Sports

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് ടീമിംഗ് സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്ന റിഷഭ് പന്ത് തന്റെ അടുത്ത സുഹൃത്തെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍. വിക്കറ്റ് കീപ്പിംഗ് സ്ഥാനത്തേയ്ക്ക് പന്തുമായി ഒരു മത്സരമില്ലെന്നും സഞ്ജു പറയുന്നു.

താന്‍ പ്ലെയിങ് ഇലവനില്‍ എത്തുന്നതും എത്താതിരിക്കുന്നതുമെല്ലാം ടീം കോമ്പിനേഷനെ ആശ്രയിച്ചിരിക്കും. പന്തുമായി സ്ഥാനത്തിനു വേണ്ടി മല്‍സരം നടക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. ഒരിക്കലും അങ്ങനെ താന്‍ ചിന്തിച്ചിട്ടില്ല. മറ്റൊരു താരവുമായി മല്‍സരിച്ച് ടീമില്‍ സ്ഥാനം നേടിയെടുക്കുകയാണ് ക്രിക്കറ്റെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും സഞ്ജു വ്യക്തമാക്കി.

എല്ലാവരും താനും പന്തും തമ്മിലുള്ള മല്‍സരത്തെക്കുറിച്ച് മാത്രം സംസാരിക്കുമ്പോള്‍ പന്തുമായുള്ള സൗഹൃദമാണ് മനസ്സിലേക്കു വരാറുള്ളതെന്നു സഞ്ജു വ്യക്തമാക്കി. പന്തും താനും ഒരുമിച്ച് ടീമിനു വേണ്ടി കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഒരുമിച്ച് കളിക്കുക മാത്രമല്ല ഒരുപാട് തമാശകള്‍ പങ്കിടുകയും ചെയ്തിട്ടുള്ള നല്ല സൗഹൃത്ത് കൂടിയാണ് പന്ത്.

ബൗളര്‍മാര്‍ക്കെതിരേ ആധിപത്യം നേടാന്‍ ശ്രമിക്കുന്ന ബാറ്റിങ് ശൈലിയാണ് തന്റേതും പന്തിന്റേതും. മുമ്പ് ഞങ്ങള്‍ ഇതു പല തവണ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ പന്തിനെ പുറത്താക്കി ടീമിലെത്തുന്നതിനെക്കുറിച്ചല്ല, മറിച്ച് പന്തിനൊപ്പം കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. പന്തുമായി ഒരു തരത്തിലുള്ള മല്‍സരവും തനിക്കില്ലെന്നും സഞ്ജു പറയുന്നു.

2014ല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോഴാണ് സഞ്ജു ആദ്യമായി ദേശീയ ടീമിന്റെ ഭാഗമായത്. എന്നാല്‍ അന്നു ധോണി വിക്കറ്റ് കീപ്പറായി ടീമിലുള്ളതിനാല്‍ പന്തിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. തൊട്ടടുത്ത വര്‍ഷം ഇന്ത്യ സിംബാബ്വെയില്‍ പര്യടനം നടത്തിയപ്പോള്‍ സഞ്ജു വീണ്ടും ടീമിലെത്തി. അന്ന് ഒരു ടി20യില്‍ താരം അരങ്ങേറുകയും ചെയ്തു. പിന്നീട് വര്‍ഷങ്ങളോളം സഞ്ജു ദേശീയ ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല.

2019-20ലെ വിജയ് ഹസാരെ ട്രോഫിയിലെ ഡബിള്‍ സെഞ്ച്വറിയും ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യ എയ്ക്കു വേണ്ടി നേടിയ 91 റണ്‍സും സഞ്ജുവിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിന് വീണ്ടും വഴിയൊരുക്കി. ന്യൂസിലാന്‍ഡിനെതിരേയുള്ള ടി20 പരമ്പരയില്‍ പരിക്കേറ്റ ശിഖര്‍ ധവാന് പകരമായിരുന്നു സഞ്ജുവിനു നറുക്കുവീണത്. മൂന്നു ടി20കളില്‍ താരത്തിനു പ്ലെയിങ് ഇലവനില്‍ അവസരം കിട്ടിയെങ്കിലും വെറും 16 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

കോവിഡ് 19 നെത്തുടർന്ന് ഇത്തവണ ഇന്ത്യയിൽ, ഐപിഎൽ നടത്താൻ കഴിഞ്ഞില്ലെങ്കിൽ, ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ തങ്ങൾ തയ്യാറാണെന്ന് യു എ ഇ. കഴിഞ്ഞ ദിവസമാണ് ഐപിഎല്ലിന് ആതിഥേയരാൻ തങ്ങൾ തയ്യാറാണെന്ന് അറിയിച്ച് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയത്. നേരത്തെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും ഇത്തരത്തിൽ ഐപിഎല്ലിന് ആതിഥേയരാവാൻ താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ബിസിസിഐ ഇതിന് അനുകൂല മറുപടി നൽകിയിരുന്നില്ല.

“മുൻപ് വിജയകരമായി ഐപിഎൽ നടത്തിയ ചരിത്രം എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിനുണ്ട്. ഇതിന് പുറമേ നിരവധി പരമ്പരകളുടെ നിക്ഷ്പക്ഷ വേദിയായും, നിരവധി പരമ്പരകൾക്ക് ആതിഥേയരായുമുള്ള പരിചയം ഞങ്ങൾക്കുണ്ട്.” കഴിഞ്ഞ ദിവസം ഗൾഫ് ന്യൂസിനോട് സംസാരിക്കവെ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സെക്രട്ടറി മുബാഷിർ ഉസ്മാനി പറഞ്ഞു. ഐപിഎൽ ആതിഥേയരാവാനാവുള്ള താല്പര്യം യു എ ഇ ക്രിക്കറ്റ് ബിസിസിഐയെ ഔദ്യോഗികമായി അറിയിച്ചെന്നും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേ സമയം മുൻപ് രണ്ട് തവണയാണ് ഐപിഎൽ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്ത് നടത്തിയിട്ടുള്ളത്. 2009 ലും 2014 ലുമായിരുന്നു ഇത്. ലോക്സഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് 2009 ലെ ഐപിഎൽ പൂർണമായും ദക്ഷിണാഫ്രിക്കയിലേക്ക് പറിച്ചുനട്ടപ്പോൾ, സമാന കാരണം കൊണ്ട് 2014 ഐപിഎൽ സീസണിലെ ആദ്യ ഘട്ട മത്സരങ്ങൾ യു എ ഇ യിലായിരുന്നു നടത്തിയത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അമ്പയർമാരിലൊരാളാണ് ഇംഗ്ലണ്ടിന്റെ ഇയാൻ ഗുഡ്. 2006 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ 70 ടെസ്റ്റുകളും, 140 ഏകദിനങ്ങളും, 37 ടി20 മത്സരങ്ങളും അന്താരാഷ്ട്ര തലത്തിൽ നിയന്ത്രിച്ചിട്ടുള്ള ഗുഡ്, മഹാന്മാരായ ഒട്ടേറെ താരങ്ങളുടെ കളി അടുത്ത് നിന്ന് കണ്ടിട്ടുണ്ട്. ഇപ്പോളിതാ താൻ അമ്പയറായിരുന്ന സമയത്ത് ഏറ്റവും കൂടുതൽ ആസ്വദിച്ച് കണ്ടത് ഏതൊക്കെ ബാറ്റ്സ്മാന്മാരുടെ കളിയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം

ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്വസ് കാലിസ്, ഇന്ത്യൻ ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി എന്നിവരുടെ ബാറ്റിംഗാണ് താൻ ഏറ്റവുമധികം ആസ്വദിച്ച് കണ്ടതെന്ന് ഗുഡ് പറയുന്നു. എന്നാൽ ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗിന്റെ ഏറ്റവും മികച്ച ഫോമിലെ പ്രകടനങ്ങൾ തനിക്ക് കാണാൻ കഴിഞ്ഞില്ലെന്നും, താൻ അമ്പയറിംഗ് ഫീൽഡിലേക്ക് ഉയർന്ന് വന്ന സമയത്ത് പോണ്ടിംഗിന്റെ കരിയറിലെ ഏറ്റവും മികച്ച സമയം ഏകദേശം അവസാനിച്ചിരുന്നതായും ഗുഡ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “ഞാൻ എറ്റവുമധികം ആസ്വദിച്ച ബാറ്റ്സ്മാന്മാരിലൊരാൾ ജാക്വസ് കാലിസാണ്. വളരെ മികച്ച താരമായിരുന്നു അദ്ദേഹം. അത് പോലെ തന്നെയാണ് സച്ചിനും, വിരാടും. എന്നാൽ ചില കാര്യങ്ങളിൽ എനിക്ക് നിരാശയുണ്ട്. പോണ്ടിംഗിന്റെ ഏറ്റവും മികച്ച പ്രകടനങ്ങൾ കാണാൻ കഴിഞ്ഞില്ല എന്നതാണ് അതിലൊന്ന്. അദ്ദേഹം ഒന്നാന്തരം താരമായിരുന്നു. ” മുൻ ഇംഗ്ലീഷ് അമ്പയർ പറഞ്ഞുനിർത്തി.

