ബീന റോയ്
ഇത്രനാളും ഞാന്‍
നടന്നു തീര്‍ത്ത
വഴികളൊക്കെയും
നിന്നിലേക്കുള്ളതായിരുന്നു
ഇത്രനാളും എന്റെ
മിഴികള്‍ തേടിയതും
നിന്നെമാത്രമായിരുന്നു
ചുവടുകള്‍ ഇടറിവീണ്
ചുടുനിണം പൊടിഞ്ഞിട്ടും
നിന്റെ ഹൃദയമെന്ന
ഒരേയൊരു ലക്ഷ്യംതേടി
ഞാനെന്റെ പ്രയാണം
തുടര്‍ന്നുകൊണ്ടേയിരുന്നു
ഒടുക്കം കണ്ടെത്തിയപ്പോള്‍,
എനിക്ക് അപ്രാപ്യമായ,
എന്നില്‍നിന്ന് ദൂരേക്ക്
അകന്നുകൊണ്ടിരിക്കുന്ന,
ഒരു മരീചികയാണ്
നീയെന്ന തിരിച്ചറിവില്‍,
ഇനിയുമൊരു യാത്രയ്ക്ക്
തെല്ലും ത്രാണിയില്ലാതെ,
അറുതിയില്ലാ വ്യസനത്തിന്റെ
ചെന്തീക്കനലുകളിലേക്ക്
എന്റെ തളര്‍ന്നപ്രാണനെ
നിനക്കായ് ആഹുതിചെയ്യുന്നു
ഷീന ജോസ്. ടി.
നിന്‍ കുഞ്ഞുമേനി തഴുകിയുറക്കിയ
സാഗര നീലിമ ചൊന്നതെന്തേ?
എന്‍ മണിക്കുട്ടനെ ഞാനെടുത്തു-
വെന്‍ മാളികയിലിരുത്തിയെന്നോ?
നിന്നെ പുണരാനണയും നീരാളികള്‍
കടലമ്മയയച്ച പോരാളികളല്ലോ!
ചിപ്പിക്കുള്ളിലെ സംഗീതം കേട്ട്
മുത്തു തട്ടിയുരുട്ടി കളിയാടു നീ.
പവിഴപ്പുറ്റുകൊട്ടാര വീഥിയില്‍
നക്ഷത്ര മത്സ്യമായ് നീയൊഴുകൂ
ചിമ്മിത്തുറക്കും നിന്‍മിഴി നീലിമ
എത്തിപ്പിടിക്കട്ടെ സ്വര്‍ണ്ണ മത്സ്യം!
താരരാജകുമാരി വാനിലിമ പൂട്ടാതെ
താഴെ നിന്‍ കേളികള്‍ ശ്രദ്ധിക്കവേ
കക്ക പെറുക്കിയടുക്കി കളിവീട് ചമയ്ക്കാം
ശംഖുമാല കൊരുത്തു രസിക്കാമിനി
മണലിലലിയും കനകത്തരി നേടി
ഇത്തിരിപ്പൊന്നന്‍ മിന്നാമിനുങ്ങാവാം
മത്സ്യകന്യകമാര്‍ താരാട്ടു പാടി
കിന്നരം വായിച്ചു നിന്നെയുറക്കും രാവില്‍
തണുത്തുറയും കടലലതന്‍ രഹസ്യം
നിന്‍ മുമ്പിലിപ്പോള്‍ പരസ്യമല്ലേ?
നിന്‍ മനതാരിലിനിയില്ലൊരിക്കലും
ഒറ്റപ്പെടുത്തലും പ്രയാണങ്ങളും
തിരസ്‌കരണത്തിന്റെ അന്ത്യയാമങ്ങള്‍
ഉറ കെട്ടയുപ്പുപോല്‍ മറക്കാമിനി.
നിന്‍ കുഞ്ഞു ഗാത്രമീ ശാന്ത തീരത്ത്
തിര തന്നുറക്കുപാട്ടില്‍ ലയിക്കട്ടെ
വെണ്‍പ്രാക്കള്‍ ഒലിവിലയേന്തും ദിനം
നിനക്കായ് മാനം കാത്തു സൂക്ഷിക്കും
മഴവില്ലിനായ് നീയും കാത്തിരിക്കൂ.
സിറിയന്‍ തീരത്തടിഞ്ഞ് ലോകത്തിന്‍റെ കണ്ണ്‍ നനയിച്ച ഐലാന്‍ കുര്‍ദ്ദിയെന്ന ബാലന് ചരമഗീതം എഴുതിയ ഷീന ജോസ് കേളകം സെന്റ് തോമസ് ഹൈ സ്കൂളില്‍ ടീച്ചറാണ്.