Sports

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് 27ാം ടെസ്റ്റ് സെഞ്ചുറി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിലാണ് കോലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. കോലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 175 റണ്‍സിന്റെ ലീഡായി ഇന്ത്യക്ക്. ഇന്ന് അജിന്‍ക്യ രഹാനെ (51)യുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ 106ന് എല്ലാവരും പുറത്തായിരുന്നു.

പിങ്ക് പന്തില്‍ ആദ്യ ടെസ്റ്റിനിറങ്ങിയ കോലി 159 പന്തിലാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 12 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ സെഞ്ചുറി. 124 റണ്‍സോടെ ക്രീസിലുണ്ട് ക്യാപ്റ്റന്. കോലി- രഹാനെ സഖ്യം 99 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രഹാനെയെ തയ്ജുല്‍ ഇസ്ലാമിന്റെ പന്തില്‍ ഇബാദത്ത് ഹുസൈന്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഏഴ് ഫോര്‍ അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്. രവീന്ദ്ര ജഡേയാണ് (10) കോലിക്ക് കൂട്ട്.

മായങ്ക് അഗര്‍വാള്‍ (14), രോഹിത് ശര്‍മ (21), ചേതേശ്വര്‍ പൂജാര (55) എന്നിവരുടെ വിക്കറ്റുകള്‍ ഇന്നലെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ബം്ഗ്ലാദേശിനായി ഇബാദത്ത് ഹുസൈന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

വിശാഖ് എസ് രാജ്‌

ക്രിക്കറ്റിനെ സംബന്ധിച്ച് യാതൊരു അറിവുമില്ലാത്ത ഒരാൾക്ക് ആ കളിയെക്കുറിച്ച് വിശദീകരിച്ചു കൊടുക്കുക എന്നത് ശ്രമകരമാണ്. ക്രിക്കറ്റിന്റെ ഏറ്റവും അടിസ്ഥാന തത്വങ്ങൾ തന്നെ സങ്കീർണമാണ്. എണ്ണിയാലൊടുങ്ങാത്ത നിയമങ്ങളുള്ളൊരു ഗെയിം ആണ് ക്രിക്കറ്റ്. അതുംപോരാഞ്ഞ് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ടെസ്റ്റ് മത്സരങ്ങൾ എന്ന് കൂടി കേൾക്കുമ്പോൾ ആദ്യമായി കളി പഠിക്കാൻ വന്നവരുടെ നെറ്റി ചുളിയും. മാന്യന്മാരുടെ കളി എന്നുള്ള നല്ല വിശേഷണം മാത്രമല്ല , സമയംകൊല്ലി കളി എന്ന ചീത്തപ്പേര് കൂടിയുണ്ട് ക്രിക്കറ്റിന്.
വർഷങ്ങളായി ക്രിക്കറ്റ് കണ്ടും കേട്ടും കളിച്ചും ശീലിച്ച ആളുകൾ കളിയുടെ പ്രാഥമിക നിയമങ്ങളെക്കുറിച്ചു ബോധവാന്മാരായിരിക്കും. പുതിയ നിയമങ്ങൾ കൂട്ടിച്ചേർക്കുമ്പോളും പഴയത് പരിഷ്കരിക്കുമ്പോളും എതിർത്തും അനുകൂലിച്ചും ചർച്ച ചെയ്തിട്ടുള്ളവരാണ് നാം. പരിമിത ഓവർ ക്രിക്കറ്റിൽ പരിഷ്‌കരിക്കപ്പെട്ട നിയമങ്ങളിലേറെയും ബാറ്റ്സ്മാന്മാർക്ക് അനുകൂലമായിട്ടുള്ളവയാണെന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട്. സൂപ്പർ ഓവർ സമനില ആയാൽ പ്രയോഗിക്കപ്പെടുന്ന നിയമം ന്യൂസിലാന്റിന് ടീമിന് നഷ്ടപ്പെടുത്തിയത് എന്താണെന്ന് നമ്മൾ കണ്ടതാണ്. ഐ സി സി പ്രസ്തുത നിയമം കഴിഞ്ഞ ദിവസം മയപ്പെടുത്തിയത് ലോകകപ്പിന് ശേഷമുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്താകാം. ലോകകപ്പ് ഫൈനൽ രണ്ട് സമനിലകളിൽ കലാശിച്ചത്കൊണ്ട് സൂപ്പർ ഓവറുകളെ സംബന്ധിച്ച് ക്രിക്കറ്റ് പുസ്തകത്തിൽ എഴുതപ്പെട്ട നിയമമെന്തെന്ന് അറിയാൻ നമ്മൾക്ക് സാധിച്ചു. സാധാരണ മത്സരമായി ഫൈനൽ അവസാനിച്ചിരുന്നുവെങ്കിൽ സൂപ്പർ ഓവറിലെ സമനില എന്ന സാധ്യതയെപ്പറ്റി എത്ര ക്രിക്കറ്റ് ആരാധകർ ചിന്തിക്കുമായിരുന്നു ?
ഒരു സാധാരണ ക്രിക്കറ്റ് ആരാധകൻ അറിയാനിടയില്ലാത്തതും അതിൽത്തന്നെ രസകരവുമായ കുറച്ചു നിയമങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

