വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ന്യുസീലന്‍ഡ്. രണ്ടാം ഇന്നിംഗ്‌സില്‍ 8 റണ്‍സിന്റെ ലീഡ് ഉയര്‍ത്തിയ ഇന്ത്യയെ ന്യൂസീലന്‍ഡ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ രണ്ട് ഓവറിനുള്ളില്‍ മത്സരം പൂര്‍ത്തിയാക്കി വിജയം സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ നാലിന് 144 എന്ന നിലയില്‍ തുടങ്ങിയ ഇന്ത്യ 191 റണ്‍സിന് പുറത്താകുകയായിരുന്നു. 47 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവസാന ആറ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ടിം സൗത്തി അഞ്ചും ട്രെന്‍ഡ് ബോള്‍ട്ട് നാലും വിക്കറ്റ് വീഴ്ത്തി. രണ്ട് ഇന്നിംഗ്‌സിലുമായി 9 വിക്കറ്റ് നേടിയ ടിം സൗത്തിയാണ് മാന്‍ ഓഫ് ദ മാച്ച്. രണ്ടാം ടെസ്റ്റ് 29ന് ഓവലില്‍ തുടങ്ങും.
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 165 റണ്‍സ് നേടിയപ്പോള്‍ ആതിഥേയര്‍ ഒന്നാം ഇന്നിംഗ്‌സില്‍ 348 റണ്‍സിന് ഓള്‍ഔട്ടായി. 183 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി മായങ്ക് അഗര്‍വാള്‍ മാത്രമാണ് കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയത്. അഗര്‍വാള്‍ 58 റണ്‍സ് നേടിയപ്പോള്‍ രഹാനെ 29 ഉം പന്ത് 25 ഉം റണ്‍സ് നേടി.
ഒരിക്കല്‍ കൂടി പൃഥ്വി ഷാ പരാജയപ്പെട്ടപ്പോള്‍ ചേതേശ്വര്‍ പൂജാര 11 റണ്‍സിനും നായകന്‍ വിരാട് കോലി 19 റണ്‍സിലും ബാറ്റുതാഴ്ത്തി. കിവിസ് മണ്ണിലെ പരാജയം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് തിരിച്ചടിയായി. അതേസമയം തോല്‍വി ഇന്ത്യയെ നാണക്കേടിലേക്കും തള്ളിവിട്ടു.52 വര്‍ഷങ്ങള്‍ക്കു ശേഷം വെല്ലിംഗ്ടണില്‍ ഒരു ജയം പ്രതീക്ഷിച്ച് ഇറങ്ങിയ ടീം ഇന്ത്യയ്ക്ക് വിജയിക്കാനായില്ല. 1968 ല്‍ വിജയം നേടിയ ശേഷം ഇവിടെ 2020 ലും ഇന്ത്യ ടെസ്റ്റ് ജയിച്ചില്ല. 1968-ല്‍ ആയിരുന്നു ഈ വേദിയില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം. അതില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ ജയം നേടുകയും ചെയ്തു. ഇവിടെ കളിച്ച ഏഴ് ടെസ്റ്റുകളില്‍ പട്ടൗഡിയുടെ നേതൃത്വത്തിലുള്ള ഒരേയൊരു വിജയം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. ന്യൂസീലന്‍ഡ് മണ്ണില്‍ ഇതുവരെ 24 ടെസ്റ്റ് കളിച്ച ഇന്ത്യയ്ക്ക് അഞ്ച് എണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. ഒമ്പത് മത്സരങ്ങള്‍ തോറ്റപ്പോള്‍ 10 എണ്ണം സമനിലയിലായി.
തോൽക്കാൻ സാധ്യത വളരെയധികം, സമനില നേടാൻ ചെറിയ സാധ്യത, ജയിക്കാൻ സാധ്യത വിരളം… ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യയുടെ അവസ്ഥയെ ഇങ്ങനെ ചുരുക്കിയെഴുതാം. 183 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് കടവുമായിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലാണ്. ഉപനായകൻ അജിൻക്യ രഹാനെ 25 റൺസോടെയും ഹനുമ വിഹാരി 15 റൺസോടെയും ക്രീസിൽ. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 118 പന്തിൽനിന്ന് 31 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ആറു വിക്കറ്റ് കയ്യിലിരിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇനിയും 39 റൺസ് കൂടി വേണം.
