ലണ്ടൻ: സഹോദരനെ അധിക്ഷേപിച്ച ആരാധകനെ നേരിടാൻ ഗാലറിയിലേക്ക് ഓടിക്കയറി ടോട്ടനം താരം എറിക് ഡയർ. എഫ്എ കപ്പ് ഫുട്ബോളിൽ ടോട്ടനവും നോർവിച്ചും തമ്മിലുള്ള മത്സരത്തിനുശേഷമാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഷൂട്ടൗട്ടിലെ തോൽവിക്കുശേഷം ഗാലറിയോടു ചേർന്നു നടക്കുകയായിരുന്ന ഡയർ പെട്ടെന്നു ബാരിക്കേഡുകൾ ചാടിക്കടന്നു കാണികളുടെ ഇടയിലേക്ക് ഓടിക്കയറയുകയായിരുന്നു. തുടർന്ന് ആരാധകരിലൊരാളുമായി ഡയർ വാക്കേറ്റം നടത്തി. ഉടൻതന്നെ ഇരുവരേയും സ്റ്റേഡിയത്തിന്റെ ചുമതലയുണ്ടായിരുന്ന ഗാർഡുമാർ പിടിച്ചുമാറ്റി.
മത്സരം കാണാൻ ഡയറിന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു. കുടുംബത്തിന്റെ മുന്നിൽ വച്ച് ഒരു ആരാധകൻ ഡയറിനെയും കുടുംബത്തെയും അപമാനിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡയറിനെതിരേ എഫ്എ നടപടിയുണ്ടാകുമെന്നാണു സൂചന.
ടോട്ടനം പരിശീലകൻ ഹോസെ മൗറീഞ്ഞോ ഡയറിന്റെ കുടുംബത്തിന് എതിരേയുണ്ടായ അധിക്ഷേപം ആവർത്തിച്ചു. ഇതിന്റെ പേരിൽ താരത്തിനെതിരേ ക്ലബ് നടപടിയെടുത്താൽ അംഗീകരിക്കില്ലെന്നും മൗറീഞ്ഞോ പറഞ്ഞു.
ലണ്ടൻ: വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യയിൽനിന്നു കടന്ന സാന്പത്തിക കുറ്റവാളി നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. അഞ്ചാം തവണയാണ് യുകെയിലെ കോടതി മോദിയുടെ ജാമ്യാപേക്ഷ തള്ളുന്നത്.
കഴിഞ്ഞ വർഷം മാർച്ചിൽ അറസ്റ്റിലായ മോദിയെ വാണ്ട്സ്വർത്ത് ജയിലിലാണു പാർപ്പിച്ചിരിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 200 കോടി യുഎസ് ഡോളറിന്റെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ നീരവ് മോദി കൈമാറ്റ നടപടികൾക്കെതിരേ നിയമപോരാട്ടം നടത്തുകയാണ്. മേയിലാണ് ഇതിന്റെ വിചാരണ നടക്കുന്നത്. സ്കോട്ട്ലൻഡ് യാർഡ് മോദിക്കെതിരേ കൈമാറ്റ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ നേരിട്ട് നഴ്‌സറി ജീവനക്കാരി. കേസില്‍ ഏപ്രില്‍ മൂന്നിന് വിധി പറയും. ബ്രിട്ടനിലെ ബേര്‍ക്ക്‌ഷെയറിലെ നഴ്‌സറി ജീവനക്കാരിയായിരുന്ന ലീ കോര്‍ഡിസാണ് (20) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കോടതിയില്‍ ഹാജരായത്. 2017 ജനുവരിയിലാണ് ലീ ആദ്യമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ കിടപ്പുമുറിയില്‍ കടന്ന ഇവര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
നഴ്‌സറി ജീവനക്കാരിയായിരുന്ന ലീ ആണ്‍കുട്ടിയുടെ വീട്ടില്‍ കുട്ടികളെ നോക്കാനായി എത്തിയപ്പോഴാണ് പീഡനം നടത്തിയത്. ആദ്യമായി ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കുമ്പോള്‍ 17 വയസായിരുന്നു ലീയുടെ പ്രായം. പിന്നീട് പലതവണ ലീ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടെ ഇവര്‍ ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതോടെയാണ് പീഡന വിവരം പുറംലോകമറിയുന്നത്.
ഇതിനിടെ 2017 മെയ് മാസത്തില്‍ കാമുകനായ മറ്റൊരാളെ ലീ വിവാഹം കഴിച്ചെങ്കിലും ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. സംഭവമറിഞ്ഞ കാമുകന്‍ ഇതില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലീ കൂട്ടാക്കിയില്ല. 2018 വരെ പലതവണകളായി ലീ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
ഹില്‍ ചീസ് റോളിംഗ് എന്ന മത്സരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?. എന്നാല്‍ അങ്ങനെയൊരു മത്സരം ഉണ്ട്. അങ്ങ് ഇംഗ്ലണ്ടിലെ ഗ്ലൗസെസ് ടെര്‍ഷയറിലാണ് ഇത് നടക്കുന്നത്. ലോകത്തെ പല നാടുകളില്‍ നിന്നും ആളുകള്‍ കാണാന്‍ വരുന്ന ഈ മത്സരത്തില്‍ കൂടുതലായും പങ്കെടുക്കുന്നത് യുവാക്കള്‍ തന്നെയാണ്. അപകടകരമായ ഈ മത്സരം വലിയ കഷണം ചീസ് കൊണ്ട് തന്നെയാണ് നടക്കുന്നത്.
വസന്തകാലത്ത് നടക്കുന്ന ഈ മത്സരം എങ്ങനെയെന്നല്ലേ, കുത്തനെയുള്ള മലയിറക്കത്തില്‍ ഒരു വലിയ കഷണം ചീസ് ഉരുട്ടിവിടുന്നു. ഇത് പിടിക്കാനായി പിന്നാലെ യുവാക്കളുടെ കൂട്ടം തന്നെ ഓടും. കുത്തനെയുള്ള ഇറക്കമായതിനാല്‍ ഉരുണ്ടിറങ്ങുന്ന ചീസിന് പിന്നാലെ ഓടിയാല്‍ മരണം വരെ സംഭവിക്കുന്ന പരിക്കേല്‍ക്കാം. നിരങ്ങിയും കരണം മറിഞ്ഞും ഉരുണ്ടുമൊക്കെ ആള്‍ക്കാര്‍ താഴേക്ക് പതിക്കുന്നതും പരിക്കേല്‍ക്കുന്നതുമൊക്കെ സ്ഥിരമാണെങ്കിലും മത്സരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ഇവര്‍ തയ്യാറാവില്ല. മണിക്കൂറില്‍ 70 മൈല്‍ വരെ വേഗത വേണ്ടി വരുമെന്നാണ് പങ്കെടുക്കുന്നവര്‍ പറയുന്നത്.
മത്സരം കാണാന്‍ വന്‍ ജനാവലിയാണ് എത്തുന്നത്. 2009 വരെ ഈ മത്സരത്തിന് സര്‍ക്കാര്‍ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നതും പരാതിയും പതിവായതോടെ ഈ പിന്തുണ ഉപേക്ഷിച്ചു. എന്നാല്‍ പാരമ്പര്യം തുടരുന്നതില്‍ നാട്ടുകാര്‍ക്ക് വിലക്കില്ലെന്നതിനാല്‍ എല്ലാവര്‍ഷവും മുടങ്ങാതെ മത്സരം നടക്കുന്നു. അപകടത്തില്‍പ്പെടുന്നവരെ ഉടന്‍ ആശുപത്രിയിലെത്തിക്കാനുള്ള മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ തന്നെ നിയോഗിക്കാറുണ്ട്.
ഇന്ത്യയില്‍ ഇരുന്ന് ബ്രിട്ടീഷുകാരുടെ കമ്പ്യൂട്ടറില്‍ നുഴഞ്ഞുകയറി അവരുടെ പോക്കറ്റില്‍ നിന്ന് ലക്ഷങ്ങളും കോടികളും തട്ടിയ വിരുതന്മാര് പിടിയില്‍. തലസ്ഥാന നഗരത്തിന്റെ അരികിലായി ആരും കാണാതെ ഒരു കോള്സെന്ററിലിരുന്ന് ഈ ഇന്ത്യന്‍ വിരുതന്മാര് ബ്രിട്ടീഷ് പൗരന്മാരുടേതുള്പ്പടെ വിദേശികളുടെ കോടികളാണ് തട്ടിയെടുത്തത്.
സൈബര്‍ ലോകത്തിന്റെയും എന്തിന്, ബിബിസിയുടെ പോലും കണ്ണു തള്ളിക്കുന്ന വിധത്തില്‍ തട്ടിപ്പു നടത്തിയ സംഘത്തെ കഴിഞ്ഞ ദിവസം ഹരിയാന പോലീസ് കൈയോടെ പൊക്കി. ലണ്ടനില്‍ ഇരുന്ന് ധാര്‍മികതയുടെ പേരില്‍ മാത്രം ഹാക്കിംഗ് നടത്തുന്ന ജിം ബ്രൗണിംഗ് എന്ന ചെറുപ്പക്കാരന്റെ സാങ്കേതിക മികവാണ് ഇവരുടെ തട്ടിപ്പ് ബിബിസിയിലൂടെ പുറംലോകത്ത് എത്തിച്ചത്.
ഡല്‍ഹി സ്വദേശിയായ അമിത് ചൗഹാന് എന്ന യുവാവാണ് തട്ടിപ്പിന്റെ സൂത്രധാരന്‍. ഇയാളെ പോലീസ് തിരയുകയാണ്. ബിബിസിയുടെ സൗത്ത് ഏഷ്യ ലേഖിക രഞ്ജിനി വൈദ്യനാഥന് ഇതേക്കുറിച്ച് വിളിച്ചു ചോദിച്ചെങ്കിലും തനിക്കെതിരായ ആരോപണങ്ങളെല്ലാം തന്നെ അമിത് ചൗഹാന് നിഷേധിക്കുകയാണ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു.
ബാങ്കുകള്‍, കമ്പനികള്‍ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുടെ പേരില്‍ ആളുകളെ വിളിച്ചു തട്ടിപ്പിലൂടെ പണം നേടിയെടുക്കാന്‍ അമിത് ചൗഹാന് തന്റെ കോള്‍ സെന്‍റര്‍ ജീവനക്കാരെ പരിശീലിപ്പിച്ചിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. ഡല്‍ഹിക്കടുത്ത് ഹരിയാനയിലെ ഗുരുഗ്രാമില്‍ ഒരു ചെറിയ കോള്‍ സെന്ററില്‍ ഇരുന്നാണ് വിരുതന്മാര് ഇംഗ്ലണ്ട് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലുള്ളവരുടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്.
യുകെയിലുള്ളവരുടെ കമ്പ്യൂട്ടറുകളില്‍ ഇവര്‍ വൈറസ് കയറ്റിവിടും. എന്നിട്ട് കമ്പ്യൂട്ടര്‍ തകരാറിലായി എന്ന മെസേജ് സ്ക്രീനില്‍ കാണിക്കും. ഇതിനൊപ്പം മൈക്രോസോഫ്റ്റിനെ വിളിക്കാനുള്ള നമ്പരും പോപ്പ് അപ്പിലൂടെ കാണിക്കും. ഗുരുഗ്രാമിലെ കോള്‍ സെന്ററിന്റെ നമ്പരാണ് മൈക്രോസോഫ്റ്റിന്റേതെന്ന പേരില്‍ നല്‍കുന്നത്.
ഇനിയാണ് യഥാര്‍ഥ തട്ടിപ്പ് നടക്കുന്നത്. തങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നു വൈറസ് നീക്കം ചെയ്തു നന്നാക്കി കിട്ടുന്നതിനാായി ഇവരുടെ ഫോണ്‍ നമ്പറിലേക്ക് വിളിക്കുന്ന വിദേശികളോട് ഗുരുഗ്രാമിലെ കോള്‍ സെന്ററിലിരുന്ന് ഫോണെടുക്കുന്നയാള്‍ താനിപ്പോള്‍ കാലിഫോര്‍ണിയയയിലെ സാന്‍ ഹോസെയിലാണ് ഉള്ളതെന്ന് പറയും. കമ്പ്യൂട്ടര്‍ നന്നാക്കാന്‍ നൂറു പൗണ്ട് മുതല്‍ 1500 പൗണ്ട് വരെയാണ് ഫീസായി ചോദിക്കുന്നത്. നൂറു മുതല്‍ ഒന്നരലക്ഷം വരെ ഇന്ത്യന്‍ രൂപയ്ക്കു തുല്യമാണിത്. കോടിക്കണക്കിന് രൂപയാണ് ഇവര്‍ ഇത്തരത്തില്‍ പ്രതിമാസം സമ്പാദിച്ചിരുന്നത്.
