Europe

അരങ്ങേറ്റത്തില്‍ തന്നെ സദസ്സിനെ അമ്പരപ്പിക്കുന്ന പ്രകടനവുമായി ശ്രുതി ശ്രീകുമാര്‍. ഫെബ്രുവരി 17ന് ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ ആയിരുന്നു വിസ്മയിപ്പിക്കുന്ന നടന വൈഭവവുമായി ശ്രുതി ശ്രീകുമാര്‍ അരങ്ങേറ്റം നടത്തിയത്. നാലാം വയസ്സ് മുതല്‍ നൃത്താഭ്യസനം തുടങ്ങിയ ശ്രുതിക്ക് നൃത്തം ജീവിതത്തിന്‍റെ ഭാഗമാണ്. യുകെയിലെ മലയാളി കലാകാരന്മാര്‍ക്കും കലാകരികള്‍ക്കും ഏറെ പ്രോത്സാഹനം നല്‍കുന്ന  ഏഷ്യനെറ്റ് യുകെ ഡയറക്ടറും, ആനന്ദ് ടിവിയുടെ സിഇഒയുമായ  അച്ഛന്‍ സദാനന്ദന്‍ ശ്രീകുമാറിന്റെയും  അമ്മ ജീതി ശ്രീകുമാറിന്റെയും അകമഴിഞ്ഞ പ്രോത്സാഹനം കൂടി ആയപ്പോള്‍ ശ്രുതിയുടെ നൃത്ത സപര്യ ഏറ്റവും മികച്ചതായി മാറി.

ശ്രുതിയുടെ അരങ്ങേറ്റം ശനിയാഴ്ച ലണ്ടനിലെ എസെക്‌സ് വുഡ് ഫോര്‍ഡ് ഗ്രീനില്‍ സര്‍ ജെയിംസ് ഹോക്കി ഹാളില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പില്‍ നടന്നപ്പോള്‍ അത് അവിസ്മരണീയമായ ഒരു കലാനുഭവം ആയി മാറുകയായിരുന്നു. വൈകുന്നേരംഅഞ്ചുമണിയോടെ വുഡ് ഫോര്‍ഡ് ഗ്രീന്‍ പാര്‍ലമെന്റ് അംഗം ഇയാന്‍ സ്മിത്ത് ഉദ്ഘാടനം ചെയ്തതോടെയാണ്  അരങ്ങേറ്റത്തിന് തുടക്കമായത്. കുട്ടിക്കാലം മുതല്‍ക്കേ നൃത്തം അഭ്യസിച്ചു തുടങ്ങിയ ശ്രുതി കാണികളെ അമ്പരിപ്പിക്കുന്ന പ്രകടനാണ് അരങ്ങില്‍ കാഴ്ച്ചവച്ചത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പരിശീലനത്തിനു ശേഷമാണ് അത്യുജ്ജ്വല പ്രകടനത്തോടെ നൃത്ത രംഗത്തെ ജൈത്രയാത്ര തുടങ്ങിയിരിക്കുന്നത്. പ്രശസ്ത നര്‍ത്തകിയും ഗുരുവുമായ ഭാഗ്യലക്ഷ്മി ത്യാഗരാജന്റെ ശിക്ഷണത്തിലാണ് ശ്രുതി ശ്രീകുമാര്‍ പരിശീലനം നടത്തി വരുന്നത്.

ശ്രുതിയുടെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ പിന്നണിയില്‍ ഉണ്ടായിരുന്നവര്‍ ഈ രംഗത്തെ ഏറ്റവും മികച്ചവര്‍ തന്നെയായിരുന്നു. ഇതിനായി കേരളത്തില്‍ നിന്ന് എത്തിയായിരുന്നു ഇവര്‍ പിന്തുണ നല്‍കിയത്.  വോക്കല്‍ – അപര്‍ണ ശര്‍മ്മ, മൃദംഗം ഭവാനി ശങ്കര്‍, വയലിന്‍ – ഡോക്ടര്‍ ജ്യോത്സന ശ്രീകാന്ത്, ഫ്‌ലൂട്ട് – മധുസൂദനന്‍, സ്‌പെഷ്യല്‍ പെര്‍ട്ട്ക്യൂഷന്‍ – കാണ്ഡ്യാ സീതാംബരനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ സഹായത്താല്‍ ശ്രുതി നടത്തിയ മിന്നുന്ന പ്രകടനം കാണികളുടെ കയ്യടി നേടിയെടുക്കുന്നതായിരുന്നു.

ഗണേശ സ്തുതിയോടു കൂടി ആരംഭിച്ച ശ്രുതിയുടെ പ്രകടനം ശ്ലോകം, ആലാരിപ്പ് , ജതിസ്വരം, വര്‍ണം, ദേവി, ഭജന്‍, തില്ലാന എന്നീ ഭരതനാട്യത്തിന് വ്യത്യസ്തരൂപങ്ങളോടെയാണ് സമാപിച്ചത്. ഏതാണ്ട് രണ്ടര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

നാലാം വയസില്‍ നൃത്ത പഠനം ആരംഭിച്ച ശ്രുതി അഞ്ചാം വയസിലാണ് ആദ്യമായി വേദിയില്‍ കയറിയത്. ഷിജു മേനോന്‍ എന്ന അധ്യാപകനായിരുന്നു ശ്രുതിയുടെ ആദ്യ ഗുരു. 2010 മുതലാണ് ഭാഗ്യലക്ഷ്മി ത്യാഗരാജനു കീഴില്‍ ശ്രുതി നൃത്ത പഠനം ആരംഭിക്കുന്നത്. ഐഎസ്ടിഡി പരീക്ഷ ഗ്രേഡ് സിക്‌സ് ഡിസ്റ്റിംഗ്ഷനോടെ ശ്രുതി പാസാകുകയും ചെയ്തിട്ടുണ്ട്.

നൃത്ത രംഗത്തേക്ക് തന്നെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് ശ്രുതിയുടെ തീരുമാനം. ആല്‍ച്ചേരി ഫെസ്റ്റിവല്‍, ആനന്ദ് ടിവി ഫിലിം അവാര്‍ഡ്‌സ്, ട്രിവാന്‍ഡ്രം മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ എന്നീ വേദികളിലും ശ്രുതി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നൃത്തത്തിനൊപ്പം, ഒന്‍പതാം വയസു മുതല്‍ വെസ്റ്റേണ്‍ ക്ലാസിക്കല്‍ വയലിന്‍ പഠിക്കുന്ന ഈ കലാകാരി യുസിഎല്ലിലും സ്ട്രാറ്റ്‌ഫോര്‍ഡ്, ഈസ്റ്റ് ലണ്ടന്‍ മ്യൂസിക് ഫെസ്റ്റിവലിലും പങ്കെടുത്തിട്ടുണ്ട്.

നൃത്തരംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഭാഗ്യലക്ഷ്മി ത്യാഗരാജനു കീഴില്‍ നൃത്തം അഭ്യസിക്കാന്‍ അവസരം ലഭിച്ചത് തന്റെ ഭാഗ്യമായി കരുതുന്നുവെന്ന് ശ്രുതി പറയുന്നു. കലാക്ഷേത്രയില്‍ നിന്നും ഡിഗ്രി നേടിയ ഭാഗ്യലക്ഷ്മിയുടെ ആദ്യ ഗുരു പിതാവ് ആര്‍ വി ത്യാഗരാജന്‍ തന്നെയാണ്. തുടര്‍ന്ന് ഗുരു ബാലഗോപാലന്റെ കീഴില്‍ അഭിനയ പഠിച്ച ഭാഗ്യലക്ഷ്മി കര്‍ണാടിക് മ്യൂസികിലും പരിശീലനം നേടിയിട്ടുണ്ട്.

ഓള്‍ ഇന്ത്യാ ലെവലില്‍ ഭരതനാട്യം ഡിഗ്രിയില്‍ സെക്കന്റ് റാങ്ക് നേടിയ ഭാഗ്യലക്ഷ്മിക്ക് അലഹബാദ് പ്രയാഗ് സംഗീത് സമിതിയുടെ യുവ പ്രതിഭാ പുരസ്‌ക്കാരവും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭരതനാട്യം സ്‌കോളര്‍ഷിപ്പ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മി2010ല്‍ യുകെയിലെത്തിയതോടെയാണ് ശ്രുതിക്ക് നൃത്തം അഭ്യസിക്കാന്‍ അവസരം ലഭിച്ചത്. ഭരതനാട്യം ചിട്ടയോടെയും കൃത്യമായ രീതിയിലും പഠിപ്പിക്കുന്ന ഭാഗ്യലക്ഷ്മിയുടെ സ്ഥാപനം വഴി നിരവധി കുട്ടികള്‍ക്കാണ് പരീക്ഷകള്‍ എഴുതി പാസാകുവാനും ഡിഗ്രികള്‍ എടുക്കുവാനും സാധിച്ചിട്ടുള്ളത. ബ്രിട്ടീഷ് രാജ്ഞി പങ്കെടുത്ത ബക്കിംഗ്ഹാം പാലസിലെ ചടങ്ങിലും ഭാഗ്യലക്ഷ്മി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്

നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന സ്ത്രീകൾക്ക് ക്യാൻസർ വരാൻ സാധ്യത കൂടുതലാണ് എന്ന് മുന്നറിയിയിപ്പ്. ദീർഘകാലം നൈറ്റ് ഷിഫ്റ്റ് ചെയ്ത നഴ്സുമാരിൽ ബ്രെസ്റ്റ് ക്യാൻസർ കൂടുന്നതായുള്ള കണക്കുകൾ പുറത്തു വന്നു. നിലവിൽ ആരോഗ്യ പ്രശ്നങ്ങളുള്ള നഴ്സുമാർ ഹെൽത്ത് സ്ക്രീനിംഗ് നടത്തണമെന്ന നിർദ്ദേശവുമുണ്ട്. സ്കിൻ ക്യാൻസർ 41 ശതമാനവും ബ്രെസ്റ്റ് ക്യാൻസർ 32 ശതമാനവും സ്റ്റോമക് ക്യാൻസർ 18 ശതമാനവും  ബാധിക്കാനുള്ള സാധ്യത നൈറ്റ് ഷിഫ്റ്റ് ചെയ്യുന്ന വരിൽ കൂടുതലാണ്. നോർത്ത് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിൽ നടന്ന ദീർഘകാല പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തലുകൾ. 3,909,152 പേർ പങ്കെടുത്ത പഠനത്തിൽ 114,628 ക്യാൻസർ കേസുകൾ അപഗ്രന്ഥിച്ചാണ് വിദഗ്ദർ ക്യാൻസർ റിസ്ക് സാധ്യത കണ്ടെത്തിയത്.