ഓപ്പണർമാരായ പൃഥ്വി ഷാ (30 പന്തിൽ 14), മായങ്ക് അഗർവാൾ (99 പന്തിൽ 58), ചേതേശ്വർ പൂജാര (81 പന്തിൽ 11), ക്യാപ്റ്റൻ വിരാട് കോലി (43 പന്തിൽ 19) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. മൂന്നു വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ തകർത്തത്. ടിം സൗത്തിക്കാണ് ശേഷിക്കുന്ന വിക്കറ്റ്. അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ന്യൂസീലൻഡ് വാലറ്റക്കാരുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ 348 റൺസ് നേടിയതോടെയാണ് അവർക്ക് 183 റൺസിന്റെ കൂറ്റൻ ലീഡ് ലഭിച്ചത്. കോളിൻ ഡി ഗ്രാൻഡ്ഹോം (74 പന്തിൽ 43), കൈൽ ജയ്മിസൻ (45 പന്തിൽ 44), ട്രെന്റ് ബോൾട്ട് (24 പന്തിൽ 38) എന്നിവരാണ് ഇന്ന് തിളങ്ങിയ കിവീസ് താരങ്ങൾ. ഇന്ത്യയ്ക്കായി ഇഷാന്ത് ശർമ അഞ്ച് വിക്കറ്റ് വീഴ്ത്തി.
സ്കോർ ബോർഡിൽ 27 റൺസുള്ളപ്പോൾ പൃഥ്വി ഷായാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. 30 പന്തിൽ രണ്ടു ഫോറുകൾ സഹിതം 14 റൺസെടുത്ത ഷായെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കി. ടോം ലാഥം ക്യാച്ചെടുത്തു. രണ്ടാം വിക്കറ്റിൽ മായങ്ക് അഗർവാളിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടിന് തുണനിന്നെങ്കിലും രണ്ടാം സെഷന്റെ അവസാന പന്തിൽ ചേതേശ്വർ പൂജാരയും പുറത്തായി. 81 പന്തു നേരിട്ട പൂജാര 11 റൺസുമായി ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ക്ലീൻ ബൗൾഡായി. പൂജാര ലീവ് ചെയ്ത പന്താണ് ഓഫ് സ്റ്റംപിളക്കിയത്. ഇതിനിടെ 75 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം മായങ്ക് ടെസ്റ്റിലെ നാലാം അർധസെഞ്ചുറിയും കുറിച്ചു. രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാരയ്‌ക്കൊപ്പം അഗർവാൾ 51 റൺസ് കൂട്ടിച്ചേർത്തു.
മികച്ച ഫോമിൽ കളിച്ചുവന്ന ഓപ്പണർ മായങ്ക് അഗർവാളിന്റേതായിരുന്നു അടുത്ത ഊഴം. 99 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 58 റൺസെടുത്ത അഗർവാളിനെ ടിം സൗത്തിയാണ് പുറത്താക്കിയത്. വിക്കറ്റ് കീപ്പർ ക്യാച്ചെടുത്തു. നിർണായക വിക്കറ്റായതിനാൽ അഗർവാളിനൊപ്പം ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റൻ വിരാട് കോലി അംപയറിന്റെ തീരുമാനം റിവ്യൂ ചെയ്തെങ്കിലും ഫലമുണ്ടായില്ല. സ്കോർ 113ൽ എത്തിയപ്പോൾ കോലിയും കൂടാരം കയറി. ന്യൂസീലൻഡ് പര്യടനത്തിലെ മോശം ഫോം തുടരുന്ന കോലി 43 പന്തിൽ മൂന്നു ഫോറുകൾ സഹിതം 19 റണ്‍സെടുത്താണ് പുറത്തായത്. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ജെ.ബി. വാട്‌ലിങ് ക്യാച്ചെടുത്തു. സെഞ്ചുറിയില്ലാതെ കോലി പിന്നിടുന്ന തുടർച്ചയായ 20–ാം ഇന്നിങ്സാണിത്.
നേരത്തെ, അഞ്ചിന് 216 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ന്യൂസീലൻഡിന് വാലറ്റത്തിന്റെ ശക്തമായ പോരാട്ടമാണ് മികച്ച ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിച്ചത്. ഒരേയൊരു അർധസെഞ്ചുറി മാത്രം പിറന്ന ഇന്നിങ്സിൽ 100.2 ഓവറിലാണ് കിവീസ് 348 റൺസെടുത്തത്. കോളിൻ ഡി ഗ്രാൻഡ്ഹോം (74 പന്തിൽ 43), കൈൽ ജയ്മിസൻ (45 പന്തിൽ 44), ട്രെന്റ് ബോള്‍ട്ട് (24 പന്തിൽ 38) എന്നിവരാണ് വാലറ്റത്ത് കിവീസ് സ്കോർ ബോർഡിലേക്ക് കനമുള്ള സംഭാവനകൾ ഉറപ്പാക്കിയത്. ഇന്ത്യയ്ക്കായി ഇഷാന്ത് ശർമ അഞ്ചു വിക്കറ്റ് വീഴ്ത്തി.
തലേന്നത്തെ അതേ സ്കോറിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജെ.ബി. വാട്‍ലിങ്ങിനെ നഷ്ടമാകുന്ന കാഴ്ചയോടെയാണ് ന്യൂസീലൻഡ് മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ചത്. 30 പന്തിൽ 14 റൺസെടുത്ത വാട്‍ലിങ്ങിനെ ജസ്പ്രീത് ബുമ്രയാണ് പുറത്താക്കിയത്. ഒൻപതു റൺസ് കൂടി ചേർക്കുമ്പോഴേയ്ക്കും ടിം സൗത്തിയെ ഇഷാന്ത് ശർമ പുറത്താക്കിയതോടെ കിവീസിനെ 250നുള്ളിൽ ഒതുക്കാമെന്ന് ഇന്ത്യ മോഹിച്ചു. 13 പന്തിൽ ഒരേയൊരു ഫോർ സഹിതം ആറു റൺസെടുത്താണ് സൗത്തി മടങ്ങിയത്.
എന്നാൽ, കിവീസ് ഇന്നിങ്സിലെ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടിനാണ് എട്ടാം വിക്കറ്റിൽ അരങ്ങൊരുങ്ങിയത്. കൈൽ ജയ്മിസനെ കൂട്ടുപിടിച്ച് 71 റൺസാണ് ഗ്രാൻഡ്ഹോം എട്ടാം വിക്കറ്റിൽ ചേർത്തത്. 45 പന്തിൽ ഒരു ഫോറും നാലു സിക്സും സഹിതം 44 റൺസെടുത്താണ് ജാമിസൻ മടങ്ങിയത്. അശ്വിന്റെ പന്തിൽ വിഹാരി ക്യാച്ചെടുത്തു. സ്കോർ 310ൽ എത്തിയപ്പോൾ ഗ്രാൻഡ്ഹോമും മടങ്ങി. 74 പന്തിൽ അഞ്ചു ഫോറുകൾ സഹിതം 43 റൺസെടുത്ത ഗ്രാൻഡ്ഹോമിനെയും അശ്വിൻ തന്നെ പുറത്താക്കി.
എന്നാൽ, വിട്ടുകൊടുക്കാതെ പൊരുതിയ കിവീസ് 10–ാം വിക്കറ്റിൽ 38 റൺസ് കൂടി ചേർത്തു. 24 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും സഹിതം 38 റൺസെടുത്ത ട്രെന്റ് ബോൾട്ടിന്റെ കടന്നാക്രമണമാണ് കിവീസ് സ്കോർ 348ൽ എത്തിച്ചത്. അജാസ് പട്ടേൽ 20 പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഇഷാന്ത് ശർമ 22.2 ഓവറിൽ 68 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു. അശ്വിൻ മൂന്നും ബുമ്ര, ഷമി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ, അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ പ്രകടനമാണ് രണ്ടാം ദിനം ന്യൂസീലൻഡിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. വില്യംസൻ 153 പന്തിൽ 11 ഫോറുകൾ സഹിതം 89 റണ്‍സെടുത്ത് പുറത്തായി. 93 പന്തിൽ ആറു ഫോറുകളുടെ അകമ്പടിയോടെയാണ് വില്യംസൻ ടെസ്റ്റിലെ 32–ാം അർധസെഞ്ചുറി പൂർത്തിയാക്കിയത്. മൂന്നാം വിക്കറ്റിൽ റോസ് ടെയ്‍ലറിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും (93) തീർത്താണ് വില്യംസൻ ന്യൂസീലൻഡിനെ ശക്തമായ നിലയിലെത്തിച്ചത്. ഓപ്പണർമാരായ ടോം ലാഥം 30 പന്തിൽ 11), ടോം ബ്ലണ്ടൽ 80 പന്തിൽ 30), റോസ് ടെയ്‍ലർ (71 പന്തിൽ 44), ഹെൻറി നിക്കോൾസ് (62 പന്തിൽ 17) എന്നിവരാണ് കിവീസ് നിരയിൽ പുറത്തായ മറ്റുള്ളവർ.
