UK

സ്റ്റോക്ക് ഓൺ ട്രെന്റ്:  സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി ജിമ്മി ജോസഫിന്റെ അവിശ്വസനീയ മരണത്തിന്റെ ആഘാതത്തിൽ നിന്നും ഇപ്പോഴും മോചിതരല്ലാത്ത സ്റ്റോക്ക് മലയാളികൾ തങ്ങളുടെ പ്രിയപ്പെട്ട  ജിമ്മിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഒത്തുചേരുന്നു. ഏപ്രിൽ അഞ്ചിനാണ് സ്റ്റോക്ക് ഓൺ ടട്രെന്റിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജിമ്മി ജോസഫ് മുണ്ടക്കൽ (54) നിര്യാതനായത്‌.

ഈ വരുന്ന ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന്‌ (11.00am, 13/04/2021)  മണിക്കാണ് മരണാനന്തര ചടങ്ങുകൾ പള്ളിയിൽ ആരംഭിക്കുക. സ്റ്റോക്ക് ഓൺ ട്രെന്റിലെ സെന്റ് എയ്ഞ്ചൽ ആൻഡ് സെന്റ് പീറ്റർ ഇൻ ചെയിൻ പള്ളിയിൽ വച്ചാണ് ചടങ്ങുകൾ നടക്കുന്നത്. സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ഫാദർ ജോർജ്ജ് എട്ടുപറയിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നു. കോവിഡ് 19 പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ 30 പേർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി ഉള്ളത്. ഇതനുസരിച്ചു ബന്ധുക്കളുടെയും കൂട്ടുകാരുടെയും വെട്ടിച്ചുരുക്കിയ ലിസ്റ്റ് പ്രകാരമാണ് പ്രസ്‌തുത ചടങ്ങ് നടത്തപ്പെടുക.

സ്വാഭാവികമായും 500 റിൽ അധികം കുടുംബങ്ങൾ ഉള്ള സ്റ്റോക്ക് മലയാളികൾക്ക് അവസാനമായി ഒരു നോക്ക് കാണുവാനുള്ള അവസരം നൽകണമെന്ന ആഗ്രഹമുണ്ടെങ്കിലും കോവിഡ് നിബന്ധനകളിൽ ഇപ്പോൾ അനുവദനീയം അല്ല എന്നതിനാൽ ദയവായി എല്ലാവരും ഇതുമായി സഹകരിക്കണമെന്നും ബന്ധപ്പെട്ടവർ അപേക്ഷിക്കുന്നു.

പള്ളിയിലെ ജിമ്മിച്ചേട്ടന്റെ അനുസ്മരണ ചടങ്ങുകളുടെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. വി സ്ക്വയർ ടി വി ആണ് സംപ്രേഷണം നടത്തുന്നത്. ശവസംക്കാരം പിന്നീട് പരേതന്റെ ഇടവകയായ പാലാ, പിഴക് പള്ളിയിൽ നടക്കും.

ബുധനാഴ്ച്ച ഭാര്യ ബീജീസ് നാട്ടിലേക്ക് പുറപ്പെടുന്നു. നാട്ടിലെത്തി അവിടുത്തെ നിയമമനുസരിച്ചു ക്വാറന്റൈൻ ഇരിക്കേണ്ടതുണ്ട്. നാട്ടിൽ ബീജീസിന്റെ ക്വാറന്റൈൻ തീരുന്ന സമയത്തിനനുസരിച്ചു യുകെയിലെ ഫ്യൂണറൽ ഡിറക്ടർസ് ജിമ്മിയുടെ ഭൗതീകദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ബീജീസ് നാട്ടിലെത്തി കോവിഡ് പ്രോട്ടോകോൾ തീരുന്നതിനനുസരിച്ചാണ് സംസ്‌കാരം നാട്ടിൽ നടത്തപ്പെടുന്നത്. സംസ്‌കാരം നടക്കുന്ന കൃത്യമായ  തിയതി തീരുമാനിച്ചിട്ടില്ല. പാലാ, പിഴക്‌  സ്വദേശിയും മുണ്ടക്കൽ കുടുംബാംഗവുമാണ് പരേതനായ ജിമ്മി ജോസഫ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞദിവസം അന്തരിച്ച ബ്രിട്ടൺ രാജകുടുംബാംഗം ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ചടങ്ങുകൾ ഏപ്രിൽ 17 ശനിയാഴ്ച കോവിഡ് മാനദണ്ഡങ്ങളോടുകൂടി നടക്കും. ചടങ്ങുകൾ തത്സമയം ജനങ്ങൾക്ക് കാണുന്നതിനുവേണ്ടി സംപ്രേക്ഷണം ചെയ്യും. അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഉൾപ്പെടെ മുപ്പതു പേർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുവാദം. കൊച്ചുമകൻ ആയിരിക്കുന്ന ഹാരി രാജകുമാരനും ചടങ്ങിൽ പങ്കെടുക്കും. കാസ്റ്റിലിൽ നിന്നും സെന്റ് ജോർജ് ചാപ്പലിലേക്ക് പ്രദക്ഷിണം ഉണ്ടായിരിക്കും.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളിൽ ഒരാൾക്ക് കൂടി സ്ഥലം ലഭിക്കാൻ ആണ് ഇത്തരമൊരു തീരുമാനം എന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന ലോക്കൽ ഇലക്ഷൻ പ്രചാരണം രാജകുമാരന്റെ മരണത്തെ തുടർന്ന് തൽക്കാലം നിർത്തിവെക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി അറിയിച്ചു. രാജകുമാരന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

ഫ്രാൻസിസ് മാർപാപ്പയും രാജകുമാരൻെറ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം ചെയ്ത സേവനങ്ങൾ വളരെ വലുതാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു. ജനഹൃദയങ്ങളിൽ എപ്പോഴും ഫിലിപ്പ് രാജകുമാരന് ഒരിടം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് തന്നെ രോഗബാധിതനായിരുന്ന രാജകുമാരൻ ചികിത്സയിലായിരുന്നു. നൂറാം പിറന്നാളിന് രണ്ടുമാസം ബാക്കിനിൽക്കെയാണ് രാജകുമാരന്റെ മരണം. കോവിഡ് മാനദണ്ഡങ്ങൾ മൂലം ജനങ്ങൾക്ക് ചടങ്ങുകളിൽ ഒന്നും തന്നെ പങ്കെടുക്കുവാൻ സാധിക്കുകയില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒരു യുഗത്തിന് അന്ത്യമായി. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോ പ്രഭുവുമായ ഫിലിപ്പ് രാജകുമാരന്റെ മരണം രാജ്യത്തിന് ഒരു തീരാനഷ്ടമാണ്. ഇന്നലെ പുലര്‍ച്ചെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് രാജകുടുംബം ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. അദ്ദേഹത്തോടുള്ള ആദര സൂചകമായി ബ്രിട്ടീഷ് പതാക പകുതി താഴ്ത്തിക്കെട്ടി. കോവിഡും ഹൃദയസംബന്ധമായ അസുഖവും കാരണം ദിവസങ്ങളോളം ആശുപത്രിയിലായിരുന്ന ഫിലിപ്പ് രാജകുമാരന്‍ കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്. പിന്നാലെ ഇന്നലെ പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

1921 ജൂൺ 10ന് ഗ്രീക്ക് ഐലൻഡിലെ കോർഫുവിലാണ് ഫിലിപ്പ് രാജകുമാരന്‍റെ ജനനം. ഹെല്ലനീസ് രാജാവ് ജോർജ് ഒന്നാമന്‍റെ ഇളയ മകനായ പ്രിൻസ് ആൻഡ്രു (ഗ്രീസ്-ഡെന്മാർക്) ആണ് ഫിലിപ്പ് രാജകുമാരന്‍റെ പിതാവ്. ലൂയിസ് മൗണ്ട് ബാറ്റൻ പ്രഭുവിന്‍റെ മകളും വിക്ടോറിയ രാജ്ഞിയുടെ ചെറുമകളുമായ ആലീസ് രാജകുമാരിയാണ് മാതാവ്. 1947ലാണ് എലിസബത്ത് രാജ്ഞിയും നാവികസേന ഉദ്യോഗസ്ഥനായ ഫിലിപ്പ് രാജകുമാരനും തമ്മിലുള്ള വിവാഹം. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയിൽ പ്രവർത്തിച്ച വ്യക്തിയാണ് ഫിലിപ്പ്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് 2017 ഓഗസ്റ്റിലാണ് ഫിലിപ്പ് രാജകുമാരൻ 65 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്. എലിസബത്ത്-ഫിലിപ്പ് ദമ്പതികൾക്ക് ചാൾസ് രാജകുമാരൻ, അന്നാ രാജകുമാരി, ആൻഡ്രു രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ എന്നീ നാല് മക്കളും എട്ട് പേരക്കുട്ടികളും 10 പേരക്കുട്ടികളുടെ മക്കളും ഉണ്ട്. 150ൽ പരം രാജ്യങ്ങൾ സന്ദർശിച്ച രാജകുമാരൻ പതിനാലോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേംബ്രിജ്, എഡിൻബറ അടക്കമുള്ള സർവകലാശാലകളുടെ ചാൻസലറായിരുന്നു അദ്ദേഹം.

അതിയായ ദുഃഖത്തോടെയാണ് രാജ്ഞി തന്റെ പ്രിയപ്പെട്ട ഭർത്താവിന്റെ മരണം പ്രഖ്യാപിച്ചത്. ഔദ്യോഗിക പദവികളൊന്നും തന്നെ തേടിയെത്തിയില്ല എങ്കിലും കൊട്ടാരത്തിലെ ഒരു ശക്തികേന്ദ്രമായി എപ്പോഴും നിലകൊണ്ട വ്യക്തിയായിരുന്നു ഫിലിപ്പ്. യുണൈറ്റഡ് കിംഗ്ഡത്തിലും കോമൺ‌വെൽത്തിലും ലോകമെമ്പാടുമുള്ള തലമുറകളുടെ വാത്സല്യം നേടിയാണ് ഫിലിപ്പ് രാജകുമാരൻ യാത്രയാകുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. നിരവധി ചെറുപ്പക്കാരുടെ ജീവിതത്തിന് പ്രചോദനമായി നിലകൊണ്ട രാജകുമാരന്റെ നിര്യാണത്തിൽ അദ്ദേഹം അനുശോചനം അറിയിച്ചു. ആദരസൂചകമായി കൊട്ടാരത്തിന് പുറത്ത് ആളുകൾ പുഷ്പാർച്ചന നടത്തി. നൂറുകണക്കിന് ആളുകൾ വിൻഡ്‌സർ കാസിൽ സന്ദർശിച്ചു. എന്നിരുന്നാലും, കൊറോണ വൈറസ് പകർച്ചവ്യാധിക്കിടയിൽ രാജകീയ വസതികളിൽ തടിച്ചുകൂടരുതെന്ന് സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഡ്യൂക്കിന്റെ സ്മരണയ്ക്കായി പൂക്കൾ സമർപ്പിക്കുന്നതിനുപകരം ഒരു ചാരിറ്റിക്കായി സംഭാവന നൽകുന്നത് പരിഗണിക്കാൻ രാജകുടുംബം ജനങ്ങളോട് ആവശ്യപ്പെട്ടു.

രാജ്ഞിയുടെ ഭരണവിജയത്തിന് ഫിലിപ്പ് രാജകുമാരൻ നൽകിയ സംഭാവനകൾ വളരെ വലുതാണ്. ബ്രിട്ടനിലും പുറത്തുമായി രാജ്ഞി പങ്കെടുത്ത ആയിരക്കണക്കിന് പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു ഫിലിപ്പ് രാജകുമാരൻ. കൊട്ടാരത്തിലെ പല പരമ്പരാഗത രീതികളെയും നവീകരിക്കാൻ ശ്രമിച്ച ഫിലിപ്പ് രാജകുമാരൻ, ടെലിവിഷനിൽ അഭിമുഖം നൽകിയ ആദ്യത്തെ ബ്രിട്ടിഷ് രാജകുടുംബാംഗം കൂടിയാണ്. സമകാലിക ബ്രിട്ടീഷ് സമൂഹത്തിലെ ചില പ്രശ്‌നങ്ങൾക്ക് സ്വയം പരിഹാരം കാണുന്ന ചലനാത്മകവും പ്രതികരിക്കുന്നതുമായ ഒരു ഇടമായി രാജവാഴ്ചയെ ഒരുക്കിത്തീർത്തത് ഫിലിപ്പ് രാജകുമാരൻ ആണ്. എലിസബത്ത് രാജ്ഞി പരമാധികാരിയായിരുന്നുവെങ്കിലും കുടുംബകാര്യങ്ങളിൽ ഫിലിപ്പ് രാജകുമാരനായിരുന്നു കുടുംബനാഥനായി നിലകൊണ്ടത്.

നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ സമയത്തും അതിനെതിരെ ശക്തമായി പോരാടാൻ അദ്ദേഹം തയ്യാറായി. 2011ൽ ധമനിയിലെ തടസ്സം മൂലം അദ്ദേഹത്തിനു സ്റ്റെന്റ് ഘടിപ്പിച്ചു. 2018 ൽ ഇടുപ്പിൽ ശസ്ത്രക്രിയ നടത്തി. 2019 ജനുവരിയിൽ അദ്ദേഹത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ഈ വർഷം കോവിഡ് ബാധിതനായി. ഇതിനെയെല്ലാം തരണം ചെയ്തു മുന്നേറിയ ഫിലിപ്പ് രാജകുമാരൻ ഒരു പോരാളിയാണ്. മരണത്തിന് കവർന്നെടുക്കാൻ കഴിയാത്ത അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ബ്രിട്ടീഷ് ജനത ഏറ്റെടുക്കും… ഹൃദയങ്ങളിൽ സൂക്ഷിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു. 99 വയസായിരുന്നു. എലിസബത്ത് രാജ്ഞിയുടെ ഭർത്താവായ ഫിലിപ്പ് രാജകുമാരന്റെ മരണവാർത്ത ബക്കിംഗ്ഹാം കൊട്ടാരമാണ് പുറത്തുവിട്ടത്. കോവിഡ് ബാധിതനായിരുന്ന ഫിലിപ്പ് ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് ആശുപത്രി വിട്ടത്. നിരവധി ചെറുപ്പക്കാരുടെ ജീവിതത്തിന് പ്രചോദനമായ വ്യക്തിയായി ഫിലിപ് രാജകുമാരനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഗ്രീസ് & ഡെന്മാർക്കിലെ ആൻഡ്രൂ രാജകുമാരന്റെയും ആലിസ് രാജകുമാരിയുടെയും മകനായി 1921 ജൂൺ 10 ന് ജനനം. ഗ്രീക്ക് ദ്വീപായ കോർഫുവിലാണ് ഫിലിപ്പ് രാജകുമാരൻ ജനിച്ചത്. 1947 ലായിരുന്നു എലിസബത്ത് രാജകുമാരിയുമായുള്ള വിവാഹം.

ദീക്ഷയുടെ ‘ഭാവിക’ വർക്ഷോപ്പ് പരമ്പരയിലെ’ സ്കെച്ച്’ എന്ന പെയിൻറിങ് പെൻസിൽ ഡ്രോയിങ് വർക്ക് ഷോപ്പ് ഈ ഞായറാഴ്ച, ഏപ്രിൽ 11-ന് വീണ്ടും നടക്കുന്നു. സ്കെച്ച് 2-വിൽ ചിത്രകലയോട് ആഭിമുഖ്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ B.F.A ഗ്രാജുവേറ്റ് ആയ റ്റിറ്റോ സ്റ്റാൻലിയാണ് ഈ വർക്ഷോപ്പ് നടത്തുന്നത്.

ആദ്യതവണ ‘സ്കെച്ച്’- ൽ കുട്ടികൾ വരച്ച ചിത്രങ്ങളാണ് ഇതോടൊപ്പം നൽകിയിരിക്കുന്നത്. അതിൽ പങ്കെടുത്തവരുടെ അഭ്യർത്ഥന പ്രകാരമാണ് ‘സ്കെച്ച് ‘ ഒരുക്കിയിരിക്കുന്നത്. ഇതിൽ പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾക്കുമായി’ ദീക്ഷ’ യുടെ ടീമിനെ സമീപിക്കുക.

facebook Page- Deekshaa,
Instagram – @ deekshaa.arts.
Email – [email protected],
Contact number- 07455276367

ഈ ഓൺലൈൻ വർക്ഷോപ്പിന്റെ ഫീസ് :
കുട്ടികൾ – 3 പൗണ്ട് / Session
മുതിർന്നവർ – 6 പൗണ്ട് / Session

ഏപ്രിൽ 10, ശനിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് മുമ്പായി, താല്പര്യമുള്ളവർ രജിസ്ട്രേഷൻ നടത്തേണ്ടതാണ്.

യുകെ മലയാളികൾക്ക് മറ്റൊരു ദുഃഖ വാർത്ത കൂടി . ഷെഫീൽഡിലെ ആദ്യകാല മലയാളിയും ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെയും റോതെർഹാം മലയാളി അസോസിയേഷന്റെയും ആദ്യ കാല മെമ്പറും സാമൂഹീക സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന ദിനേശ് മേടപ്പള്ളി (51) ആണ് വിടപറഞ്ഞത് . കോവിഡ് ബാധിതനായി ബാൻസലി ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ വെൻറ്റിലേറ്ററിൽ ആയിരുന്നു. നാട്ടിൽ മരങ്ങാട്ടുപള്ളി സ്വദേശിയാണ്. ഭാര്യ രാജി ദിനേശ്. മൂന്നാം വർഷ മെഡിസിൻ വിദ്യാർത്ഥിനി നമിത ദിനേശ്, ഇയർ 11 വിദ്യാർത്ഥിനി നിഖിത ദിനേശ് എന്നിവരാണ് മക്കൾ.

ദിനേശ് മേടപ്പള്ളിയുടെ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മതപരമായി ചിട്ടകൾ പുലർത്തുന്നതിലൂടെ ശ്രദ്ധേയനായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മുഈൻ അലിയെ വംശീയമായി അധിക്ഷേപിച്ച് രംഗത്തെത്തിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിനെതിരെ പ്രതിഷേധം. തസ്ലിമയുടെ ട്വീറ്റ് ട്വിറ്ററിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയിരിക്കുകയാണ്.

ക്രിക്കറ്റ് താരമായില്ലായിരുന്നെങ്കിൽ മുഈൻ അലി സിറിയയിൽ പോയി ഐഎസ്‌ഐഎസിൽ ചേർന്നേനെ എന്നായിരുന്നു തസ്‌ലീമ നസ്‌റിന്റെ ട്വീറ്റ്. ട്വീറ്റിനെതിരെ വിമർശനവുമായി മുഈൻ അലിയുടെ സഹതാരവും ഇംഗ്ലണ്ടിന്റെപേസ് ബൗളറുമായ ജോഫ്ര ആർച്ചറുൾപ്പടെയുള്ളവർ രംഗത്തെത്തി.

തുടർന്ന് വിശദീകരണുമായി തസ്‌ലീമ നസ്‌റീൻ വീണ്ടുമെത്തി, ”മുഈൻ അലിയെക്കുറിച്ചുള്ള തന്റെ ട്വീറ്റ് വെറും തമാശയായെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഞാൻ മുസ്‌ലിം സമൂഹത്തെ മതേതരമാക്കാൻ പരിശ്രമിക്കുന്നതിനാലും മുസ്‌ലിം മതമൗലിക വാദത്തെ എതിർക്കുന്നതിനാലും തന്നെ അധിക്ഷേപിക്കുകയാണ്. ഏറ്റവും വലിയ ദുരന്തം എന്നുപറയുന്നത് ഇടത് സഹയാത്രികരായ വനിതകൾ സ്ത്രീ വിരുദ്ധരായ ഇസ്ലാമിസ്റ്റുകളെ പിന്തുണക്കുന്നതാണ്”.-തസ്‌ലീമ ട്വീറ്റ് ചെയ്തു.

ഇതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ജോഫ്ര ആർച്ചർ ”ഓഹ് ഇത് തമാശയായിരുന്നോ. ആരും ചിരിക്കുന്നില്ല. നിങ്ങൾക്ക് പോലും ചിരിവരുന്നില്ല. ഏറ്റവും കുറഞ്ഞത് താങ്കൾ ആ ട്വീറ്റ് ചെയ്യുകയെങ്കിലും വേണം”- എന്നാണ് ട്വീറ്റ് ചെയ്തത്.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായ മുഈൻ അലി തന്റെ ജേഴ്‌സിയിൽ നിന്നും മദ്യക്കമ്പനിയുടെ ബ്രാൻഡ് ലോഗോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തസ്ലിമ നസ്‌റിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

ബർമിംഗ്ഹാമിനടുത്തു വെഡ്നെസ്ഫീൽഡിൽ (വോൾവർഹാംപ്ടൻ) ഇക്കഴിഞ്ഞ മാർച്ചു മാസം പതിനാറാം തീയതി നിര്യാതയായ അന്നമ്മ തോമസിന്റെ പൊതു ദർശനം ഇന്ന് (ഏപ്രിൽ ഏഴാം തീയതി ബുധനാഴ്ച )രാവിലെ 11 .30 മുതൽ 3.30 വരെ വെഡ്നെസ്ഫീൽഡ് സെന്റ് പാട്രിക് പള്ളിയിൽ വച്ച് നടക്കും . വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷൻ അംഗമായ ഗ്ളാക്സിൻ തോമസിന്റെ മാതാവാണ് പരേത.

അന്ത്യ കർമങ്ങൾ നാളെ (ഏപ്രിൽ എട്ടാം തീയതി വ്യാഴാഴ്ച )രാവിലെ 11 മണിക്ക് വെഡ്നെസ്ഫീൽഡ് സെന്റ് പാട്രിക് പള്ളിയിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ടെട്ടൻഹാൾ ഡെയിൻ കോർട്ട് സെമിത്തേരിയിൽ മൃത സംസ്ക്കാരം നടക്കും.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തപ്പെടുന്ന വ്യാഴാഴ്ചത്തെ സംസ്കാര ചടങ്ങുകൾ അടുത്ത ബന്ധുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

രണ്ടു ദിവസത്തെയും ചടങ്ങുകളുടെ ലൈവ് കാസ്റ്റിങ് ഉണ്ടായിരിക്കും. ലിങ്ക് ചുവടെ കൊടുക്കുന്നു

വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്ന അന്നമ്മ തദ്ദേശത്തെ മലയാളി സമൂഹത്തിന്റെ ഏവരുടെയും മാതൃസ്ഥാനീയയായിരുന്നു. നാട്ടിൽ ഏറ്റുമാനൂർ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബൈക്കടുത്ത് അക്കോളയിൽ ആരോഗ്യ രംഗത്തു ജോലി ചെയ്‌തു. ഹെഡ് നഴ്സ് ആയി റിട്ടയർ ചെയ്തതിന് ശേഷം കഴിഞ്ഞ 18 വർഷമായി യുകെയിൽ മകനൊപ്പം കഴിഞ്ഞു വരുകയായിരുന്നു. ഗ്ളാക്സിൻ ഏക മകനാണ്. മരുമകൾ ഷൈനി. കൊച്ചു മക്കൾ സിമ്രാൻ,ഗ്ലാഡിസ് ,ഇമ്മാനുവൽ .

വാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷനിലെ നിറസാന്നിധ്യമായിരുന്നു ഏവരും മമ്മി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന അന്നമ്മ തോമസ് . മമ്മിയുടെ വിയോഗത്തിൽ ഏറെ ദുഃഖിതരായ വാം അംഗങ്ങൾ അസോയിയേഷൻ ഭാരവാഹികളായ സിറിൽ ,ജിജിമോൻ എന്നിവരുടെ നേതൃത്വത്തിൽ ഏക മനസോടെയാണ് കുടുംബത്തോടൊപ്പം ചേർന്ന് മമ്മിയുടെ അവസാന യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നത്‌.

ചടങ്ങുകൾ നടക്കുന്ന പള്ളിയുടെ വിലാസം

St Patrick R C Church
299 Wolverhampton Rd,
Wednesfiled
Wolverhampton
WV10 0QQ

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ടട്രെന്റിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജിമ്മി ജോസഫ് (54)  ഇന്ന് വെളിപ്പിന് നിര്യാതനായ വിവരം വളരെ സങ്കടത്തോടെ നിങ്ങളെ അറിയിക്കുന്നു. കാര്യമായ ആരോഗ്യ പ്രശനങ്ങൾ ഒന്നും ഇല്ലാതിരുന്ന ജിമ്മയുടെ മരണത്തിൽ സ്റ്റോക്ക് മലയാളികൾ ഞെട്ടിയിരിക്കുകയാണ്. ഷുഗർ ലെവൽ താഴ്ന്നു പോയതാണ് മരണകാരണം. കരിങ്കുന്നം, പിഴക്‌  സ്വദേശിയും മുണ്ടക്കൽ കുടുംബാംഗവുമാണ് പരേതൻ.

ഇന്നലെ ഭാര്യയായ ബീജീസ് ഡ്യൂട്ടിയിലായിരുന്നു. തിരിച്ചെത്തിയത് 9:30pm ന് തിരിച്ചെത്തിയ ഭാര്യ ഭർത്താവിന് എന്തോ അസ്വസ്ഥത തോന്നുന്നു എന്ന് മനസിലാക്കി ചോദിച്ചപ്പോൾ എന്തോ ഒരു വല്ലായ്മ്മ തോന്നുന്നു എന്ന് പറഞ്ഞു. കാര്യം തിരിച്ചറിഞ്ഞ  ബീജീസ് ആബുലൻസ് വിളിക്കുകയായിരുന്നു.

റോയൽ സ്റ്റോക്ക് ആശുപത്രിയിൽ എത്തി ചികിത്സ ലഭിച്ചു എങ്കിലും രാത്രി പന്ത്രണ്ട് മണിയോടെ മരണപ്പെടുകയായിരുന്നു.

അകാലത്തിൽ ഉണ്ടായ ജിമ്മിച്ചേട്ടന്റെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം അറിയിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

 

അബർഡീൻ: മരണങ്ങൾ വിട്ടൊഴിയാതെ യുകെ മലയാളികൾ. സ്കോട്ട്ലൻഡ്,  അബർഡീൻ നിവാസിയായ എൽദോസ് കുഞ്ഞ്(42) നാട്ടിൽ നിര്യാതനായി. എൽദോസും ഭാര്യ ലീനയും ചികിത്സയ്ക്ക് വേണ്ടി നാട്ടിലെത്തിയതായിരുന്നു. കഴിഞ്ഞ ഡിസംബറിൽ നാട്ടിലെത്തിയ കുടുംബം  ഭർത്താവിന്റെ തുടർചികിത്സയിൽ ആയിരുന്നു.

ഭാര്യ യുകെയിൽ തിരിച്ചെത്തി രണ്ടാഴ്ചയ്ക്കുള്ളിലാണ് എൽദോസ് കുഞ്ഞിൻെറ ദുഖകരമായ മരണ വാർത്ത തേടിയെത്തിയത്. ഭാര്യ ലീന അബർഡീൻ ഹോസ്പിറ്റലിൽ നഴ്‌സാണ്. ഏകമകൾ ജിയ ഇയർ സിക്സിലാണ്. എൽദോസ് കുഞ്ഞ് കേരളത്തിൽ കോതമംഗലം സ്വദേശിയാണ്.

എൽദോസ് കുഞ്ഞിൻെറ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved