Travel

 
 

 

 

 

 

 

 

ഷീന ജോസ്. ടി.

നിന്‍ കുഞ്ഞുമേനി തഴുകിയുറക്കിയ
സാഗര നീലിമ ചൊന്നതെന്തേ?
എന്‍ മണിക്കുട്ടനെ ഞാനെടുത്തു-
വെന്‍ മാളികയിലിരുത്തിയെന്നോ?
നിന്നെ പുണരാനണയും നീരാളികള്‍
കടലമ്മയയച്ച പോരാളികളല്ലോ!

ചിപ്പിക്കുള്ളിലെ സംഗീതം കേട്ട്
മുത്തു തട്ടിയുരുട്ടി കളിയാടു നീ.
പവിഴപ്പുറ്റുകൊട്ടാര വീഥിയില്‍
നക്ഷത്ര മത്സ്യമായ് നീയൊഴുകൂ
ചിമ്മിത്തുറക്കും നിന്‍മിഴി നീലിമ
എത്തിപ്പിടിക്കട്ടെ സ്വര്‍ണ്ണ മത്സ്യം!

താരരാജകുമാരി വാനിലിമ പൂട്ടാതെ
താഴെ നിന്‍ കേളികള്‍ ശ്രദ്ധിക്കവേ
കക്ക പെറുക്കിയടുക്കി കളിവീട് ചമയ്ക്കാം
ശംഖുമാല കൊരുത്തു രസിക്കാമിനി
മണലിലലിയും കനകത്തരി നേടി
ഇത്തിരിപ്പൊന്നന്‍ മിന്നാമിനുങ്ങാവാം

മത്സ്യകന്യകമാര്‍ താരാട്ടു പാടി
കിന്നരം വായിച്ചു നിന്നെയുറക്കും രാവില്‍
തണുത്തുറയും കടലലതന്‍ രഹസ്യം
നിന്‍ മുമ്പിലിപ്പോള്‍ പരസ്യമല്ലേ?
നിന്‍ മനതാരിലിനിയില്ലൊരിക്കലും
ഒറ്റപ്പെടുത്തലും പ്രയാണങ്ങളും
തിരസ്‌കരണത്തിന്റെ അന്ത്യയാമങ്ങള്‍
ഉറ കെട്ടയുപ്പുപോല്‍ മറക്കാമിനി.

നിന്‍ കുഞ്ഞു ഗാത്രമീ ശാന്ത തീരത്ത്
തിര തന്നുറക്കുപാട്ടില്‍ ലയിക്കട്ടെ
വെണ്‍പ്രാക്കള്‍ ഒലിവിലയേന്തും ദിനം
നിനക്കായ് മാനം കാത്തു സൂക്ഷിക്കും
മഴവില്ലിനായ് നീയും കാത്തിരിക്കൂ.

sheena

 

സിറിയന്‍ തീരത്തടിഞ്ഞ് ലോകത്തിന്‍റെ കണ്ണ്‍ നനയിച്ച ഐലാന്‍ കുര്‍ദ്ദിയെന്ന ബാലന് ചരമഗീതം എഴുതിയ ഷീന ജോസ് കേളകം സെന്റ്‌ തോമസ്‌ ഹൈ സ്കൂളില്‍ ടീച്ചറാണ്.

RECENT POSTS
Copyright © . All rights reserved