ഉയരക്കുറവിന് കടുത്ത അധിക്ഷേപവും ബോഡി ഷെയിമിംഗും നേരിട്ട ക്വാഡന്‍ ബെയില്‍സ് ഒറ്റ ദിവസം കൊണ്ട് ലോകത്തിന്റെ സ്നേഹം പിടിച്ചുവാങ്ങി. ഉയരമില്ലെന്ന കാരണത്താല്‍ സ്കൂളില്‍ സഹപാഠികള്‍ അപമാനിക്കുന്നുണ്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയോട് സങ്കടം പറയുന്ന ബെയില്‍സിന്റെ ദൃശ്യങ്ങള്‍ തീമഴ പോലെയാണ് ഓരോരുത്തരുടെയും മനസിലേക്ക് കത്തിയിറങ്ങിയത്. ക്വാഡനു പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇന്ന് ഓസ്ട്രേലിയയിലെ ദേശീയ റഗ്ബി ടീമിന്റെ കൈപിടിച്ച് ഫീല്‍ഡിലേക്ക് ചിരിയോടെ എത്തുന്ന ക്വാഡന്‍ ബെയില്‍ ആണ് സോഷ്യല്‍ മീഡിയയില്‍ താരം. നാഷനല്‍ റഗ്ബി ലീഗിന്റെ ഇന്‍ഡിജനസ് ഓള്‍ സ്റ്റാര്‍സ് ടീമിനെ ഫീല്‍ഡിലേക്ക് നയിക്കാനായി ക്വീന്‍സ് ലാന്‍ഡിലേക്ക് ക്വാഡനെ ക്ഷണിച്ചിരുന്നു.
ഗോള്‍ഡ് കോസിലെ മത്സര സ്ഥലത്ത് എത്തി റഗ്ബി ടീമിന്റെ അതേ ജഴ്സിയില്‍ ഗ്രൗണ്ടിലെ കയ്യടികള്‍ക്കും ആരവങ്ങള്‍ക്കും നടുവിലേക്ക് ക്വാഡന്‍ ബെയില്‍സ് എത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഗോള്‍ഡ് കോസിലെ മൈതാനത്തേക്ക് താരങ്ങളുടെ കൈപിടിച്ചെത്തിയ ക്വാഡനെ നിറഞ്ഞ കൈയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്.
ഹോളിവുഡ് താരം ഹ്യൂ ജാക്ക്മാന്, അമേരിക്കന്‍ കൊമേഡിയന്‍ ബ്രാഡ് വില്യംസ് കൂടാതെ ഓസ്‌ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങള്‍ എന്നിവരെല്ലാം ക്വാഡന്‍ പിന്തുണയുമായി രംഗത്തെത്തെത്തിയിരുന്നു. കുഞ്ഞു ക്വാഡനു വേണ്ടി നാനാഭാഗത്തു നിന്നുമുള്ളവരുടെ മാനസിക പിന്തുണയ്ക്കൊപ്പം സാമ്ബത്തിക സഹായങ്ങളുടേയും പ്രവാഹമാണ്. 250,000 യുഎസ് ഡോളറാണ് ക്വാഡന്‍ വേണ്ടി ബ്രാഡ് വില്യംസ് സമാഹരിച്ചത്.
വെല്ലിങ്‌ടൺ: ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം പൂർത്തിയായി. വെളിച്ചക്കുറവുമൂലം ഇന്നത്തെ കളി നേരത്തെ അവസാനിപ്പിച്ചു. അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ ന്യൂസിലൻഡ് 216 റൺസ് നേടിനിൽക്കുമ്പോഴാണ് കളി അവസാനിപ്പിച്ചത്. ഒന്നാം ഇന്നിങ്‌സിൽ ന്യൂസിലൻഡിനു 51 റൺസിന്റെ ലീഡുണ്ട്. ഇന്ത്യ ആദ്യ ഇന്നിങ്‌സിൽ 165 റൺസ് മാത്രമാണ് നേടിയത്.
ന്യൂസിലൻഡിനു വേണ്ടി നായകൻ കെയ്‌ൻ വില്യംസൺ 89 റൺസ് നേടി ടോപ് സ്‌കോററായി. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന വില്യംസണെ ഷമിയാണ് പുറത്താക്കിയത്. റോസ് ടെയ്‌ലർ (44), ടോം ബ്ലഡൽ (30) എന്നിവരും ന്യൂസിലൻഡിനുവേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു. ജെ.ബി. വാട്‍ലിങ് (14), കോളിൻ ഡി ഗ്രാൻഡ്ഹോം (നാല്) എന്നിവരാണ് ഇന്ന് കളി നിർത്തുമ്പോൾ ക്രീസിലുള്ളത്.
