ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന മുൻ ഓപ്പണർ ഗൗതം ഗംഭീറിന്റെ ഏകദിന, ട്വന്റി20 കരിയറുകൾക്ക് വിരാമമിട്ടത് താനാണെന്ന അവകാശവാദവുമായി പാക്കിസ്ഥാന്റെ മുൻ താരം മുഹമ്മദ് ഇർഫാൻ രംഗത്ത്. 2012ലെ ഇന്ത്യ–പാക്കിസ്ഥാൻ പരമ്പരയിൽ തന്റെ പന്തുകൾക്കു മുന്നിൽ തുടർച്ചയായി പതറിയതോടെയാണ് ഗംഭീർ ടീമിന് പുറത്തായതെന്നാണ് ഇർഫാന്റെ വാദം. ഇന്ത്യൻ ജഴ്സിയിൽനിന്നുള്ള ഗംഭീറിന്റെ പടിയിറക്കത്തിന്റെ തുടക്കം ആ പരമ്പരയിൽനിന്നാണെന്നും ഇർഫാൻ അവകാശപ്പെടുന്നു.
2012–13 സീസണിലെ ഏകദിന–ട്വന്റി20 പരമ്പരകളിൽ നാലു തവണയാണ് ഇർഫാൻ ഗംഭീറിനെ പുറത്താക്കിയത്. പിന്നീട് ഇംഗ്ലണ്ടിനെതിരെ പരമ്പരയിൽ കൂടി ടീമിൽ നിലനിന്നെങ്കിലും അതോടെ ഗംഭീർ ടീമിനു പുറത്തായി. അതിനു കാരണം താനാണെന്നാണ് ഇർഫാന്റെ വാദം. ഉയരക്കൂടുതൽ കൊണ്ട് ശ്രദ്ധ നേടിയ ഇർഫാൻ ഇപ്പോൾ ക്രിക്കറ്റിൽ സജീവമല്ല. പാക്കിസ്ഥാൻ ജഴ്സിയിൽ നാലു ടെസ്റ്റുകളും 60 ഏകദിനങ്ങളും 20 ട്വന്റി20കളും കളിച്ചിട്ടുണ്ട്.
‘ആ പരമ്പരയ്ക്കിടെ എന്റെ പന്തുകൾ നേരിടാൻ ഗംഭീർ ഇഷ്ടപ്പെട്ടിരുന്നില്ല. കളിയിലായാലും നെറ്റ്സിലായാലും എന്നെ ഒഴിവാക്കാനായിരുന്നു ശ്രമം. ഞാനുമായി നേർക്കുനേർ വരുന്നതുപോലും ഗംഭീർ മനഃപൂർവം ഒഴിവാക്കി. ആ പരമ്പരയിൽ ഏകദിനത്തിലും ട്വന്റി20യിലുമായി നാലുതവണയാണ് ഞാൻ ഗംഭീറിനെ പുറത്താക്കിയത്. അദ്ദേഹത്തിന് എന്റെ പന്തുകൾ ഭയമായിരുന്നു’ – ഇർഫാൻ പറഞ്ഞു.
ആ പരമ്പരയ്ക്കു തൊട്ടുപിന്നാലെ ഇംഗ്ലണ്ടിനെതിരെയും ഗംഭീറിന് അവസരം നൽകിയെങ്കിലും പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയില്ലെന്ന് ഇർഫാൻ ചൂണ്ടിക്കാട്ടി. ഗംഭീറിന്റെ കരിയർ അവസാനിപ്പിച്ച ആളെന്ന നിലയിൽ പലരും തന്നെ അഭിനന്ദിച്ചിരുന്നുവെന്നും ഇർഫാൻ അവകാശപ്പെട്ടു.
‘എന്റെ പന്തുകൾ ഫലപ്രദമായി നേരിടാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. ഞാൻ എറിയുന്ന പന്ത് കാണാൻ പോലും സാധിക്കുന്നില്ലെന്ന് അന്നത്തെ ഇന്ത്യൻ ടീമംഗങ്ങളിൽ ചിലർ എന്നോടു പറഞ്ഞിരുന്നു. ഉയരക്കൂടുതൽ കാരണം പന്തിന്റെ പേസ് വ്യതിയാനം തിരിച്ചറിയാൻ അവർക്കു കഴിഞ്ഞിരുന്നില്ല’ – ഇർഫാൻ പറഞ്ഞു. ആ പരമ്പരയോടെയാണ് ഗംഭീറിന്റെ കരിയറിൽ തിരിച്ചിറക്കം ആരംഭിച്ചതെന്നു പറഞ്ഞ ഇർഫാൻ, താനാണ് അതിനു കാരണക്കാരൻ എന്നും അവകാശപ്പെട്ടു.
തന്റെ പന്ത് കാണാൻ പോലും സാധിക്കുന്നില്ലെന്ന് വിരാട് കോലിയും തുറന്നു പറഞ്ഞിരുന്നുവെന്ന് ഇർഫാൻ പറഞ്ഞു. ‘പന്തിന്റെ വേഗം ഗണിച്ചെടുക്കാനാവുന്നില്ലെന്നായിരുന്നു കോലിയുടെ വാക്കുകൾ. പന്തു വരുമ്പോൾ 130–135 കിലോമീറ്റർ വേഗമാണ് കോലി കണക്കുകൂട്ടുക. എന്നാൽ യഥാർഥ വേഗം 145 കിലോമീറ്ററിന് അടുത്തായിരിക്കും. ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നതായാണ് കോലി വെളിപ്പെടുത്തിയത്. ഒരിക്കൽ ഞാൻ എറിഞ്ഞ ഗുഡ് ലെങ്ത് ബോൾ പുൾ ചെയ്യാനുള്ള കോലിയുടെ ശ്രമം പരാജയപ്പെടുകയും ചെയ്തു. ഈ സമയത്ത് നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്നത് യുവരാജ് സിങ്ങായിരുന്നു. എന്റെ പന്തുകൾ പുൾ ചെയ്യുന്നതിനു പകരം കട്ട് ചെയ്യാന്‍ ശ്രമിക്കാൻ യുവരാജ് പഞ്ചാബിയിൽ കോലിയോടു പറഞ്ഞു. എന്നാൽ മൂന്നാം പന്തും പുൾ ചെയ്യാൻ ശ്രമിച്ച കോലിയെ വിക്കറ്റ് കീപ്പർ പിടികൂടി.
തിരിച്ചു നടന്നോ എന്ന് യുവരാജ് കോലിയോട് പറഞ്ഞു’ – ഇർഫാൻ വെളിപ്പെടുത്തി.
ഹൈദരാബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകൻ ആസാദുദ്ദീനും ടെന്നിസ് താരം സാനിയ മിർസയുടെ സഹോദരി അനം മിർസയും വിവാഹിതരാകുന്നു. വിവാഹത്തേക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഏറെ നാളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് സ്ഥിരീകരണം ഉണ്ടാകുന്നത്. സാനിയ മിർസ തന്നെയാണ് ഒരു ദേശീയ മാധ്യമത്തോട് വിവാഹ വാർത്ത സ്ഥിരീകരിച്ചത്.
ആസാദിനും അനം മിർസയ്ക്കുമൊപ്പമുള്ള ചിത്രം ‘കുടുംബം’ എന്ന തലവാചകത്തോടെ സാനിയ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. ആസാദും അനവുമൊന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടെങ്കിലും പ്രണയത്തേക്കുറിച്ചോ വിവാഹത്തേക്കുറിച്ചോ സൂചനകളൊന്നും ഇതുവരെ നൽകിയിരുന്നില്ല.
സ്റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന അനം മിർസയുടെ രണ്ടാം വിവാഹമാണ് ഇത്. 2016 നവംബർ 18ന് അക്ബർ റഷീദ് എന്നയാളെ അനം മിർസ വിവാഹം ചെയ്തിരുന്നു. എന്നാൽ, ഒന്നര വർഷത്തോളം നീണ്ട ദാമ്പത്യത്തിനു ശേഷം 2018ൽ ഇരുവരും പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നു.
മുഹമ്മദ് അസ്ഹറുദ്ദീന് ആദ്യ ഭാര്യ നൗറീനിലുള്ള മൂത്ത മകനാണ് ആസാദുദ്ദീൻ എന്ന ആസാദ്. പിതാവിന്റെ പാത പിന്തുടർന്ന് ക്രിക്കറ്റ് താരമായ ആസാദ്, 2018ൽ ഗോവ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അസ്ഹറിന്റെ ഇളയ മകനായ ആയാസുദ്ദീൻ 2011ൽ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.
അത്‍ലറ്റിക്സ് ലോകകിരീടം അമേരിക്കയ്ക്ക്. ദോഹ ലോകചാംപ്യന്‍ഷിപ്പില്‍ 14 സ്വര്‍ണവും 11 വെള്ളിയും നാലുവെങ്കലവും അടക്കം 32 പോയിന്റോടെയാണ് അമേരിക്ക ചാംപ്യന്‍മാരായത് . അവസാന ദിനം നടന്ന 4 X 400 മീറ്റര്‍ റിലേയില്‍ പുരുഷ വനിത വിഭാഗങ്ങളില്‍ അമേരിക്ക ചാംപ്യന്‍മാരായി.
വനിത ലോങ്ജംപില്‍ ജര്‍മനിയുടെ മലൈക്ക മിഹാംബോ സ്വര്‍ണം നേടി. 28 വര്‍ഷത്തിന് ശേഷമാണ് ലോങ്ജംപില്‍ ജര്‍മനി സ്വര്‍ണം നേടുന്നത് . ഒരു മെഡല്‍ പോലും നേടാന്‍ കഴിയാതിരുന്ന ഇന്ത്യയ്ക്ക് മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാനായില്ല .
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും സീനിയര്‍ താരവുമായ മുഹമ്മദ് നബി മരിച്ചുവെന്ന വ്യാജ വാര്‍ത്ത. സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ പ്രതികരണവുമായി നബി തന്നെ നേരിട്ട് രംഗത്തെത്തി. സുഹൃത്തുക്കളെ, ഞാന്‍ സുഖമായിരിക്കുന്നു, എന്റെ മരണത്തെക്കുറിച്ച് ചില മാധ്യമങ്ങളില്‍ പ്രചരിച്ചത് വ്യാജ വാര്‍ത്തയാണ്-നന്ദി എന്നായിരുന്നു മുഹമ്മദ് നബിയുടെ ട്വീറ്റ്.
ഇതിന് പിന്നാലെ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് നബി പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും ട്വീറ്റ് ചെയ്തു. ബംഗ്ലാദേശിനെതിരായ ടെസ്റ്റോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 34കാരനായ നബി ഏകദിന, ടി20 ക്രിക്കറ്റില്‍ സജീവമാണ്.
നബിക്ക് കീഴിലാണ് അഫ്ഗാനിസ്ഥാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ മേല്‍വിലാസമുണ്ടാക്കിയത്. 2015ലെ ഏകദിന ലോകകപ്പില്‍ അട്ടിമറികളുമായി അഫ്ഗാന്‍ വരവറയിച്ചപ്പോള്‍ നബിയായിരുന്നു നായകന്‍
Dear friends,
Alhamdulillah I am all good, a news disseminated by some media outlets about my demise is FAKE. Thank you.— Mohammad Nabi (@MohammadNabi007) October 4, 2019
സംസ്ഥാന ജൂണിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നിർത്തിവച്ചു. വോളണ്ടിയറായിരുന്ന വിദ്യാർഥിയുടെ തലയിൽ ഹാമർ വീണ് പരിക്കേറ്റതിനെ തുടർന്നാണ് ചാന്പ്യൻഷിപ്പ് നിർത്തിവച്ചത്. പരിക്കേറ്റ വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുകയാണ്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി അഫീൽ ജോണ്സനാ(16)ണു പരിക്കേറ്റത്. അഫീലിനെ പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.
മേലുകാവ് ചെവ്വൂർ കുറിഞ്ഞംകുളം ജോർജ് ജോണ്‍സന്റെ മകനാണ് അഫീൽ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ഉച്ചയോടെ ഹാമർ ത്രോ മത്സരം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒരുവിഭാഗം കായികാധ്യാപകർ സംസ്ഥാന വ്യാപകമായി നിസഹകരണം നടത്തുന്നതിനിടെയാണു പാലായിൽ ജൂണിയർ അത്ലറ്റിക് മീറ്റ് നടക്കുന്നത്. അധ്യാപകരുടെ കുറവിനെത്തുടർന്നു വിദ്യാർഥികളെ ഡ്യൂട്ടിക്കു നിയോഗിക്കുകയായിരുന്നു. ജാവലിൻ മത്സര വോളണ്ടിയറായിരുന്ന അഫീൽ ജാവലിൻ എടുക്കാനായി ഗ്രൗണ്ടിലേക്കു നീങ്ങവേ മൂന്നു കിലോ തൂക്കമുള്ള ഹാമർ തലയിൽ വന്നു പതിക്കുകയായിരുന്നു.
അടുത്തടുത്താണ് ഇരു മത്സരവും നടന്നിരുന്നത്. മത്സരങ്ങളുടെ അപകടസാധ്യതകൾക്കനുസരിച്ചു ക്രമീകരണം ഏർപ്പെടുത്താത്തതാണ് ദുരന്തത്തിൽ കലാശിച്ചതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരേ പാലാ പോലീസ് കേസെടുത്തു. കുറ്റകരമായ അനാസ്ഥയും അശ്രദ്ധയുംമൂലം അപകടമുണ്ടായതിന് 338-ാം വകുപ്പ് പ്രകാരമാണ് കേസ്.
വിശാഖപട്ടണം ∙ ‘ഇരട്ട സെഞ്ചുറി’കളുടെ കരുത്തിൽ കൂറ്റൻ സ്കോർ ഉയർത്തി വെല്ലുവിളിച്ച ആതിഥേയരായ ഇന്ത്യയ്ക്ക്, വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റിൽ അതേ നാണയത്തിൽ മറുപടിയുമായി ദക്ഷിണാഫ്രിക്ക. ഓപ്പണർ ഡീൻ എൽഗാർ (160), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൻ ഡികോക്ക് (111) എന്നിവരുടെ സെഞ്ചുറിക്കരുത്തിൽ മൂന്നാം ദിനം കളി നിർത്തുമ്പോൾ 118 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് എന്ന നിലയിലാണ് സന്ദർശകർ. സെനൂരൻ മുത്തുസാമി 12 റൺസോടെയും കേശവ് മഹാരാജ് മൂന്നു റൺസോടെയും ക്രീസിൽ. രണ്ടു വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 502 റൺസിനേക്കാൾ 117 റൺസ് പിന്നിലാണ് ദക്ഷിണാഫ്രിക്ക.
ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ അഞ്ചു വിക്കറ്റ് വീഴ്ത്തി. 41 ഓവറിൽ 128 റൺസ് വഴങ്ങിയാണ് അശ്വിന്റെ അഞ്ച് വിക്കറ്റ് നേട്ടം. ഏതാണ്ട് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ടെസ്റ്റിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിൻ, രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി. ടെസ്റ്റിൽ അശ്വിന്റെ 27–ാം അഞ്ചു വിക്കറ്റ് നേട്ടമാണിത്. മാത്രമല്ല, നാട്ടിലെ 21–ാം അഞ്ചു വിക്കറ്റ് നേട്ടം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം അഞ്ച് വിക്കറ്റ് നേട്ടം എന്നീ പ്രത്യേകതകളുമുണ്ട്. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് പൂർത്തിയാക്കുന്ന ഇടംകയ്യൻ ബോളറെന്ന റെക്കോർഡ് സ്വന്തമാക്കിയ ജഡേജയുടെ പ്രകടനവും ശ്രദ്ധേയമായി. ഡീൻ എൽഗാറിനെ പുറത്താക്കിയാണ് ജഡേജ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്.
12–ാം ടെസ്റ്റ് സെഞ്ചുറി നേടിയ ഡീൻ എൽഗാർ, 287 പന്തിൽ 18 ഫോറുകളുടെയും നാലു സിക്സിന്റെയും അകമ്പടിയോടെയാണ് 160 റണ്‍സെടുത്തത്. പിന്നീട് പോരാട്ടം ഏറ്റെടുത്ത ഡികോക്ക് ആകട്ടെ, 163 പന്തിൽ 16 ഫോറും രണ്ടു സിക്സും സഹിതം 111 റൺസുമെടുത്തു. ഇതിനു മുൻപ് 2010ൽ ഹാഷിം അംലയാണ് ഏറ്റവും ഒടുവിൽ ഇന്ത്യൻ മണ്ണിൽ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കൻ താരം. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ മറ്റൊരാൾ. 103 പന്ത് നീണ്ട ഇന്നിങ്സിൽ എട്ടു ഫോറും ഒരു സിക്സും സഹിതം ഡുപ്ലേസി 55 റൺസെടുത്തു. തെംബ ബാവുമ (26 പന്തിൽ 18), വെർനോൺ ഫിലാൻഡർ (12) എന്നിവരാണ് ഇന്ന് പുറത്തായ മറ്റ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ.
ഒരു ഘട്ടത്തിൽ നാലിന് 63 റൺസെന്ന നിലയിൽ തകർച്ചയിലേക്കു നീങ്ങിയ സന്ദർശകർക്ക് അഞ്ച്, ആറ് വിക്കറ്റുകളിൽ യഥാക്രമം ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി, ഡികോക്ക് എന്നിവർക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുകൾ തീർത്ത ഡീൻ എൽഗാറാണ് തുണയായത്. അഞ്ചാം വിക്കറ്റിൽ എൽഗാർ – ഡുപ്ലേസി സഖ്യം 115 റൺസും ആറാം വിക്കറ്റിൽ എൽഗാർ – ഡികോക്ക് സഖ്യം 164 റൺസും കൂട്ടിച്ചേർത്തു. രവിചന്ദ്രൻ അശ്വിനെ സിക്സർ പറത്തിയാണ് എൽഗാറും ഡികോക്കും സെഞ്ചുറി പൂർത്തിയാക്കിയതെന്ന പ്രത്യേകതയുമുണ്ട്.
നേരത്തെ, ഒന്നാം ഇന്നിങ്സ് ഏഴിന് 502 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യയ്ക്കു മറുപടിയായി രണ്ടാം ദിനം കളി നിർത്തുമ്പോൾ മൂന്നിന് 39 എന്ന നിലയിലായിരുന്നു സന്ദർശകർ. രോഹിതും (176) മായങ്കും (215) നിറഞ്ഞാടിയ പിച്ചിൽ റൺസ് മോഹിച്ച് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ അശ്വിനാണ് ഞെട്ടിച്ചത്. എയ്ഡൻ മാർക്രമിനെ (5) ക്ലീൻ ബോൾഡ് ചെയ്ത അശ്വിൻ ത്യൂനിസ് ഡിബ്രൂയിനെ (4) സാഹയുടെ കൈകളിലെത്തിച്ചു. നൈറ്റ് വാച്ച്മാൻ ഡെയ്ൻ പീറ്റിനെ (0) ജഡേജയും ബോൾഡ് ചെയ്തു.
ഇതിനിടെ, ഡീൻ എൽഗാറിനെ ചേതേശ്വർ പൂജാരയുടെ കൈകളിലെത്തിച്ച രവീന്ദ്ര ജഡേജ ടെസ്റ്റിൽ 200 വിക്കറ്റ് പൂർത്തിയാക്കി. 44–ാം ടെസ്റ്റിൽ 200 വിക്കറ്റ് തികച്ച ജഡേജ, ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഇടംകയ്യൻ ബോളറുമായി. 47 ടെസ്റ്റിൽനിന്നും 200 വിക്കറ്റെടുത്ത മുൻ ശ്രീലങ്കൻ താരം രംഗണ ഹെറാത്തിന്റെ റെക്കോർഡാണ് ജഡേജ പഴങ്കഥയാക്കിയത്. മിച്ചൽ ജോൺസൻ (49), മിച്ചൽ സ്റ്റാർക്ക് (50), ബിഷൻസിങ് ബേദി, വസിം അക്രം (51) എന്നിവരെല്ലാം ജഡേജയ്ക്കു പിന്നിലായി.
ഒരേ ടെസ്റ്റിൽ ഇരു ടീമികളിലെയും മൂന്ന് ഓപ്പണർമാർ 150 റൺസിനു മുകളിൽ നേടുന്നത് ടെസ്റ്റ് ചരിത്രത്തിൽ ഇത് നാലാം തവണയാണെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ ഓപ്പണർമാരായ മായങ്ക് അഗർവാളും (215) രോഹിത് ശർമയും (176) സെഞ്ചുറി നേടിയിരുന്നു. മൽസരത്തിലാകെ ഇരു ടീമുകളിലെയും ഓപ്പണർമാർ ചേർന്ന് നേടിയ സിക്സുകളുടെ എണ്ണവും റെക്കോർഡാണ്. ഒന്നാം ഇന്നിങ്സിൽ മാത്രം ഇരു ടീമുകളിലെയും ഓപ്പണർമാർ ചേർന്നു നേടിയത് 16 സിക്സുകളാണ് (രോഹിത് ശർമ, മായങ്ക് അഗർവാൾ – ആറു വീതം, ഡീൻ എൽഗാർ – 4). 2014–15ൽ പാക്കിസ്ഥാൻ – ന്യൂസീലൻഡ് മൽസരത്തിലും 2015ൽ ബംഗ്ലദേശ് – പാക്കിസ്ഥാൻ മൽസരത്തിലുമാണ് ഇതിനു മുൻപ് ഓപ്പണർമാർ കൂടുതൽ സിക്സ് നേടിയത്. ഇരു മൽസരങ്ങളിലും 14 സിക്സ് വീതമാണ് പിറന്നത്.
രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 202 എന്ന നിലയിൽ ബാറ്റിങ് തുടർന്ന ഇന്ത്യൻ ഓപ്പണർമാരെ തുടക്കത്തിൽ വെർനോൺ ഫിലാൻഡർ ഇത്തിരി കഷ്ടപ്പെടുത്തിയെങ്കിലും പിന്നീട് രോഹിത്തും മായങ്കും അനായാസം സ്കോർ ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ഓപ്പണിങ് ജോടിയുടെ മൂന്നാമത്തെ 300 റൺസ് കൂട്ടുകെട്ട് എന്ന നേട്ടത്തിലെത്തിച്ച ശേഷമാണ് രോഹിത് മടങ്ങിയത്. ഇന്നിങ്സിലെ 83–ാം ഓവറിൽ ഇന്ത്യൻ വംശജനായ സ്പിന്നർ കേശവ് മഹാരാജിന്റെ പന്തിൽ ചുവടു തെറ്റിയ രോഹിത്തിനെ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡി കോക്ക് സ്റ്റംപ് ചെയ്തു. 244 പന്തിൽ 23 ഫോറുകളും 6 സിക്സും അടങ്ങുന്നതാണ് രോഹിത്തിന്റെ 176 റൺസ്. ഇന്ത്യൻ സ്കോർ അപ്പോൾ 317.
വിശ്വസ്ത താരം ചേതേശ്വർ പൂജാരയ്ക്ക് മായങ്കിനു കൂട്ടു നിൽക്കാനായില്ല. ലഞ്ചിനു ശേഷമുള്ള ആദ്യ പന്തിൽ തന്നെ ഫിലാൻഡർ പൂജാരയെ (6) ക്ലീൻ ബോൾഡ് ചെയ്തു. വിരാട് കോലി (20) മികച്ച ടച്ചിലായിരുന്നെങ്കിലും അരങ്ങേറ്റ താരം സെനുരാൻ മുത്തുസ്വാമിയുടെ ഒരു സാധാരണ പന്തിൽ അനായാസമായി റിട്ടേൺ ക്യാച്ച് നൽകി. രഹാനെയ്ക്കു (15) പിന്നാലെ മായങ്കും ചായയ്ക്കു പിരിയുന്നതിനു മുൻപേ മടങ്ങി. എൽഗറുടെ പന്തിൽ ഡീപ് മിഡ്‌വിക്കറ്റിൽ ഡെയ്ൻ പീറ്റിനു ക്യാച്ച്. 371 പന്തിൽ 23 ഫോറും ആറു സിക്സും അടങ്ങുന്നതാണ് മായങ്കിന്റെ ഇന്നിങ്സ്. സെഞ്ചുറി കുറിക്കാൻ 204 പന്ത് നേരിട്ട മായങ്ക് ഇരട്ടസെഞ്ചുറിയിലെത്താൻ എടുത്തത് 154 പന്തുകൾ മാത്രം. ഹനുമ വിഹാരി (10) പെട്ടെന്നു മടങ്ങിയെങ്കിലും രവീന്ദ്ര ജഡേജയും (30*) വൃദ്ധിമാൻ സാഹയും (21) ഇന്ത്യ ആഗ്രഹിച്ച ഫിനിഷ് നൽകി.
വിശാഖ് എസ് രാജ് , മലയാളം യുകെ ന്യൂസ് ടീം
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീം തിരഞ്ഞെടുപ്പ് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. ഋഷഭ് പന്തിന് പകരം വൃദ്ധിമാൻ സാഹയെ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തതാണ് പന്ത് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ടെസ്റ്റ് മത്സരങ്ങളിൽ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന പന്തിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് യുവ താരത്തോട് ചെയ്യുന്ന അനീതി ആണെന്നാണ് ആരാധകർ വാദിക്കുന്നത്.
കഴിഞ്ഞ വർഷം അഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ ആയിരുന്നു പന്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. സ്ഥിരം ടെസ്റ്റ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് പരിക്ക് പറ്റിയ ഒഴിവിലാണ് പന്ത് ഇന്ത്യൻ ടീമിൽ സ്ഥാനം നേടുന്നത്. അരങ്ങേറ്റ മത്സരത്തിലെ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി പന്ത് ചരിത്രം കുറിച്ചു. പ്രസ്തുത നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനും ലോകക്രിക്കറ്റിലെ പന്ത്രണ്ടാമത്തെ കളിക്കാരനുമാണ് പന്ത്. പിന്നീട് കളിച്ച പതിനൊന്ന് മത്സരങ്ങളിൽ നിന്നായി 44.35 ശരാശരിയിൽ 754 റൺസ് ഈ ഇരുപത്തിരണ്ടുകാരൻ അടിച്ചെടുത്തു. അതിൽ രണ്ട് സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും ഉൾപ്പെടുന്നു. വിക്കറ്റ് കീപ്പർ എന്ന നിലയിലും പന്ത് ശോഭിച്ചു. ഏറ്റവും വേഗത്തിൽ അൻപത് പേരെ പുറത്താക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് പന്തിന്റെ പേരിലാണ്.
ടെസ്റ്റ് മത്സരങ്ങളിൽ ഫോമിൽ ആണെങ്കിലും പരിമിത ഓവർ മത്സരങ്ങളിൽ ഈ യുവതാരത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. അടുത്തിടെ നടന്ന ഏകദിന-ട്വന്റി ട്വന്റി മത്സരങ്ങളിലെല്ലാം പന്ത് നിറം മങ്ങി. ടെസ്റ്റ് ടീമിലേക്ക് വിളി എത്താതിരുന്നതിന് പിന്നിൽ ഇതാകാം കാരണമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. സമ്മർദങ്ങളെ അതിജീവിക്കാനുള്ള കഴിവില്ലായ്‌മ , ഷോട്ടുകൾ തിരഞ്ഞെടുക്കുന്നതിലെ പാളിച്ചകൾ , കളിയുടെ ഗതിയും വേഗവും മനസിലാക്കാതെ ആക്രമിച്ചു കളിക്കുവാൻ കാണിക്കുന്ന ഉത്സാഹം എന്നീ കാരണങ്ങൾ പന്തിന് വിനയാകുന്നു. വിക്കറ്റിന് പിന്നിൽ നിൽക്കുമ്പോൾ എതിർ ടീമിനെ ചൊടിപ്പിക്കുന്നതിന് പന്ത് ഉപയോഗിക്കുന്ന വാക്കുകൾ കളി മര്യാദയ്ക്ക് ചേർന്നതല്ല എന്ന പരാതി നേരത്തെ തന്നെ പലരും ഉന്നയിച്ചതാണ്. ഇപ്പോൾ നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾ എല്ലാം ലോക ടെസ്റ്റ് ചാമ്പ്യൻസ്ഷിപ്പിന്റെ ഭാഗം ആയതുകൊണ്ട് പരിചയസമ്പത്ത് എന്ന ഘടകം സാഹയ്ക്ക് തുണയായി എന്നു കരുതുന്നവരുമുണ്ട്. ഓരോ പോയിന്റും വിലപ്പെട്ടതായതിനാൽ ക്ഷമയോടെ കളിക്കുന്ന ഒരു ബാറ്റ്‌സ്മാൻ എന്ന പരിഗണന സാഹയ്ക്ക് ലഭിച്ചു എന്നാണ് അവരുടെ വാദം.
സാഹയേക്കാൾ ഉയർന്ന ബാറ്റിംഗ് ശരാശരി ചൂണ്ടിക്കാണിച്ചാണ് പന്ത് അനുകൂലികൾ മേൽപ്പറഞ്ഞ വാദങ്ങളെയൊക്കെ പ്രതിരോധിക്കുന്നത്. 32 മത്സരങ്ങളിൽ നിന്ന് 30.63 ശരാശരിയിൽ 1164 റൺസ് ആണ് സാഹയുടെ സമ്പാദ്യം. മൂന്ന് സെഞ്ച്വറിയും അഞ്ച് അർധ സെഞ്ചുറികളും സാഹയുടേതായുണ്ട്. താരതമ്യം ചെയ്യുമ്പോൾ പന്ത് ബഹുദൂരം മുന്നിൽ. ഏകദിന മത്സരങ്ങളിലെ പ്രകടനം നോക്കി ടെസ്റ്റ് ടീം തിരഞ്ഞെടുക്കുന്നത് ശരിയല്ല എന്നതാണ് മറ്റൊരു വാദം. അങ്ങനെയെങ്കിൽ ടെസ്റ്റിൽ ഫോമിലല്ലാത്ത ശിഖർ ധവാനെ ഏകദിന -ട്വന്റി ട്വന്റി മത്സരങ്ങൾ കളിപ്പിക്കുന്നതിലെ യുക്തിയെന്തന്ന് പന്ത് ആരാധകർ ചോദിക്കുന്നു. സാഹയ്ക്ക് ഇപ്പോൾ മുപ്പത്തിനാല് വയസ് പ്രായമുണ്ട്. പന്തിന് ഇരുപത്തിരണ്ടും. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഭാവി പരിഗണിക്കുമ്പോൾ യുവ താരത്തിനാണ് കൂടുതൽ പരിഗണന കിട്ടേണ്ടത്. കൂടുതൽ അവസരങ്ങൾ കൊടുക്കാതിരുന്നാൽ പ്രതിഭയുള്ള ഒരു താരത്തെ ഇന്ത്യൻ ടീമിന് നഷ്ടമാകും. വിദേശ പിച്ചുകളിലെ ഇരു താരങ്ങളുടെയും പ്രകടനം താരതമ്യം ചെയ്യുന്നവരുമുണ്ട്. ഇംഗ്ലണ്ടിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് ഋഷഭ് പന്ത്. ഇന്ത്യയ്ക്ക് പുറത്തെ ശരാശരി നോക്കുകയാണെങ്കിലും പന്തിന് തന്നെയാണ് മുൻതൂക്കം.
ഏതായാലും ചർച്ചകൾ ചൂടുപിടിച്ചിരിക്കുകയാണ്. സാഹയുടെ ബാറ്റിങ്ങും കീപ്പിംഗും സസൂക്ഷ്മം നിരീക്ഷിക്കപ്പെടുന്ന ദിനങ്ങളാകും വരാനിരിക്കുന്നത്. സാഹയോ പന്തോ – ആരാകും മുന്നിലെത്തുകയെന്ന് കാത്തിരുന്നു കാണാം.
ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ രോഹിത് ശര്‍മ്മയ്ക്ക് സെഞ്ചുറിയോടെ മിന്നും തുടക്കം. ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയ്ക്ക് മേല്‍ ആധിപത്യം നേടിയ രോഹിത് 154 പന്തിലാണ് സെഞ്ചുറി തികച്ചത്. 4 സിക്‌സും 10 ഫോറും ആ ഇന്നിംഗ്‌സിന് അഴകായി.
നേരത്തെ, 84 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്‌സും സഹിതമാണ് രോഹിത് ടെസ്റ്റിലെ 11ാം അര്‍ധസെഞ്ചുറി പിന്നിട്ടത്. 114 പന്തില്‍ ഏഴു ഫോറും രണ്ട് സിക്‌സും സഹിതമാണ് അഗര്‍വാളിന്റെ അര്‍ധസെഞ്ചുറി. ഇതുവരെ 171 പന്തുകള്‍ നേരിട്ട മായങ്ക് 10 ഫോറും രണ്ടു സിക്‌സും സഹിതമാണ് 76 റണ്‍സെടുത്തത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് സുരക്ഷിത തുടക്കമാണ് രോഹിത്തും മായങ്കും നല്‍കിയത്. കാഗിസോ റബാഡയും വെര്‍നോണ്‍ ഫിലാന്‍ഡറും പന്ത് സ്വിങ് ചെയ്യിച്ചപ്പോള്‍ ആദ്യ സെഷനില്‍ സാവധാനമായിരുന്നു ഓപ്പണര്‍മാര്‍ റണ്‍ കണ്ടെത്തിയത്. പിന്നാലെ ട്രാക്കിലായ രോഹിത് ശര്‍മ്മ അഞ്ച് ബൗണ്ടറികളും രണ്ട് സിക്സുകളുമടക്കം 84 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 30 ഓവറില്‍ 91/0 എന്ന സ്‌കോറിലായിരുന്നു ടീം ഇന്ത്യ.
ഉച്ചഭക്ഷശേഷം രോഹിത് ശര്‍മ്മ കരുതലോടെ തുടങ്ങിയപ്പോള്‍ സിക്സര്‍ പായിച്ചാണ് മായങ്ക് അഗര്‍വാള്‍ അര്‍ധ സെഞ്ചുറി ആഘോഷിച്ചത്. നാട്ടിലും വിദേശത്തും ആദ്യ ഇന്നിംഗ്സില്‍ അമ്പതിലധികം റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തി ഇതോടെ മായങ്ക് അഗര്‍വാള്‍.54 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 178 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ടെസ്റ്റിലെ നാലാം സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് 100 റണ്‍സോടെയും നാലാം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ മായങ്ക് അഗര്‍വാള്‍ 76 റണ്‍സോടെയും ക്രീസില്‍.
ഫ്രീഡം ട്രോഫി! ആദ്യ ടെസ്റ്റിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്നു നേർക്കുനേർ. രണ്ടു മഹാത്മാക്കളുടെ പേരിലുള്ള പരമ്പരയിലെ ജേതാക്കൾക്കു ലഭിക്കുന്ന ട്രോഫിക്കു നൽികിയ പേരും ഉചിതമായതു തന്നെ.ഗാന്ധിയും – മണ്ടേലയും, സമരത്തിലെ സഹനമുറകൾകൊണ്ട് തങ്ങളുടെ രാജ്യങ്ങൾക്കായി സ്വാതന്ത്ര്യം നേടിയെടുത്ത രണ്ടു മഹാത്മാക്കളുടെ പേരിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പര.
മത്സരം രാവിലെ 9. 30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം. കളി മഴ ഭീഷണിയിലാണ് എന്നാണു പ്രവചനം. ആദ്യ ദിവസമായ ഇന്ന് 80 ശതമാനമാണു മഴയ്ക്കുള്ള സാധ്യത. രണ്ട് മൂന്ന് ദിവസങ്ങളിൽ ഇത് അൻപതും നാൽപതും ശതമാനമായി കുറയും. 10, 19 തീയതികളിലാണ് പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങൾ.
രോഹിത് ശർമ്മ നീണ്ട കാത്തിരിപ്പുകൾക്കു ശേഷം ഓപ്പണറായി ഇന്നിറങ്ങും. ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ തകർപ്പൻ ബാറ്റിങ് ഫോം ടെസ്റ്റ് ക്രിക്കറ്റിലേക്കും വ്യാപിപ്പിക്കാൻ രോഹിത്തിന് ആവുമോ. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യയുടെ രണ്ടാം പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ ഇറങ്ങുമ്പോൾ, സിലക്ടർമാരും ആരാധകരും ആദ്യം തേടുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്.
വിൻഡീസ് പരമ്പരയിൽ കെ.എൽ. രാഹുൽ നിരാശപ്പെടുത്തിയതോടെയാണ്, ഏറെക്കാലം നീണ്ട കാത്തിരിപ്പിന് ഒടുവിൽ രോഹിത്തിന് ആദ്യമായി ടെസ്റ്റ് ഓപ്പണർ സ്ഥാനം ലഭിക്കുന്നത്.
ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ പതിനായിരത്തിൽ അധികം റൺസ് നേടിയിട്ടുള്ള രോഹിത് 27 ടെസ്റ്റുകളിൽ മധ്യനിര ബാറ്റ്സ്മാനായി കളിച്ചിട്ടുണ്ട്. 39.62 ശരാശരിയിൽ 1585 റൺസാണ് ഇതുവരെയുള്ള നേട്ടം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സന്നാഹ മത്സരത്തിൽ, ഓപ്പണറായി ഇറങ്ങിയ രോഹിത് പൂജ്യത്തിനു പുറത്തായെങ്കിലും വിശാഖപട്ടണത്ത് രോഹിത്തിന്റെ തലവര തെളിയും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇന്ത്യൻ ആരാധകർ.
വെസ്റ്റിൻഡീസ് പരമ്പരയിലെയും, ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ട്വന്റി20 പരമ്പരയിലെയും ‘കൈവിട്ട’ കളിക്കുള്ള ചെറിയ ശിക്ഷ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനു കിട്ടി. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായ വൃദ്ധിമാൻ സാഹയെ ‘ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ’ എന്നാണു കോലി വിശേഷിപ്പിച്ചത്.
ആദ്യ ടെസ്റ്റിൽ സാഹ ഇന്ത്യയ്ക്കായി കളിക്കും എന്നും കോലി വ്യക്തമാക്കിയതോടെ പന്ത് ബൗണ്ടറിക്കു പുറത്ത്. ഒന്നര വർഷത്തിനുശേഷമാണു സാഹ രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്നത്.
ഇന്ത്യൻ സാധ്യതാ ടീം: വിരാട് കോലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, രോഹിത് ശർമ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ശുഭ്മാൻ ഗിൽ.
ദക്ഷിണാഫ്രിക്കൻ സാധ്യതാ ടീം: ഫാഫ് ഡുപ്ലസി (ക്യാപ്റ്റൻ), തെംബ ബവൂമ, തെയൂനിസ് ഡി ബ്രൂയ്ന, ക്വിന്റൻ ഡി കോക്ക്, ഡീൻ എൽഗാർ, സുബൈർ ഹംസ, കേശവ് മഹാരാജ്, ഏയ്ഡൻ മാർക്രം, സെനൂരാൻ മുത്തുസ്വാമി, ലുങി എൻഗിഡി, ആൻറിച്ച് നോർജ്, വെർനോൻ ഫിലാൻഡർ, ഡെയ്ൻ പിഡ്റ്റ്, കഗീസോ റബാദ, റൂഡി സെക്കൻഡ്.
വിശാഖ് എസ് രാജ് , മലയാളം യുകെ ന്യൂസ് ടീം
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ബുധനാഴ്ച്ച തുടങ്ങാനിരിക്കെ എല്ലാവരും ഉറ്റുനോക്കുന്നത് രോഹിത് ശർമയിലേയ്ക്കാണ്. ടെസ്റ്റ് ഓപ്പണറായുള്ള രോഹിതിന്റെ അരങ്ങേറ്റം എങ്ങനെയുണ്ടാകുമെന്ന ആകാംഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.
ലോകേഷ് രാഹുൽ ടെസ്റ്റിൽ തുടർച്ചയായി പരാജയപ്പെടുകയും ടീമിൽ നിന്ന് പുറത്താകുകയും ചെയ്തതാണ് രോഹിത് ശർമ്മയുടെ ടെസ്റ്റ് ക്രിക്കറ്റിലേയ്ക്കുള്ള തിരിച്ചു വരവ് സാധ്യമാക്കിയത്. ടെസ്റ്റിൽ അഞ്ചാം നമ്പറിലാണ് ഈ വലംകൈയ്യൻ ബാറ്റ്‌സ്മാൻ ഇതിന് മുൻപ് ബാറ്റ് ചെയ്തുകൊണ്ടിരുന്നത്. അജിങ്കെ രഹാനെയും ഹനുമാ വിഹാരിയും മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൂടെ മധ്യനിരയിലെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചപ്പോൾ രോഹിതിന് വളരെ കാലം ടീമിന് പുറത്തിരിക്കേണ്ടി വന്നു. ഓപ്പണറായുള്ള സ്ഥാനക്കയറ്റമാണ് രോഹിതിന്റെ ഏകദിന കരിയർ മാറ്റി മറിച്ചത്. അത്തരത്തിലുള്ള പ്രകടനം ടെസ്റ്റ് മത്സരങ്ങളിലും പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ മുംബൈക്കാരൻ.
എന്നാൽ ദക്ഷിണാഫ്രിക്കക്കയ്ക്ക് എതിരെ കഴിഞ്ഞ ദിവസം നടന്ന ത്രിദിന പരിശീലന മത്സരത്തിൽ രോഹിത് പൂജ്യത്തിന് പുറത്തായത് രോ-ഹിറ്റ്-മാൻ ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. സ്വിങ് ചെയ്യുന്ന പന്തുകൾ കളിക്കുന്നതിലെ പോരായ്മയാണ് പലപ്പോഴും രോഹിതിനെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അകറ്റി നിർത്തിയത്. പന്തിന്റെ സ്വിങ് ഏത് ദിശയിലേയ്ക്കാണെന്ന് തിരിച്ചറിയുന്നതിൽ രോഹിത് നിരന്തരമായി പരാജയപ്പെടുന്നു. ഏകദിനങ്ങളിൽ രോഹിത് ഏറ്റവും കുറവ് റൺ എടുത്തിട്ടുള്ളത് ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്കെതിരെ ആണ്. ട്രെന്റ് ബോൾട്ട് , രാബാദ പോലുള്ള മികച്ച സ്വിങ് ബൗളർമാരുടെ പന്തുകളിൽ അദ്ദേഹം നിലയുറപ്പിക്കാൻ പാടുപെടുന്നു. ആദ്യ പത്ത് ഓവറുകൾക്കുള്ളിൽ പുറത്താകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ടെസ്റ്റിൽ ഓപ്പണിങ് സ്ഥാനത്തേയ്ക്ക് വരുമ്പോൾ മുൻപത്തേതിലും വലിയ പ്രതിസന്ധികളാകും രോഹിതിനെ കാത്തിരിക്കുന്നത്. പഴകും തോറും പന്തിന്റെ സ്വിങ് കുറയുകയാണ് ചെയ്യുക. അഞ്ചാമതോ ആറാമതോ ബാറ്റ് ചെയ്യാനെത്തുന്ന ബാറ്റ്സ്മാനെ സംബന്ധിച്ച് സ്വിങ് കാര്യമായ വെല്ലുവിളിയല്ല. എന്നാൽ ഓപ്പണിങ് ബാറ്റസ്മാന്റെ കാര്യം അങ്ങനെയല്ല. ന്യൂ ബോളിന് വേഗതയും സ്വിങ്ങും കൂടുതലായിരിക്കും. എത്ര വലിയ ബാറ്റ്‌സ്മാൻ ആണെങ്കിലും , എത്ര നല്ല ബാറ്റിങ് പിച്ച് ആണെങ്കിലും ആദ്യത്തെ കുറച്ചു ഓവറുകൾ അതിജീവിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. ആ വെല്ലുവിളി രോഹിത് എങ്ങനെ ഏറ്റെടുക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
മറ്റൊന്ന് അദ്ദേഹം പുറത്താകുന്ന രീതിയാണ്. കുറച്ചധികം ഡോട്ട് ബോളുകൾ ഉണ്ടായാൽ രോഹിത് സമ്മർദത്തിന് അടിപ്പെടുകയും തുടർന്ന് അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താകുകയും ചെയ്യുന്നു. കോഹ്ലിയെപ്പോലെ സിംഗിളുകളിലൂടെ ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്ന ബാറ്റിങ് രീതിയല്ല രോഹിതിന്റേത്. പലപ്പോഴും ക്ഷമ നശിച്ച് വിക്കറ്റ് വലിച്ചെറിയുന്ന രോഹിത് ശർമയെയാണ് നമ്മുക്ക് കാണാനാകുക.
പ്രതിഭയുടെ കാര്യത്തിൽ രോഹിത് ശർമയെ ആരുംതന്നെ സംശയിക്കില്ല. മൂന്ന് ഏകദിന ഡബിൾ സെഞ്ചുറികളും നാല് ട്വന്റി ട്വന്റി സെഞ്ചുറികളും ഉള്ള ഒരു കളിക്കാരന്റെ കഴിവിനെ കുറച്ചു കാണേണ്ട കാര്യമില്ല. പരിമിത ഓവർ മത്സരങ്ങളുടെ കാര്യമെടുത്താൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച അഞ്ച് കളിക്കാരിൽ ഒരാൾ രോഹിത് ശർമ്മ ആയിരിക്കും. വിരമിച്ച മുൻതാരങ്ങളെല്ലാം രോഹിതിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണം എന്ന് നിരന്തരം ഓർമ്മിപ്പിക്കുന്നതിന് കാരണം ക്രിക്കറ്റിന്റെ മൂന്ന് ഫോമാറ്റിലും ആ പ്രതിഭ അടയാളപ്പെടണം എന്ന ആഗ്രഹമുള്ളതുകൊണ്ടാണ്. എന്നാൽ അതേ രോഹിത് ശർമ്മയുടെ ടെസ്റ്റ് മത്സരങ്ങളിലെ ശരാശരി 39.5 ശതമാനം മാത്രമാണ്. പ്രതിഭയുടെ നിഴൽ മാത്രമായ സംഖ്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പര അദ്ദേഹത്തിന്റെ പ്രതിഭ തേച്ചു മിനുക്കിയെടുക്കുന്നതിനുള്ള ഉത്തമ വേദിയാകുമെന്ന് പ്രതീക്ഷിക്കാം.