ഇന്ത്യൻ ഷെഫിനെ വിവാഹം കഴിച്ച ഓസ്ട്രിയന്‍ രാജകുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഓസ്ട്രിയ രാജകുമാരിയായ മരിയ ഗലിറ്റ്സൈൻ ആണ് മരിച്ചത്. ഇന്ത്യന്‍ വംശജനായ ഋഷി രൂപ് സിങ്ങിനെയാണ് ഇവര്‍ വിവാഹം കഴിച്ചത്.ഹൃദയത്തിലേക്കുള്ള രക്ത ധമനികളുടെ തകരാറ് മൂലം വളരെ പെട്ടന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. കാര്‍ഡിയാക്ക് അനൂറിസം എന്നാണ് രോഗാവസ്ഥ അറിയപ്പെടുന്നത്. ഹൂസ്റ്റണില്‍ വച്ചായിരുന്നു അന്ത്യം. 31 വയസ്സായിരുന്നു.
2017 ഏപ്രിലില്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്. അവര്‍ക്ക് രണ്ട് വയസ്സുള്ള ഒരു മകനും ഉണ്ട്. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ മരിയാ സിങ്ങ് ഭര്‍ത്താവിനൊപ്പം ഹൂസ്റ്റണിലായിരുന്നു താമസം. മകൻ മാക്സിം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനാണ്. കുട്ടിയുടെ കണ്ണുകൾ ഒരു അത്ഭുതമാണെന്നാണ് ആളുകൾ വിശേഷിപ്പിക്കാറുള്ളത്.
മരിയ ഇവിടെ ഒരു ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് ഹൂസ്റ്റണിലെ പ്രശസ്ഥനായ ഒരു ഷെഫാണ്.
രാജകുടുംബത്തിലെ മരിയ അന്ന പിയോറ്റര്‍ ഗാലിറ്റ്സിൻ ദമ്പതികളുടെ മകളാണ് മരിയ. പിയോറ്റര്‍ രാജകുമാരൻ മരിയ മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് മെയ് നാലാം തിയതിയാണ് മരിച്ചത്.
1988 ലക്സംബര്‍ഗിലാണ് രാജകുമാരി ജനിച്ചത്. മരിയയുടെ അഞ്ചാം വയസ്സിലാണ് ഇവരുടെ കുടുംബം റഷ്യയിലേക്ക് കുടിയേറിയത്. സെനിയ, ഗാലിറ്റ്സിന്‍, ഡി മാട്ട, ടാറ്റിയാന ഗാലിറ്റ്സിന്‍ സിയറ, അലക്സാണ്ട്ര രാജകുമാരി ദിമിത്രി രാജകുമാരന്‍, ഇയോണ്‍ എന്നിവരാണ് സഹോദരങ്ങൾ. ഇരുവരുടേയും വിവാഹം വലിയ വാര്‍ത്തയായിരുന്നു.
കൊറോണ വൈറസിനെ പ്രതിരോധിച്ച് നശിപ്പിക്കുന്ന ആന്റിബോഡി കണ്ടെത്തി ഇസ്രയേല്‍. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ (ഐഐബിആര്‍) ആണ് ആന്റിബോഡി വികസിപ്പിച്ചത്.കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവ് എന്നാണ് കണ്ടെത്തലിനെ പ്രതിരോധമന്ത്രി നഫ്താലി ബെന്നറ്റ് വിശേഷിപ്പിച്ചത്.
ഐഐബിആര്‍ വികസിപ്പിച്ച മോണോക്ലോണല്‍ ന്യൂട്രലൈസിംഗ് ആന്റിബോഡിക്ക് രോഗവാഹകരുടെ ശരീരത്തിനുള്ളില്‍ രോഗമുണ്ടാക്കുന്ന കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് ബെന്നറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ലാബ് സന്ദര്‍ശിച്ചതിന് ശേഷമാണ് ബെന്നറ്റിന്റെ പ്രസ്താവന.
ഇസ്രായേലിലെ കൊറോണ വൈറസ് ചികിത്സയും വാക്സിനും വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചാണ്. കൊവിഡ് മുക്തരായവരില്‍ രക്തപരിശോധന ഉള്‍പ്പെടെയുള്ളവയാണ് ഇവിടെ നടക്കുന്നുണ്ട്.
ഐഐബിആറില്‍ വേര്‍തിരിച്ച ആന്റിബോഡി മോണോക്ലോണല്‍ (monoclonal neutralising antibody) ആണ്. രോഗമുക്തി നേടിയ ഒരു കോശത്തില്‍ നിന്നാണ് അത് വേര്‍തിരിച്ചെടുക്കുന്നത്. അതിനാല്‍ തന്നെ ചികിത്സാ രംഗത്ത് ഇതിന് കൂടുതല്‍ മൂല്യമുണ്ട്.
പോളിക്ലോണല്‍ (polyclonal) ആയ ആന്റിബോഡികള്‍ വികസിപ്പിച്ചുള്ള ചികിത്സകളാണ് മറ്റിടങ്ങില്‍ നടക്കുന്നത്. വ്യത്യസ്ത വംശപരമ്പരയിലെ രണ്ടോ അതിലധികമോ കോശങ്ങളില്‍ നിന്നാണ് പോളിക്ലോണല്‍ ആയ ആന്റിബോഡികള്‍ വേര്‍തിരിക്കുന്നത്.
അതേസമയം, മരുന്നു കണ്ടെത്തി കഴിഞ്ഞുവെന്നും ഇനി പേറ്റന്റ് നേടി വലിയ തോതില്‍ ഉത്പാദനം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോക്ക് ഡൗണ്‍ അവസാനിച്ചു. ഇറ്റലിയില്‍ ഏര്‍പ്പെടുത്തിയ ഒമ്പത് ആഴ്ച നീണ്ടുനിന്ന ലോക്ഡൗണ്‍ ഞായറാഴ്ച അവസാനിച്ചതോടെയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ദേശീയ ലോക്ഡൗണിന് അവസാനമായത്.
മാര്‍ച്ച് ഒമ്പതിനാണ് ഇറ്റലിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ മൂന്ന് വരെയായിരുന്നു അത്. എന്നാല്‍ പിന്നീട് ഇത് ഏപ്രില്‍ 13 വരെ നീട്ടുകയായിരുന്നു. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ദിനം പ്രതി വര്‍ധനവ് ഉണ്ടാകുന്നതിനാല്‍ ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയത്.
അതേസമയം, വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് വീണ്ടും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഫാക്ടറികളും നിര്‍മാണ മേഖലകളും തുറന്നുപ്രവര്‍ത്തിക്കും. റസ്റ്ററന്റുകള്‍ തുറക്കുമെങ്കിലും ഭക്ഷണം അവിടെയിരുന്നു കഴിക്കാന്‍ അനുവാദമില്ല. ബാറുകളും ഐസ്‌ക്രീം പാര്‍ലറുകളും അടഞ്ഞുകിടക്കും. പൊതുഗതാഗതം ഉപയോഗിക്കുന്നതിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. മാസ്‌ക് ധരിക്കാതെ ജനങ്ങള്‍ പൊതുയിടങ്ങളില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.വിഡ് ബാധിച്ച് ഇറ്റലിയില്‍ 28,884 പേരാണ് മരിച്ചത്. 2,10,717 പേര്‍ രോഗബാധിതരാണ്. 81,654 പേര്‍ രോഗമുക്തരായി.
ജര്‍മ്മന്‍ പോലീസിനായി ഓര്‍ഡര്‍ ചെയ്ത എന്‍ 95 മാസ്ക് അമേരിക്ക ‘കൊള്ള’യടിച്ചതായി ആരോപണം. ബെര്‍ലിന്‍ അധികൃതരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തായ് ലന്‍ഡില്‍ നിന്നും കപ്പല്‍ വഴി കൊണ്ടുവരികയായിരുന്ന 2,00,000 ലക്ഷം മാസ്ക്കുകളാണ് അമേരിക്ക തട്ടിയെടുത്തതെന്ന് ജര്‍മ്മനി ആരോപിക്കുന്നു. ഇത് ‘ആധുനിക കൊള്ള’യാണ് എന്നാണ് ബെര്‍ലിന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി അന്‍ഡ്രിയാസ് ഗെയ്സല്‍ പറഞ്ഞത്.
കൊറോണ വൈറസ് സുരക്ഷാ വസ്തുക്കള്‍ വാങ്ങിക്കാന്‍ ആഗോള മാര്‍ക്കറ്റില്‍ രാജ്യങ്ങള്‍ തമ്മില്‍ വലിയ മത്സരം നടക്കുമ്പോഴാണ് അമേരിക്കയുടെ ഈ നടപടി. അന്താരാഷ്ട്ര വാണിജ്യ നിയമങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ലോകം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ‘വൈല്‍ഡ് വെസ്റ്റ്’ രീതികള്‍ ഉപയോഗിക്കുന്നത് ശരിയല്ല എന്നും ബെര്‍ലിന്‍ പറഞ്ഞു. ഈ സംഭവത്തില്‍ ഇടപെടാന്‍ ജര്‍മ്മന്‍ ഗവന്‍മെന്‍റിനോട് ബെര്‍ലിന്‍ ആവശ്യപ്പെട്ടു.
അമേരിക്കന്‍ കമ്പനിയായ 3എമ്മിന് വേണ്ടി ചൈനീസ് നിര്‍മ്മാതാക്കളാണ് മാസ്ക് നിര്‍മ്മിച്ചതെന്ന് ജര്‍മ്മനിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ മാസ്ക്കുകള്‍ തട്ടിപ്പറിക്കപ്പെട്ടതായി തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്നാണ് കമ്പനി വെള്ളിയാഴ്ച രാത്രി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. തങ്ങളുടെ ചൈനീസ് നിര്‍മ്മാതാക്കല്‍ക്ക് ബെര്‍ലിന്‍ പോലീസില്‍ നിന്നും ഓര്‍ഡര്‍ കിട്ടിയതിന് രേഖകള്‍ ഇല്ലെന്നും 3എം പറഞ്ഞു.
അതേസമയം ജര്‍മ്മനിയുടെ ആരോപണത്തിന് ചുവടുപിടിച്ചുകൊണ്ട് നിരവധി രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ ദൌര്‍ലഭ്യം നിലനില്‍ക്കെ ആഗോള മാര്‍ക്കറ്റില്‍ തങ്ങളുടെ സ്വാധീനം ട്രംപ് ഭരണകൂടം ഉപയോഗിക്കുകയാണ് എന്നാണ് ഉയര്‍ന്നുവന്ന ആരോപണം. മാസ്ക്കുകള്‍ കിട്ടാനുള്ള മത്സരം ഒരു ‘നിധി വേട്ട’ പോലെയാണ് എന്നാണ് ഒരു പാരീസ് പ്രതിനിധി പറഞ്ഞത്. അമേരിക്ക മൂന്നു മടങ്ങ് വില കൂട്ടി മെഡിക്കല്‍ സാധനങ്ങള്‍ വാങ്ങിക്കുകയാണെന്നും ഫ്രെഞ്ച് പ്രതിനിധി വലേരി പെക്രീസെ പറഞ്ഞു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലോകത്തെവിടെയും കോവിഡ് -19ന്റെ ദുരിതങ്ങൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്നതു പ്രവാസി മലയാളികളാണ്. മൾട്ടയിലെ സ്ഥിതിയും വ്യത്യസ്തമല്ല. മാൾട്ടയിൽ നിന്നും മലയാളം യുകെയുമായി അനുഭവങ്ങൾ പങ്കുവച്ച ജിബിൻ ജോയിയുടെയും ജിതിൻ ജോർജിൻെറയും വാക്കുകളിൽ മാൾട്ടയിലെ മലയാളി സമൂഹം നേരിടുന്ന പ്രതിസന്ധികളുടെ ആഴം വ്യക്തമായിരുന്നു .
ജിബിൻ തൊടുപുഴ സ്വദേശിയും ജിതിൻ പൊൻകുന്നം സ്വദേശിയുമാണ്. രണ്ടുപേരും മാൾട്ടയിൽ എത്തിയിട്ട് രണ്ടു വർഷത്തോളം ആകുന്നേയുള്ളു .കോവിഡ്-19 ന്റെ ഈ തീവ്ര കാലഘട്ടത്തിലും രണ്ടുപേർക്കും ജോലിക്ക് പോകണം. കേരളത്തിൽ നിന്ന് വ്യത്യസ്തമായി കൊറോണാ വൈറസ് എന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാൻ പരാജയപ്പെടുന്നതിന്റെ രേഖാചിത്രം നമുക്ക് ഇവരുടെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.
വെറും 300 സ്ക്വയർകിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഒരു കൊച്ചു ദ്വീപ് ആണെങ്കിലും ജനസാന്ദ്രതയിൽ മാൾട്ടയ്ക്ക് ഏഴാം സ്ഥാനമുണ്ട്. ടൂറിസം മേഖലയെ വരുമാനത്തിനു വേണ്ടി വളരെയധികം ആശ്രയിക്കുന്ന മാൾട്ട . ഒട്ടുമിക്ക നിത്യ ഉപയോഗ സാധനങ്ങൾക്കുമായി തൊട്ടടുത്ത അയൽരാജ്യമായ ഇറ്റലിയെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ഇറ്റലിയിൽ കോവിഡ് -19 ഏൽപ്പിച്ച ആഘാതത്തിന്റെ അലയൊലികൾ നിന്ന് സ്വാഭാവികമായും മൾട്ടയ്ക്ക് ഒഴിഞ്ഞുമാറാൻ സാധിക്കില്ല. ഏകദേശം ഒരു മാസം മുമ്പ് ആദ്യമായി മാൾട്ടയിൽ കോവിഡ് -19 റിപ്പോർട്ട് ചെയ്യപ്പെട്ടതു തന്നെ ഇറ്റലിക്കാരായ മാതാപിതാക്കൾക്കും 12 വയസ്സുകാരിയായ കുട്ടിക്കും ആണ്. കേരളത്തിലെ ഒന്നോ രണ്ടോ ഡിസ്‌ട്രിക്റ്റുകളുടെ മാത്രം വലിപ്പമുള്ള മാൾട്ടയിൽ ഇന്ന് മാൾട്ടയിൽ 202 ആൾക്കാർ കൊറോണ വൈറസ് രോഗബാധിതരാണ്.
പക്ഷേ ഇന്ത്യയുടേതുപോലെ ശക്തമായ ഒരു നടപടിയെടുക്കാൻ മാൾട്ടാ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. സമ്പദ് വ്യവസ്ഥയിൽ അത് ഏൽപ്പിക്കുന്ന ആഘാതം തന്നെ ഇതിന് കാരണം. ഫാക്ടറികളും മറ്റും മുൻപത്തേതു പോലെ തന്നെ പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ജോലിക്കാർ തൊഴിൽ സ്ഥലങ്ങളിലേക്ക് പോകാൻ നിർബന്ധിതരാകുന്നു. ഇത് എത്രമാത്രം കൊറോണ വൈറസ് ബാധയുടെ സാമൂഹ്യ വ്യാപനം കൂട്ടും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. യൂറോപ്പിലെ മറ്റേത് സ്ഥലത്തെയും പോലെ മാൾട്ടയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗവും മലയാളികളാണ്. അത് അവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഇടയിൽ ഉണ്ടാക്കിയിരിക്കുന്ന മാനസികസംഘർഷം ചില്ലറയൊന്നുമല്ല. ഈ സാഹചര്യത്തിലാണ് മാൾട്ടയിലെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള സമൂഹം കൊറോണ വൈറസിനെതിരെ ഗവൺമെന്റ് ശക്തമായ നിലപാട് എടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നത്.
ജിബിൻ ജോയ് സോഫ്റ്റ് വെയർ മേഖലയിലും ജിതിൻ ജോർജ് കമ്പനി സൂപ്പർ വൈസറുമായിട്ടാണ് ജോലി ചെയ്യുന്നത് . വരും ദിവസങ്ങളിൽ മാൾട്ടയിലെ പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് രണ്ടുപേരും മലയാളം യുകെയിൽ എഴുതുന്നതായിരിയ്ക്കും .
റാന്നി: കോവിഡിനെതിരായ യുദ്ധത്തിനൊടുവിൽ വിജയിച്ച് ആ 5 പേർ ഐത്തല മീമൂട്ടുപാറയിലെ പട്ടയിൽ വീട്ടിലേക്കു മടങ്ങിയെത്തി. ഇറ്റലിയിൽ നിന്നെത്തിയ മോൻസി, രമണി, റിജോ എന്നിവരും മോൻസിയുടെ സഹോദരൻ ജോസഫ്, ഭാര്യ ഓമന എന്നിവരാണ് രോഗമുക്തരായി വീടുകളിലേക്കു മടങ്ങിയെത്തിയത്.
ആ ദിവസങ്ങളെക്കുറിച്ച് റിജോ പറയുന്നു…
ശാരീരിക ബുദ്ധിമുട്ടുകളെക്കാൾ അതിജീവിക്കാൻ ഉണ്ടായിരുന്നത് മാനസിക പ്രയാസങ്ങളായിരുന്നു. പിടിച്ചു നിർത്തിയത് ഞങ്ങളെ പരിചരിച്ച ഡോക്ടർമാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരുമായിരുന്നു.
കലക്ടറും ജില്ലാ മെഡിക്കൽ ഓഫിസറും റീജനൽ മെഡിക്കൽ ഓഫിസറും എല്ലാം നേരിട്ട് കാര്യങ്ങൾ അന്വേഷിച്ചു. ക്നാനാനായ സഭയുടെ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് എന്നിവർ വിളിച്ച് ആശ്വസിപ്പിച്ചു.
ഞങ്ങൾ എല്ലാവരും കോവിഡ് ബാധിതരാണെന്നു പറഞ്ഞത് ഡോ.നസ്‍ലിം ആയിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ഈ പോരാട്ടം ജയിക്കുമെന്ന് ഡോക്ടർമാർ ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു കൊണ്ടിരുന്നു. വീട്ടിലെ പോലെ തന്നെ ഞങ്ങൾക്ക് ആ ഐസലേഷൻ മുറി തോന്നി. ഞങ്ങൾക്കു ഭക്ഷണം നൽകിയിരുന്ന രമ ചേച്ചി, സ്വന്തം മകനെ പോലെയാണ് എന്നെ കണ്ടത്.
ഐസലേഷൻ വാർഡിൽ ഫോൺ ഉപയോഗിക്കുന്നത് കുറവായിരുന്നു. പത്രങ്ങളിലൂടെ കാര്യങ്ങളൊക്കെ അറിഞ്ഞിരുന്നു. ക്വാറന്റീനിൽ പോയവരിൽ ഞങ്ങളുടെ പരിചയക്കാരും ബന്ധുക്കളുമായിരുന്നു അധികവും. അവർ ഞങ്ങളെ കുറ്റപ്പെടുത്തിയില്ല. 4 വർഷത്തിനു ശേഷം ഇറ്റലിയിൽ നിന്നു വന്നതാണ് ഞാൻ. ആ എക്സൈറ്റ്മെന്റിലാണ് അടുപ്പക്കാരെ കാണാൻ പോയത്.
ഞങ്ങളെ വർഷങ്ങളായി അറിയുന്നവർക്കു ഞങ്ങളോടു ദേഷ്യം ഇല്ല. ഐത്തല ഉള്ളവരൊന്നും ഞങ്ങളോടു മോശമായി പെരുമാറിയില്ല. എല്ലാവരുടെയും പിന്തുണ ഞങ്ങൾക്ക് ഉണ്ടെന്ന് ബോധ്യമായപ്പോൾ പേടി മാറി. നമ്മുടെ ജില്ലയിൽ രോഗം ഇത്രയും നിയന്ത്രണ വിധേയമാകുന്നതിന് നിമിത്തമായത് ഞങ്ങളുടെ വരവാണെന്നു ചിന്തിക്കാനാണ് ഇഷ്ടം. പഞ്ചായത്ത് അംഗം ബോബി ഏബ്രഹാം ഞങ്ങളെ ഒരുപാട് പിന്തുണച്ചു.
ഇന്ത്യ എടുത്തതു പോലെ ഒരു തീരുമാനം ഇറ്റലിയിൽ എടുത്തിരുന്നെങ്കിൽ ഇപ്പോൾ കാണുന്ന ദുരന്തം അവിടെ ഉണ്ടാകുമായിരുന്നില്ല. ഈ യുദ്ധം ജയിക്കാൻ സർക്കാരും ആരോഗ്യ വകുപ്പും പറയുന്ന നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് വഴി. മരണഭീതി വേണ്ട. ഞങ്ങൾക്കു സാധിക്കുമെങ്കിൽ ആർക്കും സാധിക്കും.
14 ദിവസം കൂടി ക്വാറന്റീനിലാണ്. അതു കഴിഞ്ഞ് പരിശോധനയുണ്ട്. ഇറ്റലിയിലെ സാഹചര്യം മാറിയ ശേഷമേ മടങ്ങു. ഞങ്ങൾ താമസിക്കുന്ന ജില്ലയായ പ്രവീസോയിൽ ഇതുവരെ ഒരാളും പോസിറ്റീവ് ആയിട്ടില്ല. എയർപോർട്ടിലോ വിമാന യാത്രയിലോ മറ്റോ ആകാം ഞങ്ങൾ രോഗ ബാധിതരായതെന്നു കരുതുന്നു.
ജർമ്മനിയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നായ ഹെസ്സെ ധനകാര്യമന്ത്രി തോമസ് ഷെഫറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാൻ സാധിക്കുമോ എന്ന ആശങ്കയാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 54 കാരനായ ഷഫറിനെ ശനിയാഴ്ച റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാർത്ത കേട്ടതിന്റെ ഞെട്ടലിലാണെന്നും ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ലെന്നും സംസ്ഥാന മുഖ്യമന്ത്രി വോൾക്കർ ബോഫയർ പ്രസ്താവനയിൽ വ്യക്തമാക്കി.
ജർമ്മനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ടിലെ ഹെസ്സെയിലാണ് രാജ്യത്തെ പ്രമുഖ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളായ ഡോയിഷ് ബാങ്ക്, കൊമേഴ്സ് ബാങ്ക്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നിവ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ പത്തു കൊല്ലമായി ഹെസ്സയുടെ ധനമന്ത്രിയായിരുന്നു ഷെഫര്‍. ജര്‍മൻ ചാന്‍സലര്‍ ആംഗേല മെര്‍ക്കലിന്റെ സിഡിയു പാര്‍ട്ടിക്കാരനാണ് ഷേഫര്‍. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കൊവിഡ് 19 ബാധയെ തുടർന്ന് ലോകത്തെ സാമ്പത്തിക മേഖലകളിൽ സംഭവിക്കാനിടയുള്ള പ്രതിസന്ധികളെ ഓർത്ത് ഇദ്ദേഹം വളരെയധികം ആശങ്ക പങ്കുവച്ചിരുന്നതായി ഹെസ്സെ മുഖ്യമന്ത്രി വ്യക്തമാക്കി.
കൊറോണ വൈറസ് വ്യാപനം യുറോപ്പിലെ സ്ഥിതിഗതികള്‍ വഷളാക്കുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ലാത്ത രീതിയിലേക്ക് മാറുകയാണ്. ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 969 പേരാണ്. ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലും ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജിവന്‍ നഷ്ടമായത് ഇന്നലെയാണ്.
യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും മരണ സംഖ്യ വലിയ തോതില്‍ ഉയരുന്നതായാണ് കഴിഞ്ഞ ദിവസം കണ്ടത്. ഇപ്പോള്‍ ഏറ്റവും ദുരിതം അനുഭവിക്കുന്ന ഇറ്റലിയില്‍ തന്നെയാണ് കൂടുതല്‍ പേര്‍ ഇന്നലെയും മരിച്ചത്. 969 പേര്‍. രണ്ടര മാസം മുമ്പ് കൊറോണ ബാധ കെടുതി വിതയ്ക്കാന്‍ തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ദിവസം കൂടിയായിരുന്നു ഇന്നലെ. ഇറ്റലിയില്‍ ഇതിനകം മരണ സംഖ്യ 9134 ആയി. ഇറ്റലിയില്‍ സ്ഥിതിഗതികള്‍ ഇനിയും രൂക്ഷമാകാനുണ്ടെന്നാണ് നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നല്‍കുന്നത്. അതിനിടെ അമേരിക്കയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പാക്കേജിന് പ്രസിഡന്റ് ട്രംപ് അംഗീകാരം നല്‍കി.
ബ്രിട്ടനിലും സ്ഥിതിഗതികല്‍ കൂടുതല്‍ വഷളാവുകയാണ്. 181 പേരാണ് കോവിഡ് 19 മൂലം ഇന്നലെ മരിച്ചത്. 759 പേരാണ് അവിടെ ഇതുവരെ മരിച്ചത്. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊവിഡ് 19 ബാധ സ്ഥിരികരിച്ചതിനെ പിന്നെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും രോഗം സ്ഥിരീകരിച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി തുടരുന്നതിനിടെ ഫ്രാന്‍സ് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി കൂട്ടി. ഏപ്രില്‍ 15 വരേക്കാണ് നീട്ടിയത്. രാജ്യം പകര്‍ച്ച വ്യാധിയുടെ തുടക്കത്തില്‍ മാത്രമാണ് ഇപ്പോഴുമെന്നാണ് പ്രധാനമന്ത്രി എഡ്വോര്‍ഡോ ഫിലിപ്പെ പറഞ്ഞത്. ഇന്നലെ മാത്രം ഫ്രാന്‍സില്‍ മരിച്ചത് 299 പേരാണ്. ഇതിനകം 1995 പേരാണ് ഫ്രാന്‍സില്‍ മരിച്ചത്.
ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജീവഹാനി സംഭവിച്ച സ്‌പെയനിലും മരണ സംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനിടെ 769 പേരാണ് ഇവിടെ മരിച്ചത്. 4858 പേരാണ് സ്‌പെയിനില്‍ ഇതിനകം മരിച്ചുവീണത്. നിരോധനാജ്ഞ ഏപ്രില്‍ പകുതി വരെ നീട്ടിയിട്ടുണ്ട്.
അമേരിക്കയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത്. ഇവിടെ രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1300 പേരാണ് ഇതിനകം മരിച്ചത്. ന്യൂ ഓര്‍ലിയാന്‍സ്, ചിക്കാഗോ, ഡെറ്റ്രോയിറ്റ് എന്നിവിടങ്ങളിലേക്ക് രോഗം ദ്രുതഗതിയില്‍ പടരുകയാണ്.
അതിനിടെ 30,000 വെന്റിലേറ്റര് വേണമെന്ന ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആൻ്റഡ്രു കുമോഓയുടെ ആവശ്യത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. ഫോക്‌സ് ന്യൂസ് അഭിമുഖത്തില്‍ ഈ ആവശ്യങ്ങള്‍ അതിശയോക്തിപരമാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ന്യൂയോര്‍ക്കിലാണ് സ്ഥിതിഗതികള്‍ ഏറ്റവും രൂക്ഷമായിരിക്കുന്നത്. 44,055 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. ഇതിനകം ഇവിടെ മാത്രം 519 പേര്‍ മരിക്കുകയും ചെയ്തു. പല ആശുപത്രികളിലും ആവശ്യത്തിന് വെന്റിലേറ്ററില്ല. പല സംസ്ഥാനങ്ങളും ട്രംപുമായി ഏറ്റുമുട്ടലിലാണ്.
അതിനിടെ ജനറല്‍ മോട്ടേഴ്‌സിനോട് വെന്റിലേറ്റര്‍ നിര്‍മ്മിക്കാന്‍ ട്രം പ് ഉത്തരവിട്ടു. ഡിഫന്‍സ് പ്രൊഡക്ഷന്‍ ആക്ട് അനുസരിച്ചാണ് ജനറല്‍ മോട്ടോഴ്‌സിനോട് വെന്റിലേറ്റര്‍ നിര്‍മ്മിക്കാന്‍ ഉത്തവിട്ടിത്. ദേശീയ ആവശ്യങ്ങള്‍ക്കുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ കഴിയുന്ന വ്യവസ്ഥയാണ് നാഷണല്‍ ഡിഫന്‍സ് ആക്ട്. മതിയായ വേഗത്തില് വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ച് നല്‍കാത്തതിന് ജെനറല്‍ മോട്ടേഴ്‌സിനെ ട്രംപ് വിമര്‍മശിക്കുകയും ചെയ്തു.
കൊറോണ വൈറസ് ബാധ തീവ്രമാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ രണ്ട് ട്രില്ല്യന്റെ സാമ്പത്തിക പാക്കേജിന് ട്രംപ് അംഗീകാരം നല്‍കി. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പാക്കേജാണ് ഇത്. രാജ്യത്തെ കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ട്രംപ് പറഞ്ഞു.നൂറ് വര്‍ഷത്തിലെ ഏറ്റവും വലിയ പകര്‍ച്ച വ്യാധിയെയാണ് അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. അമേരിക്ക അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ, സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് അമേരിക്കയില്‍ 33 ലക്ഷം പേരാണ് തൊഴിലില്ലെന്ന് പറഞ്ഞ് അപേക്ഷ നല്‍കിയത്.
ലോകത്ത് കൊവിഡ് 19 വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. 20,494 പേരാണ് കോവിഡ് 19 ബാധയേറ്റ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയിൽ 24 മണിക്കൂറുകൾക്കുളളിൽ മാത്രം 683 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
5210 പുതിയ കേസുകളും രാജ്യത്ത് സ്ഥിരീകരിച്ചു. അതേ സമയം ലോകത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം നാലര ലക്ഷം കടന്നു. ഇതിൽ 74.386 കേസുകളാണ് ഇറ്റലിയിൽ നിന്നും മാത്രം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലോകത്താകെ 4,52,157 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 1,13,120 പേര്‍ രോഗവിമുക്തി നേടി. 3,18,543 പേര്‍ ചികിത്സയിലാണ്. ഇതില്‍ 13,671 പേരുടെ സ്ഥിതി അതീവ ഗുരുതരമാണ്.
സ്പെയിനിൽ ഉപപ്രധാനമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു. സ്‌പെയിനിലെ ഉപ പ്രധാനമന്ത്രിമാരിലൊരാളായ കാർമെൻ കാൽവോയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്പെയിൻ പ്രധാനമന്ത്രി പെട്രേ സാഞ്ചസിന്ർറെ നാല് ഉപപ്രധാനമന്ത്രിമാരിലൊരാളാണ് കാർമെൻ കാൽവോ. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വൈറസ് കൂടുതൽ നാശം വിതക്കുന്ന രാജ്യങ്ങളിലൊന്നായ സ്പെയിനിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാണ്. ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 683 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 7,503 ആയി. 74,386 പേര്‍ക്കാണ് ഇറ്റലിയില്‍ കൊറോണ സ്ഥിരീകരിച്ചത്. സ്പെയിനിലും ഇറാനിലും ഇന്നും മരണനിരക്കിന് കുറവില്ല. സ്‌പെയിനില്‍ 443 മരണങ്ങളും ഇറാനില്‍ 143 പേരുമാണ് ഇന്ന് മരിച്ചത്. ഇന്നത്തെ കണക്കുകള്‍ കൂടി പുറത്തുവന്നതോടെ മരണനിരക്കില്‍ ചൈനയെ പിന്തള്ളി സ്പെയിന് രണ്ടാമതായി. 3,434 പേരാണ് ഇതുവരെ സ്‌പെയിനില്‍ മരിച്ചത്. ഇന്ന് പുതിയതായി 5,552 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും നീളം കൂടിയ രാജ്യാന്തര അതിർത്തിയാണ് ചൈനയുമായി റഷ്യ പങ്കിടുന്നത്. എന്നിട്ടും 14.5 കോടി ജനസംഖ്യയുള്ള റഷ്യയിൽ ഒരാൾ പോലും കൊറോണ വൈറസ് ബാധ മൂലം മരിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഉത്തര കൊറിയയും റഷ്യയും ഒഴികെ ചൈനയുമായി അതിർത്തി പങ്കിടുന്ന ഭൂരിഭാഗം രാജ്യങ്ങളും കോവിഡ്–19 ഭീതിയിൽ പോരാടുമ്പോഴാണ് ഇവരുടെ അവകാശവാദം ചോദ്യചെയ്യപ്പെടുന്നത്.
വ്ളാഡിമിര്‍ പുടിന്റേത് വീരവാദം മാത്രമാണെന്നും കണക്കുകളിൽ വാസ്തവമില്ലെന്നും ആരോപിച്ച് റഷ്യയിലെ സർക്കാർ വിരുദ്ധ ചേരിയിലുള്ള ഡോ. അനസ്താസ്യ വസല്യേവ രംഗത്തു വന്നതോടെ കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രാജ്യാന്തര മാധ്യമങ്ങളും രംഗത്തെത്തി. കോവിഡ്–19 മൂലമുള്ള മരണങ്ങൾ ന്യൂമോണിയയുടെ കണക്കിൽ എഴുതി തള്ളാനാണ് ശ്രമമെന്നും അനസ്താസ്യ വസല്യേവ ആരോപിക്കുന്നു.
റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുനുസരിച്ച് ഒന്നര ലക്ഷത്തിലേറെ കോവിഡ്–19 ടെസ്റ്റുകളാണ് റഷ്യയിൽ ഇതുവരെ നടന്നത്. കഴിഞ്ഞ വ്യാഴ്ചയാണ് കോവിഡ്–19 മൂലം മോസ്കോയിൽ 79 കാരി മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ വാർത്ത നൽകിയത്. എന്നാൽ മരണം ന്യൂമോണിയ മൂലമെന്നായിരുന്നു റഷ്യൻ അധികൃതരുടെ അവകാശവാദം. 79കാരിയുടെ മരണശേഷം കടുത്ത നിയന്ത്രണങ്ങൾ രാജ്യമെമ്പാടും നടപ്പിലാക്കുകയും ചെയ്തു. മേയ് 1 വരെ രാജ്യാന്തര അതിർത്തികൾ അടച്ചിട്ടു. സ്കൂളുകളും പ്രധാന നഗരങ്ങളുമെല്ലാം അടച്ചിട്ടു. കൊറോണ വൈറസ് ബാധയുള്ള രോഗികളെ ചികിത്സിക്കാൻ 500 കിടക്കകളുള്ള ആശുപത്രിയുടെ നിർമാണം ആരംഭിച്ചു.
ജനുവരിയിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജനുവരി 30ന് ചൈനയുമായുള്ള അതിർത്തി അടച്ചിട്ടുവെന്നും ക്വാറന്റീന്‍ സോണുകള്‍ പ്രഖ്യാപിച്ചതും പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതും വൈറസ് ബാധയെ പിടിച്ചുകെട്ടാൻ സഹായിച്ചുവെന്നുമായിരുന്നു റഷ്യൻ അധികൃതരുടെ വിശദീകരണം.
റഷ്യ യഥാർഥ കണക്കുകൾ പുറത്തു വിടാൻ തയാറാകണമെന്നു സർക്കാർ വിരുദ്ധ ചേരിയിലുള്ള നേതാക്കൾ ആവശ്യപ്പെടുന്നു. മറ്റു സംശയങ്ങൾ കണ്ടില്ലെന്നു വച്ചാലും കോവിഡ്–19 കേസുകളിൽ കാര്യമായ വർധനയുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വെറും 150 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇപ്പോൾ അത് 367 ആയി എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷത്തേക്കാൾ 37 ശതമാനത്തിലധികം ആളുകളാണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്. മോസ്കോയിൽ മാത്രം ഈ വർഷം ന്യൂമോണിയ ബാധിച്ച് മരിച്ചവരുടെ എണ്ണം 6,921 ആണ്. സോവിയറ്റ് യൂണിയന്‍ ആയിരുന്ന കാലത്ത് ചെര്‍ണോബില്‍ ആണവ ദുരന്തവും എയ്ഡ്‌സ് വ്യാപനവും എല്ലാം മറച്ചു വച്ച ചരിത്രമുള്ള റഷ്യ കോവിഡ്–19 മരണവും മറച്ചു വയ്ക്കുകയാണെന്നും രാജ്യാന്തര മാധ്യമങ്ങളും ആരോപിക്കുന്നു.