UK

പ്രധാനമന്ത്രിയുടെ യൂണിവേഴ്‌സിറ്റി ഫണ്ടിംഗ് റിവ്യ പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് നിരക്ക് കുറയ്ക്കില്ലെന്ന് ഫണ്ടിംഗ് റിവ്യൂവില്‍ പറയുന്നു. യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് നിരക്ക് കുറയ്ക്കുന്നത് നികുതി വര്‍ദ്ധനവിന് കാരണമാകുമെന്നും ഇത് യൂണിവേഴ്‌സിറ്റി സീറ്റുകളെ പരിമിതപ്പെടുത്തുമെന്നും തേരേസ മേയ് പറയുന്നു. യൂണിവേഴ്‌സിറ്റികളില്‍ നിന്ന് വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ കൈപ്പറ്റുന്ന വിദ്യാര്‍ത്ഥികള്‍ അതിന്റെ വില നേരിട്ട് നല്‍കേണ്ടതായിട്ടുണ്ടെന്ന് തെരേസ മേയ് പറയുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്റ്റുഡന്റ് ഫിനാന്‍സിംഗ് ആന്റ് യൂണിവേഴസിറ്റി ഫണ്ടിംഗ് റിവ്യൂവാണ് തേരേസ മേയ് അവതരിപ്പിച്ചത്. അതേസമയം ട്യൂഷന്‍ ഫീസുകള്‍ നിര്‍ത്തലാക്കുമെന്നും മെയിന്റനനസ് ഗ്രാന്റുകള്‍ തിരിച്ചുകൊണ്ടു വരുമെന്നിമാണ് ലേബര്‍ പാര്‍ട്ടി നയം.

ഏതാണ്ട് എല്ലാ കോഴ്‌സുകളിലും വര്‍ഷത്തില്‍ ഈടാക്കുന്ന ഫീസ് 9,250 പൗണ്ടാണ്. 6.1 ശതമാനമാണ് ഇതിന്റെ പലിശ നിരക്ക്. ലോകത്തിലെ ഏറ്റവും ചെലവേറിയ യൂണിവേഴ്‌സിറ്റി ട്യൂഷന്‍ സിസ്റ്റങ്ങളില്‍ ഒന്നാണ് ഇഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികള്‍ പിന്തുടരുന്നത്. വിദ്യഭ്യാസത്തിന്റെ മൂല്യവും ഗുണങ്ങളും ഫീസും തമ്മില്‍ താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും തേരെസ മേയ് പറഞ്ഞു. ഫീസിനത്തിലെ വര്‍ദ്ധനവ് വിദ്യാര്‍ത്ഥികളിലും മാതാപിതാക്കളിലും ഉത്കണ്ഠയുണ്ടാക്കുന്നുണ്ട്. 9250 പൗണ്ട് ഫീസില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന താല്‍ക്കാലിക മരവിപ്പിക്കല്‍ ചുരുങ്ങിയത് അടുത്ത വര്‍ഷം വരെയെങ്കിലും നിലനില്‍ക്കും. പക്ഷേ ഫീസ് കുറയ്ക്കുന്നതു സംബന്ധിച്ച നടപടികളൊന്നും മന്ത്രിമാരുടെ ഭാഗത്ത് പ്രതീക്ഷിക്കേണ്ടതില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രതീക്ഷിച്ചിരുന്ന ഫീസ് വെട്ടിക്കുറയ്ക്കല്‍ നടപ്പാക്കില്ലെന്ന് വ്യക്തമായതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി് ഫണ്ടിംഗ് റിവ്യൂ അനാവശ്യമായ സമയം നഷ്ടപ്പെടുത്താലായിരുന്നുവെന്ന് ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ എജ്യുക്കേഷന്‍ സെക്രട്ടറി ആഞ്ചല റൈനര്‍ പറഞ്ഞു. സര്‍ക്കാരിന് തെറ്റുപറ്റിയതായി പ്രധാനമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നുവെന്നും റൈനര്‍ പറഞ്ഞു. ട്യൂഷന്‍ ഫീസുകള്‍ എടുത്തു കളയുകയും മെയിന്റനനസ് ഗ്രാന്റുകള്‍ തിരിച്ചകെ കൊണ്ടുവരികയും സൗജന്യ വിദ്യഭ്യാസം നല്‍കുകയും ചെയ്യുമെന്നാണ് ലേബര്‍ നയമെന്ന് അവര്‍ വ്യക്തമാക്കി. അടുത്ത കാലത്തായി വിദ്യാഭ്യാസ മേഖലയില്‍ നടപ്പില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികളെ കടക്കെണിയില്‍ പെടുത്തുന്നവയായിരുന്നുവെന്ന് അക്കാഡമിക് ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സാലി ഹണ്ട് പറഞ്ഞു.

പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലകളായ ആസ്ഡയും മോറിസണ്‍സും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കുമെന്ന സൂചനയേത്തുടര്‍ന്നാണ് ചില ഉല്‍പ്പന്നങ്ങള്‍ ഇവര്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങുന്നത്. ചില ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ അലര്‍ജിയുണ്ടാക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫുഡ് സ്റ്റാന്‍ഡേഡ്‌സ് ഏജന്‍സിയാണ് വിപണിയില്‍ നിന്ന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പിന്‍വലിക്കുന്ന കാര്യം അറിയിച്ചിരിക്കുന്നത്.

മുട്ടയടങ്ങിയ ലൈല മിന്റ് സോസ് ആണ് ആസ്ഡ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഒന്ന്. ഇതില്‍ മുട്ട ഉപയോഗിച്ചിരിക്കുന്നതായി ലേബലില്‍ സൂചിപ്പിച്ചിട്ടില്ല. മുട്ടയോട് അലര്‍ജിയുള്ള ഉപഭോക്താക്കളുടെ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. മുട്ട ഉപയോഗിച്ചിരിക്കുന്നത് മനസ്സിലാക്കാതെ സോസ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. പിആര്‍210617സി2 (PR210617C2) ബാച്ച് നമ്പറുള്ള ഒരു ലിറ്ററിന്റെ പായ്ക്കറ്റിന്റെ ലേബലിലാണ് അസംസ്‌കൃത വസ്തുക്കളേക്കുറിച്ച് രേഖപ്പെടുത്താതെ വിപണിയെലെത്തിയിരിക്കുന്നത്. 2018 ജൂണ്‍ 21 വരെ കാലാവധിയുള്ള ഉല്‍പ്പന്നം മുട്ടയോട് അലര്‍ജിയുള്ള ഉപഭോക്താക്കള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവ നേരത്തെ വാങ്ങിച്ചവര്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തിരിച്ചേല്‍പ്പിച്ചാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കുന്നതാണ്.

അലര്‍ജി തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ മോറിസണ്‍സും വിപണിയില്‍ നിന്ന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. സ്വന്തം ഉല്‍പ്പന്നമായ പെന്‍ ബോളോണീസ് ബെയ്ക്കാണ് മോറിസണ്‍സ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പെന്‍ ബോളോണീസ് ബെയിക്കില്‍ സെലറി അസംസ്‌കൃത വസ്തുവായി ഉപയോഗിച്ചിരിക്കുന്ന വിവരം ലേബലില്‍ സൂചിപ്പിച്ചിട്ടില്ലെന്നതാണ് കാരണം. സെലറിയോട് അലര്‍ജിയുണ്ടാകാന്‍ സാധ്യതയുള്ള ഉപഭോക്താക്കളുടെ ആരോഗ്യത്തെ കണക്കിലെടുത്താണ് കമ്പനിയുടെ പുതിയ നീക്കം. ഫെബ്രുവരി 18 മുതല്‍ 23 വരെ വിറ്റഴിച്ചിട്ടുള്ള 400 ഗ്രാം പെന്‍ ബോളോണീസ് ബെയ്ക്കിന്റെ പായ്ക്കറ്റാണ് പിന്‍വലിക്കുന്നത്. സെലറിയോട് അലര്‍ജിക്കായ ആളുകള്‍ ഈ പ്രോഡക്ട് ഉപയോഗിക്കരുതെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മകളെ സൗന്ദര്യ റാണി ആക്കാന്‍ മാസം 500 ഡോളര്‍ മാത്രമാണ് ഈ അമ്മ ചെലവഴിച്ചത്. പിഞ്ചുകുഞ്ഞായിരുന്ന മകളിപ്പോള്‍ സൗന്ദര്യ മത്സരങ്ങളിലെ റാണിയാണ്. 32കാരിയായ ആലി പൈപ്പര്‍ ആണ് മൂന്ന് വയസുകാരിയായ റൂബിയെ സൗന്ദര്യ റാണിയാക്കി മാറ്റിയത്. ഒന്നാം വയസുമുതല്‍ റൂബി സൗന്ദര്യ മത്സരങ്ങളിലെ റാണിയാണ്.