ജിം ബ്രൗണിംഗ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു എത്തിക്കല്‍ ഹാക്കര്‍ ആണ് ഇവരുടെ തട്ടിപ്പ് പൊളിച്ചടുക്കി കൈയില്‍ കൊടുത്തത്. ഗുരുഗ്രാമിലെ കോള്‍ സെന്ററിന്റെ സിസിടിവി ക്യാമറ നെറ്റ് വര്‍ക്കില്‍ നുഴഞ്ഞുകയറിയാണ് ജിം ബ്രൗണിംഗ് പണി പറ്റിച്ചത്. കോള്‍ സെന്ററില്‍ നിന്നു പ്രതിദിനം പുറത്തു പോകുന്ന എഴുപതിനായിരത്തോളം ഫോണ്‍ കോളുകളും ഇവര്‍ റിക്കോര്‍ഡ് ചെയ്തു. ബ്രിട്ടനിലുള്ളവരെ ഫോണിലൂടെ പറ്റിച്ചിട്ട് കോള്‍ സെന്ററില്‍ ഇരുന്ന് ഇവര്‍ പരിഹസിച്ചു ചിരിക്കുന്നതിന്റെ ഉള്‍പ്പടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ ജിം ബ്രൗണിംഗ് ചോര്‍ത്തിയെടുത്തു. യുകെയിലുള്ളവരെ അതിവിദ്ഗ്ധമായി പറഞ്ഞു പറ്റിച്ചിട്ട് ഇവര്‍ കോള്‍ സെന്ററില്‍ ഇരുന്ന് കൂട്ടത്തോടെ ചിരിക്കുകയാണ് ചെയ്യുന്നത്.
കമ്പ്യൂട്ടര്‍ ശരിയാക്കാന്‍ 1295 പൗണ്ട് (1,21,500 രൂപ) വേണ്ടി വരും എന്ന് ഒരു ബ്രിട്ടീഷുകാരനോട് പറഞ്ഞപ്പോള്‍ തനിക്കിത് കേട്ടിട്ടു തന്നെ തല കറങ്ങുന്നു എന്നായിരുന്നു അയാളുടെ മറുപടി. തനിക്ക് ഹൃദയാഘാതം വരുമെന്നു പറഞ്ഞ് അയാള്‍ ഫോണിലൂടെ കരയുകയായിരുന്നു. നിങ്ങള്‍ ഇങ്ങനെ കരയരുത് സാര്‍, നിങ്ങളൊരു മാന്യനാണ് എന്നെനിക്കറിയാം എന്നാണ് ഇന്ത്യയില്‍ നിന്നു വിളിച്ചയാള്‍ മറുപടി നല്‍കുന്നത്.
തട്ടിപ്പിനിരയായ പലരോടും അശ്ലീല വെബ്സൈറ്റുകള്‍ പതിവായി കാണുന്നത് കൊണ്ടാണ് കമ്പ്യൂട്ടറില്‍ വൈറസ് കയറുന്നതെന്ന് പറഞ്ഞാണ് ഇവര്‍ പേടിപ്പിച്ചിരുന്നത്. ഈ ദൃശ്യങ്ങള്‍ ഉള്‍പ്പടെ ജിം ബ്രൗണിംഗ് ബിബിസി പനോരമയില്‍ പങ്ക് വെച്ചതോടെയാണ് തട്ടിപ്പ് പുറം ലോകം അറിഞ്ഞത്. തട്ടിപ്പിന്റെ പൂര്‍ണ തിരക്കഥയും തെളിവും സഹിതം മനസിലാക്കിയ ശേഷം ജിം ബ്രൗണിംഗ് തന്നെ നേരിട്ട് കോള്‍ സെന്ററിലേക്ക് വിളിച്ചു. കാലിഫോര്‍ണിയയില്‍ ആണെന്ന് പറയുന്ന കോള്‍ സെന്‍റര്‍ ജീവനക്കാരനോട് സാന്‍ ഹോസെയിലെ ഒരു ഹോട്ടലിന്റെ പേര് പറയാന്‍ ജിം ആവശ്യപ്പെട്ടു.
ഉടന്‍ തന്നെ അയാള്‍ സാന്‍ ഹോസെയിലെ ഹോട്ടലിന്റെ പേരറിയാന്‍ ഗൂഗിളില്‍ തിരഞ്ഞു നോക്കുന്ന ദൃശ്യം കൂടി ജിം ബ്രൗണിംഗ് ചോര്‍ത്തിയെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ ഗുരുഗ്രാമിലെ കോള്‍ സെന്‍റര്‍ ജീവനക്കാരന് ഫോണ്‍ കട്ട് ചെയ്ത് രക്ഷപെടുകയും ചെയ്തു. തന്റെ നാട്ടിലെ സാധാരണക്കാരെ ഇന്ത്യയില്‍ ഇരുന്ന് കുറച്ച് പേര് പറ്റിക്കുന്നത് പൊളിച്ചടുക്കി നിയമത്തിന്റെ മുന്നില്‍ എത്തിക്കാനാണ് താന്‍ ശ്രമിച്ചതെന്നാണ് ജിം പറഞ്ഞത്. തട്ടിപ്പു നടത്തിയവരെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നു മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും ജിം ബിബിസിയോട് പറഞ്ഞു.
യൂറോപ്പ്യൻ യൂണിയനിൽ പെടുന്ന മാള്‍ട്ടയില്‍ മലയാളി നേഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കളുടെ പരാതി. സിനിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പരാതി നല്‍കി. മാള്‍ട്ടയില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന സിനിയുടെ മരണത്തിലാണ് ദുരൂഹത. സിനി ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാകാമെന്നും ബന്ധുക്കള്‍ ആരോപിച്ചു.
വിദേശത്ത് വച്ചും നാട്ടില്‍ വച്ചും സിനിയെ ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി.
ഫെബ്രുവരി 17നാണ് സിനി മരിച്ചത്. സിനിയുടെ ഭര്‍ത്താവ് മോനിഷ് തന്നെയാണ് മരണ വിവരം ബന്ധുക്കളെ അറിയിച്ചത്. ആദ്യം അപകടത്തില്‍ മരിച്ചുവെന്നാണ് നാട്ടില്‍ അറിയിച്ചിരുന്നത്. പിന്നീട് ആത്മഹത്യയെന്ന് മാറ്റിപ്പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ഭര്‍ത്താവ് മോനിഷോ ബന്ധുക്കളോ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തില്ല. ഇതും സംശയമുളവാക്കുന്നുവെന്ന് സിനിയുടെ ബന്ധുക്കള്‍ പറയുന്നു. സിനിയെ കുറച്ചുകാലമായി മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി അമ്മ പറഞ്ഞു. എന്തെങ്കിലുമൊക്കെ കാരണങ്ങളുണ്ടാക്കി കുറ്റം പറയുമായിരുന്നു.
ചെരിപ്പ് കൊണ്ട് ഇരുകവിളിലും അടിച്ചു. അതിന്റെ ഫോട്ടോകളും സിനി വീട്ടിലേക്ക് അയച്ചിരുന്നു. മേശപ്പുറത്തിരുന്ന സാധനങ്ങള്‍ എടുത്ത് തലയ്‌ക്കെറിഞ്ഞു. മൂക്കിനും വേദനിക്കുന്നു എന്ന് സിനി പറഞ്ഞിരുന്നതായി അമ്മ വെളിപ്പെടുത്തി. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നതായും മാതാപിതാക്കള്‍ പരാതിയിൽ പറയുന്നു.
ലണ്ടന്‍: കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ കുടുംബത്തെ സന്ദര്‍ശിച്ചു മടങ്ങി എത്തിയ യുവാവിന്റെ മരണത്തില്‍ അങ്കലാപ്പോടെ ലണ്ടന്‍ നഗരം. നഗരത്തിന് അടുത്ത പ്രദേശമായ ഹാറോവില്‍ മുംബൈയില്‍ കുടുംബവേരുകള്‍ ഉള്ള മലയാളി യുവാവാണ് അസ്വാഭാവിക സാഹചര്യത്തില്‍ മരണമടഞ്ഞത്. ഇന്നലെ ഉറക്കം എണീക്കാന്‍ വൈകിയ യുവാവ് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ അടിയന്തിര വൈദ്യ സഹായം തേടുക ആയിരുന്നു. ആംബുലന്‍സ് ടീം ജീവന്‍ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണം സംഭവിക്കുക ആയിരുന്നു. ഹോട്ടല്‍ മാനേജ്മെന്റ് പഠന ശേഷം ലണ്ടനിലെ ഹോട്ടലില്‍ യുവാവ് ജോലി ചെയ്യുക ആയിരുന്നു എന്നാണ് ലഭ്യമായ സൂചന. യുവാവിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം നല്‍കുന്ന സൂചന.
അതിനിടെ അസ്വാഭാവിക മരണം എന്ന നിലയില്‍ കടുത്ത ജാഗ്രതയോടെയാണ് പോലീസും ആരോഗ്യ വിഭാഗവും സംഭവത്തെ കൈകാര്യം ചെയ്യുന്നത്. മരണം സംബന്ധിച്ച വിവരം ഒന്നും ലഭ്യം അല്ലാത്തതിനാല്‍ യുവാവ് താമസിച്ചിരുന്ന പ്രദേശം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. വിവരം അറിഞ്ഞു മലയാളി സമൂഹത്തില്‍ ഉള്‍പ്പെട്ടവര്‍ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. മാര്‍ത്തോമ്മാ സമുദായ അംഗമായ മരിച്ച യുവാവ് പ്രദേശത്തെ പള്ളിയില്‍ അംഗത്വം എടുത്തിട്ടില്ലെന്നാണ് സൂചന. അതിനാല്‍ തന്നെ ഇവിടെയുള്ളവര്‍ക്ക് ഇയാളെ സംബന്ധിച്ച വ്യക്തിപരമായ വിവരങ്ങള്‍ അധികം പങ്കുവയ്ക്കാനും കഴിയുന്നില്ല.
ഇന്നലെ ഉച്ചയോടെയാണ് പാരാമെഡിക് സേവനം തേടി യുവാവിന്റെ കൂടെ ഉണ്ടായിരുന്നവര്‍ വിളിക്കുന്നത്. തുടര്‍ന്ന് പാരാമെഡിക്‌സ് വിഭാഗം അടിയന്തിര ശുശ്രൂഷ നല്‍കവേ തന്നെ യുവാവിന്റെ മരണം സംഭവിക്കുക ആയിരുന്നു. ഇതേതുടര്‍ന്ന് പോലീസ് അതിവേഗം സ്ഥലത്തെത്തി പ്രദേശം സീല്‍ ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. നിരവധി തവണ ഫോറന്‍സിക് വിഭാഗം തെളിവെടുപ്പ് നടത്തിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണത്തില്‍ പൊലീസിന് സംശയം ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.
തെളിവെടുപ്പ് തുടരുന്നതിനാല്‍ ഇന്നലെ പൂര്‍ണമായും പ്രദേശത്തു ജനസാന്നിധ്യം പൊലീസ് അനുവദിച്ചിരുന്നില്ല. യുവാവിന്റെ മുംബൈയിലും കുവൈറ്റിലും ഉള്ള ഉറ്റ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറക്ക് മലയാളം യുകെ അപ്‌ഡേറ്റ് ചെയ്യുന്നത് ആയിരിക്കും.
ലണ്ടൻ: ഡൽഹിയിലെ കലാപത്തിെൻറ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണം എന്നാവശ്യപ്പെട്ടും പൗരത്വ നിയമ ഭേദഗതിക്കെതിരെയുമായി ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷന് മുമ്പിൽ പ്രക്ഷോഭം. പാരിസിലും ബർലിനിലും അടക്കം യൂറോപ്പിലെ 17 നഗരങ്ങളിൽ അരങ്ങേറുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമാണ് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും മറ്റും പങ്കെടുത്ത ലണ്ടനിലെ പ്രക്ഷോഭം.
‘ദ ഇൻഡ്യ സൊസൈറ്റി അറ്റ് ദ സ്കൂൾ ഒാഫ് ഒാറിയൻറൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ് (SOAS)’, ‘സൗത്ത് ഏഷ്യൻ സ്റ്റുഡൻറ്സ് ഏഗെയ്ൻസ്റ്റ് ഫാസിസം ആൻഡ് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്’ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ലണ്ടനിലെ പ്രക്ഷോഭം. ഡൽഹി കലാപത്തിലെ ഇരകളോടൊപ്പം എന്ന സന്ദേശവുമായായാണ് വിദ്യാർഥികളടക്കം ഇവിടെ ഒരുമിച്ച് കൂടിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക, കലാപത്തിന് വഴിമരുന്നിട്ട ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ പ്രക്ഷോഭകർ ഉന്നയിച്ചു.
ഡൽഹിയിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് സർക്കാർ നരേന്ദ്ര മോദി സർക്കാറിനെ പ്രതിഷേധം അറിയിക്കണമെന്നും ലോകം ഈ അക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഭീകരമായിരിക്കുമെന്നും പ്രക്ഷോഭകർ പറഞ്ഞു.
കലാപത്തിെൻറ ഇരകളോടൊപ്പം നിൽക്കുകയും അവർക്ക് സുരക്ഷയൊരുക്കാൻ പ്രയത്നിക്കുകയും ചെയ്ത ഇതര മത സമൂഹങ്ങളെ പ്രകീർത്തിക്കാനും പ്രക്ഷോഭകർ മറന്നില്ല.
ഒട്ടാവ: ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും പത്നി മേഗന്റെയും സുരക്ഷയ്ക്ക് സർക്കാർ ഖജനാവിൽനിന്നു പണം ചെലവഴിക്കില്ലെന്നു കാനഡ വ്യക്തമാക്കി. മാർച്ച് 31നുശേഷം സുരക്ഷയ്ക്കുള്ള പണം സ്വന്തനിലയിൽ കണ്ടെത്തണം.
ഡൽഹി കലാപത്തിന്റെ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്ന ആരോപണവുമായി ബ്രിട്ടീഷ് ദേശീയ മാധ്യമം ദി ഗാർഡിയന്റെ എഡിറ്റോറിയൽ. മോദിയാണ് ഈ തീ കത്തിച്ചത് എന്ന തലക്കെട്ടോടെയാണ് ബ്രിട്ടനിലെ പ്രമുഖ മാധ്യമമായ ദി ഗാർഡിയൻ രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സ്വോഭാവികമായി ഉണ്ടായ കലാപം അല്ല എന്നും ബി ജെ പി നേതാക്കളാണ് ഇതിന്റെ പൂർണ ഉത്തരവാദികൾ എന്നും ഈ അന്താരാഷ്ട്ര മാധ്യമം കുറ്റപ്പെടുത്തുന്നു. ഏതാനും വർഷങ്ങൾക്കിടയിൽ ഡെൽഹിയിൽ ഉണ്ടായ ഈ ആക്രമണ സംഭവങ്ങളും, വെറുപ്പിന്റെ സ്ഫോടനവും..മുൻകൂട്ടി കാണാൻ കഴിയാത്ത ഒരു പൊട്ടിത്തെറിയയായോ സമുദായങ്ങൾ തമ്മിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന വിദ്വെഷത്തിൻ്റെ പ്രതിഫലനമായോ കാണാനാവില്ല. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ വളർത്തി വലുതാക്കിയ വിദ്വെഷത്തിൻ്റെയും വെറുപ്പിൻ്റെൻ്റെയും ഫലമാണ് ഈ കലാപം.ഇത്രയും കാലം ഇന്ത്യയുടെ അടിസ്ഥാനമായിരുന്ന സഹിഷ്ണുതയിൽ നിന്നും സമത്വത്തിൽ നിന്നും അസഹിഷ്ണുതയിലേക്കും വെറുപ്പിലേക്കും ഉള്ള യാത്രയുടെ തുടക്കമാണ് ഈ സംഭവം.
