അനിൽ ആറന്മുള
ന്യൂ ജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസും അവാർഡ് നൈറ്റും ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജേഴ്‌സിയിലെ എഡിസൺ ഷെറാട്ടണിൽ അരങ്ങേറുകയാണ്. കോൺഫെറെൻസിന്റെ സുഗമമായ നടത്തിപ്പിനായി പ്രസ്സ് ക്ലബ് ന്യൂ യോർക്ക് ചാപ്റ്ററിന്റെ തുടക്കം മുതൽ സജീവ സാനിധ്യവും, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രെഷറർ എന്നീ വിവിധ നിലകളിൽ പ്രവർത്തിച്ചതും, കേരളഭൂഷണം പത്രത്തിന്റെ അമേരിക്കൻ പ്രതിനിധിയുമായ സജി എബ്രഹാമിനെ പതിനൊന്നാം സമ്മേളനത്തിന്റെ കോൺഫറൻസ് ചെയർമാനായി IPCNA നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തതായി അറിയിച്ചു.
കേരളത്തിൽ നിന്നും പ്രമുഖരായ മാധ്യമ പ്രവർത്തകരും മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രഗത്ഭരും, അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ അതികായരും പങ്കെടുക്കുന്ന ഈ കോൺഫറൻസ് അമേരിക്കൻ മലയാളികൾക്ക് അവിസ്മരണീയമായിരിക്കും എന്ന് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, ട്രെഷറർ വിശാഖ് ചെറിയാൻ എന്നിവർ അറിയിച്ചു.. അമേരിക്കയുടെ വിവിധഭാഗങ്ങളിൽ നിന്നായി ഇരുനൂറോളം അംഗങ്ങളാണ് കോൺഫറൻസിൽ പങ്കെടുക്കുക. വൈകുന്നേരങ്ങളിൽ നടക്കുന്ന പൊതുസമ്മേളനം വൻ ജനപങ്കാളിത്തത്തോടെ ആണ് നടക്കുക.
ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രാരംഭ കാലം മുതൽ തന്നെ സജീവ സാന്നിധ്യമായിരുന്ന സജി എബ്രഹാം ന്യൂ യോർക്ക് ചാപ്റ്ററിന്റെ നിരവധി നിലകളിൽ തന്റെ സേവനം പ്രസ് ക്ലബ്ബിന് നൽകിയിരുന്നു എന്ന് അന്ന് ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ആയിരുന്ന സുനിൽ ട്രൈസ്റ്റാർ അഭിപ്രായപ്പെട്ടു. നോർത്ത് അമേരിക്കയിൽ ഏറ്റവും കൂടുതൽ പ്രസ്സ് മീറ്റുകൾ നടത്തിയതും ആ സമയത്തായിരുന്നു. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ കാര്യക്ഷമമായി നിറവേറ്റുന്ന സജി എബ്രഹാം ഐ. പി. സി. എൻ. എ ന്യൂയോർക്ക് ചാപ്റ്റർ ട്രെഷറർ, സെക്രട്ടറി, വൈസ് പ്രസിഡണ്ട്, നാഷണൽ ഓഡിറ്റർ എന്നീ നിലകളിൽ പ്രശംസാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്.
പ്രസ് ക്ലബ് ന്യൂ യോർക്ക് ചാപ്റ്ററിന്റെ സാമ്പത്തികമായി ‘സുവർണ കാലം’ എന്ന് വിശേഷിപ്പിച്ചിരുന്ന കാലഘട്ടമായിരുന്നു സജി എബ്രഹാം ട്രഷറർ ആയിരുന്ന സമയം എന്ന് അന്നത്തെ സെക്രട്ടറിയും മുൻ നാഷണൽ പ്രെസിഡന്റുമായ മധു കൊട്ടാരക്കരയും അഭിപ്രായപ്പെട്ടു. കോൺഫറൻസ് ചെയർമാൻ എന്ന പദവി എല്ലാം കൊണ്ടും സജി അബ്രഹാമിന് അഭികാമ്യമാണെന്നു ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി പറയുകയുണ്ടായി. കേരളഭൂഷണം പത്രത്തിന്റെ (https://www.keralabhooshanam.com) നോർത്ത് അമേരിക്കൻ പ്രതിനിധിയായി രണ്ടു പതിറ്റാണ്ടായി സജി എബ്രഹാം പ്രവർത്തിക്കുന്നു. നാലു പതിറ്റാണ്ടിലധികമായി വസ്ത്ര നിർമാണ രംഗത്തു പ്രവർത്തിക്കുന്ന സജി നിലവിൽ കേരളം സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ പ്രസിഡണ്ട് ആണ്.
