ലണ്ടന്‍: ഹെര്‍ട്‌ഫോര്‍ഡ്ഷയര്‍ ഹിന്ദു സമാജം വിഷു ആഘോഷിച്ചു. വാട്ട്‌ഫോര്‍ഡിലെ ഓക്‌സിവുഡ് പ്രൈമറി സ്‌കൂളില്‍ നടന്ന വിഷു ആഘോഷത്തില്‍ സമാജത്തിലെ അംഗങ്ങളുടെയും കുട്ടികളുടെയും വര്‍ണാഭമായ കലാപരിപരിപാടികള്‍ കേരള ബീറ്റ്‌സ് ഹാംപ്‌ഷെയറിന്റെ ഭക്തിനിര്‍ഭരവും ഹൃദ്യവുമായ ഗാനമേള എന്നിവ ആഘോഷത്തിന് മിഴിവേകി. വിഭവസമൃദ്ധമായ സദ്യയോടുകൂടി വിഷു ആഘോഷം സമാപിച്ചു. ആഘോഷ പരിപാടി വന്‍ വിജയമാക്കിയ അംഗങ്ങളോടുള്ള നന്ദി സംഘാടകര്‍ രേഖപ്പെടുത്തി.






സതാംപ്ടണ്‍: യുകെ സ്പിരിച്വല്‍ മിനിസ്ഠ്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നൈറ്റ് വിജില്‍ മെയ് 13ന് സതാംപ്ടണില്‍ നടക്കും. വൈകിട്ട് ഏഴു മണി മുതല്‍ ലിന്‍ഡ്ഹേസ്റ്റ് സെന്റ് ജോസഫ്സ് ദേവാലയത്തിലാണ് പരപാടി സംഘടിപ്പിച്ചിട്ടുള്ളത്. എസ്ആര്‍എം ഇന്റര്‍നാഷണല്‍ ടീമാണ് വിശ്വാസികള്‍ക്കായി ഈ മഹത്കര്‍മ്മത്തിന് നേതൃത്വം നല്‍കുന്നത്.
ദൈവത്തെ വാഴ്ത്തുന്നതിനും അവന്റെ മഹത്വം അറിയുന്നതിനുമായുള്ള നിരവധി പരിപാടികളാണ് എസ്ആര്‍എം ഇന്റര്‍നാഷണല്‍ വിശ്വാസികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വിശുദ്ധ കുര്‍ബാനകള്‍ പ്രാര്‍ത്ഥനാ സെഷനുകള്‍ ജപമാലയും ധ്യാനവും സ്തുതിയും ആരാധനയും തുടങ്ങിയവ നൈറ്റ് വിജിലില്‍ ഉണ്ടാകും. ഈ ദൈവീകമായ പരിപാടിയിലേക്ക് വിശ്വാസികളേവരേയും ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്തോഷ്-07886234120 ടൈറ്റസ്-07551929283 എന്നിവരെ ബന്ധപ്പെടുക.
ക്രിസ്തീയ വിശ്വാസത്തിന് അനന്യമായ ഒരടിസ്ഥാനമുണ്ട്. ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കയും മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്തു. ഈ രണ്ട് അടിസ്ഥാന സത്യങ്ങളാണ് ക്രിസ്തീയതയെ നിസ്തുലമാക്കുന്നത്. ദൈവത്തിനായി ജീവിക്കേണ്ടതിനാണു നമ്മെ എല്ലാം ദൈവം സൃഷ്ടിച്ചത്. എന്നാല്‍ നാം നമുക്കുവേണ്ടി മാത്രം ജീവിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ അവസരോചിതമായ നേട്ടങ്ങൾക്കുവേണ്ടി നമ്മുടെ വിശ്വാസത്തെ വിസ്മരിക്കുന്നു. നമുക്കുവേണ്ടി ക്രിസ്തു മരിച്ചതിലുള്ള നന്ദിയോടും, മരിച്ചവരില്‍ നിന്നും ഉയിര്‍ത്തവനായി അവിടുന്ന് ഇന്നും ജീവിക്കുന്നു എന്ന വിശ്വാസത്തോടും കൂടെ നാം ദൈവത്തിന്റെ അടുത്തുവരണം. യേശു ഇന്നും ജീവിക്കുന്നവനല്ലെങ്കില്‍ നമുക്ക് അവനോട് പ്രാര്‍ത്ഥിക്കാന്‍ കഴികയില്ല. യേശു മരിച്ചുയിര്‍ത്ത് ജീവിക്കുന്നതിനാല്‍ നമുക്ക് അവനോട് സംസാരിക്കാന്‍ കഴിയും. ദൈവം നിങ്ങളോട് ക്ഷമിക്കുമ്പോള്‍ നിങ്ങളുടെ ഹൃദയം പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെടുകയും, ക്രിസ്തുവിന് അവിടുത്തെ ആത്മാവിനാല്‍ നിങ്ങളില്‍ വസിച്ച് നിങ്ങളുടെ ശരീരങ്ങളെ ദൈവത്തിന്റെ ഭവനമാക്കിതീർക്കാനും കഴിയും. ഇതാണ് സുവിശേഷത്തിന്റെ അത്ഭുതസന്ദേശം. ക്രിസ്തു ഉള്ളില്‍ വസിക്കുമ്പോള്‍ നിങ്ങളുടെ ശരീരങ്ങള്‍ ദൈവത്തിന്റെ മന്ദിരങ്ങളത്ര.
ക്രിസ്തീയജീവിതം ഒരു ഓട്ടംപോലെയാണ്. പാപത്തോട് പുറംതിരിഞ്ഞ് ഈ ദീര്‍ഘദൂര ഓട്ടത്തിന്റെ തുടക്കത്തിലെത്തുന്നു. പിന്നെ ജീവിതാവസാനം വരെ ഒരു മാരത്തോണ്‍ ഓട്ടമാണ്. നാം നിരന്തരം ഓടി, ഓരോ ദിവസവും ലക് ഷ്യത്തോട് അടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക. നമ്മുടെ ഓട്ടം ഒരിക്കലും നിര്‍ത്തിക്കൂടാ. ഓരോ ദിവസം കഴിയുന്തോറും ജീവിതത്തില്‍ നിന്നു തിന്മകളെ അകറ്റി, നല്ല ക്രിസ്ത്യാനിയായി മാറുന്ന മാര്‍ഗ്ഗമാണിത്. ലക്ഷ്യപൂർത്തീകരണത്തിന് കുമ്പസാരത്തിനും കുർബാനക്കും വലിയ പ്രാധാന്യമാണ് ഉള്ളത്. ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി ഒരിക്കലും ക്രിസ്തുവിന് ഹിതകരമല്ലാത്ത ഒന്നും ചെയ്യില്ല. യേശുവിനോടുള്ള കൂട്ടായ്മയില്‍ ചെയ്യാന്‍ കഴിയാത്തതൊന്നും ഒരു ക്രിസ്ത്യാനി ചെയ്യുകയില്ല. യേശു നമ്മുടെ ഭാവി അവിടുത്തെ കരങ്ങളില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാല്‍ ആകുലചിന്തയും ഭയവും അകന്ന് സന്തോഷഭരിതമായ ഒരു ജീവിതം സാദ്ധ്യമാകുന്നു… നമ്മൾ കയ്ക്കുഞ്ഞായിക്കുമ്പോൾ മാമോദീസ വഴി വിശ്വാസം സ്വീകരിക്കുകയും തിരിച്ചറിവിന്റെ തുടക്കം എന്നപോലെ കുമ്പസാരവും ആദ്യകുർബാനയും ഒരു കുട്ടിയുടെ വിശ്വാസജീവിതത്തിലെ നാഴികക്കല്ലാകുന്നു എന്ന് പറയുവാനാണ് ഇത്രയും പറഞ്ഞത്…
വിശ്വാസജീവിതത്തിൽ മലയാളികളായ നാമെല്ലാവരും വളരെയധികം ശ്രദ്ധ ചെലുത്തുന്നു. പ്രത്യേകിച്ച് പ്രവാസ ജീവിതത്തിൽ. ഏത് മതമായാലും തങ്ങളുടെ കുട്ടികളെ വിശ്വാസജീവിതത്തിൽ കൊണ്ടുവരുന്നതിന് എന്ത് ത്യാഗവും പേറുന്ന ഒരു പ്രവാസി മലയാളികളെ ആണ് നമുക്ക് ചുറ്റും കാണാൻ കഴിയുക. തന്റെ എല്ലാ പരിമിതികളിൽ നിന്നുകൊണ്ട് വിശ്വാസത്തെ കുട്ടികളിൽ വളർത്തിയെടുക്കാൻ അവർ നിരന്തരം ശ്രമിക്കുന്നു. അത്തരത്തിൽ ഒരു കുട്ടിയുടെ വിശ്വാസജീവിതത്തിൽ ഏറ്റവും പ്രാധാന്യം വഹിക്കുന്ന ഒന്നാണ് ആദ്യകുർബാന സ്വീകരണം.
അയർലണ്ടിൽ ഡബ്ലിന് അടുത്തുള്ള സോർട്‌സിൽ ഈ കഴിഞ്ഞ ഞായറാഴ്ച നടന്ന ആരൺ, ഹെയ്‌ഡൻ, ഡോൺ എഡ്‌വിൻ, റിയോൺ, എയ്‌ഡൻ, ആഗ്‌നസ് എന്നീ ആറ് മലയാളി കുട്ടികളുടെ ആദ്യകുർബാന സ്വീകരണം എല്ലാ മലയാളികളുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ ഉതകുന്നതാണ്. സിറോ മലബാർ സഭയുടെ കീഴിൽ ഉള്ള ചാപ്ലൈൻസിയുടെ മേൽനോട്ടത്തിൽ നടന്ന കുട്ടികളുടെ ആദ്യകുർബാന സ്വീകരണം പ്രസിമലയാളികളുടെ കൂട്ടായ്മയുടെ മറ്റൊരു ചിത്രം കൂടി വെളിപ്പെടുത്തുന്നു.
മൂന്ന് മണിയോട് കൂടി ഭക്തിനിർഭരമായ കുർബാന.. നാട്ടിൽ നിന്നും എത്തിയ രക്ഷിതാക്കളെ ഉൾപ്പെടുത്തി നടന്ന കാഴ്‌ചവെപ്പ്.. നാട്ടിലെ പള്ളിയങ്കണത്തെ ഓർമ്മയിൽ വരുത്തി ഒഴുകിയിറങ്ങുന്ന മനോഹരമായ പാട്ടുകൾ.. നൂറിനോടടുത്ത കുടുംബങ്ങളുള്ള സോർട്‌സിലെ വിശ്വാസികൾ എല്ലാവരും ഒന്നുപോലെ വന്നുചേർന്നപ്പോൾ പള്ളിയങ്കണം വിശ്വാസത്തിന്റെ വിളിച്ചുപറയലായി… എല്ലാറ്റിനും ഉപരിയായി റോമിൽ നിന്നും പോപ്പ് ഫ്രാൻസിസിന്റെ അനുഗ്രഹം സർട്ടിഫിക്കറ്റിന്റെ രൂപത്തിൽ കുട്ടികളിൽ എത്തിയപ്പോൾ അവരുടെ മുഖത്ത് തെളിഞ്ഞ പ്രകാശം.. കാപ്പി സൽക്കാരത്തോടെ പള്ളിയിലെ ചടങ്ങുകൾക്ക് വിരാമമായി…

ഏഴ് മണിയോടുകൂടി ഹോട്ടൽ കാർട്ടണിൽ പാർട്ടി.. ആറു കുടുംബങ്ങൾ ഒത്തു ചേർന്നപ്പോൾ കുട്ടികൾക്കും മുതിന്നവർക്കുമായി കലാവിരുന്നുകൾ.. കുട്ടികളെ എങ്ങനെ ഹാളിനുള്ളിൽ നിർത്താം എന്നതിന് ഉത്തമ ഉദാഹരണമായി അവരെ ഉൾപ്പെടുത്തിയുള്ള മാജിക് ഷോ… ഹാളിലെ എല്ലാവരുടെയും ശ്രദ്ധ തങ്ങളിലേക്ക് ആവാഹിച്ചെടുത്തു ഐറിഷ് ഡാൻസ് ബാൻഡിന്റെ രംഗപ്രവേശം.. കുട്ടികൾ എല്ലാവരും അവരോടു ചേർന്നപ്പോൾ.. ബാൻഡിനെ തോപ്പിക്കുന്ന താളവുമായി മലയാളികളും.. ഓർമ്മയിൽ ഒരായിരം മധുരമായി സോർട്‌സ് മലയാളികൾ.. നമ്മുടെ കുട്ടികൾ ഏതു നാട്ടിൽ വളരുന്നുവോ അവിടുത്തെ സംസ്ക്കാരമേ കുട്ടികളെ ആകര്ഷിക്കുകയുള്ളു എന്നത് ഒരു അനുഭവപാഠം…
[ot-video][/ot-video]

[ot-video][/ot-video]
ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള
എടത്വാ: ദൈവം മനുഷ്യന് നല്‍കിയ ഏറ്റവും വലിയ ദാനമായ പരിസ്ഥിതി നാം കാത്തു സൂക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറണമെന്നും പ്രപഞ്ചത്തിന്റെ നിലനില്‍പിനെ പോലും ബാധിക്കുന്ന തരത്തില്‍ ഉള്ള തിന്‍മകളെ മനുഷ്യന്‍ പരാജയപ്പെടുത്തണമെന്നും മാര്‍ത്താണ്ഡം രൂപതാ മെത്രാന്‍ ബിഷപ്പ് വിന്‍സെന്റ് മാര്‍ പൗലോസ്. എടത്വായില്‍ ആരംഭിച്ച തിരുനാള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സംവിധാനം ഇടവകകള്‍ മാതൃകയാക്കണമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയിലെ തിരുനാളില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ വിശപ്പ് അകറ്റാന്‍ ഉള്ള ഭക്ഷണം പാളപ്പാത്രത്തിലേക്ക് വിളമ്പി ഈ വര്‍ഷത്തെ ഭക്ഷണ വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
ഗ്രീന്‍ പ്രോട്ടോക്കോള്‍ സംവിധാനം പരമാവധി പ്രാബല്യത്തില്‍ ആക്കുന്നതിന്റെ ഭാഗമായിട്ടാണ് തിരുനാളില്‍ എത്തുന്ന ജനലക്ഷങ്ങള്‍ക്ക് വിവിധ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം ഭക്ഷണം പാള കൊണ്ട് ഉണ്ടാക്കിയ പാത്രത്തില്‍ വിതരണം ചെയ്യുവാന്‍ ആരംഭിച്ചത്. ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യു അദ്ധ്യക്ഷത വഹിച്ചു.

ഫാദര്‍ വില്‍സണ്‍ പുന്നക്കാലയില്‍, കൈക്കാരന്മാരായ വര്‍ഗ്ഗീസ് എം.ജെ മണക്കളം, വിന്‍സന്റ് തോമസ് പഴയാറ്റില്‍, പി ഡി.ആന്റണി പഴയമഠം, ജോ: കണ്‍വീനര്‍ ജയന്‍ ജോസഫ്, ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ കെ.തങ്കച്ചന്‍, ടോമിച്ചന്‍ കളങ്ങര, റോബിന്‍ കളങ്ങര, മനോജ് മാത്യൂ പുത്തന്‍വീട്ടില്‍, അലോഷ്യസ് തോമസ്, ജോസി പരുമൂട്ടില്‍, ബിനോമോന്‍, മോളി തോമസ് പട്ടത്താനം, ജമിനി മനോജ്, റാണി, സിസ്റ്റര്‍ ആലീസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. കുടിവെള്ളം മണ്‍കൂജകളില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.
പിതൃവേദിയുടെയും മാതൃവേദിയുടെയും നേതൃത്വത്തില്‍ ഇടവക അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി മെയ് 7 ഉച്ചവരെയുള്ള ഭക്ഷണം തീര്‍ത്ഥാടകര്‍ക്ക് നല്‍കും. ഈ പദ്ധതിയില്‍ സഹകരിക്കുവാന്‍ താത്പര്യമുള്ളവര്‍ പിതൃവേദി ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ശുചിത്വ മിഷന്‍ പദ്ധതിയുടെ ഭാഗമായി പ്രകൃതി സൗഹാര്‍ദ്ദ മാലിന്യ സംഭരണികള്‍ പള്ളി പരിസരത്ത സ്ഥാപിച്ചു. ഓല കൊണ്ട് ഉണ്ടാക്കിയ വല്ലങ്ങള്‍ ആണ് മാലിന്യ സംഭരണിയായി സ്ഥാപിച്ചിട്ടുളളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് ഉദ്ഘാടനം ചെയ്തു.
പള്ളിപ്പരിസരത്ത് നിര്‍മ്മിച്ച വ്യാപാര പന്തലിനുള്ളിലുള്ള കടകളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എല്‍ ശ്രിജിന്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രകൃതി സൗഹാര്‍ദ്ദ ബോധവത്ക്കരണ ലഘുലേഖകള്‍ വിതരണം ചെയ്തു. കൂടാതെ പഞ്ചായത്ത് സെക്രട്ടറി കെ.എം. ജേക്കബ്, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ കടകളില്‍ പരിശോധനയും നടന്നു.
താത്ക്കാലിക പോലീസ് കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം വികാരി ഫാ: ജോണ്‍ മണക്കുന്നേല്‍ നിര്‍വഹിച്ചു. എസ്ഐ പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഇടവകയിലെ 51 അംഗ വിമുക്ത ഭടന്‍മാരുടെ കര്‍മ്മ സേന പോലീസിനെയും ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയെയും സഹായിക്കും.
ബെന്നി മേച്ചേരിമണ്ണില്‍
റെക്സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും മെയ് ആറാം തിയതി 4.15ന് കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു. തുടര്‍ന്ന് മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു. റെക്സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കപ്പുറം SDV യുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ പരിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മറ്റു പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്ന് പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ റെക്സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളേയും സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനിലേക്കു രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം സ്നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു.
ഫാദര്‍ റോയ് കോട്ടയ്ക്ക് പുറം 07763756881.
പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് – SACRED HEART CHURCH , HAWARDEN _ CH53D
സഖറിയ പുത്തന്‍കളം
ബിര്‍മിംഗ്ഹാം: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ കായികമേള കൂടുതല്‍ യൂണിറ്റുകളുടെ പങ്കാളിത്തം കൊണ്ടും മത്സരാര്‍ത്ഥികളുടെ വീറും വാശി കൊണ്ടും ശ്രദ്ധേയമായി. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഓരോ ഇനത്തിലും തീ പാറുന്ന പോരാട്ടമാണ് എല്ലാ യൂണിറ്റുകളും കാഴ്ചവെച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന എല്ലാ വിഭാഗങ്ങളിലും മത്സരാര്‍ത്ഥികള്‍ ആവേശം നിറച്ച പ്രകടനം പുറത്തെടുത്തപ്പോള്‍, തുല്യപോയിന്റ്‌റുകള്‍ നേടി ബിര്‍മിംഗ്ഹാം യൂണിറ്റും കൊവെന്‍ട്രി & വാര്‍വിക്ക്ഷെയര്‍ യൂണിറ്റും സംയുക്ത ജേതാക്കളായി, ഓവറോള്‍ ചാംപ്യന്‍ഷിപ് പട്ടം പങ്കിട്ടു.

രണ്ടാം സ്ഥാനം ലെസ്റ്റര്‍ യൂണിറ്റും, മൂന്നാം സ്ഥാനം വൂസ്റ്റര്‍ യൂണിറ്റും കരസ്ഥമാക്കി. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആറ് കാറ്റഗറിയായിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ബര്‍മിംഗ്ഹാമിലെ വിന്‍ഡ്‌ലി ലെയ്ഷര്‍ സെന്റ്‌ററിലാണ് കായികമേള അരങ്ങേറിയത്. വിജയികളായവര്‍ക്ക് ജോസ്. കെ. മാണി എം. പി ട്രോഫികള്‍ സമ്മാനിച്ചു.

യു. കെ. കെ. സി. എ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ, പ്രസിഡന്റ്‌റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തില്‍, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ്‌റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തിക്കോട്ടില്‍ ഉപദേശക അംഗം ബെന്നി മാവേലില്‍ എന്നിവര്‍ ചേര്‍ന്ന് ദീപശിഖ തെളിയിച്ചാണ് ക്നാനായ ഒളിമ്പിക്സ് ഉത്ഘാടനം ചെയ്തത്.

ആറു കാറ്റഗറിയിലും വ്യക്തിഗത ചാമ്പ്യന്മാരായവര്‍ ചുവടെ.
കിഡീസ് : ഏഡ്രിയാന്‍, ലെസ്റ്റര്‍ യൂണിറ്റ്
സബ് ജൂനിയേഴ്‌സ് : ജെഫ് തോമസ്, നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ യൂണിറ്റ് & നിയ രഞ്ജിത് ബര്‍മിംഗ്ഹാം യൂണിറ്റ്.
ജൂണിയേഴ്സ് : കെസ്റ്റര്‍, ഈസ്ററ് ലണ്ടന്‍ യൂണിറ്റ് & അലീന രാമച്ചനാട്ട്, ബിര്‍മിംഗ്ഹാം യൂണിറ്റ്
സീനിയേഴ്സ് : ഡോണ്‍ പന്നിവേലില്‍, ഡെര്‍ബി യൂണിറ്റ് & ടോളിന്‍ ടോമി, ബര്‍മിംഗ്ഹാം യൂണിറ്റ്
സൂപ്പര്‍ സീനിയേഴ്സ് : നെബു സിറിയക്, കൊവെന്‍ട്രി യൂണിറ്റ് & സുമ നെബു കൊവെന്‍ട്രി യൂണിറ്റ്
റോയല്‍ സീനിയേഴ്സ് : ഷിജു, വൂസ്റ്റര്‍ യൂണിറ്റ് & ജീന സഖറിയ, കെറ്ററിംഗ് യൂണിറ്റ്.





ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള
എടത്വാ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയിലെ തിരുനാളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സംവിധാനം പരമാവധി പ്രാബല്യത്തില്‍ ആക്കുന്നതിനും തിരുനാളില്‍ എത്തുന്ന ജനലക്ഷങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഇടവകയിലെ വിമുക്ത ഭടന്‍മാര്‍ രംഗത്ത്. പോലീസ് സേനയെയും ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയെയും സഹായിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഇടവകയിലെ 92 വിമുക്തഭടന്‍മാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 51 പേരടങ്ങുന്ന സംഘമാണ് കര്‍മ്മനിരതരായിരിക്കുന്നത്.
ഈ കര്‍മ്മസേന പള്ളി പരിസരത്ത് നിര്‍മ്മിച്ച 30,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വ്യാപാര പന്തലിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ സന്ദര്‍ശിച്ച് പരിശോധിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ സംവിധാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുന്നതോടൊപ്പം തുടര്‍ ടെന്‍ഡറില്‍ ഇത്തരത്തില്‍ ഉള്ളവരെ ഒഴിവാക്കുക കൂടി ചെയ്യും.
ഈ വര്‍ഷത്തെ തീര്‍ത്ഥാടകരുടെ ബാഹുല്യം കണക്കിലെടുത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുവാനുള്ള എല്ലാവിധ മുന്‍കരുതലും ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. താത്ക്കാലിക പോലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതോടൊപ്പം തിരുനാള്‍ മേഖല ക്യാമറ നിരീക്ഷണത്തിലുമാണ്. ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ ജോ: കണ്‍വീനര്‍ ജയന്‍ ജോസഫ്, ജെ.ടി.റാംസെ, ആന്റോ അല്‍ഫോണ്‍സ് എന്നിവര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍മ്മസേനയ്ക്ക് നല്‍കി.
പ്രകൃതി സൗഹാര്‍ദ്ദ തിരുനാളിന് പിന്തുണ പ്രഖ്യാപിച്ച വിമുക്ത ഭടന്‍മാരെ വികാരി റവ.ഫാദര്‍ ജോണ്‍ മണക്കുന്നേല്‍, ഇടവക ട്രസ്റ്റി വര്‍ഗ്ഗീസ് എം.ജെ മണക്കളം, ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള എന്നിവര്‍ അഭിനന്ദിച്ചു.
ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള
എടത്വാ: ചരിത്രത്തില്‍ ആദ്യമായി കേരള മന്ത്രിസഭയില്‍ കുട്ടനാടിനെ പ്രതിനിധീകരിച്ച ആദ്യ മന്ത്രി തോമസ് ചാണ്ടി എടത്വാ പള്ളി സന്ദര്‍ശിച്ചു. വികാരി ഫാ.ജോണ്‍ മണക്കുന്നേലും തിരുനാള്‍ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിനെയും അമ്പലപ്പുഴ-തിരുവല്ല റോഡിനെയും ബന്ധിപ്പിക്കുന്ന പളളിയിലേക്ക് ഉള്ള റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 70 ലക്ഷം രൂപ അനുവദിക്കുകയും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കൂടാതെ അപകടാവസ്ഥയിലായ പള്ളി പാലം ടൂറിസം മേഖലയില്‍ ഉള്‍പെടുത്തി പുതുക്കി പണിയുമെന്നും പ്രഖ്യാപിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ സംവിധാനത്തെ അഭിനന്ദിക്കുകയും ചെയ്തു.

സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി തിരുനാളിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഗ്രീന്‍ പ്രോട്ടോക്കോള്‍ സംവിധാനം നിരീക്ഷിക്കാന്‍ ജില്ലാശുചിത്വ മിഷന്‍ ഉദ്യോഗസ്ഥരും പള്ളിയിലെത്തി. ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണര്‍ ബിജോയ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലാണ് വിലയിരുത്തല്‍ നടത്തിയത്. പ്ലാസ്റ്റിക്ക് കയറിന് പകരം തിരുനാള്‍ പതാക ഉയര്‍ത്തുവാന്‍ പട്ടുനൂല്‍ ഉപയോഗിച്ചതും തീര്‍ത്ഥാടകരുടെ ദാഹമകറ്റാന്‍ പ്‌ളാസ്റ്റിക്ക് കന്നാസുകളിലെ ദാഹജലത്തിന് പകരം പ്രകൃതി സൗഹാര്‍ദ്ദ പദ്ധതി പ്രകാരം മണ്‍ കൂജകള്‍ സ്ഥാപിച്ചത് ഉള്‍പ്പെടെ തീര്‍ത്ഥാടകര്‍ക്ക് ഒരുക്കിയിരിക്കുന്ന വിപുലമായ സൗകര്യങ്ങളെ ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. ഉച്ചക്കഞ്ഞി വിതരണത്തിന് സ്റ്റീല്‍ പ്ലേറ്റുകളും തോരണങ്ങള്‍ക്ക് പകരം ദീപാലങ്കാരവും ഒരുക്കിയത് പ്രത്യേകം എടുത്തു പറയേണ്ട മാറ്റങ്ങളില്‍ പ്രധാനപെട്ടതാണ്.
ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പള്ളിക്കടവ് വൃത്തിയാക്കി. പള്ളിക്കടവിലെയും പരിസര പ്രദേശങ്ങളിലെയും എക്കലും മാലിന്യങ്ങളും ജെ.സി.ബിയുടെ സഹായത്തോടെ നീക്കി ആഴം കൂട്ടി. പഞ്ചായത്തിന്റെ തനതു ഫണ്ട് ഉപയോഗിച്ച് ആണ് തോട് വൃത്തിയാക്കിയത്. പ്രസിഡന്റ് ടെസി ജോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ സഖറിയ, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ജയിന്‍ മാത്യൂ, റോസമ്മ ആന്റണി, ടി.ടി.തോമസ് കുട്ടി, അംഗങ്ങളായ ബെറ്റി ജോസഫ്, ബൈജു ജോസ്, ശ്യാമള രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ശുചീകരണ തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലന ക്ലാസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിന്‍ ക്ലാസുകള്‍ നയിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി ക്യാരി ബാഗുകള്‍ നശിപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ക്ക് പകരം ഇതിനോടകം തുണി സഞ്ചികള്‍ തയ്യാറാക്കി കഴിഞ്ഞു.
വിവിധ വകുപ്പുകളെ ഏകോപിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി രൂപികരിച്ചത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. തിരുനാള്‍ ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് അധിക്യതര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍ എന്നിവരടങ്ങിയതാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി.
തിരുനാള്‍ കാലയളവില്‍ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുകയും മികവ് പുലര്‍ത്തുകയും ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതായി വികാരി വെരി.റവ.ഫാദര്‍ ജോണ്‍ മണക്കുന്നേല്‍, ഇടവക ട്രസ്റ്റി വര്‍ഗ്ഗീസ് എം.ജെ. മണക്കളം, ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യു, ജോ. കണ്‍വീനര്‍ ജയന്‍ ജോസഫ്, ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി സെക്രട്ടറി ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള എന്നിവര്‍ അറിയിച്ചു.
ബാബു ജോസഫ്
ബര്‍മിങ്ഹാം:ദൈവതിരുമനസ്സിനു വിധേയപ്പെടുവാന്‍ അനേകര്‍ക്ക് അത്ഭുതങ്ങളും, രോഗശാന്തിയും, മാനസാന്തരവും പകരുന്ന ദൈവികോപകരണമായി വര്‍ത്തിക്കുവാന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വട്ടായിലച്ചന്‍ എന്ന ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ കത്തോലിക്കാ സഭയോടു ചെര്‍ന്നു നിന്നുകൊണ്ടു കേരളത്തില്‍ പാലക്കാട് ജില്ലയില്‍ അട്ടപ്പാടി മലമുകളില്‍ തുടക്കമിട്ട ‘ സെഹിയോന്‍ മിനിസ്റ്റ്രി ‘ ഇന്ന് ലോക സുവിശേഷവത്കരണ രംഗത്തു തന്നെ മറ്റു ശുശ്രൂശകള്‍ക്കും മിനിസ്റ്റ്രികള്‍ക്കുമൊപ്പം മാര്‍ഗദീപമായി നിലകൊള്ളുന്നു. ഇന്ന് വിവിധ രാജ്യങ്ങളില്‍ സെഹിയോന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട ശുശ്രൂഷകള്‍ നടന്നുവരുന്നു. എല്ലാവര്‍ഷവും ഏപ്രില്‍ 29 സെഹിയോന്‍ ദിനമായി ആചരിച്ചുവരികയാണ്. ദൈവം സെഹിയോന്‍ ശുശ്രൂഷകളിലൂടെ നല്‍കിയിട്ടുള്ള നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് ദൈവസന്നിധിയില്‍ നന്ദിപറയുവാന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട ശുശ്രൂഷകരും കുടുംബാംഗങ്ങളും, സ്‌നേഹിതരും അന്നേദിവസം ഒരുമിക്കും.
യൂറോപ്പില്‍ യുകെ കേന്ദ്രമാക്കി അമേരിക്ക, ഓസ്ട്രേലിയ ,ആഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങള്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍പോലും സുവിശേഷവത്ക്കരണത്തിനു വഴിയൊരുക്കുവാന്‍ വിവിധ ശുശ്രൂഷകളിലൂടെ ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് ടീമിനെ ദൈവം തിരഞ്ഞെടുത്തു. സെഹിയോന്‍ ദിനത്തോടനുബന്ധിച്ച് ,ഇന്നുവരെ ദൈവം നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും ഒരുമിച്ചു ഏകമനസ്സോടെ നന്ദിയര്‍പ്പിക്കുവാന്‍ നാളെ ( മെയ് 1 തിങ്കള്‍ ) ബിര്‍മിങ്ഹാമില്‍ കുടുംബസംഗമം നടക്കുന്നു.
വൈകിട്ട് 5 മുതല്‍ സെന്റ് ജെറാഡ് കാത്തലിക് ദേവാലയത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങുകളില്‍ റവ ഫാ സോജി ഓലിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പണം നടക്കും. അമേരിക്കയിലെ സെഹിയോന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന പ്രമുഖ സുവിശേഷപ്രവര്‍ത്തക ഐനിഷ് ഫിലിപ്പ് വചനസന്ദേശം നല്‍കും. രാത്രി സ്നേഹവിരുന്നോടെ സമാപിക്കുന്ന ദിനാചരണത്തില്‍ സെഹിയോന്‍ ടീം കുടുംബമായിത്തന്നെ പങ്കെടുക്കും. ഫാ ഷൈജു നടുവത്താനി, സിസ്റ്റര്‍ ഡോ. മീന എന്നിവരും ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സണ്ണി 07877 290779.
അഡ്രസ്സ്
ST.Gerard Catholic Church
Castle vale
Birmingham
B35 6JT.
ബാബു ജോസഫ്
ബര്‍മിങ്ഹാം : ലോക സുവിശേഷവത്ക്കരണ രംഗത്ത് നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ പര്യായമായ രണ്ട് അഭിഷിക്ത കരങ്ങള്‍, ഫാ. ജയിംസ് മഞ്ഞാക്കലും, ഫാ. സോജി ഓലിക്കലും നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ സെഹിയോന്‍ യു.കെ.യുടെ സ്ഥിരം വേദിയായ ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ മെയ് 10, 11, 12 തീയ്യതികളില്‍ നടക്കും.
ലോകപ്രശസ്ത വചനപ്രഘോഷകനും, ഫ്രാന്‍സിസ് മാര്‍പ്പാപ്പ കരുണയുടെ മിഷിനറിയായി പ്രത്യേകം തിരഞ്ഞെടുത്തിട്ടുള്ളതിലൂടെ പ്രത്യേക പാപമോചന അധികാരവും ലഭിച്ചിരിക്കുന്ന ‘വീല്‍ചെയറിലെ ജീവിക്കുന്ന വിശുദ്ധന്‍’മഞ്ഞാക്കലച്ചന്‍ തന്റെ അത്ഭുതാവഹകമായ ജീവിതസാക്ഷ്യവും, പ്രേഷിത ദൗത്യവും ഫാ. സോജി ഓലിക്കലിനൊപ്പം പങ്കുവയ്ക്കുമ്പോള്‍ വിവിധ ഭാഷാദേശക്കാരായ ആളുകളില്‍ അനുഗ്രഹവര്‍ഷത്തിന്റെ പേമാരി പെയ്യിക്കാന്‍ ബഥേല്‍ ഒരുങ്ങുകയാണ്.

ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി വിവിധ ഭാഷാദേശക്കാരായ ആയിരങ്ങള്‍ക്ക് അത്ഭുതകരമായ സൗഖ്യവും വിടുതലും നല്‍കി യേശുക്രിസ്തുവിന്റെ അനുയായികളായി മാറ്റിയ മഞ്ഞാക്കലച്ചന്റെ ഇംഗ്ലീഷിലുള്ള കണ്‍വെന്‍ഷനിലേക്ക് ദിവസം 5 പൗണ്ട് മാത്രം നിരക്കില്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമാണ്. 14 വയസ്സിനു താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യം. www.sehionuk.org എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
കണ്‍വെന്‍ഷനെപ്പറ്റിയുള്ള വീഡിയോ കാണാം.
13നു നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലും ഫാ.ജയിംസ് മഞ്ഞാക്കല്‍ പങ്കെടുക്കുന്നതോടെ അത് സെഹിയോന്‍ യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ചരിത്രമായി മാറും. നവസുവിശേഷവത്ക്കരണ രംഗത്ത് അനേകരെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് വിവിധങ്ങളായ മിനിസ്ട്രികളിലൂടെ യു.കെ. ആസ്ഥാനമാക്കി വിവിധ ലോകരാജ്യങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന റവ.ഫാ.സോജി ഓലിക്കല്‍ കണ്‍വെന്‍ഷന്‍ നയിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ യൂറോപ്പിലെത്തി യൂറോപ്പിന്റെ ‘മാനസപുത്രനായി ‘ മാറിയ മഞ്ഞാക്കലച്ചന്‍ ആദ്യമായി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നു,ഒപ്പം യു.കെ.യിലെ അജപാലന ശുശ്രൂഷകളുടെ നായകസ്ഥാനം ദൈവം ഭരമേല്‍പ്പിച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും. മൂവരും ഒരുമിക്കുന്ന ആദ്യ ശുശ്രൂഷയായി മാറും’ പരിശുദ്ധ അമ്മയുടെ വണക്ക മാസത്തിലെ ‘ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍. ജര്‍മ്മനിയില്‍ നിന്നുമുള്ള പ്രശസ്ത സുവിശേഷ പ്രവര്‍ത്തകന്‍ ബ്രദര്‍ ജസ്റ്റിന്‍ അരീക്കലും ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
13ന് രാവിലെ 8 ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ വൈകിട്ട് 4ന് സമാപിക്കും. ഇരു കണ്‍വെന്‍ഷനുകള്‍ക്കും വേണ്ടിയുള്ള ഒരുക്ക ശുശ്രൂഷ 24 നു ബിര്‍മിങ്ഹാമില്‍ നടന്നു.
ആസ്റ്റണിലെ നിത്യാരാധന ചാപ്പലിലടക്കം യൂറോപ്പിന്റെ വിവിധയിടങ്ങളില്‍ സെഹിയോന്‍ കുടുംബം ഒന്നടങ്കം ഇരുകണ്‍വെന്‍ഷനുകളുടെയും ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥന ഒരുക്കത്തിലാണ്.
അത്ഭുതകരങ്ങളായ വിടുതലും രോഗശാന്തിയും ജീവിതനവീകരണവും സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷകളിലേക്ക് ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും ഏവരെയും ഒരിക്കല്‍ കൂടി ക്ഷണിക്കുകയും പ്രത്യേക പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുകയും ചെയ്യുന്നു.
സ്ഥലം:
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മ്മിംഗ്ഹാം
B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സണ്ണി: 07877290779
ഷാജി: 07878149670
അനീഷ്: 07760254700
കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്:
ടോമി ചെമ്പോട്ടിക്കല്‍: 07737935424