1) ഹാൻഡ് ബോൾ അല്ല ക്രിക്കറ്റ് ആണ്

ബാറ്റ്‌സ്മാൻ തന്റെ കൈ ഉപയോഗിച്ച് ബോൾ എടുക്കാൻ പാടില്ല എന്ന നിയമമാണിത്. ബൗളർ എറിഞ്ഞ പന്ത് ബാറ്റസ്മാന്റെ ബാറ്റിലോ ദേഹത്തോ മറ്റോ തട്ടി സ്റ്റമ്പിലേയ്ക്ക് നീങ്ങുമ്പോൾ കൈ ഉപയോഗിച്ച് തട്ടി മാറ്റാൻ കഴിയില്ല. ബാറ്റ്‌സ്മാൻ അങ്ങനെ ചെയ്യുന്ന പക്ഷം ഔട്ട് ആയതായി പ്രഖ്യാപിക്കുന്നതാണ്. ക്രിക്കറ്റിലെ വിചിത്ര നിയമങ്ങളിൽ ഒന്നാണിത്. ബാറ്റിന്റെ താഴേ അറ്റം മുതൽ ബാറ്റിങ് ഗ്ലൗസ് വരെയുള്ള ഭാഗം ബാറ്റ് ആയിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഗ്ലൗസിൽ കൊണ്ട് ഉയരുന്ന പന്ത് ഫീൽഡർ പിടിച്ചാൽ ഔട്ട് വിളിക്കുന്നതും. എന്നാൽ അതേ ഗ്ലൗസ് ഇട്ട കൈ ഉപയോഗിച്ച് പന്ത് തട്ടി മാറ്റാൻ നിയമം അനുവദിക്കുന്നില്ല. ബാറ്റ്കൊണ്ട് പന്ത് തട്ടി മാറ്റുകയും ചെയ്യാം.

2 ) 3 മിനിറ്റ് !

ഒരു ബാറ്റ്‌സ്മാൻ പുറത്തായി കഴിഞ്ഞാൽ അടുത്ത ബാറ്റ്‌സ്മാൻ 3 മിനിറ്റിനകം ക്രീസിൽ എത്തണം എന്നാണ് നിയമം. അല്ലാത്തപക്ഷം പുതിയ ബാറ്റ്സ്മാനും പുറത്തായതായി പ്രഖ്യാപിക്കും. ഇക്കാരണംകൊണ്ടാണ് ഡ്രസിങ് റൂമിൽ അടുത്ത ഇറങ്ങാനുള്ള ബാറ്റ്‌സ്മാൻ പാഡും ഗ്ലൗസും ഒക്കെ കെട്ടി തയ്യാറായിരിക്കുന്നത്.

3) രണ്ടു തവണ പന്ത് തട്ടിയാൽ പുറത്ത്

ബോധപൂർവം രണ്ടു തവണ ബോളിൽ ബാറ്റ്കൊണ്ട് തട്ടുന്നത് ബാറ്റ്‌സ്മാൻ പുറത്താകുന്നതിന് കാരണമാകും. അറിയാതെ സംഭവിച്ചതാണോ അല്ലയോ എന്ന് അമ്പയർമാർക്ക് തീരുമാനിക്കാം.

4) അപ്പീൽ ഇല്ലെങ്കിൽ ഔട്ടുമില്ല

ഫീൽഡിങ് ടീം അപ്പീൽ ചെയ്യുന്നില്ല എങ്കിൽ അമ്പയർ ഔട്ട് വിളിക്കാൻ പാടില്ല എന്നാണ് ക്രിക്കറ്റ് പുസ്തകം പറയുന്നത്. എത്ര വ്യക്തതമായ പുറത്താകൽ ആണെങ്കിൽ കൂടി അപ്പീൽ ഇല്ലാതെ ഔട്ട് വിളിക്കാൻ കളി നിയന്ത്രിക്കുന്നവർക്ക് അധികാരം ഇല്ല. പ്രധാനമായും എൽ ബി ഡബ്ള്യു , സോഫ്ട് എഡ്ജസ് എന്നീ സാഹചര്യങ്ങളിൽ ആണ് ഈ നിയമത്തിന് കൂടുതൽ പ്രസക്തി.

5) നോ ബോളാണ് , ഔട്ടുമാണ്

ബൗളർ നോ ബോൾ എറിയുകയാണെങ്കിൽ ഔട്ട് വിളിക്കാൻ പാടില്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ നോ ബോൾ ആണെങ്കിലും ബാറ്റ്‌സ്മാൻ പുറത്തു പോകേണ്ടിവരും. ബോൾ കൈകൊണ്ട് എടുക്കുക , രണ്ടു തവണ പന്ത് തട്ടുക , ഫീൽഡിങ് തടസപ്പെടുത്തുക തുടങ്ങിയ സാഹചര്യങ്ങളിൽ നോ ബോൾ ആണെങ്കിലും ബാറ്റ്‌സ്മാൻ പുറത്താകും.

 

ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയശേഷം ഒരു തവണപോലും കളത്തിലിറങ്ങാൻ അവസരം നൽകാതെ മലയാളി താരം സഞ്ജു സാംസണെ തൊട്ടടുത്ത പരമ്പരയ്ക്കുള്ള ടീമിൽനിന്ന് തഴഞ്ഞതിനെതിരെ വിമർശനവുമായി പ്രമുഖരും. കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ, ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെ തുടങ്ങിയവരാണ് സഞ്ജുവിനെ പിന്തുണച്ചു രംഗത്തെത്തിയത്. സിലക്ടർമാർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിങ് മികവാണോ അതോ ഹൃദയത്തിന്റെ കരുത്താണോയെന്ന് ശശി തരൂർ എംപി ചോദിച്ചു.

ബംഗ്ലദേശിനെതിരായ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയപ്പോൾ തരൂരും മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറും ഉള്‍പ്പെടെയുള്ളവർ ആഹ്ലാദം അറിയിച്ചിരുന്നു. എന്നാൽ, പരമ്പരയിലെ മൂന്നു മത്സരങ്ങളിലും താരം പുറത്തിരുന്നു. തുടർച്ചയായി പരാജയപ്പെട്ടിട്ടും യുവതാരം ഋഷഭ് പന്തിന് വീണ്ടും വീണ്ടും അവസരങ്ങള്‍ നൽകുകയും ചെയ്തു.

സഞ്ജുവിനെ ടീമിൽനിന്ന് തഴഞ്ഞതിനെ വിമർശിക്കുന്ന ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്ത് ശശി തരൂർ എംപി കുറിച്ചതിങ്ങനെ:

‘ഒരു തവണപോലും അവസരം കിട്ടാതെ സഞ്ജു ടീമിൽനിന്ന് തഴയപ്പെട്ടതിൽ കടുത്ത നിരാശ തോന്നുന്നു. മൂന്നു ട്വന്റി20 മത്സരങ്ങളിലും സഞ്ജു സഹതാരങ്ങൾക്കായി വെള്ളം ചുമന്നു. പിന്നാലെ ടീമിനു പുറത്തുമായി. അവർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിങ് മികവാണോ അതോ ഹൃദയത്തിന്റെ കരുത്തോ?’

സഞ്ജുവിനെ ടീമിൽനിന്ന് തഴഞ്ഞതിൽ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെയും അദ്ഭുതം രേഖപ്പെടുത്തി.

‘സഞ്ജുവിനെ സംബന്ധിച്ച് കഠിനമായ തീരുമാനം. എങ്കിലും ടീമിനൊപ്പം എല്ലായിടത്തും സഞ്ചരിക്കുന്നതിനേക്കാൾ കളത്തിലിറങ്ങി കളിക്കുന്നതായിരിക്കും അദ്ദേഹത്തിനു നല്ലതെന്ന് തോന്നുന്നു. ഒരിക്കൽക്കൂടി ഋഷഭ് പന്തിൽ സിലക്ടർമാർ കടുത്ത വിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തവണ ടീം അദ്ദേഹത്തിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കും.’ – ഭോഗ്‍ലെ ട്വീറ്റ് ചെയ്തു.

പ്രശസ്ത സംഘാടകനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുൻ ടീം ഡയറക്ടറുമായ ജോയ് ഭട്ടാചാര്യയും സഞ്ജുവിനെ തഴഞ്ഞതിനെ രൂക്ഷമായി വിമർശിച്ചു. ‘വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസണിന് ഇടമില്ല. ഒരിക്കൽപ്പോലും അവസരം നൽകാതെ എങ്ങനെയാണ് ഒരു താരത്തെ തഴയുക? ഒരു ക്രിക്കറ്റ് താരത്തിന്റെ ആത്മവിശ്വാസത്തെ അത് എപ്രകാരം ബാധിക്കുമെന്നാണ് നിങ്ങൾ (സിലക്ടർമാർ) കരുതുന്നത്?’ – ഭട്ടാചാര്യ എഴുതി.

 

ഇന്ത്യ വെസ്റ്റിൻഡീസ് ഏകദിന ടി20 പരമ്പരയ്ക്ക് മുന്നോടിയായി ‘യുദ്ധം’ പ്രഖ്യാപിച്ച് സൂപ്പർ താരങ്ങൾ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലെ സഹതാരങ്ങളായ രോഹിത്ത് ശർമ്മയും കീറോൺ പൊള്ളാർഡുമാണ് ഇപ്പോൾ പരസ്പരം ഏറ്റുമുട്ടുന്നത്.

രോഹിത്ത് ശർമയെ ട്വിറ്ററിൽ അൺഫോളോ ചെയ്താണ് പൊള്ളാർഡ് ആദ്യ വെടിപൊട്ടിച്ചത്. എന്നാൽ പൊള്ളാർഡിനെ കാറിൽ നിന്നും ഇറക്കിവിട്ടാണ് രോഹിത്ത് ഇതിന് മറുപടി നൽകിയത്. സറ്റാർ സ്‌പോട്‌സ് പുറത്തിറക്കിയ പരസ്യത്തിലൂടെയാണ് രോഹിത്തിന്റെ മറുപടി. പരമ്പരയ്ക്ക് മുന്നോടിയായി സ്റ്റാർ സ്പോട്സ് ആണ് ശ്രദ്ധേയമായ ഈ പരസ്യം പുറത്തിറക്കിയത്.

അൺഫ്രണ്ട്ഷിപ്പ് ഡേയെന്ന ഹാഷ് ടാഗുമായാണ് ഇന്ത്യ വിൻഡീസ് പരമ്പരയ്ക്കു മുന്നോടിയായി സ്റ്റാർ സ്‌പോർട്‌സ് പരസ്യം പുറത്തിറക്കിയത്. വിമാനത്താവളത്തിലെത്തുന്ന പൊള്ളാർഡിനെ സ്വീകരിക്കാൻ രോഹിത് കാറിൽ എത്തുന്നതാണ് സംഭവം. യാത്രയ്ക്കിടെ ഇന്ത്യയെ അവരുടെ നാട്ടിൽ വച്ച് തോൽപ്പിക്കുന്നത് ഏറെ സന്തോഷം നൽകുമെന്ന് പൊള്ളാർഡ് അഭിപ്രായപ്പെട്ടുവെന്ന് കാറിലെ എഫ്എം റേഡിയോയിൽ പറയുന്നു.

ഇതു കേട്ട രോഹിത് ഉടൻ കാർ കേടായെന്ന വ്യാജേന പൊള്ളാർഡിനോട് വണ്ടി തള്ളാൻ അഭ്യർത്ഥിയ്ക്കുകയും കാറിൽ നിന്നും പുറത്തിറങ്ങിയ താരത്തെ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. പൊള്ളാർഡിന്റെ ലഗേജടക്കം വഴിയിൽ തള്ളിയാണ് രോഹിത്ത് യാത്രയാകുന്നത്. ഡിസംബർ ആറു മുതലാണ് ഇന്ത്യയും വിൻഡീസും തമ്മിലുള്ള പരമ്പരയ്ക്കു തുടക്കമാവുന്നത്.

മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് വിൻഡീസ് ഇന്ത്യയിൽ കളിക്കുക. ടി20 പരമ്പരയിലെ ഒരു മൽസരം കേരളത്തിലും നടക്കുന്നുണ്ട്. ഡിസംബർ എട്ടിന് തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് ടി20 പരമ്പരയിലെ രണ്ടാമത്തെ മൽസരത്തിനു വേദിയാവുന്നത്.

 

ഇന്ത്യന്‍ ക്രിക്കറ്റിലെ ചരിത്രമുഹൂര്‍ത്തത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യയുടെ ആദ്യഡേ–നൈറ്റ് ടെസ്റ്റിന് ഈഡന്‍ ഗാര്‍ഡന്‍സ് ഇന്ന് വേദിയാകും. ഒന്നാംടെസ്റ്റ് ജയിച്ച ഇന്ത്യ, ബംഗ്ലദേശിനെതിെര പരമ്പരജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഉച്ചയ്ക്ക് ഒരുമണിക്കാണ് മല്‍സരം തുടങ്ങുക.

