USA

വാഷിങ്ടൻ ∙ ലോകമാകെ 3,82,000 ലേറെ പേരെ ബാധിക്കുകയും 16,500 ലേറെ പേരുടെ ജീവനെടുക്കുകയും ചെയ്ത കോവിഡ് മഹാമാരിയിൽ ചൈനയ്ക്കെതിരെ നിയമനടപടിയുമായി യുഎസ്സിലെ ചില സംഘടനകൾ. വാഷിങ്ടൻ കേന്ദ്രീകരിച്ചുള്ള അഭിഭാഷക സംഘടന ഫ്രീഡം വാച്ച്, ഹൈസ്കൂൾ സ്പോർട്സ് ഫോട്ടോഗ്രാഫിയിൽ സ്പഷലൈസ് ചെയ്ത ടെക്സസ് കമ്പനി ബസ് ഫോട്ടോസ് എന്നിവരാണു ടെക്‌സസ് കോടതിയെ സമീപിച്ചത്. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈന 20 ട്രില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അനധികൃത ജൈവായുധമായി ചൈനീസ് സർക്കാരാണു കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നും രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണു വൈറസിനെ പുറത്തുവിട്ടതെന്നും ഹർജിയിൽ ആരോപിക്കുന്നു. ശത്രുക്കളായി കാണുന്നവർക്കെതിരെ ഉപയോഗിക്കാനായി അവർ തയാറാക്കിയ വൈറസ് മുന്നൊരുക്കമില്ലാതെ, അപ്രതീക്ഷിത സമയത്താണു പുറത്തുവിട്ടത്. യുഎസിലെ ജനങ്ങളാണു പ്രധാനലക്ഷ്യമെങ്കിലും അതിൽമാത്രം ഒതുങ്ങതായിരുന്നില്ല ആക്രമണം.

ഹൃദയശൂന്യവും വീണ്ടുവിചാരം ഇല്ലാത്തതും ഹീനവുമായ പ്രവൃത്തിയാണിത്. ചൈനീസ് ജനത നല്ലവരാണ്, എന്നാൽ അവിടത്തെ സർക്കാർ അങ്ങനെയല്ല. അവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹർജിയിൽ പറയുന്നു.  ആക്ടിവിസ്റ്റും അഭിഭാഷകനുമായ ലാറി ക്ലേമാൻ മുഖേനെയാണു കേസ് ഫയൽ ചെയ്തിരിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനയ്ക്കെതിരെ നിലപാട് എടുത്തിരുന്നു. കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്നു വിളിക്കണമെന്നായിരുന്നു ട്രംപിന്‍റെ പരാമർശം. കോവിഡിനെപ്പറ്റി ‘തെറ്റായ വിവരങ്ങൾ’ പ്രചരിപ്പിക്കുന്ന റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളെ കഴിഞ്ഞദിവസം യുഎസ് വിമർശിച്ചു. കോവിഡ് വ്യാപനം തടയാൻ അമേരിക്ക സ്വീകരിക്കുന്ന നടപടികളെ താഴ്‍ത്തിക്കെട്ടുന്ന സമീപനമാണ് ഈ രാജ്യങ്ങളുടേതെന്നാണു സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കുറ്റപ്പെടുത്തിയത്.

വ്യാജവിവരങ്ങളിൽ ചിലതു സർക്കാരുകളും മറ്റുള്ളവ വ്യക്തികളുമാണു പ്രചരിപ്പിക്കുന്നത്. നിർഭാഗ്യകരമെന്നു പറയട്ടെ റഷ്യ, ചൈന, ഇറാൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി അമേരിക്കയ്ക്കെതിരെ പ്രവർത്തിക്കുകയാണെന്നും പോംപെയോ പറഞ്ഞു. യുഎസിൽ നേരത്തേയുണ്ടായ ചില ഇൻഫ്ലുവൻസ മരണങ്ങൾ കോവിഡ് മൂലമാണെന്നു തെളിഞ്ഞതായി ചൈനീസ് വിദേശകാര്യ വക്താവ് ലിജിയാൻ സാവോ ആരോപിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പേരിൽ അധിക്ഷേപിക്കാനുള്ള യുഎസ് ശ്രമമാണിതെന്നാണു ചൈന കരുതുന്നത്.

എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ കാണാതായി. കഴിഞ്ഞ ആഴ്ച യുകെയില്‍ നിന്നാണ് ഇവര്‍ എത്തിയത്. ഇവര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി. നോര്‍ത്ത് പറവൂര്‍ പെരുവാരത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ദമ്പതികളാണ് മുങ്ങിയത്.

ഇവര്‍ക്കെതിരേ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ പത്തനംതിട്ട മെഴുേേവലിയില്‍ നിന്ന് രണ്ടു പേര്‍ കടന്നു കളഞ്ഞിരുന്നു. ഇവര്‍ അമേരിക്കയിലേക്ക് മുങ്ങിയതായി കണ്ടെത്തി

അമേരിക്കന്‍ ഗായകനും എഴുത്തുകാരനും അഭിനേതാവുമായ കെന്നി റോജേഴ്‌സ് അന്തരിച്ചു. 81 വയസ്സുള്ള അദ്ദേഹം മരിച്ച വിവരം കുടുംബമാണ് പുറത്ത് വിട്ടത്. മരണ സമയത്ത് കുടുംബാംഗങ്ങള്‍ അടുത്തുണ്ടായിരുന്നു. കൊറോണവൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ശവസംസ്‌കാരം സ്വകാര്യ ചടങ്ങായി നടത്താനാണ് തീരുമാനം.

ആറ് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ കലാസപര്യയില്‍ ദി ഗാംബ്ലര്‍, ലേഡി, ഐലന്‍ഡ്‌സ് ഇന്‍ സ്ട്രീം, ഷീ ബിലീവ്‌സ് ഇന്‍ മീ, ത്രൂ ദ ഇയേഴ്‌സ് തുടങ്ങിയ ഗാനങ്ങള്‍ ഏറെ ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്.

1970-കളിലും 1980-കളിലും സംഗീത രംഗത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു റോജേഴ്‌സിന്റെ ഗാനങ്ങള്‍. മൂന്ന് തവണ ഗ്രാമി പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. 2015-ല്‍ അദ്ദേഹം വിടപറയല്‍ സംഗീത പര്യടനം ആരംഭിച്ചു. 2018 ഏപ്രിലില്‍ അദ്ദേഹം ആരോഗ്യ കാരണങ്ങളാല്‍ ആ പര്യടനം പകുതി വഴിയില്‍ അവസാനിപ്പിച്ചു.

അദ്ദേഹം ഡോളി പാര്‍ട്ടണുമായി ചേര്‍ന്ന് വിശ്വവിഖ്യാതമായ ഡ്യുവറ്റുകള്‍ പാടിയിട്ടുണ്ട്. 1938 ഓഗസ്ത് 21-നാണ് അദ്ദേഹം ജനിച്ചത്.

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുമായി ചൈന. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരോട് രാജ്യം വിടാനാണ് ചൈനയുടെ നിര്‍ദ്ദേശം.

ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍മാര്‍ രാജ്യം വിടണമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. ചൈനയിൽ നിന്നും ലഭിച്ചിട്ടുള്ള പ്രസ് അക്രഡിറ്റേഷൻ കാർഡ് പത്ത് ദിവസത്തിനുള്ളിൽ തിരിച്ചു നൽകി രാജ്യം വിടണമെന്നാണ് നിർദ്ദേശം.

സ്വന്തം ലേഖകൻ

വിലപ്പെട്ടത് എന്ന് കരുതി ഇത്രയും നാൾ വാഷിംഗ്ടൺ ഡിസിയിലെ മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചിരുന്ന ചാവുകടലിൽ നിന്ന് കണ്ടെടുത്തത് എന്ന് കരുതിയിരുന്ന ബൈബിൾ ലിഖിതങ്ങൾ വ്യാജമെന്ന് തെളിയുന്നു. ആറു മാസത്തോളം നീണ്ട പഠനങ്ങൾക്കു ശേഷം ലിഖിതങ്ങൾ ഷൂ ലെതറിൽ നിർമ്മിച്ചതാണെന്ന് ഇരുന്നൂറോളം പേജ് വരുന്ന കേസ് ഡയറിയിലൂടെ വിദഗ്ധർ തെളിയിക്കുന്നു. കബളിപ്പിക്കാൻ വേണ്ടി മാത്രമാണ് ഓരോ ലിഖിതവും ഉണ്ടാക്കിയിരിക്കുന്നതെന്ന് അവർ പറയുന്നു. ഹീബ്രു ബൈബിളിന്റെ കൈയ്യെഴുത്ത് പ്രതിയാണ് ഓരോ ലിഖിതവും. 1947ൽ ചാവുകടലിന്റെ പടിഞ്ഞാറെ തീരത്ത് കാണാതെ പോയ ആടിനെ തിരഞ്ഞെത്തിയ ആട്ടിടയൻ ആണ് ചുരുളുകളിൽ ഒന്ന് ആദ്യമായി കണ്ടെത്തിയത്. മനുഷ്യരാശിയുടെ തന്നെ ചരിത്രത്തിലേക്കുള്ള ഒരു കാൽവെപ്പ്ആയി അതിനെ കണക്കാക്കിയിരുന്നു. ശേഷിച്ച ചുരുളുകൾ കണ്ടെത്തിയത് ഇസ്രായേലി ഗവൺമെന്റ്ന്റെ അന്വേഷണത്തിലൂടെയാണ്. വ്യാജന്മാർ ഇത്രയും നാളും യഥാർത്ഥമായ അവശേഷിപ്പുകൾ ക്കൊപ്പം ആണ് പ്രദർശനത്തിന് വെച്ചിരുന്നത്.

365 മില്യൺ പൗണ്ട് വില വരുന്ന മ്യൂസിയം തുറന്നത് 2017 ലാണ്. വളരെ നാൾ നീണ്ടുനിന്ന ഭൗതികവും ശാസ്ത്രീയവുമായ പഠനങ്ങൾക്കു ശേഷം മേൽപ്പറഞ്ഞ ലിഖിതങ്ങൾ ഓതെന്റിക് അല്ല എന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് പഴയകാലത്തെ ലിഖിതമല്ല. അങ്ങനെ തോന്നിക്കാൻ വേണ്ടി കുന്തിരിക്കത്തിന്റെ ചാറു പോലെ എന്തോ ഒരു വസ്തു അതിന് മുകളിൽ പുരട്ടിയിട്ടുണ്ട്. ഇത്തരം 16 ലിഖിതങ്ങളാണ് നാല് സ്വകാര്യ വ്യക്തികളുടെ കൈയിൽനിന്ന് ഇതുവരെ വാങ്ങി സൂക്ഷിച്ചിട്ടുള്ളത്.

ആറുമാസം നീണ്ടുനിന്ന ഇൻഫ്രാറെഡ് സ്‌പെക്‌ട്രോസ്കോപ്പി, എക്സ്റേ സ്കാനിങ്, ത്രീഡി മൈക്രോസ്കോപ്പ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. ചരിത്രവസ്തുത ആണെന്ന് കരുതി സൂക്ഷിച്ചിരുന്നത് വ്യാജനാണെന്ന് തെളിയുന്നത് ഇത് ആദ്യത്തെ സംഭവമൊന്നുമല്ല.

കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ അമേരിക്കയിൽ തോക്കുകളുടെയും വെടിമരുന്നിന്റെയും വിൽപ്പന കുതിച്ചുയരുകയാണ്. വൈറസ് മൂലം സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ഭയമാണ് ചില അമേരിക്കക്കാരെ സ്വയം സംരക്ഷണത്തിനുള്ള ഒരു മാർഗ്ഗമായി തോക്കുകളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പടിഞ്ഞാറൻ തീരത്തുള്ള ആയുധ കടകൾക്ക് പുറത്ത് വലിയ ക്യൂ പ്രകടമായിരുന്നു. കാലിഫോർണിയയിലെ കൽവർ സിറ്റിയിലെ മാർട്ടിൻ ബി റിറ്റിംഗ് തോക്ക് ഷോപ്പിൽ കഴിഞ്ഞ ഒരാഴ്ചയായി ക്യൂ ഒഴിഞ്ഞ നേരം ഉണ്ടായിട്ടില്ല.

‘നമുക്ക് തോക്കുകൾ ആവശ്യമില്ലെന്ന് രാഷ്ട്രീയക്കാരും തോക്ക് വിരുദ്ധരും വളരെക്കാലമായി നമ്മോട് പറയുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ, അവരടക്കം ധാരാളം ആളുകൾ ഭയത്തോടെയാണ് ജീവിക്കുന്നത്. എന്തുചെയ്യണമെന്ന്‌ സ്വയം തീരുമാനിക്കാം’ എന്നാണ് ഒരു ഉപഭോക്താവ് ‘ലോസ് ആഞ്ചലസ് ടൈംസിനോട്’ പറഞ്ഞത്. തന്റെ സ്റ്റോറിൽനിന്നും ഇത്തരത്തിൽ വൻതോതിൽ ആയുധ വിൽപ്പന നടക്കുന്നത് ആദ്യമാണ് എന്ന്‌ നോർത്ത് കരോലിനയിലെ ഷാർലറ്റിലുള്ള ഹയാട്ട് ഗൺസ് എന്ന രാജ്യത്തെ ഏറ്റവും വലിയ തോക്ക് ഷോപ്പുകളുടെ ഉടമ ലാറി ഹയാട്ട് പറയുന്നു. ‘തങ്ങളെയും കുടുംബത്തെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ആളുകൾക്ക് തോന്നി തുടങ്ങിയതാണ് തോക്കുകളും വെടിക്കോപ്പുകളും വാങ്ങുന്നതിനുള്ള വലിയ തിരക്കിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാന ഓൺലൈൻ തോക്ക് കച്ചവടക്കാരനായ ആംമോ ഡോട്ട് കോം ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയുള്ള വിൽപ്പനയുടെ കണക്കുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 23 വരെയുള്ള 11 ദിവസത്തെ അപേക്ഷിച്ച് അതിനു ശേഷമുള്ള 11 ദിവസത്തെ വിൽപ്പന 68 ശതമാനമാണ് വർദ്ധിച്ചത്. നോർത്ത് കരോലിന, ജോർജിയ എന്നിവിടങ്ങളിൽ വിൽപ്പന യഥാക്രമം 179 ശതമാനവും 169 ശതമാനവും ഉയർന്നു. പെൻ‌സിൽ‌വാനിയ, ടെക്സസ്, ഫ്ലോറിഡ, ഇല്ലിനോയിസ്, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലും തോക്കുകളുടെയും വെടിക്കോപ്പുകളുടെയും വിൽപ്പന കുതിച്ചുയരുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊറോണാവൈറസിനുള്ള മരുന്നു കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ക്ക് വന്‍ തുക വാഗ്ദാനം ചെയ്തുവെന്നും മരുന്ന് അമേരിക്കയ്ക്കു മാത്രമായി ലഭിക്കാനുള്ള നീക്കം നടത്തിയെന്നുമുള്ള റിപ്പോര്‍ട്ട് ജര്‍മ്മന്‍ സർക്കാർ ശരിവച്ചിരിക്കുകയാണ്. പ്രധാനപ്പെട്ട ജര്‍മ്മന്‍ പത്രങ്ങളിലൊന്നായ വെല്‍റ്റ് ആം സൊണ്‍ടാഗ് (Welt am Sonntag) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ട്രംപ് ക്യുവര്‍വാക് (CureVac) എന്ന ജര്‍മ്മന്‍ കമ്പനിക്ക് വന്‍ തുക തന്നെ വാഗ്ദാനം ചെയ്തുവെന്നാണ്.

കമ്പനി നിര്‍മ്മിക്കുന്ന വാക്‌സിന്‍ അമേരിക്കയില്‍ മാത്രമായിരിക്കണം വില്‍ക്കുന്നതെന്നതാണ് അദ്ദേഹം മുന്നോട്ടുവച്ച നിബന്ധനയത്രെ. ക്യുവര്‍വാക് ജര്‍മ്മന്‍ സർക്കാരിന്റെ അധീനതയിലുള്ള ‘പോള്‍ എല്‍റിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാക്‌സീന്‍സ് ആന്‍ഡ് ബയോമെഡിക്കല്‍ മെഡിസിന്‍സു’മായി ചേര്‍ന്നാണ് കൊറോണാവൈറസിന് മരുന്നു കണ്ടെത്താന്‍ യത്‌നിക്കുന്നത്.

ജര്‍മ്മന്‍ സർക്കാരുമായി ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ ട്രംപിന്റെ നീക്കത്തെക്കുറിച്ചു പറഞ്ഞതെന്ന് അദ്ദേഹം അമേരിക്കയ്ക്ക് ഒരു കൊറോണാവൈറസ് വാക്‌സിന്‍ ലഭിക്കാന്‍ ശ്രമിക്കുകയാണ്. ‘പക്ഷേ, അമേരിക്കയ്ക്കു മാത്രം,’ എന്നാണ്. എന്നാല്‍, സമ്മര്‍ദ്ദത്തിലായ ജര്‍മ്മന്‍ സർക്കാർ ക്യുവര്‍വാക് കമ്പനിക്ക് കൂടുതല്‍ തുകയും മറ്റും വാഗ്ദാനം ചെയ്ത് തങ്ങള്‍ക്കൊപ്പം നിർത്താന്‍ ശ്രമിക്കുകയാണ്.

അതേസമയം, ജര്‍മ്മനിയുടെ ആരോഗ്യ വകുപ്പ് ഇക്കാര്യങ്ങളെല്ലാം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് ശരിവയ്ക്കുകയും ചെയ്തു. വെല്‍റ്റ് ആം സോണ്‍ടാഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ശരിയാണെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. അവരുടെ റിപ്പോര്‍ട്ട് ശരിയാണെന്ന് ഞങ്ങള്‍ക്കു സാക്ഷ്യപ്പെടുത്താന്‍ പറ്റുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വക്താവ് റോയിട്ടേഴ്‌സിനോടു പറഞ്ഞത്.

മുതിര്‍ന്ന ജര്‍മ്മന്‍ രാഷ്ട്രീയക്കാരനും, ഹെല്‍ത് ഇക്കണോമിക്‌സ് പ്രൊഫസറുമായ കാള്‍ ലൗറ്റര്‍ബാക് ഈ വാര്‍ത്തയോട് രൂക്ഷമായാണ് പ്രതികരിച്ചത്. ഉണ്ടാക്കപ്പെട്ടേക്കാവുന്ന വാക്‌സിന്‍ അമേരിക്കയില്‍ മാത്രം വില്‍ക്കാനുള്ള ശ്രമം ഏതു രീതിയിലും തടയണം. മുതലാളിത്തത്തിന് പരിധി കല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് വൈറ്റ് ഹൗസ്. കൊവിഡ് രോഗബാധയുണ്ടോ എന്ന് പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയില്‍ മാത്രം കൊവിഡ് 19 ബാധിച്ച് മരിച്ചത് 50 പേരാണ്. ലോകത്താകെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 5800 കടന്നു. 156098 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം ബ്രിട്ടനില്‍ ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോഗി ഈ കുഞ്ഞായി മാറി.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് കുഞ്ഞിന്റെ അമ്മയെ മുമ്പ് നോര്‍ത്ത് മിഡില്‍സെക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭാവസ്ഥയിലോ പ്രസവ സമയത്തോ ആകാം കൊവിഡ് 19 ലക്ഷണങ്ങളുണ്ടായിരുന്ന അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പടര്‍ന്നതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

അമേരിക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ വിസ്‌കോന്‍സിനിനെ മിൽ‌വാക്കി നഗരത്തിലുണ്ടായ വെടിവെപ്പിൽ അഞ്ച് മരണം. മോൾ‌സൺ കോഴ്‌‌സ് സമുച്ചയത്തിലായിരുന്നു വെടിവെപ്പ്. മോൾ‌സൺ കോഴ്‌‌സ് സമുച്ചയത്തിലെ അഞ്ച് ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

മിൽ‌വാക്കി സ്വദേശിയായ 51 കാരനാണ് അക്രമി. ഇയാള്‍ പിന്നീട് സ്വയം വെടിവെച്ച് മരിച്ചു. ‘അഞ്ചുപേരും നമ്മളെപോലെ രാവിലെ ജോലിക്ക് പോയതായിരുന്നു. വൈകുന്നേരം എത്രയും നേരത്തെ അവരവരുടെ കുടുംബങ്ങളില്‍ മടങ്ങിയെത്തണം എന്നായിരിക്കും അവരുടേയും ആഗ്രഹിച്ചിട്ടുണ്ടാവുക. ഇങ്ങനെയൊരു ദുരന്തം ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല’. മിൽ‌വാക്കി മേയർ ടോം ബാരറ്റ് പറഞ്ഞു.

അക്രമിയുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് ഇതുവരെ വ്യക്തമല്ല. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍വെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിവെയ്പില്‍ അനുശോചനം അറിയിച്ചു.

കോർപ്പറേറ്റ് ഓഫീസുകളും മദ്യനിർമ്മാണ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ ഒരു സമുച്ചയത്തിലാണ് വെടിവയ്പ്പ് നടന്നത്. ഈ സമുച്ചയത്തിൽ 600 പേരെങ്കിലും ജോലിചെയ്യുന്നുണ്ട്. മോൾസൺ കോഴ്‌സിന്റെ ഭാഗമായ മില്ലർ ബ്രൂവിംഗ് കമ്പനിയുടെ പേരിനോട് ചേര്‍ന്നാണ് പ്രദേശത്തെ മിൽ‌വാക്കിയെന്നു വിളിക്കുന്നത്. അക്രമി ഒരു മദ്യനിര്‍മ്മാണ തൊഴിലാളിയാണ്. ‘നിർഭാഗ്യവശാൽ, ഈ ദാരുണമായ സംഭവത്തിൽ ഞങ്ങളുടെ കുടുംബത്തിലെ അഞ്ച് അംഗങ്ങളെ ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന്’ മോൾസൺ കോഴ്‌സ് സിഇഒ ഗാവിൻ ഹാറ്റേഴ്‌സ്ലി പറഞ്ഞു. എല്ലാവര്‍ക്കും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതിനായി ഞങ്ങള്‍ മദ്യശാല താല്‍ക്കാലികമായി ഒരാഴ്ചത്തേക്ക് അടച്ചിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഏറ്റുമുട്ടി സിഎന്‍എന്‍ വൈറ്റ് ഹൗസ് ചീഫ് കറസ്‌പോണ്ടന്റ് ജിം അക്കോസ്റ്റ. സിഎന്‍എന്‍ നുണ പറഞ്ഞതിന് കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞില്ലേ എന്ന് അക്കോസ്റ്റയെ ചൂണ്ടി ട്രംപ് ചോദിച്ചപ്പോളാണ് അക്കോസ്റ്റ തിരിച്ചടിച്ചത്. മിസ്റ്റര്‍ പ്രസിഡന്റ് സത്യം പറയുന്ന കാര്യത്തില്‍ ഞങ്ങള്‍ നിങ്ങളേക്കാള്‍ വളരെ മെച്ചമാണ് എന്നാണ് ജിം അക്കോസ്റ്റ തിരിച്ചടിച്ചത്.

എനിക്ക് ഒരു രാജ്യത്തിന്റെ സഹായം ആവശ്യമില്ല. അങ്ങനെ ഒരു രാജ്യത്ത് നിന്നും എനിക്ക് സഹായം കിട്ടിയിട്ടുമില്ല – യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യന്‍, ഉക്രൈന്‍ ഇടപെടലുകളുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സൂചിപ്പിച്ച് ട്രംപ് പറഞ്ഞു, നിങ്ങളുടെ സിഎന്‍എന്‍ സത്യമല്ലാത്ത ചില കാര്യങ്ങള്‍ ചോദിച്ചതിന് മാപ്പ് ചോദിച്ചിരുന്നില്ലേ, എന്തിനായിരുന്നു ഇന്നലെ മാപ്പ് ചോദിച്ചത് – ട്രംപ് അക്കോസ്റ്റയോട് ചോദിച്ചിരുന്നു. മിസ്റ്റര്‍ പ്രസിഡന്റ്, സത്യം പറയുന്ന കാര്യത്തില്‍ നിങ്ങളുടേതിനേക്കാള്‍ ഏറെ മച്ചപ്പെട്ടതാണ് ഞങ്ങളുടെ റെക്കോഡ് – അക്കോസ്റ്റ പറഞ്ഞു. നിങ്ങളുടെ റെക്കോഡിനെക്കുറിച്ച് ഞാന്‍ പറയട്ടെ, നിങ്ങള്‍ അത് കേട്ട് ലജ്ജിക്കേണ്ടി വരും, ബ്രോഡ്കാസ്റ്റിംഗ് ചരിത്രത്തില്‍ ഏറ്റവും മോശപ്പെട്ട റെക്കോഡാണ്‌ – ട്രംപ് പറഞ്ഞു.

ഞാനോ എന്റെ സ്ഥാപനമോ ഒന്നിനെക്കുറിച്ചും ലജ്ജിക്കുന്നില്ല എന്ന് അക്കോസ്റ്റയുടെ മറുപടി. വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാന്‍ ട്രംപിന് റഷ്യന്‍ സഹായം ലഭിക്കുന്നതായി സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് സിഎന്‍എന്‍ ഈ റിപ്പോര്‍ട്ട് പിന്‍വലിച്ചു. ഇതേക്കുറിച്ചാണ് ട്രംപ് പറഞ്ഞത്

സിഎന്‍എന്‍ അടക്കമുള്ള യുഎസ് മാധ്യമങ്ങളുമായി നിരന്തര ഏറ്റുമുട്ടലിലാണ് 2017 ജനുവരിയില്‍ പ്രസിഡന്റായി അധികാരമേറ്റത് മുതല്‍ ഡോണള്‍ഡ് ട്രംപ്. തനിക്കെതിരായ വിമര്‍ശനങ്ങളുടേയും വാര്‍ത്തകളുടേയും പേരില്‍ സിഎന്‍എന്നിനെ പലപ്പോളും ട്രംപ് പൊതുവേദികളില്‍ കടന്നാക്രമിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് ഡല്‍ഹിയിലുമുണ്ടായത്.

2018 അവസാനവും ട്രംപുമായി വാര്‍ത്താസമ്മേളനത്തിനിടെ അക്കോസ്റ്റ കൊമ്പുകോര്‍ത്തിരുന്നു. അക്കോസ്റ്റയുടെ പ്രസ് പാസ് അന്ന് വൈറ്റ് ഹൗസ് റദ്ദാക്കിയെങ്കിലും ഇതിനെതിരെ സിഎന്‍എന്‍ കോടതിയെ സമീപിക്കുകയും അക്കോസ്റ്റയ്ക്ക് പാസ് വീണ്ടും കിട്ടുകയും ചെയ്തിരുന്നു. അക്കോസ്റ്റ പല ചോദ്യങ്ങളും ട്രംപിനോട് ചോദിച്ചെങ്കിലും ട്രംപ് മറ്റൊരു റിപ്പോര്‍ട്ടറിലേയ്ക്ക് തിരിയുകയാണ് അന്ന് ചെയ്തത്. ഒരു വൈറ്റ് ഹൗസ് ഇന്റേണ്‍, അക്കോസ്റ്റയില്‍ നിന്ന് മൈക്ക് വാങ്ങിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പ്രസിഡന്റായി ചുമതലയേറ്റ ശേഷം ട്രംപ് സിഎന്‍എന്നിന് അഭിമുഖങ്ങള്‍ നല്‍കിയിട്ടില്ല. 2016ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെയാണ് അവസാനമായി ട്രംപ് സിഎന്‍എന്നിന് ഇന്റര്‍വ്യൂ നല്‍കിയത്.

RECENT POSTS
Copyright © . All rights reserved