കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നീണ്ടുപോകുന്നതോടെ അനിശ്ചിതത്വത്തിലാകുന്നത് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ രാജ്യാന്തര ഭാവി കൂടിയാണ്. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റ് ക്രീസിനോട് വിടപറഞ്ഞ ധോണി ടി20 ലോകകപ്പിലൂടെ മടങ്ങി വരുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ ആരാധകർ. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കാതെ വന്നാൽ ധോണിക്ക് ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരുക അസാധ്യമാകും. ഇത് അടിവരയിടുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലിടം നേടുക എന്നത് ധോണിയെ സംബന്ധിച്ചടുത്തോളം ഇനി അപ്രായോഗികമായിരിക്കുമെന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്. “ധോണിയെ ഇനിയും ഇന്ത്യൻ ടീമിൽ കാണുക എന്നത് എന്റെ ആഗ്രഹമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് നടക്കുമെന്ന് തോന്നുന്നില്ല” ഗവാസ്കർ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈയിലാണ് ധോണി അവസാനമായി ഒരു രാജ്യാന്തര മത്സരം കളിച്ചത്. ന്യൂസിലൻഡിനെതിരായ സെമിയിൽ ഇന്ത്യ പുറത്തായതിന് പിന്നാലെ ക്രീസ് വിട്ട ധോണി സൈനിക സേവനമുൾപ്പടെയുള്ള കാര്യങ്ങൾക്ക് സമയം ചെലവഴിക്കുകയായിരുന്നു.
ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ മാത്രമേ ധോണി ടി20 ലോകകപ്പില്‍ ഉണ്ടാകൂ എന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന താരമല്ല ധോണി. ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ തീര്‍ച്ചയായും ധോണി ടി20 ലോകകപ്പിലും ഉണ്ടാകുന്നുമായിരുന്നു രവി ശാസ്ത്രിയുടെ വാക്കുകൾ.
മാര്‍ച്ച് 29-ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലില്‍ പങ്കെടുക്കുന്നതിനായി 38 വയസ്സുകാരനായ മുന്‍ ക്യാപ്റ്റന്‍ ചെന്നൈയില്‍ ഒരുമാസം മുമ്പ് എത്തിയിരുന്നു. ട്രോഫി തിരിച്ചു പിടിക്കുന്നതിനായി ധോണിക്കൊപ്പം സുരേഷ് റെയ്‌നയും മുരളി വിജയും കഠിനമായി പരിശീലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, കൊറോണ വൈറസിന്റെ വ്യാപനം അദ്ദേഹത്തെ തിരികെ വീട്ടിലെത്തിച്ചു.
ഏപ്രില്‍ 15 വരെ ഐപിഎല്‍ 13-ാം സീസണ്‍ മാറ്റിവച്ചിരിക്കുകായണ്. വെട്ടിച്ചുരുക്കിയ ഐപിഎല്ലോ ടൂര്‍ണമെന്റ് റദ്ദാക്കലോ പ്രതീക്ഷിക്കാം. കൊറോണ പകര്‍ച്ച വ്യാധിയെ തുടര്‍ന്ന് ലോകമെമ്പാടും അസോസിയേഷനുകള്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നു. ഐപിഎല്‍ സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും എടുക്കേണ്ടിയിരിക്കുന്നു.
ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ബെര്‍മിംങ്ഹാമില്‍ തായ്വാന്‍ ദേശീയ ടീമിനൊപ്പമുണ്ടായിരുന്ന റിസര്‍വ് താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഡെന്‍മാര്‍ക്ക് ബാഡ്മിന്റണ്‍ താരം എച്ച്.കെ വിറ്റിന്‍ഗസനാണ് തായ്വാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വിവരം ട്വീറ്റ് ചെയ്തത്. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത തായ്വാന്‍ ദേശീയ ടീമിനൊപ്പം ഉണ്ടായിരുന്ന പത്തുവയസുള്ള കായിക വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് വാര്‍ത്ത. ഇയാള്‍ ടീമില്‍ അംഗമല്ലെങ്കിലും പരിശീലനങ്ങളിലും മറ്റും പങ്കെടുക്കാറുണ്ട്.
അതേസമയം ബാഡ്മിന്റണ്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്വാളും ഡബിള്‍സ് താരം അശ്വിനി പൊന്നപ്പയും ആശങ്ക പങ്കുവെച്ചിരിക്കുകയാണ്. ഇന്ത്യയുടെ പ്രമുഖ താരങ്ങളായ പി.വി.സിന്ധുവും സൈന നെഹ്വാളും ലക്ഷ്യാസെന്നും അടക്കം ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ടൂര്‍ണമെന്റിലുണ്ടായിരുന്ന സമയത്ത് തായ്വാന്‍ താരം അവിടെ ഉണ്ടായിരുന്നു.
തായ്വാന്‍ ടീമിനൊപ്പം ഫെബ്രുവരി 16-24 ദിവസങ്ങളില്‍ സ്പെയിനിലും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് ഏഴ് വരെ ജര്‍മ്മനിയിലും മാര്‍ച്ച് എട്ട് മുതല്‍ 15 വരെ ബ്രിട്ടനിലും രോഗബാധിച്ചയാള്‍ സഞ്ചരിച്ചിട്ടുണ്ട്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം തലവേദനയും കണ്ണ് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് തായ്വാന്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കൗമാര താരവുമായി നേരിട്ട് സമ്പര്‍ക്കത്തിലായിരുന്ന 33 പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിടുണ്ട്.
സൈനയും ഡബിള്‍സ് താരം അശ്വിനി പൊന്നപ്പയും അടക്കം ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ പങ്കെടുത്ത താരങ്ങളെല്ലാം കടുത്ത ആശങ്കയോടെയാണ് വാര്‍ത്തയോട് പ്രതികരിച്ചിരിച്ചത്. ‘എന്തു ചെയ്യാന്‍…. ശരിക്കും ഞെട്ടലുണ്ടാക്കുന്ന വാര്‍ത്ത ‘ യെന്നാണ് സൈന ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഇതിനിടെ കളികാണാനെ ത്തിയവരിലെ മൂന്ന് പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചതായും മറ്റൊരു ട്വിറ്റര്‍ സന്ദേശവും പ്രചരിക്കുന്നുണ്ട്.
കൊറോണ ഭീതിക്കിടയിലും ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള ബാഡ്മിന്റണ്‍ ലോക ഫെഡറേഷന്‍ തീരുമാനത്തിനെതിരെ സൈന പരസ്യമായി രംഗത്തുവന്നിരുന്നു. താരങ്ങളുടെ ആരോഗ്യത്തേക്കാള്‍ ബാഡ്മിന്റണ്‍ ഫെഡറേഷന്‍ പണത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നായിരുന്നു സൈനയുടെ പരസ്യമായ ആരോപണം.
കൊവിഡ് 19ന്റെ വ്യാപനം ലോക ജനതയെ ആശങ്കയിലാഴ്ത്തുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി എത്തുകയാണ് ഓസീസ് മുന്‍ പേസര്‍ ഷെയ്ന്‍ വോണ്‍. തന്റെ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയില്‍ മുഖ്യ ഉല്‍പന്നമായ ജിന്‍(ആല്‍ക്കഹോള്‍) ഉത്പാദനം നിര്‍ത്തി വെച്ച് പകരം, സാനിറ്റൈസര്‍ നിര്‍മിച്ച് നല്‍കുകയാണ് വോണ്‍. വോണ്‍ സഹഉടമയായുള്ള സെവന്‍ സീറോ എയ്റ്റ് എന്ന കമ്പനിയാണ് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നത്.കോവിഡ് മൂലം ഹാന്‍ഡ് സാനിറ്റെസറിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണു വോണിന്റെ തീരുമാനം.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ തങ്ങളെ കൊണ്ട് ആവുന്നത് ചെയ്യണമെന്ന് ഓസ്ട്രേലിയന്‍ കമ്പനികളോട് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് വോണിന്റെ ‘സെവന്‍സീറോഎയ്റ്റ്’ എന്ന ഡിസ്റ്റിലറി കമ്പനി മെഡിക്കല്‍ ഗ്രേഡ് 70% ആല്‍ക്കഹോള്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വോണ്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്ട്രേലിയയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ രണ്ട് ആശുപത്രികളിലേക്ക് തുടര്‍ച്ചയായി സാനിറ്റൈസര്‍ നിര്‍മിച്ചു നല്‍കാന്‍ കരാറായെന്നും വോണ്‍ പറഞ്ഞു.
കൊറോണ വൈറസിനെ നേരിടാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ അവശ്യ വസ്തുക്കള്‍ നിര്‍മിക്കാന്‍ കമ്പനികളോട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കൊറോണ വൈറസിനെ ചെറുക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങളില്‍ നമ്മളാല്‍ കഴിയും വിധം സഹായം നല്‍കണമെന്ന് വോണ്‍ പറഞ്ഞു. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ആശുപത്രികളിലേക്കാണ് സാനിറ്റൈസര്‍ നിര്‍മിച്ചു നല്‍കുന്നത്.
ആദ്യമായല്ല വോണ്‍ ഓസ്ട്രേലിയക്ക് സഹായഹസ്തവുമാകുന്നത്. ഓസ്ട്രേലിയയില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചപ്പോള്‍ തന്റെ ഏറ്റവും വിലപ്പെട്ട തൊപ്പി ലേലം ചെയ്ത് വോണ്‍ കോടികള്‍ സംഭാവനയായി നല്‍കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേതിന് സമാനമായി ഓസ്ട്രേലിയയില്‍ കൊറോണ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏതാണ്ട് 750 ഓളം കേസുകളാണ് ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 7 പേര്‍ മരിക്കുകയും ചെയ്തു. ഓസ്ട്രേലിയയിലെ കായിക രംഗം മുഴുവന്‍ കൊറോണയെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊറോണ വ്യാപനത്തിന്റെ ഭീതിക്കിടെ ഒളിംപിക്സ് ദീപശിഖ ജപ്പാനിലെത്തി.ആഘോഷ പരിപാടികള്‍ ഒന്നും ഇല്ലാതെയാണ് ഗ്രീസില്‍ നിന്നും ദീപശിഖയും കൊണ്ടുവന്നത്. ജപ്പാനിലെ മിയാഗിയിലെ മാറ്റ്സുഷിമ വ്യോമതാവളത്തിലായിരുന്നു ദീപശിഖ വഹിച്ചവിമാനം ഇറങ്ങിയത്. സുനാമിയും ഭൂമികുലുക്കവും ബാധിച്ച് തകര്‍ന്നുപോയ തൊഹുക്കു മേഖലയിലാണ് ഈ വിമാനത്താവളം ഉള്ളത്. ജപ്പാന്റെ തിരിച്ചുവരവിന്റെ പ്രതീകമായാണ് ഈ വ്യോമതാവളം തന്നെ ഒളിംപിക്സ് ദീപശിഖ ഇറങ്ങാനായി തെരഞ്ഞെടുത്തത്.
വലിയ ആഘോഷങ്ങളില്ലാതെയാണ് ഏതന്‍സിലെ പനാതെനയ്ക് സ്റ്റേഡിയത്തില്‍ നിന്നും ദീപശിഖ പ്രയാണം ആരംഭിച്ചത്. കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ പരമാവധി ആളുകളെ ഒഴിവാക്കി ചടങ്ങിന് വേണ്ടി മാത്രമായിരുന്നു ദീപശിഖ പ്രയാണം ആരംഭിച്ചത്. ദീപശിഖ ഏറ്റുവാങ്ങാന്‍ ജപ്പാനില്‍ നിന്നും ആരും എത്തിയില്ല. ഏറെക്കാലമായി ഗ്രീസില്‍ താമസിക്കുന്ന ജാപ്പനീസ് നീന്തല്‍ താരം മുന്‍ ഒളിമ്പിക്‌സ് ചാമ്പ്യന്മാരായ ലെഫ്‌റ്റെരിസ് പെട്രോണിസും(ജിംനാസ്റ്റിക്‌സ്) പോള്‍ വാള്‍ട്ട് ചാമ്പ്യന്‍ കറ്റരീന സ്റ്റെഫാനിഡിയും ഗ്രീക്ക് കായികമന്ത്രിയില്‍ നിന്നും ദീപശിഖ ഏറ്റുവാങ്ങിയ ശേഷം ജപ്പാന്റെ മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ നവോകോ ഇമോട്ടോയ്ക്ക് ദീപശിഖ കൈമാറി വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. 1996 ഏതന്‍സ് ഒളിമ്പിക്‌സില്‍ ജപ്പാനെ നീന്തലില്‍ പ്രതിനിധീകരിച്ച താരമാണ് ഇമോട്ടോ. യുനിസെഫിന്റെ പ്രതിനിധി കൂടിയായ ഇമോട്ടോയെ അവസാന നിമിഷമാണ് ദീപശിഖ ഏറ്റുവാങ്ങുവാന്‍ ജപ്പാന്‍ നിശ്ചയിച്ചത്.
ജൂലൈ 24 മുതല്‍ ആഗസ്ത് ഒമ്പത് വരെയാണ് ടോക്യോ ഒളിംപിക്സ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഒളിംപിക്സ് മാറ്റിവെക്കണമെന്ന ആവശ്യം പല മേഖലകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ ടോക്യാ ഒളിമ്പിക്‌സ് സാധാരണ പോലെ തന്നെ നിശ്ചയിച്ച സമയത്ത് നടക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഒളിംപിക്സ് നടക്കുകയാണെങ്കില്‍ ആറ് ലക്ഷത്തോളം പേരെയാണ് ജപ്പാന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്വീകരിക്കേണ്ടി വരിക. കായികതാരങ്ങള്‍ അടക്കമുള്ളവരുടെ പരിശീലനത്തിനും താമസത്തിനുമൊക്കെ ഇപ്പോള്‍ തന്നെ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും മാറിയ സാഹചര്യത്തില്‍ കോവിഡ് 19 അകറ്റി നിര്‍ത്തുന്നത് ജപ്പാന് വെല്ലുവിളിയാകും. ഒളിംപിക്സ് നടന്നില്ലെങ്കില്‍ 3 ബില്യണ്‍ ഡോളറാണ്(ഏകദേശം 22500 കോടിരൂപ) ജപ്പാന് സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ മാത്രം നഷ്ടമാവുക. ഏതാണ്ട് 12 ബില്യണ്‍ ഡോളറാണ്(89,000 കോടിരൂപ) ഒളിംപിക്സിനായി ജപ്പാന്‍ ചിലവിട്ടിട്ടുള്ളത്. അതേസമയം ലോകത്തെ ഏറ്റവും വലിയ കായിക മേളക്ക് മുമ്പ് ആവശ്യമായ മുന്നൊരുക്കം നടത്താന്‍ സാധിക്കുന്നില്ലെന്ന പരാതി കായികതാരങ്ങല്‍ നിന്നും ഉയരുന്നുണ്ട്.
കൊറോണ വൈറസ് ബാധ ലോകം മുഴുവന്‍ പടരുന്നതിനിടെ ഏറ്റവും അധികം തിരിച്ചടി നേരിട്ടിരിക്കുന്ന സ്ഥാപനങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. ഐപിഎല്‍ ഏതുവിധേനയും നടത്തിയാല്‍ തന്നെ ഇനി ഉദ്ദേശം 1500 കോടി രൂപയാണ് ബിസിസിഐയ്ക്ക് നഷ്ടപ്പെടുക. ഐപിഎല്‍ ഉപേക്ഷിച്ചാല്‍ നഷ്ടം 10000 കോടി രൂപയായി ഉയരും.
മറ്റൊരു കലണ്ടര്‍ തിയതിയിലേക്ക് ഐപിഎല്‍ പുനര്‍നിശ്ചയിച്ചാല്‍ സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ 1,200 കോടിയോളം രൂപയാണ് ഒറ്റയടിക്ക് നഷ്ടമാകുക. അടച്ച സ്റ്റേഡിയത്തിലാണ് ഐപിഎല്‍ നടത്തുന്നതെങ്കില്‍ കരാറില്‍ നിന്നും പിന്മാറുമെന്ന് വിവോ, ആമസോണ്‍, ഫോണ്‍പേ തുടങ്ങിയ കമ്പനികള്‍ സൂചിപ്പിച്ചതായി ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല. നഷ്ടം സഹിച്ചായാലും ഐപിഎല്‍ നടത്തുന്നതിനെ കുറിച്ചാണ് ബിസിസിഐയുടെ ഇപ്പോഴത്തെ ചിന്ത
നിലവില്‍ ഏപ്രില്‍ 15 -നാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കുന്നത്. പക്ഷെ കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമായിട്ടില്ല. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 15 -ന് കളി നടക്കുമോയെന്ന കാര്യം സംശയത്തിലാണ്. ഇതോടെ ജൂലൈ – സെപ്തംബര്‍ മാസം ഐപിഎല്‍ നടത്തുന്നതിനെ കുറിച്ചു ബിസിസിഐ ഭാരവാഹികള്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.
മറ്റൊരു തിയതിയിലേക്ക് മത്സരം വീണ്ടും നീട്ടുകയാണെങ്കില്‍ മത്സരക്രമം ബോര്‍ഡ് കാര്യമായി വെട്ടിച്ചുരുക്കും. നേരത്തെ, 2009 ഐപിഎല്‍ സീസണ്‍ അഞ്ചാഴ്ച്ച കൊണ്ടാണ് ബിസിസിഐ പൂര്‍ത്തിയാക്കിയത്. അന്ന് ദക്ഷിണാഫ്രിക്കയായിരുന്നു വേദി. സമാനമായ മത്സരക്രമമായിരിക്കും ഈ വര്‍ഷവും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് കൈക്കൊള്ളുക.
കോവിഡ് 19 രോഗബാധ ലോകമെമ്പാടും പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഈ വര്‍ഷം നടക്കാനിരുന്ന യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് മാറ്റിവയ്ക്കും. 2020 ടൂര്‍ണമെന്റ് ഒരുവർഷത്തേക്ക് മാറ്റിവെയ്ക്കാനാണ് യൂറോപ്യന്‍ ഭരണസമിതിയുടെ തീരുമാനം. യൂറോപ്പിലെ 55 ദേശീയ ഫുട്ബോൾ അസോസിയേഷനുകള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ഔദ്യേഗിക തീരുമാനമുണ്ടായത്. ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയായിരുന്നു യൂറോ കപ്പ് 2020 നിശ്ചയിച്ചിരുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു യുവേഫയും യുവേഫ പ്രതിനിധികളുമായിരുന്നു ചർച്ച. നോര്‍വീജിയന്‍, സ്വീഡിഷ് ഫുട്‌ബോള്‍ അസോസിയേഷനുകള്‍ ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രതിനിധികളിൽ പലരും യോഗത്തിൽ പങ്കെടുത്തത്.
മാറ്റിവച്ച ടൂർണമെന്റ് 2021 ജൂണ്‍, ജൂലായ് മാസങ്ങളിൽ നടത്താനും ധാരണയായിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തിൽ ടൂര്‍ണമെന്റ് മാറ്റിവെയ്ക്കണമെന്ന് ആതിഥേയരായ ഇറ്റലി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലിയെന്നിരിക്കെയായിരുന്നു ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്.
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ ഐസൊലേഷനിലെന്ന് റിപോര്‍ട്ട്. അടുത്തിടെ ജര്‍മ്മനിയില്‍ നിന്നെത്തിയ താരത്തെ ഡല്‍ഹിയില്‍ കൊറോണ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ധവാന്‍ തന്നെയാണ് അറിയിച്ചത്. ഡല്‍ഹിയിലെ ഒരു കൊറോണ ഐസൊലേഷന്‍ വാര്‍ഡിന്റെ സൗകര്യത്തെ കുറിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെ ധവാന്‍ തന്നെയാണ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. വീഡിയോയില്‍ താന്‍ ഐസൊലേഷനിലാണെന്നും കൊറോണ വ്യാപനത്തില്‍ സര്‍ക്കാര്‍ ജാഗരൂകരാണെന്നും ധവാന്‍ അറിയിച്ചു.
ജര്‍മനിയില്‍ നിന്ന് വന്ന യാത്രക്കാരെയൊക്കെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ മാറി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും പ്രത്യേകം മുറികളും വെള്ളവും തോര്‍ത്തും അടക്കം എല്ലാ സംവിധാനങ്ങളും നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണം രുചിയേറിയതാണ്. ഇവിടേക്ക് വരാന്‍ ഭയമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സുഷജ്ജമാണ്. ജര്‍മനിയില്‍ ഇത്രയും കാര്യക്ഷമമായ പ്രവര്‍ത്തനം താന്‍ കണ്ടില്ലെന്നും ധവാന്‍ വീഡിയോയില്‍ പറഞ്ഞു.
ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുമായുള്ള മകൻ്റെ രസകരമായ നിമിഷങ്ങളുടെ വീഡിയോ പങ്കുവെച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇർഫാൻ വീഡിയോ പുറത്ത്. റോഡ് സേഫ്റ്റി ടി-20 സീരീസിനായി എത്തിയ സച്ചിൻ ടീമിൽ ഒപ്പമുണ്ടായിരുന്ന ഇർഫാൻ്റെ മകൻ ഇമ്രാനുമായി സമയം ചെലവഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
‘സൂപ്പര്‍ ഹീറോ മോഡ് ഓണ്‍’ എന്ന അടിക്കുറിപ്പോടെയാണ് ഇർഫാൻ വീഡിയോ പങ്കുവച്ചത്. ആദ്യം സച്ചിനൊപ്പം ഉയരം പരിശോധിക്കുന്ന ഇമ്രാൻ തനിക്കാണ് പൊക്കം കൂടുതൽ എന്ന് പറയുന്നു. പിന്നീട് സച്ചിനെ തൻ്റെ മസിൽ കാട്ടിക്കൊടുക്കുന്നു. പിന്നാലെ സച്ചിനുമായി മുന്നൂ വയസുകാരന്‍ ഇമ്രാൻ ബോക്സിംഗും നടത്തുന്നുണ്ട്.
റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സർക്കാർ സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് ട്വന്റി20 സീരീസ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ ലെജൻഡ്‌സ് ജയിച്ചത്. വെസ്റ്റ് ഇൻഡീസ് ലെജൻഡ്സിനെയാണ് ഇന്ത്യ തോല്പിച്ചത്. ബ്രയാൻ ലാറ നയിച്ച വെസ്റ്റ് ഇൻഡീസ് ലെജൻഡ്‌സിനെതിരെ സച്ചിൻ നയിച്ച ഇന്ത്യൻ ലെജൻഡ്‌സിനെ ജയിക്കാൻ സഹായിച്ചത് വീരുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആയിരുന്നു. സച്ചിൻ, സെവാഗ്, ഇർഫാൻ പത്താൻ, സഹീർ ഖാൻ, മുഹമ്മദ് കൈഫ്, യുവരാജ് സിംഗ്, മുനാഫ് പട്ടേൽ തുടങ്ങി ഒട്ടേറെ താരങ്ങൾ ഇന്ത്യൻ ടീമിനായി കളത്തിലിറങ്ങി.
ഇന്ത്യ, ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടുന്ന അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുക.
ഇരുപത്തിയൊന്നുകാരനായ സ്പാനിഷ് ഫുട്ബോൾ കോച്ച് ഫ്രാൻസിസ്കോ ഗാർസിയ മരിച്ചത് കൊറോണ വൈറസ് ബാധമൂലമെന്ന് റിപ്പോർട്ട്. അത്ലറ്റികോ പോർട്ടാടാ അൽട്ടയുടെ കോച്ചായി പ്രവർത്തിച്ച് വരുന്നതിനിടെയാണ് മരണം. ലുക്കീമിയ രോഗത്തിന് ചികിൽസയിലിരിക്കെയാണ് ഫ്രാൻസിസ്കോ ഗാർസിയക്ക് കൊറോണ വൈറസ് ലക്ഷണങ്ങൾ കാണിച്ചത്. ഇതോടെ ആരോഗ്യ സ്ഥിതി മോശമാവുകയും ഞായറാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
കൊറോണ വൈറസ് ബാധയേറ്റ് സ്പാനിഷ് നഗരമായ മാൽഗയിൽ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാവുകയാണ് ഇതോടെ ഫ്രാൻസിസ്കോ ഗാർസിയ.
അത്ലറ്റികോ പോർട്ടാടാ പുറത്തിറക്കിയ പ്രസ്താവനയിലാണ് താരത്തിന്റെ മരണം സ്ഥിരീകരിക്കുന്നത്. ഗാർസിയയുടെ മരണത്തിന് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് വികാരപരമായ പ്രസ്താവനയാണ് ക്ലബ് പുറത്തിറക്കിയത്. കഴിഞ്ഞ നാല് വർഷമായി ക്ലബ്ബിന്റെ പരിശീലകനായിരുന്നു ഗാർസിയ. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയാണ് കൊറോണ ബാധ വേഗത്തിൽ മരണത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.
കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിലെ എല്ലാ ഫുട്ബോള്‍ മത്സരങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വക്കാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ തീരുമാനം. ഫുട്‌ബോള്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് റദ്ദാക്കി. ഏപ്രില്‍ മൂന്ന് വരെയാണ് ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. ടീം ഉടമകളുടെ അടിയന്തരയോഗം ചേര്‍ന്നാണ് ഏപ്രില്‍ മൂന്നുവരെ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് പ്രീമിയര്‍ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് മാസ്റ്റേഴ്‌സ് പറഞ്ഞു.
ഇതിനുപുറമെ ഈ മാസം 27ന് ഇറ്റലിയുമായും 31ന് ഡെന്‍മാര്‍ക്കുമായും നടത്താനിരുന്ന ഇംഗ്ലണ്ടിന്റെ രാജ്യാന്തര സൗഹൃദ മത്സരങ്ങളും രണ്ടാം ഡിവിഷന്‍ ലീഗ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. എഫ് എ കപ്പ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ഫുട്ബോള്‍ മത്സരങ്ങളും ഏപ്രില്‍ മൂന്നുവരെ നിര്‍ത്തിവെക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തെ കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, സ്പാനിഷ് ലീഗ്, ഇറ്റാലിയന്‍ ലീഗ് മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രീമിയര്‍ ലീഗ് മത്സരങ്ങളും റദ്ദാക്കിയത്. കൊറോണ വൈറസ് ബാധമൂലം ബ്രിട്ടനില്‍ ഇതുവരെ 10 പേര്‍ മരിച്ചിട്ടുണ്ട്. 596 പേര്‍ക്കാണ് ബ്രിട്ടനില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 491 പേരും ഇംഗ്ലണ്ടിലാണ്