ലണ്ടൻ: ലണ്ടനിലെ മുസ്ലീം പള്ളിയിൽ കത്തി ആക്രമണം. റെജന്റ് പാര്‍ക്കിലെ പള്ളിയില്‍ കത്തിയുമായി എത്തിയ ആക്രമി എഴുപതുകാരനെയാണ് കുത്തിപരിക്കേല്‍പ്പിച്ചത്. ആക്രമിയെ സംഭവ സ്ഥലത്തു വച്ചു തന്നെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ഭീകരാക്രമണബന്ധമില്ലെന്നാണ് പോലീസ് വിശദീകരണം. പരിക്കേറ്റ വൃദ്ധനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് അധികൃതർ നൽകുന്ന വിവരം.
ലണ്ടൻ: െബ്രക്സിറ്റിനു പിന്നാലെ, കുടിയേറ്റ നിയന്ത്രണ തീരുമാനങ്ങളുമായി യു.കെ. വിവിധ ജോലികൾക്കായി ഉന്നത പ്രാവീണ്യമുള്ളവരെ മാത്രം സ്വീകരിച്ചാൽ മതി എന്നതാണ് പുതിയ തീരുമാനം. യൂറോപ്പിൽനിന്ന് കുറഞ്ഞ കൂലിക്ക് അവിദഗ്ധ തൊഴിലാളികളെ എത്തിക്കുന്ന രീതി അവസാനിപ്പിക്കാനുള്ള പദ്ധതി യു.കെ തയാറാക്കി. രാജ്യത്തെത്തുന്നവർക്ക് ഇംഗ്ലീഷ് അറിയണമെന്നത് (സംസാരിക്കാനുള്ള കഴിവ്) നിർബന്ധമാക്കും. വിസക്ക് അപേക്ഷിക്കുേമ്പാൾ, കൃത്യമായ ജോലി ഓഫറും കാണിക്കേണ്ടി വരും. 25,600 പൗണ്ടെങ്കിലും ശമ്പളമില്ലാത്തവർക്ക് വിസ കിട്ടില്ല. എന്നാൽ, മതിയായ ആളില്ലാത്ത നഴ്സിങ് പോലുള്ള മേഖലക്ക് 20,480 പൗണ്ട് ആണെങ്കിലും വിസ നൽകും.
‘സ്വയം തൊഴിലു’മായി എത്തുന്നവരെ ഇനിമേൽ പ്രോത്സാഹിപ്പിക്കില്ല. ഫ്രാൻസും ഇറ്റലിയുമൊക്കെ നൽകുന്ന തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് ഇനി അതിർത്തി കടക്കാനാകില്ല. വിദേശികൾക്ക് വിദഗ്ധ തൊഴിലാളിയായി ജോലി ചെയ്യണമെങ്കിൽ ബിരുദം വേണമെന്നത് ‘എ ലെവൽ’ ആയി കുറക്കും. കലാ-കായിക-സംഗീത മേഖലയിലുള്ളവർ പരിപാടികൾ അവതരിപ്പിക്കാനും മത്സരത്തിനും മറ്റുമായി വരുന്നത് തുടർന്നും പ്രോത്സാഹിപ്പിക്കും. യാഥാർഥ്യബോധമില്ലാത്ത നടപടിയാണിതെന്ന വിമർശനവുമായി പ്രതിപക്ഷവും ചില ബിസിനസ് ഗ്രൂപ്പുകളും രംഗത്തെത്തിയിട്ടുണ്ട്.
പോയൻറ് അടിസ്ഥാനത്തിൽ വിവിധ കാര്യങ്ങൾ പരിഗണിച്ച് വിസ അനുവദിക്കാനാണ് തീരുമാനം. അപേക്ഷകരുടെ യോഗ്യത, ശമ്പളം, തൊഴിൽ പരിചയം, വൈദഗ്ധ്യം തുടങ്ങിയവക്ക് വിവിധ പോയൻറുകൾ നൽകും. 70ൽ താഴെ പോയൻറ് ലഭിക്കുന്നവർക്ക് വിസ അനുവദിക്കില്ല. 2021 ജനുവരി ഒന്നിന് ഈ സമ്പ്രദായം നിലവിൽവരും. യൂറോപ്യൻ യൂനിയനിൽനിന്നുള്ളവരെയും അല്ലാത്തവരെയും ഒരുപോലെ പരിഗണിക്കുന്ന വ്യവസ്ഥയാണ് നടപ്പിലാക്കുന്നത്. രാജ്യത്തെയും സമ്പദ്വ്യവസ്ഥയെയും പിന്തുണക്കാനുതകുന്ന തരത്തിൽ വൈദഗ്ധ്യം ഉള്ളവരെ മാത്രം സ്വീകരിക്കുന്ന കുടിയേറ്റ നയമാണ് പോയൻറ് അടിസ്ഥാനത്തിലുള്ള വിസ പദ്ധതി നടപ്പാക്കുന്നതോടെ യാഥാർഥ്യമാവുകയെന്ന് ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ പറഞ്ഞു.
എന്നാൽ, പല കമ്പനികളും നിലനിൽക്കുന്നത് പുറംരാജ്യക്കാരായ തൊഴിലാളികളെ ആശ്രയിച്ചാണെന്ന് വ്യാപാര സമൂഹം അഭിപ്രായപ്പെട്ടു. പുതിയ പദ്ധതി നടപ്പാക്കിയാൽ ആവശ്യത്തിന് തൊഴിലാളികളില്ലാത്ത സ്ഥിതി വരും. വീട്ടുജോലി, രോഗീ പരിചരണം, ഭക്ഷണം വിളമ്പൽ തുടങ്ങിയ രംഗങ്ങളിലൊന്നും മതിയായ ആളില്ലാത്ത അവസ്ഥയാകുമെന്നും അവർ പറഞ്ഞു.
മഞ്ഞുമലയിടിച്ച് തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ടും വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് ടെറ്റാനിക്ക്. 1912 ഏപ്രില്‍ 15 ന് കടലിന്റെ ആഴങ്ങളിലേക്ക് പോയ ടെറ്റാനിക്ക് ഇപ്പോഴും കടലിന്റെ അഗാധ ഗര്‍ത്തങ്ങളിലുണ്ടത്രേ.. 40 വര്‍ഷത്തിനകം ടൈറ്റാനിക്ക് പൂര്‍ണ്ണമായും കടലിനടിയില്‍ നിന്ന് മാഞ്ഞു പോകുമെന്ന് പരിവേഷക സംഘം വ്യക്തമാക്കുന്നു. ലോഹങ്ങള്‍ തിന്നു തീര്‍ക്കുന്ന ബാക്ടീരിയകള്‍ കപ്പലിന്റെ മിക്ക ഭാഗങ്ങളും നശിപ്പിച്ചു കഴിഞ്ഞു. കപ്പല്‍ ക്യാപ്റ്റനായിരുന്ന എഡ്വേഡ് സ്മിത്തിന്റെ ആഡംബര ബാത്ത്ടബ് പൂര്‍ണ്ണമായും അവ തിന്നു തീര്‍ത്തെന്നും സംഘം വെളിപ്പെടുത്തുന്നു.
ഇപ്പോഴിതാ ടൈറ്റാനിക്ക് അവശിഷ്ടത്തില്‍ അന്തര്‍വാഹിനി ചെന്നിടിച്ചതാണ് പുതിയ സംഭവം. എയോസ് പര്യവേഷ്യണത്തിന്റെ ഭാഗമായി ട്രൈറ്റന്‍ എന്ന അന്തര്‍വാഹിനിയാണ് ടൈറ്റാനിക്കിന് അടുത്തെത്തിയതും അതിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയതും. ഈ അന്തര്‍വാഹിനി ടൈറ്റാനിക്ക് അവശിഷ്ടത്തില്‍ ഇടിച്ചെന്നാണ് റിപ്പോര്‍ട്ട്.ടെറ്റാനിക്കിന്റെ മുന്‍ഭാഗത്തിനു വലതുവശത്ത് ഇടിച്ചതായി ട്രൈറ്റണ്‍ സംഘവും സമ്മതിച്ചു. അതി ശക്തമായ അടിയൊഴുക്കും മറ്റും കാരണം നിയന്ത്രണം വിട്ട അന്തര്‍വാഹിനി കപ്പലില്‍ ഇടിക്കുകയായിരുന്നെന്നും അവര്‍ വ്യക്തമാക്കുന്നു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- സാലറി, പെൻഷൻ മുതലായവ വർദ്ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് യുകെയിലെ 74 യൂണിവേഴ്സിറ്റികളിലെ അധ്യാപകർ 14 ദിവസത്തെ സമരത്തിന് ആഹ്വാനം ചെയ്തു. ഫെബ്രുവരി ഇരുപതാം തീയതി മുതൽ മാർച്ച് 13 വരെ സമരം നടത്തുമെന്നാണ് അധ്യാപകസംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് അനേകം വിദ്യാർഥികളുടെ പഠന സാഹചര്യങ്ങളെ ബാധിക്കും. 2018-ൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലും അധ്യാപക സംഘടനകൾ സമരം നടത്തിയിരുന്നു. ഇത് മൂന്നാം തവണയാണ് ഇത്തരത്തിലുള്ള സമരംമൂലം വിദ്യാർഥികളുടെ പഠനം തടസ്സപ്പെടുന്നത്. എന്നാൽ സമരം വിദ്യാർത്ഥികളെ ബാധിക്കാതിരിക്കാൻ വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
ശമ്പളം കൂട്ടുക, പെൻഷനിലേക്കുള്ള കോൺട്രിബ്യൂഷൻ വർദ്ധനവ് യൂണിവേഴ്സിറ്റികൾ അടയ്ക്കുക തുടങ്ങിയവയാണ് സമരം നടത്തുന്നവരുടെ ആവശ്യങ്ങൾ. കോൺട്രാക്ട് അടിസ്ഥാനമാക്കി മാത്രമേ തങ്ങൾ ജോലി ചെയ്യൂ എന്ന നിബന്ധനയും അധ്യാപകസംഘടനകൾ മുന്നോട്ടുവയ്ക്കുന്നു. സമരം മൂലം വിദ്യാർഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായി സൗത്താംപ്ടൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ മാർക് സ്മിത്ത് അറിയിച്ചു.
കുറെയധികം വിദ്യാർത്ഥികൾ അധ്യാപകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ന്യായമായ ആവശ്യങ്ങൾക്കാണ് അധ്യാപകർ സമരം നടത്തുന്നതെന്ന അഭിപ്രായമാണ് വിദ്യാർത്ഥികൾ ബിബിസി ന്യൂസിനോട് പറഞ്ഞത്. എന്നാൽ ക്ലാസുകൾ നഷ്ടപെട്ടതിലുള്ള പ്രതിഷേധവും കുറച്ചു വിദ്യാർത്ഥികൾ രേഖപ്പെടുത്തി.
സ്വന്തം ലേഖകൻ
ഇംഗ്ലണ്ട്, വെയിൽസ് : ഇംഗ്ലണ്ടിലും വെയിൽസിലും ശക്തമായ മഴ തുടരുന്നു. ഒരു മാസത്തിനു തുല്യമായ മഴ, അടുത്ത 24 മണിക്കൂറിൽ ഈ പ്രദേശങ്ങളിൽ കാണാനാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് നിലവിൽ 120ഓളം മുന്നറിയിപ്പുകൾ ഉണ്ട്. വെള്ളപൊക്കം മൂലം ഇംഗ്ലണ്ട് മുതൽ സ്കോട്ലൻഡ് വരെയുള്ള റെയിൽ ഗതാഗതം തടസ്സപ്പെട്ടു. സെവേൺ, വേ തുടങ്ങിയ നദികളിൽ ഇപ്പോഴും ശക്തമായ വെള്ളപൊക്ക സാധ്യത മുന്നറിയിപ്പാണുള്ളത്. വെള്ളപ്പൊക്കം മൂലം നൂറിൽ ഏറെ ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു. വടക്ക്കിഴക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും യെല്ലോ അലേർട്ട് നിലവിലുണ്ട്.
കുംബ്രിയയിലും ഹോണിസ്റ്റർ പാസിലും 24 മണിക്കൂറിനുള്ളിൽ 178 മില്ലിമീറ്റർ മഴ പെയ്തു. സീത്‌വെയ്റ്റിൽ 158 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. പരിസ്ഥിതി ഏജൻസിയുടെ കണക്കനുസരിച്ച്, ഈ മാസം ഇതുവരെ ഇംഗ്ലണ്ടിന്റെ ശരാശരി മഴയുടെ 141% ഇതിനകം ലഭിച്ചു. അതേസമയം, പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്തതിന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതിപക്ഷ പാർട്ടികളുടെ വിമർശനങ്ങൾ നേരിട്ടു. പ്രധാനമന്ത്രി തന്റെ തനി നിറം കാണിക്കുകയാണെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പറഞ്ഞു. 2.6 ബില്യൺ പൗണ്ട് വെള്ളപ്പൊക്ക പ്രതിരോധത്തിനായി സർക്കാർ നിക്ഷേപിക്കുകയാണെന്ന് പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് പറഞ്ഞു.
കടുത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ഏവരും ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. വെള്ളപ്പൊക്ക മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ കൈക്കൊള്ളേണ്ട അടിയന്തര നടപടി ഇവയൊക്കെ ; വളർത്തുമൃഗങ്ങളെയും വിലപിടിപ്പുള്ള വസ്തുക്കളെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക. ഹോം ഇൻഷുറൻസ് രേഖകളുടെ പകർപ്പുകൾ, ഒരു ടോർച്ച്, സ്പെയർ ബാറ്ററികൾ, ഒരു പോർട്ടബിൾ റേഡിയോ, ശിശു സംരക്ഷണ ഇനങ്ങൾ, കുപ്പിവെള്ളവും കേടുവരാത്ത ഭക്ഷണങ്ങൾ, വെള്ളം കയറാത്ത വസ്ത്രം, പുതപ്പ് എന്നിവ അടങ്ങിയ ഒരു കിറ്റ് തയ്യാറാക്കുക. നിങ്ങളുടെ കുടുംബത്തിന് സഹായം ലഭിച്ചാൽ അയൽക്കാരോ ബന്ധുക്കളോ ഒക്കെ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുക. ദുരിതത്തെ ഒറ്റകെട്ടായി നമ്മുക്ക് നേരിടാം.
സ്വന്തം ലേഖകൻ
പടിഞ്ഞാറൻ ജർമനിയിലെ രണ്ട് ശിഷാ ബാറുകളിൽ ആയി നടന്ന വെടിവെപ്പിൽ 9 പേർ കൊല്ലപ്പെട്ടു, കൊലയാളി തീവ്ര വലതുപക്ഷ അനുഭാവി ആണെന്നാണ് നിഗമനം. ഹനാവുവിൽ നടന്ന കൊലപാതകം തീവ്രമായ വെറുപ്പും റേസിസം മൂലമുണ്ടായതെന്നതിനു തെളിവുകൾ ലഭ്യമാണെന്ന് ചാൻസലർ ആഞ്ജല മെർകൽ പറഞ്ഞു. ഫെഡറൽ പ്രോസിക്യൂട്ടർ ഇതിനെ ഒരു തീവ്രവാദമായാണ് കണക്കാക്കുന്നത്. മരിച്ചവരിൽ കുറഞ്ഞത് അഞ്ചു പേരെങ്കിലും തുർക്കിക്കാർ ആണെന്ന് തുർക്കി അറിയിച്ചു. ആക്രമണത്തിനുശേഷം പോലീസ് അന്വേഷിച്ച് എത്തിയപ്പോൾ 43കാരൻ സ്വഗൃഹത്തിൽ അമ്മയോടൊപ്പം മരിച്ചു കിടക്കുന്നതാണ് കാണാൻ സാധിച്ചത്. അക്രമി തോബിയാസ് ആർ എന്ന ജർമൻ പൗരനാണെന്നാണ് നിഗമനം. അക്രമിയുടെ തോക്കിന് ലൈസൻസ് ഉണ്ടായിരുന്നതായും കാറിൽ നിന്ന് ഗൺ മാഗസിൻ കണ്ടെടുത്തതായും റിപ്പോർട്ടുണ്ട്. കൊലപാതകത്തിനു മുമ്പ് തീവ്ര വലതുപക്ഷ സ്വഭാവമുള്ള വീഡിയോകൾ അയാൾ സോഷ്യൽ മീഡിയയിൽ അപ്ഡേറ്റ് ചെയ്തിരുന്നു. ഇതും പരിശോധിച്ചുവരികയാണ്.
വർഗീയത ഒരു വിഷമാണെന്നും, വെറുപ്പ് നമ്മുടെ സമൂഹത്തിൽ വെച്ചുപൊറുപ്പിച്ചു കൂടാനാവാത്തതാണെന്നും മിസിസ്സ് മെർക്കൽ ബെർലിനിൽ വച്ച് പ്രതികരിച്ചു.
ബുധനാഴ്ച രാത്രി പത്ത് മണിയോട് കൂടിയാണ്, ഹനാവുവിലെ സിറ്റി സെന്ററിൽ ഉള്ള ശിഷ ബാറിൽ ആദ്യ ആക്രമണം നടന്നത്. അവിടെനിന്ന് ഒരു ഡസനോളം വെടിയൊച്ചകൾ കേട്ടു. പിന്നീട് അക്രമി കാറോടിച്ച് രണ്ടര കിലോമീറ്റർ ദൂരെയുള്ള അരേന ബാർ ആൻഡ് കഫേയിൽ ആക്രമണം നടത്തി. ഹുക്ക വലിക്കാൻ ആയി ആളുകൾ കൂടുന്ന സ്ഥലമാണ് ഇത്. ഏഷ്യയിലും മിഡിൽ ഈസ്റ്റിലും ഉള്ള പതിവാണ് ഹുക്ക.
ബാറുകളിൽ ഒന്നിന്റെ ഉടമസ്ഥനായ ക്യാൻ ലുക്ക പറയുന്നത് സംഭവസ്ഥലത്തുണ്ടായിരുന്ന തന്റെ പിതാവും ചെറിയ സഹോദരനും ഇതുവരെ ഭയത്തിൽ നിന്നും മുക്തരായിട്ടില്ല എന്നാണ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും, ആക്രമണത്തിനുപിന്നിൽ ഉണ്ടായ കാരണങ്ങളെക്കുറിച്ച് പഠിക്കും എന്നും പരിഹാരമുണ്ടാകും എന്നും ഹെസ്സെ ഇന്റീരിയർ മിനിസ്റ്റർ ആയ പീറ്റർ ബെയ്‌ത്ത് പറഞ്ഞു. നാസികളുമായി ബന്ധപ്പെട്ട പല വസ്തുക്കളും അക്രമിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. 2015 ജർമ്മനി ഒന്നര മില്യനോളം വരുന്ന മിഡിൽ ഈസ്റ്റിലെ അഭയാർത്ഥികൾക്ക് അതിർത്തി തുറന്നു കൊടുത്തിരുന്നു. വർഗീയത തന്നെയാണ് കൊലപാതകങ്ങളുടെ പിന്നിലെ കാരണം എന്നാണ് വിശ്വസിക്കപ്പെടുന്നത്. സംഭവത്തിൽ ജർമനിയുടെ പ്രധാനപ്പെട്ട സംഘടനകളുടെ എല്ലാം നേതാക്കൾ അപലപിച്ചു.
സ്വന്തം ലേഖകൻ
സ്കൂൾ ബസ് ഇടിച്ച് ദാരുണമായി തൽസമയം കൊല്ലപ്പെട്ട പെൺകുട്ടി അപകടസമയത്ത് ഫോണിൽ നോക്കി നടക്കുകയായിരുന്നുവെന്ന് സാക്ഷിമൊഴി. സിയാൻ എല്ലിസ് എന്ന 15 വയസ്സുകാരി, ലെയ്‌സിസ്റ്റർലുള്ള കിംഗ് എഡ്വാർഡ് 7 കോളേജിന്റെ മുൻപിൽ വച്ച് കഴിഞ്ഞവർഷം ജനുവരി 28നാണ് ഡബിൾ ഡെക്കർ ബസ് ഇടിച്ച് കൊല്ലപ്പെട്ടത്. പെൺകുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ ദാരുണമായി മരണപ്പെട്ടിരുന്നു. സാക്ഷികളായ കുട്ടികൾ മുഴുവൻ പേരും പറഞ്ഞത് അപകട സ്ഥലത്ത് ടിയാൻ അലക്ഷ്യമായി ഫോണിൽ നോക്കി കൊണ്ട് നടക്കുകയായിരുന്നു എന്നാണ്. ബസ്സിലുണ്ടായിരുന്ന 60 കുട്ടികളും സംഭവസ്ഥലത്തുണ്ടായിരുന്ന മുപ്പതോളം കുട്ടികളും ഒരേ മൊഴിയാണ് നൽകിയിരിക്കുന്നത്. അതിൽ ഒരു കുട്ടി അവളുടെ ചെവിയിൽ ഹെഡ് ഫോൺ ഉണ്ടായിരുന്നു എന്നു മൊഴിനൽകിയിട്ടുണ്ട്. ഫോറൻസിക് കൊളിഷൻ അന്വേഷണ ഉദ്യോഗസ്ഥനായ പിസി സ്റ്റുവർട്ട് ബേർഡ് പറയുന്നു ” സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്കൂൾ ഗ്രൗണ്ടിലൂടെ തലയിൽ ഒരു സ്കാർഫ് ധരിച്ച് നടന്ന പെൺകുട്ടിയുടെ കൈയിൽ ഒരു മൊബൈൽ ഫോൺ ഉണ്ടായിരുന്നു, അവൾ അതിലേക്ക് നോക്കിയാണ് നടന്നത്. തീർച്ചയായും അത് തന്നെയാവണം അപകടത്തിന് കാരണം”
സിയാൻ വളരെ മിടുക്കിയായ ഒരു പെൺകുട്ടിയായിരുന്നു. ഒരു വ്യക്തി എന്ന നിലയിൽ എല്ലാ ഇടങ്ങളിലും മുദ്രപതിപ്പിച്ചവൾ. അവരുടെ വിയോഗം ഒരുപാടുപേർക്ക് തീരാത്ത നഷ്ടം ഉണ്ടാക്കി വെച്ചു. തങ്ങളുടെ മകൾക്ക് ഉണ്ടായ അനുഭവം ഇനി ആർക്കും ഉണ്ടാവരുത് എന്നാണ് അവളുടെ കുടുംബത്തിന്റെ ആഗ്രഹം. അതിനു വേണ്ട നടപടി എടുക്കണം എന്ന് അവർ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
ഭാര്യ പോളയ്‌ക്കൊപ്പം ഡ്രൈവർ മൈക്കൽ പാർക്കർ (വലത്ത്)
62 കാരനായ മൈക്കിൾ പാർക്കർ ആണ് അന്ന് ബസ് ഓടിച്ചിരുന്നത്. അന്ന് അദ്ദേഹം ടെസ്റ്റ് പാസായിരുന്നില്ല, മാത്രമല്ല പ്രൊവിഷണൽ ലൈസൻസ് മാത്രമേ കയ്യിൽ ഉണ്ടായിരുന്നുള്ളൂ, അതോടൊപ്പം ഇൻഷുറൻസും ഉണ്ടായിരുന്നില്ല. എങ്ങനെയാണ് ഈ വ്യക്തി പബ്ലിക് ട്രാൻപോർട്ട് ബസിൽ ഡ്രൈവർ ആയത് എന്നും എന്തിന്റെ അടിസ്ഥാനത്തിൽ നിയമിച്ചു എന്നും കോടതി വിധിയിൽ പ്രതിപാദിക്കുന്നില്ല.
കോൾ വില്ലേയിൽ നിന്നുള്ള ഡ്രൈവർക്ക് 120 പൗണ്ട് പിഴയും, നാലുവർഷം ഡ്രൈവിംഗിൽ നിന്ന് വിലക്കും ആണ് ശിക്ഷയായി നൽകിയത്. കൊലക്കുറ്റത്തിന് കേസ് ഫയൽ ചെയ്യണം എന്ന് സിയാന്റെ ആന്റി അലക്സ് വാദിച്ചിരുന്നെങ്കിലും ഒഴിവാക്കാൻ കഴിയാത്ത ഒരു അവസരത്തിൽ നടന്ന അപകടം ആയതിനാൽ അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു. ക്യാമ്പസിൽ നിന്ന് കുട്ടികളുമായി ടൗൺ സെന്ററിന്റെ ഭാഗത്തേക്ക് വണ്ടി വളച്ചെടുത്തപ്പോൾ എവിടെനിന്ന് എന്നില്ലാതെ ഒരു പെൺകുട്ടി പെട്ടെന്ന് പ്രത്യക്ഷപ്പെടുക യായിരുന്നു എന്നും, ഒരു നിമിഷത്തിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നും ഡ്രൈവർ മൊഴി നൽകി. അപകടം നടന്ന ഉടൻ തന്നെ പാർക്കർ വണ്ടിയിൽ നിന്നിറങ്ങി നോക്കിയെങ്കിലും വൈകി പോയിരുന്നു. സിയാന്റെ ശരീരം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പറയുന്നത് തലയ്ക്കും നെഞ്ചിനും വയറിനും ഏറ്റ തീവ്രമായ ക്ഷതം മൂലമാണ് അവൾ മരണപ്പെട്ടത്.
മുൻകരുതൽ എങ്ങനെ..
യുകെയിൽ സുരക്ഷിതത്വത്തിനാണ് ഏറ്റവും കൂടുതൽ പരിഗണ കൊടുക്കുന്നത്. നല്ലൊരുശതമാനം മലയാളി കുട്ടികളും മൊബൈൽ ഉപയോഗിക്കുന്നു. സ്‌കൂൾ പരിസരത്തെ മൊബൈൽ ഉപയോഗത്തിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. യുകെയിലെ വലിയ കമ്പനികളിലേക്ക് കയറിച്ചെന്നാൽ കാണുന്ന ഒരു ബോർഡ് കാണാം.. അതിൽ എങ്ങനെ എഴുതിയിരിക്കുന്നു “NO TALKING OR TEXTING WHILE YOU WALKING”. സംസാരിച്ചുകൊണ്ട് നടക്കുമ്പോൾ ഉണ്ടാകാവുന്ന അപകടങ്ങളുടെ സ്വഭാവം അറിവുള്ളതുകൊണ്ടാണ് അവർ ഇത് ഓർമിപ്പിക്കുന്നത്. ഫോൺ വന്നാൽ സുരക്ഷിതമായ സ്ഥലത്തു നിന്നിട്ടുവേണം ഫോൺ അറ്റൻഡ് ചെയ്യാൻ എന്ന് ജോലിസ്ഥലത്തു നിബന്ധനയുള്ളത് ഓർമ്മിക്കുന്നതോടൊപ്പം നമ്മുടെ കുട്ടികൾക്ക് അത് പറഞ്ഞു കൊടുക്കാനും രക്ഷിതാക്കൾ സമയം കണ്ടെത്തണം. ഇയർ പോഡ് വാങ്ങി നൽകുന്നത് അപകടം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഫോണിൽ വിളിയിൽ കൂടി വരുന്ന വിവരങ്ങൾ കുട്ടിയുടെ വികാരവിചാരങ്ങളെ ബാധിക്കുകയും പരിസരബോധം നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയ്യും എന്ന് നാം അറിഞ്ഞിരിക്കുക.
എന്തെങ്കിലും ആവശ്യനേരത്തു ഉപയോഗപ്പെടുവാൻ ആയി നൽകുന്ന ഉപകരണം കുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്നതിനു കാരണം ആകുന്നു എങ്കിൽ അത് ഒഴിവാക്കാൻ ശ്രമിക്കുക… അതുമില്ലെങ്കിൽ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്ന് പറഞ്ഞു കൊടുക്കുക. രോഗം വന്നതിന് ശേഷം ചികിൽസിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതെ നോക്കുന്നത് എന്ന ചൊല്ല് ഓർക്കുക…
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രക്സിറ്റാനന്തരമുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ പദ്ധതികൾ ആഭ്യന്തര വകുപ്പ് പുറത്തു വിട്ടു. ലോ സ്കിൽഡ് വർക്കേഴ്സിന് ഇനി ബ്രിട്ടനിലേക്ക് വിസ അനുവദിക്കുകയില്ലെന്ന് ആഭ്യന്തരവകുപ്പ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. ഡിസംബർ 31ന് ശേഷം ബ്രിട്ടനിൽ ജോലി ചെയ്യുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ജോലിക്കാർക്ക്, മറ്റുള്ള രാജ്യങ്ങളിലെ ജോലിക്കാരുടെ അതേ പദവി തന്നെയായിരിക്കും ലഭിക്കുക. മികവുറ്റ ആളുകൾക്ക് ജോലി നൽകുക എന്നതാണ് ഗവൺമെന്റിന്റെ നയമെന്നും, ലോ സ്കിൽട് വർക്കേഴ്സിന്റെ ബ്രിട്ടനിലേക്ക് ഉള്ള വരവിനെ തടയിടാനും ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ആഭ്യന്തര വകുപ്പ് സെക്രട്ടറി പ്രീതി പട്ടേൽ ബിബിസി ബ്രേക്ഫാസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നത് ന്യായമല്ലെന്ന് ലേബർ പാർട്ടി വക്താക്കൾ അഭിപ്രായപ്പെട്ടു.
ഈ നിയമം അനുസരിച്ച്, സ്‌കിൽഡ് ജോലിക്കാർക്ക് ബ്രിട്ടനിലെ എ ലെവൽ യോഗ്യതയെങ്കിലും കുറഞ്ഞത് ഉണ്ടാവണം. പോയിന്റ് ബേസ്ഡ് ഇമ്മിഗ്രേഷൻ സിസ്റ്റം നടപ്പിലാക്കാനാണ് ഗവണ്മെന്റ് ആലോചിക്കുന്നത്. ഇതനുസരിച്ചു ഏകദേശം 70 പോയിന്റ് നേടിയാൽ മാത്രമേ വിദേശ പൗരന്മാർക്ക് ബ്രിട്ടനിൽ ജോലി ചെയ്യാനാവൂ.
യൂറോപ്യൻ യൂണിയന് പുറത്തുനിന്ന് ബ്രിട്ടനിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഈ നിയമങ്ങൾ സന്തോഷം നൽകുന്നവയാണ്. എന്നാൽ യൂറോപ്യൻ യൂണിയനിൽ പെട്ട രാജ്യങ്ങളിലെ ആളുകൾക്ക് ഈ നിയമങ്ങൾ ആശങ്കയുളവാക്കുന്നു. എന്നാൽ ഈ നിയമങ്ങൾക്കെതിരെ അതിശക്തമായ വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. ഈ നിയമങ്ങൾ സ്കോട്ട്‌ലൻഡിന്റെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുമെന്ന് സ്കോട്ട്‌ലൻഡ് എസ് എൻ പി നേതാവ് നിക്കോള സ്റ്റർജിയോൻ അഭിപ്രായപ്പെട്ടു. 2021 ജനുവരി മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുക.
സ്വന്തം ലേഖകൻ
ഇംഗ്ലണ്ട്, വെയിൽസ് : അടുത്ത നാല് ദിവസങ്ങളിൽ ഇംഗ്ലണ്ടിലും വെയിൽസിലും കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഡെന്നിസ് കൊടുങ്കാറ്റ് മൂലം പല വീടുകളിലും വെള്ളം കയറി. അവിടെയുണ്ടായിരുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ചില പ്രദേശങ്ങളിൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ വെള്ളപ്പൊക്ക സാധ്യത ഏറെയാണെന്ന് പരിസ്ഥിതി ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ഇതുവരെ അഞ്ചു വെള്ളപൊക്ക മുന്നറിയിപ്പുകൾ ഇംഗ്ലണ്ടിൽ നിലനിൽക്കുന്നുണ്ട്. വെയിൽസിലെ മുന്നറിയിപ്പ് പിൻവലിക്കുകയുണ്ടായി. വൈ, സെവേൺ നദികളിലെ ജലനിരപ്പ് ഉയർന്നു തന്നെ നിലനിൽക്കാൻ സാധ്യതയുണ്ട്. സെവേൺ നദി കരകവിഞ്ഞൊ ഴുകിയാൽ മിഡ്‌ലാൻഡിലെ വീടുകൾക്കത് ഭീഷണി ആയേക്കാമെന്നും അവർ പറയുന്നു.
ഇംഗ്ലണ്ടിൽ ഉടനീളം വെള്ളപൊക്കത്തിനുള്ള സാധ്യത വരും ദിവസങ്ങളിലുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് ആൻഡ് കോസ്റ്റൽ റിസ്ക് മാനേജ്മെൻറ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ കർട്ടിൻ പറഞ്ഞു. ശനിയാഴ്ച വരെ ഇംഗ്ലണ്ടിലും വെയിൽസിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വോർസെസ്റ്റർഷയർ, ഹെയർഫോർഡ്ഷയർ, ഷ്രോപ്പ്ഷയർ എന്നിവിടങ്ങളിലായി 384 ഓളം വസ്തുവകകൾ വെള്ളപ്പൊക്കം മൂലം ബാധിക്കപ്പെട്ടിരിക്കുന്നുവെന്ന് വെസ്റ്റ് മെർസിയ പോലീസ് അറിയിച്ചു.
പ്രകൃതിദുരന്തം മൂലം ഇത് വരെ അഞ്ചു പേരാണ് മരിച്ചത്. ഒരാളെ മൗണ്ടൻ റെസ്ക്യൂ ടീം അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും രക്ഷിക്കുകയുണ്ടായി. വെൽഷ് വാട്ടർ നഗരത്തിലെ ആളുകളോട് കുടിവെള്ള ഉപയോഗം കുറയ്ക്കാൻ ആവശ്യപ്പെട്ടു. ദുരിതബാധിതരായ ആളുകൾക്ക് 500 പൗണ്ട് വരെ ധനസഹായം സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒപ്പം പ്രളയം രൂക്ഷമായി ബാധിച്ചവർ കുറഞ്ഞത് മൂന്ന് മാസത്തേക്ക് കൗൺസിൽ നികുതിയോ ബിസിനസ് നിരക്കുകളോ നൽകേണ്ടതില്ലെന്നും കമ്മ്യൂണിറ്റി വകുപ്പ് അറിയിച്ചു.
ദക്ഷിണേന്ത്യക്കാരന്റെ പ്രിയ നിക്ഷേപമായ സ്വർണവില പുതിയ ഉയരങ്ങൾ തേടുമ്പോൾ മലയാളികൾ ഉൾപ്പെടുന്ന ദക്ഷിണേന്ത്യക്കാരുടെ ആസ് തിയാണ് വർധിക്കുന്നത്. പക്ഷേ വിവാഹവസരങ്ങളിലും മറ്റും മലയാളികൾക്ക് ഒഴിവാക്കാനാവാത്ത ചിലവാണ് സ്വർണാഭരണങ്ങൾ എന്നതിനാൽ സ്വർണ വിലയിലുണ്ടാകുന്ന വർദ്ധനവ് മറ്റൊരുതരത്തിൽ മലയാളികൾക്ക് ദോഷകരവുമാണ്.
ഇന്ന് പവന് 280 രൂപ ഉയർന്നതോടെ വില 30680 രൂപയിലെത്തി. ഗ്രാമിന് 35 രൂപയാണ് കൂടിയത്. വില 3835. രാജ്യാന്തര വിപണിയിലെ വില വർധനയാണ് ആഭ്യന്തര വിപണിയെയും ബാധിക്കുന്നത്. വൻ നിക്ഷേപകർ സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടുന്നുണ്ട്. ആഗോള സാമ്പത്തിക മേഖലയിലുണ്ടാകുന്ന ചലനങ്ങൾക്കൊപ്പം കൊറോണ വൈറസ് ഭീതിയും സ്വർണവില കൂട്ടുന്നുണ്ട്. വൈറസ് ബാധ ചൈനയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ തിരിച്ചടിയാണ് സ്വർണവിലയെ ബാധിക്കുന്നത്.
ജനുവരി ഒന്നിന് 29000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 1680 രൂപയാണ് ഇതുവരെ കൂടിയത്. ഗ്രാമിന് 205 രൂപയും ഉയർന്നു. ജനുവരി ഒന്നിന് 3675 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ ഒരു മാസത്തിനുള്ളിൽ 45 ഡോളറാണ് സ്വർണത്തിനു കൂടിയത്. ട്രോയ് ഔൺസിന് (31.1 ഗ്രാം) 1600 ഡോളറാണു വില. രാജ്യാന്തര വിപണിയിൽ ഡിമാൻഡ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ വില ഇനിയും ഉയരാനാണു സാധ്യത.