ആക്രമണോത്സുക ബാറ്റിങ് മികവ് കൊണ്ട് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഏറെ ശ്രദ്ധ നേടിയ താരമായിരുന്നു റോബിന്‍ ഉത്തപ്പ. ഇന്ത്യയുടെ 2007 ടി20 ലോകകപ്പ് ടീം അംഗമായിരുന്ന താരത്തിന് കരിയറില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കിരീടനേട്ടത്തിലും താരം പ്രധാന പങ്ക് വഹിച്ചിരുന്നു ഉത്തപ്പ. എന്നാല്‍ 2009 മുതല്‍ 2011 വരെയുള്ള കാലഘടത്തില്‍ കടുത്ത മാസിക സമ്മര്‍ദം നേരിട്ടിരുന്നുവെന്ന് തുറന്ന് പറയുകയാണ് താരം. റോയല്‍സ് രാജസ്ഥാന്‍ ഫൗണ്ടേഷന്റെ മൈന്റ്, ബോഡി ആന്റ് സോള്‍ എന്ന പരിപാടിയിലാണ് ഉത്തപ്പ തന്റെ കഠിനകാലത്തെ കുറിച്ച് പറഞ്ഞത്.

2006 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സമയത്ത് എനിക്ക് എന്നെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. അന്നുതൊട്ട് ഞാന്‍ കൂടുതല്‍ അറിയാനും മനസ്സിലാക്കാനും തുടങ്ങുകയായിരുന്നു. പക്ഷെ മത്സരങ്ങളില്ലാത്ത സമയത്താണ് ശരിക്കും പ്രതിസന്ധിയിലായത്, ആ സമയങ്ങളില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ല, ‘ഓരോ ദിവസവും എങ്ങനെ കടന്ന് കിട്ടുമെന്നാലോചിച്ച് ഏറെ ഭയപ്പെട്ടു. ജീവിതം എവിടേക്കാണ് പോവുന്നതെന്ന് ഒരെത്തും പിടിയും കിട്ടിയിരുന്നില്ല. മോശം ചിന്തകളില്‍ നിന്ന് എന്നെ രക്ഷിച്ചു കൊണ്ടിരുന്നത് ക്രിക്കറ്റാണ്.

അക്കാലത്ത് എല്ലാ ദിവസവും ഡയറി എഴുതിയിരുന്നു. പിന്നീട് പ്രൊഫഷണല്‍ സഹായം ലഭിച്ചതോട് കൂടിയാണ് താന്‍ പോസിറ്റീവ് വ്യക്തിയായി മാറിയതെന്നും ഉത്തപ്പ പറഞ്ഞു. ഇന്ന് ഞാന്‍ എന്ന വ്യക്തിയെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. എന്റെ ചിന്തകളില്‍ വ്യക്തതയുണ്ട്. പ്രതിസന്ധികളില്‍ എന്നെ തിരിച്ചുപിടിക്കാന്‍ എനിക്കിന്ന് കഴിയും ഉത്തപ്പ പറഞ്ഞു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരം ആയിരുന്നു ഉത്തപ്പയെ നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് ഏറ്റെടുത്തിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോടും ചുവടുറപ്പിക്കുന്നു. വരുന്ന സീസണില്‍ കുറച്ച് മല്‍സരങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനമായി. ഇതോടെ രണ്ട് ഹോം ഗ്രൗണ്ടുള്ള ആദ്യ ഐഎസ്എല്‍ ക്ലബായി മാറും ബ്ലാസ്റ്റേഴ്സ്.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് പിന്നാലെ ഫുട്ബോള്‍ പ്രേമികള്‍ ഏറെയുള്ള കോഴിക്കോട്ടേക്കും പദ്ധതികള്‍ വ്യാപിപിക്കാന്‍ താല്‍പര്യമുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ സീസണില്‍ ടീമിന്റെ മോശം പ്രകടനവും

ഉയര്‍ന്ന ടിക്കറ്റ് നിരക്കും മല്‍സര ദിവസങ്ങളില്‍ കൊച്ചിയിലെ സ്റ്റേഡിയത്തില്‍ നിന്ന് കാണികളെ അകറ്റി. ഇതും കോഴിക്കോട്ടേക്ക് കൂടി മല്‍സരങ്ങള്‍ വ്യാപിപ്പിക്കാനുള്ള തീരുമാനത്തിന് കാരണമായി. സ്റ്റേഡിയത്തിലെ വെളിച്ച സംവിധാനം പുനക്രമീകരിക്കുന്നത് അടക്കമുള്ള നവീകരണപ്രവര്‍ത്തികള്‍ ഉടന്‍

ആരംഭിച്ചേക്കും. ബ്ലാസ്റ്റേഴ്സ് അധികൃതര്‍ ഇതിനുള്ള പട്ടിക തയ്യാറാക്കി അടുത്തയാഴ്ച കോര്‍പറേഷന് നല്‍കും. കോര്‍പറേഷന്‍ സ്റ്റേഡിയം നിലവില്‍ ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്സിയുടെ ഹോം ഗ്രൗണ്ടാണ്. ബ്ലാസ്റ്റേഴ്സ് കൂടി എത്തുമ്പോഴുളള ആശയക്കുഴപ്പം ഗോകുലവുമായി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തങ്ങളുടെ മല്‍സരങ്ങളുമായി ഇടകലരാതെ ബ്ലാസ്റ്റേഴ്സ് മല്‍സരം നടത്തുമെന്നാണ് പ്രതീക്ഷയെന്ന് ഗോകുലം പ്രതിനിധികള്‍ പ്രതികരിച്ചു

2019 ഏകദിന ലോകകപ്പില്‍ ഞങ്ങള്‍ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ജയിക്കാന്‍ വേണ്ടി കളിച്ചിരുന്നില്ലെന്ന് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. അദ്ദേഹത്തിന്റെ ആത്മകഥയായ ഓണ്‍ ഫയരര്‍ എന്ന പുസ്തകത്തിലാണ് സ്‌റ്റോക്‌സ് ഇക്കാര്യം പറഞ്ഞത്. പ്രധാനമായും ധോണിയുടെ പ്രകടനമാണ് താരം എടുത്ത് പറഞ്ഞിരിക്കുന്നത്. ഇതോടൊപ്പം ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുടെ പ്രകടനത്തെ കുറിച്ചും താരം പറഞ്ഞിട്ടുണ്ട്.

338 റണ്‍സായിരുന്നു ഇംഗ്ലണ്ട് മുന്നോട്ടുവച്ച വിജയലക്ഷ്യം.എന്നാല്‍ ഇന്ത്യ 31 റണ്‍സിന്റെ തോല്‍വി വഴങ്ങി. സ്‌റ്റോക്‌സ് പറയുന്നതിങ്ങനെ… ”ധോണി ക്രീസിലെത്തുമ്ബോള്‍ 11 ഓവറില്‍ 112 റണ്‍സാണ് അവര്‍ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

എന്നാല്‍ വലിയ ഷോട്ടുകള്‍ കളിക്കേണ്ടതിന് പകരം ഒന്നും രണ്ട് റണ്‍സുകള്‍ നേടാന്‍ ധോണി ശ്രമിച്ചത്. വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് ജയിക്കാമായിരുന്നു. എന്നാല്‍ ധോണിയും ക്രീസിലുണ്ടായിരുന്ന കേദാര്‍ ജാദവോ വലിയ ഷോട്ടുകള്‍ കളിക്കാന്‍ മുതിര്‍ന്നില്ല.” സ്‌റ്റോക്‌സ് പറഞ്ഞു.

തുടക്കത്തിലെ മെല്ലെപ്പോക്കും ഇന്ത്യക്ക് വിനയായി. ”ഓപ്പണര്‍ കെ എല്‍ രാഹുലിനെ നഷ്ടമായ ശേഷമാണ് രോഹിത്തും കോലിയും ഒത്തുചേര്‍ന്നത്. 109 പന്തുകള്‍ നേരിട്ട രോഹിത് 102 റണ്‍സ് നേടിയിരുന്നു. ഇരുവരും കൂട്ടിച്ചേര്‍ത്തത് 138 റണ്‍സാണ്. എന്നാല്‍ 26 ഓവറുകള്‍ പിന്നിട്ടിരുന്നു. ഈ മെല്ലപ്പോക്ക് അവരില്‍ നിന്ന് വിജയം തട്ടയകറ്റി.” സ്‌റ്റോക്‌സ് പറഞ്ഞുനിര്‍ത്തി.

കോലി- രോഹിത് കൂട്ടുകെട്ടിനെ കൂടുതല്‍ സമയം ശാന്തരാക്കി നിര്‍ത്തിയതിന് ബൗളര്‍മാരെ പ്രത്യേകം അഭിനന്ദിക്കുന്നുമുണ്ട് സ്‌റ്റോക്‌സ്.

ന്യൂഡല്‍ഹി: ഫൂട്‌ബോള്‍ താരവും ഇന്ത്യന്‍ നേവിയുടെ കളിക്കാരനുമായിരുന്നു ജേക്കബ് ഫ്രാന്‍സീസ് (വില്‍സണ്‍-52) ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയിലെ നേവി നഗറിലെ ആശുപത്രിയില്‍ നിര്യാതനായി. കോട്ടയം കൈപ്പുഴ നരിക്കുന്നേല്‍ ജേക്കബ് ഫ്രാന്‍സിസ് സ്‌കൂള്‍ തലം മുതല്‍ കാല്‍പ്പന്തില്‍ മികവ് തെളിയിച്ചതാണ്. തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട് സ്‌കൂള്‍, ചങ്ങനാശേരി എസ്.ബി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്‌കൂള്‍, കോളേജ് പഠനകാലത്ത് ജില്ല, സംസ്ഥാന, നാഷണല്‍ തലത്തില്‍ നിരവധി മത്സരങ്ങളില്‍ പങ്കാളിയായിരുന്നു. ചങ്ങനാശേരി എസ്. ബി കോളേജ്, എം.ജി യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീം അംഗമായിരുന്നു. അതിരമ്പുഴ ഫുട്‌ബോള്‍ ക്ലബിന്റെ സജീവ കളിക്കാരനായിരുന്നു. ദേശേീയ തലത്തില്‍ സുബ്രോതോ കപ്പ് ഫുട്‌ബോള്‍ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. 29 വര്‍ഷമായി ഇന്ത്യന്‍ നാവിക സേനയുടെ ഫുട്‌ബോള്‍ ടീം അംഗമായി ജോലി ചെയ്യുകയായിരുന്നു.
കോട്ടയം കൈപ്പുഴ നരിക്കുന്നേല്‍ പരേതരായ ഫ്രന്‍സിസ്, ഏലമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ ഷാജി, ടോമി, രാജു, ബിന്ദുമോള്‍, ബിനോഷ്. ഭാര്യ കാഞ്ഞിരപ്പള്ളി എലിക്കുളം പുത്തന്‍ വേലിക്കകത്ത് ഷൈനി, മക്കള്‍ വിദ്യാര്‍ത്ഥികളായ എലീസ, എലൈസ. സംസ്‌കാരം മെയ് 28-ന് അതിരമ്പുഴ സെന്റ് മേരീസ് ഫെറോന പള്ളിയില്‍.

വിവിധ ഫുട്‌ബോള്‍ ക്ലബ് അംഗങ്ങള്‍ വില്‍സന്റെ അകാല വേര്‍പാടില്‍ അനുശോചനം അറിയിച്ചു.മലയാളികള്‍ ഉള്‍പ്പെടുന്ന യുറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുവേണ്ടി മുഖ്യസംഘാടകന്‍ രാജു ജോര്‍ജ് (ലണ്ടന്‍) അനുശോചനം അറിയിച്ചു.

 

പ്രശസ്ത ജപ്പാന്‍ റസിലിംഗ് താരം ഹന കിമുറ അന്തരിച്ചു. 22 വയസായിരുന്നു. ഹന കിമുറയുടെ സ്വന്തം സ്ഥാപനമായ സ്റ്റാര്‍ഡം റെസിലിംഗ് ആണ് താരത്തിന്റെ മരണവാര്‍ത്ത പുറത്ത് വിട്ടത്. അതേസമയം മരണകാരണം എന്താണെന്ന് വ്യക്തമല്ല. 2019 ലെ സ്റ്റാര്‍ഡം ഫൈറ്റിംഗ് സ്പിരിറ്റ് അവാര്‍ഡ് ജേതാവാണ് ഹന കിമുറ.

കഴിഞ്ഞ വെള്ളിയാഴ്ച തന്റെ വളര്‍ത്തു പൂച്ചയോടൊപ്പമുള്ള ചിത്രം ഗുഡ്‌ബൈ എന്ന ക്യാപ്ഷനോടെ ഹന കിമുറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെ ഹന ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് ജപ്പാനീസ് പോലീസ് വ്യക്തമാക്കിയത്.

നെറ്റ്ഫ്‌ളിക്‌സ് സ്ട്രീം ചെയ്ത ടെറസ് ഹൗസ് എന്ന റിയാലിറ്റി ഷോയിലും ഹന അഭിനയിച്ചിരുന്നു. ഇത് ഏറെ പ്രശസ്തമായിരുന്നു. റിയാലിറ്റി ഷോ പിന്നീട് കൊറോണ ഭീതിയില്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റാര്‍ഡം റെസലിംഗ് ടീം അംഗങ്ങള്‍ ഹനയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

ടിന്റി20 ലോകകപ്പ് മാറ്റിവെച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) നടത്താനാണ് തീരുമാനമെങ്കില്‍ രാജ്യങ്ങള്‍ താരങ്ങളെ ഐപിഎലിന് അയക്കരുതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍. ഇന്ത്യയുടെ ഐപിഎലിന് ലോക ടൂര്‍ണമെന്റിനെക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവെച്ചാല്‍ സെപ്റ്റംബര്‍ -ഒക്‌ടോബര്‍ മാസങ്ങളില്‍ ഐപിഎല്‍ നടത്താമെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ലോകകപ്പ് മാറ്റിവെച്ച് ഐപിഎല്‍ നടത്തിയാല്‍ ഞാന്‍ അതിനെ ചോദ്യം ചെയ്യും. പണമാണ് ഇവിടെ വിഷയം. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസിഐ. ടി 20 ലോകകപ്പിന് പകരം ഐപിഎല്‍ നടന്നാല്‍ അതിനര്‍ത്ഥം ഇന്ത്യ ഗെയിം നടത്തുന്നുവെന്നാണ് അര്‍ഥം. അവര്‍ ഇതിനോട് അടുത്തു കഴിഞ്ഞു. എന്നാല്‍ ക്രിക്കറ്റ് രാജ്യങ്ങള്‍ ഒന്നിച്ച് അത് തടയണം. വിവിധ രാജ്യങ്ങള്‍ കളിക്കാരെ ഐപിഎല്ലിലേക്ക് അയക്കുന്നത് തടയുന്നതിലൂടെ അതിനാവുമെന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞു. ലോകകപ്പ് മാറ്റിവെച്ച് ഐപിഎല്ലിന് വഴിയൊരിക്കി കൊടുക്കുന്നത് തെറ്റായ വഴിയിലാണ് നമ്മുടെ പോക്കെന്നത് വ്യക്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വന്റി20 ലോകകപ്പ് സംബന്ധിച്ച അന്തിമ തീരുമാനം മെയ് 28ന് ചേരുന്ന ഐസിസി യോഗത്തില്‍ എടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. പരിശോധനാ ഫലം വന്നതോടെ ബംഗളൂരു സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) കേന്ദ്രത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ മലയാളികളടക്കമുള്ള താരങ്ങളും ജീവനക്കാരും നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ത്യന്‍ ഹോക്കിതാരം പിആര്‍ ശ്രീജേഷ്, ഒളിമ്പ്യന്‍ കെടി ഇര്‍ഫാന്‍ തുടങ്ങിയ താരങ്ങളടക്കമാണ് ഇവിടെ പരിശീലനത്തിലെത്തുന്നത്. മരിച്ച പാചകക്കാരന്‍ ചൊവ്വാഴ്ച സായിയില്‍ നടന്ന യോഗത്തിനെത്തിയിരുന്നു. 25 മുതല്‍ 30 വരെ ആളുകള്‍ പങ്കെടുത്ത ഈ യോഗത്തിനെത്തിയ എല്ലാവര്‍ക്കും ഇപ്പോള്‍ ക്വാറന്റൈന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

പരിശോധനകള്‍ക്ക് ശേഷമാണ് ഇദ്ദേഹത്തെ ക്യാംപസിലേയ്ക്ക് കടക്കാന്‍ അനുവദിച്ചിരിക്കുന്നത്. പിന്നീടാണ് അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടതെങ്കിലും അടുത്ത ദിവസം അദ്ദേഹത്തിന്റെ സാമ്പിള്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിയുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved