അഞ്ചു വർഷങ്ങൾക്ക് മുൻപ് മലയാളികളുടെ നേതൃത്വത്തിൽ ആരംഭിച്ച ക്രിക്കറ്റ് ലീഗ് ഇന്ന് യുകെയിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളിൽ ഒന്നായി ഇടം പിടിച്ചിരിക്കുന്നു. ഇപ്പോൾ കേരളത്തിന് പുറത്തു നടക്കുന്ന ലോകത്തിലെതന്നെ മലയാളികൾ നേതൃത്വം നൽകുന്ന ഏറ്റവും വലിയ ക്രിക്കറ്റ് ലീഗ് ആയി ആണ് അറിയപ്പെടുന്നത്. വെറും നാല് ടീമുകളുമായി തുടങ്ങിയ ലീഗിൽ കഴിഞ്ഞ വർഷം 20 ടീമുകൾ പങ്കെടുത്തിരുന്നു.
LSL നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരുന്ന ക്രിക്കറ്റ് ലീഗ് ഈ വർഷം വളരെ വിപുലമായ പരിപാടികളോടും , ലീഗിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പങ്കാളിത്തത്തോടും നടത്താൻ തീരുമാനിച്ചിരിക്കുന്നു.
പണ്ട് കാലത്തേക്കാൾ വിഭിന്നമായി എല്ലാ രാജ്യക്കാരും എല്ലാവിധ കമ്മ്യൂണിറ്റികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ വർഷത്തെ ലീഗ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഈ വർഷം 24 ടീമുകൾക്ക് ലീഗിൽ കളിക്കാൻ അവസരം ലഭിക്കും. ടീമുകളുടെ അഭ്യർത്ഥന മാനിച്ച് സാറ്റർഡേ ലീഗ് സൺഡേ ലീഗ് എന്ന് രണ്ട് കാറ്റഗറി ആയി ആണ് ഈ വർഷം ലീഗ് കളികൾ നടത്തപ്പെടുന്നത്.
ആദ്യം വരുന്ന 24 ടീമുകളെ മാത്രമേ ടൂർണ്ണമെൻറിന് പ്രവേശനം ലഭിക്കൂ. LSL കളിക്കുന്ന 20 ടീമുകൾ ഇപ്പോൾ തന്നെ അവരുടെ താൽപര്യം അറിയിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ആദ്യം വരുന്ന 4 ടീമുകൾക്ക് കൂടി പങ്കെടുക്കാൻ കഴിയും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ബിജു പിള്ള : 07904312000, നിഷാർ: 07846066476 , അനോജ് : 07578994578
ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര പൂർത്തിയായി. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിലാണ് ഓസീസ് സ്വന്തമാക്കിയത്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യ 13 റൺസിന് ആശ്വാസ ജയം സ്വന്തമാക്കി. മലയാളി താരം സഞ്ജു സാംസൺ മൂന്നാം ഏകദിനത്തിൽ കളിച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ, അത് സംഭവിച്ചില്ല. ആദ്യമായി ഇന്ത്യയുടെ ഏകദിന സ്‌ക്വാഡിൽ ഇടംപിടിച്ചെങ്കിലും ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ സഞ്ജുവിന് സാധിക്കാതെ പോയി. ഏകദിന അരങ്ങേറ്റത്തിനായി താരം ഇനിയും കാത്തിരിക്കണം.
ഇന്ത്യയ്‌ക്കായി ഏകദിനത്തിൽ കളിക്കാൻ സാധിച്ചില്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് സഞ്ജു. മലയാളികൾക്ക് സഞ്ജുവിനോടുള്ള ഇഷ്ടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഡിസംബർ രണ്ടിന് നടന്ന മൂന്നാം ഏകദിന മത്സരത്തിനിടെ കാണികൾക്കിടയിൽ നിന്ന് ‘സഞ്ജുവേട്ടാ..,’ എന്ന് വിളികൾ ഉയർന്നത് സഞ്ജുവിനെ ചിരിപ്പിച്ചു. ഓസ്‌ട്രേലിയയിൽ നടക്കുന്ന മത്സരം കാണാൻ എത്തിയ ഏതോ മലയാളികളാണ് സഞ്ജുവിനെ സ്‌നേഹത്തോടെ വിളിക്കുന്നത്. അടുത്ത കളിയിൽ ടീമിലുണ്ടാകുമോ എന്നാണ് അവർക്കെല്ലാം അറിയേണ്ടത്. ‘സഞ്ജുവേട്ടാ..,’ എന്ന വിളികേട്ട് മലയാളി താരം തിരിഞ്ഞു നോക്കുന്നുണ്ട്.
ഡിസംബർ നാലിന് ടി 20 പരമ്പര ആരംഭിക്കും. ടി 20 സ്‌ക്വാഡിലും സഞ്ജു ഇടം പിടിച്ചിട്ടുണ്ട്. ടി 20 പരമ്പരയിൽ സഞ്ജു കളത്തിലിറങ്ങാനാണ് സാധ്യത.
ഒത്തിരി ആരാധകരുള്ള താരദമ്പതികളാണ് അനുഷ്‌ക്കയും വീരാട് കോഹ്ലിയും. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വിവാഹിതര്‍ ആയത്. ഡിസംബര്‍ 11നായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇരുവരും വിവാഹിതരാകുന്നത്.
കുഞ്ഞതിഥിക്കായുള്ള കാത്തിരുപ്പിലാണ് അനുഷ്‌ക്കയും വീരാടും ഇപ്പോള്‍. ജനുവരിയില്‍ കുഞ്ഞ് ജനിക്കുമെന്നറിഞ്ഞതുമുതല്‍ ആരാധകരും ആഹ്ലാദത്തിലാണ്.സഹതാരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് ദമ്പതികള്‍ക്ക് ആശംസകളറിയിച്ചത്.
സമൂഹമാധ്യമങ്ങളില്‍ സജീവമായ താരദമ്പതികള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നിറവയറില്‍ ശീര്‍ഷാസനം ചെയ്യുന്ന ചിത്രം പങ്കുവച്ചെത്തിയിരിക്കുകയാണ് അനുഷ്‌ക. ചിത്രം നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
ചിത്രത്തില്‍ അനുഷ്‌കയെ ശീര്‍ഷസനം ചെയ്യാനായി സഹായിക്കുന്ന വിരാടുമുണ്ട്. ഈ എക്‌സസൈസ് വളരെ ബുദ്ധിമുട്ടേറിയതാണ്. യോഗ എന്റെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്തിന് മുമ്പ് ഞാന്‍ ചെയ്തിരുന്ന വ്യായാമങ്ങള്‍ എല്ലാം ചെയ്യാമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു എന്ന് ചിത്രം പങ്കുവെച്ച് അനുഷ്‌ക പറയുന്നു.
അതേസമയം വളരെ ബുദ്ധിമുട്ടുള്ള വ്യായാമങ്ങള്‍ ചെയ്യേണ്ടതില്ലെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. താന്‍ തനിച്ചല്ല ശീര്‍ഷാസനം ചെയ്യാന്‍ മതിയായ സഹായം വേണ്ടിയിരുന്നു, വര്‍ഷങ്ങളായി താന്‍ ശീര്‍ഷാസനം ചെയ്ത് വരികയാണ് എന്നും താരം പറഞ്ഞു. ചിത്രങ്ങള്‍ എന്തായാലും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ഡാക്കർ (സെനഗൽ): 2002 ഫിഫ ലോകകപ്പ് ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തിൽ 1998 ചാന്പ്യന്മാരായെത്തിയ ഫ്രാൻസിനെ അട്ടിമറിച്ച സെനഗലിന്റെ ഗോൾ നേട്ടക്കാരനായിരുന്ന പാപ ബൂബ ഡിയൊപ് (42) അന്തരിച്ചു. ദീർഘനാളായി രോഗബാധിതനായിരുന്നു.
സെന്റർ ബാക്കും, ഡിഫൻസീവ് മിഡ്ഫീൽഡറുമായിരുന്ന ഡിയൊപ് 2002 ലോകകപ്പിലൂടെയാണ് ശ്രദ്ധേയനായത്. ഉറുഗ്വെ, ഫ്രാൻസ് എന്നിവരെ പിന്തള്ളി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തോടെ നോക്കൗട്ടിൽ പ്രവേശിച്ച സെനഗൽ, 2002ൽ ക്വാർട്ടറിൽവരെ എത്തി. ലോകഫുട്ബോളിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു ഫ്രാൻസിനെതിരായ സെനഗലിന്റെ ജയം. ഗ്രൂപ്പിൽ ഉറുഗ്വെയുമായി 3-3നു സമനില പാലിച്ച മത്സരത്തിലും സെനഗലിന്റെ ഹീറോ ഡിയൊപ് ആയിരുന്നു. ഡിയൊപ് ഇരട്ട ഗോൾ നേടിയ മത്സരത്തിൽ 3-0നു മുന്നിട്ടുനിന്നശേഷമായിരുന്നു സെനഗൽ സമനില വഴങ്ങിയത്.
സെനഗലിനായി 63 മത്സരങ്ങളിൽനിന്ന് 11 ഗോൾ നേടി. ഫുൾഹാം, ബിർമിംഗ്ഹാം സിറ്റി, പോർട്സ്മൗത്ത്, വെസ്റ്റ് ഹാം യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകളുടെ ജഴ്സിയണിഞ്ഞു.
ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയുടെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് അർജന്റീനയിൽ പ്രഖ്യാപിച്ച മൂന്നു ദിവസത്തെ ദുഃഖാചരണം അവസാനിച്ചെങ്കിലും ആ ആഘാതത്തിൽനിന്ന് ആരാധകർ മുക്തമായിട്ടില്ലെന്നതാണു വാസ്തവം.
എന്നാൽ, മാറഡോണയുടെ സ്വത്തിനായുള്ള യുദ്ധം മക്കൾ തമ്മിൽ വൈകാതെ ഉരുത്തിരിയുമെന്നാണ് അർജന്റീനയിൽനിന്നുള്ള റിപ്പോർട്ടുകൾ. മരിക്കുന്പോൾ മാറഡോണയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നത് 73 ലക്ഷം രൂപ മാത്രമാണെന്നും റിപ്പോർട്ടുണ്ട്. പൂമ അടക്കമുള്ള നിരവധി ബ്രാൻഡുകളുമായി കരാറുള്ള, ബെലാറസ് ഫുട്ബോൾ ക്ലബ്ബായ ഡൈനാമൊ ബ്രെസ്റ്റിന്റെ ഓണററി പ്രസിഡന്റായും മിഡിൽ ഈസ്റ്റിൽ പരിശീലക ഇൻവെസ്റ്റ്മെന്റിലൂടെയും 147 കോടി രൂപ വാർഷിക വരുമാനമുള്ള മാറഡോണയുടെ അക്കൗണ്ടിൽ 73 ലക്ഷം രൂപ മാത്രമാണുള്ളതെന്നതും അദ്ഭുതകരമാണ്. അതേസമയം, 665 കോടി രൂപ വിലമതിക്കുന്ന എസ്റ്റേറ്റിന്റെയും ആഡംബര വസ്തുക്കളുടെയും ഭാഗം ലഭിക്കാനായി മക്കൾ തമ്മിൽ നിയമപോരാട്ടം നടക്കുമെന്നാണു സൂചന.
മാറഡോണയുടേതായി ഒരു ഫുട്ബോൾ ടീമിനുള്ള മക്കൾ ഉണ്ടെന്നാണു പ്രചരണം. എന്നാൽ, ആറ് ജീവിത പങ്കാളികളിലായി ഉള്ള എട്ടു മക്കളെയാണ് അദ്ദേഹം അംഗീകരിച്ചിട്ടുള്ളത്. മാറഡോണ വിവാഹം കഴിച്ചത് ആദ്യ ഭാര്യയായ ക്ലോഡിയ വില്ലഫേനെ മാത്രമാണ്. ഇവർക്ക് ഡാൽമ, ഗിയാന്നിന എന്നീ രണ്ട് പെണ്മക്കളുണ്ട്. മൂത്ത മകൾക്ക് അമ്മയുടെ പേരാണു നൽകിയത്. രണ്ടാമത്തെ മകളായ ഗിയാന്നിന വിവാഹം കഴിച്ചത് അർജന്റൈൻ ഫുട്ബോൾ താരമായ സെർജിയൊ അഗ്യൂറോയെയാണ്. ക്ലോഡിയയുമായുള്ള വിവാഹ ബന്ധം 2004ൽ വേർപെടുത്തിയതിനാൽ മാറഡോണയുടെ സ്വത്തിൽ അവർക്ക് ബന്ധമില്ല. അർജന്റീന വനിതാ ഫുട്ബോൾ ടീം അംഗമായിരുന്ന റോക്കിയോ ഒലീവയായിരുന്നു അവസാന പങ്കാളിയെങ്കിലും ഈ ബന്ധത്തിൽ മക്കളില്ല.
മക്കളുടെ ശരിയായ സംരക്ഷണമില്ലാത്തതിനെത്തുടർന്ന് തന്റെ സ്വത്ത് ആർക്കും നൽകില്ലെന്നും ദാനം ചെയ്യുമെന്നും മാറഡോണ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, അർജന്റൈൻ നിയമപ്രകാരം ഒരാൾക്ക് അയാളുടെ സ്വത്തിന്റെ അഞ്ചിൽ ഒന്ന് മാത്രമേ ദാനം ചെയ്യാൻ സാധിക്കൂ. അഞ്ചിൽ മൂന്ന് ഭാഗം ഭാര്യക്കും മക്കൾക്കും അവകാശപ്പെട്ടതാണ്.
അതിനിടെ മൂത്ത മകളും നടിയുമായ ഡാൽമ, മാറഡോണയുടെ വിയോഗത്തിലൂടെ ഉണ്ടായ ശൂന്യതയും ദുഃഖവും സമൂഹമാധ്യമത്തിലൂടെ കുറിച്ചു. പിതാവിനൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചായിരുന്നു ഡാൽമയുടെ കുറിപ്പ്. മാറഡോണയുടെ മരണം അനാസ്ഥമൂലമാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ–ഓസ്ട്രേലിയ പോരാട്ടം. ഇതിനിടെ മൽസരവും രാജ്യവികാരവുമെല്ലാം പ്രണയത്തിന് വഴിമാറുന്ന അപൂർവ കാഴ്ച അങ്ങ് ഗ്യാലറിയിൽ. ഇന്ത്യ–ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിനിടെയാണ് ഒരു ഇന്ത്യൻ പ്രണയക്കഥ സംഭവിച്ചത്. നായകൻ ഇന്ത്യനും നായിക ഓസ്ട്രേലിയൻ യുവതിയുമാണ്. മൽസരത്തിനിടെ യുവാവ് യുവതിയോട് പ്രണയാഭ്യർഥന നടത്തി. ആദ്യമൊന്ന് അമ്പരന്ന യുവതി ഒടുവിൽ ആ പ്രണയം ഹൃദയത്തോട് ചേർത്തു.
സംഭവത്തിന്റെ വിഡിയോ ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി. മത്സരത്തിൽ ഓസ്ട്രേലിയ ആദ്യം ബാറ്റു ചെയ്യുന്നതിനിടെയാണ് രസകരമായ ഈ രംഗം അരങ്ങേറിയത്. ഓസീസ് ഇന്നിങ്സ് 20 ഓവർ പിന്നിട്ടപ്പോഴാണ് ഗാലറിയിൽ ഇന്ത്യൻ ആരാധകൻ ഓസീസ് ആരാധികയ്ക്കു മുന്നിലെത്തിയത്.
മുട്ടുകുത്തിനിന്ന് ഇന്ത്യൻ ആരാധകൻ നീട്ടിയ വിവാഹമോതിരം ഓസ്ട്രേലിയൻ ആരാധിക സ്വീകരിച്ചതോടെ ഗാലറിയിലും സന്തോഷം. ഇന്ത്യൻ വംശജയായ യുവതിയെ ജീവിത പങ്കാളിയാക്കിയ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‍വെൽ, ഗാലറിയിലെ ഈ ഇന്ത്യ–ഓസീസ് പ്രണയരംഗം കണ്ട് ഗ്രൗണ്ടിൽ കയ്യടിക്കുന്നതും വിഡിയോയിൽ കാണാം.
SHE SAID YES ‼️ 💍
📺 Watch Game 2 of the #AUSvIND ODI Series Ch 501 or 💻 Stream on Kayo: https://t.co/bb9h0qf37c
📝 Live Blog: https://t.co/cF1qvdQReT
📱Match Centre: https://t.co/IKhEAApS6r pic.twitter.com/T4yjr9YDd0— Fox Cricket (@FoxCricket) November 29, 2020
രോഹിത് ശർമ്മയുടെ പരുക്കിനെപ്പറ്റി കൃത്യമായ അറിവുണ്ടായിരുന്നില്ല എന്ന് ക്യാപ്റ്റൻ വിരാട് കോലി വെളിപ്പെടുത്തിയതിനു പിന്നാലെ വിശദീകരണവുമായി ബിസിസിഐ. രോഹിത് നാട്ടിലേക്ക് മടങ്ങിയത് അസുഖബാധിതനായ പിതാവിനെ കാണാനാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറയുന്നു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്.
പിതാവിനെ കാണാൻ മുംബൈയിലെത്തിയ രോഹിത് പിതാവിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കണ്ടതോടെയാണ് എൻസിഎയിലേക്ക് പോയത്. ഡിസംബർ 11ന് രോഹിതിൻ്റെ ഫിറ്റ്നസ് പരിശോധിക്കും. പരിശോധനക്ക് ശേഷം അദ്ദേഹം ടെസ്റ്റ് പരമ്പരയിൽ കളിക്കുമോ എന്നതിനെപ്പറ്റി തീരുമാനിക്കുമെന്നും ജയ് ഷാ പറഞ്ഞു.
രോഹിതിൻ്റെ അവസ്ഥ എന്താണ് എന്നതിനെപ്പറ്റി വ്യക്തത ഉണ്ടായിരുന്നില്ലെന്നും എന്താണ് സംഭവിക്കുക എന്നതിനായി തങ്ങൾ കാത്തിരിക്കുകയാണെന്നുമാണ് കോലി വിഷയത്തിൽ പ്രതികരിച്ചത്. പര്യടനത്തിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇന്ത്യൻ നായകൻ്റെ പ്രതികരണം.
പരുക്കിനെ തുടർന്ന് പരിമിത ഓവർ മത്സരങ്ങളിൽ നിന്ന് രോഹിതിനെ ഒഴിവാക്കിയിരുന്നു. ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും താരത്തിന് സമയത്ത് ഓസ്ട്രേലിയയിൽ എത്താൻ കഴിയില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. അങ്ങനെയെങ്കിൽ ടെസ്റ്റ് മത്സരങ്ങളിലും രോഹിത് കളിക്കില്ല. 11നു നടക്കുന്ന ഫിറ്റ്നസ് പരിശോധനയിൽ താരം പാസ് ആയാലും ഓസ്ട്രേലിയയിലെ ക്വാറൻ്റീൻ നിബന്ധനകളുടെ പശ്ചാത്തലത്തിൽ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാൻ അദ്ദേഹത്തിനു കഴിയില്ല.
ഡീഗോ മറഡോണയുടെ വേര്‍പാടില്‍ ലോകം ഒന്നടങ്കം തേങ്ങുകയാണ്. ഇപ്പോള്‍ കണ്ണീരോടെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ ഫുട്‌ബോളര്‍ ഐഎം വിജയന്‍. തന്റെ ഇടത്തേക്കാലില്‍ മറഡോണയെ പച്ചകുത്തിയ കട്ട ആരാധകനാണ് ഐഎം വിജയന്‍. മറഡോണയുടെ വിയോഗം ഞെട്ടലോടെയാണ് വിജയന്‍ കേട്ടത്. കലാഭവന്‍ മണി പെട്ടെന്ന് മരിച്ചപ്പോള്‍ കേട്ട ഞെട്ടലാണ് മറഡോണയുടെ മരണമുണ്ടാക്കിയതെന്ന് അദ്ദേഹം പറയുന്നു.
ഐഎം വിജയന്റെ വാക്കുകള്‍;
‘ലോകത്തില്‍ രണ്ട് ആള്‍ക്കാരെയുള്ളൂ ഫുട്‌ബോളില്‍. രാജാവാരാണ് എന്ന് ചോദിച്ചാല്‍ പെലെ എന്നേ പറയൂ. പക്ഷേ എന്നാല്‍ ദൈവം ആരാണ് എന്ന് ചോദിച്ചാല്‍ മറഡോണ എന്നേ പറയൂ. ആ ദൈവം നമ്മേ വിട്ടുപോകുന്നു എന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. ആശുപത്രി വിട്ടു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. എന്നെ സംബന്ധിച്ച് വലിയ വിഷമമുള്ള കാര്യമാണ്. രണ്ട് മിനുറ്റ് അദേഹത്തിനൊപ്പം കളിക്കാന്‍ ഭാഗ്യം കിട്ടിയ ആളാണ് ഞാന്‍.
ഞാന്‍ അര്‍ജന്റീനന്‍ ആരാധകനായിരുന്നില്ല. എന്നാല്‍ 1986 ലോകകപ്പിലെ മറഡോണയുടെ കളി കണ്ട് ആരാധകനായതാണ്. ഇപ്പോഴും അത് തുടരുന്നു. മറഡോണ കാരണമാണ് ഞാന്‍ അര്‍ജന്റീന ആരാധകനായത്. ഫുട്‌ബോള്‍ പ്രേമികള്‍ക്കും മറഡോണയെ ഇഷ്ടപ്പെടുന്നവര്‍ക്കും തീരാനഷ്ടമാണിത്. കലാഭവന്‍ മണി പെട്ടെന്ന് മരിച്ചപ്പോള്‍ കേട്ട ഞെട്ടലാണ് മറഡോണയുടെ മരണമുണ്ടാക്കിയത്. കൈകൊണ്ട് ഗോളടിച്ചു, അതുകഴിഞ്ഞ് മൈതാന മധ്യത്തുനിന്ന് അഞ്ചുപേരെ ഡ്രിബിള്‍ ചെയ്ത് ഗോളടിച്ചു. ഒരിക്കലും അത് മറക്കാന്‍ കഴിയില്ല. മറഡോണയുടെ സ്‌കില്‍ പഠിക്കാന്‍ നോക്കിയിരുന്നു. അത് അദേഹത്തിനേ പറ്റുകയുള്ളൂ. കളിക്കളത്തിലെ മറഡോണയെ മാത്രമേ നമുക്ക് നോക്കിയാല്‍ മതി. മൈതാനത്തെ മറഡോണയെ തന്നെ നമുക്ക് പഠിക്കാന്‍ കഴിയില്ല.
ഇടത്തേ കാലില്‍ മറഡോണയെ ടാറ്റു കുത്തിയിട്ടുണ്ട്. അങ്ങനെയൊരു ആളെ കാണാന്‍ കഴിയും എന്ന് കരുതിയിരുന്നില്ല. കാരണം മറഡോണ കണ്ണൂരില്‍ വന്നപ്പോള്‍ ആദ്യം അഞ്ചാറ് മണിക്കൂര്‍ കാത്തിരുന്നിട്ടും കാണാന്‍ പറ്റിയിരുന്നില്ല. എന്നാല്‍ പിറ്റേന്ന് അദേഹത്തിനൊപ്പം പന്ത് തട്ടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്’
ഇന്നലെ അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ഡ്രൈവർ ആയി 9 വർഷം ജോലി ചെയ്ത മലയാളിയുടെ കുറിപ്പ് വൈറൽ. കേരളത്തിലെ അർജൻ്റീന ആരാധകരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ അർജൻ്റീന ഫാൻസ് കേരള എന്ന ഗ്രൂപ്പിൽ സുലൈമാൻ അയ്യയ എന്ന യുവാവ് എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നത്. തന്റെ എല്ലാ ജീവിത സാഫല്യത്തിനും കാരണം ഡീഗോ ആണെന്നാണ് അദ്ദേഹം പറയുന്നത്.
സുലൈമാൻ്റെ കുറിപ്പ്:
ഓർമ്മകളെ തനിച്ചാക്കി, കാൽപന്തിനൊരു കറുത്ത ദിനം സമ്മാനിച്ച്, ഡീഗോ തിരികെ നടന്നു..!!!!
2011 ഓഗസ്റ്റ് ആദ്യ വാരം, ദുബായ് ഏയർപ്പോട്ടിൽ നിന്നും ദുബായ് പാം ജുമൈറ ശാബീൽ സാറായി 7 സ്റ്റാർ ഹോട്ടലിലേക്കായിരുന്നു എൻ്റെ ഡീഗോയുമായുള്ള കന്നിയാത്ര. പിന്നീട് ദുബായിൽ സ്ഥിരം താമസമാക്കിയ എൻ്റെ ഡീഗോ, എന്നെ ഒരു മകനെപ്പോലെ വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാൻ സ്വതന്ത്രം തന്നു. പിന്നീട് അങ്ങോട്ട് 9 വർഷം, ഞങ്ങളുടെ ജീവിതം സന്തോഷത്തിൻ്റെ ദിനങ്ങളായിരുന്നു. സ്വന്തം പേര് പോലും വിളിക്കാതെ സ്നേഹത്തോടെ ‘സുലൈ’ എന്നുള്ള നാമം മാത്രം വിളിച്ചിരുന്ന ഡീഗോയാണ് എൻ്റെ ഇന്നത്തെ എല്ലാ ജീവിത സാഫല്യ ത്തിനും കാരണക്കാരൻ. 2018 ജൂൺ 5 ന് ദുബായിൽ നിന്ന് താൽക്കാലമായി വിടപറയുമ്പോൾ ദുബായ്ഏ യർപ്പോർട്ടിലെ വിഐപി ലോഞ്ചിൽ നിന്നും തന്ന അവസാന സ്നോഹ ചുംബനം മറക്കാനാകാത്ത ഓർമ്മയായി ഞാൻ സൂക്ഷിക്കുന്നു. ഒക്ടോബറിലെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിൻ്റെ അവസാനാ വാക്ക് മറക്കാതെ ഓർമ്മകളിൽ, ‘സുലൈ ഐ മിസ് യൂ.’
ഇനി ആ ശബ്ദം ഇല്ല. ഓർമ്മകളിൽ അങ്ങ് ജീവിച്ചിരിക്കും, മരിക്കാതെ. എൻ്റെയും കുടുബത്തിൻ്റെയും കണ്ണീരിൽ കുതിർന്ന പ്രണാമം…
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാടില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഫുട്ബോള്‍ മൈതാനത്ത് മികച്ച കായിക നിമിഷങ്ങള്‍ സമ്മാനിച്ച താരമാണ് മറഡോണയെന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും ദു:ഖത്തിലാഴ്ത്തിയെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.
‘ആഗോള പ്രശസ്തി ആസ്വദിച്ച ഡീഗോ മറഡോണ ഫുട്ബോളിലെ ആചാര്യനായിരുന്നു. തന്റെ കരിയറിലുടനീളം ഫുട്ബോള്‍ മൈതാനത്ത് മികച്ച കായിക നിമിഷങ്ങള്‍ അദ്ദേഹം നമുക്ക് നല്‍കി. മറഡോണയുടെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും ദു:ഖത്തിലാഴ്ത്തി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’ എന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ദിവസങ്ങള്‍ മുന്‍പ് മറഡോണ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍’ (വിത്ഡ്രോവല്‍ സിന്‍ഡ്രം) പ്രകടിപ്പിച്ചിരുന്നു. രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്.
Diego Maradona was a maestro of football, who enjoyed global popularity. Throughout his career, he gave us some of the best sporting moments on the football field. His untimely demise has saddened us all. May his soul rest in peace.
— Narendra Modi (@narendramodi) November 26, 2020