ലണ്ടൻ : ഹൃദയ സ്തംഭനം മൂലം ക്രോയിഡോണില്‍ നിര്യാതനായ സിജി ടി അലക്സിന് യുകെ മലയാളികളുടെ യാത്രാമൊഴി. ഹൃദയഭേദകമായ കാഴ്ചകളാണ് ഇന്നലെ ലണ്ടന്‍ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി അങ്കണത്തു നടന്നത്. എന്താണ് നടക്കുന്നത് എന്ന് തിരിച്ചറിയാൻ പ്രായമാകാത്ത നാലു വയസുകാരി മകളെ കെട്ടിപ്പിടിച്ചു ഭാര്യ ബിന്‍സിയുടെ കണ്ണിൽ നിന്നും നിൽക്കാതെ ഒഴുകിയ കണ്ണുനീർ കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. എല്ലാ പ്രവാസിമലയാളികളുടെയും പോലെ ഒരു പാട് സ്വപ്നങ്ങളുമായി ജീവിച്ച ഈ കൊച്ചു കുടുംബത്തിലേക്ക് കള്ളനെപ്പോലെ അപ്രതീക്ഷിതമായി മരണം കടന്നുവന്നപ്പോൾ എല്ലാമായിരുന്ന മക്കൾക്ക് പിതാവിനേയും ബിൻസിക്ക് തന്റെ ഭർത്താവിനെയും ആണ് നഷ്ടപ്പെട്ടത്.
ബിന്‍സിയുടെയും മക്കളുടെയും കലങ്ങിയകണ്ണുകളും വേദനയും സംസ്ക്കാര ശ്രുശൂഷകളിൽ പങ്കെടുത്തവരുടെ മനസ്സിൽ മായാത്ത മുറിവ് ഉണ്ടാക്കി. ഉറ്റവരുടെ മരണം പകർന്നു നൽകുന്ന വേദനയുടെ ആഴം എല്ലാവരും തിരിച്ചറിയുക ആയിരുന്നു. പ്രാര്‍ത്ഥനകള്‍ക്കും ശുശ്രൂഷകള്‍ക്കും ശേഷം മൃതദേഹം ക്രോയിഡോണ്‍ സെമിത്തേരിയില്‍ സംസ്‌കരിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ ഒരു പിടി നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ ആണ് മരണവും സംസ്ക്കാരവും നടക്കുന്നത്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിൽ ഒരുപാടു കടമ്പകൾ കൊറോണ നിയന്ത്രണങ്ങൾ കാരണം ഉടലെടുത്തപ്പോൾ ജനിച്ച മണ്ണ് വിട്ട് അന്നം തരുന്ന നാടിൻറെ മണ്ണിനോട് ചേരുകയായിരുന്നു.
ലണ്ടന്‍ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചാണ് സിജി ടി അലക്സിന്റെ സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. മലങ്കര ഓര്‍ത്തഡോക്സ് സഭാ യുകെ യൂറോപ്പ് ആഫ്രിക്കാ ഭദ്രാസനത്തിന്റെ സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ്ബ്, ഇടവക വികാരി ഫാ. എബി പി വര്‍ഗീസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഫാ. ഹാപ്പി ജേക്കബ്ബ് മുഖ്യകാര്‍മ്മികനായി.
മൂത്ത മകന്‍ സിബിന്‍ സിജി പിതാവിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍ കണ്ണുനീരോടെയാണ് ഏവരും ആ വാക്കുകള്‍ കേട്ടത്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് സിജിയുടെ സഹോദരി ഭര്‍ത്താവായ സൈമി ജോര്‍ജ്ജ് നന്ദി പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭാ ഭദ്രാസന സെക്രട്ടറി, ഇടവകയെ പ്രതിനിധീകരിച്ചു ട്രസ്റ്റി റോയ്സ് ഫിലിപ്പ്, സെക്രട്ടറി ബിനു ജേക്കബ്ബ് എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
ഇടവകയ്ക്കു വേണ്ടിയും ആധ്യാത്മിക സംഘടനകള്‍ക്കും വേണ്ടി ഫാ. എബി പി വര്‍ഗീസ് അനുശോചനം അറിയിച്ചു. ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിനു വേണ്ടിയും ഭദ്രാസന കൗണ്‍സിലിനു വേണ്ടിയും ഭദ്രാസനത്തിനു വേണ്ടിയും ഭദ്രാസന സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ്ബും മാനേജിംഗ് കമ്മിറ്റി മെമ്പര്‍ രാജന്‍ ഫിലിപ്പും അനുശോചന പ്രസംഗം നടത്തി. സംസ്‌കാര ശുശ്രൂഷകള്‍ക്കു ശേഷം ക്രോയിഡോണ്‍ മിച്ചം റോഡ് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു.
സീറോ മലബാര്‍ വൈദികരായ സാജു പിണക്കാട്ട്, ടോമി എടാട്ട് പിആര്‍ ഒ, ഫാ. ബിനോയ് നിലയാറ്റിങ്കല്‍ എന്നിവര്‍ വീട്ടില്‍ നടന്നുവന്നിരുന്ന വിവിധ ദിവസങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. അതു പോലെ തന്നെ ഓര്‍ത്തഡോക്സ് സഭാ വൈദികനും മാനേജിംഗ് കമ്മിറ്റി അംഗവുമായ എബ്രഹാം ജോര്‍ജ്ജ് കോര്‍ എപ്പിസ്‌കോപ്പ, മര്‍ഗീസ് ജോണ്‍ മണ്ണഞ്ചേരില്‍ എന്നിവരും ഇടവക വികാരി എബി പി വര്‍ഗീസും വീട്ടിലെത്തി സംസ്‌കാര ശുശ്രൂഷകളുടെ വിവിധ ഭാഗങ്ങള്‍ നിര്‍വ്വഹിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും വീട് സന്ദർശിച്ചിരുന്നു. സിജിയുടെ നാട്ടിലെ ഇടവക പള്ളിയായ ചെങ്ങന്നൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ എല്ലാ ദിവസും പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. ഇടവക വികാരി, അസിസ്റ്റന്റ് വികാരി എന്നിവര്‍ ചേര്‍ന്നാണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത്. ക്രോയിഡോണിലെ സംസ്‌കാര ശുശ്രൂഷകള്‍ നാട്ടില്‍ ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു.
ഈ മാസം 11ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ മുതല്‍ ചെറിയ തോതില്‍ കാല് വേദന തോന്നിയെങ്കിലും സിജി കാര്യമാക്കിയിരുന്നില്ല. എന്നാല്‍ വൈകുന്നേരം ആയപ്പോഴേക്കും വേദന കൈകള്‍ക്കും തോന്നിയപ്പോഴാണ് വീട്ടില്‍ ഉണ്ടായിരുന്ന ഭാര്യയെ കൂട്ടി ആംബുലന്‍സ് വിളിച്ചു ക്രോയ്ഡോണ്‍ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ ചികിത്സ തേടിയത്. അവിടെ ഡോക്ടറെ കാത്തിരിക്കുന്നതിനിടയിലാണ് സിജിയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇടയ്ക്കു രണ്ടു വട്ടം ടോയ്‌ലെറ്റില്‍ തനിയെ പോയി വന്ന സിജി ഡോക്ടറെ കാത്തിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുക ആയിരുന്നു.തുടര്‍ന്ന് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കിയെങ്കിലും ഇതിനിടയില്‍ ആന്തരിക അവയവ പ്രവര്‍ത്തനങ്ങളും താളം തെറ്റുക ആയിരുന്നു. ഈ സമയം മൂന്നു വട്ടം തുടര്‍ച്ചയായി ഹൃദയാഘാതം ഉണ്ടായതായാണ് ബന്ധുക്കള്‍ പങ്കു വയ്ക്കുന്ന വിവരം. തുടര്‍ന്ന് അബോധാവസ്ഥയിലേക്കു പോയ അദ്ദേഹത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് ചെയ്‌തത്.
എന്നാല്‍ നേരം വെളുത്തപ്പോള്‍ തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധം ആരോഗ്യ നില വഷളായി മരണത്തിനു കീഴടങ്ങുകയായിരുന്നു. മരിക്കുന്നതിന് മുൻപ് സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍ ചാപ്ലയിന്‍ ആയ ഫാ: എബി പി വര്‍ഗീസ് എത്തി അന്ത്യ കൂദാശ നല്‍കുകയും ചെയ്‌തു. അന്‍പതു വയസ് മാത്രമായിരുന്നു പ്രായം. ക്രോയിഡോണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു.
ബിന്‍സി സിജി ആണ് ഭാര്യ. പത്താം ക്ലാസ് വിദ്യാര്‍ത്ഥി സിബിന്‍, പ്രൈമറി വിദ്യാര്‍ത്ഥി അലന്‍, നാലുവയസുകാരി ദിയ എന്നിവരാണ് മക്കള്‍. പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹിയും ഓര്‍ത്തഡോക്‌സ് സഭാ യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ അംഗമായ സോജി ടി മാത്യു സഹോദരനാണ്. നാട്ടില്‍ തിരുവല്ല പുതുശ്ശേരി സ്വദേശിയാണ്. തെക്കേപടിക്കല്‍ ചെറിയാന്‍ – ലീലാമ്മ ദമ്പതികളുടെ മകനാണ്.
ലണ്ടൻ: എല്ലാവരും ഉറ്റുനോക്കിയ വാർത്താസമ്മേനം ബ്രിട്ടീഷ് പ്രധാനമന്ത്രി വളരെ വിഷമത്തോടെ തന്നെ നമ്മളെ എല്ലാവരെയും അറിയിച്ചിരിക്കുന്നു. ഭൂരിപക്ഷം വരുന്ന യുകെ ജനത വിചാരിച്ചതുപോലെ കർശനമായ നിർദ്ദേശങ്ങൾ ആണ് ഇന്ന് ബോറിസ് ജോൺസൻ പുറപ്പെടുവിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു സാഹചര്യം ഒരു പ്രധാനമന്ത്രിക്കും ഉണ്ടായിട്ടില്ല അല്ലെങ്കിൽ ഉണ്ടാകരുത് എന്ന് ആമുഖമായി അദ്ദേഹം പറഞ്ഞു. കോബ്ര മീറ്റിങ്ങിന് ശേഷം വാർത്താസമ്മേനത്തിൽ പറഞ്ഞ തീരുമാനങ്ങൾ ഇങ്ങനെ…
ഇന്ന് രാത്രി മുതൽ ബ്രിട്ടനിലെ ജനത്തിന് അനാവശ്യമായി വീടിന് പുറത്തുപോകുവാൻ അനുവാദമില്ല. അതായത് ഒരു വീട്ടിലെ നിത്യോപയോക സാധനങ്ങൾ, മരുന്ന് എന്നിവ വാങ്ങുന്നതിന് മാത്രം. ഒരു ദിവസത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒരു വ്യായാമത്തിന് മാത്രമേ പുറത്തുപോകുവാൻ അനുവാദമുള്ളൂ. അതോടൊപ്പം തന്നെ ഒഴിവാക്കാൻ പറ്റാത്ത തരത്തിലുള്ള ജോലിയെങ്കിൽ മാത്രം പോയി വരാൻ അനുവദിക്കുന്നു.
ഒരു വീട്ടിൽ ഒരുമിച്ചു താമസിക്കുന്ന അംഗങ്ങൾ അല്ലാതെ മറ്റൊരു തരത്തിലുള്ള കൂടിച്ചേരലുകളും ഇന്ന് മുതൽ അനുവദിക്കുന്നില്ല. അതായത് കൂട്ടുകാർ, ബന്ധുക്കൾ എന്നിവരുമായുള്ള കൂടിച്ചേരലുകളും നിരോധിച്ചിരിക്കുന്നു.
ഷോപ്പിംഗ് എന്നത് നിത്യോപയോക സാധനങ്ങൾ, മരുന്ന് എന്നിവ മാത്രമാക്കി ചുരുക്കിയിരിക്കുന്നു. അതും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
ഇത് ലംഘിക്കുന്നവർക്ക് എതിരെ നടപടി എടുക്കുവാൻ പോലീസിന് അധികാരം ഉണ്ടായിരിക്കും. അനുസരിക്കാൻ വിമുഖത കാണിച്ചാൽ ഫൈൻ അടിച്ചു കിട്ടുവാനും സാധ്യത.
നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ മറ്റെല്ലാ കടകളും ഇന്ന് രാത്രി മുതൽ തുറക്കാൻ പാടുള്ളതല്ല. എല്ലാ ഇലക്ട്രോണിക്സ് ഷോപ്പുകളും, വസ്ത്രവ്യാപാര സ്ഥാപനങ്ങളും ഇന്ന് രാത്രി മുതൽ അടച്ചിടുന്നു
ലൈബ്രറി, കളിസ്ഥലങ്ങൾ, പുറത്തുള്ള ജിമ്മുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവയും തുറക്കാൻ പാടുള്ളതല്ല.
പൊതുസ്ഥലത്തു രണ്ടു പേരിൽ കൂടുതൽ കൂട്ടം കൂടുവാൻ പാടുള്ളതല്ല … കുടുംബാംഗങ്ങൾ ഒഴിച്ച്
എല്ലാ സാമൂഹിക പരിപാടികളും നിരോധിച്ചിരിക്കുന്നു .. മാമ്മോദീസ, വിവാഹം എന്നിവ ഇതിൽപ്പെടുന്നു. ശവസംസ്ക്കാരം നടത്തുന്നതിന് തടസ്സമില്ല.
പാർക്കുകൾ വ്യായാമത്തിന് വേണ്ടി തുറന്നു നൽകുമെങ്കിലും കൂട്ടം ചേരുവാൻ അനുവാദമില്ല.
മൂന്നാഴ്ചത്തേക്ക് ആണ് ഈ നിർദ്ദേശങ്ങൾ… ഓരോ ദിവസവും കൂടുതൽ നിർദ്ദേശങ്ങളും ചിലപ്പോൾ മാറ്റങ്ങളും ഉണ്ടാകാം. രോഗത്തിന്റെ സ്ഥിതി മെച്ചെപ്പെടുകയെങ്കിൽ ഇതിൽ മാറ്റങ്ങൾ വരുത്തുന്നതാണ്.
യുകെ മരണ സംഖ്യ 335 ആയി. സ്പെയിനിൽ മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു.
സ്വന്തം ലേഖകൻ
കൊറോണാ വൈറസ് മൂലമുണ്ടായ ദുരിതങ്ങളെ തുടർന്ന്, വരും വർഷങ്ങളിൽ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നും അതിൽ നിന്ന് പുറത്തുവരാൻ സമയമെടുക്കുമെന്നും ഓർഗനൈസേഷൻ ഫോർ എക്കണോമിക്സ് കോർപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് സൂചന നൽകി.
ഒ ഇ സി ഡി സെക്രട്ടറി ജനറൽ ആയ എയ്ഞ്ചൽ ഗുറിയ പറയുന്നത് ഇതുവരെ നേരിട്ട സാമ്പത്തിക മാന്ദ്യങ്ങളെ പോലെ ആയിരിക്കില്ല ഇത് എന്നാണ്. സാമ്പത്തിക രംഗത്ത് തിരിച്ചുവരവ് നടത്തണമെങ്കിൽ ഇപ്പോഴേ ക്രിയാത്മകവും പ്രത്യാശ പൂർണ്ണവുമായ ചിന്തകൾ വേണം. ആഗോള വളർച്ച കൊറോണ ഔട്ട് ബ്രേക്കിനെ തുടർന്ന് പകുതിയായി കുറയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . എത്ര ജോലികൾ നഷ്ടപ്പെടുമെന്നോ കമ്പനികൾ തകരുമെന്നോ ഇപ്പോൾ പറയാൻ സാധിക്കില്ല. എന്നാൽ എല്ലാ രാജ്യങ്ങളിലും വരും വർഷങ്ങളിൽ സാമ്പത്തിക വളർച്ച താഴോട്ടു പോകും.
വരാൻ പോകുന്ന തൊഴിലില്ലായ്മയെ പിടിച്ചുനിർത്താനുള്ള മാർഗങ്ങളെക്കുറിച്ച് ഇപ്പോൾതന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. എത്രപേർക്കാണ് തൊഴിൽ നഷ്ടപ്പെടുക എന്ന് കണക്കുകൂട്ടാൻ സാധ്യമല്ല. ലോകവ്യാപകമായി ഗവൺമെൻറുകൾ ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണം.
യുകെയിൽ ജോലി എടുക്കുന്നില്ലെങ്കിൽ പോലും തൊഴിലാളികൾക്ക് ശമ്പളം നൽകാമെന്ന കാര്യത്തിൽ ഉറപ്പുനൽകിയിട്ടുണ്ട്. സമാനമായ രീതികളിലെ നടപടികളാണ് ലോകമെങ്ങും വേണ്ടത്.
ഇപ്പോഴത്തെ തകർച്ചയിൽനിന്ന് പെട്ടെന്ന് ഒരു ഉയർത്തെഴുന്നേൽപ്പ് സാധ്യമാകില്ല. ജി 20 ക്ലബ്ബിലെ പോളിസി മേക്കേഴ്സ് കരുതുന്നത് സാമ്പത്തികമായ തിരിച്ചുവരവ് ഇംഗ്ലീഷ് അക്ഷരമാലയിലെ ‘വി’ (v )ഷേപ്പ് പോലെ ആയിരിക്കും എന്നാണ്. എന്നാൽ അത് താഴെ ഭാഗത്തിന് കുറച്ചുകൂടി വീതികൂട്ടി ‘യു ‘ (u )ഷേപ്പിൽ ആവാനാണ് സാധ്യത. അതായത് തകർച്ച കുറച്ചു നാളെങ്കിലും നീണ്ടുനിൽക്കും എന്ന്. എന്നാൽ അത് ‘എൽ’ ഷേപ്പിൽ ആകാതെ ഇരിക്കണമെങ്കിൽ എല്ലാവരും ഒന്നു ചേർന്ന് ഇപ്പോൾ തന്നെ കൃത്യമായ തീരുമാനമെടുക്കണം.
