ക്രിസ്മസ് ക്രിസ്ത്യാനികള്‍ക്കു മാത്രമല്ല, എല്ലാ ജനതകള്‍ക്കും ഉള്ള സുവിശേഷമാണ്. ആ ദിവ്യജനനം പല സമസ്യകള്‍ക്കുമുള്ള ഉത്തരമായിരുന്നു. ക്രിസ്മസ് എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഒരുപാട് ഓർമ്മകളുടെ വസന്തകാലമാണ്. ക്രിസ്മസ് അലങ്കാരങ്ങൾ അതിൽ പ്രധാപ്പെട്ട ഒന്നാണ്. ആഘോഷത്തിന്റെ ഓർമ്മകൾ നമ്മുടെ ജീവിതത്തിലേക്ക് ഓടിയെത്തുന്നു. ക്രിസ്തുദേവന്റെ ജനനം നാം ആഘോഷിക്കപ്പെടുമ്പോൾ നമ്മുടെ കുട്ടികൾക്കുള്ള വിശ്വാസപരിശീലനത്തിന്റെ ആദ്യക്ഷരങ്ങളാകുന്നു. അലങ്കാരങ്ങൾ പല തരത്തിൽ പ്രത്യക്ഷപ്പെടുന്നു… നക്ഷത്രങ്ങൾ, മനോഹരമായ നിറങ്ങളോടുകൂടിയ ബൾബുകൾ, ക്രിസ്മസ് ട്രീ എന്നിവയെല്ലാം ഇതിൽ ചിലതുമാത്രം.. എന്നാൽ ഇവയെല്ലാം സമന്വയിപ്പിച്ചു കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്റെ ഓർമ്മക്കായ് പുൽക്കൂടുകൾ നിർമ്മിക്കപ്പെടുബോൾ അതിൽ അത്യുത്സാഹം കാണിക്കുന്നത് കുട്ടികൾ തന്നെയാണ്.. പ്രവാസജീവിതത്തിൽ പുൽക്കൂടുകൾ ഉണ്ടാക്കാൻ സമയം കണ്ടെത്തുക അൽപം പ്രയാസമുള്ള കാര്യമാണ്. എന്നിരുന്നാലും നമ്മുടെ പ്രവാസജീവിതത്തിൽ സമയം കണ്ടെത്തി നമ്മുടെ ജീവിതത്തിലെ നല്ല ഓർമ്മകൾ സ്വന്തം കുട്ടികൾക്ക് പകർന്നുനൽകുവാൻ ഏറ്റവും അധികം ശ്രമിക്കന്നവരിൽ മലയാളികൾ മുൻപിൽ തന്നെ.. അത്തരത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന പുൽക്കൂട്മത്സരം എന്തുകൊണ്ടും എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു. അതിമോഹരമായ കരവിരുതുകൾ പുറത്തുവന്നപ്പോൾ പുൽക്കൂട് മത്സരം കടുത്തതായി.. അവസാന ഫലം പുറത്തുവന്നപ്പോൾ ഒന്നാം സമ്മാനമായി റിജോ ജോൺ സ്പോർസർ ചെയ്ത £100 ഡും, ടി ജി ജോസഫ് മെമ്മോറിയൽ എവർറോളിങ് ട്രോഫി ജെയിംസ് ആൻറണി കരസ്ഥമാക്കിയപ്പോൾ ജോഷി വർഗ്ഗീസ് സ്പോൺസർ ചെയ്ത £75 ഉം മേലേത്ത് വർഗ്ഗീസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും ജോസ് ആൻറണി നേടിയെടുത്തു. മൂന്നാം സമ്മാനമായി ജോസ് വർഗ്ഗീസ് സ്പോൺസർ ചെയ്ത £50 ഉം ൈകമഠം തുരുത്തിൽ ഔസേപ്പ് വർഗ്ഗീസ് മെമ്മോറിയൽ എവർറോളിങ് ട്രോഫി ഡേവിഡ് എബ്രഹാം നേടിയെടുത്തു. ക്രിസ്മസ് കുർബാനക്ക് ശേഷം മാസ്സ് സെന്റിന്റെ നേതൃത്വം വഹിക്കുന്ന ഫാദർ ജയ്സൺ കരിപ്പായി സമ്മാനങ്ങൾ വിതരണം ചെയ്തു . പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.