ന്യൂയോർക്ക്: യുഎസ് സൈന്യത്തിന്റെ പിടിയിലായ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയാ ഫ്‌ളോറസിനെയും ന്യൂയോർക്കിലെത്തിച്ചു. യുഎസ് സമയം ശനിയാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കൊണ്ടുവന്ന വിമാനം ന്യൂബർഗിലെ സ്റ്റിയുവർട്ട് എയർഫോഴ്‌സ് ബേസിൽ ലാൻഡ് ചെയ്തത്. മഡുറോയും ഭാര്യയും യുഎസ്സിൽ വിചാരണ നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നേരത്തേ അറിയിച്ചിരുന്നു.
വെനസ്വേലയിൽ നിന്ന് പിടികൂടിയതിന് ശേഷം മഡുറോയെയും ഭാര്യയെയും ആദ്യം അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് ഇവോ ജിമയിൽ ഗ്വാണ്ടനാമോ ബേയിലേക്കാണ് കൊണ്ടുപോയത്. അവിടെ എത്തിച്ച ശേഷം യുഎസ് സൈനികവിമാനത്തിൽ ഇരുവരെയും ന്യൂയോർക്കിലേക്ക് മാറ്റുകയായിരുന്നു. ഗ്വാണ്ടനാമോയിൽ നിന്ന് കപ്പലിലുണ്ടായിരുന്ന മഡുറോയുടെ ചിത്രം ട്രംപ് നേരത്തേ പുറത്തുവിട്ടിരുന്നു.
സ്റ്റിയുവർട്ട് എയർഫോഴ്‌സ് ബേസിൽ നിന്നു ഹെലികോപ്റ്റർ മാർഗം മാൻഹട്ടാനിലേക്ക് ഇരുവരെയും കൊണ്ടുപോകുമെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് ന്യൂയോർക്ക് സിറ്റിയിലെ യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ ആസ്ഥാനത്തേക്കും പിന്നീട് ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലേക്കുമാണ് മാറ്റുക. 2020-ൽ ട്രംപിന്റെ ആദ്യ കാലഘട്ടത്തിൽ ‘നാർക്കോ-ഭീകരവാദം’, കൊക്കെയ്ൻ കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ന്യൂയോർക്ക് സൗത്ത് ഡിസ്ട്രിക്റ്റിൽ മഡുറോയേയും ഭാര്യയേയും പ്രതിചേർത്തിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഫ്ലോറിഡ: നാലുവർഷത്തോളമായി നീണ്ടുനിൽക്കുന്ന റഷ്യ–ഉക്രെയ്ൻ യുദ്ധത്തിന് അറുതി വരുത്താനുള്ള ചർച്ചകൾക്കായി ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അമേരിക്കയിലെത്തുന്നു. ഞായറാഴ്ച ഫ്ലോറിഡയിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഡംബര വസതിയായ മാർ-എ-ലാഗോയിലാണ് നിർണായക കൂടിക്കാഴ്ച നടക്കുക. യുഎസ് ഭരണകൂടം മുന്നോട്ടുവെച്ച 28 ഇനങ്ങളടങ്ങിയ ഒത്തുതീർപ്പ് വ്യവസ്ഥകളാണ് ചർച്ചയുടെ മുഖ്യ അജണ്ടയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ട്രംപുമായുള്ള കൂടിക്കാഴ്ച ഉടൻ നടക്കുമെന്ന് സെലെൻസ്‌കി എക്സിലൂടെ സ്ഥിരീകരിച്ചു. “പുതുവർഷത്തിന് മുമ്പ് തന്നെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുമെന്നാണ് പ്രതീക്ഷ” എന്നാണ് സെലെൻസ്‌കിയുടെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാൻ യുഎസ് നടത്തുന്ന സമാധാന നീക്കങ്ങളിൽ ഏറ്റവും നിർണായകമായ ചുവടുവെപ്പായി ഈ കൂടിക്കാഴ്ചയെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നു.
സമാധാന ചർച്ചകൾക്ക് ശ്രമങ്ങൾ ശക്തമാകുന്നതിനിടെയും ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ ആക്രമണം രൂക്ഷമായി തുടരുകയാണ്. ശനിയാഴ്ച പുലർച്ചെ നഗരത്തിൽ നിരവധി ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ മിസൈലുകളും ഡ്രോണുകളും നേരിടാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉക്രേനിയൻ അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ റഷ്യൻ ഡ്രോണുകൾ നീങ്ങുന്നുണ്ടെന്ന വ്യോമസേനയുടെ മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വ്യാപാരബന്ധം പുനരുജ്ജീവിപ്പിക്കുന്ന നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി 2026ൽ കിംഗ് ചാൾസ് മൂന്നാമനും പ്രിൻസ് ഓഫ് വെയിൽസ് വില്യവും അമേരിക്കയിലേക്ക് സന്ദർശനങ്ങൾ നടത്തുമെന്ന് റിപ്പോർട്ട്. ചാൾസ് മൂന്നാമൻ രാജാവിൻെറ യുഎസ് സന്ദർശനവുമായി ബന്ധപ്പെട്ട് മുൻനിര ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ഏപ്രിലിൽ യാത്ര നടക്കാൻ സാധ്യതയുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വർഷത്തിന്റെ രണ്ടാം പകുതിയിൽ, ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച് പ്രിൻസ് വില്യം യുഎസിൽ എത്തുമെന്നാണ് വിവരം. യുഎസ്, കാനഡ, മെക്സിക്കോ എന്നിവ ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് നടക്കുക. ഇംഗ്ലണ്ടിന്റെ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ നിലയിൽ, ജൂൺ 27ന് ന്യൂജേഴ്‌സിയിൽ നടക്കുന്ന ഇംഗ്ലണ്ടിന്റെ ഗ്രൂപ്പ് മത്സരത്തിനും, ജൂലൈ 4ന് നടക്കുന്ന യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങൾക്കും സമീപമായായിരിക്കും വില്യത്തിന്റെ സന്ദർശനമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

2007ൽ ജോർജ് ഡബ്ല്യു ബുഷിന്റെ ക്ഷണം സ്വീകരിച്ച് എലിസബത്ത് രാഞ്ജി യുഎസ് സന്ദർശിച്ചതിന് ശേഷം, ബ്രിട്ടീഷ് ഭരണാധികാരി നടത്തുന്ന ആദ്യ യാത്രയാവും ഇത്. അതേസമയം, ഈ മാസം ആദ്യം വ്യാപാര തർക്കങ്ങളെ തുടർന്ന് ബ്രിട്ടീഷ് ടെക് മേഖലയിലേക്കുള്ള യുഎസിന്റെ ബഹുകോടി പൗണ്ട് നിക്ഷേപം താൽക്കാലികമായി നിർത്തിവച്ചത് യുകെ സർക്കാരിന് തിരിച്ചടിയായി. ട്രംപിന്റെ സ്റ്റേറ്റ് വിസിറ്റിനിടെ പ്രഖ്യാപിച്ച £31 ബില്ല്യൺ കരാറിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് £22 ബില്ല്യനും ഗൂഗിൾ £5 ബില്ല്യനും ഉൾപ്പെടെ യുഎസ് ടെക് കമ്പനികൾ യുകെയിൽ വൻ നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഇതിനെ “യുകെ–യുഎസ് ബന്ധത്തിലെ തലമുറമാറ്റം” എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ, മറ്റ് മേഖലകളിലെ വ്യാപാര തടസ്സങ്ങൾ കുറയ്ക്കുന്നതിൽ യുകെയിൽ നിന്നുള്ള പുരോഗതി അപര്യാപ്തമാണെന്ന കാരണത്താൽ വാഷിങ്ടൺ കരാർ നടപ്പാക്കൽ നിർത്തി വക്കുകയായിരുന്നു.

മേയ് 2025ൽ പ്രഖ്യാപിച്ച വിശാലമായ വ്യാപാര കരാറിൽ പുരോഗതി മന്ദഗതിയിലാണെന്ന് യുഎസ് റിപ്പോർട്ടുകളിലുണ്ട്. ഡിജിറ്റൽ സർവീസസ് നികുതി, യുഎസ് കർഷകർക്ക് ബ്രിട്ടീഷ് വിപണിയിൽ കൂടുതൽ പ്രവേശനം തുടങ്ങിയ സംവേദനാത്മക വിഷയങ്ങളിലാണ് പ്രധാന തടസ്സങ്ങൾ. ഡിസംബറിൽ ഡൗണിങ് സ്ട്രീറ്റ് “സജീവ ചർച്ചകൾ തുടരുകയാണ്” എന്ന് വ്യക്തമാക്കിയെങ്കിലും, ഇത്തരം ചർച്ചകൾ എളുപ്പമല്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ വക്താവിന്റെ പ്രതികരണം.
രാജാവിൻെറ യാത്രയിൽ പ്രധാനമന്ത്രി ഒപ്പം പോകില്ലെന്നാണ് സൂചന. സർക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വരാനിരിക്കുന്ന രാജകീയ സന്ദർശനങ്ങളെ കുറിച്ച് ബക്കിംഗ്ഹാം പാലസ് പ്രതികരിക്കാൻ തയ്യാറായില്ല.
അമേരിക്കയില്‍ വെടിവയ്പ്പില്‍ രണ്ടു മരണം. നിരവധി പേര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. റോഡ് ഐലണ്ടിലെ പ്രൊവിഡന്‍സിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്. അക്രമിയെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.
വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പ്രൊവിഡന്‍സ് മേയര്‍ ബ്രെറ്റ് സ്മൈലി അറിയിച്ചു. ക്യാംപസിലുള്ളവരോട് വാതിലുകള്‍ അടയ്ക്കാനും മൊബൈല്‍ ഫോണ്‍ നിശ്ശബ്ദമാക്കി വയ്ക്കാനും ക്യാംപസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെടിവയ്പ്പിനെപ്പറ്റി വിവരം ലഭിച്ചുവെന്നും അക്രമിയെ പിടികൂടാനായിട്ടില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണ്.
അക്രമിയുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ പൊലീസിന് ഇതുവരെ ലഭ്യമായിട്ടില്ല. കറുത്ത വസ്ത്രം ധരിച്ച പുരുഷനാണ് ആക്രമണം നടത്തിയതെന്നാണ് പരുക്കേറ്റവരില്‍ നിന്ന് ലഭ്യമായിരിക്കുന്ന വിവരം. അക്രമിയുടെ കൈയിലുണ്ടായിരുന്നത് എന്തുതരം തോക്കാണെന്നും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിങ്, ഫിസിക്‌സ് കെട്ടിടങ്ങളിലാണ് ആക്രമണമുണ്ടായത്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കര്‍ശനമായ സുരക്ഷാ നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കി വരുന്നത്.
ന്യൂയോർക്കിൽ നടന്ന ഭീകര തീപിടിത്തത്തിൽ ഇന്ത്യൻ വംശജയായ 24കാരി സഹജ റെഡ്ഡി ഉദുമലയാണ് മരണപ്പെട്ടത്. ഹൈദരാബാദ് സ്വദേശിനിയായ സഹജ താമസിച്ചിരുന്ന വീട്ടിലേക്ക് സമീപ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തം പടർന്നു കയറുകയായിരുന്നു. സംഭവസമയത്ത് ഉറങ്ങിക്കിടന്നതിനാൽ തീ പടർന്നത് പെൺകുട്ടിക്ക് തിരിച്ചറിയാനായില്ലെന്നാണ് പ്രാഥമിക വിവരം.
തെലങ്കാനയിലെ ജങ്കാവ് ജില്ലയിലെ സ്വദേശിനിയായ സഹജ ഉപരിപഠനത്തിനായി 2021-ലാണ് യുഎസിലെത്തിയത്. ന്യൂയോർക്കിലെ അൽബാനിയിലായിരുന്നു അവളുടെ താമസം. ഉന്നതപഠനത്തിനായി എത്തിയ സഹജയുടെ ജീവിതം ഇത്തരത്തിൽ അവസാനം കാണുന്നത് കുടുംബാംഗങ്ങളെ ഏറെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തീ അയൽവാസികളുടെ കെട്ടിടത്തിൽ നിന്നാണ് പടർന്നതെന്നാണ് അധികൃതരുടെ സൂചന.
ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ സഹജയുടെ മരണക്കുറിപ്പിൽ അനുശോചനം രേഖപ്പെടുത്തി. കുടുംബവുമായി ബന്ധപ്പെടുകയും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തതായി കോൺസുലേറ്റ് അറിയിച്ചു. ഹൈദരാബാദിലെ ടി സി എസ് ജീവനക്കാരനായ ഉദുമുല ജയകർ റെഡ്ഡിയുടെയും അധ്യാപികയായ ഗോപുമാരിയ ഷൈലജയുടെയും മൂത്ത മകളാണ് സഹജ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ന്യൂയോർക്ക് ∙ എച്ച്1ബി തൊഴിൽ വിസയ്ക്കും എച്ച്4 ആശ്രിത വിസയ്ക്കും അപേക്ഷിക്കുന്നവർ ഇനി മുതൽ സാമൂഹികമാധ്യമ അക്കൗണ്ടുകൾ പൊതുവായി (പബ്ലിക്) തുറന്നുവെക്കണം. അപേക്ഷകരുടെ ഓൺലൈൻ ഇടപെടലുകൾ പരിശോധിക്കണമെന്ന ലക്ഷ്യത്തോടെ യുഎസ് വിദേശകാര്യവകുപ്പ് പുറത്തിറക്കിയ പുതിയ നിർദേശം ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. സോഷ്യൽ മീഡിയ നിരീക്ഷണം ഇതിനകം വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ-സാംസ്കാരിക വിനിമയ പദ്ധതികളിലൂടെ യുഎസിലെത്തുന്നവർക്കും ബാധകമായിരുന്നു.
യുഎസ് വിസ സർക്കാർ നൽകുന്ന പ്രത്യേക ആനുകൂല്യമാണെന്നും അവകാശമല്ലെന്നും വിദേശകാര്യവകുപ്പ് വ്യക്തമാക്കി. രാജ്യസുരക്ഷയ്ക്കും ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയായേക്കാവുന്നവരെ തിരിച്ചറിയാൻ കഴിയുന്ന എല്ലാ വിവരങ്ങളും ഉപയോഗിക്കുമെന്നും ഉത്തരവിൽ പറയുന്നു. വിസ ലഭിക്കാനുള്ള യോഗ്യതകൾ അപേക്ഷകർ സത്യസന്ധമായി വ്യക്തമാക്കണമെന്നും എല്ലാ നിബന്ധനകളും കർശനമായി പാലിക്കണമെന്നും നിർദേശം ഓർമ്മിപ്പിക്കുന്നു.
വിദേശ വിദഗ്‌ധരെ നിശ്ചിതകാലത്തേക്ക് ജോലിക്കെത്തിക്കാൻ ഐടി കമ്പനികൾ വ്യാപകമായി ഉപയോഗിക്കുന്ന വിസയാണ് എച്ച്1ബി. ഇന്ത്യക്കാർ കൂടുതലായി ആശ്രയിക്കുന്ന വിസയുമാണിത്. കുടിയേറ്റ നയങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി എച്ച്1ബി അപേക്ഷാഫീസ് സെപ്റ്റംബറിൽ ഒരുലക്ഷം ഡോളറായി ഉയർത്തിയിരുന്നു. ആശങ്കാജനക രാജ്യങ്ങളുടെ പട്ടികയിൽപ്പെട്ട 19 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുന്നത് കഴിഞ്ഞ മാസം യുഎസ് നിർത്തിവച്ചതും പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്.
ന്യൂയോർക്കിൽ ഇന്ത്യൻ വംശജനായ ടെലികോം എക്സിക്യൂട്ടീവ് ബങ്കിം ബ്രഹ്‌മഭട്ട് 500 മില്യൺ ഡോളർ (ഏകദേശം 4400 കോടി രൂപ) തട്ടിയെടുത്ത് കാണാതായതായി റിപ്പോർട്ടുകൾ. വ്യാജ ഇമെയിൽ വിലാസങ്ങളും കൃത്രിമ ഇൻവോയ്‌സുകളും ഉപയോഗിച്ച് ആഗോള നിക്ഷേപ ഭീമനായ ബ്ലാക്ക്‌റോക്കിനെയും ഫ്രഞ്ച് ബാങ്കായ ബിഎൻപി പാരിബയെയും കബളിപ്പിച്ചെന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.
ബ്രഹ്‌മഭട്ടിന്റെ ബ്രോഡ്ബാൻഡ് ടെലികോം, ബ്രിഡ്ജ് വോയ്‌സ് തുടങ്ങിയ കമ്പനികൾ സാമ്പത്തികമായി കരുത്തുറ്റവയെന്ന വ്യാജ രേഖകളാണ് വായ്പയ്ക്കായി സമർപ്പിച്ചത്. ലഭിച്ച പണം ഇന്ത്യയിലേക്കും മൗറീഷ്യസിലേക്കുമാണ് മാറ്റിയതെന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം. 2020 മുതൽ എച്ച്പിഎസ് ഇൻവെസ്റ്റ്മെന്റ് പാർട്ട്നേഴ്സ് വഴി കോടികളുടെ വായ്പ ലഭിച്ചെങ്കിലും 2025 ജൂലൈയിൽ ഇമെയിൽ രേഖകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
ബ്രഹ്‌മഭട്ട് ഇപ്പോൾ ഒളിവിലാണ് . ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിലുളള ഓഫീസുകൾ പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. ആഡംബര കാറുകൾ നിറഞ്ഞ വീടും ഇപ്പോൾ ശൂന്യമാണ്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ ബ്ലാക്ക്‌റോക്കും മറ്റ് വായ്പാ ദാതാക്കളും നിയമനടപടികൾ ആരംഭിച്ചു.
വാഷിങ്ടൺ ∙ അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100% തീരുവ (താരിഫ്) ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍ ‘ മുഖാന്തിരമാണ് അദ്ദേഹം തീരുമാനത്തെ കുറിച്ച് അറിയിച്ചത്.
വിദേശ രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ “മോഷ്ടിച്ചു” എന്ന് ട്രംപ് ആരോപിച്ചു. “ഒരു കുഞ്ഞിന്റെ കയ്യില്‍നിന്ന് മിഠായി പിടിച്ചെടുക്കുന്നതു പോലെയാണ് അമേരിക്കയുടെ സിനിമാ വ്യവസായത്തെ വിദേശ രാജ്യങ്ങള്‍ തട്ടിയെടുത്തത്,” എന്ന് അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
കാലിഫോര്‍ണിയയുടെ സിനിമാ വ്യവസായം ഗവര്‍ണറുടെ ദൗര്‍ബല്യത്താല്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടുവെന്നും, പതിറ്റാണ്ടുകളായി തുടരുന്ന ഈ പ്രശ്നം അവസാനിപ്പിക്കാന്‍ വിദേശ സിനിമകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുന്നതാണെന്നും ട്രംപ് വ്യക്തമാക്കി.
ഇതിന് മുമ്പ് തന്നെ, മേയ് മാസത്തില്‍ ട്രംപ് ഇത്തരം തീരുവ ഏര്‍പ്പെടുത്തുമെന്ന് സൂചന നല്‍കിയിരുന്നു. നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ വാണിജ്യ വകുപ്പിനും യുഎസ് ട്രേഡ് റെപ്രസെന്ററ്റീവിനും അദ്ദേഹം അധികാരം നല്‍കിയിട്ടുണ്ട്.
വാഷിങ്ടൺ ∙ യുഎസിലെ മിഷിഗണിൽ നടന്ന വെടിവയ്പ്പിൽ 2 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ‘ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സ് ‘ പള്ളിക്കുള്ളിലാണ് വെടിവയ്പ്പ് നടന്നത്.
അക്രമി ആദ്യം തന്റെ ട്രക്ക് ഉപയോഗിച്ച് പള്ളിയുടെ അകത്ത് ഇടിച്ചു കയറുകയായിരുന്നു. തുടർന്നാണ് വെടിവയ്പ്പ് ആരംഭിച്ചത്. പിന്നീട് പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ ഇയാളെ വധിച്ചു. ആക്രമണത്തിനിടെ പള്ളിക്ക് തീപിടിച്ചതായും റിപ്പോർട്ടുണ്ട്. വെടിവച്ച വ്യക്തി തന്നെയാണ് പള്ളി തീയിട്ടതെന്നാണ് സൂചന. അഗ്നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കി.
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി കൊണ്ട് മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ പ്രതികരിച്ചു. പ്രത്യേകിച്ച് ‘ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സ് ‘ പ്രസിഡന്റ് റസ്സൽ എം. നെൽസന്റെ മരണത്തിന്റേതിനു പിന്നാലെയാണ് ആക്രമണം നടന്നത്. അമേരിക്കൻ മതനേതാവ് ജോസഫ് സ്മിത്ത് 19-ാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണ് മോർമോൺ സഭ. ദ് ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയ്ന്റ്സ് എന്നതാണ് ഔദ്യോഗികനാമം.
എച്ച്-1ബി വിസയുടെ വാർഷിക ഫീസ് 1,00,000 ഡോളർ (ഏകദേശം 88,09,180 രൂപ) ആയി വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പു വെച്ചു. സാങ്കേതിക വിദ്യാഭ്യാസ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വിസ, സാധാരണയായി 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ ഫീസ് ആണ് ഉണ്ടായിരുന്നത്. രജിസ്ട്രേഷൻ, ഫയലിങ്, ഫ്രോഡ് പ്രിവൻഷൻ, പബ്ലിക് ലോ, പ്രീമിയം പ്രോസസിങ് എന്നിവയുടെ മുഴുവൻ ചെലവും പുതിയ ഫീസിൽ ഉൾപ്പെടും.
ഇന്ത്യയിലെ ടെക്ക് പ്രൊഫഷണലുകൾക്കും കമ്പനികൾക്കും ഇത് വലിയ തിരിച്ചടിയായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യ എച്ച്-1ബി വിസ അപേക്ഷകളിൽ ഏറ്റവും മുന്നിലുള്ള രാജ്യമാണ്. അമേരിക്കൻ കമ്പനികൾക്ക് ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ ഉദ്യോഗാർത്ഥികളെ കൊണ്ടു വരണമെന്നാണ് നയം ലക്ഷ്യം വയ്ക്കുന്നത്, എന്നാൽ കുറഞ്ഞ ശമ്പളത്തിൽ ജോലിക്ക് തയ്യാറുള്ള വിദേശ തൊഴിലാളികളെ കുറയ്ക്കാൻ പുതിയ നയം കാരണമാകും. ഈ വർഷം 10,000-ത്തിലധികം എച്ച്-1ബി വിസകൾ ആമസോൺ നേടിയതായി റിപ്പോർട്ട് ചെയ്തു. തുടർന്ന് ടാറ്റാ കൺസൾട്ടൻസി, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിൾ എന്നിവയും നിലനിൽക്കുന്നു.