ഐ. പി. സി. എൻ. എ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രെഷറർ ബിനു തോമസും മറ്റു ഭാരവാഹികളും ആണ് കോൺഫെറെൻസിന്റെ ആതിഥേയത്വം വഹിക്കുന്നത്. ന്യൂയോർക്ക് അന്താരഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 20 മിനിറ്റ് മാത്രം അകലയെയാണ് ഷെറാട്ടൺ എഡിസൺ ഹോട്ടൽ സമുച്ചയം നില കൊള്ളുന്നത്. അമേരിക്കൻ മണ്ണിലെ മലയാള മാധ്യമപ്രവർത്തക കൂട്ടായ്മയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാവും 11-ാം മത് കോൺഫെറെൻസ് എന്ന് വിലയിരുത്തുന്നു.
എല്ലാം കൊണ്ടും വ്യത്യസ്തമായതും, അമേരിക്കയിലെ മാധ്യമപ്രവർത്തകർക്ക് പ്രയോജനം നല്കുന്നതിലൂന്നിയുള്ളതുമായ പ്രോഗ്രാമുകൾ ആണ് ഈ വർഷത്തെ കോൺഫെറെൻസിൽ വിഭാവനം ചെയ്യുന്നതെന്ന് അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് (2026-27) രാജു പള്ളത്തു എന്നിവർ പറഞ്ഞു. അവയ്ക്ക് അന്തിമ രൂപം നൽകി വരുന്നു. ഹോട്ടൽ ബുക്കിംഗിനും രജിസ്ട്രേഷനുമുള്ള വെബ്‌സൈറ്റ് സജ്ജമായി എന്നും ഹോട്ടൽ മുറികൾ എത്രയും വേഗം ബുക്ക് ചെയ്യണമെന്നും അറിയിച്ചു. ഓരോ കോൺഫെറെൻസുകളും ഒന്നിനൊന്നു മികച്ചു നിന്ന പാരമ്പര്യമാണ് പ്രസ് ക്ലബിനുള്ളതെന്ന് വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള ചൂണ്ടിക്കാട്ടി. ഇപ്രാവശ്യവും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് തങ്ങൾ കരുതുന്നത്.
ജനുവരിയിൽ കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ നടത്തിയ പ്രസ് ക്ലബിന്റെ മാധ്യമശ്രീ, മാധ്യമര്തന, പയനിയർ, മീഡിയ എക്‌സലൻസ് അവാർഡ് ദാന ചടങ്ങു വൻ വിജയമായി തീർന്നു. ഇന്ത്യക്കകത്തോ പുറത്തോ നടക്കുന്ന ഏറ്റവും വലിയ മാധ്യമ പുരസ്‌കാര വേദിക്കായിരുന്നു ഗോകുലം കൺവൻഷൻ സെന്റർ സാക്ഷ്യം വഹിച്ചതെന്നു ചടങ്ങിന് ചുക്കാൻ പിടിച്ച ജോയിന്റ് സെക്രട്ടറി ആശ മാത്യു അഭിപ്രയപ്പെട്ടു. കേരളത്തിൽ ഇത്തരത്തിലൊരു പുരസ്‌കാര വേദി ഒരുക്കുന്നത് വളരെ അധികം ശ്രമകരമാണെങ്കിലും ഇത് ഭംഗിയായി നടത്തിയതിന് എല്ലാവരും ഒന്നടങ്കം നന്ദി പറയുകയുണ്ടായി എന്ന് ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം പറഞ്ഞു. ഏറ്റവും കൂടുതൽ പുരസ്‌കാര ‘ക്യാഷ്’ അവാർഡുകൾ നൽകിയ വേദിയായി കൊച്ചി മാധ്യമ പുരസ്‌കാര വേദി മാറി. ഏകദേശം 6 ലക്ഷം രൂപയും പ്രശംസാ ഫലകങ്ങളും പുരസ്കാരമായി മാധ്യമ പ്രവർത്തകർക്കും, കൂടാതെ ഒരു ലക്ഷം രൂപ മാധ്യമ പ്രവർത്തകരെ വാർത്തെടുക്കുന്ന മീഡിയ അക്കാഡമിക്കുമായി നൽകുകയുണ്ടായി.
എളിയ രീതിയിൽ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സ് ഇന്ന് വളർന്നു പന്തലിച്ചു എന്നത് അഭിമാനകരമാണ്. അന്ന് മുഖ്യ പ്രഭാഷകനായി വന്നത് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ആയിരുന്ന തോമസ് ജേക്കബ് ആയിരുന്നു . കേരളത്തിലെ ഒട്ടുമിക്ക മുഖ്യധാരയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയ രംഗത്തെ അതികായരെയും പങ്കെടുപ്പിച്ചും കൊണ്ടാണ് ഇത്തവണയും കോണ്‍ഫറന്‍സ് നടക്കാൻ പോകുന്നത്. ന്യു ജേഴ്‌സിയിൽ മുൻപ് മൂന്നു തവണ കൺവെൻഷൻ വ്യത്യസ്ത വേദികളിൽ നടന്നിട്ടുണ്ട്. അവയിലെല്ലാം വലിയ ജനപങ്കാളിത്തവും ലഭിച്ചിരുന്നു. ട്രൈസ്റ്റേറ്റ് മേഖലയിൽ നിന്നും വാഷിംഗ്ടണിൽ നിന്നുമൊക്കെ എത്താൻ പറ്റുന്നതാണ് വേദി.
കൂടുതൽ വിവരങ്ങൾക്കായി www.indiapressclub.org സന്ദർശിക്കാം. കോൺഫറൻസ് രജിസ്ട്രേഷൻ സംവിധാനവും ഇപ്രാവശ്യം ഉൾപ്പെടുത്തിയിട്ടുണ്ട് indiapressclub.org/conference25. Conference Video: https://youtu.be/_fQ18f4IV1A
ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് ഫെഡറല്‍ കോടതിയുടെ താല്‍കാലിക സ്‌റ്റേ. വിദേശ വിദ്യാര്‍ഥികളെ യു.എസില്‍ എത്തുന്നതില്‍ നിന്നും വിലക്കിയ ട്രംപിന്റെ ഉത്തരവാണ് ഫെഡറല്‍ കോടതി സ്റ്റേ ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാലെ സര്‍വകലാശാല കോടതിയെ സമീപിക്കുകയായിരുന്നു. മസാച്യുസെറ്റ്സ് കോടതി ജഡ്ജി അലിസണ്‍ ബറോസാണ് ഉത്തരവ് സ്റ്റേ ചെയ്തത്. വിദേശ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതില്‍ നിന്നും സര്‍വകലാശാലയെ വിലക്കിയ ട്രംപിന്റെ ഉത്തരവിന് ഏര്‍പ്പെടുത്തിയ സ്റ്റേ കോടതി നീട്ടിയിട്ടും ഉണ്ട്. സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ എണ്ണം നാലിലൊന്നായി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് ഉത്തരവിറക്കിയത്.
ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവുകള്‍ പാലിക്കാത്തതിന് തിരിച്ചടിയായി ഹാര്‍വാഡ് ഉള്‍പ്പെടെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം നിര്‍ത്തലാക്കാനും പദ്ധതിയുണ്ട്. ഹാര്‍വാഡിലെ വിദ്യാര്‍ഥികളില്‍ നാലിലൊന്നും വിദേശികളാണ്. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് ഹാര്‍വാഡ് വ്യക്തമാക്കിയതോടെ സര്‍വകലാശാലയും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകിയിരുന്നു.
അതേസമയം ഹാര്‍വാഡിനുള്ള 230 കോടി ഡോളറിന്റെ ധനസഹായം ട്രംപ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ഫെഡറല്‍ ഫണ്ടില്‍ നിന്ന് 100 കോടി ഡോളറും വെട്ടിച്ചുരുക്കി. ഇതോടെ സ്വകാര്യ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ അവകാശമില്ലെന്ന് കാണിച്ച് ഹാര്‍വാഡ് യൂണിവേഴ്സിറ്റി കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെയാണ് പ്രതിവര്‍ഷം നൂറിലധികം രാജ്യങ്ങളില്‍ നിന്നായി ശരാശരി 6,800 വിദ്യാര്‍ഥികള്‍ പഠിക്കാനെത്തുന്ന ഹാര്‍വാഡില്‍ വിദേശികളെ എന്റോള്‍ ചെയ്യുന്നത് സര്‍ക്കാര്‍ തടഞ്ഞത്.
അമേരിക്കയിലേക്ക് 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, കോംങ്കോ, എക്വിറ്റോറിയൽ ഗിനി, ഹെയ്തി, എറിട്രിയ, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുളളവർക്കാണ് അമേരിക്കയിലേക്ക് യാത്ര നിരോധിച്ചത്.
തിങ്കളാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. അമേരിക്കയുടെ ദേശീയ സുരക്ഷക്ക് അനിവാര്യമാണ് ഈ നടപടിയെന്നാണ് ട്രംപിന്റെ വിശദീകരണം.
ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍തിരിച്ചടിയാകുന്ന നീക്കവുമായി അമേരിക്ക. യുഎസ് പൗരന്മാര്‍ അല്ലാത്തവര്‍, യുഎസിന് പുറത്തേക്ക് അയക്കുന്ന പണത്തിനുമേല്‍ അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് ട്രംപ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട ബില്ല്, യുഎസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു.
യുഎസില്‍ ഏറ്റവും കൂടുതലുള്ള മൂന്ന് പ്രവാസിസമൂഹങ്ങളില്‍ ഒന്ന് ഇന്ത്യക്കാരാണ്. വിവിധ വിസകള്‍ക്കു കീഴിലായി ഏകദേശം 23 ലക്ഷം ഇന്ത്യക്കാരാണ് യുഎസില്‍ ജോലി ചെയ്യുന്നത്. ഇന്ത്യയിലേക്ക് പ്രവാസിപണം ഏറ്റവും കൂടുതല്‍ എത്തുന്നതും അമേരിക്കയില്‍ നിന്നാണ്. 2023-ല്‍ മാത്രം 2300 കോടി ഡോളറാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് കണക്കുകള്‍ പറയുന്നു.
ബില്ല് നിയമമാകുന്ന പക്ഷം, എച്ച് 1 ബി, എഫ് 1, ഗ്രീന്‍ കാര്‍ഡ് വിസ ഉടമകളെ മാത്രമല്ല ഇത് ബാധിക്കുക. പകരം, നിക്ഷേപങ്ങളില്‍ നിന്നോ ഓഹരിവിപണിയില്‍നിന്നോ ഉള്‍പ്പെടെ യുഎസില്‍നിന്ന് ഏത് വിധത്തിലും എന്‍ആര്‍ഐകള്‍ സമ്പാദിക്കുന്ന പണത്തിനുമേല്‍ ഈ നികുതി ചുമത്തപ്പെടും. ദ വണ്‍, ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ എന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്ന ബില്ലിലാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നികുതി ചുമത്താനുള്ള ചുരുങ്ങിയ തുക ബില്ലില്‍ പറയുന്നില്ല, അതുകൊണ്ടു തന്നെ എത്ര ചെറിയ തുക അയച്ചാലും അതിന് നികുതി നല്‍കേണ്ടിവരുമെന്നാണ് സൂചന.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവി മൈക്ക് വാള്‍ട്ട്‌സ് രാജി വയ്ക്കുന്നു. വാര്‍ട്ട്‌സ് സ്ഥാനമൊഴിയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. യുണൈറ്റഡ് നാഷനില്‍ അമേരിക്കയുടെ അംബാസിഡറായി അദ്ദേഹം സേവനമനുഷ്ഠിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ ആയിരിക്കും അമേരിക്കയുടെ അടുത്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവ്.
യമനില്‍ ഹൂത്തികള്‍ക്കെതിരായ സൈനിക നടപടികള്‍ ആസൂത്രണം ചെയ്ത ഗ്രൂപ്പ് ചാറ്റ് ചോര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ വാര്‍ട്ട്‌സ് രാജിവച്ചേക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം സ്വയം ഏറ്റെടുത്തിരുന്നു.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണത്തില്‍ രാജി വെക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് വാള്‍ട്ട്‌സ്.
യെമനിലെ വിമത വിഭാഗമായ ഹൂതികള്‍ക്കെതിരെയുള്ള അമേരിക്കയുടെ സൈനിക നടപടികളുടെ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകന് ലഭിച്ചത് വലിയ വിവാദമായിരുന്നു. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെച്ചേര്‍ത്ത് ‘സിഗ്നല്‍’ ആപ്പില്‍ ഉണ്ടാക്കിയ ഗ്രൂപ്പില്‍ ‘അറ്റ്‌ലാന്റിക്’ വാരികയുടെ പത്രാധിപരും ഉള്‍പ്പെട്ടതായിരുന്നു വിവാദം.ഇത് വലിയ കോളിളക്കം സൃഷ്ടിച്ചതോടെ ഫോക്സ്ന്യൂസിലെ അഭിമുഖത്തില്‍ അതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി വാള്‍ട്സ് പറഞ്ഞു. രഹസ്യവിവരങ്ങളൊന്നും ഗ്രൂപ്പില്‍ പങ്കുവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, രഹസ്യാന്വേഷണവിഭാഗം ഡയറക്ടര്‍ തുള്‍സി ഗബാര്‍ഡ് തുടങ്ങിയവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് ‘അറ്റ്‌ലാന്റിക്’ പത്രാധിപര്‍ ജെഫ്രി ഗോള്‍ഡ്ബെര്‍ഗ് ഉണ്ടായിരുന്നത്. ഗോള്‍ഡ്ബെര്‍ഗ് വെളിപ്പെടുത്തിയപ്പോഴാണ് ഈ വിവരം പുറത്തായത്. വാള്‍ട്സ് ആണ് ഗ്രൂപ്പുണ്ടാക്കിയത്. ഗ്രൂപ്പില്‍ക്കൂടി ലഭിച്ച വിവരങ്ങള്‍ ‘അറ്റ്‌ലാന്റിക്’പ്രസിദ്ധീകരിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ ഇടപെടലുകളുമായി അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ബുധനാഴ്ച വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സംസാരിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുമായി സഹകരിക്കുമെന്ന യുഎസ് പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.
കശ്മീരിലെ ‘മനസ്സാക്ഷിയില്ലാത്ത’ ആക്രമണത്തിൽ അപലപിക്കേണ്ടതുണ്ടെന്ന് പാകിസ്താനെ ഓർമ്മപ്പെടുത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി അന്വേഷണത്തിൽ സഹകരിക്കാനും ആവശ്യപ്പെട്ടു. ആണവായുധ ശേഷിയുള്ള ഇരു അയൽരാജ്യങ്ങളോടും സംഘർഷം ലഘൂകരിക്കാനും ദക്ഷിണേഷ്യയിൽ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് ഇരു രാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
ആക്രമണം നടത്തിയവരെയും പിന്നിൽ പ്രവർത്തിച്ചവരെയും ആസൂത്രകരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മാർക്കോ റൂബിയോയുമായുള്ള സംഭാഷണത്തിന് ശേഷം ജയശങ്കർ എക്സിൽ കുറിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും അപലപിക്കുകയും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പാകിസ്താനെ പൂർണമായി വിമർശിക്കാനും അമേരിക്ക തയാറായിട്ടില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുകയും സംഘർഷം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ ഒരു മധ്യസ്ഥ ശ്രമത്തിനാണ് അമേരിക്ക ശ്രമിക്കുന്നത്.
ഭാര്യയെയും മകനെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം ഇന്ത്യക്കാരനായ ടെക് സംരംഭകന്‍ യുഎസില്‍ ജീവനൊടുക്കി. കര്‍ണാടക മാണ്ഡ്യ സ്വദേശിയായ ഹര്‍ഷവര്‍ധന എസ്. കിക്കേരി(57)യാണ് ഭാര്യ ശ്വേത പന്യ(44)ത്തെയും 14 വയസ്സുള്ള മകനെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്. വാഷിങ്ടണ്‍ ന്യൂകാസിലിലെ വസതിയില്‍ ഏപ്രില്‍ 24-നായിരുന്നു സംഭവമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ട 14 വയസ്സുകാരനെ കൂടാതെ ദമ്പതിമാര്‍ക്ക് മറ്റൊരു മകന്‍കൂടിയുണ്ട്. എന്നാല്‍, സംഭവസമയത്ത് വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ഈ മകന്‍ സുരക്ഷിതനാണെന്നും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, കൊലപാതകത്തിനും ആത്മഹത്യയ്ക്കും പ്രേരണയെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
മാണ്ഡ്യ സ്വദേശിയായ ഹര്‍ഷവര്‍ധന കിക്കേരി മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ‘ഹോലോവേള്‍ഡ്’ എന്ന റോബോട്ടിക്‌സ് കമ്പനിയുടെ സിഇഒയായിരുന്നു. ഭാര്യ ശ്വേത ഇതേ കമ്പനിയുടെ സഹസ്ഥാപകയുമായിരുന്നു. നേരത്തേ യുഎസിലായിരുന്ന ഹര്‍ഷവര്‍ധനയും ഭാര്യയും 2017-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയശേഷമാണ് ‘ഹോലോവേള്‍ഡ്’ റോബോട്ടിക്‌സ് കമ്പനി സ്ഥാപിച്ചത്. എന്നാല്‍, കോവിഡ് വ്യാപനത്തിന് പിന്നാലെ 2022-ല്‍ കമ്പനി അടച്ചുപൂട്ടേണ്ടിവന്നു. ഇതോടെ ഹര്‍ഷവര്‍ധനയും കുടുംബവും യുഎസിലേക്ക് മടങ്ങുകയായിരുന്നു.
അമേരിക്കയില്‍ വാഹനപാകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. ന്യൂജഴ്‌സിയിലെ റട്ട്‌ഗേസ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായിരുന്ന കോഴിക്കോട് വടകര സ്വദേശിനി ഹെന്ന(21)യാണ് മരിച്ചത്.
വടകര സ്വദേശി അസ്ലമിന്റെയും ചേളന്നൂര്‍ സ്വദേശി സാജിദയുടെയും മകളാണ് മരിച്ച ഹെന്ന.രക്ഷിതാക്കള്‍ക്കൊപ്പം ന്യൂജഴ്‌സിയിലാണ് താമസിച്ചിരുന്നത്.
കോളേജിലേക്ക് പോകുന്ന വഴിയില്‍ ഹെന്ന സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.
വ്യാപാര യുദ്ധത്തില്‍ ചൈനയോട് വിട്ടുവീഴ്ചയില്ലാതെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു. എന്നാല്‍ ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. ചൈന ഒഴികെയുള്ള മറ്റു രാജ്യങ്ങള്‍ക്ക് അടിസ്ഥാന തീരുവ 10 ശതമാനമായിരിക്കും. അധികമായി ചുമത്തിയ തീരുവയാണ് 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റാണ് ഇക്കാര്യം അറിയിച്ചത്.
വ്യാപാര യുദ്ധം കനക്കുന്നതിനിടെ ചൈനയ്ക്ക് ബുധനാഴ്ച 104 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അതേനാണയത്തില്‍ ചൈന തിരിച്ചടിച്ചു. യുഎസില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ചരക്കിന് ചൈന 84 ശതമാനം തീരുവ പ്രഖ്യാപിച്ചു. ഇത് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.01-ന് നിലവില്‍വരുമെന്നും അറിയിച്ചു. ഈ പ്രഖ്യാപനം നടത്തി 24 മണിക്കൂര്‍ പിന്നിടുംമുമ്പാണ് യുഎസ് ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ വീണ്ടും ഉയര്‍ത്തി 125 ശതമാനത്തിലെത്തിച്ചിരിക്കുന്നത്.
വ്യാപാര പങ്കാളികളുള്‍പ്പെടെ അറുപതോളം രാജ്യങ്ങള്‍ക്ക് ട്രംപ് പകരച്ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ബുധനാഴ്ച നിലവില്‍വരികയും ചെയ്തിരുന്നു. അതാണിപ്പോള്‍ 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. ഇന്ത്യക്ക് യുഎസ് ചുമത്തിയത് 26 ശതമാനമായിരുന്നു. ചൈനയ്ക്ക് 34 ശതമാനവും. എന്നാല്‍, അതിനുമുന്‍പ് രണ്ടുതവണയായി ചുമത്തിയ 10 ശതമാനം വീതം തീരുവകൂടിചേര്‍ന്നപ്പോള്‍ അത് 54 ശതമാനമായി. ഇതിനുള്ള മറുപടിയായി ചൈന യുഎസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തി. അത് ബുധനാഴ്ച നിലവില്‍വരുമെന്ന് പ്രഖ്യാപിച്ചു. കുപിതനായ ട്രംപ്, ചൊവ്വാഴ്ച ചൈനയ്ക്ക് 50 ശതമാനം തീരുവകൂടി ചുമത്തി. അതോടെയാണ് ചൈന യുഎസിനു നല്‍കേണ്ട ഇറക്കുമതിത്തീരുവ 104 ശതമാനമായി. ഇത് ബുധനാഴ്ച നിലവില്‍വരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രതികാരനടപടിയായി യുഎസ് ഉത്പന്നങ്ങള്‍ക്ക് 84 ശതമാനം തീരുവ ചുമത്തുന്നതായി ചൈനീസ് ധനമന്ത്രാലയം അറിയിച്ചത്. മണിക്കൂറുകള്‍ക്കകം ചൈനയ്ക്കുള്ള തീരുവ 125 ശതമാനമാക്കി ട്രംപ് തിരിച്ചടിക്കുകയും ചെയ്തു. ചൈന ഇതിനോട് ഇനി എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം
ഇന്ത്യയടക്കം 60 രാജ്യങ്ങള്‍ക്ക് അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതരയ്ക്കാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുക. ഇന്ത്യക്ക് 29 ശതമാനമാണ് പകര തീരുവ ചുമത്തിയിരിക്കുന്നത്.
ചൈനക്കെതിരെ കടുത്ത നടപടിയാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ചില ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 125 ശതമാനം വരെ തീരുവ വര്‍ധിക്കും.
യു.എസ് ഉല്‍പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുള്ള പകരച്ചുങ്കം 104 ശതമാനമാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. മുന്‍പ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവും ഉള്‍പ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനം കൂടിയാണ് പുതിയതായി ചുമത്തിയിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
കാനഡ അമേരിക്കന്‍ വാഹനങ്ങള്‍ക്ക് ചുമത്തുന്ന 25 ശതമാനം തീരുവയും ഇന്ന് പ്രാബല്യത്തില്‍ വരും. അതേസമം തീരുവ ചര്‍ച്ചകള്‍ക്കായി 70 രാജ്യങ്ങള്‍ സമീപിച്ചെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ജപ്പാന്‍, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങളുമായി ആദ്യ ചര്‍ച്ചകള്‍ നടക്കും. അതിനിടെ അമേരിക്കന്‍ ഓഹരി വിപണി വീണ്ടും താഴേക്ക് പതിച്ചു. ഡൗ ജോണ്‍സ് സൂചിക 320 പോയിന്റ് കുറവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് സൂചിക 335 പോയിന്റിന്റെ കുറവിലാണ് ക്ലോസ് ചെയ്തത്. എസ് ആന്‍ഡ് പി 500 സൂചികയില്‍ 80 പോയിന്റിന്റെ ഇടിവ്. ട്രംപിന്റെ ആഗോള തീരുവ നടപടികളില്‍ നിക്ഷേപകരുടെ ആശങ്ക തുടരുകയാണ്.
ഇന്ത്യക്ക് മേലുള്ള ട്രംപിന്റെ താരിഫ് പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. പക്ഷെ ചൈനയ്ക്ക് ചുമത്തിയതിനേക്കാള്‍ കുറവാണ്. വിയറ്റ്നാം, ബംഗ്ലാദേശ്, തായ്‌ലന്‍ഡ് എന്നി രാജ്യങ്ങള്‍ക്കും കനത്ത ആഘാതമുണ്ടായി. അതുകൊണ്ട് തന്നെ ഇന്ത്യ അത്ര കുലുങ്ങിയില്ല. ഫാര്‍മ, അര്‍ധചാലകങ്ങള്‍, ചെമ്പ്, തടി, സ്വര്‍ണം, ഊര്‍ജം തുടങ്ങിയവ താരിഫില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
ഒറ്റ നോട്ടത്തില്‍ ഇന്ത്യയ്ക്ക് മേലുള്ള തീരുവ (27 ശതമാനം) കൂടുതലായി തോന്നാം. യു.എസില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കുള്ള നികുതിയേക്കാളും കൂടുതലുമാണ്. എന്നിരുന്നാലും ഇന്ത്യയുടെ രണ്ട് പ്രധാന മേഖലകളായ ഐടിയും ഫാര്‍മയും യു.എസിന്റെ തീരുവ പട്ടികയില്‍ പെടാതെ രക്ഷപ്പെട്ടത് ആശ്വാസമാണ്.
അതേസമയം ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം ഇന്ത്യയിലെ മത്സ്യ മേഖലയെ ബാധിച്ച് തുടങ്ങി. ഈ സാഹചര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്കായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിന് സമുദ്രോത്പന്ന കയറ്റുമതിക്കാര്‍ ഡല്‍ഹിയില്‍ ചര്‍ച്ച തുടങ്ങി. രാജ്യത്തിന് പ്രതിവര്‍ഷം 60,000 കോടിയോളം രൂപ നേടിത്തരുന്ന മത്സ്യോല്‍പന്ന കയറ്റുമതി തകര്‍ന്നാലുള്ള ഗുരുതര സാഹചര്യമാണ് കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നത്.
34.26 ശതമാനം തീരുവയാണ് ഇന്ത്യയില്‍ നിന്നുള്ള മത്സ്യോല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അതോടെ അവിടെ വില കൂടും. ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ കിലോയ്ക്ക് 6-7 ഡോളറിനാണ് ഇപ്പോള്‍ അവിടെ കിട്ടുന്നത്. തീരുവ കൂടുമ്പോള്‍ അത് 8-9 ഡോളര്‍ കടക്കും. ഇതോടെ ആളുകള്‍ ഉപഭോഗം കുറയ്ക്കുകയോ മറ്റ് മീനുകളിലേക്ക് മാറുകയോ ചെയ്യാം.
ഇതിനിടെ കേരളത്തില്‍ ചെമ്മീന്‍ വില കുറഞ്ഞു. പകരച്ചുങ്കം വാര്‍ത്ത വന്നതോടെയാണ് പൊതുവേ കുറഞ്ഞ് നിന്ന വില വീണ്ടും കുറഞ്ഞത്.