നോർത്ത് അമേരിക്കയിലും യൂറോപ്പിലും നൈറ്റ് ഷിഫ്റ്റ് സ്ഥിരമായി ചെയ്യുന്ന ഫീമെയിൽ നഴ്സുമാരിൽ ബ്രെസ്റ്റ് ക്യാൻസർ സാധ്യത വളരെ കൂടുതലാണെന്ന് പഠനം എടുത്തു പറയുന്നു. നൈറ്റ് ചെയ്യാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ നൈറ്റ് ചെയ്യുന്ന നഴ്സുമാരിൽ ബ്രെസ്റ്റ് ക്യാൻസർ സാധ്യത 58 ശതമാനവും ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ക്യാൻസർ സാധ്യത 35 ശതമാനവും ശ്വാസകോശ ക്യാൻസർ സാധ്യത 28 ശതമാനവും കൂടുതലാണ്. സ്ഥിരം നൈറ്റ് സ്യൂട്ടി ചെയ്യുന്ന സ്ത്രീകൾക്ക് കൂടുതൽ ആരോഗ്യ സംരക്ഷണം നൽകണമെന്നതിന്റെ ആവശ്യകത പഠനം നടത്തിയ ചൈനയിലെ സിച്ചുവാൻ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസർ സുലെയ് മാ എടുത്തു പറഞ്ഞു.

ജീവിത സാഹചര്യങ്ങളും കുടുംബസംരക്ഷണത്തിന്റെ സമ്മർദ്ദങ്ങളും മൂലമാണ് മിക്ക നഴ്സുമാരും നൈറ്റ് ഡ്യൂട്ടി ചെയ്യാൻ നിർബന്ധിതരാകുന്നത്. നൈറ്റ് ഡ്യൂട്ടി അലവൻസുകളും ചിലരെ ഇതിലേയ്ക്ക് ആകർഷിച്ചിട്ടുണ്ട്. മൂന്നു ഷിഫ്റ്റുകൾ ചെയ്താൽ ഒരാഴ്ചത്തെ ഡ്യൂട്ടി പൂർത്തിയാക്കാമെന്ന മെച്ചവും നൈറ്റ് ഡ്യൂട്ടിക്ക് ഉണ്ട്. പക്ഷേ ഭാവിയിൽ ഇത് ശരീരത്തിന്റെ ആരോഗ്യസ്ഥിതിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

വത്തിക്കാന്‍: പൊതുസ്ഥലത്ത് വെച്ച് കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കകുന്നത് എന്തോ വലിയ കുറ്റമെന്ന് കരുതുന്ന പാശ്ചാത്യ ജനതയ്ക്ക് വ്യക്തമായ സന്ദേശം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. സിസ്റ്റൈന്‍ ചാപ്പലില്‍ കുട്ടികള്‍ക്ക് മാമോദീസ നല്‍കാനെത്തിയ അമ്മമാരോട് മുലപ്പാല്‍ നല്‍കുന്നതില്‍ മടി കാട്ടേണ്ടതില്ലെന്ന് മാര്‍പാപ്പ പറഞ്ഞു. ഞായറാഴ്ച മാമോദീസക്കായി 34 കുഞ്ഞുങ്ങളാണ് സിസ്‌റ്റൈന്‍ ചാപ്പലില്‍ എത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചടങ്ങുകള്‍ക്കിടയില്‍ കുഞ്ഞുങ്ങള്‍ക്ക് വിശക്കുകയാണെങ്കില്‍ മുലയൂട്ടാന്‍ മടിക്കരുതെന്നാണ് അമ്മമാരോട് പോപ്പ് പറഞ്ഞത്.

വിശന്നിട്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അസ്വസ്ഥത കൊണ്ടോ അവര്‍ കച്ചേരി (കരച്ചില്‍) ആരംഭിച്ചാല്‍ അവര്‍ക്ക് മുലയൂട്ടാന്‍ മടിക്കുകയോ പേടിക്കുകയോ ചെയ്യേണ്ടതില്ല. സ്‌നേഹത്തിന്റെ ഭാഷയാണ് അതെന്നും പോപ്പ് പറഞ്ഞു. 18 പെണ്‍കുഞ്ഞുങ്ങളെയും 16 ആണ്‍കുഞ്ഞുങ്ങളെയുമാണ് രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്ന ചടങ്ങില്‍ മാര്‍പാപ്പ മാമോദീസ നല്‍കിയത്. ഇവരില്‍ രണ്ട് ഇരട്ടക്കുട്ടികളും ഉണ്ടായിരുന്നു. 2017 ജനുവരിയില്‍ നടന്ന മാമോദീസ ചടങ്ങിലും സമാനമായ പരാമര്‍ശം മാര്‍പാപ്പ നടത്തിയിരുന്നു.

ചടങ്ങുകള്‍ക്കിടയില്‍ ഒരു മാതാവ് കുഞ്ഞിന് കുപ്പിപ്പാല്‍ നല്‍കുന്നത് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇപ്പോഴും പല രാജ്യങ്ങളിലും വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്ക് പൊതുസ്ഥലത്ത് വെച്ച് മുലപ്പാല്‍ നല്‍കിയാല്‍ സ്ത്രീകള്‍ അധിക്ഷേപങ്ങള്‍ക്ക് വിധേയരാകാറുണ്ട്. വത്തിക്കാന്‍ ജീവനക്കാരുടെ കുട്ടികള്‍ക്കും റോം രൂപതയുടെ കീഴിലുള്ളവരുടെ കുട്ടികള്‍ക്കും മാത്രമാണ് പോപ്പ് മാമോദീസ നല്‍കാറുള്ളത്. ഇറ്റാലിയന്‍ തലസ്ഥാനമായ റോമിന്റെ ബിഷപ്പ് കൂടിയാണ് മാര്‍പാപ്പ.

പ്രവാസികളായുള്ള എല്ലാ മലയാളികളെയും ഒരുപോലെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു ന്യൂസിലാൻഡിൽ കാട്ടുപന്നിയിറച്ചി കഴിച്ച് രോഗാതുരരായ മലയാളി കുടുംബത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നപ്പോൾ. എന്നാൽ എല്ലാവര്ക്കും ആശാവഹമായ ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പന്നിയിറച്ചി കഴിച്ചതിനെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മലയാളി കുടുംബത്തിലെ മൂന്നുപേര്‍ക്കും മാരകമായ ബോട്ടുലിസം ബാധിച്ചിട്ടില്ലെന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഇവർ ആശുപത്രി വിട്ടെങ്കിലും ശരീരമാസകലം വിറയലുണ്ടാകുന്നതിനാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ മൂന്നുപേര്‍ക്കും കഴിഞ്ഞിട്ടില്ല. ന്യൂസിലന്റിലെ ഹാമില്‍ട്ടണില്‍ താമസിക്കുന്ന ഷിബു കൊച്ചുമ്മന്‍ (35 ), ഭാര്യ സുബി ബാബു (33), ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേല്‍ (62) എന്നിവരെയാണ് നവംബര്‍ 10 ന് ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ഷിബു വേട്ടയാടിക്കൊണ്ടുവന്ന കാട്ടുപന്നിയുടെ ഇറച്ചി കഴിച്ചതിന് പിന്നാലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് മാരകമായ ബോട്ടുലിസം എന്ന രോഗാവസ്ഥയായിരിക്കാം എന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം നല്‍കിയ സൂചന. ഇവര്‍ കഴിച്ച കാട്ടുപന്നിയിറച്ചിയുടെ സാംപിളും മൂന്നുപേരുടെയും ശരീരദ്രവങ്ങളും വിദഗ്ധ പരിശോധനയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് അയച്ചിരുന്നു. ഈ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ബോട്ടുലിസത്തിന് കാരണമാകുന്ന ബാക്ടീരിയ ബാധ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കുന്നത്. ബോട്ടുലിസത്തിനെതിരായ ആന്റിടോക്‌സിനുകളോട് ഇവരുടെ ശരീരം പ്രതികരിച്ച സാഹചര്യത്തിലായിരുന്നു ബോട്ടുലിസം എന്ന നിഗമനത്തിലെത്താൻ ഡോക്ടര്‍മാരെ പ്രേരിപ്പിച്ച ഘടകം.

 അപകടനില തരണം ചെയ്ത ഷിബുവും കുടുംബവും ഡിസംബര്‍ പകുതിയോടെ ആശുപതി വിട്ടു. ഷിബുവിന് നല്‍കിയ ഡിസ്ചാര്‍ജ് നോട്ടിലും ബോട്ടുലിസം ബാധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബോട്ടുലിസമല്ലെങ്കില്‍ പിന്നെന്താണ് ഇവരെ ബാധിച്ച രോഗാവസ്ഥ എന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ക്ക് ഇതുവരയെും കഴിഞ്ഞിട്ടില്ല. കൃഷിയിടകളിലും മറ്റും ഉപദ്രവകാരിയാകുന്ന ജീവികളെ കൊല്ലാനായി ഉപയോഗിക്കുന്ന വീര്യമേറിയ വിഷവസ്തുക്കൾ ആണോ കാരണം എന്നതിനെക്കുറിച്ച് ഷിബുവിന്റെ കുടുംബസുഹൃത്തുക്കൾ സംശയം പ്രകടിപ്പിച്ചതായി ലോക്കൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായതോടെയാണ് ഷിബുവിനെയും കുടുംബത്തെയും ആശുപത്രയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ഇവര്‍ വ്യക്തമായി സംസാരിക്കാനും സാവധാനം നടക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ശരീരമാസകലം പലപ്പോഴും വിറയല്‍ ബാധിക്കുന്നതിനാല്‍ ഇവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ഇനിയും സമയം എടുക്കുമെന്നാണ് നിഗമനം. ഇവർക്ക്  ജോലി ചെയ്യാനും വാഹനം ഓടിക്കാനും ഉള്ള അനുവാദം നല്‍കിയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. എങ്കിലും അപകടനില തരണം ചെയ്‌തതിൽ ന്യൂസിലാൻഡ് മലയാളികൾ സന്തോഷം പ്രകടിപ്പിച്ചു.