ഇന്ത്യയ്‌ക്കുവേണ്ടി ഇഷാന്ത് ശർമ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മൊഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റുകൾ നേടി. പരുക്കിനുശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ ബുംറയുടെ വിക്കറ്റ് വരൾച്ച ഇപ്പോഴും തുടരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് കിവീസ് ബോളർമാർ കനത്ത പ്രഹരമാണ് നൽകിയത്. മുൻനിര വിക്കറ്റുകളെല്ലാം അതിവേഗം നഷ്‌ടമായി. 46 റൺസ് നേടിയ അജിങ്ക്യ രഹാനെയും 34 റൺസ് നേടിയ മായങ്ക് അങ്കർവാളും മാത്രമാണ് ഇന്ത്യയ്‌ക്കുവേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അജയ്യരായി കുതിക്കുന്ന ലിവർപൂളിന് കത്തുമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കുഞ്ഞ് ആരാധകൻ. ഒരു കളിയെങ്കിലും തോൽക്കണം. എതിരാളികൾക്ക് ഗോളടിക്കനെങ്കിലും അവസരം നൽകണമെന്നാണ് കോച്ച് യാർഗൻ ക്ലോപിനയച്ച കത്തിൽ പത്തുവയസുകാരൻ ഡാരഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇഷ്ടം പോലെ മത്സരങ്ങളാണ് ലിവർപൂൾ ജയിച്ചത്. ഇനി ഒൻപത് മത്സരം കൂടി ജയിച്ചാൽ ചരിത്രമാകുമത്. യുണൈറ്റഡ് ആരാധകനെന്ന നിലയിൽ സഹിക്കാൻ പറ്റുന്നതിനുമപ്പുറമാകും അത്. സീസൺ മുഴുവൻ തോൽക്കണമെന്നോ ഇനി ജയിക്കാൻ വേണ്ടി കളിക്കരുതെന്നോ അല്ല പറയുന്നത് ഒരു കളിയിൽ മാത്രം ഒന്ന് തോറ്റ് തരൂ എന്നാണ് ആവശ്യമെന്നും ഡാരെഗ് കുറിച്ചു.
എന്നാൽ അങ്ങനൊരു കാര്യത്തെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. സാധ്യമല്ല എന്നാണ് ലിവർപൂൾ നൽകിയ മറുപടി. ലിവർപൂൾ തോൽക്കണമെന്നാണ് നിങ്ങളുടെ ആഗ്രഹം അതുകൊണ്ട് തന്നെ സ്വീകരിക്കാവുന്ന അപേക്ഷ അല്ലെന്നും ലിവർപൂൾ ആരാധകരെ നിരാശരാക്കില്ലെന്നും ക്ലോപ് മറുപടി നൽകി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 26 മത്സരം കളിച്ച ലിവർപൂൾ 25 ലും ജയിച്ചു. ഒന്നിൽ സമനിലയും പിടിച്ചു. 76 പോയിന്റോടെ പട്ടികയിൽ ബഹുദൂരം മുന്നിലാണ് ലിവർപൂൾ.
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 165 റണ്‍സിന് ഓൾഔട്ട്. രണ്ടാം ദിനം ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ന്യൂസിലൻഡ് പേസിനു മുന്നിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല.<br> <br> അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 122 റണ്‍സിന് രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയക്ക് 43 റണ്‍സ് മാത്രമാണ് കൂട്ടിച്ചേർക്കാൻ സാധിച്ചത്. ഇന്ന് തുടക്കത്തിൽ തന്നെ ഋഷഭ് പന്തിനെ ഇന്ത്യയ്ക്കു നഷ്ടമായി. പിന്നാലെ ആർ. അശ്വിനും (0) രഹാനയും (46) പവലിയൻ കയറി. വാലറ്റത് മുഹമ്മദ് ഷമിക്കു (21) മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്. <br> <br> ടിം സൗത്തിയുടെയും കെയ്ൽ ജമൈസണിന്റെ തീപാറന്ന പന്തുകൾക്കു മുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നു വീഴുന്ന കാഴ്ചയാണ് രണ്ടാം ദിനം കാണാൻ സാധിച്ചത്. സൗത്തിയും ജമൈസണും നാല് വിക്കറ്റ് വീതം വീഴ്ത്തി. ട്രെന്റ് ബോൾട്ട് ഒരു വിക്കറ്റും നേടി.
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാകാത്ത ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച ഇന്ത്യന്‍ സ്പിന്നര്‍ പ്രഖ്യാന്‍ ഓജ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. 24 ടെസ്റ്റിലും 18 ഏകദിനങ്ങളിലും ആറ് ട്വന്റി20 മത്സരങ്ങളിലും ഇന്ത്യന്‍ ജഴ്സിയണിഞ്ഞ താരമാണ് ഓജ. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി നൂറിലധികം വിക്കറ്റ് വീഴ്ത്തിയിട്ടുളള ഓജ ആഭ്യന്തര ക്രിക്കറ്റില്‍ ബീഹാര്‍, ഹൈദരാബാദ്, ബംഗാള്‍ തുടങ്ങിയ ടീമുകള്‍ക്കായും ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനായും, മുംബൈ ഇന്ത്യന്‍സിനായും കളിച്ചു.
2013 നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ മുംബൈയില്‍ നടന്ന ടെസ്റ്റ് മത്സരമായിരുന്നു അവസാന രാജ്യാന്തര ടെസ്റ്റ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരം എന്ന നിലയില്‍ ശ്രദ്ധേയമായ ആ മത്സരത്തില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഓജ കാഴ്ച്ചവെച്ചത്. ഓജയുടെ കരിയറിലെ ഒരേയൊരു 10 വിക്കറ്റ് നേട്ടം ഈ മത്സരത്തിലായിരുന്നു.
മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീട് ഓജയ്ക്ക് ടെസ്റ്റില്‍ ഇന്ത്യന്‍ ജഴ്സിയണിയാന്‍ സാധിച്ചിട്ടില്ല. പിന്നീട് ഐപിഎല്ലിലും അഭ്യന്തര ക്രിക്കറ്റിലും മാത്രമായി ഓജയുടെ പ്രകടനം ഒതുങ്ങി.
24 ടെസ്റ്റുകളില്‍നിന്ന് 113 വിക്കറ്റുകളാണ് ഓജയുടെ സമ്പാദ്യം. അഞ്ചു തവണ ഏഴു വിക്കറ്റ് നേട്ടവും ഒരു തവണ 10 വിക്കറ്റ് നേട്ടവും കൈവരിച്ചു. ഏകദിനത്തില്‍ 18 മത്സരങ്ങളില്‍നിന്ന് 21 വിക്കറ്റുകള്‍ സ്വന്തമാക്കി. 38 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. ട്വന്റി20യില്‍ ആറു മത്സരങ്ങളില്‍നിന്ന് 10 വിക്കറ്റും നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 108 മത്സരങ്ങളില്‍നിന്ന് 424 വിക്കറ്റുകള്‍ സ്വന്തമാക്കി. ലിസ്റ്റ് എ ക്രിക്കറ്റില്‍ 103 മത്സരങ്ങളില്‍നിന്ന് 123 വിക്കറ്റും 142 ട്വന്റി20 മത്സരങ്ങളില്‍നിന്ന് 156 വിക്കറ്റുകളും എറിഞ്ഞിട്ടു. ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പും മൂന്ന് തവണ കിരീടത്തിലും മുത്തമിട്ടിട്ടുണ്ട്.
2010ല്‍ അഹമ്മദാബാദില്‍ ഓസീസിനെതിരെ പുറത്തെടുത്ത ബാറ്റിങ് എന്നെന്നും ഓര്‍ക്കപ്പെടുന്നത്. 216 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 124 റണ്‍സിനിടെ എട്ടു വിക്കറ്റ് നഷ്ടമായി. ഒമ്പതാം വിക്കറ്റില്‍ ഇശാന്ത് ശര്‍മയ്ക്കൊപ്പം 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ജയം സ്വന്തമാക്കുമെന്നരിക്കെ ഇശാന്ത് മടങ്ങി. പിന്നീട് വേണ്ടത് 11 റണ്‍സ്. ഓജ ക്രീസിലേക്ക്. സമ്മര്‍ദ്ദത്തിനിടയിലും 10 പന്തില്‍ താരം അഞ്ച് റണ്‍സ് നേടി പുറത്താവാതെ നിന്നു. ലക്ഷ്മണിനൊപ്പം ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ട്വന്റി 20, ഏകദിന പരമ്പരകള്‍ കഴിഞ്ഞു, ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരകള്‍ക്കുള്ള തയാറെടുപ്പിലാണ് ഇന്ത്യ. നാളെ വെല്ലിംഗ്ടണിലാണ് രണ്ടു മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം. ആദ്യ ടെസ്റ്റിന് വെല്ലിങ്ടണ്‍ വേദിയാകുമ്പോള്‍ 52 വര്‍ഷങ്ങള്‍ക്കു ശേഷം ഈ വേദിയില്‍ ടീം ഇന്ത്യയ്ക്ക് ഒരു ജയം നേടാനാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
വെല്ലിങ്ടണില്‍ 1968 ല്‍ വിജയം നേടിയ ശേഷം ഇന്ത്യ പിന്നീടൊരിക്കലും ഇവിടെ ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടില്ല. 1968-ല്‍ ആയിരുന്നു ഈ വേദിയില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം. അതില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ ജയം നേടുകയും ചെയ്തു. ഇവിടെ കളിച്ച ഏഴ് ടെസ്റ്റുകളില്‍ പട്ടൗഡിയുടെ നേതൃത്വത്തിലുള്ള ഒരേയൊരു വിജയം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. 52 വര്‍ഷങ്ങള്‍ക്കു ശേഷം പട്ടൗഡിയുടെ നേട്ടം വിരാട് കോലിക്ക് ആവര്‍ത്തിക്കാനാകുമോ എന്ന കാര്യമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ന്യൂസീലന്‍ഡ് മണ്ണില്‍ ഇതുവരെ 23 ടെസ്റ്റ് കളിച്ച ഇന്ത്യയ്ക്ക് അഞ്ച് എണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. എട്ട് മത്സരങ്ങള്‍ തോറ്റപ്പോള്‍ 10 എണ്ണം സമനിലയിലായി.
വെല്ലിങ്ടണില്‍ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രം ഇങ്ങനെ 1968 – ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം, 1976 ല്‍ന്യൂസീലന്‍ഡ് ഇന്നിങ്സിനും 33 റണ്‍സിനും വിജയിച്ചു, 1981 – ന്യൂസീലന്‍ഡിന് 62 റണ്‍സ് ജയം, 1998 – ന്യൂസീലന്‍ഡിന് നാലു വിക്കറ്റ് ജയം, 2002 – ന്യൂസീലന്‍ഡിന് 10 വിക്കറ്റ് ജയം,2009 – സമനില, 2014 – സമനില
ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ മായങ്ക് അഗര്‍വാളിനൊപ്പം പൃഥ്വി ഷാ ഓപ്പണറായേക്കും. ന്യൂസിലന്‍ഡില്‍ നേരത്തെ കളിച്ചിടുള്ള ഇഷാന്ത് ആദ്യ മത്സരത്തില്‍ ഇറങ്ങുമെന്നാണ് സൂചന. കളിക്കാരുടെ പരിശീലനം നോക്കിയാല്‍ ഋഷഭ് പന്ത് അന്തിമ ഇലവനില്‍ കളിക്കാനുള്ള സാധ്യതയില്ല. ആറാം നമ്പറില്‍ പരിശീലന മത്സരത്തില്‍ സെഞ്ചുറി നേടിയ ഹനുമാ വിഹാരിക്ക് അവസരം ലഭിച്ചേക്കും.
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ന്യൂസിലന്‍ഡ് ടീമില്‍ മാറ്റ് ഹെന്റിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ന്യൂസിലന്‍ഡ് ടീമിനൊപ്പം ചേരാത്ത നീല്‍ വാഗ്‌നര്‍ക്ക് പകരക്കാരനായിട്ടാണ് ഹെന്റിയെ ഉള്‍പ്പെടുത്തിയത്. ഹെന്റി ന്യൂസിലന്‍ഡായി 12 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. താരത്തെ ആദ്യം പ്രഖ്യാപിച്ച ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഹെന്റിക്ക് പകരം കെയ്ല്‍ ജാമിസണിനെയാണ് പരിഗണിച്ചത്. കഴിഞ്ഞമാസം ഓസീസിനെതിരെയാണ് ഹെന്റി അവസാന ടെസ്റ്റ് കളിച്ചത്.
ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ തോളിലേറ്റി സഹതാരങ്ങൾ സ്റ്റേഡിയം വലംവയ്ക്കുന്ന ചിത്രത്തിന് കായിക ഓസ്കർ എന്ന വിശേഷണമുള്ള ലോറസ് സ്പോര്‍ടിംഗ് മൊമന്റ് പുരസ്കാരം. 2000 മുതൽ 2020വരെയുള്ള 20 വർഷ കാലത്ത് ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള പുരസ്കാരമാണ് സച്ചിന്‍ തെണ്ടുല്‍ക്കറിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചത്. 2011ലെ ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനലിലെ വിജയത്തിനുശേഷം സച്ചിനെ തോളിലേറ്റി ആഹ്ലാദം പങ്കിടുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രമാണ് പുരസ്കാരം നേടിയത്. ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ അവതരിപ്പിച്ച ചിത്രം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഒന്നാമതെത്തി. ലോറസ് സ്പോര്‍ടിംഗ് മൊമന്റ് പുരസ്കാരം രാജ്യത്തിനു സമർപ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. 2011ലെ ലോകകപ്പ് നേട്ടത്തെ കുറിച്ച് എപ്പോഴും ഓര്‍മിക്കാറുണ്ടെന്ന് സച്ചിന്‍ പറഞ്ഞു.
പുരസ്കാരം രാജ്യത്തിനായി സമര്‍പ്പിച്ച സച്ചിനെ ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കര്‍ പ്രശംസിച്ചു. സച്ചിന്‍ ആദ്യമായി ലോകകപ്പ് കളിച്ചത് 1992ൽ. ആദ്യമായി ലോക ചാമ്പ്യനായത് ആറാമത്തെ ശ്രമത്തിലും. എങ്കിലും ലോകകപ്പെന്നാൽ 1983 ആണ് ആദ്യം മനസ്സില്‍ വരുന്നതെന്ന് സച്ചിൽ പറഞ്ഞു. വ്യത്യസ്ത അഭിപ്രായങ്ങളും വ്യത്യസ്ത സംസ്കാരവും ഉള്ള ഇന്ത്യ ഒറ്റമനസ്സോടെയാണ് 2011ലെ ലോകകപ്പ് വിജയത്തെ സ്വീകരിച്ചത്. വോട്ടെടുപ്പിൽ ഒന്നാമതെത്തുമെന്ന വിശ്വാസം ഉണ്ടായിരുന്നെന്നും സച്ചിന്‍ വെളിപ്പെടുത്തി. പുരസ്കാരനേട്ടം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സമര്‍പ്പിക്കുന്നതിന് പകരം രാജ്യത്തിനായി സമ്മാനിച്ച സച്ചിന്‍ സമാനതകളില്ലാത്ത പ്രതിഭയെന്നായിരുന്നു ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കറുടെ പ്രശംസ.
2019ലെ മികച്ച പുരുഷ കായിക താരത്തിനുള്ള ലോറസ് പുരസ്കാരം ലയണൽ മെസിയും ലൂയി ഹാമില്‍ട്ടണും പങ്കിട്ടു. ഇതാദ്യമായാണ് ലോറസ് പുരസ്കാരം പങ്കിടുന്നത്. ഫോര്‍മുല വണ്‍ ലോകചാമ്പ്യനാണ് ഹാമില്ട്ടണ്. പുരസ്കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഫുട്ബോള്‍ താരമാണ് മെസി. മികച്ച വനിതാ കായികതാരത്തിനുള്ള പുരസ്കാരം അമേരിക്കന്‍ ജിംനാസ്റ്റിക് താരം സിമോണ്‍ ബെല്‍സ് നേടി. സ്പാനിഷ് ബാസ്കറ്റ് ബാൾ ടീമിനാണ് മികച്ച ടീമിനുള്ള പുരസ്കാരം.
റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിനുള്ള ഇന്ത്യന്‍ ലെജന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ നായകനാവുന്ന ടീമില്‍ വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ ഖാന്‍ എന്നിവരുമുണ്ട്. സെവാഗും സച്ചിനുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സഹ പരീലകനായിരുന്ന സഞ്ജയ് ബംഗാര്‍, അജിത് അഗാര്‍ക്കര്‍, മുന്‍ താരങ്ങളായ പ്രഗ്യാന്‍ ഓജ, സായ്‌രാജ് ബഹുതുലെ, സമീര്‍ ദിഗെ എന്നിവരും ഇന്ത്യന്‍ ടീമിലുണ്ട്.
പതിനൊന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ഓസ്ട്രേലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഇതിഹാസതാരങ്ങളാണ് പങ്കെടുക്കുന്നത്. റോഡ് സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് ഏഴിന് മുംബൈയില്‍ ഇന്ത്യ ലെജന്‍ഡ്‌സ്, വിന്‍ഡീസ് ലെജന്‍ഡ്‌സ് മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാവുക.
വിന്‍ഡീസിനെ ബ്രയാന്‍ ലാറയും, ദക്ഷിണാഫ്രിക്കയെ ജോണ്ടി റോഡ്സും ശ്രീലങ്കയെ തിലകരത്നെ ദില്‍ഷനുമാണ് നയിക്കുന്നത്. വൈകിട്ട് ഏഴിന് തുടങ്ങുന്ന മത്സരങ്ങുടെ മാച്ച് കമ്മീഷണർ സുനിൽ ഗാവസ്കറാണ്.കഴിഞ്ഞയാഴ്ച സച്ചിനും ലാറയും ഓസ്ട്രേലിയയിലെ ചാരിറ്റി മത്സരത്തിൽ ഒരുമിച്ച് കളിച്ചിരുന്നു.