അവിശ്വസനീയ പ്രകടനങ്ങളും അവിസ്മരണീയ തിരിച്ചുവരവുകളും കണ്ട ഈഡനോളം ഇന്ത്യയുടെ ഡേ–നൈറ്റ് ടെസ്റ്റ് അരങ്ങേറ്റത്തിന് യോജിക്കുന്ന മറ്റൊരു വേദയില്ല. ബംഗാള്‍ മുഖ്യമന്ത്രി–മമത ബാനര്‍ജിയും ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും മണിമുഴക്കുന്നതോടെ കാത്തിരിപ്പിന് വിരാമമാകും. നാല് ദിവസത്തേക്കുള്ള ടിക്കറ്റ് വിറ്റുപോയെങ്കിലും മല്‍സരം എത്രദിവസം നീണ്ടുനില്‍ക്കുമെന്ന ആകാംഷയിലാണ് ആരാധകര്‍. ഇന്ത്യന്‍ ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

ചുവന്ന പന്തുകള്‍ രാത്രിയില്‍ തിരിച്ചറിയാത്തതിനാല്‍ പിങ്ക് പന്തുകളാണ് ഉപയോഗിക്കുന്നത്. ആദ്യമണിക്കൂറുകളില്‍ പിങ്ക് പന്തുകള്‍ക്ക് മികച്ച സ്വിങ് ലഭിക്കുന്നതിനാല്‍ ഷമിയടക്കമുള്ള പേസര്‍മാര്‍ അപകടകാരികളാകും. കഴിഞ്ഞ മല്‍സരത്തില്‍ തകര്‍ന്നിട‍ിഞ്ഞ ബംഗ്ല ബാറ്റിങ് നിര എത്രത്തോളം ചെറുത്ത് നില്‍പ് കാണിക്കുമെന്നത് കണ്ടറിയണം. പന്ത് പഴകുന്നതോടെ റിവേഴ്സ് സ്വിങ് ലഭിക്കില്ല. ഈ സമയത്ത് ബാറ്റ്സ്മാന്‍മാര്‍ക്ക് നേട്ടമുണ്ടാക്കാനാകും.

സ്പിന്നര്‍മാര്‍ക്ക് ഗ്രിപ്പ് ലഭിക്കാനും ബുദ്ധിമുട്ടാകും. സന്ധ്യാസമയമാണ് ബാറ്റ്സ്മാന്‍മാര്‍ക്ക് ഏറെ നിര്‍ണായകമാകുക. പന്തിന്റെ സീം തിരിച്ചറിയുന്നതും പന്തിന്റെ അകലം കണക്കാകുന്നതും ബുദ്ധിമുട്ടാണ്. ഈ സമയത്ത് സ്പിന്നര്‍മാര്‍ക്ക് നേട്ടമുണ്ടാക്കാനാകും. ഉയര്‍ന്നുപൊങ്ങിയ പന്തുകള്‍ ക്യാച്ചെടുക്കാനും പ്രയാസമാകും. രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് പിങ്ക് ബോളില്‍ കളിച്ചുളള പരിചയം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. പിങ്ക് ബോളിന്റെ സ്വിങ് ബംഗ്ലാ പേസര്‍മാര്‍ മുതലാക്കിയാല്‍ മല്‍സരം ആവേശകരമാകും. ടോസ് നേടുന്നവര്‍ ആദ്യം ബാറ്റുചെയ്യനാണ് സാധ്യത.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുളളത്. പരമ്പരയിലെ ആദ്യ ടി20 മത്സരം അടുത്തമാസം ആറിന് മുംബൈയില്‍ നടക്കും. രണ്ടാം മത്സരം എട്ടിന് തിരുവനന്തപുരത്തും മൂന്നാം മത്സരം 11ന് ഹൈദരാബാദിലും നടക്കും. ഡിസംബര്‍ 15ന് ചെന്നൈയിലാണ് ആദ്യ ഏകദിനം. വിശാഖപട്ടണം(ഡിസംബര്‍ 18), കട്ടക്ക്(ഡിസംബര്‍ 22) എന്നിവടങ്ങളിലാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍.

വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുമെന്നാണ് സൂചന. ഈ വര്‍ഷം മാത്രം രോഹിത് 11 ടി20 മത്സരങ്ങളും 25 ഏകദിനങ്ങളിലും കളിച്ചു. ക്യാപ്റ്റന്‍ വിരാട് കോലിയേക്കാള്‍ മൂന്ന് ഏകദിനങ്ങളിലും നാല് ടി20 മത്സരങ്ങളിലും രോഹിത് അധികമായി കളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രോഹിത്തിന് വിശ്രമം നല്‍കുന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ആലോചിക്കുന്നത്.

മോശം ഫോമിലുള്ള ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ തുടരുമോ എന്നും ആകാംക്ഷയുണര്‍ത്തുന്ന കാര്യമാണ്. ധവാനെ തഴഞ്ഞാല്‍ മായങ്ക് അഗര്‍വാളോ, കെ എല്‍ രാഹുലോ ഏകദിന ടീമില്‍ ഇടം നേടും. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടിയെങ്കിലും ഒറ്റ മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ് വീണ്ടും അവസരം നല്‍കിയേക്കുമെന്നാണ് കരുതുന്നത്.

പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതരാകാത്ത ഹര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, നവദീപ് സെയ്നി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ ശിവം ദുബെയും ഷര്‍ദ്ദുല്‍ ഠാക്കൂറും ടീമില്‍ തുടര്‍ന്നേക്കും. സ്പിന്‍ ബൗളിംഗ് ഓള്‍ റൗണ്ടര്‍മാരായ വാഷിംഗ്ടണ്‍ സുന്ദറിന്റെയും ക്രുനാല്‍ പാണ്ഡ്യയുടെയും പ്രകടനങ്ങളും വിലയിരുത്തും. ദീപക് ചാഹര്‍ പേസ് പടയെ നയിക്കുമ്പോള്‍ ഖലീല്‍ അഹമ്മദ് ടീമില്‍ സ്ഥാനം നിലനിര്‍ത്തുമോ എന്നകാര്യം സംശയമാണ്.

ഇന്നലെ രാത്രി ഇസ്രായേലിൽ വെച്ച് നടന്ന അർജന്റീന ഉറുഗ്വേ മത്സരത്തിനു ശേഷം ലിയണൽ മെസ്സിയും എഡിസൻ കവാനിയും തമ്മിൽ ഉടക്കി. 2-2 എന്ന സ്കോറിന് മത്സരം അവസാനിച്ച ശേഷമാണ് രണ്ട് ടീമിലെയും സൂപ്പർ താരങ്ങൾ തമ്മിൽ വഴക്കുണ്ടായത്. മെസ്സിയെ തന്റെ കൂടെ ഇടികൂടാൻ ഉണ്ടോ എന്ന് കവാനി ക്ഷണിക്കുകയായിരുന്നു. ഇതുകേട്ട മെസ്സി എവിടെ വെച്ചായാലും ഉണ്ട് എന്നും ഇടി ചെയ്ത് നോക്കാം എന്നും തിരിച്ചു പറഞ്ഞു.

ഇരുവരും തമ്മിലുള്ള വാക്കു തർക്കങ്ങൾ കയ്യാങ്കളിയിലേക്ക് നീങ്ങുന്നതിനിടയ്ക്ക് വന്ന സുവാരസാണ് വഴക്ക് പരിഹരിച്ചത്. ഇരു താരങ്ങളെയും സുവാരസ് പിടിച്ചു മാറ്റുകയായിരുന്നു. ബാഴ്സലോണയിൽ മെസ്സിക്ക് ഒപ്പം കളിക്കുന്ന സുവാരസിന് മെസ്സിയുമായി വലിയ സൗഹൃദ ബന്ധമുണ്ട്. അതു തന്നെ കവാനിയുമായും ഉണ്ട്. ഇരുവരെയും പിടിച്ചു മാറ്റി സംയമനം പാലിക്കാൻ ആണ് സുവാരസ് പറഞ്ഞത്. മെസ്സി കഴിഞ്ഞ മത്സരത്തിൽ ബ്രസീൽ പരിശീലകൻ ടിറ്റെയുമായും വഴക്കു കൂടിയിരുന്നു.

1983-ല്‍ കപിലിന്റെ ചെകുത്താന്‍ന്മാര്‍ ലോക കിരീടം ഉയര്‍ത്തിയ ശേഷം 22 വര്‍ഷം കാത്തിരുന്ന ശേഷമാണ് ഇന്ത്യയ്ക്ക് മറ്റൊരു ഏകദിന ലോക കിരീടം ലഭിച്ചത്. മഹേന്ദ്ര സിംഗ് ധോണിയെന്ന ഇതിഹാസ നായകന് കീഴിലായിരുന്നു ഇന്ത്യയുടെ ലോക കപ്പ് നേട്ടം. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ ഗംഭീറിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്.

മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ ഗംഭീര്‍ 122 പന്തില്‍ 97 റണ്‍സ് നേടിയിരുന്നു. ധോണി 91 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയു ചെയ്തു. ഗംഭീര്‍- ധോണി സഖ്യം 109 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 274നെതിരെ ഇന്ത്യ മൂന്നിന് 114 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഇരുവരും ഒത്തുച്ചേരുന്നത്.