ലണ്ടന്‍: മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ഹാരി രാജകുമാരന്റെയും മെഗാന്‍ മാര്‍ക്കലിന്റെയും വിവാഹത്തിനു മുന്നോടിയായി തെരുവുകളില്‍ നിന്ന് യാചകരെ പൂര്‍ണ്ണമായും നീക്കം ചെയ്യണമെന്ന് വിന്‍ഡ്‌സര്‍ ആന്‍ഡ് മെയ്ഡന്‍ഹെഡ് റോയല്‍ ബോറോ നേതൃത്വം. വിന്‍ഡ്‌സര്‍ കാസില്‍, ഏറ്റണ്‍ കോളേജ്, ആസ്‌കോട്ട് റേസ് കോഴ്‌സ് എന്നിവ ഈ ബോറോയിലാണ് ഉള്ളത്. തെരുവുകളില്‍ കഴിയുന്നവരെ നീക്കം ചെയ്യണമെന്ന് തെംസ് വാലി പോലീസിനോടാണ് കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് കൗണ്‍സില്‍ ഭരിക്കുന്നത്.

ഭിക്ഷ യാചിക്കുന്നവരെയും ജനങ്ങളെ ഭയപ്പെടുത്തുന്നവരെയും ഉള്‍പ്പെടെ നീക്കം ചെയ്യണമെന്നാണ് കൗണ്‍സില്‍ അധ്യക്ഷന്‍ സൈമണ്‍ ഡൂഡ്‌ലി ആവശ്യപ്പെട്ടിരിക്കുന്നത്. വിന്‍ഡ്‌സറില്‍ ജനങ്ങള്‍ തെരുവുകളില്‍ അഭയം തേടുന്നതും അലഞ്ഞു തിരിയുന്നതും ഒരു പകര്‍ച്ചവ്യാധിയായി മാറിയിരിക്കുകയാണെന്നായിരുന്നു ക്രിസ്തുമസ് സമയത്തി ഡൂഡ്‌ലി ട്വീറ്റ് ചെയ്തത്. കൗണ്‍സിലിലെ ജനങ്ങള്‍ക്കും 6 മില്യനോളം വരുന്ന ടൂറിസ്റ്റുകള്‍ക്കും ഇവര്‍ ശല്യമുണ്ടാക്കുകയാണെന്നും ഡൂഡ്‌ലി പറയുന്നു.

അലഞ്ഞുതിരിയുന്നവരെ പിടികൂടാനുള്ള 1824ലെ വാഗ്രന്‍സി ആക്ട് ഉപയോഗിക്കാനാണ് നിര്‍ദേശം. എന്നാല്‍ തനിക്ക് നേരിട്ട് അയക്കുന്നതിന് പകരം കത്ത് പരസ്യപ്പെടുത്തിയത് ആശ്ചര്യപ്പെടുത്തിയെന്നായിരുന്നു തെംസ് വാലി പോലീസ് ആന്‍ഡ് ക്രൈം കമ്മീഷണര്‍ ആന്തണി സ്റ്റാന്‍സ്‌ഫെല്‍ഡ് പറഞ്ഞത്. വാഗ്രന്‍സി ആക്ട് മനുഷ്യത്വ രഹിതമാണെന്നായിരുന്നു വിന്‍ഡ്‌സര്‍ ഹോംലെസ്‌നസ് പ്രോജക്ടിലെ മര്‍ഫി ജെയിംസ് അഭിപ്രായപ്പെട്ടത്.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ സഹായിക്കാന്‍ മുന്നിലുണ്ടായിരുന്ന ക്രിസ് പാര്‍ക്കര്‍ എന്ന യുവാവിനെ ഓര്‍മയില്ലേ? മാഞ്ചസ്റ്ററിലെ ഹീറോ എന്നായിരുന്നു ഭവനരഹിതനായ ഇയാള്‍ പിന്നീട് അറിയപ്പെട്ടത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഇയാള്‍ ആക്രമണത്തിനിരയായവരുടെ ഫോണും പേഴ്‌സും മോഷ്ടിച്ചെന്ന് വെളിപ്പെടുത്തല്‍. സ്‌ഫോടന സമയത്ത് മാഞ്ചസ്റ്റര്‍ അറീനയുടെ ഫോയറിലുണ്ടായിരുന്ന ഇയാള്‍ പരിക്കേറ്റവരെ കൊള്ളയടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. മാധ്യമങ്ങളില്‍ വളരെ വികാര നിര്‍ഭരമായ അഭിമുഖങ്ങള്‍ ഇയാള്‍ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ക്രൗഡ് ഫണ്ടിംഗിലൂടെ 50,000 പൗണ്ട് സമാഹരിക്കുകയും ചെയ്തു.

മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച സിസിടിവി ദൃശ്യങ്ങളില്‍ പരിക്കേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്നവരെ കൊള്ളയടിക്കുന്നത് വ്യക്തമായിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ പോളിന്‍ ഹീലി എന്ന സ്ത്രീയുടെ സമീപത്തേക്ക് ഇയാള്‍ ഒന്നിലേറെത്തവണ എത്തുന്നുണ്ട്. ഹീലിയുടെ ഹാന്‍ഡ് ബാഗ് മോഷ്ടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ സ്ത്രീയുടെ പേരക്കുട്ടി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ ഒരു കൗമാരക്കാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനും തെളിവുകള്‍ ലഭിച്ചു.

വിചാരണയുടെ ആദ്യ ദിനത്തില്‍ തന്നെ ഇപ്പോള്‍ ഹാലിഫാക്‌സില്‍ താമസിക്കുന്ന 33 കാരനായ ക്രിസ് പാര്‍ക്കര്‍ രണ്ട് കുറ്റങ്ങളും സമ്മതിച്ചു. അതേസമയം കോട്ട് മോഷ്ടിച്ചുവെന്നതുള്‍പ്പെടെയുള്ള മൂന്ന് ആരോപണങ്ങള്‍ ഇയാള്‍ നിഷേധിച്ചു. 2000 മുതല്‍ മോഷണമുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇയാള്‍ പ്രതിയാക്കപ്പെട്ടിട്ടുണ്ട്.

ലണ്ടന്‍: വിന്ററില്‍ ആശുപത്രികളിലെ തിരക്ക് പാരമ്യത്തിലെത്തിയതോടെ റൂട്ടീന്‍ ശസ്ത്രക്രിയകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം. ജനുവരി അവസാനം വരെ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം നടത്തിയാല്‍ മതിയെന്നാണ് എന്‍എച്ച്എസ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്രിസ്തുമസ്, ന്യൂഇയര്‍ സമയത്ത് അതീവ സമ്മര്‍ദ്ദത്തിലായിരുന്നു ആരോഗ്യ സര്‍വീസ് പ്രവര്‍ത്തിച്ചതെന്നും കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും രോഗികളെ പരിചരിക്കുന്നതിന് ലഭ്യമാക്കുന്നതിനായാണ് ശസ്ത്രക്രിയകള്‍ ഒഴിവാക്കുന്നതെന്നും നാഷണല്‍ എമര്‍ജന്‍സി പ്രഷേഴ്‌സ് പാനല്‍ അധ്യക്ഷന്‍ ബ്രൂസ് കിയോഗ് പറഞ്ഞു. രോഗികള്‍ നേരിടുന്നത് മൂന്നാം ലോക സാഹചര്യങ്ങളാണെന്നും മുതിര്‍ന്ന കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നു.

ഇടുപ്പ് ശസ്ത്രക്രിയ, തിമിര ശസ്ത്രക്രിയ മുതലായ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളാണ് ഇപ്രകാരം മാറ്റിവെക്കുന്നത്. 55,000 ഓപ്പറേഷനുകളെങ്കിലും മാറ്റിവെക്കേണ്ടി വരുമെന്നാണ് നിഗമനം. ക്യാന്‍സര്‍ ശസ്ത്രക്രിയകളും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ശസ്ത്രക്രിയകളും തീരുമാനിച്ചതനുസരിച്ച് നടക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. ജനുവരി പകുതി വരെ ശസ്ത്രക്രിയകള്‍ മാറ്റിവെക്കണമെന്ന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രികളില്‍ രോഗികളുടെ തിരക്ക് നിയന്ത്രണ വിധേയമാകാത്തതിനാലാണ് നിയന്ത്രണം നീട്ടിയത്.

ഡോക്ടര്‍മാരെ കണ്ടതിനു ശേഷം ആശുപത്രി വിടാവുന്ന തരത്തിലുള്ള അസുഖങ്ങളുടെ ഒപി പരിശോധനകള്‍ റദ്ദാക്കാനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫാര്‍മസിസ്റ്റുകളെ കാണുകയോ 111 കോളുകളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയോ ചെയ്യാവുന്ന വിധത്തിലുള്ള രോഗങ്ങള്‍ക്കാണ് ഈ നിയന്ത്രണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ വാര്‍ഡുകളില്‍ ചികിത്സ നല്‍കണമെന്നാണ് എന്‍എച്ച്എസ് നിയമമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഈ നിയന്ത്രണവും എടുത്ത് മാറ്റിയിട്ടുണ്ട്. ഇടകലര്‍ന്ന് ചികിത്സ നല്‍കുന്നത് പിഴയീടാക്കാവുന്ന കുറ്റമാണ്.

വിയന്ന: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ യൂറോപ്പ് റീജണല്‍ കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കിയാണ് യൂറോപ്പ് റീജണല്‍ കൗണ്‍സിലര്‍മാരെ തിരഞ്ഞെടുത്തത്.

ഡോണി ജോര്‍ജ് (പ്രസിഡന്റ്, ജര്‍മനി), മാത്യൂസ് ചെരിയന്‍കാലയില്‍ (സെക്രട്ടറി, ഓസ്ട്രിയ), ഡോ. ഷൈജുമോന്‍ ഇബ്രാഹിംകുട്ടി (ട്രെഷറര്‍, ജര്‍മനി), സാബു ചക്കാലയ്ക്കല്‍ (കോഓര്‍ഡിനേറ്റര്‍, ഓസ്ട്രിയ), വൈസ് പ്രെസിഡന്റുമാരായി ടെറി തോമസ് (ഫിന്‍ലന്‍ഡ്), തോമസ് ഇളങ്കാവില്‍ (സ്‌കോട് ലന്‍ഡ്), ജോയിന്റ് സെക്രട്ടറിമാരായി ഡോ. ബേസില്‍ ഉതുപ്പ് (ഡെന്‍മാര്‍ക്), ആഷ മാത്യു (യു.കെ) എന്നിവരെയും ഓസ്ട്രിയയില്‍ നിന്നുള്ള നൈസി കണ്ണമ്പാടം വിമന്‍സ് ഫോറം കോര്‍ഡിനേറ്ററും, ഇറ്റലിയില്‍ നിന്നുള്ള ജെജി മാത്യു മീഡിയ ഫോറം കോര്‍ഡിനേറ്ററായും, ഫ്രാന്‍സില്‍ നിന്നുള്ള കീര്‍ത്തി നായര്‍ ഇവന്റ് ഫോറം കോര്‍ഡിനേറ്ററായും യൂറോപ്പ് റീജണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.

സിറോഷ് ജോര്‍ജ് (പി.ആര്‍.ഓ, ഓസ്ട്രിയ), ചന്ദു നല്ലൂര്‍ (യൂത്ത് ഫോറം, പോളണ്ട്), ബോബി അഗസ്റ്റിന്‍ (ഐ.ടി ഫോറം, യു.കെ), പ്രദീപ് നായര്‍ (ബിസിനസ് ഫോറം, പോളണ്ട്), അബ്ദുല്‍ അസീസ് (ചാരിറ്റി ഫോറം, ഓസ്ട്രിയ), മാത്യു പഴൂര്‍ (കള്‍ച്ചറല്‍ ഫോറം, സ്വിറ്റ്സര്‍ലന്‍ഡ്), എന്നിവരും നിയമിതരായി. അതേസമയം യൂറോപ്പിലെ വിവിധ ഡബ്ല്യൂ.എം.എഫ് പ്രൊവിന്‍സുകളുടെ പ്രസിഡന്റുമാരും സ്വയമേവ (ipso facto) യൂറോപ്പ് റീജണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളാണ്. പുതിയ കമ്മിറ്റി 2018 ജനുവരി 1 മുതല്‍ നിലവില്‍ വരും.

പ്രവാസി മലയാളി സമൂഹത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനും, വര്‍ണ, വര്‍ഗ്ഗ, ഭാഷ, വിശ്വാസ മതില്‍കെട്ടുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടാതെ ലോക സമൂഹത്തിനു മൊത്തം ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു മാതൃക സംഘടന സാന്നിദ്ധ്യമായി ഡബ്‌ള്യു.എം.എഫ് നിലകൊള്ളുമെന്നും സ്ഥാനമേറ്റ പുതിയ പ്രസിഡന്റ് ഡോണി ജോര്‍ജ് പറഞ്ഞു.

സംഘടനയുടെ യൂറോപ്പ് സമ്മേളനം 2018 വേനല്‍ അവധികാലത്ത് പാരിസിലോ, ഹെല്‍സിങ്കിയിലോ നടത്താന്‍ പുതിയ കമ്മിറ്റി തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. തിരഞ്ഞെടുത്ത യൂറോപ്പ് കമ്മിറ്റിയ്ക്ക് ഡബ്ല്യൂ എം എഫ് ഗ്ലോബല്‍ ക്യാബിനറ്റ് ആശംസകള്‍ നേര്‍ന്നു.

ബാബു ജോസഫ്

ബര്‍മിങ്ഹാം: റവ.ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് മിനിസ്ട്രി ആധുനികലോകത്തിന്റെ നന്മയും തിന്മയും കണ്ടുവളരുന്ന പുതുതലമുറയെ ദൈവത്തോട് ചേര്‍ത്തു നിര്‍ത്തുന്ന പ്രവണതയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇളംമനസ്സുകളില്‍ ദൈവിക സ്നേഹം പകരാന്‍ ആദ്യമായി ഒരുക്കുന്ന ക്രിസ്തീയ സംഗീതത്തിന്റെ അഭിഷേക നിറവാര്‍ന്ന സ്റ്റേജ് ഷോ ‘എബ്ലേസ് 2018’ ജനുവരി 6ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും.

തന്റെ യൗവനം ലോകരക്ഷയ്ക്കായി മാറ്റിവച്ച യേശുക്രിസ്തുവിന്റെ പിന്നില്‍ അണിചേരാന്‍ വര്‍ത്തമാന കാലത്തിന്റെ പ്രതീക്ഷയായ കുട്ടികളെയും യുവതീയുവാക്കളെയും ഒരുക്കുക, അതിനായി അവരുടെ മാതാപിതാക്കളെ പ്രാപ്തരാക്കുക, എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ ക്രിസ്ത്യന്‍ മ്യൂസിക്കല്‍ സ്റ്റേജ് ഷോ സെഹിയോന്‍ യൂറോപ്പ് വിറ്റ്നെസ്സെസ് മ്യൂസിക് ബാന്‍ഡ് ടീമാണ് നയിക്കുക. ആത്മീയ ആവേശം പകരുന്ന സേക്രഡ് ഡ്രാമയും ക്രിസ്ത്യന്‍ മ്യൂസിക്കല്‍ ഡാന്‍സും എബ്ലേസ് 2018 ന്റെ ഭാഗമായി നടക്കും.

സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ സ്വര്‍ഗീയ സംഗീതവിരുന്നിന്റെ പ്രോമോ വീഡിയോ കാണാം

ഒരാള്‍ക്ക് 5 പൗണ്ട് മാത്രം നിരക്കിലുള്ള ടിക്കറ്റുകള്‍ [email protected] എന്ന ഇ മെയില്‍ വഴിയോ അല്ലെങ്കില്‍
sehionuk.org/retreatregistration എന്ന വെബ്സൈറ്റ് വഴി നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിലൂടെയോ ലഭിക്കുന്നതാണ്. സെഹിയോന്‍ മിനിസ്ട്രി അംഗങ്ങള്‍ മുഖേന നേരിട്ടും ടിക്കറ്റുകള്‍ ലഭ്യമാണ്. ജനുവരി 6 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രോഗ്രാം. വിവിധ സ്ഥലങ്ങളില്‍നിന്നും പ്രത്യേക യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികളെ യേശുവില്‍ അതിജീവിക്കാന്‍ പുതുതലമുറയെ പ്രാപ്തമാകുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ സ്വര്‍ഗീയ സംഗീതവിരുന്നിലേക്ക് സെഹിയോന്‍ യൂറോപ്പ് മുഴുവനാളുകളെയും 2018 ജനുവരി 6ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്ററിലേക്ക് യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

അഡ്രസ്സ് .
BETHEL CONVENTION CENTRE
KELVIN WAY
WEST BROMWICH
BIRMINGHAM
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിത്തു ദേവസ്യ 07735 443778
ക്ലെമന്‍സ് നീലങ്കാവില്‍ 07949499454.

ബാബു ജോസഫ്

കേംബ്രിഡ്ജ്ഷയര്‍: ദൈവത്തിന്റെ പ്രതിരൂപമായി നിലനിന്നുകൊണ്ട് സഭയെ നയിക്കുവാനും വളര്‍ത്തുവാനും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വൈദികരെ എല്ലാ തലത്തിലും പ്രത്യേകം സംരക്ഷിക്കുവാന്‍, ഏറെ ആത്മീയ ഒരുക്കത്തോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍, റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും നേതൃത്വം നല്‍കുന്ന സെഹിയോന്‍ മിനിസ്ട്രീസ് വൈദികരുടെ മധ്യസ്ഥനായ വി. ജോണ്‍ മരിയ വിയാനിയുടെ നാമധേയത്തില്‍ രൂപംകൊടുത്ത വിയാനി മിഷന്‍ ടീം ലോകമൊട്ടാകെയുള്ള വൈദികര്‍ക്കും മറ്റ് സമര്‍പ്പിതര്‍ക്കുമായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷകളുമായി ഇന്ന് നവംബര്‍ 24 വെള്ളിയാഴ്ച്ച രാത്രി കേംബ്രിഡ്ജ്ഷയരില്‍ ഒത്തുചേരുന്നു.

വൈദികരായ മൈക്കിള്‍ ടെഡര്‍, ജോണ്‍ മിന്‍, മാര്‍ട്ടിന്‍ ഗൗമാന്‍, എറിക്കോ ഡി മെല്ലോ, ഡീക്കന്‍ വില്യംസ്, ബ്രദര്‍ ടോമി സേവ്യര്‍ എന്നിവര്‍ വിവിധ ശുശ്രൂഷകള്‍ നയിക്കും. ഇന്ന് രാത്രി 10.30 മുതല്‍ 25 ശനിയാഴ്ച്ച രാവിലെ 5 വരെയാണ് നൈറ്റ് വിജില്‍. രാവിലെ 5ന് വി.കുര്‍ബാന നടക്കും. ആരാധന, കുരിശിന്റെ വഴി, ജപമാല, കരുണക്കൊന്ത തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമാകും.

യേശുക്രിസ്തുവിനായി ജീവാര്‍പ്പണം ചെയ്ത വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും വേണ്ടിയുള്ള പ്രത്യേക നൈറ്റ് വിജില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയിലേക്കു സെഹിയോന്‍ യൂറോപ്പ് വിയാനി മിഷന്‍ ടീം യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

Venue.
St.Felix RC Church
3 Wentworth Terrace, Haverhill CB9 9BP
Cambridgeshire.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണി 07846 321473
ഡോണ ജോസ് 07877876344

Copyright © . All rights reserved