UK

മക്കളുടെ ലഞ്ച് ബോക്‌സുകള്‍ കുത്തിനിറയ്ക്കുന്ന അമ്മമാര്‍ അധ്യാപകരുടെ വിമര്‍ശനത്തിന് സ്ഥിരം ഇരയാകാറുണ്ട്. അത്തരം അനുഭവം പങ്കുവെക്കുകയാണ് ഒരു അമ്മ. ഫെയിസ്ബുക്കിലാണ് ഇവര്‍ കുട്ടിക്ക് നല്‍കുന്ന ലഞ്ച് ബോക്‌സിന്റെ ചിത്രം ഉള്‍പ്പെടെ നല്‍കിയിരിക്കുന്നത്. തന്റെ മകളെ അങ്ങനെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന് അധ്യാപികയോട് വിശദീകരിച്ചു. ചില ദിവസങ്ങളില്‍ അവള്‍ കുറച്ച് ഭക്ഷണം കഴിക്കും. പക്ഷേ ചില ദിവസങ്ങളില്‍ വിഷം കാണുന്നതുപോലെയാണ്, ഭക്ഷണത്തില്‍ തൊട്ടു നോക്കുക പോലുമില്ല. പല വിധത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ അവള്‍ക്ക് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അവള്‍ കഴിക്കുന്നത് നഗ്ഗെറ്റ്‌സും സോസേജും മുട്ടയും മാത്രമാണ്. ഓടി നടക്കുന്ന പ്രകൃതക്കാരിയാണ് അവള്‍. കളിയും ബഹളവും കഴിഞ്ഞാല്‍ അവള്‍ക്ക് വിശക്കുമെന്ന് തനിക്ക് അറിയാമെന്നും അമ്മ പറയുന്നു.

പോസ്റ്റിനൊപ്പം നല്‍കിയിരിക്കുന്ന ലഞ്ച് ബോക്‌സിന്റെ ചിത്രം കണ്ടാല്‍ ഇത്രയും ഭക്ഷണം നല്‍കണോ എന്ന് ചോദിക്കുമോ എന്നും പോസ്റ്റില്‍ അമ്മ പറയുന്നു. എന്തായാലും സമ്മിശ്രമായ പ്രതികരണമാണ് പോസ്റ്റിന് ലഭിച്ചത്. പലരും ഇത്രയും ഭക്ഷണം നല്‍കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു. കുട്ടികള്‍ ഭക്ഷണം മറ്റു കുട്ടികളുമായി പങ്കുവെക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും ചിലര്‍ പറഞ്ഞു. ചില കുട്ടികള്‍ ചില പ്രത്യേക ഭക്ഷണ സാധനങ്ങളോട് അലര്‍ജിയുള്ളവരാകാമെന്നും ചോക്കോ കുക്കീസ് പോലെയുള്ള മധുരമടങ്ങിയ ഭക്ഷണ സാധനങ്ങള്‍ തങ്ങളുടെ കുട്ടികള്‍ അധികം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാത്ത രക്ഷിതാക്കളുണ്ടാകാം എന്നതൊക്കെയാണ് ഇതിന് കാരണമായി പറയുന്നത്.

അതേസമയം ഒരു അമ്മയെന്ന നിലയില്‍ കുട്ടിയെ ഭക്ഷണം കഴിപ്പിക്കാന്‍ നടത്തുന്ന ശ്രമത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്ന കമന്റുകളും പോസ്റ്റിലുണ്ട്. കുട്ടികള്‍ക്ക് ബാലന്‍സ്ഡ് ഫുഡ് ആണ് നല്‍കേണ്ടതെന്ന് അറിയാമെങ്കിലും അവര്‍ കുറച്ചു മാത്രം കഴിക്കുന്നവരാണെങ്കില്‍ ഇതല്ലാതെ മാര്‍ഗ്ഗമില്ലെന്നാണ് അമ്മമാരുടെ അഭിപ്രായം. മിക്ക രക്ഷിതാക്കളും ലഞ്ച് ബോക്‌സുകള്‍ കുത്തിനിറയ്ക്കുന്നതിനു കാരണവും ഇതു തന്നെയാണ്.

സ്റ്റാഫോര്‍ഡില്‍ വീട്ടിലുണ്ടായ തീപ്പിടിത്തത്തിലും പൊട്ടിത്തെറിയിലും നാലു കുട്ടികള്‍ മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്. അശ്രദ്ധ മൂലമുള്ള നരഹത്യക്കാണ് ഇവര്‍ക്കെതിരെ സ്റ്റാഫോര്‍ഡ്ഷയര്‍ പോലീസ് കേസെടുത്തത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. നതാലി യൂണിറ്റ് (24), പാര്‍ട്‌നറായ ക്രിസ് മൗള്‍ടണ്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മക്കളായ ജാക്ക് (2), ഓലി (3), കീഗന്‍ (6), എന്നിവരും നതാലിയുടെ നേരത്തേയുള്ള ബന്ധത്തിലെ മകനായ റൈലി(8)യുമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നതാലിയും ക്രിസും ആശുപത്രിയില്‍ ചികിത്സയിലാണ്. ക്രിസിന് പൊള്ളലേറ്റിട്ടുണ്ട്, അതേസമയം നതാലിക്ക് പുക ശ്വസിച്ചതിന്റെ അസ്വസ്ഥതകളാണ് ഉള്ളത്. ഇരുവര്‍ക്കു ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് വിവരം.

തീപ്പിടിത്തത്തെ തുടര്‍ന്ന് വീടിന്റെ മുകള്‍ നിലയില്‍ നിന്ന് നതാലിയും ക്രിസും ഇളയ കുട്ടിയുമായി ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അപകടത്തിന് കാരണമെന്തെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ബോയിലര്‍ തകരാറു മൂലമുണ്ടായ ഗ്യാസ് ചോര്‍ച്ചയായിരിക്കാം കാരണമെന്നാണ് സൂചന. പുലര്‍ച്ചെ 2.40നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അപകടത്തില്‍ വീടിന്റെ മേല്‍ക്കൂരയും ജനലുകളും തകര്‍ന്നു. ചുമരുകള്‍ പുകയേറ്റ് കറുത്തു. സംഭവത്തില്‍ കേസെടുത്ത പോലീസ് ഇന്നലെ ഉച്ചക്ക് 1.30നാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈ കുടുംബത്തിനു വേണ്ടി ആരംഭിച്ച ഫണ്ട് റെയിസിംഗ് പേജില്‍ 28,500 പൗണ്ടിലേറെ സഹായം എത്തിയിട്ടുണ്ട്. 1800ലേറെയാളുകള്‍ സംഭാവന നല്‍കി. കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന് സ്റ്റാഫോര്‍ഡ്ഷയര്‍ കൊറോണറുടെ വക്താവ് അറിയിച്ചു. കൊറോണര്‍ക്ക് ഫയല്‍ ലഭിച്ചിട്ടുണ്ടെന്നും വക്താവ് വെളിപ്പെടുത്തി. കൊല്ലപ്പെട്ട കുട്ടികളുടെ അധ്യാപകര്‍ ഇവരെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പങ്കുവെച്ചത്.

യോർക്ഷയർ: യുകെയിലുള്ള യോർക്ഷയറിൽ താമസിച്ചിരുന്ന മലയാളി യുവാവ് നിര്യാതനനായി. ഇന്നലെ ഉച്ചയോടെയാണ് ചികിത്സയിലായിരുന്ന ചാക്കോച്ചൻ (40 വയസ്സ്) നിര്യാതനായത്. ചാലക്കുടി സ്വദേശിയാണ് മരിച്ച ചാക്കോച്ചൻ. ചാലക്കുടിക്കാരിയായ ദീപ ഭാര്യയും പ്രൈമറി ക്ളാസുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് ചാക്കോച്ചന്റെ കുടുംബം. ഒൻപത് വർഷങ്ങൾക്ക് മുൻപ് ആദ്യമായി യുകെയിൽ എത്തിയപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിലും പിന്നീട് ദീപക്ക് വർക്ക് പെർമിറ്റ് നേടി ഡെവണിലും താമസിച്ചിരുന്നു. പിന്നീടാണ് യോർക്ഷയറിൽ എത്തിച്ചേർന്നത്.

കഴിഞ്ഞ നാലു വർഷത്തോളമായി മോട്ടോർ ന്യൂറോ ഡിസീസ് (MND) എന്ന അപൂർവ രോഗത്തിന് ചികിത്സയിൽ ആയിരുന്നു ചാക്കോച്ചൻ.  തലച്ചോറിനെയും നാഡീവ്യുഹത്തെയും ബാധിക്കുന്ന ഈ രോഗം കാലക്രമേണ ചലനശേഷിയെയും പതിയെ പതിയെ സംസാരശേഷിയെയും ഇല്ലാതാക്കുന്നു. ഈ രോഗം ബാധിച്ചാൽ ഫലപ്രദമായ ചികിത്സ ഇല്ല എങ്കിലും ഈ രോഗം മനുഷ്യ ശരീരത്തുണ്ടാക്കുന്ന ക്ഷതങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ മാത്രമേ സാധിക്കുകയുള്ളു.

ഒന്നനങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ രോഗക്കിടക്കയിലായ തന്റെ ഭർത്താവിനെ പരിചരിക്കാൻ ഭാര്യയായ ദീപക്ക്  കെയറർ ജോലി ഉപേക്ഷിക്കേണ്ടതായി വന്നു. വീട്ടിൽ ഒരുക്കിയ പ്രത്യേക ആം ചെയറിൽ ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ആയിരുന്നു ചാക്കോച്ചന്റെ ജീവിതം കഴിഞ്ഞ രണ്ട് വർഷത്തോളമായി മുൻപോട്ട് പോയികൊണ്ടിരുന്നത്. കിടന്നാൽ ശ്വസിക്കാൻ തടസം ഉണ്ടായിരുന്നു. വർക്ക് പെർമിറ്റിൽ ആയിരുന്ന ഇവർക്ക് ഗവൺമെന്റ് സഹായം ഒന്നും ലഭിച്ചിരുന്നില്ല.

ശവസംക്കാരം സംബന്ധിച്ച കാര്യങ്ങൾ ഒന്നും ഇതുവരെ തീരുമാനം ആയിട്ടില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ചാക്കോച്ചന് മലയാളം യുകെ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

 

ബ്രെക്‌സിറ്റ് അനിശ്ചിതത്വം തുടരുന്നതിനിടെ ബ്രിട്ടീഷ് സാമ്പത്തിക വ്യവസ്ഥയുടെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഇതേത്തുടര്‍ന്ന് പൗണ്ടിന്റെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. പലിശ നിരക്ക് 0.75 ശതമാനത്തില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള അറിയിപ്പില്‍ 2019ലെ വളര്‍ച്ചാനിരക്ക് പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രവചിച്ചു. മൂന്നു മാസം മുമ്പ് 1.7 ശതമാനം വളര്‍ച്ചയായിരുന്നു പ്രവചിച്ചിരുന്നതെങ്കില്‍ ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ 1.2 ശതമാനമായി വളര്‍ച്ചാനിരക്ക് പുതുക്കി നിശ്ചയിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്.

ഈ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ പൗണ്ടിന്റെ മൂല്യം 0.6 ശതമാനം ഇടിഞ്ഞ് അമേരിക്കന്‍ ഡോളറിനെതിരെ 1.285ലെത്തി. യൂറോക്കെതിരെ 0.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 1.134 ആണ് യൂറോക്കെതിരെയുള്ള മൂല്യം. മൂന്നാഴ്ചക്കിടയിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണ് ഇത്. പലിശനിരക്കുകള്‍ അവലോകനം ചെയ്യുന്ന കമ്മിറ്റിയുടെ കഴിഞ്ഞ യോഗത്തിനു ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പോകാനുള്ള നടപടിക്രമങ്ങളില്‍ ഒട്ടേറെ പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെന്നും അനിശ്ചിതത്വം വളര്‍ന്നിട്ടുണ്ടെന്നും സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തി. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങളെക്കുറിച്ച് വ്യവസായ മേഖല ആശങ്കയിലാണ്.

ഈ അനിശ്ചിതത്വം കുടുംബങ്ങളുടെ ചെലവിനെയും നിക്ഷേപങ്ങളെയും ഉടന്‍ തന്നെ നേരിട്ടു ബാധിക്കുമെന്നതാണ് വിലയിരുത്തല്‍. 2018ന്റെ അവസാന പാദത്തില്‍ വളര്‍ച്ചാനിരക്ക് 0.3 ശതമാനം മാത്രമായിരുന്നു. മൂന്നാം പാദത്തില്‍ 0.6 ശതമാനം വളര്‍ച്ച നേടിയതിനു ശേഷമാണ് ഇത് നേര്‍ പകുതിയായി കുറഞ്ഞത്. 2019ന്റെ ആദ്യ പാദത്തില്‍ ഇത് 0.2 ആയി കുറയുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിക്കുന്നത്.

സ്റ്റോക്ക് ഓൺ ട്രെന്റ്: ഒരു സമൂഹത്തെയാകെ സങ്കടത്തിലേക്ക് തെളിയിട്ട ഒരു വാർത്തയുമായിട്ടാണ് സ്റ്റാഫ്‌ഫോർഡ് ഇന്ന് രാവിലെ ഉറക്കമുണർന്നത്.  ഒരു വീട് മൊത്തമായും തീ വിഴുങ്ങിയപ്പോൾ നഷ്ടപ്പെട്ടത് നാല് കുരുന്നുകളുടെ ജീവനാണ്. സ്റ്റാഫ്‌ഫോഡിൽ ഉള്ള ഹൈ ഫീൽഡ് എസ്‌റ്റേറ്റിൽ ആണ് തീ പിടുത്തം ഉണ്ടായത്. ഇന്ന് വെളിപ്പിന് 2.40 ന് ആണ് തീ പിടുത്തം ഉണ്ടായതായി സ്റ്റാഫ്‌ഫോർഡ്ഷയർ പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.

റൈലി ഹോൾട്(എട്ടു വയസ്സ് ), കീഗൻ (ആറ് വയസ്സ്), ടില്ലി റോസ് (4 ), ഒളി യൂനിറ്റ് (3) എന്നിവരാണ് മരിച്ച കുട്ടികൾ. പരിക്കുകളോടെ ഇരുപത്തിനാലുകാരിയായ യുവതിയും ഇരുപത്തിയെട്ടു വയസുള്ള യുവാവും രണ്ടു വയസുള്ള ഇളയ കുട്ടിയും സ്റ്റോക്ക് ഓൺ ട്രെൻഡ് യൂണിവേഴ്‌സിറ്റി ആശുപതിയിൽ ചികിത്സയിൽ ആണ് എന്നാണ് പോലീസ് അറിയിച്ചത്. ഇളയ കുട്ടിയേക്കും കൊണ്ട് യുവാവ് രണ്ടാം നിലയിൽ നിന്നും ചാടിയതുകൊണ്ടാണ് രക്ഷപെട്ടത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വെളിപ്പിന് ഉണ്ടായ വലിയ സ്ഫോടന ശബ്‌ദം കേട്ടാണ് സമീപവാസികൾ ഉറക്കം ഉണർന്നതുതന്നെ. പരിസരവാസികൾ കാണുബോൾ തന്നെ വീട് പൂർണ്ണമായും തീയിൽ അമർന്നിരുന്നു.

നാല് കുട്ടികളുടെ മരണം വിശ്വസിക്കാനാകാതെ ആണ് പല സമീപവാസികളും പ്രതികരിച്ചിരിക്കുന്നത്. എന്നാൽ എന്താണ് തീ പിടിക്കാനുള്ള കാരണം എന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. വിശദമായ വിശകലനങ്ങൾക്ക് ശേഷം മാത്രമേ പറയാൻ സാധിക്കൂ എന്നാണ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞത്.

വൽക്കഷണം…. ഏതൊരു അപകടവും ഉണ്ടാകുബോൾ നമ്മൾ ഓരോരുത്തരും സങ്കടപ്പെടാറുണ്ട്. ഏതൊരു മരണവും തരുന്ന വിഷമതകൾ പറഞ്ഞറിയിക്കാൻ സാധിക്കുകയുമില്ല. ഇവിടെ തീ പിടുത്തം ഉണ്ടായത് എങ്ങനെ എന്ന് അറിയുവാൻ വരുന്നതേയുള്ളു. ഒന്ന് കാണുബോൾ നമുക്ക് ചിലത് പഠിക്കുവാനും കൂടിയുള്ളതാണ്. പലരും ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന മട്ടിൽ പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരും ഉണ്ടാകാം. വളരെ ബേസിക് ആയ ചില കാര്യങ്ങൾ ചെയ്‌താൽ ഒരു പരിധിവരെ ഇത്തരം ദുരന്തങ്ങളെ നിയന്ത്രിക്കാൻ സാധിക്കും എന്ന് തിരിച്ചറിയുക.

ആദ്യമായി നമ്മുടെ വീടുകളിൽ ഉള്ള ഫയർ അലാം ഒന്ന് പരിശോധിക്കുക. പ്രവർത്തനക്ഷമമാണ് എന്ന് ഉറപ്പുവരുത്തുക. ബാറ്ററി ലോ ആയാൽ മാറ്റിയിടാൻ അമാന്തം കാണിക്കരുത്. വാടക വീടാണെങ്കിൽ അത് വീട്ടുടമയുടെ കടമയാണ് എന്ന് കരുതാതെ അറിയിച്ചതിനുശേഷം മാറ്റുന്നത് നമ്മുടെ ജീവൻ രക്ഷിക്കാൻ ഉതകുന്നതാണ് എന്ന് തിരിച്ചറിയുക.

മറ്റൊന്ന്… പണം ഉണ്ടാക്കുക എന്നത് മലയാളികളുടെ ഒരു നല്ല സ്വഭാവമാണ് എന്ന് പറയുമ്പോൾ തന്നെ പണം ലാഭിക്കുവാനായി എടുക്കുന്ന ഓഫ് പീക് എനർജി പ്ലാൻ… കാരണം വാഷിംഗ് മെഷീൻ, ഡ്രയർ എന്നിവ ഒരിക്കലും ഉറങ്ങാൻ നേരം പ്രവർത്തിപ്പിക്കരുത്. പ്രവർത്തിപ്പിച്ചാൽ തന്നെ പ്രവർത്തനം തീർന്നു ഓഫാക്കിയ ശേഷം മാത്രം ഉറങ്ങുക. കാരണം അപകടം നമ്മൾ വിളിച്ചു വരുത്തുകയാണ് എന്ന് തിരിച്ചറിയുക. ചില മെഷീനുകൾ കമ്പനി തന്നെ തിരിച്ചുവിളിച്ചവയാണ്. കാരണം പല അപകടങ്ങളുടെ വെളിച്ചത്തിൽ ആണ് കമ്പനി ഇങ്ങനെ ചെയ്യുന്നത്. നമ്മുടെ വീടുകളിൽ ഉള്ള ഡ്രയർ പോലുള്ള  ഉപകരണങ്ങൾ അതിൽ പെടുന്നതല്ല എന്ന് ഉറപ്പുവരുത്തുക. അതുപോലെ ഗ്യാസ് കുക്കർ ഓഫ് ആണ് എന്ന് ഉറങ്ങുന്നതിന് മുൻപ് ഉറപ്പാക്കുകന്നതോടൊപ്പം കുട്ടികളെ ഇത്തരം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽനിന്നും മാറ്റിനിർത്തുക. അപകടങ്ങൾ വരാതെ നോക്കുന്നതാണ് ഏറ്റവും ഉത്തമം എന്ന് നമ്മൾ തിരിച്ചറിയുക.

 

വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം. മല്യയെ കൈമാറാനുളള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. ഇതിനെതിരെ മല്യയ്ക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എൻഫോഴ്സ്മെൻറ് ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇതോടെ, സാമ്പത്തികതട്ടിപ്പുകേസിൽ അന്തിമവിധിക്കായി കാത്തിരിക്കാതെ മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻകഴിയും.

ഇന്ത്യയിൽ ഒമ്പതിനായിരംകോടിരൂപ വായ്പാകുടിശിക വരുത്തിയശേഷം രാജ്യംവിട്ട മല്യ നിലവിൽ ബ്രിട്ടണിലാണ്. ഇയാളെ ഇന്ത്യയ്ക്ക് വിട്ടുകിട്ടണമെന്ന ആവശ്യം ലണ്ടൻകോടതി അംഗീകരിച്ചിട്ടുണ്ട്.

തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനുമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡ‍ി) നടപടിക്കെതിരെ വിജയ് മല്യ സുപ്രീം കോടതിയെ സമീപിച്ചു. നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി വിശദീകരണം ആരാഞ്ഞ് ഇഡിക്ക് നോട്ടിസ് അയച്ചിരുന്നു.

ടോം ജോസ് തടിയംപാട്

കോണ്‍സ്റ്റാന്റിനോപ്പിളിലെ ഞങ്ങളുടെ അവസാന ദിവസമാണ്. ഞങ്ങള്‍ രാവിലെ ടൂര്‍ ബസില്‍ കയറി ഇസ്താംബുള്‍ പട്ടണം ഒന്നുകൂടി കറങ്ങി. ബസ് ഗ്രാന്‍ഡ് ബസാറില്‍ വന്നപ്പോള്‍ അവിടെ ഇറങ്ങി. ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്ന ഈ പട്ടണത്തിലെ ഏറ്റവും വലിയ ഒരു മാര്‍ക്കറ്റാണിത്. ഇവിടെ ഏഷ്യയിലെ എല്ലാ സുഗന്ധദ്രവ്യങ്ങളും ലഭിക്കും.

ഗ്രാന്‍ഡ് ബസാര്‍ എന്നാല്‍ നാലായിരം കടകള്‍. പ്രതിദിനം നാലുലക്ഷം സന്ദര്‍ശകര്‍ ഇതു നടന്നു കാണുക എന്നതു തന്നെ ഒരു വലിയ ഉദ്യമമാണ്. 2014ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ സന്ദര്‍ശിച്ച സ്ഥലം, കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുത്ത് ഓട്ടോമന്‍ സാമ്രാജ്യം സ്ഥാപിക്കപ്പെട്ട് ഉടന്‍ തന്നെ സുല്‍ത്താന്‍ മൊഹമ്മദ് രണ്ടാമന്‍ 1455ല്‍ പണി ആരംഭിച്ച് പലഘട്ടമായി 1730ല്‍ പൂര്‍ത്തിയാക്കിയ ലോകത്തിലെ അതിപുരാതനമായ മാര്‍ക്കറ്റാണ് ഗ്രാന്‍ഡ് ബസാര്‍. ഇന്ന് ലോകത്തെ ഏറ്റവും വലിയ, മേല്‍ക്കൂരയും നാലുചുറ്റും അടച്ചുറപ്പുമുള്ള മാര്‍ക്കറ്റ്. തുണിയും ആഭരണങ്ങളും ബ്രാസ്സ്, സെറാമിക് പത്രങ്ങളും ശില്പങ്ങളും അലങ്കാര വിളക്കുകളും (ഷാന്‍ഡലിയര്‍) പരവതാനികളും എന്നുവേണ്ട എല്ലാം ഒരു കൂരക്കുള്ളില്‍. 67 ഇടവഴികള്‍ 18 വാതിലുകള്‍, മുപ്പതിനായിരത്തോളം ജോലിക്കാര്‍. ആര്‍ക്കും ഇവിടെ വഴിതെറ്റാതിരിക്കില്ല. അവിടെ നിന്നും ഞങ്ങള്‍ പോയത് ഈജിപ്ഷ്യന്‍ ബസാറിലേക്കാണ്.

രണ്ടാമത്തെ വലിയ അത്ഭുതമാണ് 1660ല്‍ ആരംഭിച്ച ഈജിപ്ഷ്യന്‍ ബസാര്‍ എന്ന സ്പൈസ് മാര്‍ക്കറ്റ്. അകത്തു മാത്രം നൂറോളം കടകളില്‍ കുങ്കുമപ്പൂവും സുഗന്ധ വ്യഞ്ജനങ്ങളും തുടങ്ങി എല്ലാം ലഭിക്കും. കാലാന്തരത്തില്‍ മറ്റുകടകളും കടന്നു കൂടിയിട്ടുണ്ട്. നാട്ടിലെപ്പോലെ പച്ചക്കറികളും ഇലകളും മുളകും തുടങ്ങി എന്തും ഏതും ഉപ്പിലിട്ട കടകളും, ടര്‍ക്കിഷ് ഡിലൈറ്റും (മധുര പലഹാരം) ടര്‍ക്കിഷ് ഐസ്‌ക്രീമും കബാബുകളും വില്‍ക്കുന്ന കടകളും അനവധി. ഞങ്ങള്‍ അവിടെനിന്നും നേരെ പോയത് സുലൈമാന്‍ മോസ്‌ക്ക് കാണുന്നതിനു വേണ്ടിയാണ്. മഹാനായ സുലൈമാന്‍ എന്ന് ലോകം വിളിച്ച സുലൈമാന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഓട്ടോമന്‍ സാമ്രാജ്യം ലോകം മുഴുവന്‍ വികസിച്ചത്. അദ്ദേഹം പണിത മോസ്‌കിന്റെ വലുപ്പം പറഞ്ഞറിയിക്കാന്‍ കഴിയില്ല അവിടെത്തന്നെയാണ് അദേഹത്തിന്റെ കബറിടവും. തിരിച്ച് എയര്‍ പോര്‍ട്ടിലേക്ക് പോരുന്ന വഴിയില്‍ കോണ്‍സ്റ്റാന്റിനോപ്പിളിനെ നീണ്ടകാലം ശത്രുക്കളില്‍ രേക്ഷിച്ച റോമാക്കാര്‍ നിര്‍മിച്ച വളരെ ബൃഹത്തായ മതിലിന്റെ അവശിഷ്ടങ്ങളും കണ്ടു

ഈ പട്ടണത്തില്‍ കണ്ട ഏറ്റവും വേദനാജനകമായ കാഴ്ച യുവാക്കളായ ഭാര്യയും ഭര്‍ത്താവും കുട്ടിയും കൂടി തെരുവില്‍ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി തെണ്ടുന്നതാണ്. ഇവരെല്ലാം സിറിയന്‍ യുദ്ധം കാരണം അഭയാര്‍ഥികളായി ടര്‍ക്കിയില്‍ എത്തിയവരാണ്. മത രാഷ്ട്രീയം ഒരു ജനതയെ എങ്ങനെ തകര്‍ക്കുമെന്ന് ഷൂ പോളിഷ് ചെയ്യണോ എന്ന് ചോദിച്ചു നടക്കുന്ന സിറിയക്കാരെയും എങ്ങോട്ട് തിരിഞ്ഞാലും ധര്‍മ്മം ചോദിക്കുന്ന ഈ സിറിയക്കാരെ കണ്ടാല്‍ മനസിലാകും.

കത്തോലിക്കാ സഭ രണ്ടായി വേര്‍പിരിഞ്ഞതും ഈ മണ്ണില്‍ വച്ചാണ്. ക്രിസ്തുവിന്റെ ദൈവാവിഷ്‌കാരത്തെ പറ്റിയുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഇതിനു തുടക്കമിട്ടതെങ്കിലും അധികാര രാഷ്ട്രീയമാണ് ഇതിന്റെ അടിസ്ഥാനം. എ ഡി 431 എഫോസിയസില്‍ അതായതു അന്നത്തെ കോണ്‍സ്റ്റാന്റിനോപ്പിളില്‍ നടന്ന ക്രിസ്റ്റിയന്‍ കൗണ്‍സിലില്‍ അന്നത്തെ കോണ്‍സ്റ്റന്റിനോപ്പിളിലെ പാത്രിയര്‍ക്കീസ് ആയിരുന്ന നെസ്‌തോറിയന്‍ ക്രിസ്തുവിനു ദൈവികവും മാനുഷികവുമായ സ്വഭാവം ഉണ്ടെന്നും ക്രിസ്തുവിന്റെ അമ്മ മറിയം ഒരു സാധാരണ സ്ത്രീ മാത്രമാണ് എന്ന ആശയം മുന്‍പോട്ടു വച്ചിരുന്നു.

എന്നാല്‍ ഈ ആശയത്തോട് പലരും യോജിച്ചിരുന്നില്ല.  എ ഡി 451ല്‍ ചാല്‍സിഡോണില്‍ (കോണ്‍സ്റ്റന്റിനോപ്പിള്‍) കൗണ്‍സില്‍ ഈ വിഷയം ചര്‍ച്ചചെയ്യുകയും പോപ്പ് ലിയോ ഒന്നാമന്റെ പ്രതിനിധികളും അലക്‌സാന്‍ഡ്രിയയിലെ പത്രിയര്‍ക്കീസ് ആയിരുന്ന സിറിളും ഇതിനെ എതിര്‍ത്തു. ക്രിസ്തു മരിച്ച് ഉയര്‍ത്തെഴുന്നേറ്റു കഴിഞ്ഞപ്പോള്‍ ക്രിസ്തുവിന്റെ മനുഷ്യ സ്വഭാവം അവസാനിച്ചു. അതുകൊണ്ട് പിതാവും പുത്രനും ഒന്നാണെന്നും ക്രിസ്തു ദൈവമാണെന്നും അവര്‍ വാദിച്ചു. ഇതായിരുന്നു ദൈവികമായ അഭിപ്രായ വ്യത്യാസമെങ്കില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസം റോമിലെ പോപ്പിന്റെ അപ്രമാദിത്വത്തിനേതിരെയായിരുന്നു. ക്രിസ്തു ശിഷ്യരാല്‍ സ്ഥാപിക്കപ്പെട്ട 5 സിംഹാസനങ്ങളും ഒരുപോലെയാണ്. അതുകൊണ്ട് സമന്മാരില്‍ ഒന്നാമന്‍ മാത്രമണ് പോപ്പ് എന്ന് മറ്റുള്ളവര്‍ വാദിച്ചു.

അഭിപ്രായ വ്യത്യാസം കാരണം പോപ്പ് ലിയോ ഒന്നാമന്‍ ചാല്‍സിഡോണ്‍ കൗണ്‍സിലില്‍ പങ്കെടുത്തിരുന്നില്ല. കൂടാതെ പോപ്പിനുണ്ട് എന്നു വിശ്വസിക്കുന്ന തെറ്റാവരത്തെയും (infallible) അവര്‍ അംഗീകരിച്ചില്ല. അവിടെ നിന്നുമാണ് കത്തോലിക്കാ സഭയില്‍ റോം നേതൃത്വം കൊടുക്കുന്ന ലാറ്റിന്‍ പടിഞ്ഞാറും, കോണ്‍സ്റ്റിനോപ്പിള്‍ നേതൃത്വം കൊടുക്കുന്ന ഗ്രീക്ക് കിഴക്കുമായി വിഭജനം ആരംഭിക്കുന്നത്. പിന്നീട് റോമാസഭ എല്ലാ സ്ഥലത്തും ലാറ്റിന്‍ ഭാഷയില്‍ കുര്‍ബാന നടത്തിയപ്പോള്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഗ്രീക്ക് ഭാഷയിലും കൂടാതെ പ്രാദേശിക ഭാഷയിലും കുര്‍ബാന അര്‍പ്പിക്കാന്‍ അനുവദിച്ചു. അതുപോലെ ബൈബിള്‍ അവര്‍ ഗ്രീക്ക് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. അങ്ങനെ നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഗ്രീക്ക് ബൈബിളിന്റെ ഏറ്റവും പഴക്കം ചെന്ന ഒരു കൈയെഴുത്തുപ്രതി ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അത് നേരില്‍ കാണാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. കൂടാതെ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികര്‍ക്കു വിവാഹം അനുവദിച്ചപ്പോള്‍ റോം അനുവദിച്ചിരുന്നില്ല.

പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള രൂപങ്ങള്‍ പ്രതിമകള്‍ ആണെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം വിവക്ഷിച്ചപ്പോള്‍ റോമാക്കാര്‍ അത് വിഗ്രഹങ്ങള്‍ ആണെന്ന് പറഞ്ഞു. ശുദ്ധീകരണ സ്ഥലം ഉണ്ടെന്നു റോമാക്കാര്‍ വാദിച്ചപ്പോള്‍ ഇല്ലയെന്നു ഓര്‍ത്തഡോക്‌സുകാര്‍ വാദിച്ചു. ഇങ്ങനെ വിവിധ തര്‍ക്കങ്ങള്‍ മൂര്‍ച്ഛിച്ചപ്പോള്‍ 1053ല്‍ തെക്കേ ഇറ്റലിയിലെ ഗ്രീക്ക് പള്ളികള്‍ അടച്ച് അവിടെ ലാറ്റിന്‍ കുര്‍ബാന നടത്താന്‍ പോപ്പ് ഉത്തരവിട്ടു. അതിനെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം കോണ്‍സ്റ്റിനോപ്പിളിലെ ലാറ്റിന്‍ പള്ളികള്‍ അടക്കാന്‍ പത്രിയര്‍ക്കീസ് മൈക്കില്‍ ഒന്നാമനും ഉത്തരവിട്ടു. അവസാനം പുളിപ്പിക്കാത്ത അപ്പം കുര്‍ബാനയില്‍ ഉപയോഗിക്കണമെന്നു റോമാക്കാര്‍ പറഞ്ഞപ്പോള്‍ അത് പറ്റില്ല, പുളിപ്പിച്ച അപ്പമാണ് കുര്‍ബാനയില്‍ ഉപയോഗിക്കേണ്ടതെന്നു ഓര്‍ത്തഡോക്‌സ വിഭാഗം നിലപാടെടുത്തു. പോപ്പിന് ലോകം മുഴുവനുള്ള ക്രിസ്ത്യന്‍ സഭയുടെ മുകളില്‍ അധികാരം ഉണ്ട് എന്ന് പോപ്പ് പ്രഖ്യാപനത്തെ എതിര്‍ത്തുകൊണ്ടും 1054ല്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കത്തോലിക്കാ സഭയില്‍ നിന്നും പിരിയുകയാണ് ചെയ്തത്. ഇതിനെ Great Schism എന്നറിയപ്പെടുന്നു.

പിന്നിട് ഓര്‍ത്തഡോക്‌സ് വിഭാഗം കൈവശം വച്ചിരുന്ന കിഴക്കന്‍ മേഖലയില്‍ മുഴുവന്‍ ഇസ്ലാം കടന്നു കയറുകയും അവസാനം അവരുടെ കേന്ദ്രമായിരുന്ന കോണ്‍സ്റ്റിനോപ്പിളും അവരുടെ ഏറ്റവും വിശിഷ്ട്ടമായ ഹഗിയ സോഫിയ പള്ളിയും ഇസ്ലാം പിടിച്ചെടുത്തു മോസ്‌ക് ആക്കി മാറ്റി. 1453ല്‍ മൊഹമ്മദ് രണ്ടാമന്‍ കോണ്‍സ്റ്റിനോപ്പിള്‍ വളഞ്ഞപ്പോള്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റിന്‍ പതിനൊന്നാമന്‍ പോപ്പിനെ വിവരം അറിയിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തുവെങ്കിലും പോപ്പ് സഹായിക്കാന്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ല. റോം സഹായിക്കുന്നതിനു നേവിയെ അയച്ചെങ്കിലും അവര്‍ കോണ്‍സ്റ്റിനോപ്പിളില്‍ എത്തുന്നതിനു മുന്‍പ് ഇസ്ലാമിക സൈന്യം കോണ്‍സ്റ്റിനോപ്പിളും ഹഗിയ സോഫിയയും പിടിച്ചു കോണ്‍സ്റ്റന്റിന്‍ പതിനൊന്നാമാനെ വധിക്കുകയും ചെയ്തിരുന്നു.

മഹാരാജാക്കന്മാര്‍ വാണരുളിയ ടോപ് കാപ്പി പാലസ് ടോള്‍മ ബച്ചേ പാലസും, ഇസ്ലാമിക രാഷ്ട്രത്തെ മതേതര രാഷ്ട്രമാക്കിയ മുസ്തഫ കമാല്‍ അറ്റടര്‍കും; മൂന്നാം ഭാഗം

ഇസ്ലാമിക കടന്നുകയറ്റത്തിന്റെ നാള്‍ വഴികളിലൂടെ….. ഹാഗിയ സോഫിയയും ബ്ലു മോസ്‌ക്കും. ടോം ജോസ് തടിയംപാട് എഴുതുന്ന യാത്രാവിവരണം രണ്ടാം ഭാഗം

ഇസ്ലാമിക കടന്നുകയറ്റത്തിന്റെയും ‘യംഗ് ടര്‍ക്കു’കളുടെയും ഓര്‍ത്തഡോക്‌സ് സഭയുടെ ജന്മഭൂമിയിലൂടെയും നടത്തിയ ഒരു യാത്ര ഒന്നാം ഭാഗം

ടോം ജോസ് തടിയംപാട്

രണ്ടാം ദിവസം ഞങ്ങള്‍ രാവിലെ ടോപ് കാപ്പി പാലസ് കാണുന്നതിനു വണ്ടിയാണ് പോയി ചരിതത്തിലെ ഏറ്റവും വലിയ സിഹാസനത്തെ നയിച്ച പ്രഗത്ഭരായ ഓട്ടോമന്‍ രാജാക്കന്മാര്‍ വാണരുളിയ ടോപ് കാപ്പി പാലസിന്റെ പ്രൗഢി ന്ന് കാണേണ്ടതു ന്നെയാണ്. ഈ കൊട്ടാരത്തിലാണ് മുഹമ്മദ് നബിയുടെ വാളും ഭൗതികാവശിഷ്ട്ടങ്ങളും മോശയുടെ വടിയും സൂക്ഷിച്ചിട്ടുള്ളത്. ഓട്ടോമന്‍ ഈജിപ്റ്റും, അറേബ്യയും കീഴ്‌പ്പെടുത്തിയ കാലത്ത് അവിടെ നിന്നും കൊണ്ടുവന്നതാണ് ഇതെല്ലാം. കാരണം ഓട്ടോമന്‍ രാജാക്കന്മാര്‍ അവകാശപ്പെട്ടിരുന്നത് അവര്‍ ഇസ്ലാമിന്റെ സംരകഷകരാണെന്നാണ്.

ടോപ് കാപ്പി പാലസിലേക്കുള്ള പ്രവേശനം പാസുമൂലമാണ്. പാലസിനു മുന്‍പിലുള്ള പൂന്തോട്ടം തന്നെ വളരെ വലുതും മനോഹരവുമാണ്. രാജാവിന്റെ ട്രഷറി റൂം, വിദേശ അംബാസഡര്‍മാരും മന്ത്രിമാരുമായി മീറ്റിംഗ് നടക്കുന്ന മുറികള്‍ രാജാവിന്റെ കിടപ്പറ ഇതെല്ലാം അതിമനോഹരമാണ്. മുഹമ്മദ് നബിയുടെ ഉടവാള്‍, ഓട്ടോമന്‍ രാജാക്കന്മാര്‍ ഉപയോഗിച്ച വാളുകള്‍ ആ കാലത്തേ ക്ലോക്കുകള്‍ രാജാക്കന്മാരുടെ ഡ്രസ്സുകള്‍, ആയുധങ്ങള്‍, ആഭരണങ്ങള്‍ എല്ലാം അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രജാവും മന്ത്രിമാരുമായി സംസാരിക്കുന്നതു രാജാവിന്റെ അമ്മ മഹാറാണിക്ക് കേള്‍ക്കുന്നതിനുവേണ്ടി മന്ത്രിസഭ മീറ്റിംഗ് കൂടുന്നതിന് തൊട്ടടുത്ത ഒരു മുറി ക്രമീകരിച്ചിട്ടുണ്ട്. 100ല്‍ കൂടുതല്‍ മുറികള്‍ ഉണ്ട് ഈ കൊട്ടാരത്തിന്.

കൊട്ടാരത്തിലെ ഏറ്റവും ആകര്‍ഷണീയമായി തോന്നിയത് റാണിയും കൊട്ടാരത്തിലെ രാജാവിന്റെ മറ്റു ഭാര്യമാരും വെപ്പാട്ടികളും താമസിക്കുന്ന സ്ഥലമാണ്. ഇതിനെ ഹാരാം (harem) എന്നാണ് പറയുന്നത്. ഈ ഭാഗത്തിന്റെ സംരക്ഷണം ആഫ്രിക്കയില്‍ നിന്നും അടിമയായി കൊണ്ടുവന്നിട്ടുള്ള വന്ധീകരിച്ച ചെറുപ്പക്കാര്‍ക്കായിരുന്നു. അവരുടെ നിരീക്ഷണ ടവര്‍ അവിടെ കാണാം. ഹാരാമിന്റെ നിയന്ത്രണം പൂര്‍ണ്ണമായും രാജാവിന്റെ അമ്മയുടെ കൈകളില്‍ ആയിരിക്കും. രാജാവ് ഏതെങ്കിലും വെപ്പാട്ടിയുടെ മുറിയില്‍ ചെന്നാല്‍ പിന്നെ അവളുടെ സ്ഥാനം ഉയരും. നൂറുകണക്കിന് വെപ്പാട്ടിമാരും ഭാര്യമാരുമായി ജീവിച്ച രാജാക്കന്മാര്‍മാരുടെ ചരിത്രം ഗൈഡ് വിവരിച്ചപ്പോള്‍ ഞങളുടെ സംഘത്തില്‍ ഉണ്ടായിരുന്ന ഫ്രഞ്ചുകാരി സ്ത്രീ രാജാവിന് മാത്രം പോര ഹാരാം രഞ്ജിമാര്‍ക്കും വേണമെന്ന് പറഞ്ഞപ്പോള്‍ അത് ഒരു കൂട്ടച്ചിരിയായി മാറി. വെപ്പാട്ടിമാര്‍ പൊതുവേ യുദ്ധത്തില്‍ പിടിച്ചെടുക്കുന്നവരാണ്.

ഗൈഡ് പറഞ്ഞ മറ്റൊരു കഥ ഒരിക്കല്‍ ഓട്ടോമന്‍ രാജാക്കന്മാരില്‍ ഏറ്റവും മഹാന്‍ എന്നറിയപ്പെടുന്ന സുലൈമാന്‍ ദി മഗ്‌നിഫിഷന്റ് ഒരിക്കല്‍ രാജ്യത്തെ ഏറ്റവും പ്രായംകൂടിയവരെ കൊട്ടാരത്തിലേക്ക് വിളിച്ചു. അവര്‍ എങ്ങനെയാണ് ഇത്രയും കൂടുതല്‍ കാലം ഭൂമിയില്‍ ജീവിച്ചത് എന്നതിന്റെ രഹസ്യം അറിയുന്നതിനു വേണ്ടിയായിരുന്നു. നൂറുവയസുള്ള ഒരാളെ വിളിച്ചു ചോദിച്ചു എന്താണ് ഇത്രയും കാലം ജീവിച്ചതിന്റെ രഹസ്യമെന്ന്. അയാള്‍ പറഞ്ഞു ഞാന്‍ എന്നും കിടക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് മോര് കഴിക്കും. ഇതാണ് എന്റെ ആയുസിന്റെ രഹസ്യമെന്ന്. നൂറ്റിരണ്ടു വയസുള്ള ആളോടു ചോദിച്ചപ്പോള്‍ ഞാന്‍ എന്നും ഒരു ആപ്പിള്‍ കഴിക്കും. അതാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നു പറഞ്ഞു. അവിടെ നിന്ന ഏറ്റവും പ്രായം തോന്നിക്കുന്ന വളരെ തളര്‍ന്നു നില്‍ക്കുന്ന ഒരാളെ അടുത്തു വിളിച്ചു രാജാവ് ചോദിച്ചു, താങ്കള്‍ക്ക് എത്ര വയസായി. അയാള്‍ പറഞ്ഞു 37 എന്ന്. ഈ പ്രായത്തില്‍ താങ്കള്‍ എങ്ങനെ ഇത്രയും ശാരീരികമായി അവശനായി എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ എല്ലാദിവസവും സ്ത്രികളെ മാറി മാറി ഭോഗിച്ചിരുന്നു. അങ്ങനെയാണ് ഞാന്‍ ഈ ഗതിയില്‍ എത്തിയത് എന്നായിരുന്നു മറുപടി. ഇതുകേട്ട് എല്ലാവരും ചിരിച്ചുപോയി. യൂറോപ്പ് മുതല്‍ ഏഷ്യ വരെ നീണ്ടകാലം ഓട്ടോമന്‍ രാജാക്കന്‍മാര്‍ ഭരിച്ച ആ മഹാ സൗഥം കണ്ടിറങ്ങിയപ്പോള്‍ അവരുടെ ജീവിതം എത്രയോ ആഡംബര പൂര്‍ണ്ണമായിരുന്നു എന്ന് തോന്നി. മൊഹമ്മദ് രണ്ടാമന്‍ 1489 ല്‍ പണികഴിപ്പിച്ചതാണ് ടോപ് കാപ്പി പാലസ്. 1856 വരെ ഓട്ടോമന്‍ രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രമായിരുന്നു ഇത്. രാജാവിനെ പുറത്താക്കി അധികാരം പിടിച്ച യംങ്ങ് ടര്‍ക്കുകള്‍ ടോപ്കാപ്പി പാലസ് മ്യൂസിയമാക്കി മാറ്റി.

അവിടെ നിന്നും ഞങ്ങള്‍ രാജാവിന്റെ മറ്റൊരു കൊട്ടാരമായ ടോള്‍മ ബച്ചേ പാലസ് കാണുന്നതിനുവേണ്ടി ടൂര്‍ ബസില്‍ കയറി പോയി. ബോസ്പുറസ് കടല്‍ തീരത്ത് നിര്‍മിച്ചിരിക്കുന്ന ഈ കൊട്ടാരം കണ്ടാല്‍ ആരും ഒന്നു കിടുങ്ങും. ടോപ് കാപ്പി പാലസ് അന്നത്തെ യുറോപ്യന്‍ രാജകൊട്ടാരങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നില്ല എന്ന് 1856ല്‍ ഓട്ടോമന്‍ രാജാവായിരുന്ന അബ്ദുല്‍ മജീദിനു തോന്നി. അദ്ദേഹം നിര്‍മ്മിച്ച കൊട്ടരമാണിത്. ഈ കൊട്ടാരത്തിന്റെ മനോഹാരിത പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഈ കൊട്ടാരത്തിലെ വിളക്കുകള്‍, കാര്‍പ്പെറ്റുകള്‍, മാര്‍ബിള്‍ തൂണുകള്‍ എല്ലാം അതിമനോഹരം എന്നേ പറയാനുള്ളൂ. കൊട്ടാരത്തിനുള്ളില്‍ ഓട്ടോമന്‍ രാജാക്കന്മാര്‍ നടത്തിയ യുദ്ധങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

1922ല്‍ രാജാവിനെ പുറത്താക്കി അധികാരം പിടിച്ച മുസ്തഫ കമാല്‍ അറ്റടര്‍ക് ( Mustafa Kemal Ataturk ) ഇവിടെയാണ് താമസിച്ചിരുന്നത്. അദ്ദേഹം ഇവിടെവച്ചാണ് ഈ ലോകത്തോട് വിടപറഞ്ഞതും. അദ്ദേഹം താമസിച്ച മുറിയും, കട്ടിലും അവിടെ സൂക്ഷിച്ചിട്ടുണ്ട്. ഞങ്ങള്‍ കൊട്ടാരം കണ്ടുകഴിഞ്ഞ് ഒരു ടാക്‌സി പിടിച്ചു ഏഷ്യയെയും യുറോപ്പിനെയും കൂട്ടി യോജിപ്പിക്കുന്ന ബോസ്പുറസ് പാലത്തിലൂടെ യുറോപ്പിള്‍ നിന്നും ഏഷ്യ വരെ യാത്ര ചെയ്ത് തിരിച്ചുവന്നു ടര്‍ക്കി സ്‌ക്വയറില്‍ വന്നിറങ്ങി. അവിടെ ടര്‍ക്കി റിപ്പബ്‌ളിക്കിനു തുടക്കമിട്ട ഒരു ഇസ്ലാമിക രാഷ്ട്രഘടന നിലനിന്ന ടര്‍ക്കിയെ ഒരു മതേതര രാഷ്ട്രമാക്കി മാറ്റിയ മുസ്തഫ കമാല്‍ അറ്റടര്‍ക്കിന്റെയും സുഹൃത്തുക്കളുടെയും പ്രതിമകള്‍ക്ക് മുന്‍പില്‍ നിന്നും ഫോട്ടോയും എടുത്തു ഹോട്ടലിലേക്ക് തിരിച്ചു പോയി.

തുടരും

” നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുവിന്‍” എന്ന ക്രിസ്തുനാഥന്റെ പ്രബോധനം ഏറ്റെടുത്തുകൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള OLPH സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് വിമന്‍സ് ഫോറം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന ഓള്‍ യുകെ ഫാമിലി ബൈബിള്‍ ക്വിസ് മത്സരം ഏപ്രില്‍ മാസം 6-ാം തിയതി ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വെച്ച് നടത്തപ്പെടും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഒരു കുടുംബമായി വേണം മത്സരത്തിനായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍. ഭര്‍ത്താവും ഭാര്യയും നിര്‍ബന്ധമായും ഒരു ടീമില്‍ ഉണ്ടായിരിക്കണം. കുട്ടികള്‍ക്കം പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ് ടീമിന് 10 പൗണ്ടാണ്. മത്സരങ്ങലുടെ സുഗമമായ നടത്തിപ്പിനായി OLPHലെ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജനുവരി 31-ാം തിയതി അഭിവന്ദ്യ പിതാവ് ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ സ്റ്റോക്ക് പള്ളിയില്‍ വെച്ചു നടത്തിയ മലയാളം കുര്‍ബാനയോട് അനുബന്ധിച്ച് ബൈബിള്‍ ക്വിസിന്റെ നോട്ടീസ് വിതരണം പിതാവ് പ്രകാശനം ചെയ്തു. മത്സരത്തിനുള്ള വിഷയങ്ങള്‍

Books of Ruth
Gospel of John
Genesis chapter 1-12

രാവിലെ പത്തുമണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തിയതി മാര്‍ച്ച് 23 ആണ്. POC മലയാളം & NRSV English ബൈബിളില്‍ നിന്നുള്ള ചോദ്യങ്ങളായിരിക്കും മത്സരത്തിലുണ്ടാകുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.

മത്സരങ്ങള്‍ നടക്കുന്ന സ്ഥലം

ജൂബിലി വര്‍ക്കിംഗ് മെന്‍സ് ക്ലബ്ബ്
175 New Castle Road
Trentvale, ST4 6PZ

ഒന്നാം സമ്മാനം 250 പൗണ്ട് ക്യാഷ് അവാര്‍ഡും എവര്‍റോൡഗ് ട്രോഫിയും, രണ്ടാം സമ്മാനം 150 പൗണ്ട് ക്യാഷ് അവാര്‍ഡും എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം 100 പൗംണ്ട് ക്യാഷ് അവാര്‍ഡും എവര്‍റോളിംഗ് ട്രോഫിയും. കൂടാതെ 25 പൗണ്ടിന്റെ പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി

സിജി സോണി- 07985726302
ജാസ്മിന്‍ സജി- 07889828743
ജിഷ അനൂജ്- 07841393651

എന്ന നമ്പറുകളിലും [email protected] എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്. ഫ്രീയായി കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഡബ്ലിന്‍/സോർഡ്‌സ്: ജനുവരി 31 ന് (വ്യാഴാഴ്ച) ബാല്‍ബ്രീഗാനില്‍ നിര്യാതനായ അഞ്ച് വയസുകാരന്‍ ജെയ്ഡന്‍ ഷോബിന്റെ ഭൗതീക ശരീരം നാളെ ഫെബ്രുവരി 3 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ സോര്‍ഡ്‌സ് റിവര്‍ വാലി സെന്റ് ഫിനിയാന്‍സ് ദേവാലയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നു. ജെയ്ഡന്‍ ഷോബിന്‍ (5 വയസ്) ബാല്‍ ബ്രീഗനിലെ ഷോബിന്‍ ജോബ് അബ്രാഹാമിന്റെയും, ജിസ് ജോസഫിന്റെയും മകനാണ്. അസുഖ ബാധിതനായിരുന്ന ജെയ്ഡന് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വ്യാഴാഴ്ച രോഗം വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. വൈകുന്നേരം 4.20 ന് ദ്രോഗഡ ഹോസ്പിറ്റലില്‍ വെച്ചാണ് ജെയ്ഡന്‍ നിര്യാതനായത്.

സീറോ മലബാര്‍ സഭയുടെ സ്വോര്‍ഡ്‌സ് ഇടവകാ കമ്മിറ്റി മെമ്പറായ ഷോബിന്‍ പൊന്‍കുന്നം ചെങ്കല്ലേപ്പള്ളി കുമ്പുക്കല്‍ കുടുംബാംഗമാണ്. മാതാവ് ജിസ് ബ്യൂമൗണ്ട് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സാണ്. പൊതുദര്‍ശനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയ്ക്കും തിരുകര്‍മ്മങ്ങള്‍ക്കും ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലിന്മാരായ റവ.ഡോ.ക്ലമന്റ് പാടത്തിപറമ്പിലില്‍ ,ഫാ. റോയി വട്ടക്കാട്ട് ,ഫാ. രാജേഷ് മേച്ചിറാകത്ത് എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട് നാട്ടില്‍ നടത്തപ്പെടും.  ഭൗതീക ശരീരം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു.

Copyright © . All rights reserved