ജെഗി ജോസഫ്
ഓരോ മത്സരവും ഒരുപിടി പ്രതിഭകളെ സൃഷ്ടിക്കുന്നു. മാറ്റുരയ്ക്കുന്നവര്‍ തങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വേദിയില്‍ എത്തിക്കുമ്പോള്‍ അത് ആസ്വാദകര്‍ക്കും മികച്ചൊരു വിരുന്നായിരിക്കും. മുന്‍ വര്‍ഷങ്ങളിലെ പോലെ ഇക്കുറിയും ബ്രിസ്‌ക ബ്രിസ്റ്റോളിലെ പ്രതിഭകള്‍ക്കായുള്ള മത്സങ്ങള്‍ നടത്തുകയാണ്. ഏപ്രില്‍ 21നാണ് മത്സരം. രാവിലെ പത്തു മണി മുതല്‍ രാത്രി എട്ടു വരെ സൗത്ത്മീഡ് കമ്യൂണിറ്റി ഹാളില്‍ വച്ചാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. രസകരമായ നിമിഷങ്ങളും മത്സരങ്ങളുടെ ആവേശവും ബ്രിസ്‌കയ്ക്ക് ഇക്കുറിയും മുതല്‍ക്കൂട്ടാകും. വന്‍തോതിലുള്ള ഒരുക്കങ്ങളാണ് ബ്രിസ്‌ക എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇതിനായി നടത്തിയിരിക്കുന്നത്.
മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഒരാള്‍ക്ക് അഞ്ച് വ്യക്തിഗത മത്സരങ്ങളില്‍ പങ്കെടുക്കാം. 5 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഒരു ടീമിന് 5 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്. പ്രായം കണക്കാക്കി അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. കളറിങ്, പെയ്ന്റിങ്, പുഞ്ചിരി മത്സരം, ഉപന്യാസം. മെമ്മറി ടെസ്റ്റ്, ഫാന്‍സി ഡ്രസ്, സിംഗിള്‍ ഡാന്‍സ്, സെമി ക്ലാസിക്കല്‍, ഗ്രൂപ്പ് ഡാന്‍സ് എന്നിങ്ങനെ രസകരമായ ഒട്ടേറെ മത്സരങ്ങള്‍ നടത്തുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ വാശിയേറിയ മത്സരങ്ങള്‍ നടന്നിരുന്ന മിസ്റ്റര്‍ ബ്രിസ്‌ക, മിസ് ബ്രിസ്‌ക എന്നിവക്കൊപ്പം ഇക്കുറി മുതിര്‍ന്നവര്‍ക്കായി ബെസ്റ്റ് കപ്പിള്‍സ് എന്ന മത്സര ഇനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആവേശത്തോടെ മത്സരങ്ങളുടെ ഭാഗമാകാന്‍ ഏവരേയും ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു, സെക്രട്രറി പോള്‍സണ്‍ മേനാച്ചേരി എന്നിവര്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍ഗോത്സവത്തിന്റെ ചുമതല വഹിക്കുന്ന ബ്രിസ്‌ക എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യന്‍ ലോനപ്പന്‍, റെജി തോമസ്, സന്ദീപ് കുമാര്‍ എന്നിവരെ ബന്ധപ്പെടുക.
അഡ്രസ്
സൗത്ത്മീഡ് കമ്യൂണിറ്റി ഹാള്‍
248 ഗ്രെ സ്റ്റോക്ക് അവന്യൂ,
BS10 6BQ
ജനങ്ങള്‍ ശക്തമായ തീവ്രവാദ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശവുമായി പോലീസ്. ഭീകരാക്രമണങ്ങള്‍ തടയുന്നതിന് ജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷം ജനങ്ങള്‍ ഇത്തരത്തിലുള്ള 6000ത്തോളം വിവരങ്ങള്‍ ഇന്റലിജന്‍സിന് കൈമാറിയതായും പോലീസ് പറയുന്നു. വിവരങ്ങള്‍ കൈമാറുന്നതിന് പ്രത്യേക പരിശീലനത്തിന്റെ ആവശ്യമില്ല. വളരെ നൈസര്‍ഗികമായുള്ള മനുഷ്യന്റെ കഴിവേ ഇതിനായി ആവശ്യമുള്ളു. നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തെ അറിയുക. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുകയാണ് ചെയ്യേണ്ടതെന്നും പുതുതായി ചാര്‍ജെടുത്ത മെട്രോപൊളിറ്റന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു അറിയിച്ചു. ഓരോരുത്തര്‍ക്കും തീവ്രവാദത്തിനെതിരായി എന്തെങ്കിലും ചെയ്യാനുള്ള സുവര്‍ണ്ണാവസരമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൗണ്ടര്‍ ടെറര്‍ പോലീസിന് 2017ല്‍ ഓണ്‍ലൈനായും ഫോണിലൂടെയും 30,984 അറിയിപ്പുകള്‍ ലഭിച്ചിരുന്നു. അവയില്‍ 6659 എണ്ണം ഉപകാരപ്രദമായി. ഇവയിലൂടെ അന്വേഷണങ്ങള്‍ക്ക് സഹായം ലഭിക്കുകയും ചില സംഘങ്ങളേക്കുറിച്ച് ഇന്റലിജന്‍സ് രൂപങ്ങള്‍ തയ്യാറാക്കാന്‍ സാധിക്കുകയും ചെയ്തു. തീവ്രവാദികള്‍ക്ക് പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്, സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ടതായി വരുന്നുണ്ട. അപ്രകാരം ചെയ്യേണ്ടി വരുമ്പോള്‍ അവര്‍ പരിഭ്രാന്തരാകുകയും അപരിചിതമായി പെരുമാറുകയും ചെയ്തേക്കാം. ഇത്തരത്തിലുള്ളവരെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയാണ് വേണ്ടത്. വലിയ ാഹനങ്ങള്‍ വാടകയ്ക്കെടുക്കുക, കൂടിയി അളവില്‍ കെമിക്കലുകള്‍ വാങ്ങുക, ഗ്യാസ് സിലിണ്ടറുകള്‍ സംഘടിപ്പിക്കുക തുടങ്ങി പ്രത്യക്ഷത്തില്‍ അനാവശ്യമായതെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികാരികളെ വിവരമറിയിക്കണം. കൂടാതെ അസാധാരണ വസ്തുക്കള്‍ പാര്‍സലായി ലഭിക്കുക, അലക്ഷ്യമായി യാത്ര ചെയ്യുക, സുരക്ഷാ സംവിധാനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പോലീസ് അറിയിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തിന്റെ ആരംഭം മുതല്‍ ഏതാണ്ട് പത്തോളം ഇസ്ലാമിക് തീവ്രവാദ ആക്രമണങ്ങളും നാലോളം തീവ്ര-വലതുപക്ഷ ഭീകരാ,്രകമണങ്ങളും സുരക്ഷാ വിഭാഗത്തിന് വിജയകരമായി തടയാന്‍ കഴിഞ്ഞിട്ടുണ്ട്. എംഐ5ഉം പോലീസും നിലവില്‍ 600ഓളം തീവ്രവാദ കേസുകളാണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഏതാണ്ട് 3000ത്തോളം വരുന്ന ആളുകളെ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണങ്ങളാണ്. തീവ്രവാദികളെ നേരിടുന്നതില്‍ പൊതുജനങ്ങള്‍ക്ക് മുഖ്യമായ പങ്കുണ്ടെന്ന് അവര്‍ തിരിച്ചറിയണമെന്നും. ജനങ്ങള്‍ക്ക് പിന്തുണയുമായി ആഗോള തലത്തില്‍ തന്നെ ഭീകരാക്രമണങ്ങള്‍ക്കെതിരെ പോരാടുന്ന ഏജന്‍സികളുണ്ടെന്നും നെയില്‍ ബസു പറയുന്നു. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ 0800789321 എന്ന നമ്പറില്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുവുന്നതാണെന്നും കൗണ്ടര്‍ ടെറര്‍ പോലീസിന്റെ ചുമതലയുളള നീല്‍ ബസു വ്യക്തമാക്കി.
നൂറ്റാണ്ടിലെ മഹാനായ ശാസ്ത്രജ്ഞനെന്ന് വിശേഷിപ്പിക്കാവുന്ന സ്റ്റീഫന്‍ ഹോക്കിംഗിന് അന്ത്യവിശമമൊരുങ്ങുന്നത് സര്‍ ഐസക് ന്യൂട്ടന്റെ കല്ലറയ്ക്കരികില്‍. ഹോക്കിംഗിന്റെ ചിതാഭസ്മം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ അടക്കം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രൊഫ.ഹോക്കിംഗിന്റെ സംസ്‌കാരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തു വിടും. മാര്‍ച്ച് 31ന് കേംബ്രിഡ്ജില്‍ വെച്ചായിരിക്കും സംസ്‌കാരമെന്നാണ് കരുതുന്നത്. അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന നഗരത്തില്‍വെച്ചു തന്നെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

മാര്‍ച്ച് 14നാണ് സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചത്. അദ്ദേഹത്തിന് 76 വയസായിരുന്നു. സംസ്‌കാരം സ്വകാര്യ ചടങ്ങായി നടത്തുമെന്നാണ് വിവരം. ഗ്രേറ്റ് സെന്റ് മേരീസ്, യൂണിവേഴ്‌സിറ്റി ചര്‍ച്ചിലായിരിക്കും ചടങ്ങുകള്‍ നടക്കുക. പിന്നീട് ട്രിനിറ്റി കോളേജില്‍ അനുശോചന യോഗം ചേരും. തങ്ങളുടെ പിതാവിന്റെ വിയോഗത്തില്‍ ആദരാഞ്ജലികളും സന്ദേശങ്ങളും അയച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായി ഹോക്കിംഗിന്റെ മക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു. 50 വര്‍ഷത്തേളം കേംബ്രിഡ്ജിലാണ് അദ്ദേഹം ജീവിച്ചത്.

ഇക്കാലയളവില്‍ അദ്ദേഹം യൂണിവേഴ്‌സിറ്റിയുടെയും നഗരത്തിന്റെയും അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സംസ്‌കാരച്ചടങ്ങുകള്‍ ഇവിടെവെച്ച് നടത്താന്‍ ആഗ്രഹിക്കുകയാണെന്ന് അവര്‍ വ്യക്തമാക്കി. ഓക്‌സ്‌ഫോര്‍ഡ്ഷയറില്‍ ജനിച്ച ഹോക്കിംഗ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് ശേഷമാണ് കേംബ്രിഡ്ജില്‍ എത്തിയത്. 1964ല്‍ 22-ാമത്തെ വയസിലാണ് ശരീരത്തിന്റെ സ്വാധീനം നഷ്ടമാകുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന് അദ്ദേഹം അടിമയായത്. തമോഗര്‍ത്തങ്ങളേക്കുറിച്ചുള്ള സിദ്ധാന്തമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
ലണ്ടന്‍: ബ്രെക്‌സിറ്റി പരിവര്‍ത്തന കാലത്തേക്ക് രൂപീകരിച്ച കരാറുകളില്‍ യുകെ യൂറോപ്യന്‍ യൂണിയന്റെ ആവശ്യങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്ന് ആരോപണം. മുതിര്‍ന്ന നിയമവിദഗ്ദ്ധരാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കരാറുകള്‍ ക്രമാനുഗതമായ പിന്‍വാങ്ങലില്‍ നിര്‍ണ്ണായകമാണെന്ന് മിഷേല്‍ ബാര്‍ണിയറും ഡേവിഡ് ഡേവിസും വ്യക്തമാക്കുന്നു. 2019 മാര്‍ച്ച് 29 മുതല്‍ 2020 ഡിസംബര്‍ വരെയായിരിക്കും പരിവര്‍ത്തനകാലഘട്ടെന്ന് അംഗീകരിക്കുന്ന ഉടമ്പടി പക്ഷേ ഐറിഷ് അതിര്‍ത്തി പോലെയുള്ള ചില വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ നിശബ്ദത പാലിക്കുകയാണെന്നും വിലയിരുത്തപ്പെടുന്നു.

ഈ കരാര്‍ ലളിതമായി പറഞ്ഞാല്‍ ഒരു വോക്ക് ഔട്ട് ആണെന്നാണ് നിയമവിദഗ്ദ്ധനായ ഡേവിഡ് അലന്‍ ഗ്രീന്‍ പറയുന്നത്. കരാര്‍ അനുസരിച്ച് യുകെ യൂറോപ്യന്‍ യൂണിയനില്‍ത്തന്നെ നിലനില്‍ക്കും. ബ്രെക്‌സിറ്റ് പേരില്‍ മാത്രമായി ചുരുങ്ങും. ഔദ്യോഗികമായി യൂണിയനില്‍ അംഗമല്ലെങ്കിലും യൂണിയനിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും യുകെ പങ്കാളികളാകുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. അതായത് യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഒരു ബ്രെക്‌സിറ്റാണ് നടക്കാനിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

2017 ഏപ്രിലില്‍ യൂറോപ്യന്‍ യൂണിയന്‍ അവതരിപ്പിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തന്നെയാണ് ഈ കരാറില്‍ ഉള്ളത്. അതുകൊണ്ടുതന്നെ കഴിഞ്ഞ സമ്മറില്‍ കരാറില്‍ ഒപ്പിട്ടാലും ഒന്നും സംഭവിക്കുമായിരുന്നില്ലെന്നും അദ്ദേഹം പരിഹസിക്കുന്നു. ഗവണ്‍മെന്റ് ജനങ്ങള്‍ക്ക് നല്‍കിയ ഏഴ് വാഗ്ദാനങ്ങള്‍ ഈ കരാറിലൂടെ ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ഓപ്പണ്‍ ബ്രിട്ടന്‍ വിമര്‍ശിക്കുന്നു. സ്വതന്ത്ര സഞ്ചാരം, ഫിഷറീസിലെ നിയന്ത്രണം ഏറ്റെടുക്കല്‍, രണ്ട് വര്‍ഷത്തെ കരാര്‍ നടപ്പാക്കല്‍ സമയം, 2019 മാര്‍ച്ചിന് ശേഷം യൂണിയന് പണം നല്‍കില്ല, തുടങ്ങിയ വാഗ്ദാനങ്ങളാണ് ലംഘിക്കപ്പെട്ടതെന്നും ഓപ്പണ്‍ ബ്രിട്ടന്‍ കുറ്റപ്പെടുത്തുന്നു.
യൂറോപ്യന്‍ യൂണിയന്‍ കരട് കരാര്‍ തെരേസ മേയ് തിരസ്‌കരിച്ചതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പുതിയ കരാര്‍ നിലവില്‍ വരുന്നത്. എന്നാല്‍ ഇതിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. കരാര്‍ വ്യവസ്ഥകള്‍ പലതും ബ്രിട്ടന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
തങ്ങളുടെ തനിമയും പാരമ്പര്യങ്ങളും അഭംഗുരം 17 നൂറ്റാണ്ടായി കാത്തുസൂക്ഷിക്കുന്ന യുകെയിലെ ക്‌നാനായ കത്തോലിക്കര്‍ക്കായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴില്‍ വ്യക്തിഗത അധികാരത്തോടെയുള്ള ഇടവകള്‍ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 15 മിഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. ബഹുമാനപ്പെട്ട മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഇന്നലെ കൂടിയ രൂപതാ കൗണ്‍സിലില്‍ ഇക്കാര്യം അറിയിച്ചു. ഏറെനാളത്തെ കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി ലഭിച്ച മിഷന്‍ സന്തോഷത്തോടും ആവേശത്തോടുമാണ് സമുദായാംഗങ്ങള്‍ സ്വീകരിച്ചത്.
യുകെയിലെ യുകെകെസിഎയുടെ വിവിധ യൂണിറ്റുകള്‍ ഏകോപിപ്പിച്ചാണ് മിഷനുകള്‍ സ്ഥാപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഇതിനുവേണ്ടി അഹോരാത്രം ജോലി ചെയ്ത ബഹുമാനപ്പെട്ട സജി മലയില്‍ പുത്തന്‍പുരയില്‍ അച്ചന്റെ ചിട്ടയായ പ്രവര്‍ത്തങ്ങളും യുകെകെസിഎയുടെ സഹകരണവും ആണ് ഇന്ന് സ്വന്തമായ ഇടവക സംവിധാനത്തിലേക്ക് എത്തിച്ചേരാന്‍ സഹായകമായത്. മിഷന്‍ സെന്ററുകളുടെ കൂടുതല്‍ വിവരങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വളര്‍ച്ചക്ക് ക്‌നാനായ കത്തോലിക്ക മിഷനുകള്‍ മുതല്‍ക്കൂട്ടാകും.
മിഷൻ സെന്ററുകളുടെ കൂടുതൽ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയെക്കുറിച്ച് ദൈവത്തിന് വ്യക്തമായ പദ്ധതികളുണ്ടെന്നും ആ പദ്ധതികളോട് വി. യൗസേപ്പിനെപ്പോലെ സഹകരിക്കാന്‍ സഭാ മക്കളെല്ലാവരും തയ്യാറാകണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. വി. യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ദിവസമായ ഇന്നലെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ ഒത്തുകൂടിയ വിശ്വാസ സമൂഹത്തോട് ദിവ്യബലി മദ്ധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ വരുന്ന ഒരു വര്‍ഷത്തേക്ക് തിരുക്കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള മൂറോന്‍ (വി. തൈലം) കൂദാശയ്ക്കും വൈദിക വിശ്വാസ പ്രതിനിധികളുടെ സമ്മേളനത്തിനുമായാണ് ഇന്നലെ വിശ്വാസ സമൂഹം പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഒത്തുകൂടിയത്.

രാവിലെ ദിവ്യബലിക്കു മുമ്പായി കത്തീഡ്രല്‍ വികാരി റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍ എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. ദിവ്യബലിമധ്യേ പ്രധാന കാര്‍മ്മികനായിരുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മൂറോന്‍ കൂദാശ കര്‍മ്മം നടത്തി. കാത്തോലിക്കാ തിരുസഭയുടെ പാരമ്പര്യമനുസരിച്ച് ഓരോ രൂപതയുടെയും മെത്രാനാണ് ഈ കൂദാശ കര്‍മ്മം നിര്‍വ്വഹിക്കേണ്ടത്. മനുഷ്യത്വത്തെ അഭിഷേകം ചെയ്യുന്ന ദൈവത്വത്തിന്റെ സാന്നിധ്യമാണ് ഈ വി. തൈലത്തില്‍ സഭാ മക്കള്‍ അനുഭവിക്കുന്നതെന്ന് വചനസന്ദേശത്തില്‍ ബിഷപ്പ് അനുസ്മരിച്ചു. ദൈവം തിരുമനസാകുന്നങ്കില്‍ ഈ അഭിഷേക തൈലത്താല്‍ നിരവധി കുഞ്ഞുങ്ങളും പുതിയ ദേവാലയങ്ങളും അഭിഷേകം ചെയ്യപ്പെടാന്‍ ഇടയാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വി. കുര്‍ബാനയുടെ സമാപനത്തില്‍ വി. യൗസേപ്പിതാവിനോടുള്ള തിരുനാള്‍ ലദീഞ്ഞു പ്രാര്‍ത്ഥന നടന്നു. കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്നലെ പ്രതിഷ്ഠിച്ച, ഭാരതത്തിലെ പ്രഥമ രക്തസാക്ഷിണിയായ വാഴ്ത്തപ്പെട്ട സി. റാണി മരിയായുടെ തിരുശേഷിപ്പും വി. യൗസേപ്പിതാവിന്റെ തിരുസ്വരൂപവും ധൂപാര്‍ച്ചന നടത്തി. തിരുക്കര്‍മ്മങ്ങളുടെ സമാപനത്തില്‍ സഭാ സമൂഹത്തെ പ്രതിനിധീകരിച്ച് പ്രോട്ടോ സിഞ്ചെല്ലൂസ് (മുഖ്യ വികാരി ജനറല്‍) റവ. ഡോ. തോമസ് പാറയടിയില്‍ എം.എസ്.ടി അഭിവന്ദ്യ പിതാവിന് തിരുനാള്‍ മംഗളങ്ങള്‍ നേര്‍ന്നു സംസാരിച്ചു.

ഉച്ചകഴിഞ്ഞു നടന്ന വൈദിക സമ്മേളനത്തില്‍ രൂപതയുടെ വളര്‍ച്ചയിലെ പ്രധാന നാഴികക്കല്ലായ മിഷന്‍/ പാരിഷ് സെന്ററുകളെക്കുറിച്ചുള്ള ആശയാവിഷ്‌കാരം നടത്തി. പാസ്റ്ററല്‍ കോ – ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടോണി പഴയകളം സിഎസ്ടിയാണ് ഇത് അവതരിപ്പിച്ചത്. വൈദിക സമിതിയുടെ മുമ്പില്‍ നടന്ന അവതരണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം ഇത് വൈദിക – അല്‍മായ സംയുക്ത പ്രതിനിധി അംഗങ്ങളുടെ മുമ്പിലും അവതരിപ്പിക്കപ്പെട്ടു. ഭാവിയില്‍ പ്രാവര്‍ത്തികമാക്കാനുദ്ദേശിക്കുന്ന മിഷന്‍/പാരിഷ് ആശയപ്രകാരം ഇപ്പോഴുള്ള 173 വി. കുര്‍ബാന സെന്ററുകള്‍ 61 സീറോ മലബാര്‍ മിഷന്‍ സെന്ററുകളും ഉള്‍പ്പെടെ രൂപതയുടെ 76 മിഷന്‍ സെന്ററുകളായി പുനഃക്രമീകരിക്കപ്പെട്ടു. 2018 ഡിസംബര്‍ 2ന് ഔദ്യോഗികമായി നിലവില്‍ വരുന്ന ഈ സംവിധാനത്തെക്കുറിച്ച് വിശദമായി പഠിക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുവാനും വരുന്ന ഒന്‍പത് മാസത്തെ സാവകാശമുണ്ടായിരിക്കുമെന്ന് രൂപതാധ്യക്ഷന്‍ അറിയിച്ചു.

ഭാരതത്തിനു പുറത്തുള്ള മറ്റു സീറോ മലബാര്‍ രൂപതകളില്‍ വളരെ വിജയപ്രദമായും വിശ്വാസികള്‍ക്കു സഹായകരമായും രൂപീകരിച്ചിട്ടുള്ള ഇത്തരം മിഷന്‍ വി. കുര്‍ബാന കേന്ദ്രങ്ങള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിനും ഏറെ പ്രയോജനകരമാകുമെന്ന് മാര്‍ സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഓരോ മിഷന്‍/പാരിഷ് കേന്ദ്രങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന വൈദികരെയും മാര്‍ സ്രാമ്പിക്കല്‍ നിയമിച്ചു.

തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ സ്രാമ്പിക്കലിനോടൊപ്പം വികാരി ജനറാള്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍ എംഎസ്ടി, റവ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. മാത്യൂ ചൂരപൊയ്കയില്‍, രൂപതാ ചാന്‍സലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, പാസ്റ്ററല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടോണി പഴയകളം സിഎസ്ടി, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവരും രൂപതയുടെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍, ഡീക്കന്മാര്‍, സിസ്റ്റേഴ്‌സ്, വൈദിക വിദ്യാര്‍ത്ഥികള്‍, ഓരോ വി. കുര്‍ബാന സെന്ററുകളില്‍ നിന്നുമുള്ള കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, മതാധ്യാപകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സാക്ഷ്യം വഹിച്ചു. രൂപതാ ഗായകസംഘത്തിനു നേതൃത്വം നല്‍കുന്ന റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായകസംഘം തിരുക്കര്‍മ്മങ്ങളെ ഭക്തിസാന്ദ്രമാക്കി.

ഐസിസ് യുകെയില്‍ ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നതായി സൂചന. ഉഗ്രശേഷിയുള്ള ഹാന്‍ഡ് ഗ്രനേഡുകള്‍ യുകെയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതായി എംഐ5 ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാസിഡോണിയയില്‍ നിര്‍മ്മിച്ച നൂറ് കണക്കിന് എം75 ഹാന്റ് ഗ്രനേഡുകള്‍ യുകെയിലേക്ക് കടത്താന്‍ ശ്രമം നടത്തുന്നുവെന്നാണ് മുന്നറിയിപ്പ്. 2010ല്‍ ബാള്‍ക്കണ്‍ രാജ്യങ്ങളിലെ ആയുധപ്പുരകളില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ഈ ആയുധങ്ങള്‍ ക്രിമിനലുകളെ ഉപയോഗിച്ച് സ്വീഡനിലെത്തിച്ചിരുന്നു. സാലിസ്‌ബെറി നെര്‍വ് ഏജന്റ് ആക്രമണത്തിന്റെ അന്വേഷണത്തിലാണ് ഇപ്പോള്‍ ബ്രിട്ടനിലെ മുഴുവന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളും. ഈ പശ്ചാത്തലം മുതലെടുത്ത് ആയുധങ്ങള്‍ കടത്താനുള്ള ശ്രമത്തിലാണ് തീവ്രവാദികളെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബ്രിട്ടന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സുമായി ചേര്‍ന്ന് എസ്.ബി.എസ് നിരീക്ഷണം നടത്തി വരികയാണ്. വ്യോമഗതാഗത മേഖലയിലെ സുരക്ഷ ശക്തമാക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മിലിറ്ററി ലെയ്‌സണ്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. യുകെയുടെ വ്യോമമേഖലയിലൂടെ കടന്നു പോകുന്ന എല്ലാ വിമാനങ്ങളെയും നിരീക്ഷിക്കാനുള്ള സംവിധാനം നാഷണല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററായ സ്വാനിക്കില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് ഗ്രനേഡുകള്‍ കടത്താനുള്ള സാധ്യതയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. ചെറുവിമാനങ്ങളെ നിരീക്ഷിക്കാന്‍ റോയല്‍ എയര്‍ ഫോഴ്‌സിലെ വിദഗ്ദ്ധ സംഘത്തിന് കഴിയും. ഡാര്‍ക്ക് സ്‌പേസ് എന്നറിയപ്പെടുന്ന ഈ നിരീക്ഷണ സംവിധാനത്തിന് കമാന്റോകള്‍ക്ക് അപായ സന്ദേശം കൈമാറാനുള്ള കഴിവുണ്ട്.

ഗ്രനേഡ് ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് എംഐ5 ആദ്യമായി മുന്നറിയിപ്പ് നല്‍കുന്നത് 5 വര്‍ഷം മുന്‍പാണ്. ഡെയില്‍ ക്രീഗന്‍ എന്നയാള്‍ ഗ്രനേഡ് ഉപയോഗിച്ച് യുകെയില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ന് നല്‍കിയ മുന്നറിയിപ്പ്. ഡെയില്‍ ക്രീഗന്‍ ഉപയോഗിച്ച ഗ്രനേഡുകള്‍ ബാല്‍ക്കണില്‍ നിന്നും നഷ്ടപ്പെട്ടവയില്‍പ്പെട്ടവയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2 പോലീസുകാര്‍ ഉള്‍പ്പെടെ നാല് പേരെ വധിച്ച് കുറ്റത്തിന് ഇയാള്‍ക്ക് 2013ല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഡെയില്‍ ക്രീഗന്‍ ആക്രമണത്തിന് ഉപയോഗിച്ച് ഗ്രനേഡുകള്‍ എം75 ഗണത്തില്‍പ്പെട്ടവയാണ്.
ഏകദേശം പത്തോളം ഗ്രനേഡുകള്‍ ഇയാളുടെ താമസസ്ഥലത്ത് നിന്ന് പിന്നീട് പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. 150ഓളം ഗ്രനേഡ് ആക്രമണങ്ങള്‍ക്ക് സ്വീഡന്‍ ഇതിനോടകം സാക്ഷിയായിട്ടുണ്ട്. 2015നു ശേഷം 20ഓളം പേര്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. സിറിയയില്‍ നിന്ന് രക്ഷപ്പെട്ട ഏതാണ്ട് 400 ഓളം ഐസിസ് തീവ്രവാദികള്‍ സ്വീഡനില്‍ അഭയം പ്രാപിച്ചതായാണ് കരുതുന്നത്. യൂറോപ്പിലെയും ബ്രിട്ടനിലെയും നഗരങ്ങളെ ആക്രമിക്കാന്‍ സാഹചര്യം കാത്തിരിക്കുകയാണ് ഇവരെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബ്രിട്ടീഷ് കോടതി മുറികളില്‍ ജഡ്ജുമാര്‍ അഭിഭാഷകരെ ഭീഷണിപ്പെടുത്തുന്നതായി ക്വീന്‍സ് കൗണ്‍സിലര്‍മാര്‍. ജഡ്ജുമാരുടെ ഭീഷണി ബാരിസ്റ്റേഴ്‌സിനെ അങ്ങേയറ്റം അപമാനിക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ക്വീന്‍സ് കോണ്‍സലര്‍ പ്രൊഫസര്‍ ജോ ഡെലാഹോണ്ടി പറയുന്നു. തങ്ങളുടെ മുന്നിലെത്തുന്ന അഭിഭാഷകരെ അപമാനിക്കുകയും, മോശം ഭാഷയില്‍ വിമര്‍ശിക്കുകയും, ശത്രുതയോടെ സമീപിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ചില ജഡ്ജിമാര്‍ തങ്ങളുടെ പദവിയെ ദുരുപയോഗം ചെയ്യുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. ജുഡീഷ്യല്‍ കോണ്‍ഡക്ട് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് എന്ന വാച്ച്‌ഡോഗിന് ജഡ്ജുമാരുടെ ഇത്തരം പെരുമാറ്റവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ പോലും അഭിഭാഷകര്‍ക്ക് ഭയമാണെന്ന് മുതിര്‍ന്ന അഭിഭാഷകയായ ഇവര്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍ കേസില്‍ മാത്രം കേന്ദ്രീകരിക്കുന്നതിനായി കോടതികള്‍ നടത്തുന്ന ഇടപെടലുകളെയല്ല താന്‍ വിമര്‍ശിക്കുന്നതെന്നും അവര്‍ പറഞ്ഞു. ജോലിസ്ഥലത്തുണ്ടാകുന്ന ഭീഷണിപ്പെടുത്തലുകളേക്കുറിച്ച് അകാസ് (അഡൈ്വസറി, കണ്‍സിലിയേഷന്‍ ആന്‍ഡ് ആര്‍ബിട്രേഷന്‍ സര്‍വീസ്) വ്യാഖ്യാനിച്ചിരിക്കുന്നതിനു തുല്യമായ പെരുമാറ്റം ചില ജഡ്ജുമാരുടെ ഭാഗത്തു നിന്ന് അഭിഭാഷകര്‍ക്ക് നേരിടേണ്ടതായി വരുന്നുവെന്ന് ബാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവയേക്കുറിച്ചാണ് പരാമര്‍ശിച്ചതെന്നും അവര്‍ വെളിപ്പെടുത്തി. കോടതി മുറിയില്‍ ജഡ്ജുമാരുടെ ഭീഷണിക്കിരയാവുന്ന അഭിഭാഷകര്‍ക്ക് ഉണ്ടാകുന്ന അനുഭവം ലൈംഗീക പീഡനത്തിനിരയായ ഒരാളുടേതു പോലെയാണ്. ഊര്‍ജം നഷ്ടപ്പെട്ട് നിശബ്ദനായിട്ടായിരിക്കും അയാള്‍ പിന്നീട് കാണപ്പെടുകയെന്ന് ഫാമിലി ലോ ബാരിസ്റ്റര്‍ ലൂസി റീഡ് പറയുന്നു.

വര്‍ദ്ധിച്ച മാനസിക സമ്മര്‍ദ്ദവും പിരിമുറക്കവുമാവാം ജഡ്ജുമാരുടെ ഇത്തരം സ്വഭാവങ്ങള്‍ക്ക് കാരണമെന്ന് കഴിഞ്ഞ വര്‍ഷം തന്റെ ബ്ലോഗിലെഴുതിയ കുറിപ്പില്‍ ലൂസി റീഡ് പറയുന്നു. വളരെ ബുദ്ധിമുട്ടേറിയ ജോലിയാണ് ജഡ്ജുമാര്‍ നിറവേറ്റുന്നത്. അവരും മനുഷ്യര്‍ തന്നെയാണ്. പക്ഷേ ഈ കാരണങ്ങള്‍ക്കൊന്നും ഇത്തരം പെരുമാറ്റങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും റീഡ് കുറിപ്പില്‍ പറയുന്നു. ഇത്തരം പെരുമാറ്റങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. എന്താണ് പറയുന്നതെന്നോ അത് എങ്ങനെയാണ് തങ്ങളുടെ മുന്നിലെത്തുന്ന അഭിഭാഷകരെ ബാധിക്കുന്നതെന്നോ മിക്ക ജഡ്ജുമാര്‍ക്കും അറിവില്ലെന്നും റീഡ് കൂട്ടിച്ചേര്‍ത്തു. ജഡ്ജുമാര്‍ അധിക ജോലിമൂലം തളര്‍ന്നിരിക്കുകയാണെന്നും അതുകൊണ്ടു തന്നെ തെറ്റുകള്‍ വരാനുള്ള സാധ്യതകളേറെയാണെന്നും ഹൈക്കോടതി ഫാമിലി ഡിവിഷന്‍ തലവന്‍ സര്‍ ജെയിംസ് മുന്‍ബൈ കഴിഞ്ഞ ആഴ്ച്ച് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ലെസ്റ്ററില്‍ താമസിക്കുന്ന മലയാളി യുവാവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെ സബ് വേയിലെ ജോലി കഴിഞ്ഞ് സൈക്കിളില്‍ പോകും വഴിയാണ് അഭിറാം ശ്രീകുമാര്‍ എന്ന യുവാവിനെ കാര്‍ ഇടിച്ചത്. സിഗ്നല്‍ ക്രോസ് ചെയ്യുമ്പോള്‍ അമിത വേഗത്തില്‍ എത്തിയ കാര്‍ സിഗ്നല്‍ തെറ്റിച്ച് അഭിറാം സഞ്ചരിച്ചിരുന്ന സൈക്കിളില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡില്‍ വീണ അഭിറാമിനെ തിരിഞ്ഞു പോലും നോക്കാതെ ഇടിച്ച വാഹനം റിവേഴ്സ് ചെയ്ത് ഓടിച്ചു പോവുകയായിരുന്നു.
വഴിയാത്രക്കാര്‍ ബഹളം വച്ചെങ്കിലും ഇടിച്ച വാഹനം അതിവേഗത്തില്‍ ഓടിച്ച് പോവുകയാണ് ചെയ്തത്. ഗ്രേ കളറിലുള്ള ഒരു ടാക്സി വാഹനമാണ് ഇടിച്ചതെന്ന് അഭിറാം മലയാളം യുകെയോട് പറഞ്ഞു. കാര്‍ ഇടിച്ചത് സൈക്കിളിന്‍റെ മുന്‍ഭാഗത്ത് ആയത് കൊണ്ട് മാത്രമാണ് താന്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടത് എന്നും അല്ലാത്ത പക്ഷം എന്ത് സംഭവിക്കുമായിരുന്നു എന്നത് ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല എന്നും അഭിറാം പറഞ്ഞു.
സംഭവത്തില്‍ ലെസ്റ്റര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സിസി ടിവി കവറേജ് ഉള്ള സ്ഥലം ആയതിനാല്‍ വാഹനം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഭാരവാഹി ജോസ് തോമസിന്‍റെ നേതൃത്വത്തില്‍ അഭിറാമിന് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റുഡന്റ് വിസയില്‍ ഒരു വര്‍ഷം മുന്‍പാണ് അഭിറാം ലെസ്റ്ററില്‍ എത്തിയത്. ചേര്‍ത്തല സ്വദേശിയാണ്.
ലണ്ടന്‍: റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികളും. സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് യുകെ ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന് ലേബര്‍ എംപി, സ്റ്റീഫന്‍ കിന്നോക്ക് ആവശ്യപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ തകര്‍ക്കണമെങ്കില്‍ സല്‍പ്പേരിന് കളങ്കമുണ്ടാക്കുക എന്നതാണ് മാര്‍ഗം. റഷ്യയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ബഹിഷ്‌കരിക്കുകയാണ് അതിനുള്ള മാര്‍ഗ്ഗമെന്നും കിന്നോക്ക് പറയുന്നു. ബിബിസി ബ്രേക്ക്ഫാസ്റ്റ് ഷോയിലാണ് കിന്നോക്ക് ഈ ആവശ്യം ഉന്നയിച്ചത്.

നമ്മുടെ പരമാധികാരത്തെയാണ് ലംഘിച്ചിരിക്കുന്നതെന്ന് റഷ്യക്ക് വ്യക്തമായ സന്ദേശം നല്‍കണം. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് വധശ്രമത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും കിന്നോക്ക് പറഞ്ഞു. സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും നേരെയുണ്ടായിരിക്കുന്ന ആക്രമണത്തിന് ഉത്തരവാദി റഷ്യയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ യുകെ പുറത്താക്കുകയും ചെയ്തിരുന്നു. 30 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയധികം നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ പുറത്താക്കുന്നത്.

എന്നാല്‍ ബ്രിട്ടന്‍ റഷ്യക്കുമേല്‍ സ്വീകരിച്ച നടപടികള്‍ പര്യാപ്തമല്ലെന്ന് കിന്നോക്ക് പറയുന്നു. ലോകകപ്പ് 2019 വരെ മാറ്റിവെക്കാന്‍ ഫിഫക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബ്രിട്ടന് കഴിയണം. മറ്റൊരു രാജ്യത്തേക്ക് ലോകകപ്പ് മാറ്റാനും ബ്രിട്ടന്‍ ഫിഫയോട് ആവശ്യപ്പെടണമെന്നും കിന്നോക്ക് പറയുന്നു. ഇക്കാര്യത്തില്‍ സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് നിന്നുകൊണ്ട് ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് കിന്നോക്ക് ആവശ്യപ്പെട്ടത്.