ഈ കൊറോണ കാലത്ത് സൗജന്യ വൈറസ് ടെസ്റ്റിംഗ്, ഡോക്ടർമാർക്കും നഴ്സുമാർക്കും കുറച്ചുകൂടി നല്ല ആരോഗ്യ സംരക്ഷണ ഉപകരണങ്ങൾ, തൊഴിലാളികൾക്കും സ്വയം സംരംഭകർക്കും സാമ്പത്തിക സഹായം , ബിസിനസുകാർക്ക് ടാക്സ് പെയ്മെന്റ് ഹോളിഡേയ്സ് തുടങ്ങിയവയാണ് ഇപ്പോൾ അടിയന്തരമായി വേണ്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു .
എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ കാണാതായി. കഴിഞ്ഞ ആഴ്ച യുകെയില്‍ നിന്നാണ് ഇവര്‍ എത്തിയത്. ഇവര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി. നോര്‍ത്ത് പറവൂര്‍ പെരുവാരത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ദമ്പതികളാണ് മുങ്ങിയത്.
ഇവര്‍ക്കെതിരേ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ പത്തനംതിട്ട മെഴുേേവലിയില്‍ നിന്ന് രണ്ടു പേര്‍ കടന്നു കളഞ്ഞിരുന്നു. ഇവര്‍ അമേരിക്കയിലേക്ക് മുങ്ങിയതായി കണ്ടെത്തി
നിങ്ങള്‍ മണക്കാന്‍ ആഗ്രഹിക്കുന്ന ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗന്ധം അനുഭവപ്പെടുന്നില്ലേ? കഴിക്കാന്‍ ആഗ്രഹമുള്ള ഭക്ഷണത്തിന് യാതൊരു രുചിയും തോന്നുന്നില്ലേ? എങ്കില്‍ നിങ്ങളെ ഇതിനകം തന്നെ കൊറോണ വൈറസ് ബാധിച്ചു കഴിഞ്ഞിട്ടുണ്ടാകാം എന്നാണ് ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും പറയുന്നത്. അവര്‍ക്ക് മറ്റു രോഗലക്ഷണങ്ങളൊന്നും തുടക്കത്തില്‍ കണ്ടേക്കില്ലെന്നും ബ്രിട്ടനില്‍ നിന്ന് പുറത്തുവന്ന പുതിയ പഠനം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ രോഗം ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നിഗമനം. അതായത്, Anosmia, മണം നഷ്ടപ്പെടുന്ന അവസ്ഥ, Ageusia, രുചി നഷ്ടമാകുന്ന അവസ്ഥ എന്നിവ കൊറോണ വൈറസ് ബാധയുടെ ആദ്യലക്ഷണങ്ങളായി കണക്കാക്കാം എന്നാണ് ബ്രിട്ടീഷ് റിനോളജിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റ് പ്രൊഫ. ക്ലാരി ഹോപ്കിന്‍സ് വ്യക്തമാക്കുന്നത്. ഈ അവസ്ഥ അനുഭവപ്പെട്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ നിര്‍ബന്ധിതമായി ഏഴു ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
“ഇതൊരു രോഗലക്ഷണമാണെന്ന കാര്യം വ്യക്തമാക്കാനും അതുവഴി ജനങ്ങളില്‍ ഇക്കാര്യത്തെക്കുറിച്ച് ധാരണയുണ്ടാക്കണമെന്നും ഞങ്ങള്‍ കരുതുന്നു. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ മണവും രുചിയും നഷ്ടമാകുന്നവര്‍ ഉടന്‍ തന്നെ സ്വമേധയാ ക്വാറന്റൈന്‍ ചെയ്യേണ്ടതാണ്” എന്നും പ്രൊഫ. ഹോപ്കിന്‍സ് പറയുന്നു.
അവരും ബ്രിട്ടനിലെ ചെവി, മൂക്ക്, തൊണ്ട ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ENT UK-യുടെ പ്രസിഡന്റ് നിര്‍മല്‍ കുമാറും ചേര്‍ന്ന് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. മണവും രുചിയും നഷ്ടമാകുന്ന രോഗികളെ ചികിത്സിക്കുന്ന ENT വിഭാഗത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യമായ സംരക്ഷിത കവചങ്ങള്‍ ധരിച്ചിരിക്കണമെന്നും ആവശ്യമായ മറ്റ് സുരക്ഷാ കാര്യങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. സൈനസ് പോലുള്ള അസുഖങ്ങള്‍ ചികിത്സിക്കുന്നവരും തൊണ്ടയിലെ അസുഖങ്ങള്‍ ചികിത്സിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അവര്‍ വ്യക്തമാക്കുന്നു.
രോഗമെമ്പാടുമുളള കോവിഡ്-19 രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പൊതുവായി കണ്ടെത്തിയ ഒരു കാര്യമാണ് ഈ രോഗികള്‍ക്ക് രുചിയും മണവും അനുഭവിക്കാനുള്ള ശേഷി തുടക്കത്തില്‍ നഷ്ടമാകുന്നുവെന്ന്. വ്യാപകമായ വിധത്തില്‍ കൊറോണ രോഗ പരിശോധന നടത്തുന്ന ദക്ഷിണ കൊറിയയില്‍ പൊസിറ്റീവായ 2000 പേരില്‍ 30 ശതമാനം പേര്‍ക്കും ഈ രണ്ടു കാര്യങ്ങളും പൊതുവായ ലക്ഷണമാണ് എന്ന് അവിടുത്തെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
The American Academy of Otolaryngology- ഇന്നലെ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. കോവിഡ്-19 ബാധിക്കുന്നവരില്‍ തുടക്കമെന്ന നിലയില്‍ മണം, രുചി എന്നിവ അറിയാനുുള്ള ശേഷി കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു എന്നാണ് അവരും പറയുന്നത്. മറ്റ് രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുകയും എന്നാല്‍ ഈ ലക്ഷണങ്ങള്‍ മാത്രമുള്ളവരുമായവര്‍ ഒടുവില്‍ പോസിറ്റീവായി മാറിയ അവസ്ഥ കണ്ടിട്ടുണ്ട് എന്ന് അവര്‍ പറയുന്നു.
ജര്‍മനിയിലെ യുണിവേഴ്‌സിറ്റി ഓഫ് ബോണിലെ വൈറോളജിസ്റ്റായ ഹെന്‍ഡ്രിക് സ്ട്രീക് പറയുന്നത്, താന്‍ സന്ദര്‍ശിച്ച കൊറോണ വൈറസ് ബാധിച്ച 100-ലധികം രോഗികളില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ദിവസങ്ങളോളം മണവും രുചിയും നഷ്ടപ്പെട്ടിരുന്നു എന്നാണ്. അവര്‍ക്ക് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളായി നിലവില്‍ പറയുന്ന പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ശരീരവേദന എന്നിവ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇപ്പോള്‍ കൊറോണ വൈറസ് ബാധിച്ചവരില്‍ പറയുന്ന ലക്ഷണങ്ങള്‍ക്ക് പുറമെ മണവും രുചിയും കുറയുകയോ ചെയ്യുന്നവരെ കൂടി നിരീക്ഷിക്കുകയും ക്വാറന്റൈന്‍ ചെയ്യുകയും ചെയ്താല്‍ രോഗം പടരുന്നത് കുറെക്കൂടി നേരത്തെയും ഫലപ്രദമായി ചെയ്യാമെന്ന നിഗമനത്തിലേക്കാണ് ഡോക്ടര്‍മാര്‍ എത്തിച്ചേരുന്നത്.
അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം
കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മദേഴ്സ് ഡേയിൽ നേരിട്ടുള്ള ആശംസകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആഹ്വാനം ചെയ്തിരുന്നു. അതിനോടനുബന്ധിച്ചുള്ള ഒരു ചിത്രമാണ് യുകെയിൽ തരംഗമായിരിയ്ക്കുന്നത് . തങ്ങളുടെ 68 വയസ്സുള്ള മുത്തശ്ശി സ്യുവിന് ചില്ലു ജാലകത്തിന്റെ അപ്പുറം നിന്ന് ആശംസകൾ അറിയിക്കുന്ന പേരക്കുട്ടികളായ ഐസക്കിന്റെയും ബെന്നിന്റെയും ചിത്രം. ഐസക്കിന് ആറ് വയസ്സും ബെന്നിന് എട്ട് വയസ്സുമാണ്. ഇവർ രണ്ടുപേരും പൂക്കളും, പ്രിയപ്പെട്ട മുത്തശ്ശിക്ക് ആശംസകൾ എന്ന് എഴുതിയ കാർഡും സമർപ്പിച്ചു സന്തോഷം പങ്കിട്ടു. ചില്ലു ജനാലയുടെ അപ്പുറം നിന്നാണെന്ന് മാത്രം.
തന്റെ മുത്തശ്ശിയെ കണ്ടതിന്റെ സന്തോഷം അവർക്കുണ്ട് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ പറ്റാത്ത വിഷമം ഉണ്ടെങ്കിലും കൊറോണ വൈറസ് കാരണം സാമൂഹിക അകലം പാലിക്കുന്നതാണ് ഇപ്പോൾ ഏറ്റവും അഭികാമ്യമെന്ന് ബെൻ പറഞ്ഞു. തങ്ങളെ കാണാൻ കഴിഞ്ഞത് മുത്തശ്ശിക്ക് വളരെയധികം സന്തോഷം ഉണ്ടാക്കി. എന്നാൽ വീടിനുള്ളിൽ ചെല്ലാൻ പറ്റാത്തതും പതിവുപോലെ മുത്തശ്ശിയെ കെട്ടിപ്പിടിക്കാൻ സാധിക്കാത്തതിന്റെയും സങ്കടം ആറുവയസ്സുകാരനായ ഐസക് പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ബ്രിട്ടനിലെങ്ങും അനേകരാണ് തങ്ങളുടെ അമ്മമാർക്കും മുത്തശ്ശിമാർക്കും നേരിട്ട് ആശംസകൾ നേരാതെ വീഡിയോ കോളിലൂടെയും ഫോണിലൂടെയും ആശംസ സന്ദേശങ്ങൾ കൈമാറിയത്.
ലണ്ടൻ: കൊറോണ വൈറസിനെതിരെ അരയും തലയും മുറുക്കി രാജ്യങ്ങളും ഭരണാധികാരികളും ഒരുമിച്ചു ഇറങ്ങിയിട്ടും കൊറോണ വഴുതിമാറി കൂടുതൽ പേരിലേക്ക് എത്തി ആശങ്ക വർദ്ധിപ്പിക്കുകയാണ്. എന്നാൽ ഭരണാധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പൊതുജനത്തിന്റെ അലംഭാവം രോഗം പടരുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു.
വളരെ ജനാതിപത്യ മര്യാതകളോടും കൂടെ നമ്മോട് ആവശ്യപ്പെടുന്ന കാര്യങ്ങളിൽ ചെറിയ ഒരു സമൂഹം കാട്ടുന്ന വിമുഖത രോഗ വളച്ചയുടെ ഗ്രാഫ് മുകളിലേക്ക് ഉയർത്തുന്നു എന്ന് അറിയുക. ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിറഞ്ഞു നിന്നതും ഇതുതന്നേയാണ്.
ഇന്ന് പറഞ്ഞ പ്രധാന തീരുമാനങ്ങൾ ഇവയാണ്
നാളെ മുതൽ പന്ത്രണ്ട് ആഴ്ചത്തേക്ക് യുകെയിലെ വോളനറബിൾ ആയിട്ടുള്ള ഒന്നര മില്യൺ ജനങ്ങൾക്ക് വീടിന് പുറത്തുപോകുവാൻ സാധിക്കുകയില്ല.
ഇവരെ തനിച്ചു വിടുകയല്ല മറിച്ചു അവർക്കു വേണ്ട എല്ലാ സപ്പോർട്ടും നൽകും. കൗൺസിലും സൂപ്പർമാർക്കറ്റുകളും സമന്വയിപ്പിച്ചു ഭക്ഷണവും മരുന്നുകളും എത്തിക്കും.
ഇതിനായി ആവശ്യമെങ്കിൽ പട്ടാളത്തിന്റെ സേവനം ഉപയോഗപ്പെടുത്തും.
സോഷ്യൽ ഡിസ്റ്റൻസിങ് പൊതുജനം പാലിക്കാതെ വന്നാൽ കൂടുതൽ കർശനമായ നടപടികൾ ഉണ്ടാകും എന്ന് നിരീക്ഷകർ പങ്കുവെക്കുന്നു. അടുത്ത 24 മണിക്കൂർ വളരെ ക്രൂഷ്യൽ ആണ്. അതായത് അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ യുകെ ഒരു ടോട്ടൽ ലോക്ക് ഡൗൺ ആകാനുള്ള സാധ്യത കൂടുതൽ ആണ്. പൊതുജനം എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് സാരം.
ഇപ്പോഴും പാർക്കുകൾ പൊതുജനത്തിന് ഉപയോഗിക്കാൻ സാധിക്കുമെങ്കിലും നിശ്ചിത അകലം (രണ്ട് മീറ്റർ) പാലിക്കാൻ സാധിക്കാതെ വന്നാൽ അതും ഇല്ലാതാവാൻ സാധ്യത കൂടുതൽ ആണ്.
യുകെ മരണ സംഖ്യ 281 ലേക്ക് ഇന്ന് ഉയർന്നപ്പോൾ അത് ഇറ്റലിയുടെ മാർച്ച് 7 ലെ മരണ സംഖ്യക്ക് തുല്യമായി. രോഗബാധിതർ 5683 ലേക്ക് ഉയർന്നു.
ഒരു 18 വയസുകാരന്റെ മരണം ഇന്ന് റിപ്പോർട്ട് ചെയ്‌തു.
കോവിഡ് 19 ബാധിച്ചു സ്റ്റോക്ക് ഓൺ ട്രെൻഡ് ആശുപത്രിയിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
ബിർമിംഗ്ഹാമിനടുത്തു ഡഡ്‌ലിയിൽ (dudley) ഇന്ന് രാവിലെ ടെസ്‌കോ സൂപ്പർമാർക്കറ്റിനു മുൻപിൽ തടിച്ചുകൂടിയത് 1000 ത്തോളം പേരാണ്. സമയം രാവിലെ 8:30 ന്.
നാളെ മുതൽ യുകെയിലെ എല്ലാ മാക് ഡൊണാൾഡ് ബ്രാഞ്ചുകളും പൂർണ്ണമായും അടയ്ക്കുന്നു. ജോലിക്കാരുടെ സുരക്ഷയെ കരുതിയാണ് എന്ന് വാർത്താക്കുറിപ്പ്.
കൂടുതൽ ലോക വാർത്തകൾ
ജർമ്മൻ ചാൻസിലർ ആഞ്ചേല മെർക്കൽ നിരീക്ഷണത്തിൽ.. കഴിഞ്ഞ വെള്ളിയാഴ്ച്ച കൂടിക്കാഴ്ച നടത്തിയ ഒരു ഡോക്ടർക്ക് രോഗം ഉണ്ട് എന്ന് പരിശോധന ഫലം വന്നതിനെതുടന്നാണ് ഇത്.
ഫ്രാൻസിൽ മരിച്ചവരുടെ എണ്ണം 674 ലേക്ക് ഉയർന്നു. 112 പേരാണ് ഇന്ന് മരിച്ചത്.
യൂറോപ്പ്യൻ യൂണിയൻ 90% സാമ്പത്തികസഹായം നൽകുന്നു – യൂണിയൻ മെമ്പേഴ്സിന് മാസ്‌കുകളും വെന്റിലേറ്ററും മറ്റും വാങ്ങുന്നതിനാണ് പണം നൽകുന്നത്. ഇ യൂ ഒന്നും ചെയ്യുന്നില്ല എന്ന പരാതി ഇതിനകം ഉയർന്നിരുന്നു.
160 രാജ്യങ്ങളിൽ ആയി ഇതുവരെ 14,400 പേർ മരണപ്പെട്ടു. രോഗബാധിതർ 3,28,000. സുഖപ്പെട്ടവർ 96,000 പേർ.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 281 കടന്നിരിക്കുന്നു . 5683 ൽ അധികം ആളുകൾക്ക് കൊറോണ വൈറസ് ബാധിച്ചതായി ബ്രീട്ടീഷ് ഗവണ്മെന്റിന്റെ കണക്കുകൾ സ്ഥിരീകരിക്കുന്നു . ഭീതി പടർത്തി കൊറോണ വൈറസ് യുകെയിൽ പടരുമ്പോൾ മലയാളികൾക്ക് സഹായഹസ്തവുമായി യുകെയിലെ മലയാളികളായ അഭിഭാഷകർ . യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഭാഗമായി നടത്തപ്പെടുന്ന പരസ്പര സഹായ പദ്ധതിയിൽ ചേർന്ന് നിന്നുകൊണ്ട് യുകെയിൽ കൊറോണ വൈറസ്സുമായി ബന്ധപ്പെട്ട് മലയാളികൾക്ക് ഉണ്ടാകുന്ന നിയമ പ്രശ്നങ്ങൾക്ക് സൗജന്യ നിയമ സഹായം നൽകുവാനാണ് യുകെയിലെ മലയാളി അഭിഭാഷകർ മുന്നോട്ട് വന്നിരിക്കുന്നത് .
കൊറോണ ഭീതിയിൽ കഴിയുന്ന യുകെ മലയാളികൾക്ക് മാനസികമായും , ആരോഗ്യകരമായും സഹായം നൽകുന്നതിനായി യുകെയിലെ മലയാളി ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കുവാനും ഉപദേശങ്ങൾ സ്വീകരിക്കുവാനും യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ സൗകര്യം ഏർപ്പെടുത്തിരുന്നു . ഡോ : സോജി അലക്സിന്റെ നേതൃത്വത്തിൽ 20 ഓളം ഡോക്ടർമാരുള്ള ക്ലിനിക്കൽ ടീമിന്റെ 02070626688 എന്ന ഈ ഹെൽപ്പ് ലൈൻ നമ്പറിലേയ്ക്ക് അനേകം മലയാളികളാണ് ദിനംപ്രതി വിളിക്കുന്നത് .
ഇതിനോടകം നിരവധി യുകെ മലയാളി കുടുംബങ്ങൾക്ക് മരുന്നുകൾ എത്തിച്ച് കൊടുക്കുവാനും , ആരോഗ്യകരമായ ഉപദേശങ്ങൾ നൽകുവാനും , മാനസിക പിന്തുണ നൽകുവാനും ഈ മെഡിക്കൽ ടീമിനും യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ 140 ഓളം വരുന്ന വോളണ്ടിയർമാർക്കും കഴിഞ്ഞു .
കഴിഞ്ഞ കുറെ ദിവസങ്ങളിൽ ചിലർ നിയമ സഹായം ആവശ്യപ്പെട്ട് ഹെൽപ്പ് ലൈൻ നമ്പരിലേക്ക് വിളിച്ചിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അഭിഭാഷകരെ ഉൾപ്പെടുത്തി യുകെ മലയാളികൾക്ക് സൗജന്യ നിയമ സഹായം കൂടി നൽകുക എന്ന ദൗത്യം യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഏറ്റെടുത്തത് .
അഡ്വ. ലൂയിസ് കെന്നഡി, അഡ്വ : പോൾ ജോൺ , അഡ്വ : ഫ്രാൻസിസ് മാത്യു കവളക്കാട്ട് , അഡ്വ : സുബാഷ് ജോർജ്ജ് മാനുവൽ , അഡ്വ : സന്ദീപ് പണിക്കർ , അഡ്വ : അരുൺ ഏണസ്റ്റ് ഡിക്രൂസ് , അഡ്വ : അരവിന്ദ് ശ്രീവത്സലൻ , അഡ്വ : അഫ്സൽ അവുൺഹിപ്പുറത്ത് , അഡ്വ : ദിലീപ് രവി തുടങ്ങി പ്രമുഖരായ ഒന്‍പത് മലയാളി അഭിഭാഷകരാണ് മാതൃകാപരമായ ഈ പരസ്പര സഹായ യജ്ഞത്തിൽ പങ്ക് ചേരാൻ മുന്നോട്ട് വന്നിരിക്കുന്നത് .
ഇപ്പോൾ യുകെ മലയാളികൾക്ക് എമിഗ്രേഷനുമായ ബന്ധപ്പെട്ടും , ജോലിയുമായും ബന്ധപ്പെട്ടും , ബിസ്സിനസുമായി ബന്ധപ്പെട്ടും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് സൗജന്യ നിയമ സഹായം നൽകാൻ ഈ ലീഗൽ സെല്ലിന് കഴിയും . കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നാട്ടിലേയ്ക്ക് തിരികെ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന മാതാപിതാക്കളുള്ള മലയാളി കുടുംബങ്ങൾ , വിസ തീർന്നതിന്റെ പേരിൽ കഷ്‌ടപ്പെടുന്ന മലയാളി വിദ്യാർത്ഥികൾ , ജോലി നഷ്‌ടപ്പെട്ടതിന്റെ പേരിൽ ബുദ്ധിമുട്ടുന്ന മലയാളികൾ , കൊറോണ പടർന്നു പിടിച്ചതിന്റെ പേരിൽ ബിസ്സിനസ്സ് നഷ്‌ടപ്പെട്ട മലയാളി ബിസ്സിനസ്സുകാർ തുടങ്ങിയവർക്കൊക്കെ ഈ സൗജന്യ നിയമ ഉപദേശം വളരെയധികം ആശ്വാസകരമാകും എന്ന് ഉറപ്പാണ് .
കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആരോഗ്യകരമായോ , നിയമപരമായോ ഏതെങ്കിലും പ്രശ്നങ്ങളിൽ ബുദ്ധിമുട്ടി കഴിയുന്ന യുകെ മലയാളിയാണോ നിങ്ങളെങ്കിൽ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പരസ്പര സഹായ പദ്ധതിയുടെ ഭാഗമായ 02070626688 എന്ന ഹെൽപ്പ് ലൈൻ നമ്പരിലേയ്ക്ക് ഉടൻ വിളിക്കുക . ഞങ്ങളാൽ സാധ്യമായ എല്ലാ സഹായവും നിങ്ങളിൽ ഓരോരുത്തർക്കും നൽകുമെന്ന് ഉറപ്പ് നൽകുന്നു .
ന്യൂസ് ഡെസ്ക് , മലയാളം യുകെ
പുരയ്ക്ക് തീപിടിക്കുമ്പോൾ വാഴ വെട്ടുന്നവരെ കുറിച്ച് നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. ഈ പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന രീതിയിലുള്ള തീവെട്ടിക്കൊള്ളകളുടെ കഥകളാണ് യുകെയിലെ റീട്ടെയിൽ മേഖലകളിൽ നിന്നും കേൾക്കുന്നത്. ആവശ്യ സാധനങ്ങളുടെ ദൗർലഭ്യം യുകെയിൽ എല്ലാ മേഖലകളിൽനിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ദൗർലഭ്യം മുതലെടുത്ത് കൊള്ളലാഭം കൊയ്യുന്നതിൽ മുന്നിൽനിൽക്കുന്നത് ഏഷ്യൻ ഷോപ്പുകൾ ഉൾപ്പെടുന്ന ചെറുകിട വ്യാപാര മേഖലയാണ്. സൂപ്പർ മാർക്കറ്റുകളിൽ ആവശ്യ സാധനങ്ങൾക്ക് വലിയ തോതിലുള്ള ഡിമാൻഡും ദൗർലഭ്യം ഉണ്ടെങ്കിലും സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ വിലവർദ്ധനവ് ഉണ്ടായിട്ടില്ല. എന്നാൽ റീട്ടെയിൽ മേഖലകൾ കൊറോണക്കാലത്ത് പരമാവധി സാമ്പത്തികനേട്ടം ഉണ്ടാക്കാനുള്ള പരക്കം പാച്ചിലിലാണ്.
മലയാളികൾ ഉൾപ്പെടുന്ന ന്യൂനപക്ഷ സമൂഹമാണ് ഇതിന്റെ തിക്ത ഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. കാരണം മലയാളിയുടേയും മറ്റും പല ആവശ്യസാധനങ്ങൾ സൂപ്പർമാർക്കറ്റിൽ ലഭ്യമല്ല . വെറും 10 പൗണ്ടിൽ താഴെ വിലയുണ്ടായിരുന്ന 10 കിലോയുടെ കുത്തരി ബാഗിന് കഴിഞ്ഞദിവസം 36 പൗണ്ട് വരെ വാങ്ങിയവരുണ്ട്. ഒരു കിലോ ഇഞ്ചിയുടെ വില നേരെ ഇരട്ടിയായി 5 പൗണ്ട് വരെയായി. ഇത്തരത്തിൽ മലയാളികൾ ഉൾപ്പെടുന്ന ന്യൂനപക്ഷ സമൂഹങ്ങളുടെ ജീവിതച്ചിലവ് വലിയ തോതിൽ വർദ്ധിച്ചത് കൊറോണ കാലത്തെ ഇരുട്ടടി ആണ്.
ഇതിനിടയിൽ കൊറോണാ കാലത്ത് അല്പം പണം ഉണ്ടാക്കാനായി ചില മലയാളി സുഹൃത്തുക്കൾ ഇറങ്ങി തിരിച്ചിട്ടുണ്ട്. സൗത്ത് ഇംഗ്ലണ്ടിലെ ഒരു മലയാളി 34 ചാക്ക് കുത്തരി വരെയാണ് വീടിനുള്ളിൽ സ്റ്റോക്ക് ചെയ്തിരിക്കുന്നത്.ചാക്കിന് 10 പൗണ്ട് മുതൽ 12 പൗണ്ട് വരെ മുടക്കിയാണ് വാങ്ങിയതെങ്കിൽ മറ്റ് മലയാളികൾക്ക് മറിച്ചു വിൽക്കുന്നത് 25 പൗണ്ട് മുതൽ 30 പൗണ്ട് വരെ നിരക്കിലാണ്
ഓർക്കുക ഉപഭോക്താക്കൾക്കും അവകാശങ്ങളുണ്ട്. അമിത ലാഭം കൊയ്യുന്ന അവർക്കെതിരെ യുകെയിലെ നിയമ സംവിധാനങ്ങളെ സമീപിക്കാവുന്നതാണ്.
ലങ്കാഷയർ യൂണിവേഴ്സിറ്റിയിലെ എം ബി എ വിദ്യർത്ഥിയായ സിദ്ധാർഥിനെ (23) കാണാനില്ല പരാതി പോലീസിന്. ലിങ്കൻഷയർ പോലീസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആണ് പ്രസ്തുത വിവരം വന്നിട്ടുള്ളത്. കഴിഞ്ഞ ഞായാറാഴ്ച (15/03/2020) 8:30 pm നോട് അടുത്താണ് കാണാതായിരുന്നത് എന്നാണ് പോലീസ് പറയുന്നത്. പരാതി ലഭിച്ചയുടൻ പോലീസ് ഹെലികോപ്റ്ററുകളും ഡ്രോൺ മുതലായവ ഉപയോഗിച്ച് തിരഞ്ഞു എങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
മൊബൈൽ സിഗ്നൽ പരിശോധിച്ചപ്പോൾ അവസാനമായി സഞ്ചരിച്ചത് സിറ്റിക്ക് അടുത്തുള്ള docks ന് അടുത്തേക്ക് ആണ് എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഏഴു മണിയോടെ നാട്ടിനുള്ള പിതാവുമായി സംസാരിച്ചിരുന്നു. അപ്പോൾ വളരെ സന്തോഷവാനായിരുന്നു സിദ്ധാർത് എന്നാണ് നാട്ടിലുള്ള പിതാവ് ഈ വിഷയത്തെപ്പറ്റി പങ്കുവെച്ചത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എല്ലാദിവസവും നാട്ടിലെ മാതാപിതാക്കളുമായി സംസാരിക്കാറുള്ള സിദ്ധാർഥിന്റെ തിരോധാനം കുടുംബത്തെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്. ജൂലൈ 2019 ആണ് UCLAN യൂണിവേഴ്സിറ്റിയിൽ ജോയിൻ ചെയ്‌തത്. യുകെയിൽ ഉള്ള മറ്റൊരു സിറ്റിയിലും കൂട്ടുകാരോ ബന്ധുക്കളോ ഇല്ലെന്നു പിതാവ് വെളിപ്പെടുത്തി.
വളരെയധികം മലയാളി വിദ്യാർത്ഥികളും പഠിക്കാനെത്തിയിരിക്കുന്ന ഒരു യൂണിവേഴ്സിറ്റി ആണ് ഇത്. സിദ്ധാർത്ഥിന്റെ മുറി സേർച്ച് ചെയ്തതിൽ നിന്നും പാസ് പോർട്ട് കണ്ടെടുക്കുകയും ചെയ്തതോടെ യുകെ വിട്ടു പോകാനുള്ള സാധ്യത ഇല്ലാതായി. എന്തായാലും ഇന്ന് കാണാതായിട്ട് 6 ദിവസം ആയിരിക്കുകയാണ്.
പരാതിയുടെ വെളിച്ചത്തിൽ ലിങ്കൻഷയർ പോലീസിന്റെ പൊതുജനത്തോട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കുക
contact police on 101 quoting log 1362 of March 15.
[ot-video]
Have you seen Siddharth Murkumbi? We are appealing for information after he went missing from Preston.
Siddharth, 23, was last heard from around 8.30pm yesterday (Sunday, March 15) and may have travelled to the docks area of the city.https://t.co/4rjmbxGMcy pic.twitter.com/vCRPIoZ075
— LancsPolice (@LancsPolice) March 16, 2020
[/ot-video]