UK

പ്രശസ്ത ഗായകരായ ജി. വേണുഗോപാല്‍, വൈഷ്ണവ് ഗിരീഷ്, മൃദുല വാര്യര്‍, ഡോ. വാണീ ജയറാം, ഫാ.വില്‍സണ്‍ മേച്ചേരില്‍, പ്രശസ്ത മെന്റലിസ്റ്റും മൈന്‍ഡ് മജീഷ്യനുമായ രാജമൂര്‍ത്തി, മിനി സ്‌ക്രീന്‍ അവതാരകന്‍ കോമഡി ആര്‍ട്ടിസ്റ്റ് സാബു തിരുവല്ല, കീബോര്‍ഡിസ്റ്റ് രാജ് മോഹന്‍, കൂടാതെ സ്‌കോട്‌ലാന്‍ഡ് മലയാളികള്‍ക്ക് ഇന്നേവരെ പരിചിതമല്ലാത്ത എല്‍ ഇ ഡി സ്റ്റേജ് സംവിധാനങ്ങളും, മികച്ച അവതരണ ശൈലിയും കലാഭവന്‍ നൈസ് അണിയിച്ചൊരുക്കുന്ന ന്യത്തനൃത്യങ്ങളും കൂടിച്ചേരുമ്പോള്‍ വേണുഗീതം 2018 അനുവാചകരെ ദൃശ്യശ്രവണ മായിക മാസ്മരികതയുടെ കാണാപ്പുറങ്ങളിലെത്തിക്കും എന്നു തീര്‍ച്ച. മെയ് 25 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ മദര്‍വെല്‍ കണ്‍സേര്‍ട്ട് ഹാളില്‍ വച്ചാണ് വേണുനാദ സംഗീത സപര്യയുടെ 35-ാമത് വാര്‍ഷികത്തിന്റെ ആഘോഷാരവങ്ങള്‍ക്ക് തുടക്കം കുറിക്കുക.

മെയ് 24ന് വൈകുന്നേരം 4:30 മുതല്‍ ഗ്ലാസ് ഗോയില്‍ വച്ച് പ്രഥമ സ്‌കോട്ടിഷ് മലയാളി സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ മത്സരം നടത്തപ്പെടുന്നു. 18 വയസ്സുവരെയുള്ളവര്‍ക്കു വേണ്ടിയുള്ള മത്സരമാണ് നടത്തുന്നത്. സ്‌കോട്‌ലാന്‍ഡില്‍ താമസിക്കുന്ന 18 വയസ്സില്‍ താഴെയുള്ള ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. രണ്ടു ഗ്രൂപ്പായി തിരിച്ചാണ് മത്സരം നടത്തുക.12 വയസ്സില്‍ താഴെയുള്ളവരുടെ ഗ്രൂപ്പും 12 മുതല്‍ 18 വരെയുള്ളവരുടെ ഗ്രൂപ്പും. ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മെയ് 10ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ശ്രീ വേണുഗോപാലും സംഘവും വിധി നിര്‍ണ്ണയം നടത്തുന്ന ഈ മത്സരത്തിലെ വിജയികളെ മെയ് 25ന് നടക്കുന്ന വേണുഗീതം 2018ല്‍ ആദരിക്കും.

സ്‌കോട്ടിഷ് മലയാളി സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ 2018 ന് പേരു രജിസ്റ്റര്‍ ചെയ്യാനായി ബന്ധപ്പെടേണ്ട വ്യക്തികള്‍:

1. ജെറി:07882131323
2. മനു: 074560 50051
3. ജിബിന്‍: 0725094605
4. ഷിബു: 07877 135885
5. സെബാസ്റ്റ്യന്‍: 07503978877
6. തോമസ് :07908460742
7. രഞ്ജിത്ത്: 0758852 1067.

ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

കുട്ടനാട് സംഗമ ചുണ്ടന് ഉജ്ജ്വല വരവേല്‍പ്. കുട്ടനാട് സംഗമം 2018ന്റെ വിപുലമായ പ്രചരണ പരിപാടികളുടെ ഭാഗമായി ആണ് ലിവര്‍പൂള്‍ കുട്ടനാട്ടുകാര്‍ സംഗമ ചുണ്ടന് സ്വീകരണം നല്‍കിയത്. കുട്ടനാട് സംഗമം 2018-ന്റെ ജനറല്‍ കണ്‍വീനര്‍മാരായ ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍, സിന്നി കാനാച്ചേരി, മോനിച്ചന്‍ കിഴക്കേച്ചിറ, ജോസ് തുണ്ടിയില്‍, സൂസന്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ ലിവര്‍പൂളില്‍ എത്തിച്ചേര്‍ന്ന (ആഞ്ഞിലിത്തടിയില്‍ രൂപകല്പന ചെയ്ത ചെറിയ ചുണ്ടന്‍ വള്ളത്തിന്റെ പതിപ്പ്) ലിവര്‍പൂള്‍ കുട്ടനാട്ടുകാരില്‍ ആവേശം വിതറി. ശ്രീ. ആന്റണി പുറവടിയുടെ വസതിയില്‍ റോയി മൂലംങ്കുന്നം, ആന്റണി പുറവടി, ജോര്‍ജ് കാവാലം, തോമസ് ആന്റണി കുണ്ണുട്ടുംചിറ, ബാബു മണ്ണാംത്തുരുത്തില്‍, ഷേര്‍ലിമോള്‍ ആന്റണി പുറവടി, ചക്കോ ജോസഫ് മൂലംങ്കുന്നം, മേരിക്കുട്ടി ബാബു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വഞ്ചിപ്പാട്ടും, നാടന്‍പാട്ടും, ഞാറ്റുപാട്ടുമൊക്കെയായി കുട്ടനാടിന്റെ ഇന്നലെകളിലേക്കുള്ള ഗൃഹാതുരുത്വമാര്‍ന്ന കടന്നുപോക്കായി മാറി സ്വീകരണ പരിപാടി. ലെസ്റ്റര്‍, ബെര്‍മിംഗ്ഹാം, വാള്‍ട്ട് ഫോര്‍ട്ട്, ഈസ്റ്റാംഗ്ലിയ എന്നിവിടങ്ങളില്‍ സംഗമ ചുണ്ടന് സ്വീകരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ സിനി സിന്നി, പൂര്‍ണിമ ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. കുട്ടനാട് സംഗമത്തിന്റെ പത്താം വാര്‍ഷികം ജൂണ്‍ 23-ാം തീയതി തകഴി ശിവങ്കരപിള്ള നഗര്‍ പ്രസ്റ്റണ്‍, ചോര്‍ളി, സൗത്ത് ലാന്റ് ഹൈസ്‌കൂളിലാണ് അരങ്ങേറുന്നത്.

സംഗമവിജയത്തിനായി കുട്ടനാട്ടുകാര്‍ അക്ഷീണം യജ്ഞിക്കുകയാണെന്ന് റിസപ്ഷന്‍ കോ-ഓര്‍ഡിനേറ്റേഴ്‌സ്മാരായ ഷൈനി ജോണ്‍സണ്‍, മിറ്റി സജി, പ്രിന്‍സി പ്രിന്‍സ് എന്നിവര്‍ അറിയിച്ചു. കുട്ടനാട് സംഗമത്തില്‍ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് മോനിച്ചന്‍ കിഴക്കേച്ചിറ 07860480923, പൂര്‍ണിമ ജയകൃഷ്ണന്‍ 07768211372, സിനി സിന്നി 07877291378 എന്നിവരുടെ കയ്യില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ജനറല്‍ കണ്‍വീനേഴ്‌സ് ജോണ്‍സണ്‍ കളപ്പുരയ്ക്കലിന്റെയും സിന്നി കാനാശേരിയുടെയും നേതൃത്വത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ യോഗം തീരുമാനിച്ചു.

മയക്കുമരുന്ന് വിരുദ്ധ നയം അവതരിപ്പിച്ച് ബക്കിംഗ്ഹാം സര്‍വകലാശാല. ഇത്തരം നയം അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സര്‍വകലാശാലയായിരിക്കുകയാണ് ഇതോടെ ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി. ക്യാംപസില്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ഉറപ്പ് നല്‍കണമെന്നാണ് യൂണിവേഴ്‌സിറ്റി ആവശ്യപ്പെടുന്നത്. ഇതിനുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കണം. രാജ്യത്തെ 116 യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളില്‍ മയക്കുമരുന്നിന്റെ ഉപയോഗം 42 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.

ഈ സമ്മതപത്രം ഒപ്പിട്ടു നല്‍കിയ ശേഷവും മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍ ആ വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്ന് വൈസ് ചാന്‍സലര്‍ സര്‍ ആന്തണി സെല്‍ഡന്‍ പറഞ്ഞു. കുട്ടികളുടെ മയക്കുമരുന്ന് ഉപയോഗം, മാനസികാരോഗ്യം എന്നീ കാര്യങ്ങളില്‍ യൂണിവേഴ്‌സിറ്റികള്‍ കാര്യമായി ഇടപെടുന്നില്ലെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ നാം കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ ജീവിതം പാഴായിപ്പോകാതിരിക്കാന്‍ പൂര്‍ണ്ണമായും ഒരു ആധുനിക സമീപനമാണ് ആവശ്യമായിരിക്കുന്നത്. സിഗരറ്റ് പാക്കറ്റുകളിലെ മുന്നറിയിപ്പിന്റെ മാതൃകയില്‍ മയക്കുമരുന്നുകളുടെ ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ എല്ലായിടത്തും സ്ഥാപിക്കണം. ബ്രിട്ടനിലെ ആദ്യത്തെ മയക്കുമരുന്ന് രഹിത യൂണിവേഴ്‌സിറ്റിയായി മാറാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

മാഞ്ചസ്റ്ററിലെ ബോള്‍ട്ടണില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെസ്റ്റോറന്റിന്റെ സീലിംഗ് ഇളകി വീണ് ആറ് പേര്‍ക്ക് പരിക്ക്. സിസ്സിലിംഗ് പാലറ്റ് റെസ്റ്റോറന്റിന്റെ സീലിംഗാണ് ഇളകി വീണത്. പരിക്കേറ്റ ആറുപേരും സ്ത്രീകളാണ്. ഇവരില്‍ അഞ്ചു പേര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമേ ഏറ്റിട്ടുള്ളു. ഒരാളുടെ കഴുത്തിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വിശദ വിവരങ്ങള്‍ ലഭ്യമല്ല.

സസ്‌പെന്‍ഡഡ് സീലിംഗിന്റെ ചെറിയ ഒരു ഭാഗമാണ് തകര്‍ന്നതെന്നും കാര്യമായ അപകടമൊന്നും ഉണ്ടായില്ലെവന്നും റെസ്റ്റോറന്റ് മാനേജര്‍ അമീര്‍ പറഞ്ഞു. രാത്രി 10.30ഓടെയാണ് സംഭവമുണ്ടായത്. ലെയില്‍ നിന്ന് രണ്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിരുന്നു.

ഫയര്‍ഫൈറ്റര്‍മാര്‍ പ്രദേശത്ത് ഒരു മണിക്കൂറോളം ചെലവഴിച്ചുവെന്നും രണ്ട് പോലീസ് കാറുകള്‍ മാത്രമാണ് ഇവിടെ എത്തിച്ചേര്‍ന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് ഡൈനിംഗ് ഏരിയകളാണ് റെസ്‌റ്റോറന്റിന് ഉള്ളത്. ഏഷ്യന്‍ മെനുവാണ് ഇവിടുത്തെ പ്രത്യേകത.

മനുഷ്യന് കടുത്ത അലര്‍ജിയുണ്ടാക്കാന്‍ കഴിയുന്ന പുഴുക്കള്‍ യുകെയില്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. ഓക്ക് പ്രൊസഷനറി മോത്ത് എന്ന നിശാശലഭത്തിന്റെ ലാര്‍വയാണ് ഇത്. ജീവന് തന്നെ ഭീഷണിയായേക്കാവുന്ന വിധത്തില്‍ ആസ്ത്മ, ഛര്‍ദ്ദി, ത്വക്കിലുണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവ ഈ ലാര്‍വകള്‍ സൃഷ്ടിച്ചേക്കാമെന്ന് പരിസ്ഥിതി വിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇംഗ്ലണ്ടിന്റെ സൗത്ത് ഈസ്റ്റ് ഭാഗങ്ങളിലാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്. പാര്‍ക്കുകളിലും ഗാര്‍ഡനുകളിലുമായി 600ലേറെ കൂടുകള്‍ കണ്ടെത്തിയതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഫോറസ്ട്രി സൊസൈറ്റി മുന്നറിയിപ്പ് നല്‍കി.

ചെറിയ രോമങ്ങള്‍ നിറഞ്ഞ ശരീരമാണ് ഈ ലാര്‍വകള്‍ക്കുള്ളത്. തോമെറ്റോപോയിന്‍ എന്ന ടോക്‌സിന്‍ ഈ രോമങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ബാധയേറ്റാല്‍ ആസ്ത്മ, ഛര്‍ദ്ദി എന്നിവ മാത്രമല്ല, പനി, തളര്‍ച്ച, കണ്ണിലും തൊണ്ടയിലും അസ്വസ്ഥത തുടങ്ങിയവയും ഉണ്ടാകും. വളര്‍ത്തു മൃഗങ്ങള്‍ക്കും ഇവ മൂലം അസ്വസ്ഥതകള്‍ പ്രത്യക്ഷപ്പെടാനിടയുണ്ട്. നായകളും പൂച്ചകളും ഇവയെ മണത്തു നോക്കിയാല്‍ പോലും പ്രശ്‌നങ്ങളുണ്ടായേക്കാം. നാവ് നീരുവെക്കുക, അമിതമായി ഉമിനീര്‍ പുറത്തേക്ക് വരിക, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളാണ് മൃഗങ്ങളില്‍ കാണാറുള്ളത്.

ജാഗ്രതയോടെയിരിക്കുക, നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ഹാനികരമായ ജീവികളാണ് അവയെന്ന് റിച്ച്മണ്ട് കൗണ്‍സിലിലെ അര്‍ബോറികള്‍ച്ചര്‍ മാനേജര്‍ ക്രെയിഗ് റുഡിക് പറഞ്ഞു. റിച്ച്മണ്ട് പ്രദേശത്ത് നിരവധി കൂടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഓക്ക് മരങ്ങളില്‍ കാണപ്പെടുന്ന ഈ പുഴുക്കള്‍ അവയുടെ പുറംതൊലി തിന്നാണ് ജീവിക്കുന്നത്. 2005ല്‍ ഇവയുടെ അധിനിവേശം ഉണ്ടായിരുന്നു. ഇറക്കുമതി ചെയ്ത മരത്തടിയില്‍ നിന്നാണ് ഇവയുടെ മുട്ട യുകെയില്‍ എത്തിയതെന്നാണ് കരുതുന്നത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാന്‍ ബ്രിട്ടനെടുത്ത തീരുമാനം നികുതിദായകന് ഭാരമാകുമെന്ന് ആശങ്ക. ആറ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ബ്രെക്‌സിറ്റിനായി ഇതുവരെ ചെലവഴിച്ചത് 346 മില്യന്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഈ തുക ഉപകരിക്കുമായിരുന്നു എന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായം പിന്തുടരുന്ന ക്യാംപെയിന്‍ ഗ്രൂപ്പുകളാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. അടുത്ത വര്‍ഷത്തോടെ ഈ തുക 1 ബില്യന്‍ പൗണ്ടായി ഉയരുമെന്നാണ് കരുതുന്നത്.

ഒരു ദിവസം ഒരു മില്യന്‍ എന്ന കണക്കിനാണ് പണം ചെലവായിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വരുന്ന വര്‍ഷങ്ങളില്‍ ഈ നിരക്ക് 2.6 മില്യനായി ഉയരുമെന്നും ഇവര്‍ സൂചന നല്‍കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഗവണ്‍മെന്റ് ചെലവഴിച്ച തുക 2403 നഴ്‌സുമാര്‍ക്കും 3000ത്തോളം പോലീസുകാര്‍ക്കും 2357 ഫയര്‍ഫൈറ്റര്‍മാര്‍ക്കും വേതനം നല്‍കാന്‍ ഉപയോഗിക്കാമായിരുന്നുവത്രേ! ബ്രെക്‌സിറ്റ് തയ്യാറെടുപ്പുകള്‍ക്കായി വിനിയോഗിക്കുന്ന പണം 2139 പ്രൈമറി സ്‌കൂള്‍ അധ്യാപകരെ നിയമിക്കാന്‍ ഉപയോഗിക്കാമായിരുന്നെന്നും വിലയിരുത്തപ്പെടുന്നു.

അടുത്ത വര്‍ഷം ബ്രെക്‌സിറ്റിനു വേണ്ടി വകയിരുത്തിയിരിക്കുന്ന തുക 6310 നഴ്‌സുമാരെയും 7411 പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കുന്നതിന് വിനിയോഗിക്കാമായിരുന്നതാണെന്നും കണക്കുകള്‍ പറയുന്നു. ബ്രെക്‌സിറ്റ് സൃഷ്ടിക്കുന്ന അനാവശ്യ ചെലവുകളേക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ സര്‍വേ നല്‍കുന്നതെന്ന് ബെസ്റ്റ് ഫോര്‍ ബ്രിട്ടന്‍ സിഇഒ എലോയ്‌സ് റ്റോഡ് വ്യക്തമാക്കി. പൊതുമേഖല സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോളാണ് ബ്രെക്‌സിറ്റിന്റെ പേരില്‍ ഈ അനാവശ്യ സാമ്പത്തിക ബാധ്യതകള്‍ രാജ്യം ഏറ്റെടുത്തിരിക്കുന്നതെന്നാണ് വിമര്‍ശനം.

ലീഡ്‌സില്‍ വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് മരിച്ച ആന്‍ മഗൂറി എന്ന അധ്യാപികയുടെ ഭര്‍ത്താവ് കേസില്‍ അധികൃതര്‍ സ്വീകരിച്ച സമീപനത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത്. 66കാരനായ ഡോണ്‍ ആണ് സംഭവം കഴിഞ്ഞ് നാല് വര്‍ഷം പിന്നിട്ടിട്ടും കൊലപാതകത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണ്ണമായും തനിക്ക് നല്‍കിയില്ലെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്‌കൂളില്‍ എന്താണ് സംഭവിച്ചതെന്നും കുറ്റവാളിയായ വിദ്യാര്‍ത്ഥിയുടെ സാഹചര്യങ്ങള്‍ എന്തായിരുന്നുവെന്നത് സംബന്ധിച്ചും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ഡോണ്‍ കുറ്റപ്പെടുത്തുന്നത്.

ലീഡ്‌സിലെ കോര്‍പസ് ക്രിസ്റ്റി സ്‌കൂളില്‍ വെച്ചാണ് ആന്‍ മഗൂറി കൊല്ലപ്പെടുന്നത്. അന്ന് 15 വയസുണ്ടായിരുന്ന വില്‍ കോര്‍ണിക്ക് എന്ന വിദ്യാര്‍ത്ഥിയായിരുന്നു പ്രതി. അധ്യാപികയുമായി വാക്കേറ്റമുണ്ടായതിനു പിന്നാലെയാണ് ഇയാള്‍ ആക്രമണം നടത്തിയത്. കോര്‍ണിക്കിന് വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഒരു മാനസികരോഗമുണ്ടായിരുന്നുവെന്നാണ് സൈക്യാട്രിസ്റ്റുകള്‍ പറയുന്നത്. 20 വര്‍ഷമെങ്കിലും ഇയാളെ തടവിലിടണമെന്നാണ് അവര്‍ നല്‍കിയ ശുപാര്‍ശ. എന്നാല്‍ സംഭവത്തില്‍ കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ഡോണ്‍ ആരോപിക്കുന്നത്. ജോലി ചെയ്തതിന് ഒരു അധ്യാപിക കൊല്ലപ്പെട്ടതില്‍ സ്‌കൂള്‍, കൗണ്‍സില്‍, പോലീസ്, സര്‍ക്കാര്‍ എന്നിവര്‍ വീഴ്ച വരുത്തിയെന്ന് ഇദ്ദേഹം ആരോപിക്കുന്നു.

കൊലയാളിക്ക് തങ്ങളേക്കാള്‍ പരിഗണന ലഭിച്ചു. മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്ന ഒരു കുട്ടിയെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സ്‌കൂളിലെത്താന്‍ എങ്ങനെ അനുവദിച്ചു എന്ന കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ആരും തയ്യാറായില്ല. ഇന്‍ഫര്‍മേഷന്‍ റിക്വസ്റ്റുകള്‍ നിഷേധിക്കപ്പെട്ടു. വിഷയത്തില്‍ ഒരു ഘട്ടത്തിലും സുതാര്യതയുണ്ടായില്ലെന്നും ഡോണ്‍ പറയുന്നു. തന്റെ ഭാര്യയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിശബ്ദതയുടെ ഒരു മതിലാണ് തനിക്കു മുന്നിലുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടന്റെ തീരപ്രദേശങ്ങള്‍ മയക്കുമരുന്നിന്റെ പിടിയില്‍ അമരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങളും പെരുകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബാരോ ഇന്‍ ഫേര്‍ണസ് ആണ് ബ്രിട്ടനില്‍ മയക്കുമരുന്ന് അനുബന്ധ മരണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന പ്രദേശം. കഴിഞ്ഞ ഡിസംബറിന് ശേഷം 12 മരണങ്ങളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് മാത്രമുണ്ടായത്. ഇംഗ്ലണ്ടിന്റെ ചിക്കാഗോ എന്നാണ് ഇപ്പോള്‍ ഈ പ്രദേശം അറിയപ്പെടുന്നത്. ഇവിടുത്തെ സാമ്പത്തിക വ്യവസ്ഥ ഹെറോയിന്‍ വിപണിക്കൊത്ത് വളര്‍ന്നുകൊണ്ടിരിക്കുന്നതിനാലാണ് ഇങ്ങനെയൊരു വിളിപ്പേര് വീണിരിക്കുന്നത്.

കുംബ്രിയ മേഖലയിലാണ് ബാരോയും സ്ഥിതിചെയ്യുന്നത്. കുംബ്രിയയിലെ മയക്കുമരുന്ന് പ്രശ്‌നം പുതിയതല്ല. ഇതിന്റെ പ്രാന്ത പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി മയക്കുമരുന്ന് വിപണി സജീവമാണ്. ഇവിടെ നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയുള്ള പെര്‍ണിത്ത് എന്ന സ്ഥലം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മയക്കുമരുന്ന് വ്യാപാരത്തില്‍ കുപ്രസിദ്ധമാണ്. എന്നാല്‍ ഇപ്പോള്‍ ബാരോയില്‍ നടക്കുന്നത് എല്ലാ മുന്‍ റെക്കോര്‍ഡുകളെയും ഭേദിക്കുന്ന വിധത്തിലുള്ള മയക്കുമരുന്ന് ഇടപാടുകളാണ്. മയക്കുമരുന്ന് ഇടപാടുകളില്‍ മുന്‍പരിചയമുള്ളവരെപ്പോലും ഞെട്ടിക്കുന്ന വിധത്തിലാണത്രേ ബാരോയിലെ മയക്കുമരുന്ന് കച്ചവടവും ഉപയോഗവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രാജ്യത്തെമ്പാടും മയക്കുമരുന്നുമായി ബന്ധപ്പെട്ടുണ്ടാകുന്ന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ബാരോയില്‍ അതിനേക്കാളൊക്കെ ഉയര്‍ന്ന നിരക്കിലാണ് മരണങ്ങളുണ്ടാകുന്നതെന്ന് കുംബ്രിയ പോലീസിലെ നിക്ക് കോഫ്‌ലന്‍ പറയുന്നു. 67,000 പേര്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. 2016ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഒരുലക്ഷം പേരില്‍ രണ്ട് മരണങ്ങള്‍ മാത്രമാണ് ഹെറോയിന്‍, മോര്‍ഫീന്‍ ദുരുപയോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഹെറോയിന്‍ മരണങ്ങള്‍ ഏറ്റവും കൂടുതലുണ്ടാകുന്ന ബ്ലാക്ക് പൂളില്‍ 14 പേര്‍ മരണമടഞ്ഞിട്ടുണ്ട്. എന്നാല്‍ ബാരോയില്‍ ഈ നിരക്ക് ഇപ്പോള്‍ത്തന്നെ കടന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിരക്കേറിയ റോഡിലൂടെ ഓട്ടോപൈലറ്റ് ടെക്‌നോളജി ഉപയോഗിച്ച് വാഹനമോടിച്ചതിന് ഇന്ത്യന്‍ വംശജന്റെ ഡ്രൈവിംഗ് ലൈസന്‍സ് 18 മാസത്തേക്ക് കോടതി റദ്ദാക്കി. ഭവേഷ് പട്ടേല്‍ എന്നയാള്‍ക്കാണ് സെന്റ് അല്‍ബാന്‍സ് ക്രൗണ്‍ കോര്‍ട്ട് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇത് കൂടാതെ കോടതി ചെലവിലേക്ക് 1800 പൗണ്ടും 100 മണിക്കൂര്‍ വേതനമില്ലാ ജോലിയും ഇയാള്‍ക്ക് കോടതി വിധിച്ചിട്ടുണ്ട്. 2017 മെയ് 21നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എം1 നോര്‍ത്ത്ബൗണ്ട് ക്യാരേജ് വേയിലൂടെ തന്റെ ടെസ്ല എസ് 60 നില്‍ യാത്ര ചെയ്യുകയായിരുന്ന പട്ടേല്‍ കാറിന്റെ ഓട്ടോപൈലറ്റ് സംവിധാനം ഉപയോഗിച്ചുവെന്നതാണ് ആരോപിക്കപ്പെട്ടിരുന്ന കുറ്റം. കാര്‍ ഓട്ടോപൈലറ്റ് മോഡിലിട്ട പട്ടേല്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് മാറി യാത്രക്കാരന്റെ സീറ്റില്‍ ഇരിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.

എം1 പാതയില്‍ തിരക്കേറിയ സമയത്താണ് പട്ടേലിന്റെ സാഹസമെന്ന് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഡ്രൈവിംഗ് സീറ്റില്‍ ആളില്ലാതെ വാഹനം മുന്നോട്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരന്‍ സംഭവം മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തു. തുടര്‍ന്ന് ഇയാള്‍ തന്നെ ഇക്കാര്യം സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് പോലീസ് ഇക്കാര്യം അറിയുന്നത്. ഗുരുതരമായ ഗതാഗത നിയമലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് കേസില്‍ പട്ടേല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. പട്ടേല്‍ പുതിയ ആഢംബര കാര്‍ സ്വന്തമാക്കി വെറും 5 മാസങ്ങള്‍ മാത്രമെ ആയിട്ടുണ്ടായിരുന്നുള്ളു. എന്നാല്‍ റോഡിലെ സാഹസം ഇയാളെ കുടുക്കുകയായിരുന്നു.

ഏതാണ്ട് 70,000 പൗണ്ട് വിലയുള്ള കാറാണ് ടല്‍സ എസ് 60. പട്ടേല്‍ ഓട്ടോപൈലറ്റ് മോഡില്‍ വാഹനം 40 മൈല്‍ വേഗതയിലാണ് ഓടിച്ചുകൊണ്ടിരുന്നത്. കാറിലെ ഓട്ടോപൈലറ്റ് സംവിധാനം എപ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നില്ല. ഡ്രൈവിംഗ് സീറ്റില്‍ നിന്ന പട്ടേല്‍ മാറിയിരുന്നതോടെ കാറിന്റെ നിയന്ത്രണം ഇയാള്‍ക്ക് പൂര്‍ണമായും നഷ്ടമായിരിന്നു. ഇത്തരം അശ്രദ്ധമായ സാഹസങ്ങള്‍ അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്ന് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഈ അശ്രദ്ധ ഇയാളുടെ മാത്രമല്ല റോഡിലൂടെ സഞ്ചരിക്കുന്ന മറ്റു വ്യക്തികളെയും അപകടത്തിലാക്കുമെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. കോടതി വിധിച്ച ശിക്ഷയില്‍ നിന്ന് പാഠം ഉള്‍കൊണ്ട് പട്ടേല്‍ തെറ്റ് മനസിലാക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ കഴിഞ്ഞ് മണിക്കൂറുകള്‍ ശേഷം വാഹനവുമായി നിരത്തിലിറങ്ങിയ രോഗി അപകടത്തില്‍പ്പെട്ടു. തോമസ് സിയലോങ്കയെന്നയാളാണ് അപകടത്തില്‍പ്പെട്ടത്. ഇയാള്‍ ഒരു സര്‍ജറിക്ക് വിധേയമായി മണിക്കൂറുകള്‍ക്ക് ശേഷമാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സര്‍ജറിക്ക് ശേഷം അനസ്‌ത്യേഷ്യയുടെ സ്വാധീനം നിലനില്‍ക്കുമെന്നും വാഹനമോടിക്കാനോ ഇതര ജോലികള്‍ ചെയ്യാനോ പാടില്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ചതാണ് അപകടത്തിന് കാരണം. സര്‍ജറിക്ക് വിധേയമായി മണിക്കൂറുകള്‍ക്ക് ശേഷം വീട്ടിലേക്ക് പോകാമെന്ന് തോമസിനോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഇയാള്‍ കാമുകിയോടൊത്ത് ആശുപത്രി വിടുകയും ചെയ്തിരുന്നു. ഹോട്ടലില്‍ നിന്ന് ഇരുവരും ഡിന്നര്‍ കഴിച്ച ശേഷം വീട്ടിലേക്ക് കാറോടിച്ച് പോകുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. എതിരെ വന്ന മറ്റൊരു വാഹനത്തില്‍ ഇയാള്‍ ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.

ഓപ്പറേഷന് ശേഷം അനസ്‌ത്യേഷ്യയുടെ സ്വാധീനത്തിലായിരുന്ന തോമസിന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ച് വാഹനമോടിച്ച് അപകടം വിളിച്ചു വരുത്തിയ തോമസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് 12 മാസത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. കൂടാതെ 1,229 പൗണ്ട് പിഴയും സിറ്റി മജിസ്‌ട്രേറ്റ് കോടതി വിധിച്ചിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കേല്‍ത്താത് ഭാഗ്യംകൊണ്ടാണെന്ന് കേസ് അന്വേഷിച്ച ഓഫീസര്‍ റെബേക്ക ഹോഡ്ജ് വ്യക്തമാക്കി. രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്താന്‍ ഈ അവസരം താന്‍ ഉപയോഗിക്കുകയാണെന്നും ഹോഡ്ജ് കൂട്ടിച്ചേര്‍ത്തു.

ഇത്തരമൊരു കേസ് ഞാന്‍ മുമ്പ് കേട്ടിട്ടില്ലെന്ന് മോണിറ്ററിംഗ് ലോയര്‍ നിക്ക് ഫ്രീമാന്‍ പറയുന്നു. മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ വാഹനമോടിക്കുന്ന സാഹചര്യമുണ്ടായാല്‍ അതിനെ കോടതിയില്‍ ചെറിയ രീതിയിലെങ്കിലും പ്രതിരോധിക്കാന്‍ കഴിയും. എന്നാല്‍ ഈ കേസില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടായിരുന്നത് പോലും അവഗണിച്ചാണ് കുറ്റം ആരോപിക്കപ്പെട്ടയാള്‍ വാഹനമോടിച്ചിരിക്കുന്നത്. മറുവാദഗതികള്‍ ഒന്നും തന്നെ ഉന്നയിക്കാനില്ലെന്നും നിക്ക് ഫ്രീമാന്‍ വ്യക്തമാക്കി. കോടതിക്ക് ഏറ്റവും കുറഞ്ഞത് 12 മാസമെങ്കിലും ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരമുണ്ടെന്ന് ഫ്രീമാന്‍ പറഞ്ഞു.

Copyright © . All rights reserved