എന്നാല്‍ സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെ വെച്ച് ഗംഭീര്‍ പുറത്തായി. അതിന് കാരണം ധോണിയാണെന്നാണ് ഗംഭീര്‍ പറയുന്നത.

‘അന്നത്തെ സെഞ്ച്വറി നഷ്ടത്തെ കുറിച്ച് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ആ ഇന്നിംഗ്സില്‍ ഞാനൊരിക്കലും വ്യക്തിഗത നേട്ടത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. വിജയലക്ഷ്യക്കെ കുറിച്ച് മാത്രമായിരുന്നു ചിന്ത. പുറത്താവുന്നതിന് മുമ്പുള്ള ഓവറിന് ശേഷം ധോണി എന്റെ അരികിലെത്തി. മൂന്ന് റണ്‍സ് കൂടി നേടിയാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കാമെന്ന് അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചു.

ഇതോടെ ഞാന്‍ സെഞ്ച്വറിയെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. ഇതോടെ എനിയ്ക്ക് സമ്മര്‍ദ്ദവും കൂടി. ധോണി സംസാരിക്കുന്നതിന് മുമ്പ് വരെ വിജയലക്ഷ്യത്തെ കുറിച്ച് മാത്രമായിരുന്നു ചിന്ത. ലക്ഷ്യത്തെ കുറിച്ച് മാത്രം ചിന്തിച്ചിരുന്നെങ്കില്‍ എനിക്ക് അനായാസം സെഞ്ച്വറി തികയ്ക്കാമായിരുന്നു.” ഗംഭീര്‍ പറഞ്ഞു നിര്‍ത്തി.

ഐപിഎല്‍(ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) പുതിയ സീസണിനു മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെയും കരാര്‍ അവസാനിപ്പിച്ച താരങ്ങളുടെയും പട്ടിക പുറത്ത്. താരങ്ങളുടെ കൈമാറ്റത്തിനുളള സമയം അവസാനിച്ചതിനു പിന്നാലെയാണ് ലേലത്തിനുള്ള താരങ്ങളുടെ പട്ടിക പുറത്തെത്തിയത്.പുതിയ സീസണില്‍ കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആണ് സമ്പൂര്‍ അഴിച്ചുപണിക്ക് ഒരുങ്ങിയിരിക്കുന്നത്. അതേസമയം പ്രമുഖ താരങ്ങളെ ഉള്‍പ്പെടെ ടീമുകള്‍ കൈയൊഴിഞ്ഞതും ശ്രദ്ധേയമായി.

എ.ബി.ഡിവില്ലിയേഴ്‌സ്, മോയിന്‍ അലി എന്നീ വിദേശ താരങ്ങളെ മാത്രം നിലനിര്‍ത്തിയാണ് ബാംഗ്ലൂര്‍ സമ്പൂര്‍ണ അഴിച്ചുപണിക്കൊരുങ്ങിയത്. വമ്പന്‍ മാറ്റങ്ങള്‍ക്ക് കളമൊരുക്കാതിരിക്കുന്ന മുംബൈ ഇന്ത്യന്‍സ് യുവരാജ് സിങ്ങിനെ കൈവിട്ടു. റോബിന്‍ ഉത്തപ്പയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കൈവിടടൂ് ഡേവിങ് മില്ലറിനെ പഞ്ചാബും, ക്രിസ് മോറിസിനെ ഡല്‍ഹി ക്യാപിറ്റല്‍സും കൈവിട്ടു.

അഴിച്ചുപണിക്കൊരുങ്ങിയ ബാംഗ്ലൂരിന് ഇനി ആറു വിദേശ താരങ്ങളെ ഉള്‍പ്പെടെ 12 താരങ്ങളെ സ്വന്തമാക്കാന്‍ അവകാശമുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ചു താരങ്ങളേയും സ്വന്തമാക്കാം. മലയാളി താരങ്ങളായ സന്ദീപ് വാരിയരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ബേസില്‍ തമ്പിയെ സണ്‍റൈസേഴ്‌സും കെഎം ആസിഫിനെ ചെന്നൈയും സഞ്ജു സാംസണിനെ രാജസ്ഥാനും നിലനിര്‍ത്തി. എന്നാല്‍ രാജസ്ഥാനില്‍ നിന്ന് എസ്.മിഥുനേയും, ഡല്‍ഹിയില്‍ നിന്ന് ജലജ് സക്‌സേനയേയും ഒഴിവാക്കി.