മാഞ്ചസ്റ്ററില്‍ താമസമാക്കിയ ആലിയും കുടുംബവും മകളുടെ ഇഷ്ടവിനോദത്തിനായി ചെലവഴിക്കുന്നത് 500 ഡോളറാണ്. റൂബിക്ക് സൗന്ദര്യ മത്സരങ്ങള്‍ വലിയ ഇഷ്ടമാണ്. മത്സരങ്ങള്‍ അവളുടെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുന്നുവെന്ന് അമ്മ പറയുന്നു.

2016ലാണ് റൂബിക്ക് ആദ്യ വേദി ലഭിക്കുന്നത്. അത് അവളുടെ ആത്മവിശ്വാസത്തെ വളരെയധികം ഉയര്‍ത്തിയെന്ന് ആലി പറയുന്നു. കുട്ടിയായിരുന്നപ്പോള്‍ എനിക്ക് എല്ലാ കാര്യത്തിലും വലിയ മടി ആയിരുന്നു. ഞാന്‍ സ്‌കൂളില്‍ മറ്റ് കുട്ടികളില്‍ നിന്ന് എപ്പോഴും ഒളിച്ചുനില്‍ക്കാന്‍ ശ്രമിക്കുമായിരുന്നു. ആലി പറയുന്നു. പിന്നീട് അഭിനയത്തിനായുള്ള ക്ലാസുകളിലൂടെയാണ് എനിക്ക് ഈ ചുറുചുറുക്കും ധൈര്യവുമെല്ലാം സംഭരിക്കാനായത്. 12 വയസുകാരനായ സിജെ ആണ് ആലിയുടെ മൂത്ത മകന്‍. മകന്‍ ചെറുപ്പം മുതലേ എല്ലാ കാര്യത്തിലും മിടുക്കനായിരുന്നു പക്ഷേ റൂബിയുടെ കാര്യത്തില്‍ എനിക്ക് ഭയമായിരുന്നു. എന്റെ ചെറുപ്പം പോലെ അവളും വളരരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. അവളുടെ കംഫേര്‍ട്ട് സോണില്‍നിന്ന് മകളെ പുറത്തേക്ക് കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിച്ചു. ആ തീരുമാനമാണ് ഇപ്പോള്‍ ഈ വിജയത്തിലെത്തി നില്‍ക്കുന്നതെന്നും ആലി വ്യക്തമാക്കി.

ടോഡ്‌ലേഴ്‌സ് ആന്‍ഡ് ടിയാരാസ് എന്ന അമേരിക്കന്‍ റിയാലിറ്റി ഷോയിലൂടെയാണ് കുട്ടികള്‍ക്കുള്ള സൗന്ദര്യ മത്സരങ്ങളെക്കുറിച്ച് അറിയുന്നത്. റൂബിയെ അതുപൊലൊരു താരമായി കാണാന്‍ ആഗ്രഹിച്ചപ്പോള്‍ ഒട്ടുമടിക്കാതെ മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും ആലി പറയുന്നു. മേക്കപ്പുകളോ മറ്റ് സൗന്ദര്യ വര്‍ധക വസ്തുക്കളോ മകള്‍ക്ക് വേണ്ടി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും ആലി പറഞ്ഞു.

തുടക്കത്തില്‍ അവളും ആകെ പരിഭ്രമിച്ചിരുന്നു. എന്നാല്‍ എന്നെയും അതിശയിപ്പിച്ച് വെറും ഒരാഴ്ച കൊണ്ട് അവള്‍ ഓരോ മത്സരങ്ങളും വിജയിച്ചു. വസ്ത്രങ്ങള്‍ക്കും പ്രവേശനത്തിനുമായാണ് 500 ഡോളര്‍ ചെലവ്. വസ്ത്രങ്ങളും അവള്‍ക്ക് ചേരുന്നതാണെങ്കില്‍ വില നോക്കാതെ വാങ്ങാറുണ്ടെന്നും റൂബിയുടെ അമ്മ വ്യക്തമാക്കുന്നു.

ഇതുവരെ ഈ മൂന്ന് വയസുകാരി സ്വന്തമാക്കിയത് നിരവധി കിരീടങ്ങളും ട്രോഫികളുമാണ്. സമപ്രായത്തിലുള്ളവര്‍ അമ്മയുടെ കൈ വിടാതെ ഒതുക്കത്തോടെ ജീവിതം നയിക്കുമ്പോള്‍ സ്വതന്ത്രയായി ഫാഷന്‍ മത്സരവേദികള്‍ കീഴടക്കുകയാണ് ഈ കുഞ്ഞു താരം. മത്സരങ്ങള്‍ വിജയിക്കുമ്പോള്‍ അതിന്റെ വില എത്രത്തോളമാണെന്ന് മനസിലാക്കാന്‍ അറിയില്ലെങ്കിലും തന്റെ അമ്മയ്ക്ക് താന്‍ അഭിമാനമാണെന്ന് തെളിയിക്കുകയാണ് റൂബി.

യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു. കേരളത്തിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ചു ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് എഴുതിയ എഡിറ്റോറിയലില്‍ മതത്തെ കൂട്ടുപിടിച്ചു നടക്കുന്ന ആക്രമണത്തെയും വിമര്‍ശിക്കുന്നു. വിജു നായരങ്ങാടി എഴുതിയ ചില ജനുസുകള്‍ ഇങ്ങനെയാണ് എന്ന ലേഖനത്തില്‍ അന്തരിച്ച കവി ഡി. വിനയചന്ദ്രനെക്കുറിച്ച് ആഴത്തില്‍ മനസിലാക്കാന്‍ വായനക്കാര്‍ക്ക് കഴിയും. ജ്വാല എഡിറ്റോറിയല്‍ അംഗം കൂടിയായ ജോര്‍ജ് അറങ്ങാശ്ശേരി എഴുതുന്ന സ്മരണകളിലേക്ക് ഒരു മടക്കയാത്ര എന്ന പംക്തിയില്‍ മലയാളത്തിന്റെ പ്രിയ കവി ഓ എന്‍ വി യുടെ സാന്നിധ്യത്തില്‍ കവിത ആലപിക്കാന്‍ കിട്ടിയ അവസരത്തെകുറിച്ച് പരാമര്‍ശിച്ചു എഴുതിയത് നല്ലൊരു വായനാനുഭവം നല്‍കുന്നു.

ഷെറിന്‍ കാതറിന്റെ ‘ജൂതന്‍’, ലിജി സെബി എഴുതിയ ‘ സ്വന്തം പിറന്നാള്‍ സമ്മാനം’, പി. സത്യവതി എഴുതിയ തെലുഗു കഥയുടെ പരിഭാഷ എസ്. ജയേഷ് എഴുതിയ ‘എന്താണെന്റെ പേര്’. സജിദില്‍ മുജീബ് എഴുതിയ ‘സുറുമകണ്ണുകള്‍’ എന്നീ കഥകള്‍ വായക്കാര്‍ക്ക് വായനയുടെ പുതിയ വാതായനം തുറന്നു നല്‍കുന്നു. യുകെയിലെ എഴുത്തുകാരന്‍ മാത്യു ഡൊമിനിക് എഴുതിയ ‘എഴുത്തിന്റെ നോവുകള്‍’ എന്ന ആക്ഷേപ ഹാസ്യ രചനയും പുതുമ നിറഞ്ഞതാണ്. പ്രമുഖ സാഹിത്യകാരി സാറ ജോസഫ് എഴുതിയ ആതി എന്ന നോവലിനെക്കുറിച്ചു രശ്മി രാധാകൃഷ്ണന്‍ എഴുതിയ ‘ആതിയുടെ കയങ്ങളില്‍’ എന്ന ലേഖനം നോവലിനെക്കുറിച്ചുള്ള ഗംഭീരമായ ഒരു പഠനം തന്നെയാണ്.

മോഹന്‍ പുത്തന്‍ചിറയുടെ ‘വികസനം ‘ ഡി. യേശുദാസ് എഴുതിയ ‘ ആഴം കുറഞ്ഞു കുറഞ്ഞു..’ ഷാഫ് മുഹമ്മദിന്റെ ‘ സാവിത്രിയുടെ അരഞ്ഞാണം’ എന്നീ കവിതകളും ജ്വാലയുടെ ഉള്ളടക്കത്തെ ധന്യമാക്കുന്നു.

ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം വായിക്കാം

അന്തര്‍ദേശീയ വനിതാദിനത്തോട് അനുബന്ധിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന Walk For Womens പരിപാടിയില്‍ പങ്കെടുക്കുന്നതിന് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലിന്റെ ക്ഷണപ്രകാരം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ വനിതാ വിഭാഗം പങ്കെടുക്കും. മാര്‍ച്ച് 3ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് ആല്‍ബര്‍ട്ട് സ്‌ക്വയറില്‍ നിന്നും ആരംഭിക്കുന്ന വോക്കില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുക്കും.

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും സ്ത്രീകള്‍ക്കുള്ള വോട്ടവകാശത്തിന് 100 വയസ് തികയുകയും ചെയ്യുന്ന ഈ വര്‍ഷം അതിന് വേണ്ടി പോരാടിയ മാഞ്ചസ്റ്റര്‍ സ്വദേശിനി Emmeline Pankhurts ന്റെ ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ തെരുവുകളില്‍ എംഎംഎയുടെ പ്രതിനിധി ബിന്ദു പി കെയുടെ നേതൃത്വത്തില്‍ ആയിരിക്കും പങ്കെടുക്കുക.

കൗമാരക്കാരായ നിരവധി ഫുട്ബോൾ താരങ്ങളെ ലൈംഗീകമായി പീഡിപ്പിച്ച മുൻ ഫുട്ബോൾ പരിശീലകന് ബ്രിട്ടണിൽ 31 വർഷം തടവുശിക്ഷ. ലിവർപൂൾ ക്രൗൺ കോടതിയാണ് ഇന്നലെ മുൻ ഫുട്ബോൾ പരിശീലകൻ ബാരി ബെന്നലിനെ 31 വർഷം തടവിനു ശിക്ഷിച്ചത്.

പിശാചിന്റെ അവതാരമെന്ന് പ്രതിയെ വിശേഷിപ്പിച്ചുകൊണ്ടായിരുന്നു കോടതിയുടെ കനത്ത ശിക്ഷ. എട്ടിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള നിരവധി കുട്ടികളെ ഇയാൾ പരിശീലനത്തിന്റെ മറവിൽ ലൈംഗികമായി ദുരുപയോഗിക്കുകയും ഇതിനു വഴങ്ങാത്തവരെ ഫുട്ബോൾ കരിയറിൽനിന്നുതന്നെ ഒഴിവാക്കുകയും ചെയ്തതായാണ് പരാതി.

പന്ത്രണ്ടിലേറെപ്പെരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിധി. എന്നാൽ അമ്പതിലേറെപ്പേരെയെങ്കിലും ഇയാൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുള്ളതായാണ് കരുതുന്നത്. വരുംദിവസങ്ങളിൽ കൂടുതൽപേർ പുതിയ വെളിപ്പെടുത്തലുകളുമായി എത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് നിലവിലെ പരാതിക്കാർ.

1979 മുതൽ 1991 വരെയുള്ള കാലയളവിലായിരുന്നു ഇയാൾ കൗമാരക്കാരായ നിരവധി ഫുട്ബോൾ പ്രതിഭകളെ പീഡനത്തിന് വിധേയരാക്കിയത്. ഇതോടെ പലരുടെയും ഫുട്ബോൾ കരിയർ തന്നെ അവസാനിച്ചു. കളിതുടർന്ന പലരും മാനം രക്ഷിക്കാനായി ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചു.വർഷങ്ങൾക്കുശേഷം ഇപ്പോൾ ഓരോരുത്തരായി ഇക്കാര്യം തുറന്നടിച്ച് രംഗത്തുവന്നതോടെയാണ് ലോകമറിയുന്ന പരിശീലകന്റെ അറിയാകഥകൾ പുറത്തായതും കോടതി ഇയാളെ ശിക്ഷിച്ചതും

ബ്രെക്‌സിറ്റ് പരിവര്‍ത്തന കാലത്തിനുള്ളില്‍ ബ്രിട്ടനിലെ ഫാമിംഗ് വ്യവസായം ഇല്ലാതാകുമെന്ന് കോമണ്‍സ് കമ്മറ്റിയുടെ മുന്നറിയിപ്പ്. ഇക്കാലയളവില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില ഗണ്യമായി വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും കോമണ്‍സ് കമ്മറ്റി മുന്നറിയിപ്പ് നല്‍കുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള പുതിയ സ്വതന്ത്ര വ്യാപാരക്കരാര്‍ സ്ഥാപിക്കാന്‍ 2020 അവസാനം വരെ സമയമുണ്ടെന്നത് മാത്രമാണ് ആശ്വസിക്കാന്‍ വകനല്‍കുന്നതെന്നും കോമണ്‍സ് സര്‍വകക്ഷി ഫുഡ് ആന്റ് റൂറല്‍ അഫേയേര്‍സ് കമ്മറ്റി പറഞ്ഞു.

ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ദ്ധനവ് സൃഷ്ടിക്കുന്ന ആഘാതത്തില്‍നിന്ന് ഉപഭോക്താക്കളെയും വ്യാപാരികളെയും സംരക്ഷിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് കമ്മറ്റി ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രോസണ്‍ കോഴിയിറച്ചി വിലയില്‍ 87 ശതമാനവും ചെഡാര്‍ ചീസ് വിലയില്‍ 42 ശതമാനവും, ഗ്രേറ്റഡ് ചീസ് വിലയില്‍ 50 ശതമാനവും വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപുലമായ വിധത്തിലുള്ള സ്വതന്ത്ര വ്യാപാര ബന്ധവും ഉപഭോക്തൃ ബന്ധവുമാണ് യുറോപ്യന്‍ യൂണിയനുമായി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ അത്തരമൊരു വ്യാപാര ബന്ധം സ്ഥാപിക്കാന്‍ കഴിയുമോയെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നും കോമണ്‍സ് കമ്മറ്റി പറയുന്നു.

ബ്രെക്‌സിറ്റോടെ യൂറോപ്യന്‍ യൂണിയന്‍ സബ്‌സിഡികള്‍ നഷ്ടമാകുകയും ലോക വ്യപാരാ സംഘടനയുടെ നിയമമനുസരിച്ച് വരാന്‍ സാധ്യതയുള്ള വര്‍ദ്ധിച്ച താരിഫും കണക്കിലെടുത്ത് കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കമ്മറ്റി പറയുന്നു. കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ പുതിയ സാമ്പത്തികപദ്ധതികള്‍ കൊണ്ടുവരണമെന്ന് കമ്മറ്റി പറയുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കസ്റ്റംസ് പരിശോധനകളിലുണ്ടാകുന്ന കാലതാമസം മൂലം നശിക്കാനിടയുണ്ടെന്നും അവ കൃത്യ സമയത്ത് യഥാസ്ഥലങ്ങളില്‍ എത്തുന്നില്ലെന്നും കമ്മറ്റി മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ ഉല്‍പാദന മേഖലയ്ക്ക് കാര്യമായി സംഭാവനകള്‍ നല്‍കാന്‍ കഴിയാത്തതാണ് പ്രധാന പ്രശ്‌നങ്ങള്‍ക്ക് കാരണം. രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഭക്ഷ്യ പാദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കാര്‍ഷിക മേഖലയ്ക്ക് കഴിയാത്തത് കാരണമാണ് ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നത്. ഭക്ഷ്യധാന്യങ്ങള്‍ ക്ഷീര ഉത്പ്പന്നങ്ങള്‍ തുടങ്ങിയവയുടെ വിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കമ്മറ്റി വ്യക്തമാക്കി. വില വര്‍ദ്ധനവ് മാംസ മേഖലയെക്കൂടി ബാധിക്കാന്‍ സാധ്യതയുണ്ട്.

ചിക്കൻ സ്റ്റോക്ക് തീർന്നതോടെ ബ്രിട്ടനിലെ പ്രധാനപ്പെട്ട ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്സിയുടെ അറുന്നൂറോളം ഔട്ട്ലറ്റുകൾക്ക് പൂട്ടുവീണു. രാജ്യത്ത് ആകെയുള്ള 900 ഫ്രാഞ്ചൈസികളിൽ ഭൂരിഭാഗവും പൂട്ടി.അടുത്ത വാരാന്ത്യത്തോടെയെങ്കിലും പ്രതിസന്ധി പരിഹരിച്ച് ഭക്ഷണശാലകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎഫ്സി അധൃകൃതർ. എന്നാൽ ഇക്കാര്യം ഇവർ സ്ഥിരീകരിക്കുന്നില്ല.

ചിക്കൻ വിതരണത്തിന് പുതുതായി കരാർ എടുത്ത ഡിഎച്ച്എൽ കമ്പനിയുടെ വിതരണ സംവിധാനത്തിൽ വന്ന പാളിച്ചയാണ് ഫ്രാഞ്ചൈസികളിൽ സമയത്ത് വേണ്ടത്ര ചിക്കൻ എത്താതിരിക്കാൻ കാരണം. ഔട്ട്ലറ്റുകൾ പ്രവർത്തനം നിർത്തിയതോടെ ജീവനക്കാരോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ആരെയും നിർബന്ധിക്കുന്നില്ല. ജീവനക്കാർക്ക് ശമ്പളവും കൃത്യമായി നൽകുമെന്നാണ് കെഎഫ്സിയുടെ വിശദീകരണം. എന്നാൽ പൂട്ടിയ ഔട്ട്ലറ്റുകൾ ഭൂരിഭാഗവും സ്വകാര്യ ഫ്രാഞ്ചൈസികളായതിനാൽ ഇവരുടെ ശമ്പളക്കാര്യത്തിൽ അന്തിമ തീരുമാനം ഫ്രാഞ്ചൈസി ഉടമസ്ഥരുടേതാകും.

Image result for kfc- london 600 shop closed

കെഎഫ്സി ചിക്കൻ ഒഴിച്ചുകൂടാനാകാത്തവർക്ക് കെഎഫ്സി വെബ്‌സൈറ്റ് സന്ദർശിച്ച് അടുത്തുള്ള പ്രവർത്തനസജ്ജമായ ഔട്ട്ലറ്റ് കണ്ടെത്താനും സൗകര്യം ഏർപ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്ചയോടെയാണ് കെഎഫ്സിയുടെ പ്രവർത്തനം താളംതെറ്റിത്തുടങ്ങിയത്. അതുവരെ സൌത്ത് ആഫ്രിക്കൻ വിതരണ കമ്പനിയായ ബിഡ്‌വെസ്റ്റ് ആയിരുന്നു ഔട്ട്ലറ്റുകളിൽ ചിക്കനും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചിരുന്നത്. ഇവരുടെ കരാർ അവസാനിപ്പിച്ച് വിതരണച്ചുമതല ഡിഎച്ച്എല്ലിനെ ഏൽപിച്ചതോടെയാണ് കാര്യങ്ങൾ തകരാറിലായത്. ഇവർക്ക് രാജ്യത്തിന്റെ പലഭാഗത്തും അയർലൻഡിലും ആവശ്യത്തിന് ചിക്കൻ എത്തിക്കാൻ കഴിഞ്ഞില്ല. ഇതോടെ ശാഖകൾ ഓരോന്നായി പൂട്ടേണ്ട സ്ഥിതിയായി.

പുതിയ ഡെലിവറി പാർട്നറുടെ ഭാഗത്തുനിന്നുള്ള വീഴ്ച മനസിലാക്കി പ്രശ്നം പരിഹരിക്കാൻ സാധിക്കുംമുമ്പേ സ്റ്റോക്ക് തീർന്ന് ശാഖകൾ പലതും തുറക്കാനാകാത്ത സ്ഥിതിയായതാണ് പ്രശ്നം ഗുരുതരമാക്കിയത്. അടുത്തു തന്നെ പ്രശ്നം പരിഹരിക്കുമെന്ന് കെഎഫ്സി അധികൃതർ അറിയിച്ചു

പതിനെട്ട് വയസ്സിനു താഴെയുള്ള ഡ്രൈവിംഗ് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ചൂഷണമായി കണക്കാക്കും. ഡ്രൈവര്‍ ആന്റ് വെഹിക്കിള്‍ സ്റ്റാഡേര്‍ഡ് ഏജന്‍സി രജിസ്ട്രാര്‍ ജാക്കി ടേര്‍ലാന്റ് ആണ് പുതിയ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെങ്കില്‍ പോലും ചൂഷണമായി കണക്കാക്കുമെന്ന് ടേര്‍ലാന്റ് അറിയിച്ചു. തങ്ങളുടെ സ്ഥാനത്തിന്റെ വിശ്വാസ്യതയാണ് ഇപ്രകാരം ചെയ്യുന്നതിലൂടെ ഇന്‍സ്ട്രക്ടര്‍മാര്‍ നശിപ്പിക്കുന്നത്. വിശ്വാസ വഞ്ചന കാണിക്കുന്ന ഇന്‍സ്ട്രക്ടര്‍മാരെ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ പദവില്‍ നിന്നും നീക്കം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

സുരക്ഷിതമായി വാഹനമോടിക്കുവാന്‍ ആളുകളെ പ്രാപ്തരാക്കുകയെന്നതാണ് ഡ്രൈവര്‍ ആന്റ് വെഹിക്കിള്‍ സ്റ്റാഡേര്‍ഡ് ഏജന്‍സിയെ സംബന്ധിച്ചിടത്തോളം പ്രധ്യാന്യമുള്ള കാര്യമെന്ന് ഡിവിഎസ്എയുടെ കൗണ്ടര്‍ ഫ്രോഡ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍സ് മേധാവി ആന്‍ഡി റൈസ് പറയുന്നു. ഡ്രൈവിംഗ് വിദ്യാര്‍ത്ഥികളുടെ സുരക്ഷ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. വീഴ്ച്ച വരുത്തുന്നത് അനുവദിക്കാന്‍ കഴിയുന്നല്ല. വീഴ്ച്ചകള്‍ ഉണ്ടായതായി പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും വേണ്ടി വന്നാല്‍ പോലീസ് സഹായം തേടുമെന്നും റൈസ് പറയുന്നു.

ഡ്രൈവിംഗ് വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ പ്രവര്‍ത്തിക്കുയാണെങ്കില്‍ അവരെ ഔദ്യോഗിക പദവിയില്‍ തുടരാന്‍ അനുവദിക്കില്ല. അത്തരം വീഴ്ച്ചകള്‍ വരുത്തുന്ന ഇന്‍സ്ട്രക്ടര്‍മാര്‍ തങ്ങളുടെ ജോലിയില്‍ തുടരാന്‍ അര്‍ഹരെല്ലെന്നും ആന്‍ഡി റൈസ് പറയുന്നു. 2016-17 കാലഘട്ടത്തില്‍ ലൈംഗിക അതിക്രമ പരാതികള്‍ ഉള്‍പ്പെടെയുളള ഏതാണ്ട് 109 ഓളം കേസുകളാണ് ഇന്‍സ്ട്രക്ടര്‍മാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. നാല് വര്‍ഷം കൂടുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച ഓഡിറ്റിംഗും നടക്കാറുണ്ട്.

പതിനെട്ടു വയസു തികയാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ക്ലബ് മുന്‍ ക്യാപ്റ്റന് രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷ. ചെസ്റ്റര്‍ ബൗട്ടണ്‍ ഹാള്‍ ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റനായിരുന്ന ലീ ഫ്രാന്‍സിസ് ഡിക്‌സനാണ് ജയിലഴിക്കുള്ളിലായത്. മൂന്ന് കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചതായി ഡിക്‌സണ്‍ കുറ്റസമ്മതം നടത്തി. ഇതേത്തുടര്‍ന്നാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.

സംഭവങ്ങളെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതിന് പുറമെ ഡിക്‌സന്റെ വീടും നഷ്ടമായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ജഡ്ജ് പാട്രിക് തോംസണ്‍ വിധി പ്രസ്താവിച്ചപ്പോള്‍ മുന്‍ ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റന്‍ ആത്മസംയമനം കൈവിട്ടു.

സ്‌കൂളിലെ ജീവനക്കാരനായി ജോലി ചെയ്യവെയാണ് ലീ വിശ്വാസ ലംഘനം നടത്തിയതെന്ന് കോടതി കണ്ടെത്തി. എന്നാല്‍ ഇര ഡിക്‌സണോട് സ്‌കൂളിലെ കാര്യങ്ങളും, ക്യാന്റീനെക്കുറിച്ചും പറഞ്ഞതിന് പുറമെ സര്‍ എന്നു വിളിച്ച് അഭിസംബോധന ചെയ്തതുമാണ് പ്രോസിക്യൂട്ടര്‍ കെവിന്‍ ജോണ്‍സ് ചൂണ്ടിക്കാണിച്ചത്. അതേസമയം സ്‌കൂളില്‍ അധ്യാപകന്റെ റോളല്ല ഡിക്‌സണ്‍ നിര്‍വ്വഹിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.

സ്‌കൂളിന് പുറത്ത് നൈറ്റ് ക്ലബില്‍ വെച്ചാണ് മുന്‍ താരവും ഇരയായ വിദ്യാര്‍ത്ഥിയും കണ്ടുമുട്ടിയത്. 2017 ഏപ്രിലില്‍ സംഭവം അരങ്ങേറുമ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved