അശ്രദ്ധമായി വാഹനമോടിച്ചത് മൂലമുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ യുവാവിന് തടവ് ശിക്ഷ. കാറിന്റെ മുന്‍ സീറ്റിലെ യാത്രക്കാരന്‍ യാത്ര സ്‌നാപ്പ്ചാറ്റില്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഫോണിന്റെ ഫ്‌ളാഷ്‌ലൈറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചതാണ് അപകടകാരണമെന്ന് കോടതി കണ്ടെത്തി. കാറോടിച്ചിരുന്ന ജിഗ്നേഷ് പട്ടേലിനാണ് കോടതി മൂന്ന് വര്‍ഷത്തെ തടവ് വിധിച്ചത്. ഇയാളുടെ സുഹൃത്തായ ദിഷാന്ത് പട്ടേലാണ് കൊല്ലപ്പെട്ടത്. ഫാര്‍മസിസ്റ്റായിരുന്ന ദിഷാന്ത് കാറില്‍ പിന്‍സീറ്റിലായിരുന്നു യാത്ര ചെയ്തിരുന്നത്.
കേംബ്രിഡ്ജ് ക്രൗണ്‍ കോടതിയില്‍ അഞ്ച് ദിവസം നീണ്ടു നിന്ന വിചാരണയ്‌ക്കൊടുവിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം തടവ് കൂടാതെ മുന്നര വര്‍ഷത്തേക്ക് ജിഗ്നേഷിന്റെ ലൈസന്‍സും കോടതി റദ്ദാക്കിയിട്ടുണ്ട്. 2016 ഏപ്രില്‍ 23ന് നടന്ന അപകടത്തെ തുടര്‍ന്ന് മാരകമായി പരിക്കേറ്റ ദിഷാന്ത് സമീപത്തെ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. കാറില്‍ നിന്നുള്ള ഡേറ്റ അനുസരിച്ച് ജിഗ്നേഷ് അന്ന് 100 മൈല്‍ വേഗതയില്‍ വരെ കാര്‍ ഓടിച്ചിട്ടുണ്ട്. അപകട സമയത്തും അമിതവേഗതയിലായിരുന്നു കാര്‍ എന്നാണ് കരുതുന്നത്.
ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് തന്റെ കാഴ്ച മറച്ചുവെന്നും ഉടന്‍ തന്നെ അപകടം സംഭവിച്ചുവെന്നുമാണ് ജിഗ്നേഷ് കോടതിയില്‍ മൊഴി നല്‍കിയത്. മുന്‍ സീറ്റിലെ യാത്രക്കാരനായ 20 കാരനും അപകടത്തില്‍ സാരമായ പരിക്കേറ്റിരുന്നു. കേംബ്രിഡ്ജ്ഷയറിന് സമീപമുണ്ടായ അപകടത്തില്‍ ജിഗ്നേഷ് ഓടിച്ച ബിഎംഡബ്ല്യൂ അല്‍പീന കാര്‍ പൂര്‍ണമായും തകര്‍ന്നു. മുന്‍സീറ്റിലെ യാത്രക്കാരന്‍ യാത്ര സ്‌നാപ്ചാറ്റില്‍ റെക്കോര്‍ഡ് ചെയ്യാന്‍ നടത്തിയ ശ്രമമാണ് വന്‍ ദുരന്തത്തിലേക്ക് നയിച്ചത്.
അപകടരമായി വാഹനമോടിച്ചെന്ന വാദം പട്ടേല്‍ നിരസിച്ചെങ്കിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ജിഗ്നേഷിന് അതിവേഗതയില്‍ സഞ്ചരിക്കുന്ന സ്‌പോര്‍ട്‌സ് കാറുകളുണ്ട്. അദ്ദേഹത്തിന്റെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നും കേസ് വാദിച്ച സര്‍ജന്റ് മാര്‍ക്ക് ഡോളാര്‍ഡ് പറഞ്ഞു.
ലണ്ടന്‍: ബ്രിട്ടീഷ് കുട്ടികളും കൗമാരക്കാരും ആധുനിക അടിമത്തത്തിന് ഇരകളാക്കപ്പെടുന്നുവെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം 5145 ഇരകളെ കണ്ടെത്തിയെന്നാണ് നാഷണല്‍ ക്രൈം ഏജന്‍സി അറിയിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 35 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തിലുണ്ടായത്. ഈ സംഖ്യ ഇനിയും ഉയരുമെന്ന് എന്‍സിഎ ആശങ്കപ്പെടുന്നു. ബ്രിട്ടീഷ് പൗരന്‍മാരാണ് ഇരകളില്‍ ഏറ്റവും കൂടുതലുള്ളത്. 819 പേരെയാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കണക്കുകള്‍ പറയുന്നു. 2016 ഇത് 316 പേര്‍ മാത്രമായിരുന്നു. ഇരട്ടിയിലേറെ വര്‍ദ്ധന ഇക്കാര്യത്തിലുണ്ടായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. അല്‍ബേനിയന്‍, വിയറ്റ്‌നാമീസ് വംശജരാണ് തൊട്ടു പിന്നിലുള്ളത്.
ക്രിമിനല്‍ സംഘങ്ങള്‍ കൗമാരക്കാരെ ചൂഷണം ചെയ്യുന്നതായുള്ള പോലീസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് എന്‍സിഎ ഇത്തരമൊരു ആശങ്ക അറിയിക്കുന്നത്. കൗണ്ടി ലൈന്‍സ് എന്നറിയപ്പെടുന്ന സംഘങ്ങള്‍ കുട്ടികളെ മയക്കുമരുന്ന് കടത്തിനായോ ലൈംഗിക ചൂഷണത്തിനോ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. നഗരങ്ങളില്‍ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് മയക്കുമരുന്ന് കടത്താന്‍ കൗമാരക്കാരെയും ദുര്‍ബലരായവരെയുമാണ് ക്രിമിനല്‍ സംഘങ്ങള്‍ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍ ചൂഷണമാണ് അടിമത്തില്‍ ഏറ്റവും കൂടുതല്‍ എടുത്തു കാണിക്കപ്പെടുന്ന വിഭാഗം. 2352 കേസുകള്‍ ഈയിനത്തിലുണ്ട്. മൊത്തം കേസുകളുടെ പകുതിയോളം വരും ഇവയെന്നാണ് കരുതുന്നത്.
1744 ലൈംഗിക ചൂഷണക്കേസുകളും വീടുകളില്‍ അടിമജോലി ചെയ്യിച്ചതുമായി ബന്ധപ്പെട്ട് 488 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 4714 കേസുകള്‍ ഇംഗ്ലണ്ടിലെ പോലീസ് സേനകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് 207 കേസുകളും വെയില്‍സില്‍ നിന്ന് 193 കേസുകളും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്ന് 31 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മൊത്തം റിപ്പോര്‍ട്ടുകളില്‍ 1595 എണ്ണം വിദേശങ്ങളില്‍ വെച്ച് നടന്ന ചൂഷണങ്ങളേക്കുറിച്ചായിരുന്നു. സംശയിക്കപ്പെടാന്‍ സാധ്യയത കുറവാണെന്നതും പിടിക്കപ്പെട്ടാല്‍ കുറഞ്ഞ ശിക്ഷ മാത്രമേ ലഭിക്കൂ എന്നതുമാണ് 18 വയസില്‍ താഴെ പ്രായമുള്ളവരെ മയക്കുമരുന്ന് കടത്ത് പോലെയുള്ള കാര്യങ്ങള്‍ക്ക് നിയോഗിക്കാന്‍ മാഫിയ സംഘങ്ങള്‍ ശ്രമിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഷിബു മാത്യൂ
മിശിഹായുടെ രാജത്വത്തെയും കര്‍തൃത്വത്തേയും അനുസ്മരിപ്പിക്കുന്ന ഓശാന തിരുന്നാള്‍ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ നടന്നു. സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഇന്നലെ രാവിലെ 10.30ന് ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ മുഖ്യ കാര്‍മ്മീകത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഫാ. സ്‌കറിയാ നിരപ്പേല്‍ സഹകാര്‍മ്മീകത്വം വഹിച്ചു. പാരീഷ് ഹാളില്‍ നിന്ന് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഫാ. മാത്യൂ മുളയോലില്‍ കുരുത്തോല വെഞ്ചരിച്ച് വിശ്വാസികള്‍ക്ക് നല്‍കി. തുടര്‍ന്ന് കുരുത്തോലയും കുരിശും വഹിച്ചു കൊണ്ട് വിശ്വാസ സമൂഹം പ്രദക്ഷിണമായി ദേവാലയത്തിലെത്തിന്റെ പ്രധാന കവാടത്തിലെത്തി. തുടര്‍ന്ന് ദേവാലയ കവാടം മുട്ടിത്തുറക്കുന്ന കര്‍മ്മം നടന്നു. ഒരുങ്ങി നിന്ന കന്യകമാര്‍ മണവാളനോടൊത്ത് അകത്തു പ്രവേശിച്ചതിനേയും അല്ലാത്തവര്‍ കര്‍ത്താവേ, തുറന്നു തരണമേ എന്ന് അപേക്ഷിച്ചതിനേയും ഈ തിരുക്കര്‍മ്മം അനുസ്മരിപ്പിക്കുന്നു. വാതില്‍ക്കല്‍ മുട്ടുന്ന കര്‍ത്താവിനെ ഹൃദയ കവാടം തുറന്ന് സ്വീകരിക്കാനും മിശിഹായെ രാജാവും രക്ഷകനുമായി ഏറ്റുപറയുവാനും ഈ ദിവസം തിരുസഭാ മാതാവ് ആഹ്വാനം ചെയ്യുന്നു. പ്രദക്ഷിണം ദേവാലയത്തിയതിനു ശേഷം ദിവ്യബലി തുടര്‍ന്നു.
ഫാ. സ്‌കറിയാ നിരപ്പേല്‍ ഓശാന തിരുന്നാള്‍ സന്ദേശം നല്‍കി. ഈശോയെ വഹിക്കാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ കുടുംബങ്ങളില്‍ സന്തോഷം അനുഭവിക്കാന്‍ സാധിക്കത്തുള്ളൂ. കര്‍ത്താവിന് നിന്നെക്കൊണ്ട് ആവശ്യമുണ്ട്. ആ തിരിച്ചറിവ് നമുക്കുണ്ടാകണം. ഫാ. സ്‌കറിയാ നിരപ്പേല്‍ തന്റെ ഓശാന തിരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പ്രസിദ്ധമായ തമുക്ക് നേര്‍ച്ച നടന്നു. ഫാ. മാത്യൂ മുളയോലില്‍ തമുക്ക് നേര്‍ച്ച വെഞ്ചരിച്ചു.
ലീഡ്‌സ് ചാപ്ലിന്‍സിയിലെ തമുക്ക് നേര്‍ച്ച വളരെ പ്രസിദ്ധമാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ചാപ്ലിന്‍ ആയിരുന്ന റവ. ഫാ. ജോസഫ് പൊന്നേത്ത് തുടങ്ങിവെച്ചതാണ് തമുക്ക് നേര്‍ച്ച. നിലവിലെ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ ഇപ്പോഴും പൂര്‍വ്വാധികം ഭംഗിയായി തുടരുന്നു. പള്ളിക്കമ്മറ്റിയാണ് തമുക്ക് നേര്‍ച്ചയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ചാപ്ലിന്‍സിയുടെ കീഴിലുള്ള കുടുംബങ്ങളാണ് തമുക്ക് നേര്‍ച്ചയ്ക്കുള്ള സാധനങ്ങള്‍ ഒരുക്കുന്നത്.
ചാപ്ലിന്‍സിയുടെ കീഴിലുള്ള വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍ക്ക് പുറമേ രൂപതയുടെ പല ഭാഗങ്ങളില്‍ നിന്നും ധാരാളം വിശ്വാസികള്‍ ഇക്കുറി തമുക്ക് നേര്‍ച്ചയ്‌ക്കെത്തി. ചാപ്ലിന്‍സിയുടെ അകത്തു നിന്നും പുറത്തു നിന്നുമായി എത്തിച്ചേര്‍ന്ന എല്ലാ വിശ്വാസികള്‍ക്കും ഫാ. മാത്യൂ മുളയോലില്‍ നന്ദി പറഞ്ഞു..
ബ്രിട്ടീഷ് ഫുട്‌ബോള്‍ താരം വെയിന്‍ റൂണിയുടെ 20 മില്യന്‍ പൗണ്ട് ചെലവില്‍ നിര്‍മിക്കുന്ന വസതിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു. ആറ് ബെഡ്‌റൂമുകളും ഒരു ഫുട്‌ബോള്‍ മൈതാനവും 15 കുതിരകളെ പരിപാലിക്കാനുള്ള സൗകര്യവുമൊക്കെയുള്ള വസതി മാഞ്ചസ്റ്ററിനു പുറത്ത് കണ്‍ട്രിസൈഡില്‍ 40 ഏക്കര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് നിര്‍മാണം പൂര്‍ത്തിയാകുന്നത്. ചെഷയര്‍ പാഡിലെ നിലവിലുള്ള വസതിയില്‍ 2016 ഓഗസ്റ്റില്‍ ഒരാള്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് റൂണിയും കുടുംബവും പുതിയ വീട് നിര്‍മിക്കാന്‍ തീരുമാനിച്ചത്.
പുതിയ വീടിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്നാണ് ആകാശ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ രണ്ടു നിലകളിലായി നിര്‍മിക്കുന്ന വീട്ടില്‍ ഒരു സ്റ്റീം റൂം, പ്ലഞ്ച് പൂള്‍, ഹോട്ട് ടബ്, ജിം, പത്ത് സീറ്റുകളുള്ള സിനിമ റൂം, വൈന്‍ സെല്ലാര്‍, ബാര്‍ എന്നിവയുണ്ടാകും. 2017 ഡിസംബറിലാണ് ഇതിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തു വന്നത്. വെയിന്‍ റൂണി, കോളീന്‍ ദമ്പതികള്‍ക്ക് നാല് ആണ്‍കുട്ടികളാണുള്ളത്. ഫെബ്രുവരിയിലായിരുന്നു നാലാമത്തെ കുട്ടിക്ക് കോളീന്‍ ജന്‍മം നല്‍കിയത്.
പുതിയ വീട്ടില്‍ ആറ് കാര്‍ ഗരാഷുകളും ഒരു ഓറഞ്ചറിയും ഒരു സ്പായുമുണ്ടാകും. അതിഥികള്‍ക്ക് കറങ്ങിനടക്കാന്‍ വിശാലമായ ലാന്‍ഡ്‌സ്‌കേപ്പ്ഡ് ഗാര്‍ഡനും ഒരുക്കിയിട്ടുണ്ട്. ഇത്രയും വിശാലമായ സ്ഥലത്ത് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി പ്രത്യാഘാത പഠനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രദേശത്തിന്റെ പ്രാധാന്യം ഉയരുമെന്നതിനാല്‍ ലോക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരിക്കുകയാണെന്നാണ് വിവരം.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രസ്റ്റണ്‍: വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ഓശാന തിരുന്നാളില്‍ ഭക്തിസാന്ദ്രമായ തുടക്കം. വിവിധ സ്ഥലങ്ങളില്‍ ഇന്നലെയും ഇന്നുമായി നടന്ന ഓശാന കുര്‍ബാനയ്ക്കും കുരുത്തോല വെഞ്ചരിപ്പിനും വൈദികര്‍ നേതൃത്വം നല്‍കി. പ്രസ്റ്റണ്‍ സീറോമലബാര്‍ കത്തീഡ്രലില്‍ നടന്ന ആഘോഷമായ ഓശാനത്തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വികാരി ജനറാള്‍ റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.
ഓശാന പാടി ‘ഞങ്ങളെ രക്ഷിക്കണമേ” എന്ന് വിശ്വാസത്തോടെ തന്നെ വിളിച്ചപേക്ഷിച്ച ജനങ്ങളോട് കരുണ കാണിച്ച ദൈവത്തെയാണ് ഓശാനത്തിരുന്നാളില്‍ നാം ഓര്‍മ്മിക്കുന്നതെന്ന് വചന സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. വിശ്വാസത്തിന്റെ കണ്ണോടുകൂടി ഈശോയെ കണ്ടവര്‍ക്കാണ് കഴുതപ്പുറത്തേറി വരുന്നത് ദൈവപുത്രനാണെന്ന് മനസിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബഹു. സിസ്റ്റേഴ്‌സ്, വൈദിക വിദ്യാര്‍ത്ഥികള്‍, നൂറുകണക്കിന് വിശ്വാസികള്‍ തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.
ഗ്രേറ്റ് ബ്രിട്ടണില്‍ നടന്ന സീറോ മലബാര്‍ ഓശാന തിരുക്കര്‍മ്മങ്ങള്‍ക്ക് നാട്ടില്‍ നിന്നു കൊണ്ടുവന്ന കുരുത്തോല ആശീര്‍വദിച്ചു നല്‍കിയത് ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവമായി. പല സ്ഥലങ്ങളിലും ഇത്തരം കുരുത്തോലകള്‍ വിതരണം ചെയ്തു. തുടര്‍ന്നുവരുന്ന ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങളും മിക്ക വിശുദ്ധ കുര്‍ബാന സെന്ററുകളിലും ക്രമീകരിച്ചിട്ടുണ്ട്. പ്രസ്റ്റണ്‍ കത്തീഡ്രല്‍ പെസഹാ വ്യാഴത്തിന്റെ തിരുക്കര്‍മ്മങ്ങള്‍ വൈകിട്ട് 6 മണിക്ക് വി. കുര്‍ബാനയോടു കൂടി ആരംഭിക്കും. കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും.
”കാന്‍സര്‍ എന്നെ പിടികൂടി കഴിഞ്ഞിരിക്കുന്നു. വളരെ വൈകിയാണ് രോഗം വിവരം അറിയുന്നത്. ഒരു പക്ഷേ സ്‌കോട്ട്‌ലന്‍ഡിലെ പരിശോധനാ രീതി ഇഗ്ലണ്ടിലുണ്ടായിരുന്നെങ്കില്‍ കാന്‍സര്‍ നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും കഴിഞ്ഞേക്കാമായിരുന്നു.’ 62 കാരനായ പ്രമുഖ ബിബിസി വാര്‍ത്താ അവതാരകന്‍ ജോര്‍ജ് അളഗിയയുടെ വാക്കുകളാണിത്. വന്‍കുടലില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ രോഗം ഒരു പക്ഷേ നേരത്തെ കണ്ടെത്താമായിരുന്നു എന്നാല്‍ അതിന് സാധിച്ചില്ല. ഇപ്പോള്‍ മൂര്‍ച്ഛിച്ചിരിക്കുന്ന രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ വെറും 10 ശതമാനം സാധ്യത മാത്രമേ അദ്ദേഹത്തിന് മുന്നിലുള്ളു.
50 വയസ്സിന് ശേഷമുള്ള ഒരോ രണ്ട് വര്‍ഷവും ബവല്‍ ക്യാന്‍സര്‍ പരിശോധനയ്ക്കുള്ള സംവിധാനം സ്‌കോട്ട്‌ലന്‍ഡിലുണ്ട്. ഇംഗ്ലണ്ടില്‍ ഇതിന്റെ പ്രായപരിധി 60 വയസാണ്. സ്‌കോട്ട്‌ലന്‍ഡിലെ പദ്ധതിയുടെ പ്രായ പരിധിയാണ് ഇഗ്ലണ്ടിലും നിലനിന്നിരുന്നതെങ്കില്‍ ഒരു പക്ഷേ അളഗിയയുടെ കാന്‍സര്‍ നേരത്തെ കണ്ടെത്താന്‍ കഴിയുമായിരുന്നു. 2014ലാണ് അളഗിയക്ക് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തുന്നത്. അദ്ദേഹം ഇരുന്ന സ്റ്റൂളില്‍ രക്തം കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. പക്ഷേ അപ്പോഴേക്കും ഏറെ വൈകിയിരുന്നു.
വന്‍കുടലില്‍ നിന്നും കാന്‍സര്‍ കരളിലേക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്നു പിടിച്ചിരുന്നു. രോഗം നാലാമത്തെ സ്‌റ്റേജിലാണെന്നും അടുത്ത 5 വര്‍ഷം വരെ മാത്രമേ ആയുസുള്ളുവെന്നും ഡോക്ടര്‍മാര്‍ അദ്ദേഹത്തെ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇദ്ദേഹത്തിന്റെ രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമായിരുന്നുവെന്ന് യുകെ കാന്‍സര്‍ റിസര്‍ച്ച് വ്യക്തമാക്കി.
റജി നന്തികാട്ട്
യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ മാര്‍ച്ച് ലക്കം യുകെയിലെ എഴുത്തുകാരുടെ കൂടുതല്‍ രചനകളാല്‍ സമ്പന്നമാണ്. കേരളത്തെ പിടിച്ചുലച്ച മധുവിന്റെ കൊലപാതകം കേരളത്തിന്റെ പെരുമയുടെ മുഖത്തേറ്റ അടിയാണെന്ന് എഡിറ്റോറിയലില്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. വി കെ പ്രഭാകരന്‍ എഴുതിയ മലയാളന്റെ കഥ എന്ന ലേഖനത്തോടെ ആരംഭിക്കുന്ന ഇ ലക്കത്തില്‍ യുകെയിലെ എഴുത്തുകാരായ സിസിലി ജോര്‍ജ്ജ് എഴുതിയ ബന്ധങ്ങള്‍ ഉലയാതെ, കണ്ണന്‍ രാമചന്ദ്രന്‍ എഴുതിയ ഋതുഭേദങ്ങള്‍ എന്നീ കഥകളും ബാസിംഗ്സ്റ്റോക്കില്‍ നിന്നുള്ള കുട്ടി എഴുത്തുകാരി അല്‍ഫോന്‍സാ ജോസഫ് എഴുതിയ rainbow the unicorn എന്ന ഇംഗ്ലീഷ് കവിതയും കൂടാതെ ജ്വാല ഇ മാഗസിന്‍ മാനേജിങ് എഡിറ്റര്‍ സജീഷ് ടോം പെസഹാ പെരുന്നാളിനെ ഓര്‍മ്മിച്ചുകൊണ്ടു എഴുതിയ ലോക പ്രവാസികളുടെ വലിയ പെരുന്നാള്‍ എന്ന ലേഖനവുംകൂടാതെ ജോര്‍ജ്ജ് അറങ്ങാശ്ശേരി എഴുതുന്ന പംക്തി സ്മരണകളിലേക്ക് ഒരു മടക്കയാത്രയില്‍ താന്‍ നേരിട്ട് കണ്ട ഒരു കോലപാതകത്തിന്റെ ഹൃദയസ്പര്‍ശിയായ വിവരണവും ഉള്‍പ്പെടുത്തിയിരിക്കുന്നു.
വായനയെ ഗൗരവമായി കാണുന്നവര്‍ക്കും ജ്വാല ഇ മാഗസിന്‍ നല്ലൊരു വായനാനുഭവം പ്രധാനം ചെയ്യുന്നു. ആധുനിക കവികളില്‍ മുന്നില്‍ നില്‍ക്കുന്ന കുഴുര്‍ വില്‍സണ്‍ എഴുതിയ മരണവുമായി വീണ്ടും ഒരു അഭിമുഖം, കെ വി സുമിത്രയുടെ സ്വപനത്തിന്റെ മഹാഗണികള്‍, പദ്മ സാജു എഴുതിയ പിണക്കം എന്നീ കവിതകളും ജിതിന്‍ കക്കാട് എഴുതിയ കഥ ഒരു വിപ്ലവത്തിന്റെ അന്ത്യം, ലാസര്‍ ഡി സില്‍വയുടെ യാത്രാനുഭവം ശ്രീരംഗനാഥന്റെ കൃപ സുല്‍ത്താന്റെ നിര്‍മ്മിതി രശ്മി രാധാകൃഷ്ണന്‍ എഴുതിയ ലേഖനം ടോട്ടോച്ചാന്‍ അഥവാ വായനയുടെ കൂട്ടുകാരി എന്നീ രചനകള്‍ വായനയുടെ പുതിയ വാതായനങ്ങള്‍ തുറക്കുമെന്നുറപ്പാണ്. ജ്വാല ഇ മാഗസിന്‍ മാര്‍ച്ച് ലക്കം വായിക്കുവാന്‍
ലണ്ടന്‍: ഈസ്റ്ററും മഞ്ഞില്‍ പുതയുമെന്ന മുന്നറിയിപ്പ് സ്ഥിരീകരിച്ച് മെറ്റ് ഓഫീസ്. ഇത്തവണ വൈറ്റ് ഈസ്റ്ററായിരിക്കുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന്റെ പ്രഭാവം ഇപ്പോഴും തുടരുകയാണ്. ശീതക്കാറ്റ് രാജ്യത്തേക്ക് വീണ്ടും എത്തും. അതിനാല്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും രാജ്യത്തെമ്പാടുമുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. സ്‌കോട്ട്‌ലന്‍ഡില്‍ ചൊവ്വാഴ്ച മുതല്‍ തന്നെ മഞ്ഞുവീഴ്ചയക്ക് സാധ്യതയുണ്ട്. ആര്‍ട്ടിക് വായു പ്രവാഹം മൂലം ഈസ്റ്റര്‍ വാരാന്ത്യത്തിലെ താപനില മൈനസ് 10 വരെ താഴ്‌ന്നേക്കാം. ചിലയിടങ്ങളില്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ തന്നെ താപനില താഴുമെന്നാണ് കരുതുന്നത്.
ഈ ശനിയു ഞായറും യുകെയില്‍ സൂര്യപ്രകാശമുള്ള ദിനങ്ങളായിരിക്കുമെന്നാണ മെറ്റ് ഓഫീസ് അറിയിക്കുന്നത്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ത്തന്നെ തണുത്ത കാലാവസ്ഥ മടങ്ങിയെത്തും. നോര്‍ത്തിലും സ്‌കോട്ട്‌ലന്‍ഡിലുമാണ് മഞ്ഞുവീഴ്ചയ്ക്ക് സാധ്യത പ്രവചിക്കപ്പെടുന്നത്. ഈയാഴ്ചയില്‍ യുകെയിലെ താപനില 11 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ അടുത്തയാഴ്ച അവസാനത്തോടെ 5 ഡിഗ്രി വരെ താപനിലയെത്തുന്നത് വിരളമായിരിക്കും.
വിന്ററിനുശേഷം സ്പ്രിംഗിലും തുടരുന്ന മഞ്ഞുവീഴ്ചയും തണുത്ത കാലാവസ്ഥയും സൗത്ത് വെസ്റ്റ്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, കെന്റ് ഉള്‍പ്പെടെയുള്ള ഈസ്‌റ്റേണ്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കടുത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈസ്റ്ററിന് ശേഷം കാലാവസ്ഥ മെച്ചപ്പെടുമെങ്കിലും ഏപ്രില്‍ പകുതിയോടെ വീണ്ടും കടുത്ത ശൈത്യത്തിന് സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെടുന്നു.
നാക്കുപിഴകളിലൂടെ വിവാദങ്ങളില്‍ അകപ്പെടാറുള്ള സെലിബ്രിറ്റി ടിവി ഷെഫ് ആണ് ഗോര്‍ഡന്‍ റാംസെ. ഇത്തവണ അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത് ടെലിവിഷന്‍ പരിപാടിയുമായി ബന്ധപ്പെട്ടല്ല. 4.4 മില്ല്യണ്‍ പൗണ്ട് മുതല്‍മുടക്കില്‍െ കന്‍സിംഗ്ടണ്‍ ഓണ്‍ സീയിലെ നോര്‍ത്തേണ്‍ കോര്‍ണിഷ് കോസ്റ്റില്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന ഹോളിഡെ ഹോംമിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അദ്ദേഹം നിര്‍മ്മിക്കുന്ന ഹോളിഡെ ഹോംമിന്റെ പ്രാഥമിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതേ സമയം പുതിയ നിര്‍മ്മാണത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരത്തിലുള്ള ആഢംബര ഹോളിഡെ ഹോംമുകള്‍ നിര്‍മ്മിക്കുന്നത് കമ്യൂണിറ്റിയെ ഇല്ലാതാക്കുമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. റാംസെയെപ്പോലുള്ള വരുത്തന്‍മാരായ കോടീശ്വരന്മാര്‍ പ്രദേശത്ത് നടത്തുന്ന ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ സമൂഹത്തെ തകര്‍ക്കുമെന്നാണ് പ്രതിഷേധകരുടെ വാദം.
നോര്‍ത്തേണ്‍ കോര്‍ണിഷ് കോസ്റ്റില്‍ സ്ഥിതി ചെയ്തിരുന്ന 1920ല്‍ നിര്‍മ്മിതമായ ബഗ്ലാവ് ഏതാണ്ട് 4.4 മില്ല്യണ്‍ പൗണ്ടിനാണ് റാംസെ വാങ്ങിയത്. പുതിയ ആഢംബര വീട് പണിയുന്നതിന് അനുമതി ലഭിക്കാന്‍ അയല്‍ക്കാരായ ആളുകളുമായി വലിയ പോരാട്ടം തന്നെ റാംസെയ്ക്ക് നടത്തേണ്ടി വന്നു. നിലവിലുണ്ടായിരുന്ന ബംഗ്ലാവ് പൊളിച്ചുമാറ്റി 5 ബെഡ്‌റൂമുകളും സ്വിമ്മിംഗ് പൂളും രണ്ട് അടുക്കളയും ബോട്ട് ഹൗസും ഉള്‍പ്പെടുന്ന വലിയൊരു ആഢംബര സൗധം തന്നെ നിര്‍മ്മിക്കാനാണ് റാംസെ പദ്ധതിയിടുന്നത്. ഏതാണ്ട് 38 മില്ല്യണ്‍ പൗണ്ടിന്റെ ആസ്തിയുള്ള റാംസെ നിലവില്‍ പ്രദേശത്തെ ഏറ്റവും വലിയ വീടുകളിലൊന്നാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. പുതിയ വീടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ലണ്ടനില്‍ താമസിക്കുന്ന റാംസെയുടെ അവധിക്കാല വസതിയാണ് ഇത്.
സൗത്ത് കോര്‍ണിഷ് കോസ്റ്റില്‍ നിന്നും 25 മൈല്‍ മാറി ഹോവിയില്‍ റാംസെയ്ക്ക് മറ്റൊരു മൂന്ന്‌നില ടൗണ്‍ ഹാസ് കൂടി സ്വന്തമായുണ്ട്. പുതിയ ആഢംബര വീട് നിര്‍മ്മിക്കാനുള്ള റാംസെയുടെ തീരുമാനം ലജ്ജാവഹവും അംഗീകരിക്കാനാകാത്തതുമാണെന്ന് പ്രദേശത്ത് 50 വര്‍ഷങ്ങളായി താമസിച്ച് വരുന്ന അന്ന ഹെയ്ന്‍സ് പ്രതികരിച്ചു. അദ്ദേഹത്തിന് ട്രെബെതെറിക്കില്‍ മറ്റൊരു വീട് സ്വന്തമായുണ്ട്, വീണ്ടും പുതിയത് എന്തിനാണ്? റോക്കില്‍ ഇപ്പോള്‍ അദ്ദേഹം വാങ്ങിയിരിക്കുന്ന പഴയ ബംഗ്ലാവില്‍ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തി അതു തന്നെ ഉപയോഗിക്കാമായിരുന്നു. റോക്കിന്റെ അവസ്ഥ ഒരോ ദിനം ചെല്ലുന്തോറം മോശമായികൊണ്ടിരിക്കുകയാണെന്നും എല്ലാ ഭാഗങ്ങളിലും പുതിയ കെട്ടിടങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും ഹെയ്ന്‍സ് കൂട്ടിച്ചേര്‍ത്തു. ഹോളിഡേ വീടുകളുടെ ഉടമസ്ഥര്‍ പ്രദേശം നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മറ്റൊരു സമീപവാസിയായ റെയ്‌വാള്‍ പ്രതികരിച്ചു. വീടുകളുടെ സെക്കന്റ് ഹാന്റ് ഉടമസ്ഥര്‍ക്ക് ഇവിടെ എന്തും ചെയ്യാമെന്നാണ് അവര്‍ കരുതുന്നത്. ഇതൊരു നല്ല പ്രദേശമായിരുന്നു എന്നല്‍ ഇപ്പോള്‍ ഇവിടം നശിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും റെയ്‌വാള്‍ പറയുന്നു. വിവാദങ്ങളെക്കുറിച്ച് റാംസെ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലണ്ടന്‍: 65 വയസിന് മുമ്പ് റിട്ടയര്‍ ചെയ്യാന്‍ തയ്യാറാകുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവെന്ന് കണക്കുകള്‍. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടെ 25 ശതമാനം കുറവാണ് ഇക്കാര്യത്തിലുണ്ടായതെന്ന് അവിവ നല്‍കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച് 65 വയസാകുന്നതിനു മുമ്പ് റിട്ടയര്‍ ചെയ്യുന്നവരുടെ എണ്ണം ഈ വര്‍ഷത്തോടെ 1.2 മില്യന്‍ ആയി മാറിയിട്ടുണ്ട്. 2011ല്‍ ഇത് 1.6 മില്യനായിരുന്നു. ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി നല്‍കുന്ന വിവരമനുസരിച്ച് സ്‌റ്റേറ്റ് പെന്‍ഷന്‍ പദ്ധതിയിലെ മാറ്റങ്ങള്‍ മൂലം 7.6 മില്യന്‍ പെന്‍ഷന്‍കാര്‍ക്ക് 10,000 പൗണ്ടായിരിക്കും ലഭിക്കുക. ഈ ആശങ്കയാണ് ജീവനക്കാരെ കൂടുതല്‍ കാലം സര്‍വീസില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതെന്നാണ വിലയിരുത്തല്‍.
65 വയസിനു മുകളിലും ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ 2017 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 38,000ത്തിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 10.1 മില്യന്‍ ആളുകളാണ് ഇപ്പോള്‍ ജീവനക്കാരായിട്ടുള്ളത്. ഇവരില്‍ 70 ലക്ഷത്തോളം പേര്‍ 65 വയസിന് മുകളിലുള്ളവരാണ്. പത്ത് വര്‍ഷം മുമ്പ് ഇത്തരക്കാരുടെ എണ്ണം 4,34,000 മാത്രമായിരുന്നു. ജീവിതദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതും ഫൈനല്‍ സാലറി പെന്‍ഷന്‍ പദ്ധതി അവസാനിപ്പിച്ചതുമൊക്കെയാണ് ജീവനക്കാര്‍ പരമാവധി ജോലികളില്‍ തുടരാന്‍ ശ്രമിക്കുന്നതിന് കാരണമായി പെന്‍ഷന്‍ വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ ട്രെന്‍ഡ് തുടരാനാണ് സാധ്യതയെന്നും വിഗഗ്ദ്ധര്‍ വിലയിരുത്തുന്നു.
70 വയസിനു മുകളിലും സര്‍വീസില്‍ തുടരുന്നവരുടെ എണ്ണം ഏഴ് വര്‍ഷത്തിനുല്ള്ളില്‍ ഇരട്ടിയാകുമെന്നും പ്രതീക്ഷിക്കുന്നു. 1953 ഡിസംബര്‍ 6ന് മുമ്പ് ജനിച്ചവര്‍ക്ക് 65 വയസാണ് നിലവിലുള്ള സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം. 1950 ഏപ്രില്‍ 6നും 1953 ഡിസംബര്‍ 5നുമിടയില്‍ ജനിച്ച സ്ത്രീകള്‍ക്ക് 60നും 65നുമിടയിലാണ് പെന്‍ഷന്‍ പ്രായമായി നിര്‍ണ്ണയിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ 2020 വരെ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും പെന്‍ഷന്‍ പ്രായം 66 ആയി ഉയരും. 2028ഓടെ ഇത് 67 വയസായി മാറുമെന്നും കരുതപ്പെടുന്നു.