സജീഷ് ടോം
ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യൂറോപ്പ് മലയാളികൾ നെഞ്ചിലേറ്റിയ സംഗീത യാത്രയായി മാറിക്കഴിഞ്ഞു. യുകെയിലെ രണ്ട് വേദികളിൽ നടന്ന ഒഡിഷനുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഗായകപ്രതിഭകളും, സ്വിറ്റ്സർലൻഡിൽനിന്നും റിപ്പബ്ലിക് ഓഫ് അയർലണ്ടിൽനിന്നുമുള്ള മത്സരാർത്ഥികളുമുൾപ്പെടെയുള്ള പ്രൗഢമായ ഗായകനിരയാണ് സ്റ്റാർസിംഗർ 3 യിൽ തുയിലുണർത്താൻ എത്തുന്നത്. 1970 – 80 കളിലെ ഹൃദ്യഗാനങ്ങളുടെ ഈ പുതിയ എപ്പിസോഡിൽ വ്യത്യസ്തമായ സംഗീത ശൈലികളുമായെത്തുന്ന മൂന്ന് മത്സരാർഥികളാണ് മാറ്റുരക്കുന്നത്.
എം ഡി രാജേന്ദ്രന്റെ വരികൾക്ക് ജെറി അമൽദേവ് ഈണം നൽകിയ ‘വാചാലം എൻ മൗനവും നിൻ മൗനവും’ എന്ന ഗാനവുമായാണ് നോർത്താംപ്ടണിൽനിന്നുള്ള ആനന്ദ് ജോൺ ഈ എപ്പിസോഡിലെ ആദ്യ ഗായകനായെത്തുന്നത്. “കൂടുംതേടി” എന്ന പോൾ ബാബു ചിത്രത്തിലെ ഈ ഗാനത്തിൽ യേശുദാസിന്റെ ശബ്ദത്തോട് അടുത്ത് നിൽക്കാനുള്ള ആനന്ദിന്റെ ഒരു പരിശ്രമവും നമുക്ക് കാണാൻ കഴിയും.
1970 കളുടെ ആദ്യം പുറത്തിറങ്ങിയ “സ്വപ്നം” എന്ന ചിത്രത്തിലെ ഒരുഗാനമാണ് അടുത്ത മത്സരാർത്ഥി രചനാ കൃഷ്ണൻ ആലപിക്കുന്നത്. ‘മഴവിൽകൊടി കാവടി അഴകുവിടർത്തിയ മാനത്തെ പൂങ്കാവിൽ’ എന്ന ഈ ഗാനത്തിന് മലയാളത്തിന്റെ സ്വന്തം ഒ എൻ വി കുറുപ്പിന്റെ രചനയിൽ ഇന്ത്യൻ സിനിമയുടെ സലിൽ ദാദഎന്ന സലിൽ ചൗധരിയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. എസ് ജാനകിയുടെ മാസ്മരിക ശബ്ദത്തിൽ മലയാളി മനസ്സിൽ പാടിപ്പതിഞ്ഞ ഈ ഗാനം നോട്ടിംഗ്ഹാമിൽനിന്നുള്ള രചനയുടെ ശബ്ദത്തിൽ നമുക്ക് കേൾക്കാം.
ഈ എപ്പിസോഡിലെ അവസാന മത്സരാർത്ഥിയായി എത്തുന്നത് ഹള്ളിൽനിന്നുള്ള സാൻ തോമസ് ആണ്. ‘അനുരാഗിണീ ഇതാ എന് കരളില് വിരിഞ്ഞ പൂക്കള്’ എന്ന വ്യത്യസ്തത പുലർത്തുന്ന മനോഹര ഗാനവുമായാണ് സാൻ എത്തുന്നത്. പൂവച്ചൽ ഖാദർ ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ജോൺസൻ മാഷ് ചിട്ടപ്പെടുത്തി, യേശുദാസ് ആലപിച്ച ഈ ഗാനം 1980 കളിൽ മലയാളക്കരയുടെ ഹരമായിരുന്ന “ഒരു കുടക്കീഴിൽ” എന്ന ചിത്രത്തിൽ നിന്നാണ്.
സ്റ്റാർസിംഗർ 3 പുരോഗമിക്കുന്ന വേഗത്തിൽ തന്നെ മത്സരാർത്ഥികളും പ്രേക്ഷക മനസുകളിൽ ചേക്കേറുകയാണ്. ഫേസ്ബുക്കിലൂടെയും മറ്റ് നവ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മത്സരാർത്ഥികൾക്ക് പ്രേക്ഷകരിൽനിന്നും നിരവധി പ്രോത്സാഹനങ്ങളും ആശംസകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ മ്യുസിക്കൽ റിയാലിറ്റി ഷോയെ ക്കുറിച്ചുള്ള നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കാവുന്നതാണ്.
ചൈനയെ പ്രകോപിപ്പിക്കാനൊരുങ്ങി ബ്രിട്ടിഷ് റോയല് നാവിക സേന. വിവാദമായ ദക്ഷിണ ചൈനീസ് സമുദ്രാതിര്ത്തിയിലൂടെ റോയല് നേവിയുടെ യുദ്ധക്കപ്പല് അടുത്ത മാസം സഞ്ചരിക്കും. വിവാദ സമുദ്രത്തിലൂടെ സഞ്ചരിക്കാന് അവകാശമുണ്ടെന്ന് ബ്രിട്ടീഷ് ഡിഫന്സ് സെക്രട്ടറി അറിയിച്ചു. ദക്ഷിണ ചൈനയിലെ വിവാദ സമുദ്ര മേഖലയിലൂടെ റോയല് നേവിയുടെ എച്ച്എംഎസ് സതര്ലാന്റ് എന്ന യുദ്ധക്കപ്പല് സഞ്ചരിക്കുമെന്ന് ഒരു ആസ്ട്രേലിയന് ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ഡിഫന്സ് സെക്രട്ടറി ഗാവിന് വില്ല്യംസണ് പറഞ്ഞത്.
സൗത്ത് ഏഷ്യന് രാജ്യങ്ങളായ തായ്വാന്, ഫിലിപ്പൈന്സ്, മലേഷ്യയ, വിയറ്റ്നാം എന്നിവയ്ക്ക് അവകാശമുള്ള സമുദ്രാതിര്ത്തിയാണ് ഇപ്പോള് ചൈന കൈയ്യടക്കാന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വര്ഷത്തില് 5 ട്രില്ല്യണിലധികം ഡോളറിന്റെ ചരക്കു ഗതാഗതം നടക്കുന്ന സമുദ്രത്തില് ചൈന സൈനിക സജ്ജീകരണങ്ങള് ഒരുക്കുകയാണെന്ന് നിരീക്ഷകര് വിലയിരുത്തുന്നു. ചൈന നിര്മ്മിച്ച കൃത്രിമ ദ്വീപിന്റെ 12 നോട്ടിക്കല് മൈല് അടുത്ത് വരെ യുഎസ് നേവിയുടെ പെട്രാളിംഗ് കപ്പല് നടത്തിയിരുന്നു. ചൈന യുദ്ധക്കപ്പലുകള് അയച്ചാണ് ഇതിനോട് പ്രതികരിച്ചത്.
അമേരിക്കന് കപ്പലുകള് എത്തിയത് അന്താരാഷ്ട്ര തലത്തില് രാജ്യങ്ങള്ക്ക് സ്വന്തമെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്ന പരിധിക്കുള്ളിലാണ്. എങ്കിലും ഇക്കാര്യത്തില് യുഎസ് നേവി ചെയ്യുന്ന പ്രവര്ത്തനങ്ങളെ സ്വാഗതം ചെയ്യുന്നതായി ഗൈവിന് വില്ല്യംസണ് പറഞ്ഞു. യുഎസ് നേവിയുടെ പ്രവര്ത്തിയോട് പൂര്ണ്ണമായി യോജിക്കുന്നെങ്കിലും ബ്രിട്ടീഷ് കപ്പല് ഈ പരിധിക്കുള്ളില് കയറുമോ എന്ന കാര്യത്തില് അദ്ദേഹം സ്ഥിരീകരണം നല്കിയില്ല. ഓസ്ട്രേലിയയില് നിന്ന് ബ്രിട്ടനിലേക്കുള്ള യാത്രയിലായിരിക്കും കപ്പല് ചൈനീസ് തീരം കടന്നു പോകുക.
ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്ഒ
ഡാര്ലിംഗ്ടണ്: തിരുസഭ ആരംഭം മുതല് ഇന്നു വരെ സ്ത്രീകളോട് കടപ്പെട്ടിരിക്കുന്നുവെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന് മാര് തോമസ് തറയില്. ഡാര്ലിംഗ്ടണിലെ ഡിവൈന് സെന്ററില് നടന്ന ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതാ വുമണ്സ് ഫോറം ദ്വിദിന നേതൃത്വ പരിശീലന സെമിനാറില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വയാവബോധമുള്ള കുടുംബിനികളും, അമ്മമാരും ക്രൈസ്തവ കുടുംബങ്ങളില് ഉണ്ണ്ടാകണം. അപ്പോള് അവര്ക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാന് സാധിക്കും. സാഹചര്യങ്ങളും, മറ്റുള്ളവരും ഒരു വ്യക്തിയുടെ ജീവിതത്തെ നിയന്ത്രിക്കുവാന് ഇടയാകരുത്. എങ്കില് മാത്രമേ ആത്മാഭിമാനത്തോടെയും കരുത്തോടെയും ജീവിക്കുവാന് ഓരോരുത്തര്ക്കും സാധിക്കുകയുള്ളൂ എന്നും മാര് തോമസ് തറയില് കൂട്ടിച്ചേര്ത്തു.
ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപത കുട്ടികളുടെ വര്ഷമായി പ്രഖ്യാപിച്ച ഈ വര്ഷത്തില് അവരുടെ വിശുദ്ധീകരണത്തിലും വിശ്വാസപരിശീലനത്തിലും സ്വഭാവരൂപീകരണത്തിലും നിര്ണ്ണായകമായ സംഭാവനകള് ചെയ്യാന് വുമണ്സ് ഫോറത്തിന് സാധിക്കുമെന്ന് സെമിനാര് ഉത്ഘാടനം ചെയ്ത ഗ്രേറ്റ് ബ്രിട്ടണ് രൂപതാദ്ധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് പറഞ്ഞു. റവ. ഫാ. ജോര്ജ്ജ് പനയ്ക്കല് വി. സി., ഫാ. ജോര്ജ്ജ് കാരാമയില് എസ്. ജെ, ഫാ. ഫാന്സുവ പത്തില്, സി. ഷാരോണ് സി. എം. സി., സി. മഞ്ചുഷ തോണക്കര എസ്. സി. എസ്. സി., വുമണ്സ് ഫോറം പ്രസിഡന്റ് ശ്രീമതി ജോളി മാത്യു, ശ്രീമതി ഷൈനി സാബു, ശ്രീമതി സോണിയ ജോണി, ശ്രീമതി ഓമന ലെജോ, ശ്രീമതി റ്റാന്സി പാലാട്ടി, ശ്രീമതി വല്സാ ജോയി, ശ്രീമതി ബെറ്റി ലാല്, ശ്രീമതി സജി വിക്ട്ടര്, തുടങ്ങിയവര് നേതൃത്വം നല്കി.
നിയമയുദ്ധത്തില് വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് വന് തിരിച്ചടി. 90 മില്യണ് ഡോളര് പിഴയൊടുക്കാന് ലണ്ടനിലെ വെസ്റ്റ്മിന്സ്റ്റര് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. സിംഗപ്പൂര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന എയര്ക്രാഫ്റ്റ് ലീസിംഗ് കമ്പനിയും,ബി.ഒ.സി എവിയേഷനുമായുള്ള കിംഗ്ഫിഷറിന്റെ കേസിലാണ് കോടതിയുടെ വിധി.
നാല് വിമാനങ്ങള് കിംഗ്ഫിഷര് കമ്പനിക്ക് നല്കാനായിരുന്നു സിംഗപ്പൂര് കമ്പനിയുമായുള്ള ധാരണ. ഇതില് മൂന്ന് വിമാനങ്ങള് സിംഗപ്പൂര് കമ്പനി കിംഗ്ഫിഷറിന് നല്കി. എന്നാല് വിമാനത്തിന്റെ പണം നല്കാത്തതിനാല് കരാറില് നിന്ന് സിംഗപ്പൂര് കമ്പനി പിന്വാങ്ങുകയായിരുന്നു. ഇതിനെ തുടര്ന്നാണ് വിജയ് മല്ലയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചത്.
വിജയ് മല്യയെ തിരികെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ അന്തിമ വിചാരണ തുടങ്ങാനിരിക്കുകയാണ്. അതിന് മുമ്പ് മറ്റൊരു കേസില് വന് തിരിച്ചടി നേരിട്ടത് മല്യയെ വെട്ടിലാക്കും.
ലണ്ടന്: തെംസ് നദിയില് രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തിയതിനെത്തുടര്ന്ന് ലണ്ടന് സിറ്റി വിമാനത്താവളം അടച്ചു. ഇന്ന് പൂര്ണ്ണമായും വിമാനത്താവളം അടച്ചിടുമെന്നതിനാല് വിമാന സര്വീസുകള് റദ്ദാക്കിയിട്ടുണ്ട്. 16,000ത്തോളം യാത്രക്കാരെ ഇത് ബാധിക്കുമെന്ന് വിമാനത്താവളം അധികൃതര് പറഞ്ഞു. വിമാനത്താവളത്തിലെ ജോര്ജ് അഞ്ചാമന് ഡോക്കില് അറ്റകുറ്റപ്പണികള് നടക്കുന്നതിനിടെയാണ് ഇന്നലെ ബോംബ് കണ്ടെത്തിയത്. ഇതോടെ രാത്രി 10 മണിക്ക് വിമാനത്താവളം അടയ്ക്കുകയും ഇത് നീക്കം ചെയ്യാനായി റോയല് നേവിയുടെ സഹായം തേടുകയുമായിരുന്നെന്ന് മെട്രോപോളിറ്റന് പോലീസ് അറിയിച്ചു.
ഇന്ന് 130 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇവയുടെ 261 അറൈവലുകളും ഡിപ്പാര്ച്ചറുകളും റദ്ദാക്കിയെന്ന് വിമാനത്താവള വെബ്സൈറ്റ് വ്യക്തമാക്കുന്നു. സിറ്റിജെറ്റ് സൗത്തെന്ഡിലേക്കും അല്ഇറ്റാലിയ സ്റ്റാന്സ്റ്റെഡിലേക്കും സര്വീസുകള് നടത്തുന്നുണ്ട്. കണ്ടെത്തിയ ബോംബ് സുരരക്ഷിതമായി നീക്കം ചെയ്യാനുള്ള പ്രവര്ത്തനങ്ങളില് മെറ്റ് പോലീസിനും റോയല് നേവിക്കുമൊപ്പം ചേര്ന്ന് പ്രവര്ത്തിക്കുകയാണ് തങ്ങളെന്നും വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാല് യാത്രക്കാര് അതാത് എയര്ലൈനുകളുമായി ബന്ധപ്പെടണമെന്നും എയര്പോര്ട്ട് സിഇഒ റോബര്ട്ട് സിന്ക്ലെയര് പറഞ്ഞു.
214 മീറ്ററില് ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് സുരക്ഷിത മേഖല രൂപീകരിച്ചാണ് ബോംബ് നിര്വീര്യമാക്കല് നടപടികള് ആരംഭിച്ചിരിക്കുന്നത്. സമീപ പ്രദേശങ്ങളില് താമസിച്ചിരുന്നവര്ക്ക് ന്യൂഹാം കൗണ്സില് താല്ക്കാലിക സൗകര്യങ്ങള് ഏര്പ്പെടുത്തി. ബോംബ് സുരക്ഷിതമായി എത്രയും വേഗം നീക്കം ചെയ്യാനുള്ള നടപടികളും മുന്കരുതലുകളുമാണ് സ്വീകരിച്ചിരിക്കുന്നതെന്നും മെറ്റ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് കൂടി കടന്നുപോകുന്ന റോഡുകള് അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളത്തിനും വൂള്വിച്ച് ആഴ്സനലിനും ഇടയിലുള്ള റെയില് ഗതാഗതവും റദ്ദാക്കിയിട്ടുണ്ട്.
കെ ഡി ഷാജിമോന്
പ്രവര്ത്തന മികവുകൊണ്ടും വ്യത്യസ്തതയാര്ന്ന പ്രവര്ത്തന ശൈലി കൊണ്ടും ശ്രദ്ധേയമായ മാഞ്ചസ്റ്റര് മലയാളി അസോസിയേഷന്റെ വാര്ഷിക പൊതുയോഗം ഈ കഴിഞ്ഞ ദിവസം അസോസിയേഷന് സപ്ലിമെന്ററി സ്കൂളില് വെച്ച് പ്രസിഡന്റ് ജാനേഷ് നായരുടെ അധ്യക്ഷതയില് നടത്തപ്പെട്ടു. കഴിഞ്ഞ വര്ഷത്തെ പ്രവര്ത്തനങ്ങളുടെ റിപ്പോര്ട്ട് സെക്രട്ടറി അനീഷ് കുര്യനും വരവു ചെലവ് കണക്കുകള് ട്രഷറര് ജോര്ജ് വടക്കുംചേരിയും പൊതുയോഗത്തില് അവതരിപ്പിച്ചു. അസോസിയേഷന്റെ സപ്ലിമെന്ററി സ്കൂളിന്റെ പ്രവര്ത്തനങ്ങള്, ചാരിറ്റി രജിസ്ട്രേഷന്, മാഞ്ചസ്റ്റര് മേള, മാഞ്ചസ്റ്റര് ഡേ പരേഡ്, യുയുകെഎംഎ നോര്ത്ത് വെസ്റ്റ് ചാമ്പ്യന്സ്, യുയുകെഎംഎ ഇതര പ്രവര്ത്തനങ്ങള് എന്നിവ പൊതുയോഗം വിലയിരുത്തുകയും ചര്ച്ച ചെയ്യുകയും ചെയ്തു.
അസോസിയേഷന്റെ പ്രവര്ത്തന നിലവാരം ഉയര്ത്തുവാന് പ്രയത്നിച്ച എല്ലാവര്ക്കും പൊതുയോഗം നന്ദി രേഖപ്പെടുത്തി. തുടര്ന്ന് നടന്ന തെരഞ്ഞെടുപ്പില് അടുത്ത വര്ഷത്തെക്കുള്ള 15 അംഗ ട്രെയിനികളെ തിരഞ്ഞെടുത്തു. തുടര്ച്ചയായി അസോസിയേഷന്റെ പുരോഗതിയ്ക്കുവേണ്ടി നേതൃത്വം നല്കിയ പ്രസിഡന്റ് ജാനേഷ് നായരും സെക്രട്ടറി അനീഷ് കുര്യനും പടിയിറങ്ങിയപ്പോള് പുതിയ പ്രസിഡന്റ് ആയി വില്സന് മാത്യൂവിനെയും സെക്രട്ടറി ആയി കലേഷ് ഭാസ്കറിനെയും ട്രഷറര് ആയി ജോര്ജ് വടക്കുംചേരിയേയും തിരഞ്ഞെടുത്ത പൊതുയോഗം മറ്റ് സ്ഥാനങ്ങളിലേയ്ക്ക് താഴെപറയുന്നവരെയും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് – കെ.ഡി. ഷാജിമോന്
ജോയിന്റ് സെക്രട്ടറി – അരുണ് ചന്ദ്
ട്രസ്റ്റിമാരായി അനീഷ് കുര്യന്, ബിന്ദു പി കെ, ജയ സുധീര്, സാജു കാവുങ്ക, ജാനേഷ് നായര്, ദിനേശന് ഡി കെ, രാധേഷ് നായര്, ഷീ സോബി, വിനോദ് രാജന്, മിനി രാജു മുതലായവരെയും തെരഞ്ഞെടുത്തു.
അസോസിയേഷന്റെ സപ്ലിമെന്ററി സ്കൂള്, മാഞ്ചസ്റ്റര് പരേഡ്, മാഞ്ചസ്റ്റര് മേള തുടങ്ങിയവരും വരും വര്ഷങ്ങളിലെ പ്രാതിനിധ്യവും ഇതര കമ്മ്യൂണിറ്റികളുമായുള്ള മള്ട്ടി കള്ച്ചറല് സഹകരണം മികച്ചതാക്കാനും പുതുതായി നിലവില് വന്ന ട്രസ്റ്റ് ബോര്ഡ് തീരുമാനിച്ചു. സ്വന്തമായ ആസ്ഥാന മന്ദിരം എന്ന ആശയം നടപ്പാക്കാനുള്ള പ്രാരംഭചര്ച്ചകള്ക്ക് തുടക്കം ഇടാനും പൊതുയോഗം തീരുമാനിച്ചു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വില്സന് മാത്യു, ഇന്റര് സൈറ്റ് ടൂര്സ് ആന്റ് ട്രാവല്സിന്റെ യൂറോപ്പ് ഡയറക്ടര് ആയി സേവനം അനുഷ്ഠിക്കുന്നു. റീന ആണ് ഭാര്യ. സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട കലേഷ് ഭാസ്കര് മാഞ്ചസ്റ്റര് ഗാറ്റ്ലി പ്രൈമറി സ്കൂള് മാനേജര് ആയി ജോലി നോക്കുന്നു. ബിന്ദു ആണ് ഭാര്യ.
ട്രഷറര് ആയി തെരഞ്ഞെടുക്കപ്പെട്ട ജോര്ജ് വടക്കുംചേരി സ്റ്റോക്ക് പോര്ട്ട് എന്എച്ച്എസ് ഹോസ്പിറ്റലില് ജോലി നോക്കുന്നു. റാണി ആണ് ഭാര്യ.
ലണ്ടന്: കനത്ത മഞ്ഞുവീഴ്ചയും ഹിമക്കാറ്റും വരും ദിവസങ്ങളിലുണ്ടാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. മൊബൈല് സിഗ്നലുകള് പോലും ഇതു മൂലം തടസപ്പെടാന് ഇടയുണെന്ന് മുന്നറിയിപ്പ് പറയുന്നു. പവര് ലൈനുകളിലെ ഈര്പ്പം തണുപ്പില് ഉറഞ്ഞ് ഇല്ലാതായാല് അവ പൊട്ടിയേക്കാമെന്നും അതുമൂലം സിഗ്നലുകള് തടസപ്പെടാമെന്നുമാണ് വിശദീകരിക്കപ്പെടുന്നത്. പവര്കട്ടുകള്ക്കും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. രണ്ട് യെല്ലോ വാണിംഗുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പലയിടങ്ങളിലും ഗതാഗത തടസമുണ്ടാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
കാറ്റിന് നാളെ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും മഴയു മഞ്ഞുവീഴ്ചയും ഈയാഴ്ച മുഴുവന് തുടര്ന്നേക്കും. കനത്ത ഇടിമിന്നലിനും സാധ്യതയുണ്ട്. അറ്റ്ലാന്റിക്കില് നിന്നുള്ള ഹിമക്കാറ്റ് നോര്ത്ത് ഇംഗ്ലണ്ടില് ശക്തമായ കാറ്റിനും സ്കോട്ട്ലാന്ഡിന്റെ ചില ഭാഗങ്ങളില് കനത്ത മഞ്ഞുവീഴ്ചക്കും കാരണമായേക്കും. നാല് ദിവസത്തേക്കെങ്കിലും മഴ തുടരുമെന്നാണ് പ്രവചനം. രാജ്യത്തുടനീളം താപനില പൂജ്യത്തിനു താഴെയാകും. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില് ചൊവ്വാഴ്ച വരെ കോള്ഡ് വെതര് ഹെല്ക്ക് അലേര്ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ് പബ്ലിക് ഹെല്ത്ത് ഇംഗ്ലണ്ട്.
ഇംഗ്ലണ്ടിന്റെ സൗത്ത്, ഈസ്റ്റ് പ്രദേശങ്ങളില് മഞ്ഞുവീഴ്ചയുണ്ടാകാനിടയില്ലെന്നാണ് കരുതുന്നതെങ്കിലും സാധ്യത തള്ളിക്കളയാനാകില്ല. ഇന്ന് പുലര്ച്ചെയോടെ മഴയ്ക്ക് അല്പം ശമനമുണ്ടായേക്കും. കുംബ്രിയയില് റോഡുകള് മഞ്ഞില് പുതച്ചതിനാല് മഞ്ഞു നീക്കുന്ന വാഹനങ്ങളും ഷവലുകളുമായി ജനങ്ങളും രംഗത്തിറങ്ങി. നോര്ത്ത് വെസ്റ്റില് കനത്ത മഞ്ഞുവീഴ്ച വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് പ്രവചനം. ലണ്ടനില് കഴിഞ്ഞ രാത്രി -5 വരെ താപനില താഴുമെന്നായിരുന്നു മെറ്റ് ഓഫീസ് അറിയിച്ചിരുന്നത്.
കനത്ത മഞ്ഞില് കുടുങ്ങിയ മൂന്ന് പേരെയാണ് മൗണ്ടന് റെസ്ക്യു സംഘം ഇന്നലെ രക്ഷിച്ചത്. മണ്റോ മൗണ്ടന്സില് കെയണ്ഗോം മൗണ്ടന് റെസ്ക്യൂ സംഘം തണുത്ത് മരവിച്ച നിലയില് കണ്ടെത്തിയ വിദേശിയെ ആശുപത്രിയിലാക്കി. സ്നോഡന് റിഡ്ജില് നിന്ന് രണ്ടു പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
ലണ്ടന്: യൂണിവേഴ്സിറ്റി അധ്യാപകര് സമരത്തിലേക്ക്. രാജ്യത്തെ 61 മുന്നിര യൂണിവേഴ്സിറ്റികളിലെ അധ്യാപകരാണ് അടുത്തയാഴഅച മുതല് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റാഫ് പെന്ഷനില് വരുത്തിയ മാറ്റങ്ങളില് പ്രതിഷേധിച്ചാണ് സമരം. ഒരു മാസം നീളുന്ന സമര കാലയളവില് അധ്യാപകര് 14 ദിവസം പണിമുടക്കും. എന്നാല് പതിവില് നിന്ന് വിരുദ്ധമായി അധ്യാപക സമരത്തിനെതിരെ വിദ്യാര്ത്ഥികള് രംഗത്തെത്തിയിരിക്കുകയാണ്. ഉയര്ന്ന ട്യൂഷന് ഫീസ് നല്കുന്ന തങ്ങള്ക്ക് ഒരു മാസത്തോളം ലെക്ചറുകള് ലഭിക്കാത്തത് വന് നഷ്ടമാണ് വരുത്തുന്നതെന്നും അതിനുള്ള നഷ്ടപരിഹാരം നല്കണമെന്നുമാണ് ഇവര് ആവശ്യപ്പെടുന്നത്.
9000 പൗണ്ടാണ് യൂണിവേഴ്സിറ്റികളില് വാര്ഷിക ട്യൂഷന് ഫീസായി വിദ്യാര്ത്ഥികള് നല്കേണ്ടത്. മുന്കൂറായി ഈ തുക നല്കിയിരിക്കുന്ന വിദ്യാര്ത്ഥികള് തങ്ങള്ക്കുണ്ടാകുന്ന നഷ്ടത്തില് ആശങ്കാകുലരാണ്. സമരം മൂലം മുടങ്ങുന്ന ലെക്ചറുകള്ക്ക് തങ്ങള് നല്കിയ പണം തിരികെ നല്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടുള്ള ഓണ്ലൈന് പരാതികളും വിദ്യാര്ത്ഥികള് ആരംഭിച്ചു കഴിഞ്ഞു. വിദ്യാര്ത്ഥികള്ക്ക് നഷ്ടമുണ്ടാക്കുന്ന സമരത്തിനെതിരെ വിദ്യാര്ത്ഥി സംഘടനകളും പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.
14 ദിവസത്ത ലെക്ചറുകള് നഷ്ടമായാല് തങ്ങള്ക്ക് 768 പൗണ്ടിന്റെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്ന് സെയിന്റ് ആന്ഡ്രൂസ് യൂണിവേഴ്സിറ്റിയില് രണ്ടാം വര്ഷ ഇംഗ്ലീഷ്, മോഡേണ് ഹിസ്റ്ററി വിദ്യാര്ത്ഥിനിയായ ജോര്ജിയ ഡേവിസ് പറയുന്നു. അധ്യാപകരുടെ ആവശ്യങ്ങളോട് സഹാനുഭൂതിയുണ്ടെങ്കിലും തങ്ങള് നല്കിയ പണത്തിന്റെ മൂല്യം കൂടി പരിഗണിക്കണമെന്നാണ് വിദ്യാര്ത്ഥികള് ആവശ്യപ്പെടുന്നത്. റിട്ടയര്മെന്റിനു ശേഷം പ്രതിവര്ഷം 10,000 പൗണ്ട് എങ്കിലും നഷ്ടമുണ്ടാക്കുന്ന പെന്ഷന് പദ്ധതി പരിഷ്കരണത്തിനെതിരെ യൂണിവേഴ്സിറ്റി ആന്ഡ് കോളേജ് യൂണിയന്റെ ആഭിമുഖ്യത്തില് ഫെബ്രുവരി 22 മുതലാണ് സമരം ആരംഭിക്കുന്നത്.
ദിനേശ് വെള്ളാപ്പള്ളി
പമ്പ: നന്മയുടെ കൈത്തിരിവെട്ടം മനുഷ്യകുലത്തിന് കൈമാറുകയെന്ന ലക്ഷ്യത്തോടെ സേവനം യുകെ നടത്തുന്ന ഗുരുദേവ മൂല്യങ്ങളെ മുറുകെപ്പിടിച്ചുള്ള പ്രവര്ത്തനങ്ങളില് ചരിത്രം കുറിച്ച് സേവനം യുകെ. ശിവഗിരി ആസ്ഥാനമായ ഗുരുധര്മ്മ പ്രചരണ സഭയുടെ കീഴില് ലണ്ടന് കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന സംഘടനയാണ് സേവനം യുകെ. ശബരിമല ശ്രീ ധര്മ്മശാസ്താവിന്റെ പൂണ്യപൂങ്കാവനമായ നിലയ്ക്കലില് അധികൃതര് പോലും മറന്ന ആദിവാസി വിഭാഗത്തിന് കൈത്താങ്ങാകുന്ന പ്രവര്ത്തനങ്ങള്ക്കാണ് സേവനം യുകെ തുടക്കം കുറിച്ചത്.
പമ്പ നിലയ്ക്കല് ആദിവാസി കോളനിയില് പോരായ്മകളുടെ ഇടയില് കഴിഞ്ഞു കൂടുന്ന മലൈ പണ്ഡാര വിഭാഗത്തിന്റെ സേവനത്തിനായാണ് സേവനം യുകെ പ്രവര്ത്തകര് എത്തിയത്. വനാന്തരങ്ങളില് പ്രകൃതിയോട് മല്ലടിച്ച് കഴിയുന്ന ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതി ലക്ഷ്യമിട്ട് ‘തമസോ മാ ജോതിര്ഗമയ’ എന്ന പദ്ധതിയാണ് സേവനം യുകെ നടപ്പാക്കുന്നത്. ആദിവാസി കുട്ടികളെ വിദ്യാഭ്യാസപരമായി ഉയര്ത്തികൊണ്ടു വരാന് ആവശ്യമായ പഠനസാമഗ്രികളും, ഫര്ണിച്ചറുകളും, സൗരോര്ജ്ജ വിളക്കുകളുമാണ് പദ്ധതിയുടെ ഭാഗമാണ് സേവനം യുകെ ഊരിലെത്തിച്ചത്.
നിലയ്ക്കല് ആദിവാസി കോളനിയില് സേവനം യുകെ കണ്വീനര് ദിലിപ് വാസുദേവന് അദ്ധ്യക്ഷത വഹിച്ച യോഗത്തില് പമ്പ സി ഐ വി വിജയന് ഭക്ഷ്യധാന്യ വിതരണം ഉത്ഘാടനം ചെയ്തു. ജെസി ഡാനിയല് അവാര്ഡ് ജേതാവും, ഇടച്ചോറ്റി സരസ്വതി ദേവി ക്ഷേത്രത്തിലെ മുഖ്യ കാര്യദര്ശിയുമായ ശ്രീമദ് സാബു സ്വാമി ഫര്ണിച്ചര്-സൗരോര്ജ്ജ വിളക്കുകളുടെ കൈമാറ്റം ഉത്ഘാടനം ചെയ്തു. വാര്ഡ് മെമ്പര് രാജന് വെട്ടിക്കല്, ട്രൈബല് പ്രേമോട്ടര് കെഡി രതിഷ്, പ്രോഗ്രാം കോ-ഓര്ഡിനേറ്റര് വിനു വിശ്വനാഥന് എന്നിവര് ചടങ്ങിന് നേതൃത്വം നല്കി.
ആദിവാസി വിദ്യാര്ത്ഥികള്ക്ക് പുറമെ വൈദ്യുതി വിളക്കുകള് അന്യമായ കുടുംബങ്ങള്ക്കും സൗരോര്ജ്ജ വിളക്കുകള് കൈമാറി. വിദ്യാര്ത്ഥികള്ക്ക് സഹായകരമായ പുസ്തകങ്ങള്ക്കും, ഉപകരണങ്ങള്ക്കും പുറമെ ഭക്ഷ്യധാന്യങ്ങളും, വസ്ത്രങ്ങളും സേവനം യുകെ ഈ ചടങ്ങിലൂടെ കൈമാറി. നിലയ്ക്കല് ആദിവാസി ഊരില് സേവനം യുകെ നടത്തിയ സന്നദ്ധ സേവനങ്ങള് വിപുലമായ ഈ ഒരു സദ്പ്രവര്ത്തി സേവനം യു കെ ക്കു വേണ്ടി ചെയ്ത കണ്വീനര് ശ്രീ ദിലീപ് വാസുദേവന്, ശ്രീ ബൈജു പാലക്കല്, ശ്രീ വിശാല് സുരേന്ദ്രന്, ശ്രീ പ്രദീഷ്, ശ്രീ ആശിഷ് എന്നിവരോടുള്ള നന്ദിയും സേവനം യുകെ ഭരണസമിതി അറിയിച്ചു. മലയാളി സമൂഹം സേവനം യുകെയുടെ മുന്നേറ്റത്തിനായി മികച്ച സഹകരണവും നല്കുന്നുണ്ട്.
മലയാളം യുകെ ന്യൂസ് ടീം.
മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ് “ടെപ്സികോർ 2018” ജൂലൈ മാസത്തിൽ നടക്കും. കലയുടെ വർണ്ണ വിസ്മയങ്ങൾക്ക് മിഡ് ലാൻസ് വേദിയൊരുക്കും. നാളെയുടെ പ്രതീക്ഷകളുടെ പുതുനാമ്പുകളെ ശ്രദ്ധാപൂർവ്വം കാത്തു പരിപാലിക്കുന്ന, പ്രവാസികളുടെ മനസിൻറെ പ്രതിബിംബമായ മലയാളം യുകെ ഓൺലൈൻ ന്യൂസ് ജനങ്ങളോടൊപ്പം ആഘോഷിക്കുവാൻ വീണ്ടും എത്തുകയാണ്. നേർവഴിയിൽ ജനങ്ങളുടെ വിശ്വാസമാർജിച്ച് ജനങ്ങളോടൊപ്പം ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസ്, മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കുന്നതിൻറെ ഭാഗമായാണ് പുതിയ സംരംഭം അണിയിച്ചൊരുക്കുന്നത്. ആരോടും പ്രതിപത്തിയില്ലാതെ അനീതിക്കെതിരെ പ്രതികരിച്ചുകൊണ്ട് സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര പത്രപ്രവർത്തനത്തിൻറെ പര്യായമായ മലയാളം യുകെ, പ്രവർത്തനത്തിൻറെ മൂന്നാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ യുകെയിലെ മലയാളി സമൂഹത്തിന് സമ്മാനിക്കുന്നത് കലയുടെ ഉത്സവമാണ്. പ്രഫഷണലിസവും ടീം വർക്കും ജനനന്മയ്ക്കായി സമർപ്പിക്കുന്ന മലയാളം യുകെ ന്യൂസ് ടീം, യുകെ മലയാളി സമൂഹത്തിൻറെ പൂർണ സഹകരണത്തോടെയാണ് ഇവൻറ് സംഘടിപ്പിക്കുന്നത്.
2017 മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ നടന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും യുകെയിലെ മലയാളി സമൂഹത്തിൻറെ ആത്മാർത്ഥമായ പങ്കാളിത്തത്താൽ വൻ വിജയമായി മാറിയിരുന്നു. സംഘാടന മികവിലും സമയ ക്ലിപ്തതയിലും ജനപങ്കാളിത്തത്തിലും വേറിട്ട അദ്ധ്യായങ്ങൾ രചിച്ച അവാർഡ് നൈറ്റിൽ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. ലെസ്റ്റർ കേരളാ കമ്യൂണിറ്റി നല്കിയ അടിയുറച്ച പിന്തുണയും യുകെയിലെമ്പാടുമുള്ള മലയാളികളുടെ അഭൂതപൂർവ്വമായ സഹകരണവും ലെസ്റ്റർ ഇവന്റിനെ അവിസ്മരണീയമാക്കിയപ്പോൾ 10 മണിക്കൂർ നീണ്ട കലാസന്ധ്യയിൽ സ്റ്റേജിലെത്തിയത് ഇരുനൂറോളം പ്രതിഭകളായിരുന്നു. യുകെയിലെ നഴ്സുമാർക്ക് അർഹിക്കുന്ന ആദരം നല്കി പുനരാവിഷ്കരിച്ച ലാമ്പ് ലൈറ്റിംഗ് സെറമണിയും നഴ്സുമാരുടെ ലേഖന മത്സരവും മിസ് മലയാളം യുകെ കോണ്ടസ്റ്റും ലെസ്റ്ററിനെ പുളകിതമാക്കി. സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ അദ്ധ്യക്ഷനായ ബഹുമാനപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കലും പുലിമുരുകൻറെ സംവിധായകൻ വൈശാഖും ആഘോഷത്തിൽ പങ്കെടുത്ത് മലയാളം യുകെ എക്സൽ അവാർഡുകൾ ബഹുമുഖ പ്രതിഭകൾക്ക് സമ്മാനിക്കുകയുണ്ടായി. മലയാളം യുകെ ന്യൂസ് ടീമിൻറെയും ലെസ്റ്ററിലെ മലയാളി സമൂഹത്തിൻറെയും യുകെയിലെ പ്രബുദ്ധരായ മലയാളികളുടെയും കൂട്ടായ പ്രവർത്തനത്തിൻറെ ഫലമായിരുന്നു മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൻറെ വൻവിജയം.
മലയാളം യുകെയുടെ നല്ലവരായ വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിലയിരുത്തി സംഘടിപ്പിക്കുന്ന പുതിയ സംരംഭമായ മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ്, ആധുനിക ലോകത്തിൻറെ ശോഭനമായ ഭാവിയിലേയ്ക്ക് ഉറ്റുനോക്കുന്ന പ്രതിഭകളുടെ ഒത്തുചേരലിന് വേദിയായി മാറും. സംഘാടനത്തിലെ പ്രഫഷണലിസവും ഗുണമേന്മയുള്ള സ്റ്റേജ് ക്രമീകരണങ്ങളും സൗഹൃദം ഊട്ടിയുറപ്പിക്കുന്ന സദസ്സും സർവ്വോപരി വിവിധ സംസ്കാരങ്ങളുടെ സമ്മേളനവുമായി മാറുന്ന രീതിയിലായിരിക്കും യുകെ മലയാളികൾക്ക് വ്യത്യസ്താനുഭവമായി ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെടുന്ന ഈ നവീന സംരംഭം ഒരുക്കപ്പെടുന്നത്. കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അർഹരായവർക്ക് അംഗീകാരം ഉറപ്പു നല്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുക എന്നതുമാണ് ഇതിലൂടെ മലയാളം യുകെ ന്യൂസ് ടീം ലക്ഷ്യമിടുന്നത്.
മിഡ് ലാൻസിൽ നടക്കുന്ന ഇവൻറ് ജൂലൈ മാസമായിരിക്കും നടക്കുക. മലയാളം യുകെയുടെ പുതിയ പ്രോജക്ടിന് ആതിഥേയത്വം വഹിക്കുവാൻ താത്പര്യമുള്ള അസോസിയേഷനുകളും കമ്മ്യൂണിറ്റികളും ഇവൻറ് പ്രോഗ്രാം കമ്മറ്റിയെ ബന്ധപ്പെടേണ്ടതാണ്. മലയാളം യുകെയോടൊപ്പം നിന്ന് സമൂഹത്തിൽ ഊർജ്ജം പകരാനും സംസ്കാരിക സമന്വയത്തിൽ വലിയ പങ്കുവഹിക്കാനുമുള്ള അവസരമാണ് ആതിഥേയരെ കാത്തിരിക്കുന്നത്. സമൂഹത്തിൻറെ മുഖ്യധാരയിലെത്തി കലാ സാംസ്കാരിക രംഗങ്ങളിലെ കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ളവർക്ക് മലയാളം യുകെയുടെ ഇവന്റ് ഓർഗനൈസിംഗിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം യുകെ ന്യൂസ് ടീമിനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ബിൻസു ജോൺ (ഫോൺ നമ്പർ : 07951903705)
നവീകരിച്ച ഓൺലൈൻ പോർട്ടലിൽ, 24 മണിക്കൂർ ന്യൂസ് അപ്ഡേറ്റുമായി മലയാളം യുകെ ന്യൂസ് അതിൻറെ പ്രവർത്തനമേഖല ലോകമെങ്ങും വ്യാപിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലാണ്. ജനങ്ങൾ അറിയാനാഗ്രഹിക്കുന്ന എല്ലാ വാർത്തകളും വിശേഷങ്ങളും സത്യസന്ധതയോടെ നിമിഷങ്ങൾക്കുള്ളിൽ തന്നെ ലോകമെമ്പാടും എത്തിക്കാൻ മലയാളം യുകെ പര്യാപ്തമായിക്കഴിഞ്ഞു. കുറഞ്ഞ കാലയളവിൽ ജനങ്ങളുടെ മനസിൽ പതിഞ്ഞ ഓൺലൈൻ ന്യൂസായി www.malayalamuk.com മാറിയിരിക്കുന്നു.
ജനാധിപത്യ സംവിധാനങ്ങൾക്ക് സർവ്വ പിന്തുണയും നല്കുന്നതോടൊപ്പം എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിൽ ഭാഗഭാക്കാവുകയും ചെയ്യുന്ന മലയാളം യുകെ ന്യൂസ് ടീം, ജനതയുടെ മനസറിഞ്ഞ് സമൂഹത്തിൽ വികസനത്തിൻറെയും സൗഹൃദ കൂട്ടായ്മയുടെയും പുതുവസന്തമായി ഒരുക്കുന്ന പുതിയ സംരംഭത്തിൽ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്താനുള്ള പരിശ്രമത്തിലാണ്. മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റിൻറെ വേദിയും തീയതിയും ഗൈഡ് ലൈനും ഉടൻ തന്നെ മലയാളം യുകെ ന്യൂസ് ടീം പ്രഖ്യാപിക്കുന്നതാണ്.