അർജന്റീനയ്ക്കു മെസ്സി വീണ്ടും രക്ഷകൻ. പതിമൂന്നാം മിനിറ്റിൽ നായകൻ ലയണൽ മെസ്സി നേടിയ ഗോളിൽ ചിരവൈരികളായ ബ്രസീലിനെതിരായ സൗഹൃദമത്സരത്തിൽ അർജന്റീനയ്ക്ക് അഭിമാനജയം. സ്കോർ 1–0.

ബോക്സിൽ അലക്സ് സാന്ദ്രോ തന്നെ വീഴ്ത്തിയതിനു കിട്ടിയ പെനൽറ്റി വഴിയായിരുന്നു മെസ്സിയുടെ ഗോൾ. മെസ്സിയുടെ കിക്ക് ബ്രസീൽ ഗോൾകീപ്പർ ആലിസൻ ബെക്കർ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ മെസ്സി ലക്ഷ്യം കണ്ടു.

മൂന്നു മാസത്തെ വിലക്കിനു ശേഷം ടീമിലേക്കു തിരിച്ചെത്തിയ മത്സരത്തിലാണ് മെസ്സിയുടെ ഗോൾ. എട്ടാം മിനിറ്റിൽ ബ്രസീലിനു കിട്ടിയ പെനൽറ്റി കിക്ക് ഗബ്രിയേൽ ജിസ്യൂസ് പുറത്തേക്കടിച്ച് നഷ്ടപ്പെടുത്തിയിരുന്നു. കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം ഇതു വരെ ബ്രസീലിന് ജയം നേടാനായിട്ടില്ല. റിയാദിലെ മൽസരത്തോടെ ഈ മത്സരങ്ങളുടെ എണ്ണം അഞ്ചായി. ഈ മാസം 19ന് അബുദാബിയിൽ ദക്ഷിണ കൊറിയയുമായി ബ്രസീൽ സൗഹൃദമൽസരത്തിനിറങ്ങും.

റിയാദിലെ കിങ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയം തിങ്ങിനിറഞ്ഞ, ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ആരാധകരെ സാക്ഷി നിർത്തിയാണ് അർജന്റീനയുടെ ജയം. ചാംപ്യൻസ് ലീഗിലെ ഹാട്രിക്കിലൂടെ ശ്രദ്ധേയനായ പതിനെട്ടുകാരൻ റോഡ്രിഗോയുടെ ബ്രസീൽ ദേശീയ ടീം അരങ്ങേറ്റത്തിനും മത്സരം സാക്ഷ്യം വഹിച്ചു. അവസാന 20 മിനിറ്റിൽ വില്യന് പകരക്കാരനായാണ് റോഡ്രിഗോ മൈതാനത്തിറങ്ങിയത്. മത്സരങ്ങളിൽ ജയമാണ് പ്രധാനമെന്നും അതും ബ്രസീലിനെതിരെ തന്നെ ജയം നേടാനായതിൽ കൂടുതൽ സന്തോഷമുണ്ടെന്നും മത്സരത്തിനു ശേഷം മെസ്സി പ്രതികരിച്ചു.

ഏകദേശം ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ബ്രസീലും അർജന്റീനയും സൗദിയിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ജിദ്ദയിൽ നടന്ന മൽസരത്തിൽ ബ്രസീൽ അർജന്റീനയെ 1–0 എന്ന നിലയിൽ തോൽപ്പിച്ചിരുന്നു. കോപ്പ അമേരിക്ക ടൂർണമെന്റിലെ സെമി ഫൈനലിൽ ബ്രസീൽ 2–0 എന്ന നിലയിൽ അർജന്റീനയെ തോൽപ്പിച്ചിരുന്നു. ടൂർണമെന്റിലെ ആതിഥേയരായ ബ്രസീലിന് അനുകൂലമായി ഈ മത്സരത്തിൽ പക്ഷപാതിത്വമുണ്ടായെന്ന് മെസ്സി കുറ്റപ്പെടുത്തിയിരുന്നു.

തുടർന്ന് കോപ്പ അമേരിക്ക സംഘാടകരായ ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ഭരണസമിതിയെ വിമർശിച്ചതിനാണ് മെസ്സിക്ക് മൂന്നു മാസത്തേക്ക് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിലക്ക് നേരിടേണ്ടി വന്നത്. ജൂലൈയിൽ നടന്ന കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിനു ശേഷം ടൂർണമെന്റ് നടത്തിപ്പിനെയും സംഘാടകരെയും വിമർശിച്ചതിനായിരുന്നു ഇത്. അർജന്റീന ജഴ്സിയിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കു ലഭിച്ച മെസ്സിക്ക് 50,000 യുഎസ് ഡോളർ പിഴയും ചുമത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved