USA

ഫ്ലോറിഡയിൽ രോഗിയുടെ ആക്രമണത്തിൽ പരിക്കേറ്റ മലയാളി നഴ്സ് ലീലാമ്മ ലാൽ(67) മരിച്ചു. ഫെബ്രുവരി 18 നാണ് എച്ച്സിഎ ഫ്‌ലോറിഡ പാംസ് വെസ്റ്റ് ആശുപത്രിയിലെ നഴ്സായ ലീലാമ്മക്ക് രോ​ഗിയുടെ ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റത്.

സംഭവത്തില്‍ പ്രതിയായ സ്റ്റീഫന്‍ സ്‌കാന്റ്റില്‍ബറിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. പ്രതിയുടെ ആക്രമണത്തിൽ നഴ്സിന്റെ മുഖത്തും കണ്ണുകളിലും ഗുരുതരമായി പരിക്കേറ്റിരുന്നു, ഗുരുതരാവസ്ഥയിലായ നഴ്‌സിനെ വെസ്റ്റ് പാം ബീച്ചിലെ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.

സ്റ്റീഫന്‍ സ്‌കാന്റ്റില്‍ബറിക്കിനെ പരിചരിക്കുന്നതിനിടെയാണ് നഴ്സിനെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം പ്രതി ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു, തുടര്‍ന്ന് കൊലപാതക ശ്രമത്തിന് കേസെടുത്തതായി പാം ബീച്ച് കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ മേധാവിയായി ഔദ്യോഗികമായി സ്ഥാനമേറ്റ് ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ. എഫ്ബിഐയുടെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് കാഷ് പട്ടേൽ. യുഎസ് സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 49 നെതിരെ 51 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടത്.

യുഎസ് പ്രസിഡൻറ് തിഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ ഡൊണാൾഡ് ട്രംപ് എഫ്ബിഐ തലവനായി കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തിരുന്നു. പട്ടേലിനെ എഫ്ബിഐയുടെ ഒൻപതാമത്തെ ഡയറക്ടറായി നിയമിക്കുന്ന കമ്മീഷനിൽ യുഎസ് പ്രസിഡൻ്റ് ട്രംപ് ഔദ്യോഗികമായി ഒപ്പുവെച്ചു.

ഫെഡറൽ ഏജൻസിയെ സുതാര്യവും ഉത്തരവാദിത്തമുള്ളതും നിയമത്തിന് പ്രതിജ്ഞാബദ്ധവുമാക്കി മാറ്റുമെന്നാണ് അധികാരമേറ്റെടുത്ത ശേഷം കാഷ് പട്ടേൽ പറഞ്ഞത്. യുഎസിനെ ദ്രോഹിക്കുന്നവരെ വേട്ടയാടുമെന്ന് പറഞ്ഞ കാഷ് പട്ടേൽ എഫ്ബിഐയുടെ വിശ്വാസ്യത തിരികെ പിടിക്കുമെന്ന ഉറപ്പും നൽകി.

‘എഫ്.ബി.ഐയുടെ ഒൻപതാമത്തെ ഡയറക്ടറായി നിയമിതനായതിൽ ഞാൻ അഭിമാനിക്കുന്നു. പ്രസിഡന്റ് ട്രംപും അറ്റോർണി ജനറൽ ബോണ്ടിയും നൽകിയ അചഞ്ചലമായ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി. ജി-മെൻ മുതൽ 9/11 ആക്രമണത്തിന് ശേഷം നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്നത് വരെയുള്ള ചരിത്രപരമായ പാരമ്പര്യമാണ് എഫ്ബിഐക്കുള്ളത്.

സുതാര്യവും ഉത്തരവാദിത്തമുള്ളതും നീതിയോട് പ്രതിജ്ഞാബദ്ധവുമായ ഒരു എഫ്ബിഐ അമേരിക്കൻ ജനത അർഹിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ രാഷ്ട്രീയവൽക്കരണം പൊതുജനവിശ്വാസത്തെ ഇല്ലാതാക്കി – പക്ഷേ അത് ഇന്ന് അവസാനിക്കുന്നു. അമേരിക്കക്കാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർക്ക് – ഇത് നിങ്ങളുടെ മുന്നറിയിപ്പായി പരിഗണിക്കുക. ഈ ഗ്രഹത്തിന്റെ എല്ലാ കോണുകളിലും ഞങ്ങൾ നിങ്ങളെ വേട്ടയാടും’, കാഷ് പട്ടേൽ എക്സിൽ കുറിച്ചു.

അമേരിക്കയിലെ വാഷിങ്ടണ്‍ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അപകടത്തില്‍ ആരെങ്കിലും രക്ഷപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്ന് വാഷിങ്ടണ്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് മേധാവി ജോണ്‍ ഡോണലിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 27 പേരുടെ മൃതദേഹം വിമാനത്തില്‍ നിന്നും ഒരാളുടേത് ഹെലികോപ്റ്ററില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

പോടോമാക് നദിയിലും സമീപപ്രദേശങ്ങളിലുമായി വലിയ രീതിയിലുള്ള തിരച്ചിലാണ് നടന്നുകൊണ്ടിരിക്കുന്നത്. തിരച്ചിലിനിടെ വിമാനത്താവളത്തിന് സമീപത്തെ പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനത്തിലേക്ക് മാറുകയാണെന്നും ജോണ്‍ ഡോണലി കൂട്ടിച്ചേര്‍ത്തു.

ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ – 700 എന്ന വിമാനം നദിയിലേക്ക് വീണത്. റീഗന്‍ നാഷണല്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുന്ന വിമാനവും സൈനിക ഹെലിക്കോപ്റ്ററും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. വൈറ്റ് ഹൗസിന്റെ അഞ്ച് കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്.

അമേരിക്കന്‍ സൈന്യത്തിന്റെ യു.എച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് വിമാനവുമായി കൂട്ടിയിടിച്ചത്. വിമാനത്തില്‍ അറുപതിലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. ഹെലിക്കോപ്റ്ററും നദിയിലുണ്ടെന്നാണ് വിവരം.

2009- ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇത്. ഞെട്ടിപ്പിക്കുന്ന അപകടമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപകടത്തെ കുറിച്ച് പ്രതികരിച്ചത്. ഇത് നടക്കാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞ ട്രംപ് വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കണ്‍ട്രോള്‍ ടവറുകളുടെ കാര്യക്ഷമതയിലും സംശയം പ്രകടിപ്പിച്ചു.

അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് താൽക്കാലിക സ്റ്റേ. ട്രംപിന്റെ ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തു. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ഉത്തരവിന്റെ തുട‍ർ നടപടികൾ സ്റ്റേ ചെയ്തത്.

വാഷിങ്ടന്‍, അരിസോണ, ഇല്ലിനോയിസ്, ഒറിഗോണ്‍ എന്നീ നാല് സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന പ്രകാരം പരിഗണിച്ച കേസിലാണ് ട്രംപിന്റെ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ അനുവദിച്ചത്. മാത്രമല്ല ട്രംപിന്റെ ഉത്തരവ് ന​ഗ്നമായ ഭരണഘടനാ ലംഘനമാണെന്നും ജഡ്ജ് ജോണ്‍ കോഗ്‌നോര്‍ ചൂണ്ടിക്കാട്ടി.

ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് ജന്മവകാശ പൗരത്വം ഒഴിവാക്കുന്ന ഉത്തരവില്‍ ഒപ്പുവച്ചത്. പുതിയ ഉത്തരവനുസരിച്ച് മാതാപിതാക്കളിലൊരാള്‍ക്കെങ്കിലും പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഇല്ലെങ്കില്‍ അവര്‍ക്ക് ജനിക്കുന്ന കുഞ്ഞിന് യുഎസില്‍ പൗരത്വം ലഭിക്കില്ല. എന്നാല്‍ യുഎസില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും പൗരത്വം ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ ന​ഗ്നമായ ലംഘനമാണ് ട്രംപിന്റെ ഉത്തരവെന്ന് വാദിച്ചാണ് ഡമോക്രാറ്റിക് നേതൃത്വത്തിലുള്ള സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചത്.

അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കിയിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ യുസിലെ വലിയൊരു വിഭാഗം വിദേശികളെ ആശങ്കയിലാക്കുന്ന ഉത്തരവ് ഫെബ്രുവരി 20നാണ് പ്രാബല്യത്തിൽ വരാനിരുന്നത്.

അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ സുപ്രധാന ഉത്തരവുകളിൽ ഒപ്പുവെക്കാൻ ട്രംപ്. യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള എക്‌സിക്യുട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെക്കുമെന്ന് ട്രംപ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു .അനധികൃത കുടിയേറ്റങ്ങളെ തടയുമെന്നും രാജ്യത്ത് അനധികൃതമായി വന്നവരെ തിരിച്ചയക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ സുവര്‍ണ കാലഘട്ടം ഈ നിമിഷം ആരംഭിച്ചു. ഈ ദിവസം മുതല്‍ നമ്മുടെ രാഷ്ട്രം ബഹുമാനിക്കപ്പെടും. ഞാന്‍ എപ്പോഴും അമേരിക്കയെയാണ് മുന്നില്‍ നിര്‍ത്തുക.അഭിമാനവും സമൃദ്ധിയും സ്വതന്ത്രവുമായ ഒരു രാജ്യത്തെ സൃഷ്ടിക്കുകയെന്നതിനാണ് പ്രഥമ പരിഗണനയെന്നും ട്രംപ് പറഞ്ഞു.

ഞാന്‍ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നില്‍ ഒരു കാരണമുണ്ട്. അത് അമേരിക്കയെ വീണ്ടും മഹത്തരമാക്കുകയെന്നതാണ്. പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ നടപ്പാക്കാന്‍ പോകുന്ന ഉത്തരവുകളെ സംബന്ധിച്ചും ട്രംപ് പരാമര്‍ശിച്ചു. യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള എക്‌സിക്യുട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെക്കും. അനധികൃത കുടിയേറ്റങ്ങളെ തടയുമെന്നും രാജ്യത്ത് അനധികൃതമായി വന്നവരെ തിരിച്ചയക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.യു.എസ്സില്‍ ഇനി സ്ത്രീയും പുരുഷനും മാത്രമെന്നും മറ്റ് ലിംഗങ്ങള്‍ നിയമപരമായി അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

അമേരിക്ക ഇതുവരെയുണ്ടായതിനേക്കാള്‍ കരുത്താര്‍ജിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.ബൈഡന്റെ മുന്‍ സര്‍ക്കാരിനെതിരേയും ട്രംപ് വിമര്‍ശനമുന്നയിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ രാജ്യത്ത് അനധികൃതമായി കുടിയേറിയവര്‍ക്ക് സംരക്ഷണമൊരുക്കി.വിദേശ അതിര്‍ത്തികളുടെ പ്രതിരോധത്തിന് പണം നല്‍കിയെന്നും അതേസമയം സ്വന്തം അതിര്‍ത്തികള്‍ പ്രതിരോധിക്കാന്‍ ഇടപെട്ടില്ലെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി രവി തേജ വെടിയേറ്റ് മരിച്ചു. ഹൈദരാബാദിൽ നിന്നുള്ള 26 വയസുള്ള വിദ്യാർത്ഥി കെ. രവി തേജയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. വെടിയേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഹൈദരാബാദിലെ ചൈതന്യപുരിയിലെ ഗ്രീൻ ഹിൽസ് കോളനിയിലെ ആർകെ പുരം സ്വദേശിയായ രവി തേജ ബിരുദാനന്തര ബിരുദം നേടുന്നതിനായി 2022ലാണ് അമേരിക്കയിൽ എത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം കരിയർ ആരംഭിക്കാനുള്ള പ്രതീക്ഷയിലായിരുന്നു അദേഹം.

വെടിവെപ്പുണ്ടാകാനുള്ള കാരണത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഇന്ത്യൻ സ്റ്റുഡന്റ് നോർത്ത് അമേരിക്കൻ അസോസിയേഷൻ അറിയിച്ചു. സമീപ കാലത്ത് ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ യു.എസിൽ നിരവധി അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം ചിക്കാ​ഗോയിലെ പെട്രോൾ പമ്പിൽ വച്ച് തെലങ്കാന സ്വദേശിയായ സായ് തേജ് വെടിയേറ്റ് മരിച്ചിരുന്നു. ഇയാൾ അവിടെ പാർട് ടൈം ജോലി നോക്കുകയായിരുന്നു.

അമേരിക്കയുടെ മുന്‍ പ്രസിഡന്റും സമാധാന നൊബേല്‍ പുരസ്‌കാരജേതാവുമായ ജിമ്മി കാര്‍ട്ടര്‍ (100) അന്തരിച്ചു. 1977 മുതല്‍ 1981 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്നു. ജോര്‍ജിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം. അമേരിക്കയുടെ 39-ാമത്തെ പ്രസിഡന്റായിരുന്നു.

കാന്‍സറിനെ അതിജീവിച്ച അദ്ദേഹം സമീപ വര്‍ഷങ്ങളില്‍ കരളിലേക്കും തലച്ചോറിലേക്കും പടര്‍ന്ന മെലനോമ ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നു. അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച പ്രസിഡന്റാണ് അദ്ദേഹം. 2002-ലാണ് നൊബേല്‍ ജേതാവാകുന്നത്.

1976-ലെ യുഎസ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റായിരുന്ന ജെറാള്‍ഡ് ഫോര്‍ഡിനെ തോല്‍പ്പിച്ചാണ് ഡെമോക്രാറ്റായ കാര്‍ട്ടര്‍ വൈറ്റ് ഹൗസില്‍ പ്രവേശിച്ചത്. വാട്ടര്‍ഗേറ്റ് അഴിമതിയുടെയും വിയറ്റ്‌നാം യുദ്ധത്തിന്റെയും കാലത്താണ് അദ്ദേഹം അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തുന്നത്. നേരത്തെ കാലിഫോര്‍ണിയ ഗവര്‍ണറായി സേവനമനുഷ്ഠിച്ച നടനും രാഷ്ട്രീയക്കാരനുമായ റൊണാള്‍ഡ് റീഗനോട് 1980-ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്തിരുന്നു.

ജനാധിപത്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് പുറമെ അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനുള്ള സംഭാവനകള്‍ കൂടി കണക്കിലെടുത്താണ് 2002-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുന്നത്.

ജനുവരിയില്‍ അധികാരമേറ്റാല്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാടുകടത്തലിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം പേരടങ്ങുന്ന പട്ടിക തയ്യാറാക്കിയിരിക്കുകയാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (.െഎസി.ഇ). ഈ പട്ടികയില്‍ ഏകദേശം 18,000 ത്തോളം ഇന്ത്യന്‍ പൗരന്മാരുമുണ്ടെന്നാണ് സൂചന.

തങ്ങളുടെ പൗരരെന്ന് വിശ്വസിക്കപ്പെടുന്നവരെ സ്വീകരിക്കാന്‍ വിദേശ സര്‍ക്കാരുകള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസിഇ പറഞ്ഞു.

പ്യൂ റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മെക്‌സിക്കോയ്ക്കും എല്‍ സാല്‍വഡോറിനും ശേഷം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുള്ളത് ഇന്ത്യയില്‍ നിന്നാണ്. നിലവില്‍ അമേരിക്കയില്‍ ഉള്ള അനധികൃത കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യയില്‍ നിന്ന് ഏകദേശം 725,000 അനധികൃത കുടിയേറ്റക്കാരാണ് അമേരിക്കയിലുള്ളത്.

നിലവിലെ പട്ടിക പുറത്ത് വിടുന്നതിന് മുമ്പ് തന്നെ ഒക്ടോബറില്‍ അനധികൃതമായി രാജ്യത്ത് തങ്ങിയിരുന്ന ഇന്ത്യക്കാരെ അമേരിക്ക പ്രത്യേക വിമാനത്തില്‍ നാട് കടത്തിയിരുന്നു.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി ശരാശരി 90,000 ഇന്ത്യക്കാര്‍ അമേരിക്കന്‍ അതിര്‍ത്തികള്‍ അനധികൃതമായി കടക്കാന്‍ ശ്രമിച്ചതിന് പിടിയിലായിട്ടുണ്ട്. അധികൃതരുടെ ഏകോപനത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി, ഇന്ത്യയെ സഹകരിക്കാത്തവരുടെ വിഭാഗത്തിലാണ് ഐസിഇ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മടങ്ങിയെത്തുന്ന പൗരന്മാരെ സ്വീകരിക്കുന്നതില്‍ രാജ്യങ്ങള്‍ കാണിക്കുന്ന നിസഹകരണം അടിസ്ഥാനമാക്കിയാണ് ഈ തരംതിരിവ്. 15 രാജ്യങ്ങള്‍ ഈ പട്ടികയിലുണ്ട്.

47ാമത്തെ അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനായി അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും പോരാട്ടത്തില്‍ വിധിയെഴുതാന്‍ ഇഞ്ചോടിഞ്ച് പൊരുതുകയാണ്. അവസാന മണിക്കൂറുകളില്‍ ഇടവേളകളില്ലാതെ ഇരുവരും വോട്ടര്‍ഭ്യര്‍ഥിച്ചു.

ഏഴ് സ്വിങ് സ്റ്റേറ്റുകളാണ് യുഎസ് ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത്. മറ്റ് സ്റ്റേറ്റുകളെല്ലാം തന്നെ പാരമ്പര്യമായി രണ്ടിലൊരു പാര്‍ട്ടിയെ പിന്തുണക്കുന്നവരാണ്. എന്നാല്‍ സ്വിങ് സ്റ്റേറ്റുകളില്‍ ചാഞ്ചാട്ടമുണ്ടാകും. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നീ ഏഴ് സംസ്ഥാനങ്ങളാണ് സ്വിങ് സ്റ്റേറ്റുകള്‍. ഇവിടെയാണ് പോരാട്ടം.

പെന്‍സില്‍വാനിയ കേന്ദ്രീകരിച്ചായിരുന്നു അവസാനവട്ട പ്രചരണങ്ങള്‍. അവിടെ മാത്രം അഞ്ചോളം റാലികളാണ് ഇരുവരും നടത്തിയത്. ഒരു വന്‍ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പ്. പരമാവധി വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിച്ച് വിജയം ഉറപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്.

ജനകീയവോട്ടിനെക്കാള്‍ ഇലക്ടറല്‍ കോളജ് വോട്ടാണ് നിര്‍ണായകം. 538 അംഗ ഇലക്ടറല്‍ കോളജില്‍ 270 ആണ് കേവലഭൂരിപക്ഷം. ഈ മാന്ത്രികസംഖ്യ ഉറപ്പാക്കാന്‍ നിര്‍ണായകസംസ്ഥാനങ്ങളില്‍ ശക്തമായ അവസാനവട്ട പ്രചാരണത്തിലാണ് രണ്ട് സ്ഥാനാര്‍ത്ഥികളും.

ലോകം ഉറ്റു നോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വാശിയേറിയ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസും തമ്മില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം.

നോര്‍ത്ത് കരോലിന, നെവാഡ, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ കമല നേരിയ മുന്‍തൂക്കം നേടുമ്പോള്‍ അരിസോണയില്‍ ട്രംപാണ് ലീഡ് ചെയ്യുന്നത്. ജോര്‍ജിയ, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇരു സ്ഥാനാര്‍ത്ഥികളുടെയും അവസാനഘട്ട പ്രചാരണം പുരോഗമിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇത്രയേറെ സംസ്ഥാനങ്ങളില്‍ ഇരു സ്ഥാനാര്‍ത്ഥികളും തമ്മില്‍ ഇത്രയും കടുത്ത പോരാട്ടം നടക്കുന്നത് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗര്‍ഭഛിദ്രം ഭരണഘടനാ വിധേയമാക്കിയിരുന്ന 1973 ലെ വിധിയില്‍ നിന്നും അമേരിക്കന്‍ സുപ്രീം കോടതി നിലപാട് മാറ്റിയതോടെ ഗര്‍ഭഛിദ്രമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം. റിപ്പബ്ലിക്കന്‍സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഭൂരിഭാഗവും ഗര്‍ഭഛിദ്രം പൂര്‍ണമായോ ഭാഗികമായോ നിരോധിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഗര്‍ഭഛിദ്രം രാജ്യവ്യാപകമായി നിയമ വിരുദ്ധമാക്കുമെന്നാണ് ഡോണാള്‍ഡ് ട്രംപ് പ്രചാരണത്തില്‍ ഉടനീളം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ പ്രത്യുല്‍പാദനത്തിനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പുവരുത്തുമെന്നും സുരക്ഷിത്വം നിറഞ്ഞ ഗര്‍ഭഛിദ്രം നിയമം മൂലം സംരക്ഷിക്കുമെന്നുമാണ് കമല ഹാരിസിന്റെ നിലപാട്. ഗര്‍ഭഛിദ്രം സംബന്ധിച്ച വിഷയം പത്ത് സംസ്ഥാനങ്ങളിലെയെങ്കിലും ജനവിധിയെ സ്വാധീനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുടിയേറ്റമാണ് പ്രചാരണ വേദികളില്‍ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു പ്രധാന വിഷയം. കുടിയേറ്റക്കാരെ പലപ്പോഴും രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിക്കുന്ന നിലപാടുകളായിരുന്നു ട്രംപ് സ്വീകരിച്ചത്. ട്രംപിന്റെ നടപടികള്‍ നാസി കാലത്തേതിന് സമാനമാണെന്ന് പോലും വിമര്‍ശനമുണ്ടായി.

കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളില്‍ ട്രംപിനേക്കാള്‍ മയപ്പെട്ട നിലപാടാണ് കമല ഹാരിസിന്റേത്. വിഷയത്തില്‍ ഒരു സമവായ ശ്രമമാണ് കമല മുന്നോട്ട് വയ്ക്കുന്നത്. കുടിയേറ്റക്കാരുടെ എണ്ണം നിശ്ചിതമായി നിജപ്പെടുത്തണം എന്ന തരത്തിലുള്ള നിര്‍ദേശമാണ് കമല ഹാരിസ് സ്വീകരിച്ച് വരുന്നത്. എന്തായാലും വിജയം ഉറപ്പിക്കാന്‍ ആവശ്യമായ 270 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ സ്വന്തമാക്കാന്‍ രണ്ട് സ്ഥാനാര്‍ത്ഥികളും ശക്തമായി രംഗത്തുണ്ട്.

RECENT POSTS
Copyright © . All rights reserved