ, ബിരുദ ബിരുദാനന്തര തലങ്ങളിലായി കൈകാര്യം ചെയ്യപ്പെടുന്ന ഈ കോഴ്‌സുകള്‍ക്ക് ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അംഗീകാരമുണ്ട്. വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സഭയെക്കുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്കും സഭയെ സ്‌നേഹിക്കുന്നവര്‍ക്കും ഈ ദൈവശാസ്ത്ര പഠന കോഴ്‌സ് ഉപകാരമാകുമെന്നതില്‍ സംശയമില്ല. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിനുശേഷം സഭാമക്കള്‍ക്കായി ആവിഷ്‌കരിച്ച ആദ്യ പരിപാടികളിലൊന്നായ ഈ ദൈവശാസ്ത്ര പഠന കോഴ്‌സിനെ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നതെന്നും സാധിക്കുന്ന എല്ലാവരും ആദ്യ അവസരങ്ങള്‍ തന്നെ പ്രയോജനപ്പെടുത്തണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു.

11, 12 ദിവസങ്ങളിലായി നടക്കുന്ന ആദ്യ കോണ്‍ടാക്ട് ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വി. കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് കോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോയി വയലില്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് റവ. ഫാ. ജോയി വയലിലിനെ ബന്ധപ്പെടേണ്ടതാണ്. നമ്പര്‍: 07846554152

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത

പ്ലിമത്ത്: തന്റെ അജപാലന ശുശ്രൂഷയുടെ സ്വഭാവം പ്രകടമാക്കിക്കൊണ്ട് പ്ലിമത്ത് രൂപതയിലെ 42 ഭവനങ്ങള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സന്ദര്‍ശിച്ചു. ഡിസംബര്‍ 15-ാം തീയതി മുതല്‍ 18-ാം തീയതി വരെ പ്ലിമത്ത് രൂപതയിലെ ബാണ്‍സ്റ്റേബിള്‍, പ്ലിമത്ത്, ടോര്‍ക്കി, എക്സിറ്റര്‍ എന്നീ കുര്‍ബാന സെന്ററുകള്‍ സന്ദര്‍ശിക്കുകയും വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയും ചെയ്തു. ഓരോ ദിവസത്തേയും വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കുടുംബാംഗങ്ങള്‍ ബിഷപ്പിനോടൊപ്പം സ്നേഹവിരുന്നില്‍ പങ്കെടുക്കുകയും കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. 16ഉം 17ഉം തീയതികളഇല്‍ മാര്‍ ജോസഫ് വിവിധ കുടുംബങ്ങളില്‍ എത്തുകയും കുടുംബാംഗങ്ങളെ പരിചയപ്പെടുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ആശിര്‍വാദം നല്‍കുകയും ചെയ്തു. 17-ാം തീയതി പ്ലിമത്ത് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്ക് ഒറ്റൂറിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.

mar-2

ഫാ. സണ്ണി പോള്‍ എം.എസ്.എഫ്.എസ്., കാനന്‍ ജോണ്‍ ഡീനി, ഫാ. ജോണ്‍ സ്മിതേഴ്സ്, ജോനാഥന്‍ ബിലോസ്‌കി, ഫാ. പോള്‍ തോമസ്, ഫാ. ബര്‍ത്തലോമിയോ, ഫാ. കീത്ത് കൊള്ളിന്‍സ്, ഫാ. പീറ്റര്‍ കോപ്സ്, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ഇടയ സന്ദര്‍ശനത്തിനും ഭവന സന്ദര്‍ശനത്തിനും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് നേതൃത്വം നല്‍കി. ഇതിനോടകം ലീഡ്സ്, സെന്ററല്‍ മാഞ്ചസ്റ്റര്‍, ന്യൂ കാസില്‍ എന്നിവിടങ്ങളഇലെ എല്ലാ കുടുംബ കൂട്ടായ്മ യൂണിറ്റുകല്‍ും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എത്തി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുകയും വചനസന്ദേശം നല്‍കുകയും ചെയ്തിരുന്നു. ഭവനങ്ങളും കുടുംബകൂട്ടായ്മകളും കുര്‍ബാന സെന്ററുകളും കേന്ദ്രമാക്കിയ അജപാലന ശുശ്രൂഷയാണ് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ നടപ്പാക്കപ്പെടാന്‍ പോകുന്നതെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു.

ബിനോയ് ജോസഫ്, സ്‌കന്തോര്‍പ്പ്.

ഞായറാഴ്ചയുടെ സങ്കീര്‍ത്തനം… ആധുനിക ചിന്തകളുടെ വിശുദ്ധ ഗീതമാണിത്.. വിമര്‍ശനങ്ങള്‍.. മുന്നറിയിപ്പുകള്‍.. നമ്മിലേയ്ക്ക് നാം തന്നെ എത്തി നോക്കുന്നു… പ്രത്യാശയുടെ നാളെകളിലേയ്ക്ക് നമ്മെ നയിക്കാന്‍  ഫാ. ബിജു കുന്നയ്ക്കാട്ടിന്റെ ജീവനുള്ള ചിന്തകള്‍ക്ക് കൈത്തൊട്ടിലായത് മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ്… ഞായറാഴ്ചയുടെ സങ്കീര്‍ത്തനം ഇരുപത്തിയഞ്ചാം ആഴ്ചയിലേയ്ക്ക്…

ഓണ്‍ലൈന്‍ വാര്‍ത്താലോകത്തെ ഒരു നവീന പ്രതിഭാസമായി മാറുകയാണ് ഞായറാഴ്ചയുടെ സങ്കീര്‍ത്തനം. അനുദിന ജീവിതയാത്രയിലെ പ്രതിബിംബങ്ങള്‍ക്കു നേരെയുള്ള വിമര്‍ശനാത്മകമായ ഒരു തിരിഞ്ഞുനോട്ടം. സ്‌നേഹശാസനകളുടെ ഹൃദയസ്പന്ദനങ്ങള്‍ സിരകളെ ഉത്തേജിപ്പിക്കുന്ന അനുഗ്രഹനിമിഷങ്ങളായി പ്രവാസികളുടെ ഞായറാഴ്ചയെ മാറ്റുന്ന വ്യത്യസ്തമായ ഒരു ചുവടുവയ്പാണിത്. ധാര്‍മ്മികതയും നന്മയും സ്‌നേഹവും കാരുണ്യവും ചോദ്യം ചെയ്യപ്പെടുമ്പോള്‍ ‘അരുത്’ എന്നു നമ്മുടെ മനസില്‍ പ്രകമ്പനം കൊള്ളുന്ന ശബ്ദവീചികളുടെ ഉറവിടമാണ് ഞായറാഴ്ചയുടെ സങ്കീര്‍ത്തനം. ഇത് മാധ്യമ ധര്‍മ്മത്തിലെ വേറിട്ട ഏടുകള്‍ രചിക്കുന്ന പ്രത്യാശയുടെ കണികയുടെ തിളക്കത്തിന്റെ പ്രതിഫലനമാണ്.
admin-ajaxതൂലികകള്‍ ചലിക്കുമ്പോള്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കപ്പെടണമെങ്കില്‍ ഉത്ഭവിക്കുന്ന സന്ദേശം ശക്തമാകണം. ഞായറാഴ്ചയുടെ സങ്കീര്‍ത്തനത്തെ നാളെകളുടെ സ്വപ്നങ്ങളുടെ ഉണര്‍ത്തുപാട്ടാക്കുന്ന തൂലിക ചലിപ്പിക്കുന്നത്. ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പബ്ബിക് റിലേഷന്‍സ് ഓഫീസറാണ് അദ്ദേഹം. ധാര്‍മ്മികതയുടെ ശക്തമായ അടിത്തറയിലൂന്നിയ ഉജ്ജ്വലപ്രബോധനങ്ങളുടെ കാവല്‍ക്കാരനായ ബിജു അച്ചന്റെ കരങ്ങളില്‍ ഞായറാഴ്ചയുടെ സങ്കീര്‍ത്തനം ഭദ്രമെന്ന് മലയാളം യുകെയുടെ വായനക്കാര്‍ നിസംശയം പ്രഖ്യാപിക്കുന്നു. മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസിന്റെ ചരിത്രനിമിഷങ്ങള്‍ക്ക് പ്രവാസിലോകം 2016 ഡിസംബര്‍ 18 ഞായറാഴ്ച സാക്ഷ്യം വഹിക്കും. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം ഇരുപത്തിയഞ്ചാം വാരത്തിലേയ്ക്കു കടക്കുമ്പോള്‍ അനുഗ്രഹാശിസുകളുമായി മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ മനസു തുറക്കുന്നു. നന്മയുടെയും പ്രതീക്ഷയുടെയും പുതുനാമ്പുകളായ ഞായറാഴ്ചയുടെ സങ്കീര്‍ത്തനത്തെ ഹൃദയത്തിലേറ്റിയ മലയാളം യുകെയുടെ പ്രിയ വായനക്കാരോട് മലയാളം യു കെ ന്യൂസ് ടീമിന്റെ കൃതജ്ഞത അറിയിക്കട്ടെ.

മലയാളം യുകെയുടെ വായനക്കാര്‍ പറഞ്ഞതിങ്ങനെ…

20160911_124642

ഫാ. മാത്യൂ മുളയോലില്‍ ലീഡ്‌സ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍.

ബഹുമാനപ്പെട്ട ബിജു അച്ചന്റെ അപഗ്രഥനപാഠവം വ്യക്തമാക്കുന്ന ചെറു ലേഖനങ്ങളാണ് ഞായറാഴ്ചയുടെ സങ്കീര്‍ത്തനം. അനുവാചകരെ വായനയ്ക്ക് പ്രേരിപ്പിക്കുന്ന തലക്കെട്ടുകള്‍ ഈ പരമ്പരയുടെ പ്രത്യേകതയാണ്. ആനുകാലീക സംഭവങ്ങളുടെ അപഗ്രഥനങ്ങളെ ആത്മീയതയുടെ വിചിന്തനത്തിലേയ്ക്ക് നയിക്കുന്നതാണ് ഓരോ ലേഖനവും. വായനക്കാരെ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്ന ഒരു ചിന്ത അച്ചന്‍ തന്റെ വരികള്‍കിടയിലൂടെ നല്‍കുന്നുണ്ട്. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം മുടങ്ങാതെ നല്‍കുന്ന ബിജു അച്ചനും മലയാളം യുകെയ്ക്കും ആശംസകള്‍….

q'

Dr. T. T Devasia Rtd. Prof & Head of the Dept, Deva Matha Collage, Kuravilangad.

മലയാളം യുകെയുടെ സ്ഥിരം വായനക്കാരനാണ് ഞാന്‍. മലയാളികളില്‍ നല്ലൊരു ശതമാനം പ്രവാസികളായതുകൊണ്ടും എന്റെ ശിഷ്യഗണത്തില്‍ കുറവല്ലാത്ത ഒരു ശതമാനം വിദേശങ്ങളില്‍ താമസിക്കുന്നതുകൊണ്ടും അവരുടെ വിശേഷങ്ങള്‍ പൂര്‍ണ്ണമായിട്ടറിയണമെങ്കില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പത്രങ്ങളുടെ വായന അനുവാര്യമാണ്. അതു കൊണ്ടു തന്നെ മലയാളം യുകെ ഞാന്‍ കൃത്യമായി വായിക്കാറുണ്ട്. മലയാളം യുകെയില്‍ ഞായറാഴ്ചകളില്‍ പ്രസിദ്ധീകരിക്കുന്ന ഞായറാഴ്ചയുടെ സങ്കീര്‍ത്തനം വളരെ ഹൃദ്യമായി തോന്നിയിട്ടുണ്ട്. ആനുകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി മനുഷ്യ ജീവിതത്തിന്റെ സത്യസന്ധവും യാഥാര്‍ത്യബോധത്തോടും കൂടിയുള്ള ഒരു നേര്‍ക്കാഴ്ചയുടെ സന്ദേശം പകരാന്‍ ഞായറാഴ്ചയുടെ സങ്കീര്‍ത്തനത്തിനു സാധിക്കുന്നുണ്ട്.