ആഘോഷങ്ങൾ നല്ലതെങ്കിലും അതിന്റെ പൂർണ്ണത നേടുവാൻ ചില നല്ല ചിന്തകൾ കൂടി നമ്മൾ കുട്ടികൾക്കായി പങ്കുവയ്ക്കേണ്ടതുണ്ട്. ക്രിസ്മസിന്റെ ചൈതന്യം ആഡംബരത്തിലല്ല, ലാളിത്യത്തിന്റെ സൗകുമാര്യത്തിലാണ് അനുഭവിക്കേണ്ടത് എന്ന് മനസിലാക്കികൊടുക്കുവാൻ മറന്നുപോകരുത്. പരിമിതമായ സൗകര്യങ്ങള്‍ പരാതി കൂടാതെ സ്വീകരിക്കാന്‍ സാധിക്കുന്ന മാനസികാവസ്ഥ കുട്ടികൾക്ക് അപരിചിതമാവരുത്. അനവധിയാളുകള്‍ ദാരിദ്ര്യത്തിലും മരണഭയത്തിലും കഴിയുമ്പോൾ സുഖലോലുപതയും ധൂര്‍ത്തും നമ്മെയും നമ്മുടെ കുട്ടികളെയും കീഴ്പ്പെടുത്താതിരിക്കട്ടെ. പങ്കുവയ്ക്കലിന്റെയും പരസഹായത്തിന്റെയും പാഠങ്ങളാണു യേശു നല്‍കിയത്. ക്രിസ്മസ് നല്കുന്നതു സ്വാര്‍ഥതയില്ലാത്ത ഉള്‍ച്ചേരലിന്റെയും വിശാലമായ കാഴ്ചപ്പാടുകളുടെയും ചൈതന്യമാണ് എന്ന കാര്യം മറക്കാതിരിക്കുക.ശാന്തരാത്രിയാണു വിശുദ്ധരാത്രിയായത്. ബലിയല്ല, കരുണയാണു ദൈവപുത്രന് ആവശ്യപ്പെട്ടത്. യേശു ജനിച്ച പ്രശാന്ത രാത്രിയുടെ ഓര്‍മയിലൂടെ സമാധാനത്തിന്റെയും കരുണയുടെയും അലൗകിക പ്രഭ നമ്മളിലേക്കും നമ്മുടെ കുട്ടികളിലേയ്ക്കും പടരണം. ക്രിസ്മസ് ഒരു ദിവ്യജനനത്തിന്റെ അനുസ്മരണം മാത്രമല്ല, സംസ്കാരോദയത്തിന്റെ വിളംബരംകൂടിയാണ്. ജീവരക്ഷയ്ക്ക് ഉണ്ണിയേശു പലായനം ചെയ്യേണ്ടിവന്നു. അഭയം തേടുന്നവര്‍ക്കെതിരേ അതിര്‍ത്തിയില്‍ മുള്ളുകമ്പികൾ തീര്‍ക്കുന്നവരുണ്ട്; വാതില്‍പ്പാളികള്‍ കൊട്ടിയടയ്ക്കുന്നവരുണ്ട്. യൂറോപ്പിലെ ക്രസ്തവ ഇടവകകള്‍ ഒരു അഭയാര്‍ഥികുടുംബത്തെയെങ്കിലും ദത്തെടുക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ വർഷം അഭ്യര്‍ഥിച്ചത് പൂല്‍ക്കൂടിന്റെ ചൈതന്യം ഉള്‍ക്കൊണ്ടാണ്. യൂറോപ്പിലെ ജീവിതത്തിലെ ആഘോഷവേളകളിൽ ഉള്ള സമ്മാന പെരുമഴയിൽ നമ്മുടെ കുട്ടികൾ വീണുപോവാതെ സൂക്ഷിക്കാൻ നമുക്കാവട്ടെ. പുതുവർഷത്തിലേക്കു നാം സഞ്ചരിക്കുമ്പോൾ നമ്മുടെ ചിന്താഗതികൾ മാറ്റുവാൻ കെൽപ്പുള്ളതായിരിക്കട്ടെ ഇത്തരം ക്രിസ്മസ് ചിന്തകൾ…
സണ്ണിമോന്‍ മത്തായി
കേരള ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഈമാസം 30ന് വാട്ഫോര്‍ഡില്‍ നടക്കും. ഹോളിവെല്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെ നീളുന്ന ആഘോഷത്തില്‍ വിവിധ ഇനം കലാപരിപാടികള്‍, ഗാനമേള, മാജിക് ഷോ തുടങ്ങിയ ഒരു ദൃശ്യവിരുന്നു തന്നെയാണ് ഒരുക്കുന്നത്. വിഭവ സമൃദ്ധമായ സദ്യയും ഇതോടൊപ്പം ഉണ്ടാകും. ആഘോഷത്തിലൂടെ സമാഹരിക്കുന്ന തുക സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് നല്‍കും.
വ്യത്യസ്തമായ പ്രവര്‍ത്തന ശൈലികൊണ്ടും, ജനപിന്തുണ കൊണ്ടും യുകെയില്‍ ഏറെ പ്രശസ്തമായ സംഘടനയാണ് കേരള ചാരിറ്റബിള്‍ ഫൗണ്ടേഷന് (കെസിഎഫ്). സാമൂഹ്യസേവനത്തിനായി രൂപീകൃതമായ ഈ ചാരിറ്റബിള്‍ ഗ്രൂപ്പ് കുറഞ്ഞ കാലയളവില്‍ തന്നെ ഏറെ സേവനങ്ങള്‍ ചെയ്തു കഴിഞ്ഞു. ഓണം, വിഷു, ക്രിസ്തുമസ്, ന്യൂ ഇയര്‍ പോലുള്ള ദിനങ്ങളോടനുബന്ധിച്ചും മറ്റ് കലാസാംസ്കാരിക പരിപാടികളിലൂടെയും യുകെയിലുള്ള മലയാളികളെ ഒരുമിച്ച് ചേര്‍ത്ത് അവരിലൂടെ ലഭിക്കുന്ന ചെറിയ തുകകള്‍ സമാഹരിച്ചും അതോടൊപ്പം സാമൂഹ്യ സേവന തത്പരായ വ്യക്തികളില്‍ നിന്നും ലഭിക്കുന്ന സംഭാവനകളിലൂടെയുമാണ് ഇവര്‍ മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ മുന്നിട്ടിറങ്ങുന്നത്.
ഈ അവസരത്തില്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്ന ആദിവാസിമേഖലയിലുള്ള ആളുകളുടെ ഉന്നമനത്തിനായി 1200 പൗണ്ടിന്റെ ചെക്ക് കൈമാറാന്‍ കഴിയുന്നതും ആഘോഷവേദിയില്‍ വച്ച് വാട്ട്ഫോഡ് പീസ് ഹോസ്പൈസിന് 501 പൗണ്ടിന്റെ ചെക്ക് കൈമാറുന്നതും കെസിഎഫിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഭാഗങ്ങളാണ്. ഇത്തവണത്തെ ക്രിസ്തുമസ് ന്യുഇയര്‍ ആഘോഷവേളയില്‍ അതിന്റെ ഭാഗമാകാന്‍ വന്‍ ജനാവലി തന്നെ എത്തിച്ചേരുമെന്ന് സംഘാടകര്‍ അറിയിച്ചു. യുകെയിലെ പ്രമുഖ ഓണ്‍ലൈന്‍ പത്രമായ മലയാളം യുകെ തയ്യാറാക്കിയ 2018ലെ കലണ്ടര്‍ വിതരണവും ചടങ്ങില്‍ നടത്തുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സണ്ണിമോന്‍ മത്തായി – 07727993229,
സിബി തോമസ് – 07886749305
2016ലെ ക്രിസ്തുമസ് കാലം യുകെ മലയാളികള്‍ക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ മനോഹരമായ ഒരു സംഗീത സന്ധ്യ സമ്മാനിച്ച് കൊണ്ടായിരുന്നു കടന്നു പോയത്. സ്വര്‍ഗ്ഗീയ സംഗീത മാധുരിയില്‍ യുകെ മലയാളികള്‍ അഭിരമിച്ചപ്പോള്‍ അത് വഴി കേരളത്തിലെ വിവിധ ജില്ലകളിലായി അഞ്ചു കുടുംബങ്ങള്‍ക്ക് ദുരിതക്കനലില്‍ നിന്ന് ആശ്വാസവും നല്‍കിയായിരുന്നു കഴിഞ്ഞ വര്‍ഷം ബര്‍മിംഗ് ഹാമില്‍ ഗ്ലോറിയ 1 സമാപിച്ചത്. ഗ്ലോറിയ 1 പ്രോഗ്രാമില്‍ നിന്ന് ലഭിച്ച തുകയും സംഘാടകരില്‍ ഒരാളായ മോനി ഷിജോ രചിച്ച ഗാനങ്ങള്‍ അടങ്ങിയ സിഡി വില്പനയിലൂടെ ലഭിച്ച വരുമാനവും ചേര്‍ത്ത് കേരളത്തിലെ അഞ്ച് നിര്‍ധന കുടുംബങ്ങളെ സഹായിക്കുകയായിരുന്നു ചെയ്തത്. രോഗവും കടബാദ്ധ്യതയും മൂലം ജീവിതം വഴിമുട്ടി നിന്നവര്‍ക്ക് ആയിരുന്നു ആശ്വാസ ധനം എത്തിച്ച് നല്‍കിയത്.
ഈ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കിടയിലും വേറിട്ടൊരു അനുഭവമായി മാറിക്കൊണ്ട് ഗ്ലോറിയ 2 ഡിസംബര്‍ 29ന് ബര്‍മിംഗ്ഹാമില്‍ അരങ്ങേറുകയാണ്. ഇസ്രായേലിന് നാഥനായി വാഴുമേക ദൈവം….. എന്ന പ്രശസ്തമായ ക്രിസ്ത്യന്‍ ഗാനത്തിന്റെ ശില്പിയും രണ്ടായിരത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് ഈണമിട്ട പ്രശസ്ത സംഗീത സംവിധായകന് പീറ്റര്‍ ചേരാനല്ലൂരും, ചിന്ന ചിന്ന ആസൈ……. എന്ന എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ച തെക്കേ ഇന്ത്യയുടെ സ്വന്തം വാനമ്പാടി മിന്മിനിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ”സ്നേഹ സങ്കീര്‍ത്തനം’ എന്ന ഗാനസന്ധ്യയാണ് ഗ്ലോറിയ 2വിന്റെ ഭാഗമായി ബര്‍മിംഗ്ഹാമില്‍ അരങ്ങേറുന്നത്.
സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും അകമഴിഞ്ഞ സഹകരണത്താല്‍ വന്‍വിജയമായി മാറിയ ഗ്ലോറിയ 1ന് നല്കിയ അതേ പിന്തുണ ഇത്തവണയും ഉണ്ടാവണമെന്നും അത് വഴി കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തീരുവാനുള്ള പുണ്യം വീണ്ടും എല്ലാവര്ക്കും ലഭിക്കുവാന്‍ ഗ്ലോറിയ 2 വിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു. റെഡിച്ചിലെയും യാര്ഡ്ലിയിലെയും കൊച്ച് കലാകാരികള്‍ ഉള്‍പ്പെടെ അണി നിരന്ന് മനോഹരമാക്കിയ ഗ്ലോറിയ 1ന് സഹകരണം നല്കിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു എന്നും ഒരിക്കല്‍ കൂടി അതേ പിന്തുണ നല്‍കണമെന്നും അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിക്കുന്നു.
ഡിസംബര്‍ 29 വെള്ളിയാഴ്ച വൈകുന്നേരം 6.00 മണിക്കാണ് ‘സ്നേഹ സങ്കീര്‍ത്തനം’ എന്ന പേരില്‍ ഗ്ലോറിയ 2 അരങ്ങേറുന്നത്.
വേദിയുടെ വിലാസം :
The Crown,
1069 Tyburn Road,
Erdington B23 0TH
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷിജോ ജോസഫ്: 07958182362
ജിബി ജോര്‍ജ്ജ്: 07877688059
മോനി ഷിജോ: 07446974144
വിദേശവിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവസരങ്ങളുടെ ജാലകം തുറന്ന് യുകെ ഇമിഗ്രേഷന്‍ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നു. പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ജനുവരി 11 മുതല്‍ പ്രാബല്യത്തില്‍ വരും. കോഴ്സ് പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ടിയര്‍ 2 വര്‍ക്ക് വിസയിലേക്ക് മാറാമെന്നതിനാല്‍ ഇത് ഒട്ടേറെ പേര്‍ക്ക് പ്രയോജനപ്രദമാകും. ബ്രക്സിറ്റിന് ശേഷം യൂറോപ്യന്‍ ജോലിക്കാരില്‍ നിന്നുമുള്ള മത്സരം കുറയുമെന്നതിനാല്‍ യുകെയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കാനും പുതിയ മാറ്റങ്ങള്‍ വഴിയൊരുക്കും.
ജനുവരി 11 മുതല്‍ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ യുകെയില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഫലപ്രദമായ സൗകര്യങ്ങള്‍ ലഭ്യമാകും. പുതിയ നിയമങ്ങള്‍ അനുസരിച്ച് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ടിയര്‍2- സ്കില്‍ഡ് വര്‍ക്കര്‍ വിസയിലേക്ക് മാറാം. നിലവില്‍ ഡിഗ്രി ലഭിച്ച ശേഷം മാത്രമേ ടിയര്‍ 2 വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയൂ. യുകെയില്‍ തുടരുമ്പോള്‍ പെട്ടെന്ന് തന്നെ ജോലി അന്വേഷിക്കാനുള്ള അവസരമാണ് ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തുറന്നുകിട്ടുന്നത്.
അതായത് ഒരു പിജി ഡിഗ്രി കോഴ്സിന് പഠിക്കുന്നവര്‍ക്ക് തീസിസ് മാര്‍ക്ക് ലഭിക്കുന്നത് വരെ അല്ലെങ്കില്‍ കോഴ്സ് പൂര്‍ത്തിയാക്കി ഡിഗ്രി ലഭിക്കുന്നത് വരെ കാത്തിരിക്കണമെന്ന നിബന്ധനയാണ് വഴിമാറുന്നത്. ഇതോടെ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ടിയര്‍ 2 വിസയിലേക്ക് മാറാനുള്ള അവസരമാണ് കൈവരുന്നത്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനാണ് ഈ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയ്ക്ക് വേണ്ടി പ്രധാനമായും വാദിച്ചത്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നത് പ്രതിസന്ധിയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു. ഗ്രാജുവേഷന് ശേഷം 12 മുതല്‍ 24 മാസം വരെ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കണമെന്നായിരുന്നു സാദിഖ് ഖാന് ആവശ്യപ്പെട്ടത്.
എന്നാല്‍ തല്‍ക്കാലത്തേക്ക് ഇത്രയും അവസരങ്ങള്‍ യുകെ അനുവദിച്ചിട്ടില്ല. യുകെ യൂണിവേഴ്സിറ്റികളും, സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് മാറ്റങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്റ്റുഡന്റ് വിസ എന്നറിയപ്പെടുന്ന ടിയര്‍4 വിസകള്‍ കോഴ്സ് കാലാവധിയും, അതിന് ശേഷം ഏതാനും മാസങ്ങളിലേക്കും മാത്രം അനുവദിക്കുന്നതിനാല്‍ യുകെയില്‍ ജോലി നേടാന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചിരുന്നില്ല. 12 മാസത്തില്‍ അധികമുള്ള ദീര്‍ഘകാല കോഴ്സുകള്‍ക്ക് പലപ്പോഴും കോഴ്സ് കാലാവധിയേക്കാള്‍ 4 മാസം അധികം പ്രാബല്യമുള്ള വിസ മാത്രമാണ് അനുവദിക്കാറുള്ളത്. ഈ സമയം കൊണ്ട് ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വരാജ്യത്തേക്ക് മടങ്ങേണ്ടതായി വരും.
ഇതോടെ നിലവില്‍ ടിയര്‍ 4 വിസയില്‍ നിന്നും ടിയര്‍ 2-വിലേക്ക് മാറാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഡിഗ്രി ലഭിക്കാത്തതും, സ്റ്റുഡന്റ് വിസ കാലാവധി അവസാനിക്കുന്നതും വിദ്യാര്‍ത്ഥികളെ യുകെയില്‍ നിന്നും അകറ്റിയിരുന്നു. കൂടാതെ ബ്രക്സിറ്റിന്റെ പ്രത്യാഘാതം ഏത് തരത്തിലാകും വിദേശ വിദ്യാര്‍ത്ഥികളുടെ വര്‍ക്ക് വിസയെ ബാധിക്കുകയെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിരീക്ഷിക്കണമെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. ബ്രക്സിറ്റിന് ശേഷം യൂറോപ്യന്‍ ജോലിക്കാരില്‍ നിന്നുമുള്ള മത്സരം കുറയുമെന്നതിനാല്‍ യുകെയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നേടാനുള്ള അവസരം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ.
ലണ്ടന്‍: യുകെയില്‍ തുടരുന്ന വീട്, പ്രോപ്പര്‍ട്ടി വിലക്കയറ്റം 2018ല്‍ കുറയുമെന്ന് വിദഗ്ദ്ധര്‍. ബ്രെക്സിറ്റും ബ്രിട്ടനിലെ ഉയരുന്ന പലിശനിരക്കും പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന്റെ കുതിപ്പിന് കടിഞ്ഞാണിടുമെന്നാണ് വിലയിരുത്തല്‍. 2017 ഒട്ടും ആശാവഹമല്ലാത്ത വര്‍ഷമെന്നായിരുന്നു വിശേഷിപ്പിക്കപ്പെട്ടത്. 2018ല്‍ കൂടിയ വിലയ്ക്ക് വീടുകളും വസ്തുക്കളും വില്‍ക്കാമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് അതിന് കഴിയാന്‍ ഇടയില്ലെന്നാണ് പ്രവചനം. അടുത്ത വര്‍ഷം പ്രോപ്പര്‍ട്ടി വിലകള്‍ സ്ഥിരമായി നില്‍ക്കാനാണ് സാധ്യത. വര്‍ദ്ധനയുണ്ടായാലും 1 ശതമാനത്തില്‍ കൂടുതല്‍ അതിനുള്ള സാധ്യതയും വിരളമാണ്.
കഴിഞ്ഞ ഒരു ദശകത്തിനിടെ 70 ശതമാനം വര്‍ദ്ധവാണ് ലണ്ടനിലെ പ്രോപ്പര്‍ട്ടി വിലയില്‍ ഉണ്ടായതെന്ന് സാവില്‍സ് എന്ന എസ്റ്റേറ്റ് ഏജന്‍സി വ്യക്തമാക്കുന്നു. തലസ്ഥാനത്തെ പ്രോപ്പര്‍ട്ടി വില ഇനി ഇടിയാനാണ് സാധ്യതയെന്നാണ് പുതിയ പ്രവചനം പറയുന്നത്. യുകെയിലെ ശരാശരി പ്രോപ്പര്‍ട്ടി വിലക്കയറ്റം ഇപ്പോള്‍ 1 ശതമാനം മാത്രമാണ്. അതായത് പ്രോപ്പര്‍ട്ടി വില യഥാര്‍ത്ഥത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018ല്‍ വില സ്ഥിരതയുണ്ടാകുമെന്ന് നേഷന്‍വൈഡും വ്യക്തമാക്കുന്നു.
എന്നാല്‍ 3 ശതമാനം വരെ വര്‍ദ്ധയ്ക്ക് സാധ്യതയുണ്ടെന്നാണ് ഹാലിഫാക്സ് വിലയിരുത്തുന്നത്. ദേശീയ തലത്തില്‍ പ്രോപ്പര്‍ട്ടി വില 1.3 ശതമാനം ഉയരുമെന്ന് ഹൗസിംഗ് മാര്‍ക്കറ്റ് വിദഗ്ദ്ധര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനില്‍ പ്രവചിക്കപ്പെടുന്നത് 0.3 ശതമാനം ഇടിവാണ്. എങ്കിലും വില്‍പ്പനയ്ക്കുള്ള വീടുകള്‍ കുറവാണെന്നതും വീടുകളുടെ നിര്‍മാണത്തിലുള്ള കുറവും മൂലം വില തീരെ കുറയാനുള്ള സാധ്യതയില്ലെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
ലണ്ടന്‍: 200 പൗണ്ടിനു താഴെ വിലയുള്ള വസ്തുക്കള്‍ കടകളില്‍ നിന്ന് മോഷണം പോയാല്‍ അതേക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന് പോലീസ് നയത്തിനെതിരെ വ്യാപാരികള്‍. ഈ തീരുമാനം മോഷ്ടാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണെന്നും ഷോപ്പ്ലിഫ്റ്റിംഗ് പകര്‍ച്ചവ്യാധിയായിത്തീര്‍ന്നിരിക്കുകയാണെന്നും വ്യാപാരികള്‍ വ്യക്തമാക്കുന്നു. 200 പൗണ്ടില്‍ താഴെ വിലയുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്നവരെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നതാണ് പോലീസിന്റെ തീരുമാനം. ഇതുമൂലം മോഷ്ടാക്കള്‍ തങ്ങളെ ലക്ഷ്യം വെച്ചിരിക്കുകയാണെന്ന് വ്യാപാരികള്‍ സര്‍ക്കാരിനെ അറിയിക്കുന്നു.
ഇത്തരം മോഷണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ പോലീസ് കാര്യമായി ശ്രദ്ധിക്കാറില്ല. മോഷ്ടാക്കള്‍ കടകളില്‍ അതിക്രമങ്ങള്‍ നടത്തുകയോ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ ഒരു ഉദ്യോഗസ്ഥനെ അയക്കുക മാത്രമാണ് ചെയ്യുന്നത്. വാഹനം അമിതവേഗതയില്‍ ഓടിച്ച് പിടിക്കപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന അതേതോതിലുള്ള ശിക്ഷ മാത്രമാണ് മോഷ്ടാക്കള്‍ക്കും ലഭിക്കുന്നതെന്നാണ് ഉയരുന്ന പരാതി. ഹോം ഓഫീസുമായി വ്യാപാരികള്‍ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയില്‍ ഈ പരാതികള്‍ ഉന്നയിച്ചതായാണ് വിവരം.
ഷോപ്പ്ലിഫ്റ്റിംഗ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്രിമിനല്‍ സംഘങ്ങള്‍ പോലീസിന്റെ ഈ നയത്തെ ചൂഷണം ചെയ്യാന്‍ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുകയാണെന്നും ്വ്യാപാരികള്‍ പറയുന്നു. 2014ലെ ആന്റി സോഷ്യല്‍ ബിഹേവിയര്‍, ക്രൈ ആന്‍ഡ് പോലീസിംഗ് ആക്ടിന്റെ ഭാഗമായാണ് 200 പൗണ്ട് എന്ന പരിധി കൊണ്ടുവന്നത്.
ലണ്ടന്‍: ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ അഞ്ചില്‍ ജീവനക്കാരന് ആത്മഹത്യ ചെയ്തു. ആര് നിലയുള്ള കാര്പാര്ക്കില് എഴുപത് അടി ഉയരത്തില്‍ നിന്നും ചാടിയാണ് ജീവനക്കാരന് ആത്മഹത്യ ചെയ്തത്. ക്രിസ്തുമസിന് തലേ ദിവസമാണ് സംഭവം. ഏകദേശം രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. ഏകദേശം നാല്‍പ്പത് വയസ്സുള്ള ബ്രിട്ടീഷ് എയര്‍വേയ്സ് ജീവനക്കാരനാണ് മരിച്ചത്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ഡിപ്പാര്‍ച്ചര്‍ ഗേറ്റില്‍ ജോലി ചെയ്തിരുന്ന ജീവനാക്കാരനാണ് ആത്മഹത്യ ചെയ്തത്. അവിടെ തന്നെ ജോലി ചെയ്യുന്ന നിരവധി ആളുകള്‍ നോക്കി നില്‍ക്കെയാണ് സംഭവം നടന്നെതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉടന്‍ തന്നെ പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞാണ് മൃതദേഹം അവിടെ നിന്നും നീക്കം ചെയ്തതെന്ന് ജീവനക്കാര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരുന്നു.
സജീഷ് ടോം
ഗര്‍ഷോം ടി.വി. – യുക്മ സ്റ്റാര്‍ സിംഗര്‍- 3 മ്യുസിക്കല്‍ റിയാലിറ്റി ഷോയുടെ ഇഷ്ടഗാന റൗണ്ട് മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. പുതിയ ഗായകര്‍ രംഗപ്രവേശം ചെയ്യുന്തോറും മത്സരം കൂടുതല്‍ കടുപ്പമുള്ളതാകുകയാണ്. യൂറോപ്പ് മലയാളികളുടെ സംഗീത സങ്കല്‍പ്പങ്ങള്‍ക്ക് വേഗത പകര്‍ന്നുകൊണ്ട് യു.കെ.യിലെ തെരഞ്ഞെടുക്കപ്പെട്ട ഗായകര്‍ക്കൊപ്പം ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഗായകര്‍കൂടി മത്സരാര്‍ത്ഥികളായി എത്തുന്നു എന്നതാണ് സീസണ് 3 ന്റെ സവിശേഷത.
പരമ്പരയുടെ രണ്ടാം എപ്പിസോഡാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ആദ്യ ഗാനവുമായെത്തുന്നത് വൂസ്റ്ററില്‍നിന്നുള്ള ഗായകന് വിനു ജോസഫ് ആണ്. എം.ജി.ശ്രീകുമാറിന്റെ നിത്യ ഹരിത ഗാനമായ ‘കൂത്തമ്പലത്തില്‍ വച്ചോ’ എന്ന ഗാനമാണ് വിനു ആലപിക്കുന്നത്. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് സുന്ദര്‍ രാജന് ഈണമിട്ടിരിക്കുന്ന ‘അപ്പു’വിലെ ഈ ഗാനം ഭാവാത്മകമായി ആലപിക്കുന്നതില്‍ വിനു വിജയിച്ചിരിക്കുന്നു.
മാഞ്ചസ്റ്ററില്‍ നിന്നുള്ള ജിസ്മോള്‍ ജോസ് ആണ് ഇഷ്ടഗാന റൗണ്ടിലെ രണ്ടാമത്തെ ഗായിക. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാതെ, സ്വന്തമായ വഴികളിലൂടെ മാത്രം നടന്ന മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന് ജോര്‍ജ് കിത്തുവിന്റെ പ്രസിദ്ധമായ ‘സവിധം’ എന്ന സിനിമയിലെ ‘മൗന സരോവരമാകെ ഉണര്‍ന്നു’ എന്ന ഗാനവുമായാണ് ജിസ്മോള്‍ നമുക്ക് മുന്നിലെത്തുന്നത്. പ്രതിഭയുടെ ത്രിവേണി സംഗമം എന്ന് പറയാവുന്ന കൈതപ്രം ജോണ്സന് മാഷ് ചിത്ര കൂട്ടുകെട്ടില്‍ പിറന്ന ഈ ഗാനം മലയാളികള്‍ക്കേറെ പ്രിയപ്പെട്ടതാകാന്‍ വേറെ കാരണങ്ങള്‍ ആവശ്യമില്ലല്ലോ.
ഇഷ്ടഗാന റൗണ്ട് രണ്ടാം എപ്പിസോഡിലെ അവസാന ഗാനവുമായെത്തുന്നത് വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ സോളിഹള്ളില്‍നിന്നുള്ള ആന്റണി തോമസ് ആണ്. സമീപകാല മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററായ ‘പ്രേമം’ സിനിമയിലെ ‘തെളിമാനം മഴവില്ലിന്’ എന്ന വിജയ് യേശുദാസ് ആലപിച്ച ഗാനവുമായാണ് ആന്റണി എത്തുന്നത്. ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് രാജേഷ് മുരുകേശന് ഈണം പകര്‍ന്ന 2015ലെ ഈ ഗാനം ഇന്നും യുവജനങ്ങളുടെ ഹരമാണ് .
ആദ്യ എപ്പിസോഡിന്റെ ടെലികാസ്റ്റോടുകൂടി സ്റ്റാര്‍സിംഗറിന്റെ പുതിയ അവതാരകര്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ചിട്ടയായ തയ്യാറെടുപ്പുകളോടെ എത്തി, പ്രേക്ഷകരുമായി ഹൃദ്യമായി സംവദിക്കുന്ന അവതാരണ ശൈലി ഷോയുടെ ഹൈലൈറ്റുകളില്‍ ഒന്നായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഈ എപ്പിസോഡിലും പ്രേക്ഷകരുടെ പ്രിയങ്കരികളായി മാറിയ സന്ധ്യ മേനോനും, ദീപ നായരും അവതരണത്തിന്റെ കുലീനതയുമായെത്തുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ രണ്ടാം എപ്പിസോഡിന്റെ യുട്യൂബ് വീഡിയോ കാണുക
ലണ്ടന്‍: കൗണ്‍സിലുകള്‍ സിഗരറ്റ് കമ്പനികളില്‍ നടത്തുന്ന നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധന. ലോകത്തെ സിഗരറ്റ് വമ്പന്മാരായ ഫിലിപ്പ് മോറിസ്, ഇമ്പീരിയല്‍ ടുബാക്കോ എന്നിവയില്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ അതോറിറ്റിള്‍ കോടിക്കണക്കിന് പൗണ്ടാണ് നിക്ഷേപിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഈ നിക്ഷേപത്തിന്റെ അളവ് നൂറ് കണക്കിന് മില്യന്‍ പൗണ്ടുകളായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം പുകവലിക്കാരെ ആ ശീലത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി നല്കുന്ന ഫണ്ടുകള്‍ പകുതിയായി വെട്ടിക്കുറച്ചിട്ടുണ്ടെന്നും ഇന്‍ഡിപ്പെന്‍ഡന്റ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
പുകവലി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഡസനോളം സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും അടച്ചു പൂട്ടി. ചില കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കുറച്ചു. ഗര്‍ഭിണികള്‍ക്കും ഏറെക്കാലമായി ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നവര്‍ക്കും മാത്രമാണ് ചിലയിടങ്ങളില്‍ സഹായം ലഭ്യമാകുന്നത്. ഒട്ടേറെപ്പേര്‍ക്ക് പുകവലിയില്‍ നിന്ന് മുക്തി നേടാന്‍ സഹായകരമായിരുന്ന കേന്ദ്രങ്ങളാണ് ഇല്ലാതായത്. പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്ന തുക വെട്ടിക്കുറച്ചത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിശദീകരിക്കപ്പെടുന്നത്.
റോയല്‍ ബറോ ഓഫ് വിന്‍ഡ്സര്‍, മെയ്ഡന്‍ഹെഡ് എന്നീ കൗണ്‍സിലുകള്‍ 2012-13 വര്‍ഷത്തില്‍ 5 മില്യന്‍ പൗണ്ടാണ് സിഗരറ്റ് കമ്പനികളില്‍ നിക്ഷേപിച്ചതെങ്കില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 27 മില്യന്‍ പൗണ്ടായി ഉയര്‍ന്നു. പ്രധാനമന്ത്രി തെരേസ മേയുടെ മണ്ഡലത്തിവെ കൗണ്‍സില്‍ പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്ന 2,78,000 പൗണ്ട് വെറും 97,000 പൗണ്ടായി കുറച്ചിരിക്കുകയാണെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
ലണ്ടന്‍: മഞ്ഞ് പെയ്യുന്ന ക്രിസ്തുമസ് രാത്രി സ്വപ്നം കണ്ടവര്‍ക്ക് ആഗ്രഹ പൂര്‍ത്തീകരണമായി വൈറ്റ് ക്രിസ്തുമസ്. കുംബ്രിയയിലെ സ്പേഡ് ഡാമിലും സതേണ്‍ സ്കോട്ട്ലാന്‍ഡിലുമാണ് ക്രിസ്തുമസിന് മഞ്ഞ് പെയ്തത്. ക്രിസ്തുമസ് ദിവസം മഞ്ഞു വീഴ്ചയ്ക്കും മഴയ്ക്കും സാധ്യത കുറവാണെന്നായിരുന്നു മെറ്റ് ഓഫീസ് അറിയിച്ചിരുന്നത്. ഇന്നലെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില കോണ്‍വാളിലെ ബൂഡില്‍ രേഖപ്പെടുത്തിയ 12.6 ഡിഗ്രി സെല്‍ഷ്യസ് ആണ്. ബോക്സിംഗ് ഡേ ആയ ഇന്ന് മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്.
സ്കോട്ട്ലാന്‍ഡിന്റെ സതേണ്‍, സെന്‍ട്രല്‍, ഈസ്റ്റേണ്‍ പ്രദേശങ്ങളിലും ഇംഗ്ലണ്ടിന്റെ നോര്‍ത്തേണ്‍ മേഖലകളിലും മഞ്ഞുവീഴ്ചയും റോഡുകളില്‍ ഐസ് ഉണ്ടാകാനും സാധ്യതയുണ്ട്. മിഡ്ലാന്‍ഡ്സിലും യോര്‍ക്ക്ഷയറിലും നോര്‍ത്ത് വെസ്റ്റിലും ഇന്ന് വൈകുന്നേരത്തോടെ മഴയും മഞ്ഞും ഉണ്ടായേക്കും. ഇത് ബുധനാഴ്ച രാവിലെ 11 മണി വരെ തുടര്‍ന്നേക്കുമെന്നും കാലാവസ്ഥാ പ്രവചനം വ്യക്തമാക്കുന്നു. വെയില്‍സില്‍ സ്നോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 15 മില്ലീമീറ്റര്‍ മുതല്‍ 25 മില്ലീ മീറ്റര്‍ വരെ മഞ്ഞ് വീഴ്ചയാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ബ്രൈറ്റണ് പോലുള്ള പ്രദേശങ്ങളില്‍ 10 ഡിഗ്രി സെല്‍ഷ്യസ് താപനിലയുണ്ടാകാന്‍ ഇടയുണ്ട്. ഇത് അധിക സമയം തുടരാനിടയില്ല. രാജ്യത്തൊട്ടാകെ തണുത്ത കാലാവസ്ഥയായിരിക്കും. സൂര്യപ്രകാശം ലഭിക്കാനുള്ള സാധ്യത വിരളമായിരിക്കുമെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു.