uukma

പി.ആര്‍.ഒ. യുക്മ 

യുക്മ നാഷണൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും, ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി അർദ്ധ കാലാവധിയിലെ ജനറൽ ബോഡി യോഗം 2018 ഫെബ്രുവരി 24 ന് വാൽസാളിലെ റോയൽ ഹോട്ടലിൽ വച്ച് ചേരുന്നതാണ്. അംഗ അസോസിയേഷനുകളിൽ നിന്ന് യുക്മ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവർക്ക് ജനറൽ ബോഡി യോഗത്തിൽ വോട്ട് ചെയ്യാനുള്ള അവകാശത്തോടെ പങ്കെടുക്കാം. അസോസിയേഷൻ ഭാരവാഹികളെയും യുക്മയുടെ അഭ്യുദയകാംക്ഷികളെയും ജനറൽ ബോഡി യോഗത്തിൽ സംബന്ധിക്കുന്നതിനും അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുവാനും സ്വാഗതം ചെയ്യുന്നു.

യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ, സെക്രട്ടറി റോജിമോൻ വറുഗീസ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് വായിക്കുന്നതും, ട്രഷറർ അലക്സ് വർഗീസ് വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുന്നതുമാണ്. യുക്മ നാഷണൽ കമ്മിറ്റി വിഭാവനം ചെയ്തു നടപ്പിലാക്കിയ വിവിധ പദ്ധതികളുടെയും പരിപാടികളുടെയും ചുമതല ഉണ്ടായിരുന്നവക്ക് പോയ വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുന്നതിനും, വരും വർഷത്തെ പരിപാടികൾ എപ്രകാരം വിഭാവനം ചെയ്തിരിക്കുന്നു എന്ന് വിശദീകരിക്കുന്നതിനും അവസരമുണ്ടായിരിക്കും.

ഓരോ റീജിയന്റെയും പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിന് റീജിയണൽ പ്രസിഡന്റ് (അല്ലെങ്കിൽ സെക്രട്ടറി) എന്നിവർക്കും അവസരം നൽകുന്നതാണ്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ യുക്മയെ വളർത്തുന്നതിനോടൊപ്പം, യു കെ മലയാളികൾക്കും മറ്റുള്ളവർക്കും പരമാവധി പ്രയോജനം ലഭിക്കത്തക്കവണ്ണം യുക്മയുടെ പ്രവർത്തനമേഖല വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പ്രാവശ്യത്തെ ജെനറൽ ബോഡി സംവിധാനം ചെയ്തിരിക്കുന്നത്. തുടർന്ന് ചോദ്യോത്തര വേളയും ആവശ്യമായ കാര്യങ്ങളിലുള്ള ചർച്ചകളും ഉണ്ടായിരിക്കും.

യുക്മ ജനറൽ ബോഡിയിൽ ചർച്ചക്കെടുക്കേണ്ട പ്രധാന കാര്യങ്ങൾ ഉണ്ട് എങ്കിൽ യുക്മ നാഷണൽ ജനറൽ സെക്രട്ടറി റോജിമോനെ ഫെബ്രുവരി 17 ന് മുമ്പായി [email protected] എന്ന ഇമെയിൽ അഡ്രസ്സിൽ അറിയിക്കേണ്ടതാണ്.

രാവിലെ കൃത്യം 10 മണിക്ക് യുക്മ ദേശീയ നിർവാഹക സമിതി യോഗം നടക്കുന്നതും തുടർന്ന് യുക്മ നാഷണൽ ജനറൽ ബോഡി ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്നതാണ്. 2 മണിക്ക് ഉച്ചഭക്ഷണത്തിനു പിരിയുന്ന യോഗം 2 .45 വീണ്ടും ചേരുന്നതും, 6 മണിയോടെ അവസാനിപ്പിക്കുന്നതിനുമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. എല്ലാ യുക്മ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്ത് നമ്മുടെ കൂട്ടായ്മയെ ഉന്നതിയുടെ പുതിയ മേഖലകളിലേക്ക് എത്തിക്കുവാൻ നിസ്വാർത്ഥമായി സഹകരിക്കണമെന്ന് യുക്മ നാഷണൽ കമ്മിറ്റി അഭ്യർത്ഥിക്കുന്നു

യോഗം നടക്കുന്ന വേദിയുടെ വിലാസം
The Royal Hotel Walsall,
Ablewell Street, WS1 2EL.

മാഞ്ചസ്റ്റർ: ഈ വരുന്ന ഫെബ്രുവരി പത്ത് ശനിയാഴ്ച, മാഞ്ചസ്റ്റർ മലയാളീ അസോസിയേഷന്റെയും യുക്മ നോർത്ത് വെസ്റ്റ് റീജിയണിന്റെയും നേതൃത്വത്തിൽ നടത്തുന്ന യുക്മ യൂത്ത് പ്രോഗ്രാമിലേക്കു വിദ്യാർത്ഥികളെയും മാതാപിതാക്കളെയും സദയം ക്ഷണിക്കുന്നു. മാഞ്ചസ്റ്റർ മലയാളീ അസോസിയേഷന്റെ സഹകരണത്തോടെയാണ്  യൂത്ത് പ്രോഗ്രാം നടത്തുന്നത്.

യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന പ്രൊഫെഷണൽ വിദ്യാർത്ഥികളും വിദഗ്ധരും നയിക്കുന്ന വർക്ക് ഷോപ്പിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വിവിധ പ്രൊഫഷനുകളെക്കുറിച്ചും അതിന്റെ അഡ്മിഷൻ നടപടിക്രമങ്ങളെക്കുറിച്ചും കരിക്കുലത്തെക്കുറിച്ചും ജോലിസാധ്യതകളെക്കുറിച്ചും ചോദിച്ചറിയാൻ അവസരമുണ്ടായിരിക്കുന്നതാണ്. ഗ്രാമർ സ്കൂൾ അഡ്മിഷനെക്കുറിച്ചും ഈ പ്രോഗ്രാമിൽ വിദഗ്ധർ സംസാരിക്കും .

കഴിഞ്ഞ മാസം ‘യുക്മ യൂത്ത്’ ചെൽറ്റൻഹാമിൽ വെച്ച് ‘യുക്മ സൗത്ത് വെസ്റ്റിന്റെ’ നേതൃത്വത്തിൽ നടത്തിയ യൂത്ത് പ്രോഗ്രാമിന് മികച്ച പിന്തുണയാണ് ലഭിച്ചത് . യുകെയിലെ വിവിധ റീജിയനുകളിൽ ഇതുപോലെയുള്ള കരിയർ ഗൈഡൻസ് യൂത്ത് പ്രോഗ്രാം നടത്തുവാൻ യുക്മ യൂത്തിനെ സമീപിച്ചിട്ടുണ്ട്. യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ഡോ ദീപ ജേക്കബ്ബ്, യുക്മ നാഷണൽ എക്സിക്യുട്ടീവ് അംഗം ഡോ ബിജു പെരിങ്ങത്തറ തുടങ്ങിയവർക്കാണ് യുക്മ യൂത്തിന്റെ ചുമതല. ഇന്ത്യയിൽ വിദ്യാഭ്യാസം കഴിഞ്ഞ മാതാപിതാക്കൾക്ക് ഇവിടെത്തെ വിദ്യാഭ്യാസ രീതികളെക്കുറിക്കും ഇവിടത്തെ കരിക്കുലത്തെക്കുറിച്ചും ( Key stages up to A Level ) യൂണിവേഴ്സിറ്റി അഡ്മിഷനെക്കുറിച്ചും മറ്റും അറിയുവാൻ ഇതുപോലെയുള്ള അവസരങ്ങൾ പ്രയോജനകരമാണ്

പേർസണൽ സ്റ്റേറ്റ്മെൻറ് എഴുതുന്നതിനെക്കുറിച്ചും UCAS നോൺ അക്കാഡമിക് പോയിന്റ് എങ്ങനെ നേടാമെന്നും GCSE subject സെലക്ഷനെക്കുറിച്ചും മറ്റും അറിയുവാനുള്ള അവസരവും ഈ യൂത്ത് പ്രോഗ്രാമിൽ ഉണ്ടായിരിക്കും. പഠ്യേതര വിഷയങ്ങളെക്കുറിച്ചുള്ള മോട്ടിവേഷണൽ പ്രഭാഷണവും ഉൾപ്പെടുത്തിയിട്ടുണ്ട് . മെഡിസിൻ, എഞ്ചിനീയറിംഗ്, ഫാർമസി, സൈക്കോളജി , നഴ്സിംഗ് മുതലായ കരിയർ സാധ്യതകളെക്കുറിച്ചും അഡ്മിഷൻ നടപടി ക്രമങ്ങളെക്കുറിച്ചും യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ പഠിക്കുന്ന കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കും .

രജിസ്‌ട്രേഷൻ കൃത്യം 1.30 pm നു തന്നെ ആരംഭിക്കും. രണ്ടു മുതൽ ആറു മണിവരെയാണ് പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത് .

കൂടുതൽ വിവരങ്ങൾക്ക്‌ താഴെപറയുന്നവരുമായി ബന്ധപ്പെടുക :

Mr Wilson Mathew 07703722770

Mr Kalesh Bhaskaran 07725866552

Mr Sheejo Varghese 07852931287

Mr Thankachan Abraham  07883 022378

Venue : Mancester Malayalee Association
C/O Bridgelea Pupil Referral Unit
Mount Road, Manchester
M18 7GR

സജീഷ് ടോം

ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യുടെ രണ്ടാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കുകയാണ്. കഴിഞ്ഞ നവംബർ 11 ന് ബർമിംഗ്ഹാമിനടുത്തുള്ള വൂളറാംപ്റ്റണിൽ നടന്ന ആദ്യ സ്റ്റേജ് മത്സരങ്ങളിൽ രണ്ട് റൗണ്ട് മത്സരങ്ങളായിരുന്നു ക്രമീകരിച്ചിരുന്നത്. ആദ്യ റൗണ്ട്ആയ “ഇഷ്ടഗാന” റൗണ്ടിന്റെ സംപ്രേക്ഷണം പൂർത്തിയായിക്കഴിഞ്ഞു. അടുത്ത റൗണ്ട് 1970 – 1980 കാലഘട്ടത്തിൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽനിന്നുള്ള ഹൃദ്യഗാനങ്ങൾക്കായാണ് മാറ്റിവച്ചിരിക്കുന്നത്.

മത്സരാർത്ഥികളായ പതിനഞ്ച് ഗായകരിൽ മൂന്നുപേർ ഈ റൗണ്ട് അവസാനിക്കുന്നതോടെ സ്റ്റാർസിംഗറിൽനിന്നും പുറത്താകുകയാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഒരു ജീവന്മരണ പോരാട്ടമായിരിക്കും രണ്ടാം റൗണ്ടിലെ മത്സരങ്ങളിൽ നാം കാണുക. ഈ റൗണ്ടിലെ ആദ്യ എപ്പിസോഡിൽ പാടാനെത്തുന്നത് കടൽകടന്ന് മത്സരിക്കാനെത്തിയ ജാസ്മിൻ പ്രമോദ് (ഡബ്ലിൻ), സോളിഹള്ളിൽനിന്നുള്ള ആന്റണി തോമസ്, കെൻറ്റിൽനിന്നുള്ള അനു ജോസ് എന്നിവരാണ്.

“ചിലമ്പ്” എന്ന ചിത്രത്തിനുവേണ്ടി ഔസേപ്പച്ചൻ സാറിന്റെ സംഗീതത്തിൽ കെ എസ് ചിത്ര ആലപിച്ച ‘പുടമുറി കല്യാണം ദേവി എനിക്കിന്ന് മാങ്കല്യം’ എന്ന ഗാനമാണ് ജാസ്മിൻ നമുക്കായി ആലപിക്കുന്നത്. റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ നിരവധി വേദികളിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെക്കുന്ന അനുഗ്രഹീത ഗായികയായ ജാസ്മിന്റെ ആലാപനം, പാട്ടുകേട്ട് കഴിഞ്ഞും നാമറിയാതെ വീണ്ടും മൂളിപ്പാട്ടായി ചുണ്ടിൽ വിരിയും വിധം അതീവ ഹൃദ്യമായ ഒന്നാണെന്നതിൽ സംശയമില്ല. പ്രതിഭാധനനായ സിനിമാ സംവിധായകൻ ഭരതൻ തന്നെയാണ് ഗാനത്തിന്റെ ഈരടികളും രചിച്ചിരിക്കുന്നത്.

മലയാള സിനിമാ ഗാനങ്ങളുടെ വസന്തകാലത്തെ പണ്ഡിതരായ മഹാരഥന്മാരായിരുന്നു ശ്രീകുമാരൻതമ്പിസാറും ദക്ഷിണാമൂർത്തി സ്വാമികളും. അവരുടെ കൂട്ടുകെട്ടിൽ പിറന്ന നിരവധി ഗാനങ്ങൾ ആ കാലഘട്ടത്തിന്റെ കയ്യൊപ്പു പതിഞ്ഞവയായിരുന്നു. ശ്രീകുമാരൻതമ്പിയുടെ രചനയിൽ ദക്ഷിണാമൂർത്തി ഈണം ചിട്ടപ്പെടുത്തിയ “ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപ്പം” എന്ന ഭാവ തീവ്രമായ ഗാനവുമായാണ് അടുത്ത മത്സരാർത്ഥിയായ ആൻ്റണി തോമസ് എത്തുന്നത്. തന്റെ ശബ്ദത്തിന് യോജിക്കുന്ന ഗാനങ്ങൾ തെരഞ്ഞെടുക്കാനുള്ള പാടവം ഇഷ്ടഗാന റൗണ്ടിലും ആൻ്റണി തെളിയിച്ചതാണ്. ‘ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു’ എന്ന സിനിമയിൽ പി ജയചന്ദ്രൻ ആലപിച്ച ഈ ഗാനം ഭാവത്തിലും ആലാപനത്തിലും മികവുറ്റതാക്കാൻ ആൻ്റണി ശ്രമിക്കുന്നുണ്ട്.

ഇഷ്ടഗാന റൗണ്ടിലെ “സ്വരകന്യകമാർ വീണ മീട്ടുകയായ്” എന്ന ഗാനം ആലപിച്ച അനുവിനെ ആരും മറന്നിട്ടുണ്ടാകില്ല. ലളിതവും മധുരവുമായി പാടുന്ന കെൻറ്റിൽനിന്നുള്ള അനു ജോസ് രണ്ടാമത്തെ റൗണ്ടിൽ എത്തുന്നത് “ഓളങ്ങൾ” എന്ന ചിത്രത്തിലെ ‘തുമ്പീ വാ തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം’ എന്ന നിത്യ ഹരിത സൂപ്പർ ഹിറ്റ് ഗാനവുമായാണ്. ഒ എൻ വി കുറുപ്പ് – ഇളയരാജ ടീമിന്റെ എക്കാലവും ഓർമ്മയിൽ ഈണമാകുന്ന ഈ ഗാനം എസ് ജാനകിയുടെ ശബ്ദത്തിലൂടെയാണ് മലയാളികൾ നെഞ്ചിലേറ്റുന്നത്. അനുവിന്റെ സ്റ്റാർസിംഗറിലെ മറ്റൊരു മിന്നുന്ന പ്രകടനം എന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും ഈ ഗാനം.

താഴെ കൊടുത്തിരിക്കുന്ന യുട്യൂബ് ലിങ്കിലൂടെ പുതിയ എപ്പിസോഡ് കാണുക

വർഗ്ഗീസ് ഡാനിയേൽ

ഒരു വിഷയത്തെപ്പറ്റി പഠിക്കാതെ എന്തിനും ഏതിനും പ്രതികരിക്കുന്ന ഒരുസമൂഹമായി നാം മലയാളികൾ മാറിയിരിക്കുന്നു. ഇത് സമൂഹത്തിനു എത്രമാത്രം ഗുണം ചെയ്യും എന്ന് ആരും ചിന്തിക്കുന്നില്ല. പക്വതയോടെ തീരുമാനമെടുക്കുവാൻ നമുക്കു വേണ്ടതെന്തെന്ന നല്ല ഉപദേശമാണ് എഡിറ്റോറിയലിലൂടെ ശ്രീ റജി നന്തിക്കാട് വായനക്കാർക്ക് പകരുന്നത്. പുതുവർഷത്തിൽ വായനയുടെ ഭാഗത്തുനിന്ന് ഒരു ഉപദേശം ഒരുപക്ഷെ ചിലരെയെങ്കിലും മാറിചിന്തിക്കുവാൻ ഇത് പ്രേരണയാകട്ടെ.

“തോൽക്കുന്ന യുദ്ധത്തിനും പടയാളികൾ വേണമെല്ലോ, ഞങ്ങളോടൊപ്പം ചേരുക” എന്ന് കത്തെഴുതി കവികളെയും കലാകാരന്മാരെയും അണിനിരത്തികൊണ്ടു പ്രകൃതി സംരക്ഷണ സമിതി രൂപീകരിച്ച് നീണ്ട എട്ടു വർഷത്തെ സമരം നടത്തി സൈലന്റ് വാലിയിൽ അണക്കെട്ട് വേണ്ട എന്ന തീരുമാനമെടുപ്പിച്ച സുഗതകുമാരി എന്ന കേരളത്തിന്റെ പ്രകൃതി സ്നേഹിയെ പറ്റി ‘വി പ്രദീപ്’ എഴുതിയ “മലയാളത്തിന്റെ പവിഴമല്ലി” എന്ന ലേഖനം തികച്ചും വേറിട്ടൊരനുഭവമായിരിക്കും വായനക്കാർക്ക് ലഭിക്കുക എന്നതിൽ ലവലേശം സംശയം വേണ്ട.

ചരിത്രവും പൈകൃതവും തമ്മിലുള്ള വ്യത്യാസം ഉദാഹരണസഹിതം സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ നിർവചിച്ചുകൊണ്ടു പതിമൂന്നാം നുറ്റാണ്ടുമുതലുള്ള പൈകൃതങ്ങളെയും അത് ചരിത്രമായതിനെയും പറ്റി പ്രതിപാദിക്കുന്ന മനോഹരമായ ലേഖനം – പി ചന്ദ്രശേഖരന്റെ “ചരിത്രത്തിനും പൈകൃതത്തിനും തമ്മിലെന്ത്”, സ്മരണകളിലേക്കു ഒരു മടക്കയാത്ര എന്ന പംക്തിയിൽ സുഗതകുമാരി ടീച്ചറെ നേരിൽ കാണാൻ ലഭിച്ച വലിയ അവസരത്തെ പറ്റി പറയുന്ന ജോർജ് അറങ്ങാശ്ശേരിയുടെ “രാത്രിമഴയിൽ നനഞ്ഞ്”, ബിനു ആനമങ്ങാട് എഴുതിയ കവിത “ചവറ്റിലക്കോഴികൾ”, സേതു ആർ എഴുതിയ കഥ “വിലവിവരപ്പട്ടിക”, ഫൈസൽ ബാവ എഴുതിയ ലേഖനം “അവയവ ബാങ്കുകൾ സാർവ്വത്രികമാവുമ്പോൾ”, എൽ തോമസുകുട്ടി എഴുതിയ കവിത “വെണ്ടക്ക” ആഷ്‌ലി റോബി എഴുതിയ കഥ “ചില്ലു ജനാല”, കെ പി ചിത്രയുടെ കവിത “വാതിലിൽ കോറി വരക്കുന്നു”, അനുഭവം എന്ന പംക്തിയിൽ ടി പത്ഭനാമന്റെ രചനകളെപ്പറ്റി കെ ടി ബാബു രാജ് എഴുതിയ “ഒരു കഥയും കുറച്ചു അരിമണികളും”, പോളി വർഗ്ഗീസിന്റെ കവിത “അടുക്കളകളിൽ തിളക്കുന്നത്” എന്നിവയാണ് ഈ ലക്കത്തിലെ വിഭവങ്ങൾ.

യുക്മയുടെ സാംസ്കാരിക വേദി എല്ലാ മാസവും പുറത്തിറക്കുന്ന ‘ജ്വാലക്ക്’ ഒരുപറ്റം നല്ല വായനക്കാരിൽ നിന്നും നിർലോഭമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തുടർന്നും ഞങ്ങൾ അത് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പ്രസിദ്ധീകരണ യോഗ്യമായ രചനകളും [email protected] എന്ന വിലാസത്തിൽ അയണമെന്ന് “ജ്വാല” മാനേജിങ് എഡിറ്റർ സജീഷ് ടോം അഭ്യർത്ഥിക്കുന്നു.

ജ്വാലയുടെ ഈ ലക്കം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സജീഷ് ടോം

നോർത്താംപ്ടണിൽ നിന്നുള്ള ആനന്ദ് ജോൺ, നോട്ടിംഗ്ഹാമിൽ നിന്നുള്ള രചന കൃഷ്ണൻ, സ്ലവിൽ നിന്നും എത്തിയ ജിജോ മത്തായി എന്നിവരാണ് ഇഷ്ടഗാന റൗണ്ടിലെ അവസാന എപ്പിസോഡിൽ പാടാനെത്തുന്നത്. സ്റ്റാർ സിംഗർ സീസൺ ഒന്നിലും രണ്ടിലും മത്സരാർത്ഥികൾ ഗ്രാൻഡ് ഫിനാലെയിൽ പാടാൻ തെരഞ്ഞെടുത്ത ഗാനങ്ങൾ, സ്റ്റാർസിംഗർ 3ൽ ആദ്യ റൗണ്ടിൽ തന്നെ തെരഞ്ഞെടുത്തുകൊണ്ട്  ഗായകർ  മത്സരത്തിന്റെ കാഠിന്യവും  നിലവാരവും പ്രതിഫലിപ്പിക്കുന്നു എന്നത് സംഘാടകർക്ക്‌ ഏറെ അഭിമാനത്തിന് വകനൽകുന്നു.

ശ്രീനിവാസന്റെ ഏറ്റവും ജനകീയമായ ചിത്രങ്ങളിൽ ഒന്നായ “വടക്കുനോക്കിയന്ത്ര”ത്തിലെ ‘മായാമയൂരം പീലിനീർത്തിയോ” എന്ന് തുടങ്ങുന്ന സരള ഗംഭീരമായ ഗാനവുമായാണ് ആനന്ദ് ജോൺ എത്തുന്നത്. കൈതപ്രം- ജോൺസൻ മാഷ് കൂട്ടുകെട്ടിൽ വിരിഞ്ഞ മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാർ ആണ്. ഇംഗ്ലണ്ടിലെ മിഡ്‌ലാൻഡ്‌സിലുള്ള നോർത്താംപ്ടൺ യുക്മ സ്റ്റാർസിംഗർ ചരിതത്തിൽ പ്രാധാന്യമേറിയ ഒരു സ്ഥലനാമമാണ്. സീസൺ 1 ലും സീസൺ 2 ലും നോർത്താംപ്ടണിൽ നിന്നും മൂന്ന് ഗായകർ വീതം പങ്കെടുക്കുകയുണ്ടായി. സീസൺ 2 ൽ മൂന്ന് ഗായകരും സെമിഫൈനലിലും രണ്ടുപേർ ഗ്രാൻഡ് ഫിനാലെയിലും എത്തിയിരുന്നു. ചരിത്രം ആവർത്തിക്കാൻ നോർത്താംപ്ടണിൽ നിന്നും ഇതാ ആനന്ദ് എത്തുന്നു.

കെ എസ്  ചിത്രക്ക് ദേശീയ അവാർഡ് വാങ്ങിക്കൊടുത്ത “വൈശാലി”യിലെ ‘ഇന്ദുപ്ഷം ചൂടിനിൽക്കും രാത്രി’ എന്ന ഗാനമാണ് നോട്ടിംഗ്ഹാമിൽ നിന്നുള്ള രചനാ കൃഷ്ണൻ ആലപിക്കുന്നത്. ഒ എൻ വി കുറുപ്പിന്റെ രചനയിൽ ബോംബെ രവി ചിട്ടപ്പെടുത്തിയ മനോഹരമായ ഈ ഗാനം രചനയുടെ കയ്യിൽ സുരക്ഷിതമാകുന്നു.

ഇഷ്ടഗാന റൗണ്ടിലെ അവസാന ഗാനവുമായെത്തുന്നത് ജിജോ മത്തായിയാണ്. “ചെങ്കോൽ” എന്ന ചിത്രത്തിലെ ‘മധുരം ജീവാമൃത ബിന്ദു’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജിജോ സ്റ്റാർസിംഗർ 3 യിൽ തന്റെ ഭാഗ്യപരീക്ഷണം നടത്തുന്നത്. കൈതപ്രം- ജോൺസൺമാഷ് കൂട്ടുകെട്ടിൽ പിറന്ന അതീവ ഹൃദ്യമായ മറ്റൊരുഗാനം. ഇതോടെ സവിശേഷമായ ഒരു റിക്കോർഡ് കൂടി സ്ഥാപിക്കപ്പെടുന്നുണ്ട്. ഇഷ്ടഗാന റൗണ്ടിൽ പാടിയ പതിനഞ്ച് ഗാനങ്ങളിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾക്ക് രചന നിർവഹിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരിയും ഏറ്റവും കൂടുതൽ ഗാനങ്ങൾക്ക് ഈണം പകർന്നത് ജോൺസൺ മാഷും ആവുകയാണ്. അതോടൊപ്പം അവിചാരിതമായെങ്കിലും, കൈതപ്രം- ജോൺസൺമാഷ് കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളാണ് കൂടുതൽ ഗായകരും ഇഷ്ടഗാന റൗണ്ടിൽ ആലപിച്ചതെന്നതും മലയാള സിനിമാഗാനരംഗത്തെ ഈ മഹാരഥന്മാർക്ക് യുക്മ സ്റ്റാർ സിംഗറിലെ ഗായകരുടെ പ്രണാമമായി മാറുന്നു.

ഈ എപ്പിസോഡോടുകൂടി ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യുടെ ആദ്യ സ്റ്റേജിലെ ആദ്യറൗണ്ടായ ഇഷ്ടഗാന റൗണ്ട് സമാപിക്കുകയാണ്. പുതിയൊരു റൗണ്ടുമായി അടുത്ത ആഴ്ച ഗായകർ തിരികെയെത്തുന്നതാണ്. നമ്മുടെ ഈ പ്രവാസിലോകത്തിലെ ഗായക പ്രതിഭകളെ ലോകമലയാളി സമൂഹത്തിന് പരിചയപ്പെടുത്തുന്ന സ്റ്റാർസിംഗർ സംഗീത പരിപാടിയെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂർവം ഓർമപ്പെടുത്തട്ടെ.

ഇഷ്ട്ടഗാന റൗണ്ടിലെ അവസാന എപ്പിസോഡ് കാണുവാൻ താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്ക് സന്ദർശിക്കുക.

സജീഷ് ടോം

ഇഷ്ടഗാനങ്ങളുമായി മത്സരാർത്ഥികൾ എത്തുന്ന ഗർഷോം ടി വി- യുക്മ സ്റ്റാർ സിംഗർ 3 യുടെ ആദ്യ റൗണ്ട് മത്സരങ്ങൾ കൂടുതൽ ഗായക പ്രതിഭകളെ ശ്രോതാക്കളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. മൂന്നു ഗായകർ വീതം എത്തുന്ന അഞ്ച് എപ്പിസോഡുകളിലൂടെ പതിനഞ്ച് മത്സരാർഥികളാണ്‌ സ്റ്റാർസിംഗർ 3 യിൽ ഏറ്റുമുട്ടുന്നത്.

മത്സരത്തിന്റെ നാലാം എപ്പിസോഡ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകവഴി കൂടുതൽ സ്ഥിരം പ്രേക്ഷകരെ നേടിക്കൊണ്ട് ഗർഷോം ടി വി.യും പുത്തൻ നാഴികക്കല്ലുകൾതാണ്ടി മുന്നേറുകയാണ്. യുക്മ ദേശീയ കലാമേളകളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സീനിയർ- ജൂനിയർ വിഭാഗങ്ങളിൽ സ്ഥിരം ജേതാക്കളായ ഹരികുമാർ വാസുദേവനും കൃപാ മരിയാ ജോർജും പാടുവാൻ എത്തുകയാണ് ഈ എപ്പിസോഡിൽ. അതുപോലെ തന്നെ, നോർത്ത് വെയ്ൽസിൽ നിന്നുള്ള ആദ്യമത്സരാർത്ഥിയായി ശോഭ ആൻ ജോർജ് കൂടി എത്തിയപ്പോൾ പ്രേക്ഷകർക്ക് ആകാംക്ഷയുടെ നിമിഷങ്ങൾ സമ്മാനിക്കുകയാണ് നാലാം എപ്പിസോഡ്.

ജാനകിയമ്മയുടെ ഗാനങ്ങളെ ഒരു പൂക്കാലമായി നെഞ്ചിലേറ്റുന്ന കൃപ ‘കൂടെവിടെ’ എന്ന സിനിമയിലെ “പൊന്നുരുകും പൂക്കാലം” എന്ന ഗാനമാണ് ആലപിക്കുന്നത്. ഒ എൻ വി കുറുപ്പിന്റെ രചനയിൽ മറ്റൊരു ജോൺസൺമാഷ് ഗാനവുമായെത്തുന്ന കൃപ, യുക്മ സ്റ്റാർസിംഗർ സീസൺ 2 ജേതാവ് അനു ചന്ദ്രയുടെ സ്വന്തം തട്ടകമായ സ്വിണ്ടനിൽനിന്നു തന്നെയാണെത്തിയിരിക്കുന്നത് എന്നത് തികച്ചും യാദൃശ്ചികം മാത്രമാണോ എന്നാണു പ്രേക്ഷകർ ഉറ്റുനോക്കുന്നത്. സ്റ്റാർ സിംഗർ 3 യിലെ ഏറ്റവും പ്രായം കുറഞ്ഞ മറ്റൊരു മത്സരാർത്ഥിയാണ് കൃപ.

രണ്ടാമത്തെ ഗാനവുമായെത്തുന്നത് ഷെഫീൽഡിൽ നിന്നുള്ള ഹരികുമാറാണ്. യുക്മ ദേശീയ കലാമേളകളിൽ സംഗീതവുമായി ബന്ധപ്പെട്ട എല്ലാ ഇനങ്ങളിലും സമ്മാനാർഹനാകുന്ന ഹരി, ഇക്കഴിഞ്ഞ ദേശീയ കലാമേളയിൽ സംയുക്ത കലാപ്രതിഭ കൂടിയായും തിളങ്ങിയിരുന്നു. ഹരിയോടൊപ്പം ദേശീയ കലാപ്രതിഭാ പട്ടം പങ്കുവച്ചത് സ്റ്റാർസിംഗർ 3യിലെ മറ്റൊരു മത്സരാർത്ഥിയായ സാൻ ജോർജ് തോമസ് ആയിരുന്നു എന്നത് മറ്റൊരു യാദൃശ്ചികത മാത്രം. കൈതപ്രം- ജോൺസൻ മാഷ്- യേശുദാസ് കൂട്ടുകെട്ടിൽ പിറന്ന “ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരക”വുമായാണ് ഹരി എത്തുന്നത്.

നോർത്ത് വെയിൽസിലെ പ്രസിദ്ധമായ സ്നോഡോണിയയിൽ നിന്നും എത്തുന്ന ശോഭ ആൻ ജോർജ് ആണ് ഈ എപ്പിസോഡിലെ അവസാന ഗായിക. യു എ ഇ യിൽ വിദ്യാഭ്യാസം പൂർത്തിയാക്കി യു.കെ.യിലെത്തിയ ശോഭ എൻ എച്ച എസ്സിൽ പ്രൊജക്റ്റ് ഓഫീസർ ആയി ജോലിചെയ്യുന്നതിനോടൊപ്പം തൻറെ സംഗീത സ്വപ്നങ്ങളെയും താലോലിക്കുന്നു. ജ്യോത്സന ആലപിച്ച “സുഖമാണീ നിലാവ്” എന്ന ഹൃദയഹാരിയായ ഗാനവുമായാണ് ശോഭ എത്തുന്നത്.

എല്ലാ വെള്ളിയാഴ്ചകളിലും ഗർഷോം ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർസിംഗർ 3 യുടെ ഓരോ പുതിയ എപ്പിസോഡുകളുമാണ് തുടർന്നുവരുന്ന ആഴ്ചകളിൽ യൂട്യൂബ് ലിങ്ക് സഹിതം വാർത്തയായി യു.കെ.യിലെ പ്രമുഖ ഓൺലൈൻ പത്രങ്ങളിൽ വരുന്നത്. യൂറോപ്പ് മലയാളി സമൂഹത്തിന്റെ സംഗീതയാത്രയായി മാറിക്കഴിഞ്ഞ യുക്മ സ്റ്റാർസിംഗർ 3 യുടെ ബ്രാൻഡ്‌ന്യൂ എപ്പിസോഡുകളുമായെത്തുന്ന വാർത്തകൾ പരമാവധി ഷെയർ ചെയ്തു കൂടുതൽ സംഗീത പ്രേമികളിൽ എത്തിക്കുവാൻ വിനയപൂർവം അഭ്യർത്ഥിക്കുന്നു.

സജീഷ് ടോം

ഗർഷോം ടി വി – യുക്മ സ്റ്റാർ സിംഗർ 3 യുടെ ഈ ആഴ്ചത്തെ എപ്പിസോഡ് പ്രേക്ഷകരുടെ മുന്നിലെത്തിക്കഴിഞ്ഞു. യുക്മ സ്റ്റാർ സിംഗർ ചരിത്രത്തിൽ ആദ്യമായി യു.കെ.ക്ക് പുറത്തുനിന്നും പങ്കെടുക്കുവാൻ അർഹത നേടിയ രണ്ട് ഗായികമാരും തങ്ങളുടെ ഇഷ്ട്ട ഗാനങ്ങളുമായി എത്തുന്നു എന്നതാണ് ഈ ആഴ്ചത്തെ ഹൈലൈറ്റ്. കഴിഞ്ഞ രണ്ട് ആഴ്ചകളിലെ സംപ്രേക്ഷണങ്ങളോടുകൂടി പ്രേക്ഷകരുടെ എണ്ണതിൽ വലിയ വർദ്ധനവാണ്‌ രേഖപ്പെടുത്തുന്നത്. യൂറോപ് മലയാളികൾക്കൊപ്പം ലോക പ്രവാസി സമൂഹത്തിൽ തന്നെ യുക്മ സ്റ്റാർ സിംഗർ കൂടുതൽ ജനകീയമാകുന്ന കാഴ്ച ഏറെ പ്രതീക്ഷ പകരുന്നു.

എപ്പിസോഡിലെ ആദ്യ ഗാനം ആലപിക്കുന്നത് റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ ഡബ്ലിനിൽ നിന്നെത്തിയ ജാസ്മിൻ പ്രമോദ് ആണ്. അയർലണ്ടിൽ വളരെ നല്ലരീതിയിൽ അറിയപ്പെടുന്ന ഒരുഗായികയായ ജാസ്മിൻ യുക്മ സ്റ്റാർസിംഗറിന്റെ ചരിത്രത്തിൽ യു.കെ.ക്ക് പുറത്തുനിന്നുള്ള ആദ്യ ഗായികയാണ്. വിയറ്റ്‌നാം കോളനിയിലെ “പാതിരാവായി നേരം” എന്ന മനോഹരമായ ഗാനവുമായാണ് ജാസ്മിൻ ഡബ്ലിനിൽ നിന്നെത്തിയിരിക്കുന്നത്.

യു,കെ.യിലെ നിരവധി വേദികളിൽ നാദോപാസകനായ മനോജ് നായരാണ് രണ്ടാമത്തെ ഗാനം ആലപിക്കുന്നത്. “ഒപ്പം” എന്ന സിനിമയിലെ പ്രസിദ്ധമായ എം.ജി.ശ്രീകുമാറിന്റെ “ചിന്നമ്മ അടി കുഞ്ഞി കണ്ണമ്മ” എന്ന ഗാനമാണ് ഇപ്സ്വിച്ചിൽ നിന്നുള്ള മനോജ് ആലപിക്കുന്നത്. ആദ്യ മൂന്ന് എപ്പിസോഡുകളിലെ മാർക്ക് വിലയിരുത്തുമ്പോൾ, ഇഷ്ടഗാന റൗണ്ടിൽ നിലവിൽ ഏറ്റവും കൂടുതൽ പോയിന്റ് സ്കോർ ചെയ്തുകൊണ്ടാണ് മനോജ് സ്റ്റാർസിംഗറിലെ തന്റെ പടയോട്ടം ആരംഭിച്ചിരിക്കുന്നത്.

അവിചാരിതമായാണെങ്കിലും യു.കെ.ക്ക് പുറമെനിന്നുള്ള രണ്ടാമത്തെ ഗായികയും ഈ എപ്പിസോഡിൽ തന്നെയാണ് മത്സരാർത്ഥിയായി എത്തുന്നത്. സ്വിറ്റ്സർലാൻഡിലെ ബാസിലിൽ നിന്നുള്ള പേളി പെരുമ്പള്ളിൽ ആണ് കടൽകടന്നെത്തിയ രണ്ടാമത്തെ സുന്ദരി. മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറം കോളേജ് കാമ്പസ്സുകളുടെ ഹരമായി യുവജങ്ങളുടെ ചുണ്ടുകളിൽ ഈണമായിരുന്ന ‘ഡെയ്‌സി’ എന്ന ചിത്രത്തിലെ “രാപ്പാടിതൻ പാട്ടിൻ കല്ലോലിനി” എന്ന ഗാനമാണ് സ്റ്റാർ സിംഗർ 3 ലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളായ പേളി ആലപിക്കുന്നത്.

സ്റ്റാർസിംഗർ 3 ജനകീയമാകുന്നതോടൊപ്പം ഗാനങ്ങളുടെ വിധികർത്താക്കളും ജനകീയരാകുന്നു. നാട്ടുനടപ്പ് പ്രകാരം ഗായകരെ കീറിമുറിച്ചു വിചാരണ നടത്തുന്ന പതിവിനു വിപരീതമായി അവരെ കൂടുതൽ ശാന്തമായി പാടുവാൻ പ്രാപ്തരാക്കുന്ന രീതിയിലുള്ള വിധി പ്രസ്താവങ്ങളും അഭിപ്രായ പ്രകടനങ്ങളും സ്റ്റാർ സിംഗർ പ്രോഗ്രാമിന്റെ അന്തരീക്ഷത്തെത്തന്നെ പാടെ മാറ്റിമറിക്കുകയാണ്. കഴിഞ്ഞ വർഷത്തെ ജഡ്‌ജിങ്‌ പാനലിൽ അംഗമായിരുന്ന ലോപമുദ്ര നെടുങ്ങാടിയും ചലച്ചിത്ര പിന്നണിഗായകനായ ഡോക്റ്റർ ഫഹദ് മൊഹമ്മദും കൂടി സ്റ്റാർസിംഗർ 3 അവിസ്മരണീയമായ ഒരു സംഗീതയാത്രയാക്കി മാറ്റുകയാണ്.

സജീഷ് ടോം

ഗര്‍ഷോം ടി.വി. – യുക്മ സ്റ്റാര്‍ സിംഗര്‍- 3 മ്യുസിക്കല്‍ റിയാലിറ്റി ഷോയുടെ ഇഷ്ടഗാന റൗണ്ട് മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. പുതിയ ഗായകര്‍ രംഗപ്രവേശം ചെയ്യുന്തോറും മത്സരം കൂടുതല്‍ കടുപ്പമുള്ളതാകുകയാണ്. യൂറോപ്പ് മലയാളികളുടെ സംഗീത സങ്കല്‍പ്പങ്ങള്‍ക്ക് വേഗത പകര്‍ന്നുകൊണ്ട് യു.കെ.യിലെ തെരഞ്ഞെടുക്കപ്പെട്ട ഗായകര്‍ക്കൊപ്പം ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഗായകര്‍കൂടി മത്സരാര്‍ത്ഥികളായി എത്തുന്നു എന്നതാണ് സീസണ്‍ 3 ന്റെ സവിശേഷത.
പരമ്പരയുടെ രണ്ടാം എപ്പിസോഡാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ആദ്യ ഗാനവുമായെത്തുന്നത് വൂസ്റ്ററില്‍നിന്നുള്ള ഗായകന്‍ വിനു ജോസഫ് ആണ്. എം.ജി.ശ്രീകുമാറിന്റെ നിത്യ ഹരിത ഗാനമായ ‘കൂത്തമ്പലത്തില്‍ വച്ചോ’ എന്ന ഗാനമാണ് വിനു ആലപിക്കുന്നത്. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് സുന്ദര്‍ രാജന്‍ ഈണമിട്ടിരിക്കുന്ന ‘അപ്പു’വിലെ ഈ ഗാനം ഭാവാത്മകമായി ആലപിക്കുന്നതില്‍ വിനു വിജയിച്ചിരിക്കുന്നു.


മാഞ്ചസ്റ്ററില്‍ നിന്നുള്ള ജിസ്‌മോള്‍ ജോസ് ആണ് ഇഷ്ടഗാന റൗണ്ടിലെ രണ്ടാമത്തെ ഗായിക. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാതെ, സ്വന്തമായ വഴികളിലൂടെ മാത്രം നടന്ന മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ജോര്‍ജ് കിത്തുവിന്റെ പ്രസിദ്ധമായ ‘സവിധം’ എന്ന സിനിമയിലെ ‘മൗന സരോവരമാകെ ഉണര്‍ന്നു’ എന്ന ഗാനവുമായാണ് ജിസ്‌മോള്‍ നമുക്ക് മുന്നിലെത്തുന്നത്. പ്രതിഭയുടെ ത്രിവേണി സംഗമം എന്ന് പറയാവുന്ന കൈതപ്രം ജോണ്‍സന്‍ മാഷ് ചിത്ര കൂട്ടുകെട്ടില്‍ പിറന്ന ഈ ഗാനം മലയാളികള്‍ക്കേറെ പ്രിയപ്പെട്ടതാകാന്‍ വേറെ കാരണങ്ങള്‍ ആവശ്യമില്ലല്ലോ.

ഇഷ്ടഗാന റൗണ്ട് രണ്ടാം എപ്പിസോഡിലെ അവസാന ഗാനവുമായെത്തുന്നത് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ സോളിഹള്ളില്‍നിന്നുള്ള ആന്റണി തോമസ് ആണ്. സമീപകാല മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററായ ‘പ്രേമം’ സിനിമയിലെ ‘തെളിമാനം മഴവില്ലിന്‍’ എന്ന വിജയ് യേശുദാസ് ആലപിച്ച ഗാനവുമായാണ് ആന്റണി എത്തുന്നത്. ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് രാജേഷ് മുരുകേശന്‍ ഈണം പകര്‍ന്ന 2015ലെ ഈ ഗാനം ഇന്നും യുവജനങ്ങളുടെ ഹരമാണ് .


ആദ്യ എപ്പിസോഡിന്റെ ടെലികാസ്റ്റോടുകൂടി സ്റ്റാര്‍സിംഗറിന്റെ പുതിയ അവതാരകര്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ചിട്ടയായ തയ്യാറെടുപ്പുകളോടെ എത്തി, പ്രേക്ഷകരുമായി ഹൃദ്യമായി സംവദിക്കുന്ന അവതാരണ ശൈലി ഷോയുടെ ഹൈലൈറ്റുകളില്‍ ഒന്നായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഈ എപ്പിസോഡിലും പ്രേക്ഷകരുടെ പ്രിയങ്കരികളായി മാറിയ സന്ധ്യ മേനോനും, ദീപ നായരും അവതരണത്തിന്റെ കുലീനതയുമായെത്തുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ രണ്ടാം എപ്പിസോഡിന്റെ യുട്യൂബ് വീഡിയോ കാണുക

റെജി നന്തിക്കാട്ട്

യുക്മ സാംസ്‌കാരിക വിഭാഗം എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഡിസംബര്‍ ലക്കം പ്രസിദ്ധീകരിച്ചു. യുകെയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജ്വാല ഇ മാഗസിന് ലോകമെമ്പാടും നിരവധി വായനക്കാരുണ്ട്. പ്രമുഖ എഴുത്തുകാരുടെ കൃതികളോടൊപ്പം പുതിയ എഴുത്തുകാരുടെയും രചനകള്‍ ഓരോ ലക്കത്തെയും സമ്പന്നമാക്കുന്നു.

കഥകളും കവിതകളും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും പുതുമയാര്‍ന്ന സ്ഥിരം പംക്തികളും ഉള്‍പ്പെടുന്ന ജ്വാല ക്രിസ്മസ് പതിപ്പ് വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

പി.ആര്‍.ഒ. യുക്മ 

തിരുപിറവിയുടെ ആഘോഷം പടിവാതിലില്‍ എത്തി നില്‍കുമ്പോള്‍, ഒട്ടു മിക്ക വീടുകളിലും നക്ഷത്രങ്ങളും അലങ്കാര ദീപങ്ങളും നിറഞ്ഞു കഴിഞ്ഞു. ദിവസങ്ങളായി കരോള്‍ സംഘങ്ങള്‍ വീടുകളിലെത്തി തുടങ്ങിയതോടെ കുഞ്ഞുങ്ങളുടെ മനസ്സില്‍ ആഹ്‌ളാദ പൂത്തിരി നിറഞ്ഞു കത്തുകയാണ്. അതിനിടയില്‍ എന്തെങ്കിലും തരത്തിലുള്ള ദുരന്തം നമ്മുടെ ഭവനങ്ങളില്‍ എത്തുകയാണെങ്കില്‍ എല്ലാ ആഘോഷങ്ങളും താറുമാറാവും. ദുരന്തം എന്ന വാക്ക് തന്നെ ഭീതിജനകമാണ്. അത് പ്രകൃതി ക്ഷോഭമായി വന്ന് നിസ്സഹായരായ ഒരു പറ്റം ആള്‍ക്കാരെ നിവര്‍ത്തികേടിന്റെ സ്ഥിതിയിലേക്ക് ആക്കുന്നതായാലോ?

നമ്മള്‍ ക്രിസ്തുമസ്സിന്റെയും പുതുവത്സരത്തിന്റെയും ആശംസാകാര്‍ഡുകളും സമ്മാനപ്പൊതികളും അയച്ച് ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍ നമ്മുടെ സഹജീവികള്‍ കേരളത്തില്‍ പൂന്തുറയിലും മറ്റ് കടപ്പുറങ്ങളിലും അന്തിയുറങ്ങാന്‍ ഇടമില്ലാതെ, നാളെ തീരത്തടിഞ്ഞേക്കാവുന്ന ജഡം നോക്കി കാവലിരിക്കുകയാണ്. നമ്മുടെ ആഘോഷങ്ങളില്‍ നിന്ന് ഒരു പങ്ക് ഇവര്‍ക്ക് നല്‍കി സാന്ത്വനത്തിന്റെ ഒരു ഇളം തെന്നല്‍ ആകാന്‍ നമുക്ക് കൂട്ടായി പരിശ്രമിച്ചാലോ? സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും ആശംസകളുടെയും അവസരമായ ക്രിസ്തുമസ് പുതുവത്സരാഘോഷ വേളയില്‍ കേരളത്തിന്റെ തീര ദേശങ്ങളിലെ പാവങ്ങളുടെ ജീവിതങ്ങളിലേക്ക് വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തങ്ങളില്‍ നിന്ന് കര കയറാന്‍ യുക്മയോടൊപ്പം കൈ കോര്‍ക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

നവംബര്‍ അവസാനവും ഡിസംബര്‍ ആദ്യവുമായി ഘോര താണ്ഡവം നടത്തിയ ഓഖിയുടെ ഭീകരതയുടെ ആഴം ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. മുന്നൂറോളം പേരെ ഇനിയും കാണാനുണ്ട് എന്ന് പറയുമ്പോള്‍, സര്‍ക്കാര്‍ കണക്കില്‍ മരിച്ചവര്‍ 70 , തിരിച്ചറിയപ്പെടാത്തവര്‍ 24 , രക്ഷപെടുത്തപ്പെട്ടവര്‍ 2800 നു മുകളില്‍, മടങ്ങി യെത്താനുള്ളവര്‍ 105. വീട് തകര്‍ന്നവരും, വള്ളവും വലയും നഷ്ടപ്പെട്ട് ജീവിതമാര്‍ഗ്ഗം അടഞ്ഞവരും, ഉടുതുണിക്ക് മറുതുണി പോലുമില്ലാതെ എല്ലാം കടലെടുത്തവരും അനേകം. കടല്‍ ക്ഷോഭത്തിന്റെയും ചുഴലിക്കാറ്റിന്റെയും ഭീകരതയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ ഇപ്പോഴും കണക്കെടുപ്പ് നടക്കുന്നതേയുള്ളൂ.രക്ഷാപ്രവര്‍ത്തനത്തിനും, തിരച്ചിലിനുമായി പ്രതീക്ഷിക്കുന്നയത്ര ബോട്ടുകളോ സംവിധാനങ്ങളോ പോലും ഉപയോഗിക്കാന്‍ കഴിയുന്നില്ല.

ഇവിടെയാണ് ചിറമേല്‍ അച്ചന്റെ വാക്കുകള്‍ പ്രസക്തമാകുന്നത്. പണക്കാരുടെയോ അധികാരികളുടെയോ ഇടയില്‍ ഉണ്ടായ ദുരന്തമല്ല ഇത്. വെള്ളത്തിനു മേലെ ജീവിക്കുന്ന ഒരു പറ്റം പാവങ്ങളാണ് ദുരന്തബാധിതര്‍. അതുകൊണ്ട് അവരെ സഹായിക്കാന്‍ മനുഷ്യത്വം വറ്റാത്ത സര്‍വ്വ മനസ്സുകളും ഒന്നായി സഹകരിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ധനസഹായം നടന്നുകൊള്ളട്ടെ. നമ്മളാല്‍ കഴിയുന്നത് നമുക്ക് ചെയ്യാനായി ഒരുമിക്കാം.

യുക്മയുടെ നേതൃത്വത്തില്‍ ഓഖി ദുരന്തത്തില്‍ പെട്ട കഴിയുന്നത്ര കുടുംബങ്ങളെ ദത്തെടുത്ത് പരിപാലിക്കാന്‍ ആണ് ആഗ്രഹിക്കുന്നത്. അവര്‍ക്ക് 5 ലക്ഷം രൂപ ചിലവ് വരുന്ന വീട് വച്ച് കൊടുക്കാനും ആവശ്യമായ സഹായങ്ങള്‍ ചെയ്യാനുമാണ് യുക്മ ആഗ്രഹിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 5 കുടുംബങ്ങളെ ദത്തെടുത്ത് പരിപാലിക്കാന്‍ ആണ് യുക്മ ആഗ്രഹിക്കുന്നത്.

സര്‍വ്വവും നഷ്ടപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിനും മറ്റുമുള്ള മേല്‍നോട്ടം വഹിക്കുന്നതിനും സന്നദ്ധതയുള്ളവരുണ്ടെങ്കില്‍ മുന്നോട്ടു വരണം എന്നും യുക്മ അഭ്യര്‍ത്ഥിക്കുന്നു.
ഈ ക്രിസ്തുമസ് പുതുവത്സരാഘോഷ വേളയില്‍ യു കെ മലയാളികള്‍ ഏവരും കണ്ണീരില്‍ കഴിയുന്ന ഈ കുടുംബങ്ങള്‍ക്ക് തുണയാകുവാന്‍ മുന്നോട്ടു വരണം. നിങ്ങളുടെ ചെറിയ തുകകള്‍ സ്വരൂപിച്ച് ഒരു വലിയ ദൗത്യത്തിനായി വിനിയോഗിക്കാന്‍ സഹായിക്കണം. എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സര മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് നമ്മുടെ സന്തോഷത്തില്‍ ഈ പാവങ്ങളെയും ഓര്‍ക്കണമേ എന്നും, യുക്മ ഓഖി ദുരന്ത സഹായ നിധിയില്‍ ഭാഗഭാക്കണമേ എന്നും അഭ്യര്‍ത്ഥിക്കുന്നു.

യുക്മയുടെ ഈ ഓഖി ദുരന്ത സഹായ നിധിയില്‍ പണം നിക്ഷേപിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ബാങ്ക് വിവരങ്ങളില്‍ പണം നിക്ഷേപിക്കുവുന്നതാണ്. കൂടാതെ പല അസോസിയേഷനുകളും ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് ഫണ്ട് കളക്ഷന്‍ നടത്തുന്നതിനുള്ള സന്നദ്ധത അറിയിച്ചിട്ടുള്ളതിനാല്‍ അപ്രകാരവും നിങ്ങളുടെ സഹായം എത്തിക്കുന്നതിന് അവസരം ഉണ്ട്. നമ്മുടെ സൗഭാഗ്യങ്ങളില്‍ നിന്ന് ഒരു പങ്ക് കൊടുത്ത് നമുക്ക് ക്രിസ്തുമസ് ആഘോഷിക്കാം, ഒരു നന്മ കൂടി ചെയ്ത് പുതുവര്‍ഷത്തെ വരവേല്‍ക്കാം.

UUKMA Chartiy Foundation
AC Number: 52178974
Sort Code : 403736

RECENT POSTS
Copyright © . All rights reserved