uukma

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ ദേശീയ കായികമേള 2019 ന് കൊടിയിറങ്ങി. ആദ്യന്തം ആവേശം നിറഞ്ഞ മത്സരങ്ങളിൽ കരുത്തരായ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ ചാമ്പ്യന്മാരായി. സൗത്ത് വെസ്റ്റ് റീജിയനാണ് ഫസ്റ്റ് റണ്ണർഅപ്പ്. മേളയിലെ കറുത്ത കുതിരകളായ യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ മൂന്നാം സ്ഥാനം നേടി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന കായിക പ്രതിഭകൾ അണിനിരന്ന മാർ പാസ്റ്റിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ മനോജ് കുമാർ പിള്ള സല്യൂട്ട് സ്വീകരിച്ചു. കഴിഞ്ഞ വർഷങ്ങളിലെ ദേശീയ കായികമേള വ്യക്തിഗത ചാമ്പ്യൻ കൂടിയായ യുക്മ നാഷണൽ ജോയിൻറ് സെക്രട്ടറി സെലീനാ സജീവ് യുക്മ പതാകയേന്തി. യുക്മ ദേശീയ – റീജിയണൽ ഭാരവാഹികളും കായികതാരങ്ങളോടൊപ്പം മാർച്ച്പാസ്റ്റിൽ അണിചേർന്നു.

തുടർന്ന് ആരംഭിച്ച കായിക മത്സരങ്ങൾക്ക് മുൻ ഇൻഡ്യൻ കായിക താരം ഇഗ്നേഷ്യസ് പെട്ടയിൽ നേതൃത്വം കൊടുത്തു. ഇടവേളകളില്ലാതെ ഒരേസമയം ട്രാക്കിലും ഫീൽഡിലും മത്സരങ്ങൾ ആവേശത്തോടെ നടന്നു. കായിക താരങ്ങളെല്ലാം വലിയ ഉത്സാഹത്തോടും ആവേശത്തോടെയുമാണ് മത്സരങ്ങളിൽ പങ്കെടുത്തത്. പ്രത്യേകിച്ച് വനിതകളുടെയും കുട്ടികളുടെയും വിഭാഗങ്ങളിൽ പ്രായഭേദമെന്യേ വലിയ മുന്നേറ്റമാണ് കാണാൻ കഴിഞ്ഞത്.

യുക്മ സ്ഥാപിതമായിട്ട് പത്തുവർഷം തികയുന്നതിന്റെ ആവേശം പ്രകടമായ ദേശീയ മേളയിൽ അസോസിയേഷനുകൾ തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആതിഥേയരായ കേരളാ ക്ലബ്ബ് നനീറ്റൺ ചാമ്പ്യന്മാരായി. വിൽഷെയർ മലയാളി അസോസിയേഷൻ രണ്ട് പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തെത്തി. ബർമിംങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

 

വ്യക്തിഗത ചാമ്പ്യൻപട്ടത്തിന് വേണ്ടി നടന്ന വാശിയേറിയ മത്സരം ദേശീയ കായികമേളയുടെ ആവേശം വാനോളം ഉയർത്തുന്നതായിരുന്നു. എർഡിങ്ങ്ടൺ മലയാളി അസോസിഷേനിൽ നിന്നുമുള്ള ഇഗ്നേഷ്യസ് പെട്ടയിലും, ബി സി എം സി യിലെ എൽസി ജോയിയും സൂപ്പർ സീനിയർ വിഭാഗം ചാമ്പ്യന്മാരായി. ബോൾട്ടൻ മലയാളി അസോസിയേഷനിലെ ജോഷി വർക്കിയും സട്ടൻ കോൾഡ് ഫീൽഡ് മലയാളി അസോസിയേഷനിലെ സ്മിതാ തോട്ടവും സീനിയർ അഡൽട്ട് വിഭാഗത്തിലും, എഡിംഗ്ടൺ മലയാളി അസോസിയേഷനിലെ മെൽവിൻ ജോസും സ്കന്തോപ്പ് മലയാളി അസോസിയേഷനിലെ അമ്പിളി മാത്യൂസും അഡൽട്ട് വിഭാഗത്തിലും ചാമ്പ്യന്മാരായി.

ബെർമിംങ്ഹാം കേരളാ വേദിയിൽ നിന്നുമുള്ള ചാൻസെൽ സിറിയക്കും വിൽഷെയർ മലയാളി അസോസിയേഷനിലെ എൽസാ മരിയാ ടോമുമാണ് സീനിയർ വിഭാഗം ചാമ്പ്യന്മാർ. ജൂനിയർ വിഭാഗത്തിൽ കേരളാ ക്ലബ്ബ് നനീറ്റണിലെ ഡാനി ഡാനിയേൽ വിൽഷെയർ മലയാളി അസോസിയേഷനിലെ എസ്തർ ഐസക്ക്, സബ് ജൂനിയർ വിഭാഗത്തിൽ വിൽഷെയർ മലയാളി അസോസിയേഷനിലെ മാർക്ക് പ്രിൻസ്, സട്ടൻ കോൾഡ് ഫീൽഡ് മലയാളി അസോസിയേഷനിലെ അന്ന ജോസഫ്, കിഡ്സ് വിഭാഗത്തിൽ കേരളാ ക്ലബ്ബ് നനീറ്റണിലെ ജെറോൻ ജിറ്റോ, ബി സി എം സി യിലെ അനബെൽ ബിജു എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

ചിട്ടയായും സമയ കൃത്യതയിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് യുക്മ നാഷണൽ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, കായികമേള കൺവീനർ ടിറ്റോ തോമസ്, ദേശീയ ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡന്റുമാരായ അഡ്വ.എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലീനാ സജീവ്, മുൻ ദേശീയ പ്രസിഡന്റുമാരായ വർഗ്ഗീസ് ജോൺ, കെ പി വിജി തുടങ്ങിയവരും, യുക്മ ദേശീയ-റീജിയണൽ നേതാക്കളായ ബീനാ സെൻസ്, ജയകുമാർ നായർ , അഡ്വ.ജാക്സൻ തോമസ്, ബെന്നി പോൾ, ആൻറണി എബ്രഹാം, നോബി ജോസ്, സജിൻ രവീന്ദ്രൻ, വർഗ്ഗീസ് ചെറിയാൻ, സോബിൻ ജോൺ, വീണാ പ്രശാന്ത്, സ്മിതാ തോട്ടം, ലീനുമോൾ ചാക്കോ, ബാബു സെബാസ്റ്യൻ, ജോൺസൻ യോഹന്നൻ, സിബു ജോസഫ്, പോൾസൺ മാത്യു, സെൻസ് ജോസ്, ജോബി അയ്ത്തിൽ, സുരേഷ് കുമാർ, സജീവ് സെബാസ്റ്റ്യൻ, ബിൻസ് ജോർജ്, സാജൻ കരുണാകരൻ തുടങ്ങിയവരും നേതൃത്വം നൽകി.

തോമസ് മാറാട്ടുകുളം, സുരേന്ദ്രൻ ആരക്കോട്ട്, അലക്സ് വർഗീസ്, സുനിൽ രാജൻ എന്നിവരായിരുന്നു ഓഫീസ് നിർവഹണത്തിന് ചുക്കാൻ പിടിച്ചത്. നോർത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ റീജിയണുകളുടെ പങ്കാളിത്തവും, യു കെ യിലെ ചരിത്ര പ്രസിദ്ധമായ നനീട്ടൺ പിംഗിൾസ് സ്റ്റേഡിയത്തിൽ നടന്ന ദേശീയ മേളക്ക് കൊഴുപ്പേകി. ദശാബ്ദിയുടെ നിറവിൽ സംഘടിപ്പിക്കപ്പെട്ട ദേശീയ കായികമേള വൻവിജയമാക്കിയതിന് പിന്നിൽ പ്രയത്നിച്ച എല്ലാവർക്കും യുക്മ ദേശീയ നിർവാഹക നന്ദി രേഖപ്പെടുത്തി.

റജി നന്തികാട്ട് (പി. ആർ. ഒ, ഈസ്റ്റ് ആംഗ്ലിയ റീജിയൻ )

സൗത്തെൻഡ് : ജൂലൈ 7 ന് സൗത്തെൻഡിലെ ഗാരോൻ പാർക്കിൽ നടന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കായികമേളയിൽ ആതിഥേയരായ സൗത്തെൻഡ് മലയാളി അസോസിയേഷൻ 193 പോയിന്റ് നേടി ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.

101 പോയിന്റ് നേടിയ എൻഫീൽഡ് മലയാളി അസോസിയേഷനാണ് രണ്ടാം സ്ഥാനം.
95 പോയിന്റ് നേടിയ  ബാസിൽഡൺ മലയാളി അസോസിയേഷനാണ് മൂന്നാം സ്ഥാനം.
63 പോയിന്റ് നേടി ഇപ്‌സ്വിച്ച് മലയാളി അസോസിയേഷൻ  നാലാം സ്ഥാനവും കരസ്ഥമാക്കി.

നൂറിൽ പരം കായിക താരങ്ങൾ പങ്കെടുത്ത അത്യന്തം ആവേശം നിറഞ്ഞ കായികമേളക്ക് ആതിഥേയത്വം വഹിച്ചത് സൗത്തെൻഡ് മലയാളി അസോസിയേഷനായിരുന്നു. മുൻ വർഷങ്ങളിലേക്കാൾ കൂടുതൽ യുവജനങ്ങൾ കായിക മേളയിൽ  പങ്കെടുത്തത് സംഘാടകർക്കും അഭിമാനമായി.

ഉച്ചക്ക് 12 മണിയോടെ കായികതാരങ്ങളുടെ രെജിസ്ട്രേഷൻ തുടങ്ങി. കായിക മേളയുടെ തുടക്കമായി നടന്ന ഉദ്‌ഘാടന ചടങ്ങിൽ റീജിയൻ പ്രസിഡന്റ് ബാബു മങ്കുഴിയിൽ അദ്യക്ഷത വഹിച്ചു.യുക്മ മുൻ ദേശീയ പ്രസിഡണ്ട് അഡ്വ. ഫ്രാൻസിസ് കവളക്കാട്ടിൽ ഉദ്‌ഘാടനം നിർവഹിച്ചു. റീജിയൻ സെക്രട്ടറി സിബി ജോസഫ് സ്വാഗതവും സ്പോർട്സ് കോർഡിനേറ്റർ സാജൻ പടിക്കമാലിൽ കൃതഞ്ഞതയും പറഞ്ഞു. സൗത്തെൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോർജ്ജ് ജോസഫ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. നാഷണൽ ജോയിന്റ് സെക്രട്ടറി സലീന സജീവ് നയിച്ച കായികതാരങ്ങളുടെ മാർച്ച്പാസ്റ്റോടെ ആരംഭിച്ച ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ മിന്നുന്ന പ്രകടനമാണ് കായിക താരങ്ങൾ കാഴ്ച്ചവെച്ചത്.

ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾക്ക് സലീന സജീവ്, യുക്മ മുൻ ദേശീയ ജോയിന്റ് സെക്രെട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ , ബാബു മങ്കുഴിയിൽ, അജു ജോസഫ്, തോമസ് പി.ടി ( ബിനു), ബിജു മാത്യു , സിബി ജോസഫ്, സാജൻ പടിക്കമാലിൽ, കുഞ്ഞുമോൻ ജോബ് , പ്രദീപ് കുരുവിള,ജെയ്സൺ ചാക്കോച്ചൻ, എന്നിവർ നേതൃത്വം നൽകി. കിഡ്സ് വിഭാഗത്തിൽ ദേവനന്ദ ബിബിരാജ് , എൻഫീൽഡ് മലയാളി അസോസിയേഷൻ ( ENMA ), സിമിക് സഞ്ചേഷ് , എൻഫീൽഡ് മലയാളി അസോസിയേഷൻ( ENMA ), സബ് ജൂനിയർ വിഭാഗത്തിൽ ഡിയോൺ സോണി ( കേം ബ്രിഡ്ജ് മലയാളി അസോസിയേഷൻ ) , ജൂനിയർ വിഭാഗത്തിൽ ലീയ ഷിബിൻ, സൗത്തെൻഡ് മലയാളി അസോസിയേഷൻ (SMA ), അഡൾട് വിഭാഗത്തിൽ ജെയിൻ അനിൽ ബാസിൽഡൺ മലയാളി അസോസിയേഷൻ (BMA ), ഷിബിൻ മാത്യൂ, സൗത്തെൻഡ് മലയാളി അസോസിയേഷൻ ( SMA ),സീനിയർ അഡൾട് വിഭാഗത്തിൽ ഷീബ ബാബു ( ഇപ്‌സ്വിച്‌ മലയാളി അസോസിയേഷൻ )
റോജി ചെറിയാൻ (കേം ബ്രിഡ്ജ് മലയാളി അസോസിയേഷൻ), സീനിയർ വിഭാഗത്തിൽ ആൻ ജോർജ്ജ്, സൗത്തെൻഡ് മലയാളി അസോസിയേഷൻ ( SMA ), ഫിലിപ്പ് ജോർജ്ജ് , സൗത്തെൻഡ് മലയാളി അസോസിയേഷൻ(SMA) സൂപ്പർ സീനിയർ വിഭാഗത്തിൽ ജോർജ്ജ് ജോസഫ്, സൗത്തെൻഡ് മലയാളി അസോസിയേഷൻ(SMA ) എന്നിവർ വ്യക്തിഗത ചാമ്പ്യമാരായി.

കായികമേളയിൽ ഏറ്റവും വാശിയേറിയ വടംവലി മത്സരത്തിൽ ഇപ്സിച്ച് മലയാളി അസോസിയേഷനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കീഴടക്കി ബാസിൽഡൺ  മലയാളി അസോസിയേഷൻ ലോയൽറ്റി ഫിനാൻഷ്യൽ കൺസൾട്ടൻസി നൽകിയ 301 പൗണ്ടും നോർവിച്ചിലെ ജേക്കബ് കേറ്ററിംഗ് നൽകിയ എവർ റോളിങ്ങ് ട്രോഫിയും കരസ്ഥമാക്കി.

രണ്ടാം സ്ഥാനം നേടിയ ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന് പ്രമുഖ സോളിസിറ്റർ സ്ഥാപനമായ ലോ ആൻഡ് ലോയേഴ്സ് നൽകിയ 201 പൗണ്ടും ലോയൽറ്റി ഫിനാൻഷ്യൽ കൺസൾട്ടൻസി നൽകിയ
എവർ റോളിങ്ങ് ട്രോഫിയും ലഭിച്ചു.

എൻ ഫിൽഡ് മലയാളി അസോസിയേഷനുമായുള്ള കടുത്ത മത്സത്തിലൂടെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സൗത്തെ ന്റ് മലയാളി അസോസിയേഷ ൻ ടോംടൺ ട്രാവെൽസ് സ്പോൺസർ ചെയ്ത 101 പൗണ്ടിനും അഹരായി.

ബിജു മാത്യു,ഓസ്റ്റിൻ അഗസ്റ്റിൻ, അജു ജേക്കബ് , സാജൻ പടിക്കമാലിൽ തുടങ്ങിയവർ വടംവലി മത്സരങ്ങൾ നിയന്ത്രിച്ചു. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ നാഷണൽ പ്രതിനിധി ജോജോ തെരുവൻ, ഓസ്റ്റിൻ അഗസ്റ്റിൻ, ബിജീഷ് ചാത്തോത്ത്, റജി നന്തികാട്ട് എന്നിവർ ഓഫീസ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. കായികമേളയോടനുബന്ധിച്ചു പ്രവർത്തിച്ച ഫുഡ് കൗണ്ടറിന്റെ ചുമതലകൾ
റെജിമോൾ സിബിയും സെൽവി സോണിയും നിർവഹിച്ചു.

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

മെയ്ക്കരുത്തിന്റെയും തീവ്ര പരിശീലനത്തിന്റെയും കായികോത്സവത്തിന് വീണ്ടും അരങ്ങുണരുകയായി. യുക്മ ദേശീയ കായികമേള 2019 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നേരത്തെ പ്രതികൂല കാലാവസ്ഥാ പ്രവചങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റിവെക്കപ്പെട്ട ദേശീയ കായികമേളക്ക് മിഡ്‌ലാൻഡ്‌സിലെ ചരിത്ര പ്രസിദ്ധമായ നൈനീറ്റനാണ് ഇക്കുറി വേദിയൊരുക്കുന്നത്. യു കെ കായിക പ്രേമികളുടെ രോമാഞ്ചമായ നൈനീറ്റൺ പ്രിംഗിൾസ്‌ സ്റ്റേഡിയത്തിൽ ജൂലൈ 13 ശനിയാഴ്ച യുക്മ ദേശീയ കായിക മാമാങ്കത്തിന്റെ രണഭേരി മുഴങ്ങും.

ദേശീയ മേളക്ക് മുന്നോടിയായി റീജിയണൽ തലത്തിൽ പ്രഖ്യാപിച്ചിരുന്ന എല്ലാ മേഖലാ കായികമേളകളും ആവേശോജ്വലമായ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്. റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ വേദികൾ ആണ് യുക്മ ദേശീയ കായികമേളകൾ. റീജണൽ കായികമേളകളിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ മേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. ഈ വർഷം വടംവലി മത്സരങ്ങൾ ഓണാഘോഷങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തിൽ റിലേ മത്സരങ്ങൾ മാത്രമായിരിക്കും ഗ്രൂപ്പിനങ്ങളിൽ ദേശീയ മേളയിൽ ഉണ്ടാവുക.

നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ലിവർപൂളിലും, യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയണൽ കായികമേള ലീഡ്‌സിലും സൗത്ത് ഈസ്റ്റ് റീജിയൺ കായികമേള ഹേവാർഡ്‌സ് ഹീത്തിലും അരങ്ങേറി. ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണൽ മേള റെഡിച്ചിലും, സൗത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങൾ ആൻഡോവറിലും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ മേള സൗത്തെന്റിലും നടന്നു.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാനും ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് ചെയർമാനും ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് ജനറൽ കൺവീനറുമായുള്ള സമിതി ദേശീയ കായികമേളയുടെ തയ്യാറെടുപ്പുകൾ വിലയിരുത്തി വരുന്നു. കേരളാ ക്ളബ് നൈനീട്ടനും യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണും സംയുക്തമായാണ് ദേശീയ കായികമേള 2019 ന് ആതിഥേയത്വം വഹിക്കുന്നത്.

ദേശീയ ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡന്റ്മാരായ അഡ്വ. എബി സെബാസ്റ്റ്യൻ, ലിറ്റി ജോർജ്, ജോയിന്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലീന സജീവ്, റീജിയണൽ ഭാരവാഹികളായ അഡ്വ.ജാക്സൺ തോമസ്, സുരേഷ് നായർ (നോർത്ത് വെസ്റ്റ്), അശ്വിൻ മാണി, സജിൻ രവീന്ദ്രൻ (യോർക്ക് ഷെയർ), ആന്റണി എബ്രഹാം, ജിജോ അരയത്ത് (സൗത്ത് ഈസ്റ്റ്), ബെന്നി പോൾ, നോബി ജോസ് (മിഡ്‌ലാൻഡ്‌സ്), ഡോ. ബിജു പെരിങ്ങത്തറ, എം പി പത്മരാജ് (സൗത്ത് വെസ്റ്റ്), ബാബു മങ്കുഴി, സിബി ജോസഫ് (ഈസ്റ്റ് ആംഗ്ലിയ) തുടങ്ങിയവർ യുക്മ ദേശീയ കായികമേള വൻവിജയമാകുവാനുള്ള തയ്യാറെടുപ്പുകളിലാണ്.

കായികമേള സംഘടിപ്പിക്കാൻ കഴിയാതെവന്ന വെയിൽസ്‌ റീജിയൺ, നോർത്ത് ഈസ്റ്റ് & സ്കോട്ട്ലൻഡ് റീജിയൺ എന്നിവിടങ്ങളിൽ നിന്നുള്ള കായികതാരങ്ങൾക്കും, നിബന്ധനകളുടെ അടിസ്ഥാനത്തിൽ, ദേശീയ മേളയിൽ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതായിരിക്കും. കായികമേള അരങ്ങേറുന്ന സ്റ്റേഡിയത്തിന്റെ മേൽവിലാസം: Pringles Stadium, Avenue Road, Nuneaton – CV11 4LX

റെജി നന്തികാട്ട് ( പി. ആർ ഒ, ഈസ്റ്റ് ആംഗ്ലിയ റീജിയൻ )

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2019 ലെ കായികമേളയുടെയും വടംവലി മത്സരത്തിന്റെയും
ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി  സംഘാടകർ അറിയിച്ചു. 2019 ജൂലൈ 7 ന്
ഞായറാഴ്ച രാവിലെ 11 മണി മുതൽ സൗത്തെന്റിലെ Garon പാർക്കിൽ നടക്കുന്ന
കായികമേളക്ക് സൗത്തെൻഡ് മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കും.

റീജിയന്റെ 15 അംഗ അസ്സോസിയേഷനുകളിൽ  നിന്നും ചിട്ടയായ പരിശീലനത്തിന് ശേഷം പങ്കെടുക്കുന്ന കായികതാരങ്ങളെ കാത്തു  അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാഷണൽ കായികമേളയുടെ നിയമാവലി  അനുസരിച്ചു നടത്തപ്പെടുന്ന കായികമേളയിൽ ഒന്നുമുതൽ മൂന്നുവരെ സ്ഥാനം നേടുന്നവർക്ക് നാഷണൽ കായികമേളയിൽ പങ്കെടുക്കാൻ സാധിക്കും.

ഇതിനോടകം മത്സരത്തിന്റെ നിയമാവലികൾ എല്ലാ അംഗ അസ്സോസിയേഷനുകൾക്കും
അയച്ചു കൊടുത്തിട്ടുണ്ടു. സമ്മാനപ്പെരുമഴയാണ് വടംവലി മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് ലോയാലിറ്റി ഫിനാൻഷ്യൽ കൺ
സൾട്ടൻസി നൽകുന്ന 301 പൗണ്ടിനൊപ്പം  നോർവിച്ചിലെ ജേക്കബ് കേറ്ററിംഗ് നൽകുന്ന
എവർറോളിങ് ട്രോഫിയും നൽകും. രണ്ടാം സ്ഥാനം നേടുന്ന ടീമിന് പ്രസിദ്ധ സോളിസിറ്റർ  സ്ഥാപനമായ ലോ ആൻഡ് ലോയേഴ്സ് നൽകുന്ന 201 പൗണ്ടും ലോയല്റ്റി കൺസൾട്ടൻസി നൽക്കുന്ന എവർറോളിങ്ങ് ട്രോഫിയും ലഭിക്കുന്നതാണ്. മൂന്നാം  സ്ഥാനത്ത് വരുന്ന ടീമിന് ടോംടൺ ട്രാവൽസ്‌ സ്പോൺസർ ചെയ്യുന്ന 101 പൗണ്ടും നൽകുന്നതാണ്.

റീജിയൻ പ്രസിഡണ്ട് ബാബു മങ്കുഴിയിൽ സെക്രട്ടറി സിബി ജോസഫ് സ്പോർട്സ് കോർഡിനേറ്റർ സാജൻ പടിക്കമാലിൽ ,നാഷണൽജോയിന്റ് സെ‌ക്രട്ടറി സലീന സജീവ്, സൗത്തെൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോർജ് ജോസഫ് ,സെക്രട്ടറി സുരാജ് സുധാകരൻ എന്നിവർ നേതൃത്വം കൊടുക്കുന്ന വിപുലമായ കമ്മറ്റിയാണ് കായികമേളയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്
ബാബു മങ്കുഴയിൽ
07793122621
സിബി ജോസഫ്
07563544588
സാജൻ പടിക്കമാലിൽ
07891345093

സജീഷ് ടോം (പി.ആർ.ഒ & മീഡിയാ കോഡിനേറ്റർ)

യുക്മ (യൂണിയന്‍ ഓഫ്‌ യു.കെ മലയാളി അസോസിയേഷന്‍സ്‌) ജനകീയ പങ്കാളിത്തത്തോടെ ഇന്ത്യാ ടൂറിസം (ഇന്‍ക്രഡിബിള്‍ ഇന്ത്യ), കേരളാ ടൂറിസം (ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രി) എന്നിവരുമായി സഹകരിച്ച് നടത്തുന്ന “കേരളാ പൂരം 2019″നോട്‌ അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിന്‌ ടീം രജിസ്ട്രേഷന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നതായി ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.

ശ്രീ. മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന കഴിഞ്ഞ യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ “കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍ – 2017” എന്ന പേരില്‍ 2017 ജൂലൈ 29ന് യൂറോപ്പിലാദ്യമായി വാര്‍വിക്ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍ നടത്തിയ വള്ളംകളി വന്‍വിജയമായിരുന്നു. 22 ടീമുകള്‍ മാറ്റുരച്ച പ്രഥമ മത്സരവള്ളംകളിയില്‍ നോബി കെ ജോസ് നയിച്ച വൂസ്റ്റര്‍ തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ വിജയ കിരീടം സ്വന്തമാക്കി. തുടര്‍ന്ന് “കേരളാ പൂരം 2018” എന്ന പേരില്‍ ഓക്സ്ഫഡ് ഫാര്‍മൂര്‍ റിസര്‍വോയറില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് മത്സരവള്ളംകളിയില്‍ 32 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ തോമസ്‌കുട്ടി ഫ്രാന്‍സിസ് നയിച്ച ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് തുഴഞ്ഞ തായങ്കരി ചുണ്ടന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇത്തവണ വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിന്‌ കൂടുതല്‍ ടീമുകള്‍ രംഗത്ത്‌ വരുന്നതിന്‌ യുക്‌മ നേതൃത്വത്തിന്‌ മുമ്പാകെ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ മത്സരവള്ളംകളിയുടെ കൃത്യതയാര്‍ന്ന നടത്തിപ്പിന് വേണ്ടിയും ടീമുകള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുമായി 24 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്.

“കേരളാ പൂരം 2019″നോട്‌ അനുബന്ധിച്ചുള്ള പരിപാടികളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം തന്നെ വള്ളംകളി മത്സരമായതിനാല്‍ പരിചയസമ്പന്നരായ ആളുകളെ തന്നെയാണ് “ബോട്ട് റേസ് – ടീം മാനേജ്മെന്റ് & ട്രെയിനിങ്‌” വിഭാഗത്തില്‍ ചുമതല ഏല്പിച്ചിരിക്കുന്നത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്തൃട്ടാതി വള്ളംകളിയില്‍ സജീവസാന്നിധ്യമായിരുന്ന ജയകുമാര്‍ നായര്‍, കുട്ടനാട്ടില്‍ നിന്നും യു.കെയിലെത്തി സാമൂഹിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജേക്കബ് കോയിപ്പള്ളി എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റെയും ട്രയിനിങിന്റെയും ചുമതല വഹിക്കുന്നത്.

ടീം രജിസ്ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ നല്‍കുന്നു;

ഓരോ ബോട്ട് ക്ലബ്ബുകള്‍ക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്പോര്‍ട്ട്സ് ക്ലബ്ബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കഴിഞ്ഞ വര്‍ഷം മത്സരം നടത്തപ്പെട്ട അതേ മോഡല്‍ വള്ളങ്ങള്‍ തന്നെയാവും മത്സരങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നത്‌. ഇവ കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ്‌.

ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 പേര്‍ക്കാവും മത്സരം നടക്കുമ്പോള്‍ തുഴക്കാരായി ഉണ്ടാവേണ്ടത്. മറ്റ് 4 പേര്‍ സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കും. ടീം അംഗങ്ങളിലെ 20 ല്‍ 10 ആളുകളും മത്സരത്തിനിറങ്ങുമ്പോളുള്ള 16ല്‍ 8 പേരും മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തിനുള്ള ടീമുകളില്‍ പുരുഷ-വനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്‌.

കേരളത്തിന്റെ സാംസ്ക്കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ മറ്റ് കമ്മ്യൂണിറ്റികളേയും ഈ സംരംഭത്തില്‍ പങ്കാളികളാക്കുക എന്ന് കൂടി ലക്ഷ്യമിടുന്നതിനാല്‍ ടീം അംഗങ്ങളിലെയും മത്സരത്തിനിറങ്ങുന്നവരിലെയും പകുതിയാളുകള്‍ മറ്റ് ഏത് കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്താവുന്നതാണ്. ബ്രിട്ടണില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത വിഭാഗക്കാര്‍ ഉള്ളതിനാല്‍ തന്നെ ഏത് എത്നിക് വിഭാഗത്തിലുള്ളവരെയും ടീമുകളില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ബോട്ട് ക്ലബ്ബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്‍, ക്ലബ്ബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ബോട്ട്‌ ക്ലബുകളുടെ ക്യാപ്റ്റന്മാര്‍ ചുമതലയുള്ളവരെ ബന്ധപ്പെട്ട്‌ രജിസ്ട്രേഷന്‍ പുതുക്കേണ്ടതാണ്‌.

കേരളത്തിലെ നെഹ്‌റുട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബ്ബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ വൂസ്റ്റര്‍ തെമ്മാടീസ്‌ ബോട്ട് ക്ലബ്ബ് മത്സരിക്കാനിറങ്ങിയത് കാരിച്ചാല്‍ എന്ന പേരുള്ള വള്ളത്തിലാണ്‌. ബോട്ട് ക്ലബ്ബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാവുന്നതാണ്. പേര് നല്‍കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വര്‍ഷം ബോട്ട്‌ ക്ലബുകള്‍ മത്സരിച്ച അതേ വള്ളങ്ങളുടെ പേരു തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാല്‍ അതേ പേരു തന്നെ ഉപയോഗിക്കുന്നതിന്‌ നിലവിലുള്ള ബോട്ട്‌ ക്ലബുകള്‍ നല്‍കുന്ന അപേക്ഷകള്‍ക്ക്‌ മുന്‍ഗണന ലഭിക്കുന്നതാണ്‌.

എല്ലാ ടീമുകളിലേയും അംഗങ്ങള്‍ക്കുള്ള ജഴ്സികള്‍ സംഘാടക സമിതി നല്‍കുന്നതായിരിക്കും. ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ പേരും ജഴ്‌സി സൈസും നല്‍കേണ്ടതാണ്. കഴിഞ്ഞ വര്‍ഷം പരാതികള്‍ക്കിടയില്ലാതെ പങ്കെടുക്കാനെത്തിയ 22 ടീമുകളിലെയും 20 അംഗങ്ങള്‍ക്ക്‌ വീതം ജഴ്‌സി നല്‍കിയത്‌ പരിപാടിയ്ക്ക്‌ വര്‍ണ്ണപ്പകിട്ടേകി. 20 ടീം അംഗങ്ങളില്‍ ഒരാള്‍ ടീം ക്യാപ്റ്റന്‍ ആയിരിക്കും. നെഹ്റു ട്രോഫി വള്ളംകളി പോലെ ടീം ക്യാപ്റ്റന്മാര്‍ തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.

ടീം ഒന്നിന് 300 പൗണ്ട് രജിസ്ട്രേഷന്‍ ഫീസ്. ഇത്‌ ടീം ക്യാപ്റ്റന്മാരാണ്‌ നല്‍കേണ്ടത്‌. ടീമിന്‌ സ്പോണ്‍സര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ ലോഗോ ജഴ്‌സിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അവസരവുമുണ്ട്‌. ഇത്‌ നിബന്ധനകള്‍ക്ക്‌ വിധേയമാണ്‌.

ബ്രിട്ടണില്‍ നിന്നുമുള്ള ടീമുകള്‍ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്. വിദേശ ടീമുകള്‍ക്ക്‌ ഫീസിനത്തില്‍ ഇളവുകളുണ്ട്.

കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുള്ള രീതിയിലാവും ഈ മത്സരവള്ളംകളിയും നടത്തപ്പെടുന്നത്‌. ഫൈനല്‍ റൗണ്ടില്‍ 16 ടീമുകള്‍ക്കാണ് മത്സരിക്കുവാന്‍ സാധിക്കുന്നത്. ഇവര്‍ക്ക് നാല് ഹീറ്റ്സ് മത്സരങ്ങളും നാല് ഫൈനല്‍ മത്സരങ്ങളും ഉണ്ടാവുന്നതാണ്. എന്നാല്‍ 16 ടീമുകളിലധികം മത്സരിക്കാനെത്തിയാല്‍ കഴിഞ്ഞ വര്‍ഷം നടത്തിയതുപോലെ പ്രാഥമിക റൗണ്ട്‌ മത്സരം നടത്തിയാവും “ഫൈനല്‍ 16” ടീമുകളെ തെരഞ്ഞെടുക്കുന്നത്‌. ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം രജിസ്ട്രേഷന്‍ അവസാനിച്ചതിനു ശേഷം പ്രസിദ്ധീകരിക്കുന്നതാണ്.

വനിതകള്‍ക്ക്‌ മാത്രമായി നെഹ്‌റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കുന്നതാണ്‌. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും വളരെ വാശിയേറിയ പോരാട്ടമാണ് വനിതകളുടെ പ്രദര്‍ശന മത്സരത്തിലുണ്ടായത്.

ടീം രജിസ്ട്രേഷന്‍ വിവരങ്ങള്‍ക്ക്:

ജയകുമാര്‍ നായര്‍:07403 223066

ജേക്കബ് കോയിപ്പള്ളി:07402 935193

“കേരളാ പൂരം 2019”: കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മനോജ് പിള്ള (പ്രസിഡന്റ്) : 07960357679, അലക്സ് വര്‍ഗ്ഗീസ് (സെക്രട്ടറി) : 07985641921 എന്നിവരെ ബന്ധപ്പെടേണ്ടതാണ്

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

മെയ്ക്കരുത്തിന്റെയും തീവ്ര പരിശീലനത്തിന്റെയും കായികോത്സവത്തിന് ബർമിംഗ്ഹാം വീണ്ടും വേദിയൊരുക്കുന്നു. യുക്മ ദേശീയ കായികമേള ജൂൺ 15 ശനിയാഴ്ച, യുക്മയുടെ സ്വന്തം കായിക തട്ടകമായ സട്ടൻ കോൾഡ്‌ഫീൽഡിലെ വിൻഡ്‌ലി ലെഷർ സെന്ററിൽ നടക്കുകയാണ്. തുടർച്ചയായ ഒൻപതാം തവണയാണ് വിൻഡ്‌ലി ലെഷർ സെന്റർ യുക്മ ദേശീയ കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്.

റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ വേദികൾ ആണ് യുക്മ ദേശീയ കായികമേളകൾ. റീജണൽ  കായികമേളകളിൽ  വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ  മേളയിൽ  പങ്കെടുക്കുവാൻ  അവസരം ലഭിക്കുക. പ്രധാനപ്പെട്ട റീജിയണുകൾ എല്ലാം തന്നെ റീജിയണൽ കായികമേളയുടെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

നോർത്ത് വെസ്റ്റ്, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ, യോർക്ക് ഷെയർ ആൻഡ് ഹംബർ എന്നീ റീജിയണുകളിൽ പുത്തൻ നേതൃത്വം കായികമേളയോടുകൂടി പ്രവർത്തനവർഷം സജീവമാക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. വെയിൽസ് റീജിയണും പുനഃസംഘടിപ്പിക്കപ്പെ ട്ട നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ട്ലൻഡ് റീജിയണും ദേശീയ കമ്മറ്റിയുടെ സഹകരണത്തോടെ തങ്ങളുടെ റീജിയണൽ കായിക മേളകൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

യുക്മ ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് ആണ് ദേശീയ കായിക മേളയുടെ   ജനറൽ കൺവീനർ. സൗത്ത് വെസ്റ്റ് റീജിയണിൽനിന്നും ദേശീയ തലത്തിൽ വിവിധ ഭാരവാഹിത്തങ്ങൾ വഹിച്ചിട്ടുള്ള ടിറ്റോ തോമസ് നാളിതുവരെ നടന്നിട്ടുള്ള എല്ലാ ദേശീയ കായിക മേളകളുടെയും സംഘാടക രംഗത്ത് ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ്. യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാനും ദേശീയ ജനറൽ  സെക്രട്ടറി അലക്സ് വർഗീസ് വൈസ് ചെയർമാനായുള്ള സമിതി റീജിയണൽ – ദേശീയതല കായിക മേളകളുടെ തയ്യാറെടുപ്പുകൾ വിലയി രുത്തി വരുന്നു.

യുക്മ ദേശീയ കായികമേളയുടെ നിയമാവലി ദേശീയ കമ്മറ്റി പ്രസിദ്ധീകരിച്ചു. യു കെ യിലെ കായിക പ്രേമികളുടെയും യുക്മ പ്രവർത്തകരുടെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചുകൊണ്ട് “2019 കായികമേള മാനുവൽ” കൂടുതൽ പരിഷ്‌ക്കാരങ്ങൾ വരുത്തുവാനും കൂടുതൽ ജനകീയമാക്കുവാനുമാണ് ഭരണസമിതി ആഗ്രഹിക്കുന്നത്.  ഇതിലേക്കായുള്ള നിർദ്ദേശങ്ങൾ se [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഏപ്രിൽ 25 വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിവരെ  അയക് കാവുന്നതാണ്. നിലവിലുള്ള കായികമേള മാനുവൽ ലിങ്ക് ഈ വാർത്തയോടൊപ്പം ചേർത്തിരിക്കുന്നു.

യുക്മ ദേശീയ കായികമേള സന്ദേശം കൂടുതൽ പേരിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ദേശീയ കമ്മറ്റി ഈ വർഷം ഒരു ലോഗോ മത്സരം സംഘടിപ്പിക്കുകയാണ്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിൽ തയ്യാർ ചെയ്യുന്ന ലോഗോ ഡിസൈനുകളാണ് ക്ഷണിക്കുന്നത്. ലോഗോകൾ പൂർണ്ണമായും സ്വതന്ത്രവും അനുകരണങ്ങൾക്ക് അതീതവും ആയിരിക്കണം. മത്സരത്തിനുള്ള ലോഗോകൾ മെയ് 4 ശനിയാഴ്ചക്ക് മുൻപായി secretary.ukma@gmail. com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കേണ്ടതാണ്. ഒരാൾക്ക് രണ്ട് ലോഗോകൾ വരെ അയക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകല്പ്പന ചെയ്യുന്ന വ്യക്തിയെ യുക്മ ദേശീയ വേദിയിൽ വച്ച് ആദരിക്കുന്നതായിരിക്കും.

യു കെ മലയാളികളുടെ കായിക ഭൂപടത്തിൽ യുക്മയുടെയും വിൻഡ്‌ലി ലെഷർ സെന്ററിന്റെയും പേരുകൾ അനിഷേധ്യമാംവിധം  ചേർത് ത് എഴുതപ്പെട്ടിരിക്കുന്ന യുക്മ ദേശീയ കായികമേള വൻവിജയമാക്കുവാൻ എല്ലാ യുക്മ പ്രവർത്തകരും യു കെ മലയാളി കായിക പ്രേമികളും സഹകരിക്കണമെന്ന് യുക്മ ദേശീയ ഭരണസമിതി അഭ്യർത്ഥിക്കുന്നു.

UUKMA NATIONAL SPORTS 2019 RULES FINAL EDIT

റജി നന്തികാട്ട്

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ അംഗ അസോസിയേഷനില്‍ നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുക്കുന്ന 2018ലെ റീജിയന്‍ കായിക മേളക്ക് ലൂട്ടനിലെ ഫാര്‍ലി ഹില്ലിലുള്ള സ്‌ട്രോക്ക് വുഡ് അത്ലറ്റിക് സെന്റര്‍ പാര്‍ക്ക് വേദിയാകും. 2018 ജൂണ്‍ 16 ശനിയാഴ്ച 12 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കായിക മേള.

അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ട്രാക്കോട് കൂടിയ വേദി മികച്ച മത്സരം ഉറപ്പാക്കുന്നു. റീജിയന്‍ കായികമേളയിലെ വിജയികള്‍ക്ക് യുക്മ നാഷണല്‍ കായികമേളയില്‍ പങ്കെടുക്കുവാന്‍ സാധിക്കും. കായിക മേളയില്‍ പരമാവധി കായിക താരങ്ങളെ പങ്കെടുപ്പിക്കുവാന്‍ അംഗ അസോസിയേഷനുകള്‍ ശ്രമിക്കണമെന്ന് റീജിയന്‍ പ്രസിഡണ്ട് ബാബു മങ്കുഴിയില്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയന്‍ സെക്രട്ടറി ജോജോ തെരുവനെ (07753 329563) ബന്ധപ്പെടാവുന്നതാണ്.

റജി നന്തികാട്ട്

പ്രവാസി മലയാളികളുടെ അഭിമാനമായ യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഏപ്രില്‍ ലക്കം പ്രസിദ്ധീകരിച്ചു. ഭാരതത്തില്‍ ദിവസേനയെന്നോണം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ ഭാരതത്തെ ലോകത്തിന്റെ മുന്നില്‍ തല കുനിച്ചു നില്‍ക്കേണ്ട അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു എന്ന് എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. എപ്പോഴും വിമര്‍ശനങ്ങള്‍ നേരിടുന്ന കേരള സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ ഇത്തവണ ചരിത്രം സൃഷ്ടിച്ചു. നല്ല നടനുള്ള അവാര്‍ഡ് നേടിയ ഇന്ദ്രന്‍സിനെയും ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നേടിയ ശ്രീകുമാരന്‍ തമ്പിയെയും എഡിറ്റോറിയലില്‍ പ്രത്യേകം അഭിനന്ദിച്ചു.

ശ്രീകുമാരന്‍ തമ്പിയുടെ ജീവിതത്തെ വിലയിരുത്തി സംഗീത നായര്‍ എഴുതിയ ശ്രീകുമാരന്‍ തമ്പി ചലച്ചിത്ര പ്രതിഭ എന്ന ലേഖനം ഈ ലക്കത്തിന്റെ ഈടുറ്റ രചനയാണ്. വായനക്കാരുടെ ഇഷ്ട പംക്തി ജോജ്ജ് അറങ്ങാശ്ശേരി എഴുതുന്ന സ്മരണകളിലേക്ക് ഒരു മടക്കയാത്രയില്‍ ഇത്തവണ വളരെ രസകരമായ ഒരു അനുഭവം വിവരിക്കുന്നു. ബാബു ആലപ്പുഴയുടെ നര്‍മ്മകഥ മദ്യം മണക്കുന്നു ആനുകാലിക വിഷയം രസകരമായി എഴുതിയിരിക്കുന്നു.
യുകെയിലെ എഴുത്തുകാരായ ബീന റോയ് എഴുതിയ അയനം എന്ന കവിതയും നിമിഷ ബേസില്‍ എഴുതിയ മരണം എന്ന കവിതയും അര്‍ത്ഥ സമ്പുഷ്ടമായ രചനകളാണ്.

യുക്മ റീജിയന്‍ പ്രസിഡണ്ടും നല്ലൊരു സംഘാടകനും ജ്വാല ഇ മാഗസിന്റെ വളര്‍ച്ചയില്‍ നല്ലൊരു പങ്കു വഹിച്ചിരുന്ന ശ്രീ. രഞ്ജിത് കുമാറിന്റെ മരണം യുകെയിലെ സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടമായിരുന്നു. മാത്യു ഡൊമിനിക് രചിച്ച സ്മൃതിയുടെ വീഥിയില്‍ എന്ന കവിത രഞ്ജിത്കുമാറിന്റെ ഓര്‍മ്മ നമ്മില്‍ ഉണര്‍ത്തും. സി.വി.കൃഷ്ണകുമാര്‍ എഴുതിയ പഠനസാമഗ്രികള്‍, സുനില്‍ ചെറിയാന്‍ എഴുതിയ രണ്ടേ നാല്, ഡോ. അപര്‍ണ നായര്‍ എഴുതിയ മോളിക്കുട്ടിയുടെ ട്രോളി എന്നീ കഥകള്‍ ജ്വാലയുടെ കഥ വിഭാഗത്തെ സമ്പന്നമാക്കുന്നു. വി. കെ. പ്രഭാകരന്റെ എഴുതിയ ഓര്‍മ്മകള്‍ ഭഗവന്‍ പുലിയോടു സംസാരിക്കുന്നു, രശ്മി രാധാകൃഷ്ണന്‍ രചിച്ച യാത്രാനുഭവം പാട്ടായ അഥവാ കടലിനു തീറെഴുതിയ നഗരം വായനയുടെ വിശാലമായ ലോകത്തേക്ക് വായനക്കാരെ നയിക്കുന്നു.

ഏപ്രില്‍ ലക്കം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു. കേരളത്തിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ചു ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് എഴുതിയ എഡിറ്റോറിയലില്‍ മതത്തെ കൂട്ടുപിടിച്ചു നടക്കുന്ന ആക്രമണത്തെയും വിമര്‍ശിക്കുന്നു. വിജു നായരങ്ങാടി എഴുതിയ ചില ജനുസുകള്‍ ഇങ്ങനെയാണ് എന്ന ലേഖനത്തില്‍ അന്തരിച്ച കവി ഡി. വിനയചന്ദ്രനെക്കുറിച്ച് ആഴത്തില്‍ മനസിലാക്കാന്‍ വായനക്കാര്‍ക്ക് കഴിയും. ജ്വാല എഡിറ്റോറിയല്‍ അംഗം കൂടിയായ ജോര്‍ജ് അറങ്ങാശ്ശേരി എഴുതുന്ന സ്മരണകളിലേക്ക് ഒരു മടക്കയാത്ര എന്ന പംക്തിയില്‍ മലയാളത്തിന്റെ പ്രിയ കവി ഓ എന്‍ വി യുടെ സാന്നിധ്യത്തില്‍ കവിത ആലപിക്കാന്‍ കിട്ടിയ അവസരത്തെകുറിച്ച് പരാമര്‍ശിച്ചു എഴുതിയത് നല്ലൊരു വായനാനുഭവം നല്‍കുന്നു.

ഷെറിന്‍ കാതറിന്റെ ‘ജൂതന്‍’, ലിജി സെബി എഴുതിയ ‘ സ്വന്തം പിറന്നാള്‍ സമ്മാനം’, പി. സത്യവതി എഴുതിയ തെലുഗു കഥയുടെ പരിഭാഷ എസ്. ജയേഷ് എഴുതിയ ‘എന്താണെന്റെ പേര്’. സജിദില്‍ മുജീബ് എഴുതിയ ‘സുറുമകണ്ണുകള്‍’ എന്നീ കഥകള്‍ വായക്കാര്‍ക്ക് വായനയുടെ പുതിയ വാതായനം തുറന്നു നല്‍കുന്നു. യുകെയിലെ എഴുത്തുകാരന്‍ മാത്യു ഡൊമിനിക് എഴുതിയ ‘എഴുത്തിന്റെ നോവുകള്‍’ എന്ന ആക്ഷേപ ഹാസ്യ രചനയും പുതുമ നിറഞ്ഞതാണ്. പ്രമുഖ സാഹിത്യകാരി സാറ ജോസഫ് എഴുതിയ ആതി എന്ന നോവലിനെക്കുറിച്ചു രശ്മി രാധാകൃഷ്ണന്‍ എഴുതിയ ‘ആതിയുടെ കയങ്ങളില്‍’ എന്ന ലേഖനം നോവലിനെക്കുറിച്ചുള്ള ഗംഭീരമായ ഒരു പഠനം തന്നെയാണ്.

മോഹന്‍ പുത്തന്‍ചിറയുടെ ‘വികസനം ‘ ഡി. യേശുദാസ് എഴുതിയ ‘ ആഴം കുറഞ്ഞു കുറഞ്ഞു..’ ഷാഫ് മുഹമ്മദിന്റെ ‘ സാവിത്രിയുടെ അരഞ്ഞാണം’ എന്നീ കവിതകളും ജ്വാലയുടെ ഉള്ളടക്കത്തെ ധന്യമാക്കുന്നു.

ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം വായിക്കാം

സജീഷ് ടോം

ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യൂറോപ്പ് മലയാളികൾ നെഞ്ചിലേറ്റിയ സംഗീത യാത്രയായി മാറിക്കഴിഞ്ഞു. യുകെയിലെ രണ്ട് വേദികളിൽ നടന്ന ഒഡിഷനുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഗായകപ്രതിഭകളും, സ്വിറ്റ്സർലൻഡിൽനിന്നും റിപ്പബ്ലിക് ഓഫ് അയർലണ്ടിൽനിന്നുമുള്ള മത്സരാർത്ഥികളുമുൾപ്പെടെയുള്ള പ്രൗഢമായ ഗായകനിരയാണ് സ്റ്റാർസിംഗർ 3 യിൽ തുയിലുണർത്താൻ എത്തുന്നത്. 1970 – 80 കളിലെ ഹൃദ്യഗാനങ്ങളുടെ ഈ പുതിയ എപ്പിസോഡിൽ വ്യത്യസ്തമായ സംഗീത ശൈലികളുമായെത്തുന്ന മൂന്ന് മത്സരാർഥികളാണ്‌ മാറ്റുരക്കുന്നത്.

എം ഡി രാജേന്ദ്രന്റെ വരികൾക്ക് ജെറി അമൽദേവ് ഈണം നൽകിയ ‘വാചാലം എൻ മൗനവും നിൻ മൗനവും’ എന്ന ഗാനവുമായാണ് നോർത്താംപ്ടണിൽനിന്നുള്ള ആനന്ദ് ജോൺ ഈ എപ്പിസോഡിലെ ആദ്യ ഗായകനായെത്തുന്നത്. “കൂടുംതേടി” എന്ന പോൾ ബാബു ചിത്രത്തിലെ ഈ ഗാനത്തിൽ യേശുദാസിന്റെ ശബ്ദത്തോട് അടുത്ത് നിൽക്കാനുള്ള ആനന്ദിന്റെ ഒരു പരിശ്രമവും നമുക്ക് കാണാൻ കഴിയും.

1970 കളുടെ ആദ്യം പുറത്തിറങ്ങിയ “സ്വപ്നം” എന്ന ചിത്രത്തിലെ ഒരുഗാനമാണ് അടുത്ത മത്സരാർത്ഥി രചനാ കൃഷ്ണൻ ആലപിക്കുന്നത്. ‘മഴവിൽകൊടി കാവടി അഴകുവിടർത്തിയ മാനത്തെ പൂങ്കാവിൽ’ എന്ന ഈ ഗാനത്തിന് മലയാളത്തിന്റെ സ്വന്തം ഒ എൻ വി കുറുപ്പിന്റെ രചനയിൽ ഇന്ത്യൻ സിനിമയുടെ സലിൽ ദാദഎന്ന സലിൽ ചൗധരിയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. എസ് ജാനകിയുടെ മാസ്മരിക ശബ്ദത്തിൽ മലയാളി മനസ്സിൽ പാടിപ്പതിഞ്ഞ ഈ ഗാനം നോട്ടിംഗ്ഹാമിൽനിന്നുള്ള രചനയുടെ ശബ്ദത്തിൽ നമുക്ക് കേൾക്കാം.

ഈ എപ്പിസോഡിലെ അവസാന മത്സരാർത്ഥിയായി എത്തുന്നത് ഹള്ളിൽനിന്നുള്ള സാൻ തോമസ് ആണ്. ‘അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന വ്യത്യസ്തത പുലർത്തുന്ന മനോഹര ഗാനവുമായാണ് സാൻ എത്തുന്നത്. പൂവച്ചൽ ഖാദർ ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ജോൺസൻ മാഷ് ചിട്ടപ്പെടുത്തി, യേശുദാസ് ആലപിച്ച ഈ ഗാനം 1980 കളിൽ മലയാളക്കരയുടെ ഹരമായിരുന്ന “ഒരു കുടക്കീഴിൽ” എന്ന ചിത്രത്തിൽ നിന്നാണ്.

സ്റ്റാർസിംഗർ 3 പുരോഗമിക്കുന്ന വേഗത്തിൽ തന്നെ മത്സരാർത്ഥികളും പ്രേക്ഷക മനസുകളിൽ ചേക്കേറുകയാണ്. ഫേസ്ബുക്കിലൂടെയും മറ്റ് നവ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മത്സരാർത്ഥികൾക്ക് പ്രേക്ഷകരിൽനിന്നും നിരവധി പ്രോത്സാഹനങ്ങളും ആശംസകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ മ്യുസിക്കൽ റിയാലിറ്റി ഷോയെ ക്കുറിച്ചുള്ള നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കാവുന്നതാണ്.

RECENT POSTS
Copyright © . All rights reserved