യൂറോപ്യൻ യൂണിയന്റെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് മുന്നിൽ ഇന്ത്യ അനുഭാവപൂര്‍വ്വം നിലപാടെടുക്കുന്നു. യൂറോപ്യൻ യൂണിയനിലെ അംഗരാഷ്ട്രങ്ങളിൽ നിന്നുള്ള മദ്യത്തിനും കാറുകൾക്കും ഇറക്കുമതി തീരുവ കുറയ്ക്കാനാണ് നീക്കം. ആര്‍സിഇപി കരാറിൽ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനോട് ഇന്ത്യ അടുക്കുന്നത്.
മദ്യം, കാര്‍ തുടങ്ങി യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങളോട് ദീര്‍ഘകാലമായി ഇന്ത്യ മുഖംതിരിച്ചിരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജര്‍മ്മൻ ചാൻസലര്‍ ഏയ്ഞ്ചെല മെര്‍ക്കലും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് ഈ കരാറിലേക്ക് വീണ്ടും ഇന്ത്യ തിരിച്ചെത്തിയത്. പിന്നീട് വാണിജ്യ-വ്യവസായ വകുപ്പുമന്ത്രി പിയൂഷ് ഗോയൽ ഇത് സംബന്ധിച്ച് ഏയ്ഞ്ചെല മെര്‍ക്കലുമായി വിശദമായ ചര്‍ച്ച നടത്തി. യൂറോപ്യൻ യൂണിയന്റെ ട്രേഡ് കമ്മിഷണര്‍ ഫിൽ ഹോഗനോടും ഇദ്ദേഹം സംസാരിച്ചിരുന്നു.
യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് വില കുറഞ്ഞാലും മദ്യത്തിന്റെ ആഭ്യന്തര വിപണിയെ ഇത് ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രസര്‍ക്കാര്‍. വാഹനങ്ങളുടെ കാര്യത്തിലും കേന്ദ്രത്തിന്റെ നിഗമനം സമാനമാണ്.
ഉഭയകക്ഷി വ്യാപാര കരാര്‍ യൂറോപ്യൻ യൂണിയനുമായും അമേരിക്കയുമായും ഒപ്പുവയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്രമന്ത്രി നേരത്തെ പിയൂഷ് ഗോയൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആര്‍സിഇപി കരാറിൽ നിന്ന് പിന്മാറാമെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതോടെയാണ് യൂറോപ്പുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുന്നത്. ബ്രെക്സിറ്റിന് ശേഷം ഇന്ത്യ ബ്രിട്ടനുമായും വ്യാപാര കരാര്‍ ഒപ്പുവയ്ക്കും. ടെക്സ്റ്റൈൽ, ഫാം പ്രൊഡക്ട്സ് എന്നിവയ്ക്കായാവും കരാറെന്നാണ് വിലയിരുത്തൽ.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ലണ്ടൻ :- ഫോർമുല വൺ ഗ്രൂപ്പ് മുൻ ചീഫ് എക്സിക്യൂട്ടീവ് ബെർണി എക്കിൽസ്റ്റോണിൻ്റെ മകൾ തമാരയുടെ അൻപത് മില്യൺ പൗണ്ടിന്റെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. 57 മുറികളുള്ള അദ്ദേഹത്തിന്റെ ആഡംബര വീട്ടലെ സെയ്ഫുകകളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സിസിടിവി ക്യാമറകൾ ഉള്ള, 24 മണിക്കൂറും സെക്യൂരിറ്റി പെട്രോളിങ്ങുള്ള ഭവനത്തിലാണ് കവർച്ച നടന്നത്.
എന്നാൽ ഇത് വീട്ടിനുള്ളിൽ ഉള്ളവർ അറിഞ്ഞിട്ടുള്ള കവർച്ച ആണെന്നാണ് ബെർണി സംശയിക്കുന്നത്. തമാരയും, ഭർത്താവ് ജയ്, മകൾ സോഫിയ എന്നിവർ പിതാവിനൊപ്പം ലാപ്ലാൻഡിലേക്കു യാത്ര പോയ സമയത്താണ് കവർച്ച നടന്നത്. ഇതുവരെയും മോഷണത്തെ തുടർന്ന് അറസ്റ്റുകൾ ഒന്നും നടന്നിട്ടില്ല.
കവർച്ച നടത്താൻ വീടിനുള്ളിൽ തന്നെ ആരോ സഹായിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. വളരെ വിലപിടിപ്പുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അമ്പതിനായിരം പൗണ്ട് വിലവരുന്ന ഒത്തിരി അധികം ഡയമണ്ട് ആഭരണങ്ങൾ, റോളക്സ് വാച്ച് കളക്ഷൻ എന്നിവയെല്ലാം നഷ്ടപ്പെട്ടു. മൂന്നുപേർ ചേർന്നാണ് കവർച്ച നടത്തിയതെന്നാണ് നിഗമനം. പുറകിലുള്ള മതിൽ ചാടി കടന്നാണ് ഭവനത്തിലേക്ക് പ്രവേശിച്ചത്. അൻപതു മിനിറ്റോളം എടുത്താണ് കവർച്ച നടത്തിയത്. പോലീസിൻെറ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്.
നേഴ്‌സുമാർക്ക് ലഭിക്കുന്ന അവസരങ്ങൾ അതും പുറം രാജ്യങ്ങളിൽ വാർത്തകളിൽ എപ്പോഴും ഇടം പിടിക്കാറുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം അത്രയധികം പ്രാധാന്യം നേഴ്സിങ്ങിന് നൽകുന്നു എന്നതിന്റെ തെളിവാണ്. അങ്ങനെയാണ് മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം വരെ നഴ്‌സുമാരെ ഉടനടി ആവശ്യമുണ്ടെന്ന് പറഞ്ഞ നെതര്‍ലന്‍ഡസ് ഇപ്പോൾ കൈ മലര്‍ത്തിയിരിക്കുന്നത്. കേരളത്തില്‍നിന്നുള്ള നഴ്‌സുമാരെ ആവശ്യമില്ലെന്നു നെതര്‍ലന്‍ഡ്‌സ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു എന്നാണ് നിയമസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി ലഭിച്ചിരിക്കുന്നത്. നഴ്‌സുമാരെ അയയ്ക്കുന്നത് സംബന്ധിച്ച് നെതര്‍ലന്‍ഡ്‌സുമായി ധാരണയായെന്നു പറഞ്ഞ സംസ്ഥാന സര്‍ക്കാരും ഇതോടെ ഊരാക്കുടുക്കിലായി.
ജൂലൈ 31നു ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലന്‍ഡ്‌സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് നെതര്‍ലന്‍ഡ്‌സിലേക്ക് ഇത്രയധികം നഴ്‌സുമാരെ ആവശ്യമുണ്ടെന്നും അയയ്ക്കാന്‍ കേരളം തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞത്. നഴ്‌സുമാരെ അയയ്ക്കുന്നതു സംബന്ധിച്ചു നെതര്‍ലന്‍ഡ്‌സുമായി ധാരണയിലെത്തിയെന്നും പിന്നീട് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ഓഗസ്റ്റ് 29ന് നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നെതര്‍ലന്‍ഡ്‌സ് അംബാസഡറുമായി വിഷയം ചര്‍ച്ച ചെയ്തു. എന്നാല്‍ തദ്ദേശീയെരയും തദ്ദേശീയര്‍ ഇല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ളവരെയും മാത്രമേ ജോലിക്കു പരിഗണിക്കുകയുള്ളൂവെന്ന് അംബാസഡര്‍ വ്യക്തമാക്കുകയായിരുന്നു. പിന്നീട് ചീഫ് സെക്രട്ടറി നെതര്‍ലന്‍ഡസ് സര്‍ക്കാരിനു കത്തയച്ചെങ്കിലും യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍നിന്നു തല്‍ക്കാലം ആരോഗ്യരംഗത്തു തൊഴിലാളികളെ ആവശ്യമില്ലെന്ന മറുപടിയാണു ലഭിച്ചത്. നെതര്‍ലന്‍ഡസ് സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാന സര്‍ക്കാരിനു കൈമാറിയിരുെന്നങ്കിലും ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല.
മാത്രമല്ല സി.പി.എമ്മിന്റെ സൈബര്‍ വിഭാഗം കഴിഞ്ഞ ദിവസംവരെ പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ നെതര്‍ലന്‍ഡസിലേക്ക് കേരളത്തില്‍നിന്നും നഴ്‌സുമാരെ അയയ്ക്കുന്ന കാര്യവും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പി.സി. ജോര്‍ജിന്റെ ചോദ്യത്തിനു മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് നെതര്‍ലന്‍ഡ്‌സിലേക്കു കേരളത്തില്‍നിന്നുളള നഴ്‌സുമാരെ ആവശ്യമില്ലെന്ന് നെതര്‍ലാന്‍ഡ് അംബാസഡര്‍ അറിയിച്ച കാര്യം വ്യക്തമാക്കിയത്.
നെതര്‍ലന്‍ഡ്‌സില്‍ ജോലി ചെയ്യുന്നതിനു ഡച്ചു ഭാഷ അറിഞ്ഞിരിക്കണം. കേരളത്തില്‍ ഡച്ച് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്ല. വസ്തുത ഇതായിരിക്കെയാണ് നെതര്‍ലന്‍ഡ്‌സിലേക്കു നഴ്‌സുമാരെ അയയ്ക്കാന്‍ ധാരണയായെന്ന പ്രചരണമുണ്ടായത്. നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് നെതര്‍ലാന്‍ഡ് അംബാസഡര്‍ പറഞ്ഞതിന് പിന്നാലെ ഡച്ചു രാജാവിനയും രാജ്ഞിയെയും കേരളത്തിന്റെ അതിഥിയായി ക്ഷണിച്ചിരുന്നു. എന്തായാലും നെതർലൻഡ്‌സ് വേണ്ട എന്ന് പറഞ്ഞെങ്കിലും യുകെയിലെ തിരഞ്ഞെടുപ്പിൽ നേഴ്‌സ് വിഷയം ഒരു പ്രധാന വിഷയമായി മാറിയിരിക്കുകയാണ്. നാഷണൽ ഹെൽത്ത് സെർവിസിൽ നേഴ്‌സുമാർക്ക് ഉണ്ടായ കുറവ് വലിയ രീതിയിൽ യുകെയിലെ ആശുപത്രികളെ ബാധിക്കുകയുണ്ടായി. വിദേശ നേഴ്‌സുമാർക്ക് അവസരം നൽകുമെന്ന് യുകെയിലെ പ്രധാന രണ്ട് പാർട്ടികളും പറഞ്ഞിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിന്റെ ചരിത്രത്തിലെ ‘ഏറ്റവും വലിയ കവര്‍ച്ച’ അതാണ് കഴിഞ്ഞ ദിവസം ജർമ്മനിയിൽ നടന്നത് എന്നാണ് റിപ്പോർട്ടുകൾ. യൂറോപ്പിലെ ഏറ്റവും സമ്പന്നവും ചരിത്രപ്രാധാന്യമുള്ളതുമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ഡ്രിസ്ഡിന്നിലെ ഗ്രീന്‍ വോള്‍ട്ട് കൊട്ടാരത്തിലാണ് മോഷണം അരങ്ങേറിയത്. ഇപ്പോൾ മ്യൂസിയമായി പ്രവർത്തിക്കുന്ന ഈ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന 18-ാം നൂറ്റാണ്ടിലെ മൂന്ന് സെറ്റ് വജ്രാഭരണങ്ങളാണ് മോഷണം പോയത്. മോഷണം പോയ ആഭരണങ്ങള്‍ക്ക് ഒരു ബില്യണ്‍ യൂറോ (ഏകദേശം 78,85,24,47,600 രൂപ) വിലമതിക്കുമെന്നാണ് വിലയിരുത്തൽ.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സുരക്ഷാസംവിധാനം തകരാറിലായതിനെ തുടര്‍ന്ന് മോഷണത്തെ കുറിച്ച് ആരും അറിഞ്ഞതുമില്ല. കവര്‍ച്ചയ്ക്ക് മുമ്പ് മ്യൂസിയത്തിലേയും സമീപപ്രദേശത്തേയും വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നതിനാൽ അലാറം പ്രവര്‍ത്തനരഹിതമായി. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ജനാലയുടെ ഇരുമ്പഴികള്‍ വളച്ചാണ് മോഷ്ടാക്കൾ മ്യൂസിയത്തിൽ പ്രവേശിച്ചതെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി തടസം നേരിട്ടിരുന്നെങ്കിലും രണ്ട് മോഷ്ടാക്കളുടെ ദൃശ്യം ചില ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
കണക്കാക്കപ്പെടുന്നതിലും വളരെ ഉയർന്നതാണ് ആഭരണങ്ങളുടെ മൂല്യമെന്നാണ് മ്യൂസിയം അധികൃതരുടെ വാദം. എന്നാൽ മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ ഒന്നായി വില്‍ക്കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള രത്‌നക്കല്ലുകള്‍ എന്നിവ കൊണ്ട് നിര്‍മിച്ച നാലായിരത്തിലധികം വസ്തുശേഖരങ്ങളുള്ള ഗ്രീന്‍ വോള്‍ട്ടിൽ നിന്നാണ് അമൂല്യ വജ്രാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളത്.
ഫ്രെഡറിക് അഗസ്റ്റസ് മൂന്നാമനായി സൃഷ്ടിച്ച സൈനിക ഉദ്യോഗസ്ഥന്റെ പദവി സൂചിപ്പിക്കുന്ന തോള്‍മുദ്രയാണ് ആഭരണം. 230 ലധികം വ്യത്യസ്ഥ വജ്രങ്ങളാണ് ഇതിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 175 സെന്റിമീറ്റർ നീളമുള്ള (8.6 ഇഞ്ച്) ആഭരണം 1780 ലാണ് പൂർത്തിയായിത്. ഒരു വലിയ റോസ് കട്ട് ഡയമണ്ടിന് ചുറ്റും ചെറിയ വജ്രങ്ങൾ കൊണ്ട് നിറച്ചിരിക്കുന്ന തരത്തിലാണ് ആഭരണം തയ്യാറാക്കിയിട്ടുള്ളത്.
തീരത്ത് എത്തുന്ന ഓരോ തിരയും കരയിലേക്ക് കൊണ്ടുവരുന്നത് കിലോക്കണക്കിന് കൊക്കെയ്ൻ…ഈ അത്ഭുത പ്രതിഭാസത്തിൽ അന്തംവിട്ട് അധികാരികള്‍…ഒക്ടോബര്‍ മധ്യത്തോടെയാണ് ഫ്രാൻസിലെ കടത്തീരങ്ങളിലേക്ക് 1000 കിലോയിലേറെ കൊക്കെയ്ൻ എത്തിയത്
പൊലീസ് പരിശോധനകള്‍ കര്‍ശനമാക്കിയതോടെ ലഹരിമരുന്ന് വിതരണക്കാര്‍ ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതാനോ എന്നാണു പോലീസ് സംശയിക്കുന്നത് .. ലഹരിമരുന്ന് പാക്കറ്റുകള്‍ വടക്കന്‍ മേഖലയിലെ തീരത്തേക്കും എത്തുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കാര്‍ഗോ കപ്പലുകളില്‍ നിന്നാണ് ലഹരിമരുന്ന് പാക്കറ്റുകള്‍ തീരത്തേക്ക് എത്തുന്നതെന്നാണ് സംശയം.
യൂറോപ്പിലേയും അമേരിക്കയിലേയും ലഹരിമരുന്ന് വിരുദ്ധ വിഭാഗങ്ങളുടെ സഹായത്തോടെ തീരത്തേക്ക് ഇത്തരത്തില്‍ പാക്കറ്റുകള്‍ എത്തുന്നതിന്‍റെ കാരണം കണ്ടെത്താനുള്ള ഒരുക്കത്തിലാണ് പൊലീസുള്ളത്. വളരെ ശുദ്ധമായ കൊക്കെയ്ൻ ആണ് പൊതികളില്‍ നിന്ന് ലഭിക്കുന്നത്. അതിനാല്‍ തന്നെ ഇത് അതീവ അപകടകാരിയാണെന്നും വിദഗ്ധര്‍ പറയുന്നു.
വന്‍വിലയാണ് ഇവക്ക് ലഭിക്കുന്നതെന്നതിനാല്‍ ആളുകള്‍ ഇവ ശേഖരിച്ച് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെടതോടെയാണ് ബീച്ചുകള്‍ അടച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. ബീച്ചുകളുടെ പരിസര പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളിലും പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.
കൗമാരക്കാര്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ഇത്തരത്തില്‍ തീരത്ത് അടിയുന്ന പാക്കറ്റുകള്‍ ശേഖരിക്കുന്നതിന് ഇടയില്‍ പൊലീസ് പിടിയിലായത്. തീരപ്രദേശത്ത് നടക്കാന്‍ എത്തുന്നവര്‍ മടങ്ങിപ്പോവുമ്പോള്‍ അവരുടെ കാറുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
സീല്‍ ചെയ്ത പാക്കറ്റുകളിലാണ് കൊക്കെയ്ൻ തീരത്തേക്ക് എത്തുന്നത് എന്നതിനാല്‍ ഇത് വെള്ളം കയറി നശിക്കുന്നുമില്ല. ചെറിയ രീതിയില്‍ പോലും ഇത് നേരിട്ട് ഉപയോഗിക്കുന്നത് ഓവര്‍ ഡോസായി പോവാനുള്ള സാധ്യത ഏറെയാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഈ പാക്കറ്റുകളില്‍ കണ്ട സീല്‍ പതിച്ച കൊക്കെയ്ൻ പാക്കറ്റുകള്‍ സെപ്തംബറില്‍ ഫ്ലോറിഡയുടെ തീരങ്ങളിലുമെത്തിയിരുന്നു. ബെല്‍ജിയവും, സ്പെയിനുമാണ് ഇത്തരം ലഹരിമരുന്നുകള്‍ ഏറെയെത്തുന്ന ഇടങ്ങളെന്നാണ് വിദഗ്ധര്‍ പറയുന്നത്..ഇവിടങ്ങളിലേക്ക് ഒഴുക്കുന്ന പാക്കറ്റുകള്‍ കാറ്റുകളിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ മൂലം ഫ്രാന്‍സിന്‍റെ തീരങ്ങളിലേക്ക് എത്തുന്നതാണോയെന്നും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. യൂറോപ്പിലെ പല ഭാഗങ്ങളിലായി 140 ടണ്‍ കൊക്കെയ്ൻ ആണ്‍ 2017ല്‍ മാത്രം പിടികൂടിയത്
ഹോളിവുഡ് ചലച്ചിത്രം ജോക്കറിന്‍റെ പ്രദര്‍ശനത്തിനിടെ അള്ളഹു അക്ബര്‍ വിളി കേട്ട് ആളുകള്‍ തിയറ്ററില്‍ നിന്നും ഇറങ്ങിയോടി. ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലാണ് സംഭവം അരങ്ങേറിയത്. ഒക്ടോബര്‍ 27 ഞായറാഴ്ച നടന്ന സംഭവം ഫ്രഞ്ച് മാധ്യമം ലെ പാരീസിയന്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാരീസിലെ ഗ്രാന്‍റ് റെക്സ് തിയറ്ററിലാണ് സംഭവം നടന്നത്.
ഒക്ടോബർ 27 ഞായറാഴ്ച വൈകുന്നേരം സിനിമ പ്രദർശിപ്പിക്കുന്നതിനിടെ 34 വയസുള്ള വ്യക്തി എഴുന്നേറ്റ് നിന്ന് അള്ളാഹു അക്ബർ വിളിക്കുകയായിരുന്നുവെന്നാണ് ഫ്രഞ്ച് മാധ്യമം പറയുന്നത്. ഇത് കേട്ടതോടെ തിയേറ്ററിലുണ്ടായിരുന്നവർ പരിഭ്രാന്തിയോടെ പുറത്തേക്ക് ഓടി. ഓടുന്നതിനിടെ പലരും വീണു.
അതേസമയം, സംഭവത്തിന് കാരണക്കാരനായ യുവാവിനെ പൊലീസ് പിടികൂടി. ഇയാളുടെ മാനസികാരോഗ്യ നിലയിൽ സംശയം തോന്നിയതിനെ തുടർന്ന് വിദഗ്ധരുടെ നിരീക്ഷണത്തിലാണെന്നാണ് വിവരം. അതിനിടെ ഇതൊരു മോഷണ ശ്രമമാണെന്ന വാദവുമായി ഗ്രാന്റ് റെക്‌സ് തിയേറ്റർ ഡയറക്ടർ രംഗത്ത് എത്തി. ജനങ്ങളെ പരിഭ്രാന്തരാക്കി പുറത്തെത്തിച്ച ശേഷം അവർ ഉപേക്ഷിക്കുന്ന വിലയേറിയ സാധനങ്ങൾ മോഷ്ടിക്കാനായിരുന്നു പദ്ധതിയെന്നാണ് ആരോപണം.
ഇയാള്‍ മാത്രമല്ല ഇത് ഒരു സംഘമായിരിക്കാം എന്നും ഗ്രാന്‍റ് റെക്സ് തിയറ്റര്‍ ഡയറക്ടര്‍ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ എന്ന മാധ്യമത്തോട് പറഞ്ഞു. ഇതിന് മുന്‍പ് ഇത്തരം ഒരു തന്ത്രം പാരീസിലെ മെട്രോയില്‍ ചില കള്ളന്മാര്‍ പയറ്റിയിരുന്നതായും ഇയാള്‍ ആരോപിക്കുന്നു.
ലണ്ടൻ : യൂറോപ്പിലെ മലയാളികളുടെ പ്രിയപ്പെട്ട പ്രമുഖ ഏഷ്യനെറ്റ് ആനന്ദ് ടി.വി യിൽ ശനിയാഴ്ച്ച (28/09/19) രാവിലെ 11 മാണിക്കും 6.30 നും ലോകമെങ്ങുമുള്ള മലയാളികളുടെ ഹൃദയം കവർന്ന കാരൂർ സോമൻ രചിച്ച, ഫെബി ഫ്രാൻസിസ് സംവിധാനം ചെയ്ത് പ്രിന്റ് വേൾഡ്, ന്യൂ ഡൽഹി പുറത്തിറക്കിയ “ഗ്ലാസിലെ നുര” ഹ്രസ്വ ചിത്രം നമ്മുടെ സ്വീകരണ മുറിയിലേക്ക് കടന്നു വരുന്നു.
കാട്ടുമൃഗങ്ങളുടെ വിശപ്പും ദാഹവും പകയും പോലെ മറ്റുള്ളവരിലെ കുറ്റങ്ങൾ കണ്ടെത്തി കല്ലെറിയുന്നതിനേക്കാൾ ഹ്രദയങ്ങളെ തഴുകിയുണർത്തി മദ്യ ലഹരിയുടെ താഴ്വരങ്ങളിൽ മേഞ്ഞു നടക്കുന്നവർക്ക് ഒരാശ്വാസമായി സ്‌നേഹവും കാരുണ്യവും ഗ്ലാസിലെ നുര പകരുന്നു.
യൂറോപ്പ് -അമേരിക്കയിലെ പ്രമുഖ ഓൺലൈൻ പത്രങ്ങളായ മലയാളം യൂകെ, ഇമലയാളീ അടക്കം യൂട്യുബിലും, ഫേസ്ബുക്കിലും ഈ ചിത്രം കാണാവുന്നതാണ്.
മുൻ ഫ്രഞ്ച് പ്രസിഡണ്ട് ജാക്ക് ഷിറാക് അന്തരിച്ചു. 86 വയസ്സായിരുന്നു. യൂറോപ്പിലെ ഏറ്റവും ദൈർഘ്യമേറിയ രാഷ്ട്രീയജീവിതം നയിച്ച നേതാക്കളിലൊരാളാണ് ഇദ്ദേഹം. ഏറെക്കാലമായി അൽഷൈമേഴ്സ് രോഗബാധയിലായിരുന്നു ജാക്ക് ഷിറാക്.
1995 മുതൽ 2007 വരെ ഇദ്ദേഹം ഫ്രാൻസ് ഭരണകൂടത്തിന്റെ ഉന്നത സ്ഥാനങ്ങളിലുണ്ടായിരുന്നു. രണ്ടുതവണ പ്രസിഡണ്ടായും രണ്ടുതവണ പ്രധാനമന്ത്രിയായും.18 വർഷത്തോളം പാരിസിന്റെ മേയറായി പ്രവർത്തിച്ചിട്ടുണ്ട് ഷിറാക്.
ആബൽ ഫ്രാന്ഡസിസ് മാരീ ഷിറാക്കിന്റെ മകനായി ജ്യോഫറി സെയ്ന്റ് ഹിലയർ ക്ലിനിക്കിലാണ് ഇദ്ദേഹം ജനിച്ചത്. 1932ൽ. മാതാപിതാക്കളുടെ ഏക മകനായിരുന്നു ഷിറാക്ക്. ഇദ്ദേഹത്തിനൊരു സഹോദരിയുണ്ടായിരുന്നെങ്കിലും അവർ ഏറെ ചെറുപ്പത്തിൽ മരിച്ചു പോയി.
ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായാണ് ഷിറാക് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. കമ്മ്യൂണിസ്റ്റ് സെൽ യോഗങ്ങളിൽ ഇദ്ദേഹം പങ്കെടുക്കുകയുണ്ടായി.
ബെഞ്ചമിൻ നെതന്യാഹുവിനെ വീണ്ടും സർക്കാരുണ്ടാക്കാൻ ഇസ്രയേല്‍ പ്രസിഡന്റ് റുവെൻ റിവ്ലിൻ ക്ഷണിച്ചു. ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സർക്കാർ രൂപീകരവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയായിരുന്നു. ബെന്നി ഗാന്റ്സിന്റെ പ്രതിപക്ഷ കക്ഷിയായ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയാണ് കൂടുതല്‍ സീറ്റുകള്‍ നേടി (33) ഏറ്റവുംവലിയ ഒറ്റ കകഷിയായത്. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 31 സീറ്റുമാണ് ലഭിച്ചത്. എന്നിട്ടും സർക്കാരുണ്ടാക്കാൻ ക്ഷണിക്കപ്പെട്ടതിലൂടെ രാഷ്ട്രീയ ജീവിതം അവസാനിച്ചേക്കാമെന്ന് കരുതിയിടത്തുനിന്നും അദ്ദേഹത്തിനും പാര്‍ട്ടിക്കും നേരിയ പ്രതീക്ഷ കൈവന്നിരിക്കുകയാണ്.
പ്രസിഡന്റെന്റെ ക്ഷണം ലഭിച്ചുവെങ്കിലും സര്‍ക്കാറുണ്ടാക്കാന്‍ നെതന്യാഹു നന്നേ പാടുപെടും. പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ അദ്ദേഹത്തിന് ആറ് ആഴ്ച വരെ സമയമുണ്ട്. 120 അംഗ പാർലമെന്റിൽ 61 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. അതില്‍ അദ്ദേഹം പരാജയപ്പെട്ടാല്‍ മിക്കവാറും പ്രതിപക്ഷ നേതാവായ ബെന്നി ഗാന്റ്സിനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കും.
ഇതേ സാഹചര്യമായിരുന്നു കഴിഞ്ഞ മേയ് മാസത്തിലും ഉണ്ടായത്. എന്നാല്‍ നെതന്യാഹുവിന് പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന് ഒരു സർക്കാറുണ്ടാക്കാന്‍ അവസരം നൽകുന്നതിനുപകരം അദ്ദേഹം സെനറ്റ് പിരിച്ചുവിടുകയാണ് ചെയ്തത്. അതോടെ ഇസ്രായേല്‍ മറ്റൊരു പോതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയും ചെയ്തു. ഇത്തവണയും അദ്ദേഹത്തിന് സര്‍ക്കാറുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ആഹ്വാനം ചെയ്യുമോ എന്നാണ് ഇസ്രായേലീ ജനത ആശങ്കയോടെ ഉറ്റുനോക്കുന്നത്.
നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയും ചേർന്നു സംയുക്ത സര്‍ക്കാര്‍ രൂപീകരിക്കണം എന്നാണ് പ്രസിഡന്റ് നിർദേശിച്ചിരുന്നത്. ഇരു കക്ഷികളും ചേര്‍ന്നാല്‍ ശക്തമായൊരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുകയും ചെയ്യും. നേരത്തേ ഗാന്റ്സുമായി ഒരു ബന്ധത്തിനും പോകില്ലെന്ന് പ്രചാരണവേലയിലുടനീളം പ്രസംഗിച്ചു നടന്നിരുന്ന നെതന്യാഹു തീരുമാനം മാറ്റാന്‍ തയ്യാറായി. സഖ്യസർക്കാർ രൂപവൽക്കരിക്കാന്‍ ഒരുമിച്ചു നില്‍ക്കണമെന്ന് ഗാന്റ്സിനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞ ഗാന്‍റ്സ് വിശാല സഖ്യസർക്കാർ രൂപവൽക്കരിച്ച് പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപികുകയാണ് ചെയ്തത്.
നെതന്യാഹു എങ്ങിനെ ഭൂരിപക്ഷം തെളിയിക്കും എന്ന് ഇനിയും വ്യക്തമല്ല. 13 സീറ്റുകൾ നേടി പാർലമെന്റിലെ മൂന്നാമത്തെ വലിയ സഖ്യമായി മാറിയ സംയുക്ത അറബ് പാർട്ടികൾ ബെന്നി ഗാന്റ്സിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ചില ചെറുപാര്‍ട്ടികളുടെകൂടെ പിന്തുണ കൂട്ടിയാല്‍ നിലവില്‍ 60 പേരുടെ പിന്തുണ അവര്‍ക്കുണ്ട്. മറ്റുപാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങളെ ചാക്കിട്ടുപിടിക്കാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. എട്ട് സീറ്റുകൾ നേടിയ ഇസ്രയേൽ ബൈത്തനു പാർട്ടിയുടെ നേതാവ് അവിഗ്ദോർ ലിബർമാന്‍റെ നിലപാടും നിര്‍ണ്ണായകമാകും.
വായനക്കാരുടെ എണ്ണത്തിൽ മലയാളം യുകെ ബ്രിട്ടനിൽ ഒന്നാമതെത്തി . ഈ ഒരു നേട്ടത്തിലേയ്ക്ക് ഞങ്ങളെ എത്തിച്ച എല്ലാ പ്രിയ വായനക്കാർക്കും മലയാളം യുകെ ന്യൂസ് ടീം സ്നേഹാദരവോടെ നന്ദി അറിയിക്കുകയാണ്. കാരണം ഞങ്ങളുടെ നന്ദിയും കടപ്പാടും മുഴുവൻ പ്രിയ വായനക്കാരോടാണ്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിങ്ങിൻെറ കാര്യത്തിൽ ബഹുദൂരം മുന്നിലാണ്. തൊട്ടടുത്ത എതിരാളിയായ ഓൺലൈൻ പോർട്ടലിനോട് താരതമ്യം ചെയ്യുമ്പോൾ 2600 റിൽ കൂടുതൽ റാങ്കിങ് നേട്ടം കൈവരിച്ച മലയാളം യുകെ യുടെ റേറ്റിങ്ങ് മികച്ചു നിൽക്കുന്നു. ഇന്ത്യയിൽ റേറ്റിങ്ങിൻെറ കാര്യത്തിൽ തൊട്ടടുത്ത എതിരാളിയായ പോർട്ടലിനെ മറികടന്നിട്ട് വളരെ കാലമായിരിന്നു. ബ്രിട്ടനിലെയും ഇന്ത്യയിലെയും മലയാളം യുകെയുടെ അലെക്‌സാ (www.alexa.com) റേറ്റിങ്ങ് ആണ് ഈ വാർത്തയോടൊപ്പമുള്ള ചിത്രത്തിൽ കൊടുത്തിരിക്കുന്നത് .
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നത് ഇന്നത്തെപ്പോലെ ജനപ്രിയമല്ലാത്ത കാലത്താണ് ബ്രൂസ്റ്റര്‍ കാള്‍ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയത്. 1982ല്‍ പഠനം പൂര്‍ത്തിയാക്കിയ കാള്‍, ‘തിങ്കിങ് മെഷീന്‍സ്’ എന്നൊരു സൂപ്പര്‍ കംപ്യൂട്ടര്‍ കമ്പനി തുടങ്ങി. പിന്നീട് 1989ല്‍ ‘വൈഡ് ഏരിയ ഇന്‍ഫര്‍മേഷന്‍ സെര്‍വര്‍’ എന്ന് അറിയപ്പെട്ട ഇന്റര്‍നെറ്റിലെ തന്നെ ആദ്യത്തെ പബ്ലിഷിങ് സിസ്റ്റം നിര്‍മിക്കുകയും ആ കമ്പനി എ.ഒ.എല്ലിന് വില്‍ക്കുകയും ചെയ്തു. 1996ല്‍ ‘അലെക്‌സ’ എന്ന ഇന്റര്‍നെറ്റ് കാറ്റലോഗ് ആയിരുന്നു കാളിന്റെ സൃഷ്ടി. സംഭവം ഇന്റര്‍നെറ്റിലെ സൈറ്റുകളുടെ ഒരു ലീഡര്‍ ബോഡ് പോലെയായിരുന്നു. അതായത് ലോകത്തുള്ള എല്ലാ വെബ്സൈറ്റുകളുടെയും പ്രീതി കണക്കുകൂട്ടാൻ ഉള്ള ഒരു സൂപ്പർ കമ്പ്യൂട്ടർ ആയാണ് ഇത് പ്രവർത്തിക്കുന്നത്. വളരെ ലഘുവായി പറഞ്ഞാൽ ഒരു വെബ്‌സൈറ്റിൽ എത്ര പേർ ഓരോ ദിവസവും എത്തുന്നു എന്നതിന്റെ കണക്ക് സൂക്ഷിപ്പുകാരനാണ് ഈ അലെക്‌സാ എന്ന വെബ്സൈറ്റ്. ഇന്നും സൈറ്റുകളെ താരതമ്യം ചെയ്യുമ്പോള്‍ അലക്‌സ റാങ്കിങ് പറയുന്നത് സര്‍വസാധാരണം. 1999ല്‍ അലക്‌സയെ ആമസോണിന് കാൾ വിൽക്കുകയും ചെയ്‌തു.
മറ്റൊന്ന്… ഏറ്റവും കുറഞ്ഞ നമ്പർ കാണിക്കുബോൾ… ഉദാഹരണമായി ഒരു വെബ്സൈറ്റിന്റെ അലെക്‌സാ റാങ്കിങ് നമ്പർ 300 ഉം മറ്റൊന്നിന്റേത് 500 ഉം ആണെന്ന് കരുതുക. ഈ രണ്ട് വെബ്സൈറ്റുകളിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് റാങ്കിങ് നമ്പർ 300 ഉള്ള സൈറ്റിൽ ആണെന്ന് സാരം. അലെക്‌സ നൽകുന്നത് ഒരു അന്താരാഷ്ട്ര നമ്പറും അതിനോടൊപ്പം ഓരോ രാജ്യത്തെ റാങ്കിങ് നമ്പറും ആണ്. അങ്ങനെ അലക്‌സ റാങ്കിങ് അനുസരിച്ച് ബ്രിട്ടനിൽ മലയാളം യുകെയുടെ റാങ്കിങ് 5547 ഉം ഇന്ത്യയിലേത് 28714 ഉം, വർഷങ്ങളായി യുകെയിൽ പ്രവർത്തനം ഉള്ള തൊട്ടടുത്ത എതിരാളി വെബ്സൈറ്റിന്റെ ബ്രിട്ടനിലെ റാങ്കിങ് 7792 ഉം ഇന്ത്യയിലേത് 175267 ഉം ആണ്. (02/08/2019) അതായത് മലയാളംയുകെ ബ്രിട്ടനിലും ഇന്ത്യയിലും വളരെ മുന്നിലാണ് എന്ന് സാരം. ഇത് ഞങ്ങളുടെ നേട്ടമല്ല മറിച്ച് വായനക്കാരായ നിങ്ങൾ ഞങ്ങൾക്ക് നൽകിയ വിശ്വാസമായാണ് ഇതിനെ മലയാളം യുകെ കാണുന്നത്.
ഓൺ ലൈൻ പത്ര പ്രവർത്തന രംഗത്ത് മലയാളം യുകെ എന്ന സൂര്യോദയമുണ്ടായിട്ട് 4 വർഷങ്ങൾ പിന്നിടുകയാണ് . ബാലാരിഷ്ടതകളിലെ പ്രതിസന്ധികളിൽ കൂടിയും പ്രതിബന്ധങ്ങളിൽകൂടിയും കടന്നു പോകുമ്പോൾ പ്രിയ വായനക്കാർ നൽകിയ പിന്തുണയും ആത്മബലവും മാത്രമായിരുന്നു കൈമുതൽ. കാലാകാലങ്ങളിൽ മലയാളം യുകെയുമായി സഹകരിച്ച എല്ലാവരെയും ഈ അവസരത്തിൽ നന്ദി പൂർവം അനുസ്മരിക്കുകയാണ്. മലയാളം യുകെയുടെ ആരംഭം മുതൽ സ്ഥിരം പംക്തികൾ കൈകാര്യം ചെയ്യുന്ന ബേസിൽ ജോസഫ് – വീക്കെൻഡ് കുക്കിംഗ്, ജോജി തോമസ് – മാസാന്ത്യം എന്നിവർ ഓൺലൈൻ പത്രപ്രവർത്തനരംഗത്ത് സ്ഥിരം പംക്തി എന്ന ആശയം പ്രാവർത്തികമാക്കാൻ മലയാളം യുകെയെ സഹായിച്ചവരാണ്. ഫാ. ബിജു കുന്നക്കാടിൻെറ 60 ആഴ്ചകൾക്കുമുകളിൽ പ്രസിദ്ധീകരിച്ച ഞായറാഴ്ച്ചയുടെ സങ്കീർത്തനം മലയാളികൾക്ക് വായനയുടെ വേറിട്ട അനുഭവം നൽകിയ പംക്തിയായിരുന്നു.
ഡോ. എ. സി. രാജീവ്‌കുമാറിൻെറ ആയുരാരോഗ്യം , ഷിജോ തോമസ് ഇലഞ്ഞിക്കലിൻെറ മിനിക്കഥകൾ, ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ “ഒരു മണ്ടന്റ് സ്വപ്നങ്ങൾ”, കാരൂർ സോമൻെറ കന്യാസ്ത്രീ കാർമ്മേൽ, നമ്മളെ കാത്തിരിക്കുന്ന തൊഴിലവസരങ്ങൾ, ടെക്‌നോളജി ഫോർ ഈസി ലൈഫ് തുടങ്ങിയവയാണ് മലയാളം യുകെയിലെ മറ്റ് സ്ഥിരം പംക്തികൾ. കൂടാതെ നോമ്പുകാലങ്ങളിൽ വിശ്വാസികളെ ആത്മീയതയുടെ പുതിയ തലങ്ങളിലേയ്ക്ക് നയിക്കാൻ ഉതകുന്ന ഹാപ്പി ജേക്കബ് അച്ചൻെറ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. പരസ്യവരുമാനത്തിലൂടെ മലയാളം യുകെയെ സാമ്പത്തികമായി സഹായിക്കുന്ന ബിസിനസ് സ്ഥാപനങ്ങളെയും, സുഹൃത്തുക്കളെയും, മലയാളം യുകെ യ്ക്കു വേണ്ടി കേരള ന്യൂസ് റൂമിലും പുറത്തും കഠിനാധ്വാനം ചെയ്യുന്ന മലയാളം യുകെ കുടുംബാംഗങ്ങളെയും ഈ അവസരത്തിൽ നന്ദിയോടെ അനുസ്മരിക്കുന്നു. എല്ലാറ്റിലും ഉപരിയായി ഞങ്ങളുടെ നന്ദിയും കടപ്പാടും മലയാളം യുകെ യുടെ പ്രിയ വായനക്കാരോടാണ്…………
മലയാളം യുകെ
ന്യൂസ് ടീം