ഞായറാഴ്ചയുടെ സങ്കീര്‍ത്തനം വായനക്കാര്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമാകട്ടെ എന്നാശംസിക്കുന്നു.

fb_img_1481825784343

റോയി കാഞ്ഞിരത്താനം

ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ആത്മീയതയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ‘ ഞായറാഴ്ചയുടെ സങ്കീര്‍ത്തനം ‘ എന്ന പരമ്പര 25 എപ്പിസോഡുകള്‍ പിന്നിടുന്നു എന്നത് സന്തോഷവും അതിലുപരി അത്ഭുതവുമാണ്.. അതും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ എന്നത്. പാശ്ചാത്യ സംസ്‌കാരത്തെ പുണരാന്‍ വെമ്പല്‍ കൊള്ളുന്ന ഈ തലമുറ അറിയണ്ടതും അറിയാതെ പോകുന്നതുമായ സത്യങ്ങളാണ് ഈ പംക്തിയിലൂടെ ഫാ.ബിജു കുന്നക്കാട്ട് അവതരിപ്പിക്കുന്നത്. മുഴുവന്‍ എപ്പിസോഡും വായിക്കാന്‍ കഴിഞ്ഞട്ടില്ലെങ്കിലും വായിച്ചവയത്രയും ജ്ഞാനസമ്പാദനത്തിനുതകുന്നവ തന്നെയാണ്. ഫാ.ബിജുവിനും ഇത് പ്രസിദ്ധീകരിക്കുന്ന മലയാളം യു കെ എന്ന മാധ്യമത്തിനും ആശംസകള്‍ നേരുന്നതിനൊടൊപ്പം അടുത്ത ഞായറാഴ്ചക്കായി കാത്തിരിക്കുന്നു. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.

fb_img_1481828294385

Lido George, Dist & Town Councillor, Huntington North, Cambridge Shire

സമകാലീന വിഷയങ്ങളെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ വിശദമായ അവലോകനം നടത്തി വളരെ ലളിതമായി വായനക്കാരിലെത്തിക്കുന്ന ഞായറാഴ്ചയുടെ സങ്കീര്‍ത്തനം 25 ആഴ്ചകള്‍ പിന്നിടുമ്പോള്‍ തീര്‍ച്ചയായും മലയാളം യുകെയ്ക്ക് ഇത് അഭിമാന നിമിഷം തന്നെ. ഞായറാഴ്ചയുടെ സങ്കീര്‍ത്തനത്തിന്റെ ശില്പി റവ. ഫാ. ബിജു കുന്നയ്ക്കാട്ടില്‍, തന്റെ വളരെ ലളിതമായ ആഖ്യാനശൈലിയിലൂടെ എല്ലാ ഞായറാഴ്ചകളിലും യുകെ മലയാളികളുമായി തുടര്‍ന്നു വരുന്ന ഈ ‘സംവാദം’ 250 ആഴ്ചകളും കടന്ന് മുന്നോട്ട് പോകട്ടെയെന്നും, നന്മയുടെ ഉദ്ദേശ ശുദ്ധി എന്തെന്ന് തിരിച്ചറിയാന്‍ മാത്രം ശ്രമിച്ചുകൊണ്ടിരിക്കുന്ന. ഫാ. കുന്നയ്ക്കാട്ടിലിന്റെ ഈ യാത്രയില്‍ അദ്ദേഹത്തിന് എല്ലാവിധ മംഗളാശംസകളും…

 

 

facebook_1481828047809

ജോളി ജോസ് & ജോസ് ജോസഫ് സ്റ്റോക് ഓണ്‍ ട്രന്റ്

മരണത്തെ നോക്കി ഒരു പുഞ്ചിരി. മലയാളം യുകെ പ്രസിദ്ധീകരിച്ച ഈ ലേഖനം തമാശയായിട്ടാണെങ്കിലും ഫേസ്ബുക്കില്‍ നിന്നാണ് ഞാന്‍ വായിച്ചത്. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം എന്ന പേരില്‍ ബഹുമാനപ്പെട്ട കുന്നയ്ക്കാട്ടച്ചനെഴുതുന്ന ഈ ലേഖനം ഞങ്ങള്‍ നഴ്‌സ്മാര്‍ക്ക് ഒരാശ്വാസം തന്നെയാണ്. 2016 ജൂണ്‍ ഇരുപത്തിമൂന്നാം തീയതി മായാതെ സൂക്ഷിച്ച പുഞ്ചിരിയോടെ ഈ ലോകത്തോട് യാത്ര പറഞ്ഞ അര്‍ജന്റീനയിലെ സിസ്റ്റര്‍ സിസിലിയ ലോകത്തിനു നല്‍കിയ സന്ദേശം, വേദനകളെ സാന്ത്വനിപ്പിക്കുന്ന
നെഴ്‌സുമാരായ ഞങ്ങളുടെ വേദനകളെ തുടച്ചു മാറ്റുന്നു. പ്രയാസങ്ങളേയും ബുദ്ധിമുട്ടുകളേയും പുഞ്ചിരിയോടെ നേരിടാം. ആത്മവിശ്വാസം നല്‍കുന്ന ഈ പംക്തി എഴുതുന്ന കുന്നയ്ക്കാട്ടച്ചനും മലയാളം യുകെയ്ക്കും ആശംസകളും പ്രാര്‍ത്ഥനയും..

received_1373344892683927

ജേക്കബ് പോള്‍. ന്യൂയോര്‍ക്ക്

ഞങ്ങള്‍ അമേരിക്കയിലാണ്. പക്ഷേ, പ്രവാസി വാര്‍ത്തകള്‍ കൂടുതലും ഞങ്ങള്‍ അറിയുന്നത് യുകെയില്‍ നിന്നുള്ള മലയാളം യുകെയില്‍ നിന്നാണ്. എന്റെ പല കൂട്ടുകാരും ഈ പത്രത്തില്‍ ജോലി ചെയ്യുന്നു. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം. വ്യത്യസ്തമായ ഒരു പംക്തിയാണ്. അപ്രതീക്ഷിതമായി ഞങ്ങള്‍ അമേരിക്കക്കാര്‍ വായിച്ചുതുടങ്ങിയതെങ്കിലും …ഞങ്ങള്‍ക്കിത് ഞായറാഴ്ചയുടെ സങ്കീര്‍ത്തനമാണ്. ഫാ. ബിജു കുന്നയ്ക്കാടിന്
ആശംസകള്‍ നേരുന്നു…

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിനുശേഷം ആദ്യമായി വരുന്ന ക്രിസ്തുമസിന് സന്ദേശം നല്‍കി ആശംസകളര്‍പ്പിച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ക്രിസ്തുമസ് ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ വേണ്ട ഒരുക്കത്തെക്കുറിച്ച് പിതാവ് എടുത്തു പറയുന്നുണ്ട്. ദൈവമായിരുന്നിട്ടും പരിതാപകരമായ സാഹചര്യത്തില്‍ ജനിച്ച ‘പുല്‍ക്കൂട്ടിലെ ശിശു’ എല്ലാവരെയും ആകര്‍ഷിക്കുന്നുണ്ടെന്നും ഈ വളരെ പ്രത്യേകതയുള്ള ശിശുവിനെ സ്വീകരിക്കാന്‍ ഹൃദയവും മനസും ശരീരവും ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

ഉണ്ണിയേശുവിന് ജന്മം നല്‍കിയ മറിയത്തെ മാതൃകയാക്കി സ്വീകരിച്ച് നിശബ്ദതയിലും തിരുവചന പാരായണത്തിലും ഉണ്ണീശോയെ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ അവസാനത്തോടുകൂടി, കേരളത്തില്‍ വച്ചു നടക്കുന്ന സീറോ മലബാര്‍ മെത്രാന്‍ സിനഡില്‍ പങ്കെടുക്കാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കേരളത്തിലേക്ക് പോകും.

മാര്‍ സ്രാമ്പിക്കലിന്റെ ക്രിസ്തുമസ് സന്ദേശ വീഡിയോ കാണാം

ഫാ.ബിജു കുന്നയ്ക്കാട്ട്

പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ അജപാലന ശുശ്രൂഷകള്‍ വിശ്വാസികളിലേയ്ക്ക് ആഴത്തില്‍ എത്തിക്കാനും വിശ്വാസജീവിതം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സഹായിക്കാനുമായി വിവിധ കമ്മീഷനുകളെ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രഖ്യാപിച്ചു. രൂപതയുടെ വികാരി ജനറല്‍മാര്‍ പൊതുചുമതല വഹിക്കുന്ന പതിനഞ്ചോളം വിവിധ കമ്മീഷനുകള്‍ക്ക് ചെയര്‍മാന്‍മാരായി രൂപതയിലെ വൈദികരെയും നിയമിച്ചു. ക്രിസ്തുരാജന്റെ തിരുനാള്‍ ദിനമായ നവംബര്‍ 20-ന് പുതിയ നിയമന ഉത്തരവുകള്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ വൈദികര്‍ക്ക് ഈ ‘പത്തേന്തി’കള്‍ (നിയമന ഉത്തരവ്) രൂപതാധ്യക്ഷന്‍ അയച്ചിട്ടുണ്ട്.

വിവിധ അജപാലന ശുശ്രൂഷകളും നേതൃത്വം വഹിക്കുന്ന വൈദികരും

766ce1df-5e1d-4674-a326-ff4617f18562-272-0000005c0a50a1d8_tmp

കാറ്റിക്കിസം (മതബോധനം) – റവ. ഫാ. ജോയി വയലില്‍ സിഎസ്ടി
കമ്മീഷന്‍ ഫോര്‍ ഓള്‍ട്ടര്‍ സെര്‍വേഴ്സ് (അള്‍ത്താര ശുശ്രൂഷകര്‍) – റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍

കമ്മീഷന്‍ ഫോര്‍ ന്യൂ ഇവാഞ്ചലൈസേഷന്‍ പ്രോഗ്രാം (സുവിശേഷവല്‍ക്കരണം) – റവ. ഫാ. സോജി ഓലിക്കല്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ( പി.ആര്‍.ഒ)- റവ. ഫാ. ബിജു കുന്നയ്ക്കാട്ട്
കമ്മീഷന്‍ ഫോര്‍ സോഷ്യല്‍ കമ്മ്യൂഷണിക്കേഷന്‍സ് ആന്റ് മീഡിയ അപ്പോസ്തലേറ്റ് – റവ. ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ്
കമ്മീഷന്‍ ഫോര്‍ സേക്രഡ് ലിറ്റര്‍ജി (ആരാധനക്രമം)- റവ. ഫാ. ലോനപ്പന്‍ അരങ്ങാശ്ശേരി എംഎസ്ടി
കമ്മീഷന്‍ ഫോര്‍ കുടുംബ കൂട്ടായ്മ – റവ. ഫാ. ഹാന്‍സ് പുതിയകുളങ്ങര എം.എസ്.ടി
കമ്മീഷന്‍ ഫോര്‍ ഫാമിലി അപ്പോസ്തലേറ്റ്- റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍
കമ്മീഷന്‍ ഫോര്‍ സ്പിരിച്വല്‍ ഗൈഡന്‍സ് – റവ. ഫാ. ജോസ് അന്തിയാംകുളം എം.സി.ബി.എസ്
കമ്മീഷന്‍ ഫോര്‍ ബൈബിള്‍ അപ്പോസ്തലേറ്റ് – റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി
കമ്മീഷന്‍ ഫോര്‍ ക്രിസ്ത്യന്‍ യൂണിറ്റി, ഫെയ്ത്ത് ആന്റ് ജസ്റ്റീസ് റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍
കമ്മീഷന്‍ ഫോര്‍ വൊക്കേഷന്‍ പ്രമോഷന്‍ (ദൈവവിളി) – റവ. ഫാ. ടെറിന്‍ മുല്ലക്കര
കമ്മീഷന്‍ ഫോര്‍ മിഷന്‍ ലീഗ് – റവ. ഫാ. മാത്യു മുളയോലില്‍
കമ്മീഷന്‍ ഫോര്‍ തിരുബാലസഖ്യം – റവ. ഫാ. ജയ്സണ്‍ കരിപ്പായി കുര്യന്‍
കമ്മീഷന്‍ ഫോര്‍ ചര്‍ച്ച് ക്വയര്‍ (ഗായകസംഘം) – റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല

list

വികാരി ജനറല്‍മാരായ റവ. ഫാ. തോമസ് പാറയടിയില്‍, റവ. ഫാ. മാത്യൂ ചൂരപൊയ്കയില്‍, റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ എന്നിവര്‍ക്കായിരിക്കും ഈ വിവിധ കമ്മീഷനുകളുടെ പൊതു ചുമതല. രൂപതയില്‍ മെത്രാന്‍ നേതൃത്വം നല്‍കുന്ന അജപാലന പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും വിശ്വാസികളിലേയ്ക്കെത്തുന്നത് ഈ വിവിധ ശുശ്രൂഷകല്‍ലൂടെയായിരിക്കും. രൂപതയുടെ വളര്‍ച്ചയുടെ ഭാഗമായാണ് പുതിയ നിയമനങ്ങളെ കാണുന്നതെന്നും വിവിധ മേഖലയിലുള്ള ഈ ശുശ്രൂഷകള്‍ വിശ്വാസ ജീവിതത്തിനും വളര്‍ച്ചയ്ക്കും സഹായകരമാകുമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഒക്ടോബര്‍ 9-ന് പ്രസ്റ്റണില്‍ മെത്രാഭിഷേകത്തിന് ഒരുക്കള്‍ ക്രമീകരിക്കുന്നതിനും നവംബര്‍ 4 മുതല്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ യുകെ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കിയതും വിവിധ വൈദികരുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച കമ്മിറ്റികളായിരുന്നു. വിശ്വാസികള്‍ക്കുവേണ്ടി രൂപത നടപ്പിലാക്കുന്ന വിവിധ അജപാലന പ്രവര്‍ത്തനങ്ങളുടെ ആദ്യസംരംഭമായി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയും തലശ്ശേരി ആസ്ഥാനമായ ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ തിയോളജി സ്റ്റഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ദൈവശാസ്ത പഠനകോഴ്സി’ന്റെ രജിസ്ട്രേഷന്‍ ഉദ്ഘാടനം കഴിഞ്ഞ വെള്ളിയാഴ്ച ബ്രിസ്റ്റോളില്‍ നടന്നിരുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റണ്‍: ഡിപ്ലോമ, ബിരുദ, ബിരുദാനന്തര തലങ്ങളില്‍ അല്‍മായര്‍ക്ക് ദൈവശാസ്തപഠനത്തിന് വഴി തുറന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആദ്യ പൊതു സംരംഭം. നാളെ, നവംബര്‍ 19 ശനിയാഴ്ച ഗ്ലോസ്റ്ററില്‍ വച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ തലശ്ശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് കോഴ്‌സ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്യും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയും തലശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബൈബിള്‍ സ്റ്റഡീസും’ സംയുക്തമായാണ് ഈ പഠനാവസരം ഒരുക്കുന്നത്. പ്രശസ്ത ബൈബിള്‍ പണ്ഡിതനായ റവ. ഡോ. ജോസഫ് പാംപ്ലാനിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും കോഴ്‌സിനു നേതൃത്വം നല്‍കുന്നതും.

pampla

രണ്ടുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ്, മൂന്ന് വര്‍ഷത്തെ ബിരുദ കോഴ്‌സ്(ബി.എ ഡിഗ്രി, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, പ്ലസ്ടു/പി.ഡി.സി), രണ്ടുവര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സ്(എം എ ഡിഗ്രി, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി) എന്നിവയാണ് തുടക്കത്തില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡിപ്ലോമ കോഴ്‌സിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്രിസ്റ്റിയന്‍ ചെയറിന്റെ അംഗീകാരവും ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് യുജിസി അംഗീകാരമുള്ള സായിനാഥ് യൂണിവേഴ്‌സിറ്റി, നോര്‍ത്ത് ഈസ്റ്റ് ഫ്രന്റിയര്‍ യൂണിവേഴ്‌സിറ്റി എന്നിയുടെ അംഗീകാരവും ഉണ്ടായിരിക്കും. ബൈബിള്‍, തിരുസഭാ ചരിത്രം, കാനന്‍ നിയമം, ആരാധനാക്രമം എന്നിവ പ്രധാന പഠനവിഷയങ്ങളാകുമ്പോള്‍, ബൈബിള്‍ മൂലഭാഷകളായ ഗ്രീക്ക്, ഹീബ്രു എന്നിവ ഐശ്ചികമായി പഠിക്കുന്നതിനും അവസരമുണ്ടായിരിക്കും.

പഠിതാക്കളുടെ സൗകര്യാര്‍ത്ഥം ‘ഓണ്‍ലൈന്‍’ ആയി നടത്തപ്പെടുന്ന ക്ലാസുകള്‍ക്ക് പ്രഗത്ഭരായ അധ്യാപകര്‍ നേതൃത്വം നല്‍കുമ്പോള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ വച്ച് കോണ്‍ടാക്ട് ക്ലാസുകളും നടത്തപ്പെടുന്നു. ഓരോ വിഷയവും ആധികാരികമായി പ്രതിപാദിക്കുന്ന ടെക്‌സറ്റ് ബുക്കുകളും ലഭ്യമായിരിക്കും.

വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്‍മായര്‍ക്കും ദൈവശാസ്ത്ര വിഷയ പഠനങ്ങള്‍ക്കായി നാട്ടില്‍ പല സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും യുകെയില്‍ ഇങ്ങനെയൊരു സംരംഭം ആദ്യമാണ്. സഭയെക്കുറിച്ചുള്ള ആഴമായ അറിവില്‍ വിശ്വാസികള്‍ വളരണമെന്ന സഭയുടെ ആഗ്രഹത്തിന്റെ തെളിവാണ് ഈ പുതിയ പഠനാവസരമെന്ന് രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. അറിയപ്പെടുന്ന ധ്യാനഗുരുവും ദൈവശാസ്ത്രജ്ഞനും ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടര്‍ ബിരുദവുമുള്ള റവ. ഫാ. ജോസഫ് പാംപ്ലാനിയാണ് കോഴ്‌സിന് നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്, കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോയ് വയലിലിനെ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ – 07846554152

RECENT POSTS
Copyright © . All rights reserved