നരേന്ദ്ര മോദിയുടെ തീർത്തും അന്യായമായ പൗരത്വ നിയമം, ഇന്ത്യ ഭരിക്കുന്ന ബി ജെ പി ഡൽഹി തിരഞ്ഞെടുപ്പിൽ നടത്തിയ വിദ്വെഷ പ്രസംഗങ്ങൾ, ഷാഹീൻബാഗിൽ പ്രതിക്ഷേധിക്കുന്ന സ്ത്രീകളെ അക്രമാസക്തമായി നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് കപിൽ മിശ്രയെ പോലുള്ള ബി ജെ പി നേതാക്കൾ നടത്തിയ പ്രകോപനപരമായ ആഹ്വാനങ്ങൾ എന്നിവ ഒക്കെയാണ് ഈ അക്രമ സംഭവത്തിന് കാരണമായത്. ഈ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം പ്രതിരോധം പോലും തീർക്കാൻ കഴിയാത്ത ഇസ്ലാമിക സമൂഹം ആയിരുന്നു. പോലീസ്, അക്രമികൾക്കൊപ്പം ആയിരുന്നു എന്നും, അവരും ദേശീയത മുദ്രാവാക്യം മുഴക്കി വകതിരിവില്ലാതെ വെടിയുതിർക്കുകയായിരുന്നു എന്നും ദൃക്‌സാക്ഷികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ബി ജെ പി നേതാക്കൾ ചതിയന്മാരെ വെടി വയ്ക്കുക എന്ന് ആക്രോശിക്കുന്നതിൻ്റെയും ബലാത്സംഗത്തിന് ആഹ്വാനം ചെയ്യുന്നതിൻ്റെയും തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്, ഭീകരമാണെങ്കിലും ഇതിൽ അതിശയിക്കാൻ ഒന്നുമില്ല എന്നും മാധ്യമം പറയുന്നു.ദുർബലമായ മതന്യുനപക്ഷങ്ങളെ വേട്ടയാടി ഹിന്ദു ദേശീയ വാദം ഉയർത്തിയാണ് ബിജെ പി ഇന്ത്യയിൽ അധികാരം പിടിച്ചത്.
ഡൽഹി പോലീസിന്റെ അനാസ്ഥ ചൂണ്ടി കാട്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെ ഉള്ളവർ ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് തീർത്തും ന്യായമായ കാര്യമാണ്.മോദിയുടെ അടുത്ത ആളായ ഇന്ത്യൻ ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ബംഗ്ലാദേശിൽ നിന്നും കുടിയേറിയ മുസ്ലീങ്ങളെ ബംഗാൾ ഉൾക്കടലിലേക്ക് വലിച്ചെറിയേണ്ട ചിതലുകളോട് ഉപമിച്ച ആളാണ്. കലാപം പൊട്ടി പുറപ്പെട്ട് ഏറെ നേരം കഴിഞ്ഞു സമാധാനം പുലർത്തണം എന്ന് മോദി നടത്തിയ ആഹ്വാനം ഒട്ടും ആത്മാർത്ഥത ഇല്ലാത്തതാണെന്നും ബ്രിട്ടീഷ് മാധ്യമം കുറ്റപ്പെടുത്തുന്നു.വിഭജനം ആളിക്കത്തിക്കുന്ന മോദിയുടെ നയത്തിന് ഈ ആഹ്വാനം ഒരിക്കലും പരിഹാരമാകില്ല. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ മോദിക്ക് അമേരിക്ക വിസ നിരോധിച്ചതും അവർ ചൂണ്ടി കാട്ടുന്നു. മൃഗീയ ഭൂരിപക്ഷത്തോടെ അധികാരം ലഭിച്ചതാണ് മോദി തന്റെ അജണ്ടകൾ നടപ്പിലാക്കാൻ ഇറങ്ങിയതിന് കാരണം, ഇത്യയിലെ ഏക മുസ്‌ലിം സംസ്ഥാനമായ കശ്‍മീരിനെ ഈ സർക്കാർ വേട്ടയാടുന്നതിനും കാരണം മോദിയുടെ ഇസ്ലാമിക വിരുദ്ധ അജണ്ടകൾ തന്നെയാണ്. ഈ നിയമനിര്മാണങ്ങൾക്കെതിരെയുള്ള സുപ്രീം കോടതിയുടെ മെല്ലപ്പോക്കിലും അവർ ആശങ്ക പ്രകടിപ്പിച്ചു. നരേന്ദ്ര മോദിയെയും ഇപ്പോളത്തെ ഇന്ത്യൻ ഭരണ കൂടത്തെയും എങ്ങനെയാണ് ലോകരാജ്യങ്ങൾ നോക്കി കാണുന്നത് എന്നതിന് വ്യക്തമായ ഉദാഹരണമാണ് ബ്രിട്ടീഷ് മാധ്യമത്തിൻ്റെ ഈ കണ്ടെത്തൽ.