UK

ആഷ്‌ഫോര്‍ഡ്: 2018-19ലെ കര്‍മ്മപരിപാടികള്‍ വില്ലിസ്‌ബോറോ റീജിയണല്‍ ഗ്രൗണ്ടില്‍ നടന്ന ബാര്‍ബിക്യൂവും കുടുംബസംഗമവും ടീനേജേഴ്‌സ് ഫുട്‌ബോള്‍ മത്സരത്തോടും കൂടി ആരംഭം കുറിച്ചു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായി നടത്തിയ ബാര്‍ബിക്യൂ പാര്‍ട്ടിയും കുടുംബസംഗമവും ആസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് കെന്റ് ഫുട്‌ബോള്‍ ലീഗിലെ വിവിധ ക്ലബ്ബുകളില്‍ കളിക്കുന്ന ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ കൗമാരക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫുട്‌ബോള്‍ മത്സരം അരങ്ങേറി. തുടര്‍ന്ന് നടന്ന കുടുംബ സംഗമത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി നഴ്‌സിന് ബ്രിട്ടീഷ് രാജ്ഞിയുടെ ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് പ്രവേശനം ലഭിച്ച ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകയായ അജിമോള്‍ പ്രദീപിനെ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫും സെക്രട്ടറി ട്രീസ സുബിനും ഉപഹാരം നല്‍കിയ ആദരിച്ചു.

ഭാരതത്തിലെ പത്മ അവാര്‍ഡുകള്‍ക്ക് തുല്യമായ ബഹുമതി അജിമോള്‍ക്ക് ലഭിച്ചതില്‍ യുകെയിലെ പ്രവാസികളായ എല്ലാ മലയാളികള്‍ക്കും വിശിഷ്യ അജിമോള്‍ പ്രദീപ്, ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ അംഗവും ആയതില്‍ അസോസിയേഷനിലെ ഓരോ അംഗങ്ങള്‍ക്കും അഭിമാനമുണ്ടെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് അവാര്‍ഡിന് അര്‍ഹയായതില്‍ സന്തോഷവും തന്റെ കുടുംബമായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനില്‍ നിന്ന് ലഭിച്ച സ്വീകരണത്തിനും അഭിനന്ദനങ്ങള്‍ക്കും നന്ദിയും അറിയിച്ചു.

കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു കുടുംബസംഗമം സംഘടിപ്പിച്ചത്. കുട്ടികളും മുതിര്‍ന്നവരുമായി ഒരു ജനസഞ്ചയം തന്നെ വില്ലിസ്‌ബോറോ ഗ്രൗണ്ടില്‍ എത്തിയിരുന്നു.

ഇത്തരം ഒരു കുടുംബ സംഗമം സംഘടിപ്പിച്ചത് വളര്‍ന്നു വരുന്ന തലമുറയ്ക്ക് സ്‌പോര്‍ട്‌സില്‍ ആഭിമുഖ്യം ജനിപ്പിക്കുന്നതിനു വേണ്ടിയാണെന്ന് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും മോളി ജോജി, ട്രീസാ സുബിന്‍, സിജോ, ജെറി ജോസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. പരിപാടികള്‍ കഴിഞ്ഞ് അംഗങ്ങള്‍ ഭവനത്തിലേക്ക് പിരിയുമ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു, ”നല്ല തുടക്കം”.

ഇംഗ്ലണ്ട് ലോകകപ്പ് മത്സരങ്ങള്‍ കളിക്കുമ്പോള്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കാനിടയുണ്ടെന്ന് പോലീസ്. രാജ്യത്തൊട്ടാകെയുള്ള പോലീസ് സേനകള്‍ ഇതിനെതിരെയുള്ള തയ്യാറെടുപ്പിലാണ്. ഗിവ് ഡൊമസ്റ്റിക് അബ്യൂസ് ദി റെഡ് കാര്‍ഡ് എന്ന ക്യാംപെയിനിനാണ് തുടക്കമിട്ടിരിക്കുന്നത്. മുന്‍ ലോകകപ്പുകളില്‍ ഇംഗ്ലണ്ട് ടീം മത്സരിക്കുമ്പോള്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. 2014 ലോകകപ്പില്‍ ഇംഗ്ലണ്ട് തോറ്റ മത്സരത്തിന്റെ സമയത്ത് ലങ്കാഷയറിലെ ഗാര്‍ഹിക പീഡനങ്ങളില്‍ 38 ശതമാനം വര്‍ദ്ധനയുണ്ടായതായി ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയുടെ പഠനത്തില്‍ വ്യക്തമായിരുന്നു.

ഇംഗ്ലണ്ട് ജയിച്ച മത്സരത്തിന്റെ സമയത്ത് ഇത്തരം കുറ്റകൃത്യങ്ങളില്‍ 26 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ഇംഗ്ലണ്ടിന് മത്സരങ്ങളിലാത്ത ദിവസങ്ങളെ അപേക്ഷിച്ചാണ് ഈ വര്‍ദ്ധനവ്. ഇംഗ്ലണ്ടിന്റെ മത്സരത്തിനു ശേഷമുള്ള ദിവസം കുറ്റകൃത്യങ്ങളില്‍ 11 ശതമാനം വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. 2014ല്‍ മത്സരമുള്ള ദിവസങ്ങളില്‍ ശരാശരി 79.3 സംഭവങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മത്സരമില്ലാത്ത ദിവസങ്ങളില്‍ ഇത് 58.2 സംഭവങ്ങള്‍ മാത്രമാണ്.

ഓരോ ലോകകപ്പിലും ഗാര്‍ഹിക പീഡനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പഠനം പറയുന്നു. 2002ല്‍ ശരാശരി 64 ആയിരുന്നത് 2010ല്‍ 99 ആയി ഉയര്‍ന്നു. ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഏറ്റവും കുറവ് ഡൊമസ്റ്റിക് വയലന്‍സ് അറസ്റ്റ് റേറ്റുള്ള ഹാംപ്ഷയറില്‍ ഇംഗ്ലണ്ട് മത്സരത്തിനിറങ്ങുന്ന ദിവസങ്ങളില്‍ അഞ്ച് പ്രത്യേക ഡൊമസ്റ്റിക് അബ്യൂസ് റെസ്‌പോണ്‍സ് കാറുകള്‍ ഏര്‍പ്പെടുത്താനാണ് പോലീസ് പദ്ധതിയിട്ടിരിക്കുന്നത്. ഇന്ന് ഇംഗ്ലണ്ട്-ടുണീഷ്യ മത്സരം നടക്കുന്ന സമയത്ത് ഇതിന് തുടക്കമിടും. ഇരകളെ സഹായിക്കുന്നതിനും കുറ്റകൃത്യങ്ങളില്‍ തെളിവ് ശേഖരിക്കുന്നതിനുമായി 10 ഓഫീസര്‍മാരെ അധികമായി നിയോഗിക്കാനും തീരുമാനമുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ ഫണ്ട് വെട്ടിക്കുറയ്ക്കലിനു ശേഷം നടപ്പില്‍ വരുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന3.4 ശതമാനത്തിന്റെ എന്‍എച്ച്എസ് ഫണ്ടിംഗ് ബൂസ്റ്റ് ഒന്നിനും തികയില്ലെന്ന് ഡോക്ടര്‍മാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന കണ്‍സള്‍ട്ടന്റുമാരും പ്രൊഫസര്‍മാരും ജിപിമാരും ജൂനിയര്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം 100 പേര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചു. അഞ്ച് വര്‍ഷത്തേക്കാണ് പുതിയ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഫലത്തില്‍ ഇത് മൊത്തം ഹെല്‍ത്ത് സ്‌പെന്‍ഡിംഗില്‍ 3 ശതമാനത്തിന്റെ വര്‍ദ്ധനവ് മാത്രമേ വരുത്തുന്നുള്ളുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്‍എച്ച്എസ് പ്രതിസന്ധി മറികടക്കാന്‍ ഇതുകൊണ്ട് സാധിക്കില്ലെന്നും വിലയിരുത്തപ്പെടുന്നു.

2023-24നുള്ളില്‍ വരുത്താനുദ്ദേശിക്കുന്ന 20 ബില്യന്‍ പൗണ്ടിന്റെ ഫണ്ട് ബൂസ്റ്റ് കഴിഞ്ഞ ഒരു ദശകത്തില്‍ എന്‍എച്ച്എസിനുണ്ടായ തകരാര്‍ പരിഹരിക്കാന്‍ ഉപകാരപ്പെടില്ലെന്ന് കത്ത് വ്യക്തമാക്കുന്നു. 4 ശതമാനത്തില്‍ താഴെയുള്ള ഫണ്ട് വര്‍ദ്ധനവ് എന്‍എച്ച്എസിന്റെ പതനം തുടരുമെന്നതിന്റെയും രോഗികള്‍ ഇനിയും ബുദ്ധിമുട്ടുമെന്നതിന്റെയും സൂചനയാണ്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലും ആശുപത്രികളിലും രോഗികള്‍ ദുരിതമനുഭവിക്കാതെയും ദാരുണമായി മരിണപ്പെടാതിരിക്കാനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അനുയോജ്യമായ വിധത്തിലുള്ള ഫണ്ടിംഗാണ് ആവശ്യമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ കുറഞ്ഞത് 4 ശതമാനം ഫണ്ടിംഗ് ബൂസ്റ്റ് എങ്കിലും നടപ്പാക്കണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സറ്റഡീസും സ്വതന്ത്ര ഹെല്‍ത്ത് ചാരിറ്റികളും വ്യക്തമാക്കിയിരുന്നു. ഒരു ലക്ഷത്തോളം എന്‍എച്ച്എസ് വേക്കന്‍സികള്‍ ഒഴിഞ്ഞു കിടക്കുമ്പോളാണ് ഇത്. 70 വര്‍ഷമാകുന്ന ഹെല്‍ത്ത് സര്‍വീസിന് ഇതുവരെ 3.7 ശതമാനം ഫണ്ടിംഗ് വര്‍ദ്ധന മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളു.

ബ്രിട്ടീഷ് പോര്‍ട്ടുകളിലും വിമാനത്താവളങ്ങളിലും യുകെ ഒണ്‍ലി പാസ്‌പോര്‍ട്ട് ലെയിനുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് ഹോം ഓഫീസ് പിന്‍വാങ്ങുന്നു. ബ്രെക്‌സിറ്റിനു ശേഷം നടപ്പാക്കാനിരുന്ന ഈ പദ്ധതി ചെലവേറിയതാകുമെന്ന വിലയിരുത്തലിലാണ് ഹോം ഓഫീസ് പുനര്‍വിചിന്തനം നടത്തിയിരിക്കുന്നത്. വ്യത്യസ്ത ലൈനുകള്‍ യാത്രക്കാരുടെ സമയം മെനക്കെടുത്താനിടയുണ്ടെന്നും വിലയിരുത്തലുണ്ട്. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്പിലേക്കുള്ള യാത്രകളില്‍ നോണ്‍ യൂറോപ്യന്‍ ലെയിനുകളില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടതായി വന്നേക്കാമെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ് സമ്മതിച്ചതിനു തൊട്ടു പിന്നാലെയാണ് ഹോം ഓഫീസ് ഈ നീക്കവുമായി രംഗത്തെത്തിയതെന്നതാണ് ശ്രദ്ധേയം.

യുകെ ഒണ്‍ലി ലെയിനുകള്‍ ജനങ്ങള്‍ക്ക് താല്‍പര്യമാകുമെങ്കിലും അതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കേണ്ടി വരുമെന്നതിനാല്‍ ചെലവ് വര്‍ദ്ധിക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ബ്രെക്‌സിറ്റിന്റെ ശക്തമായ പ്രദര്‍ശനമാകുമെന്നതിനാല്‍ പ്രത്യേക ലെയിന്‍ ഒരു ആകര്‍ഷണമാകുമെന്ന് ഹോം ഓഫീസ് നടത്തിയ ഒരു പഠനം വിലയിരുത്തുന്നു. അതേസമയം വിമാനത്താവളങ്ങിലും മറ്റും എത്തുന്ന ബ്രിട്ടീഷുകാരുടെ എണ്ണം പരിഗണിച്ചാല്‍ യുകെ ഒണ്‍ലി ലൈനുകളില്‍ കൂടുതല്‍ സമയം നഷ്ടമാകുമെന്നത് വ്യക്തമാണ്.

ചിലപ്പോള്‍ മറ്റു നിരകളേക്കാള്‍ ബ്രിട്ടീഷുകാരുടെ നിരകള്‍ക്ക് നീളം കൂടാനും സാധ്യയുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ താമസിക്കാനുദ്ദേശിക്കുന്ന യൂറോപ്യന്‍ പൗരന്മാര്‍ക്കായി ചട്ടങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാജിദ് ജാവിദ് തയ്യാറെടുക്കുന്നതിനിടയിലാണ് യുകെ ഒണ്‍ലി പാസ്‌പോര്‍ട്ട് ലെയിനുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. യൂറോപ്യന്‍ പൗരന്‍മാര്‍ക്കുള്ള ഇളവുകള്‍ വ്യാഴാഴ്ച ഹോം സെക്രട്ടറി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇത് ജാവിദും ബ്രെക്‌സിറ്റ് അനുകൂലികളും തമ്മില്‍ യുദ്ധത്തിന്  വഴിവെക്കുമെന്നും നിരീക്ഷണമുണ്ട്.

യുകെ മലയാളി സമൂഹത്തിലെ നിറസാന്നിദ്ധ്യമായിരുന്ന അബ്രഹാം ജോര്‍ജ്ജ് (അപ്പിച്ചായന്‍) നിര്യാതനായി. കഴിഞ്ഞ കുറച്ച് നാളുകളായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന അബ്രഹാം ജോര്‍ജ്ജ് രാത്രി പതിനൊന്ന് മണിയോടെയാണ് അന്തരിച്ചത്. ഷെഫീല്‍ഡ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം.

ഷെഫീല്‍ഡ് മലയാളി അസോസിയേഷന്‍റെ ആദ്യ പ്രസിഡണ്ടും യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍  സ്ഥാപക നേതാക്കളില്‍ പെടുന്നയാളുമായിരുന്നു. യുകെ മലയാളി സമൂഹത്തില്‍ നികത്താനാവാത്ത വിടവ് സൃഷ്ടിക്കുന്ന മരണവാര്‍ത്ത അറിഞ്ഞ് നിരവധി മലയാളികള്‍ രാത്രിയായിട്ട് കൂടി ആശുപത്രിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

കോഴഞ്ചേരി തെക്കേമല ശങ്കരമംഗലത്ത് വാരാമണ്ണില്‍ കുടുംബാംഗമാണ് അബ്രഹാം ജോര്‍ജ്ജ്. ഭാര്യ സൂസന്‍ ജോര്‍ജ്ജ് തെക്കേമല പാലാംകുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍ സുജിത് എബ്രഹാം, സിബിന്‍ എബ്രഹാം. മരുമക്കള്‍ ഷെറിന്‍, അനു. കോഴഞ്ചേരി സെന്റ്‌ തോമസ്‌ മാര്‍ത്തോമ ഇടവകാംഗമാണ് അപ്പിച്ചായന്‍.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

അപ്പിച്ചായന്റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ബാര്‍ ബി ക്യൂ പാര്‍ട്ടിയും സ്‌പോര്‍ട്‌സ് ഡേയും ഫാദേര്‍സ് ഡേ ആഘോഷങ്ങളും പ്രൗഢഗംഭീരമായി. മാഞ്ചസ്റ്ററിലെ പ്ലാറ്റ് ഫീല്‍ഡ് പാര്‍ക്കില്‍ രാവിലെ തുടങ്ങിയ ആഘോഷപരിപാടികള്‍ വൈകുന്നേരം വരെ നീണ്ടു. മാഞ്ചെസ്റ്ററിലേക്ക് പുതുതായി എത്തിയ ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കലിന് സ്വീകരണം നല്‍കിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. അസോസിയേഷന്‍ പ്രസിഡണ്ട് ജോജി ജോസഫ്, സെക്രട്ടറി ബിന്റോ സൈമണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ബാര്‍ ബി ക്യൂ പാര്‍ട്ടിയില്‍ അസോസിയേഷന്‍ കുടുംബങ്ങള്‍ ഒന്നടങ്കം പങ്കെടുക്കുകയും സ്വാദൂറും വിഭവങ്ങള്‍ ചൂടോടെ ആസ്വദിക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് വീറും വാശിയും നിറഞ്ഞ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. കുട്ടികളെ പ്രായമനുസരിച്ചു വിവിധ ഗ്രൂപ്പുകളായി തിരിച്ചു നടന്ന മത്സരങ്ങളില്‍ ഒട്ടേറെ കുട്ടികള്‍ പങ്കാളികളായി. മിട്ടായി പെറുക്കും ഓട്ടവും ലെമണ്‍ സ്പൂണ്‍ റെയിസും എല്ലാം ഏറെ ആവേശത്തോടെയാണ് കുട്ടികള്‍ എതിരേറ്റത്. അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ സണ്ണി ആന്റണി സ്‌പോട്‌സ് ഡേ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇതേ തുടര്‍ന്ന് ഫാദേര്‍സ് ഡേ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഫാ.ജോസ് അഞ്ചാനിക്കല്‍ നടത്തിയ പ്രാര്‍ത്ഥനയേയും സന്ദേശത്തെയും തുടര്‍ന്ന് അച്ചനും പിതാക്കന്മാരും ചേര്‍ന്ന് കേക്ക് മുറിച്ചുകൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

തുടര്‍ന്ന് പിതാക്കന്മാര്‍ക്കായി പ്രത്യേക മത്സരങ്ങളും നടന്നു. കുട്ടികള്‍ പൂക്കളും കാര്‍ഡുകളും അപ്പന്മാര്‍ക്കു നല്‍കി ആദരവ് പ്രകടിപ്പിച്ചു. ആഘോഷ പരിപാടികളെ തുടര്‍ന്ന് ഏറെ വൈകി നിറമനസ്സോടെയാണ് ഏവരും വീടുകളിലേക്ക് മടങ്ങിയത്. അസ്സോസിയേഷന്റെ തുടക്കം മുതല്‍ എല്ലാ വര്‍ഷവും മുടക്കം കൂടാതെ നടന്നുവരുന്നതാണ് ബാര്‍ ബി ക്യൂ പാര്‍ട്ടി. അസോസിയേഷന്‍ കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തൊരുമയുും കൂട്ടായ്മയും വര്‍ധിപ്പിക്കുന്നതിനായിട്ടാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ പങ്കെടുത്തവര്‍ക്കും വിജയത്തിനായി സഹകരിച്ചവര്‍ക്കും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ബിന്റോ സൈമണ്‍ നന്ദി രേഖപ്പെടുത്തി.

അണുവായാധങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനൊരുങ്ങി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. പ്രധാനമന്ത്രി തെരേസ മേയോട് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ക്യാംപെയിന്‍ തുടങ്ങാനാണ് സഭയുടെ പദ്ധതി. ബിഷപ്പുമാര്‍ ഇതിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇടതുപക്ഷാഭിമുഖ്യമുള്ള ബിഷപ്പുമാര്‍ 35 വര്‍ഷം മുമ്പ് കൊണ്ടുവന്ന ഇത്തരം ഒരു പദ്ധതിക്ക് ജനറല്‍ സിനോഡ് അംഗീകാരം നല്‍കിയിരുന്നില്ല. നിരായുധീകരണം ഏകപക്ഷീയമായി നടപ്പാക്കണമെന്നായിരുന്നു ആവശ്യം. അതിനു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു നീക്കം സഭയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.

ചെംസ്‌ഫോര്‍ഡ് ബിഷപ്പ് റൈറ്റ് റവന്റ് സ്റ്റീഫന്‍ കോട്രല്‍ അടുത്ത മാസം യോര്‍ക്കില്‍ നടക്കുന്ന സിനോഡില്‍ ഇക്കാര്യം അവതരിപ്പിക്കും. ആണവ നിരായുധീകരണം സംബന്ധിച്ച് ഐക്യരാഷ്ട്രസഭ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച ഉടമ്പടിയോട് അനുകൂലമായി പ്രതികരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടാണ് പദ്ധതി. ഉടമ്പടിയില്‍ യുകെ ഒപ്പുവെക്കുമോ എന്ന കാര്യം സഭയുടെ ഈ നീക്കം പരിശോധിക്കുമെന്ന് സഭ ഇന്നലെ പുറത്തിറക്കിയ രേഖ വ്യക്തമാക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയ സഭ അണുവായുധങ്ങള്‍ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും അറിയിച്ചു.

സമാധാനം സ്ഥാപിക്കാനുള്ള നടപടികള്‍ക്കാണ് തങ്ങളുടെ പിന്തുണയെന്ന് സഭാനേതൃത്വം അറിയിച്ചു. എന്നാല്‍ ഈ ചര്‍ച്ച ഏകപക്ഷീയമായ നിരായുധീകരണം കാംക്ഷിക്കുന്നവര്‍ക്ക് അവസരമൊരുക്കുമെന്നും സഭ വ്യക്തമാക്കുന്നു. അതേസമയം സഭയുടെ ഈ നിലപാട് അപ്രസക്തമാണെന്നാണ് മുതിര്‍ന്ന ടോറി നേതാക്കള്‍ പറയുന്നത്. അറിവോ വൈദഗ്ദ്ധ്യമോ ഇല്ലാത്ത കാര്യങ്ങളില്‍ സമയം മെനക്കെടുത്തുന്നതിനേക്കാള്‍ ക്രിസ്തീയ മൂല്യങ്ങളേക്കുറിച്ച് സംസാരിക്കുകയാണ് സഭ ചെയ്യേണ്ടതെന്ന് മുന്‍ ഡിഫന്‍സ് മിനിസ്റ്റര്‍ സര്‍ ജെറാള്‍ഡ് ഹോവാര്‍ത്ത് പറഞ്ഞു.

എന്‍എച്ച്എസ് ആശുപത്രികള്‍ ശസ്ത്രക്രിയാ ടാര്‍ജറ്റുകള്‍ നേടാന്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. ജിപി റഫറലുകളുടെ അടിസ്ഥാനത്തില്‍ ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കായി എത്തുന്ന രോഗികള്‍ ഇപ്പോള്‍ പരമാവധി പരിധിയായ 18 ആഴ്ചകള്‍ക്കും ശേഷവും ചികിത്സ ലഭിക്കാതെ കാത്തിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നോണ്‍-അര്‍ജന്റ് ചികിത്സകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നാലര മാസത്തിനു മേല്‍ ചികിത്സ കാത്തിരിക്കുന്നവരുടെ എണ്ണം 500,068 ആയതായാണ് കണക്ക്. 2008 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.

2016 ഫെബ്രുവരിക്ക് ശേഷം ആശുപത്രികള്‍ക്ക് ശസ്ത്രക്രിയകള്‍ കൃത്യമായ സമയപരിധിക്കുള്ളില്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഏപ്രിലില്‍ ആറു മാസത്തെ കാത്തിരിപ്പ് സമയത്തിനുള്ളില്‍ ചികിത്സ ലഭ്യമാക്കാനായത് 87.5 ശതമാനം രോഗികള്‍ക്ക് മാത്രമാണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. അര മില്യനിലേറെ രോഗികള്‍ ഇപ്പോഴും ചികിത്സ ലഭിക്കാതെ കാത്തിരിക്കുകയാണെന്നത് വളരെ ദുഃഖകരമാണെന്ന് റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് വൈസ് പ്രസിഡന്റ് ഇയാന്‍ ഏര്‍ഡ്‌ലി പറഞ്ഞു. 2008ലുണ്ടായതിനൊപ്പമാണ് എന്‍എച്ച്എസ് വെയിറ്റിംഗ് ലിസ്റ്റുകള്‍. മുന്‍നിര ജീവനക്കാര്‍ കഠിനമായി ശ്രമിച്ചിട്ടും ഇപ്രകാരം സംഭവിക്കുന്നത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ഇവരില്‍ ഭൂരിപക്ഷം ആളുകളും ഒരു കണ്‍സള്‍ട്ടന്റ് ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട അവസ്ഥയിലുള്ളവരാണ്. ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകേണ്ടവരാണ് ഇവരില്‍ മിക്കവരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിന്റര്‍ സമ്മര്‍ദ്ദം മൂലമുണ്ടായ ഈ വലിയ ബാക്ക്‌ലോഗില്‍ നിന്ന് എങ്ങനെ പുറത്തു കടക്കാനാണ് എന്‍എച്ച്എസ് പദ്ധതിയെന്നത് അവ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടന്‍: ജങ്ക് ഫുഡ് ഭീമന്‍ മക്‌ഡൊണാള്‍ഡ്‌സ് പ്ലാസ്റ്റിക് സ്‌ട്രോയുടെ ഉപയോഗം നിര്‍ത്തുന്നു. യുകെയിലെ എല്ലാ സ്‌റ്റോറുകളില്‍ സമാന്തര സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നടക്കുന്ന പ്ലാസ്റ്റിക് വിരുദ്ധ സമീപനങ്ങളോട് ഐക്യദാര്‍ഢ്യപ്പെട്ടാണ് കമ്പനിയുടെ പുതിയ നീക്കം. മക്‌ഡൊണാള്‍ഡ്‌സില്‍ നിന്നും ദിവസവും ഉണ്ടാകുന്ന പ്ലാസ്റ്റിക് മാല്യന്യങ്ങളുടെ വലിയൊരു ശതമാനവും ഇതോടെ ഇല്ലാതാവും. 1,361 ബ്രാഞ്ചുകളില്‍ നിന്നായി ദിവസം 1.8 മില്യണ്‍ സ്‌ട്രോകളാണ് പുറന്തള്ളുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള കമ്പനിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് രംഗത്ത് വന്നു. പുതിയ നീക്കം പരിസ്ഥിതി സംരക്ഷണത്തിനുള്ള വലിയ സംഭാവനയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിസ്ഥിതി സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കര്‍ത്തവ്യമാണ്. മക്‌ഡൊണാള്‍ഡ്‌സിന്റെ തീരുമാനം ഇതര വന്‍കിട കമ്പനികള്‍ക്ക് മാതൃകയാക്കാവുന്ന നടപടിയാണെന്നും മൈക്കിള്‍ ഗോവ് കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്ക് പകരമായി പേപ്പര്‍ സ്‌ട്രോകളായിരിക്കും ഇനി കമ്പനി ഉപയോഗിക്കുക. ഇത് നിര്‍മ്മിക്കുന്ന രണ്ട് കമ്പനികളുമായി ഉടന്‍ കരാറിലെത്തുമെന്ന് മക്‌ഡൊണാള്‍ഡ് അറിയിച്ചു. പേപ്പര്‍ സ്‌ട്രോകള്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് കമ്പനി നടത്തിയ ട്രയല്‍ റണ്‍ വിജയകരമായിരുന്നു. ഉപഭോക്താക്കള്‍ പൂര്‍ണ സംതൃപ്തി അറിയിച്ചതോടെയാണ് കമ്പനി പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. മക്‌ഡൊണാള്‍ഡിന് പുറമെ ബര്‍ഗര്‍ കിംഗ്, ജെഡി വെതര്‍സ്പൂണ്‍, കോസ്റ്റ കോഫി, പിസ്സ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികളും പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള തീരുമാനം എടുത്തതായി റിപ്പോര്‍ട്ടുകള്‍ വ്യ്ക്തമാക്കുന്നു.

സമീപകാലത്ത് കടലിലെത്തുുന്ന മാലിന്യങ്ങളുടെ നിരക്കില്‍ ഗണ്യമായ വര്‍ദ്ധവനവാണ് ഉണ്ടായിരിക്കുന്നത്. മത്സ്യങ്ങളുടെയും ഇതര കടല്‍ ജീവികളുടെയും ആവാസവ്യവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കുന്നതായി വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ട് മുതല്‍ പന്ത്രണ്ട് മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ഓരോ വര്‍ഷവും കടലില്‍ തള്ളുന്നത്. ഇതേ രീതി തുടര്‍ന്നാല്‍ 2050ഓടെ കടലില്‍ മത്സ്യത്തേക്കാള്‍ കൂടുതല്‍ മാലിന്യമാവും ഉണ്ടാവുകയെന്ന് യുഎന്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ തലത്തില്‍ പ്ലാസ്റ്റിക് നിരോധന പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഒഴിവാക്കാന്‍ കഴിയുന്ന എല്ലാതരം പ്ലാസ്റ്റിക് ഉത്പന്നങ്ങളും മാര്‍ക്കറ്റില്‍ പിന്‍വലിപ്പിക്കാന്‍ കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദ്ദ തന്ത്രം ഉപയോഗിക്കാനാവും സര്‍ക്കാര്‍ ശ്രമിക്കുക. കഴിഞ്ഞ മാസം യൂറോപ്യന്‍ യൂണിയനും പ്ലാസ്റ്റിക് നിരോധന നിയമനം കൊണ്ടുവരാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

ബിബിന്‍ എബ്രഹാം

കെന്റ്: ഉദ്യാനനഗരിയായ കെന്റിലെ ടോണ്‍ബ്രിഡ്ജില്‍, ടോണ്‍ബ്രിഡ്ജ് ബോറോ കൗണ്‍സിലും ലയണ്‍സ് ക്ലബും സംയുക്തമായി നടത്തുന്ന വര്‍ണശബളമായ കാര്‍ണിവലില്‍ മലയാള തനിമയുടെ വര്‍ണാഭമായ കാഴ്ച്ചകള്‍ മഹനീയമായി പ്രദര്‍ശിപ്പിക്കുവാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് വെസ്റ്റ് കെന്റിലെ മലയാളി കൂട്ടായ്മ ആയ സഹൃദയ ടീം.

നാളെ (ഞായറാഴ്ച്ച) കൃത്യം പന്ത്രണ്ടു മണിക്കു തുടങ്ങുന്ന ഘോഷയാത്രയിലും ഫുഡ് ഫെസ്റ്റിവലിലും ഇതു രണ്ടാം തവണയാണ് ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് വെസ്റ്റ് കെന്റിലെ മലയാളി കൂട്ടായ്മ ആയ സഹൃദയ ടീം പങ്കെടുക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആദ്യമായി കെന്റിലെ പൗരാണികവും പ്രസിദ്ധവുമായ ടോണ്‍ബ്രിഡ്ജ് കാര്‍ണിവലില്‍ പങ്കെടുത്ത സഹൃദയ ഒന്നാം സ്ഥാനം നേടിയെടുത്തത് കേരളീയ തനത് കലാരൂപങ്ങളുടെയും കലാപ്രകടനത്തിന്റെയും മാന്ത്രിക സ്പര്‍ശം ഒരുക്കിയായിരുന്നു.

പോയ വര്‍ഷം രാജഭരണത്തിന്റെ ഓര്‍മ്മകളെ പൊടി തട്ടി ഉണര്‍ത്തി മഹാരാജാവും, മഹാറാണിയും തോഴിയും, നൃത്തവേഷവിധാനങ്ങളുമായി കുട്ടികളും മുന്നില്‍ നിന്നു നയിച്ച ഘോഷയാത്രയില്‍ താലപ്പൊലിയേന്തി മങ്കകളും മുത്തു കുടു ചൂടി പുരുഷ കേസരികളും അണിനിരന്നപ്പോള്‍ ചെണ്ടമേളത്തിനൊപ്പം കഥകളിയും തെയ്യവും ആടിത്തിമര്‍ത്തു. ഈ വര്‍ഷം മാറ്റു കൂട്ടുവാനായി പുലികളിയും, ആനചന്തവും മറ്റു ദൃശ്യാവിഷ്‌കാരങ്ങളും കൂടി ഒത്തു ചേരുമ്പോള്‍ അത് തിങ്ങിനിറയുന്ന കാണികള്‍ക്ക് നയന മനോഹര കാഴ്ച്ചയുടെ മാരിവില്ല് തന്നെ ഒരുക്കുമെന്നതില്‍ സംശയമില്ല. ഒപ്പം സഹൃദയയുടെ വനിതകളും കുട്ടികളും അവതരിപ്പിക്കുന്ന നടന വിസ്മയവും.

ഏകദേശം നാലായിരത്തോളം കാണികളും മുപ്പത്തിയഞ്ചോളം പ്ലോട്ടുകളും പങ്കെടുക്കുന്ന പല സംസ്‌കാരങ്ങളുടെ സംഗമവേദിയായ ടോണ്‍ബ്രിഡ്ജ് കാര്‍ണിവലിലെ ഘോഷയാത്രയില്‍ കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും ചരിത്രവും വിളിച്ചറിയിച്ചു സഹൃദയാംഗങ്ങള്‍ അണിനിരക്കുമ്പോള്‍ അത് കേരള സംസ്‌കാരത്തിന്റെ പ്രൗഢിയും പ്രതാപവും ഒപ്പം മലയാളത്തിന്റെ മുഗ്ധസൗന്ദര്യവും ബ്രിട്ടീഷ് മണ്ണില്‍ പ്രദര്‍ശിപ്പിക്കാനുള്ളെ ഒരു അവസരമായി ടീം സഹൃദയ കണക്കാക്കുന്നു.

ഒപ്പം സഹൃദയ ടോണ്‍ബ്രിഡ്ജ് കാസില്‍ ഗ്രൗണ്ടില്‍ തയ്യാറാക്കുന്ന ഫുഡ് സ്റ്റാളില്‍ കൊതിയൂറുന്ന വിവിധയിനം നാടന്‍ വിഭവങ്ങള്‍ മിതമായ നിരക്കില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കു അസ്വദിക്കുവാനുള്ള അവസരവും ഉണ്ട്.


ഈ നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര കാണുവാനും ഈ ആവേശത്തില്‍ പങ്കുചേര്‍ന്നു ഇത് ഒരു വന്‍ വിജയമാക്കി മാറ്റുവാനും കെന്റിലെ എല്ലാ മലയാളികളെയും സഹൃദയ ഹൃദയത്തിന്റെ ഭാഷയില്‍ ടോണ്‍ബ്രിഡ്ജിലേക്ക് ക്ഷണിക്കുകയാണ്.

കാര്‍ണിവലില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്ന വിലാസത്തില്‍ എത്തിച്ചേരുക.

Castle Street, Tonbridge, Kent. TN9 1BG

RECENT POSTS
Copyright © . All rights reserved