യുഎസില്‍ ടെക്‌സസ് സിറ്റിയിലുള്ള സാന്‍ അന്റോണിയോയില്‍ ട്രക്കിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. മെക്‌സിക്കോയില്‍ നിന്നുള്ള അഭയാര്‍ഥികളാണ് മരിച്ചതെന്നാണ് നിഗമനം. 46ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ട്രക്ക് കണ്ടെത്തിയത്. കനത്ത ചൂടാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. തിങ്കളാഴ്ച ടെക്‌സസില്‍ താപനില 39.4 ഡിഗ്രി വരെ ഉയര്‍ന്നിരുന്നു. ട്രക്കിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ 15 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി സാന്‍ അന്റോണിയോ അഗ്നിരക്ഷാ വിഭാഗം അറിയിച്ചു. കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ട്രക്കിനുള്ളില്‍ വെള്ളത്തിന്റെ അടയാളങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ആശുപത്രിയിലെത്തിച്ചവരില്‍ പലരുടെയും ശരീരത്തില്‍ അടുത്ത് ചെല്ലാനാവാത്ത വിധം ചൂടായിരുന്നുവെന്നാണ് അഗ്നിരക്ഷാ സേനാ മേധാവി ചാള്‍സ് ഹൂഡ് പത്രസമ്മേളനത്തില്‍ അറിയിച്ചിരിക്കുന്നത്. റഫ്രിജറേറ്റ് ചെയ്ത ട്രാക്ടര്‍ ആയിരുന്നുവെങ്കിലും ട്രക്കില്‍ പ്രവര്‍ത്തനപ്രദമായ എസിയോ കൂളറോ ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇവരുടെ പങ്ക് വ്യക്തമായിട്ടില്ല. അമേരിക്കയില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നടന്ന ഏറ്റവും വലിയ അത്യാഹിതമെന്നാണ് അധികൃതര്‍ സംഭവത്തെ വിശേഷിപ്പിക്കുന്നത്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മനുഷ്യക്കടത്ത് നടക്കുന്നത് പോലീസിന്റെ അറിവോടെയാണെന്ന് ഇതിനോടകം തന്നെ നിരവധി ആരോപണങ്ങളുണ്ട്.
A U.S. official says at least 40 people have been found dead inside a tractor-trailer in a presumed migrant smuggling attempt in South Texas. The official says 15 others in the truck were taken to hospitals in the San Antonio.https://t.co/Q4fqOmsvHq
— The Associated Press (@AP) June 28, 2022
അമേരിക്ക പിടിച്ചെടുത്ത റഷ്യൻ ഉടമസ്ഥതയിലുള്ള ആഡംബര നൗക ‘അമദിയ’ ഹവായ് സംസ്ഥാനത്തെ ഹോണോലുലു തുറമുഖത്തെത്തി. റഷ്യൻ പ്രഭു സുലൈമാൻ കരീമോവിന്റേതാണ് ഈ യാനമെന്നാണ് അമേരിക്കൻ അന്വേഷണ ഏജൻസി എഫ്.ബി.ഐയുടെ കണ്ടെത്തൽ.
കരീമോവ് വിവിധ വ്യാജ കമ്പനികളിലൂടെ രഹസ്യമായി വാങ്ങിയതാണ് കെയ്മൻ ദ്വീപ് പതാക വഹിക്കുന്ന ഈ യാനമെന്നും യു.എസ് പറയുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ സമ്പന്നരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി നിയോഗിച്ച ‘ക്ലെപ്റ്റോ കാപ്ചർ’ ദൗത്യസേനയുടെ നോട്ടപ്പുള്ളിയായിരുന്നു അമദിയ. നിയമപോരാട്ടം വിജയിച്ചശേഷം ദ്വീപരാജ്യമായ ഫിജിയിൽനിന്നാണ് അമദിയയെ യു.എസ് സംഘം സ്വന്തമാക്കിയത്.
30 കോടി ഡോളർ (2,338 കോടി രൂപ) വില വരുന്ന യാനം 106 മീറ്റർ നീളമേറിയതാണ്. ഒരു ഫുട്ബാൾ മൈതാനത്തിന്റെ വലുപ്പത്തിന് തുല്യം. അതേസമയം, ആഡംബര ബോട്ട് ഉപരോധ പട്ടികയിലില്ലാത്ത മറ്റൊരു റഷ്യൻ സമ്പന്നന്റെ പേരിലുള്ളതാണെന്ന് കരീമോവിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു.
ടെക്‌സസില്‍ 19 വിദ്യാര്‍ഥികളെയടക്കം 21 പേരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ക്ഷമ ചോദിച്ച് കൊലയാളിയുടെ അമ്മ. മകന്‍ എന്തിനിത് ചെയ്തുവെന്ന് അറിയില്ലെന്നും കുട്ടികള്‍ തന്നോടും തന്റെ മകനോടും ക്ഷമിക്കണമെന്നും കൊലപാതകി സാല്‍വഡോര്‍ റാമോസിന്റെ അമ്മ ആന്‍ഡ്രിയാന മാര്‍ട്ടിനെസ് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ വികാരാധീനയായി പറഞ്ഞു.
“നിഷ്‌കളങ്കരായ കുട്ടികള്‍ എന്നോടും എന്റെ മകനോടും പൊറുക്കണമെന്ന് മാത്രമാണ് പറയാനുള്ളത്. ഈ ഒരു പ്രവൃത്തിയുടെ പേരില്‍ അവനെ വിലയിരുത്തരുതെന്ന് അപേക്ഷിക്കുകയാണ്. അവന് ചിലപ്പോള്‍ അവന്റേതായ കാരണങ്ങളുണ്ടായിരുന്നിരിക്കാം. ആ സമയത്ത് അവന്റെ മനസ്സിലൂടെ കടന്ന് പോയതെന്താണെന്ന് എനിക്കറിയില്ല”. ആന്‍ഡ്രിയാന പറഞ്ഞു.
കുട്ടികളെ വെടിവെയ്ക്കുന്നതിന് പകരം മകന് തന്നെ കൊല്ലാമായിരുന്നുവെന്നാണ് റാമോസിന്റെ അച്ഛന്‍ പ്രതികരിച്ചത്. ജോലി സ്ഥലത്ത് വെച്ച് ആന്‍ഡ്രിയ വിളിക്കുമ്പോഴാണ് താന്‍ സംഭവമറിയുന്നതെന്നും ഉടന്‍ തന്നെ ജയിലില്‍ വിളിച്ച് മകനെപ്പറ്റി അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി അവനെ കൊലപ്പെടുത്തിയെന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് ടെക്‌സസിലെ റോബ് എലമെന്ററി സ്‌കൂളില്‍ ലോകത്തെ നടുക്കി 18കാരന്റെ വെടിവെയ്പ്പുണ്ടാകുന്നത്. മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം സ്‌കൂളിലെത്തിയ അക്രമി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടരെ നടക്കുന്ന വെടിവെയ്പ്പുകള്‍ക്ക് നേരെ നടപടിയുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ലോകരാഷ്ട്രങ്ങള്‍ അടക്കം അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ മാത്രം 198 വെടിവെയ്പ്പുകള്‍ അമേരിക്കയില്‍ നടന്നിട്ടുണ്ടെന്നാണ് വിവരം.
അതേസമയം നാല്പ്പത് മിനിറ്റോളം അക്രമി സ്‌കൂളിനകത്തുണ്ടായിട്ടും പോലീസ് അകത്ത് പ്രവേശിക്കാതെ വെളിയില്‍ തന്നെ നിന്നത് വിവാദമായിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ കാരണം പോലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. അക്രമി അകത്ത് വെടിവെയ്പ്പ് നടത്തുമ്പോള്‍ പോലീസ് പുറത്ത് ആള്‍ക്കൂട്ടം നിയന്ത്രിക്കുകയായിരുന്നുവെന്നാണ് ആരോപണം.
Uvalde residents gathered at a memorial in the town square for victims of the Texas elementary-school shooting pic.twitter.com/mt9gmIZW7g
— Reuters (@Reuters) May 28, 2022
‘നിങ്ങളുടെ ഭർത്താവിനെ എങ്ങനെ കൊല്ലാം’ എന്ന ലേഖനം എഴുതിയ അമേരിക്കൻ നോവലിസ്റ്റ് നാൻസി ക്രാംപ്റ്റൺ ബ്രോഫി ജീവിതത്തിലെ ഭർത്താവിനെ കൊലപ്പെടുത്തി. കേസിൽ നോവലിസ്റ്റ് കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. യുഎസിലെ പോർട്ട്ലാൻഡ് കോടതിയാണ് 71കാരി നാൻസി കുറ്റം ചെയ്തതായി കണ്ടെത്തിയത്. ജൂൺ 13നാണ് നാൻസിക്കുള്ള ശിക്ഷ വിധിക്കുക.
2018ലാണ് 63കാരനായ പാചകവിദഗ്ധൻ ബ്രോഫിയെ നാൻസി വെടിവെച്ചു കൊന്നത്. തെളിവുകളില്ലാതെ എങ്ങനെ കൊല നടത്താമെന്നതു വിശദീകരിക്കുന്ന ലേഖനം 2011 ലാണ് പ്രസിദ്ധീകരിച്ചത്.
അതേസമയം, കൊലപാതകത്തിനായി നാൻസി ഉപയോഗിച്ച തോക്ക് ഇതുവരെയും പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കൊലയ്ക്കു പിന്നിലെ കാരണവും ദുരൂഹമായി തുടരുകയാണ്. സാമ്പത്തിക പ്രശ്നങ്ങളും ലൈഫ് ഇൻഷുറൻസ് പോളിസി തുകയുമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് സംശയിച്ചിരുന്നെങ്കിലും നാൻസി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.
കൊലയ്ക്ക് ഉപയോഗിച്ച അതേ മാതൃകയിലുള്ള തോക്ക് നാൻസിയുടെ കൈവശമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ബ്രോഫിയുടെ ജോലിസ്ഥലത്തിനടുത്തായി നാൻസി തോക്കുപിടിച്ച് നിൽക്കുന്നതായുള്ള വീഡിയോ തെളിവും പോലീസിന് ലഭിച്ചിരുന്നു.
എന്നാൽ, തോക്ക് നോവൽ എഴുത്തിന്റെ ഭാഗമായി സൂക്ഷിക്കുന്നതാണെന്നാണ് നാൻസി വാദിക്കുന്നത്. 2018ൽ അറസ്റ്റിലായ നാൻസി ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. റോങ് നെവർ ഫെൽറ്റ് റൈറ്റ്, റോങ് ഹസ്ബൻഡ്, റോങ് ലവർ എന്നിവയാണ് നാൻസിയുടെ നോവലുകൾ.
മുൻഭർത്താവ് ജോണി ഡെപ്പിന്റെ ക്രൂരമായ ലൈംഗികാതിക്രമത്തെ കുറിച്ചു തുറന്നു പറയുകയാണ് അമേരിക്കന്‍ നടി ആംബര്‍ ഹേഡ്. ഡെപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹേഡ് ഉന്നയിക്കുന്നത്. കുപ്പി പൊട്ടിച്ച് തന്റെ മുഖത്ത് മുറിവുകളുണ്ടാക്കി വികൃതമാക്കാൻ ശ്രമിച്ചെന്നും ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് ഇരയായതിനെ കുറിച്ചും ഹേഡ് തുറന്നു പറയുന്നു. ‘പൈറേറ്റ്സ് ഓഫ് കരീബിയൻ’ താരം ജോണി ഡെപ്പ് ശാരീരിക പീഡനത്തിനിരയാക്കി എന്ന ആംബറിന്റെ പരാതിയിൽ വിചാരണ നേരിടുന്നതിനിടെയാണ് ഇക്കാര്യങ്ങൾ താരം വിശദീകരിച്ചത്.
2015ലായിരുന്നു ഇരുവരുടെയും വിവാഹം. 2018 ഡിസംബറിൽ ഗാർഹിക പീഡനത്തെ പ്രതിനിധീകരിക്കുന്ന പൊതുവ്യക്തിയാണ് താനെന്ന് ‘ദ് വാഷിങ്ടൺ പോസ്റ്റി’ൽ എഴുതിയ ലേഖനത്തിൽ ഹേഡ് വെളിപ്പെടുത്തി. എന്നാൽ ഡെപ്പിന്റെ പേര് ലേഖനത്തിൽ പരാമർശിച്ചിരുന്നില്ലെങ്കിലും ഡെപ്പ് ഒരു ഗാർഹിക പീഡകനാണെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചു.
ഡെപ്പിന്റെ പീഡനങ്ങളെ കുറിച്ച് ഹേഡ് വിവരിക്കുന്നത് ഇങ്ങനെ: ‘2015 മാർച്ചിൽ ഓസ്ട്രേലിയയിൽ വച്ചായിരുന്നു സംഭവം. ഡെപ്പിന്റെ മദ്യപാനത്തെ കുറിച്ച് ഞാൻ അയാളോടു തന്നെ സംസാരിച്ചു. സമീപത്തിരിക്കുന്ന വോഡ്ക കുപ്പി അവൻ എടുത്തു. അതുപയോഗിച്ച് എന്നെ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ കുപ്പി ഭാഗ്യവശാൽ എന്റെ കയ്യിൽ കിട്ടുകയും ഞാൻ അത് നിലത്തടിച്ച് പൊട്ടിക്കുകയും ചെയ്തു. അപ്പോഴേക്കും അയാൾ മറ്റൊരു കുപ്പി കയ്യിലെടുത്ത് എനിക്കു നേരെ എറിഞ്ഞു. ഭാഗ്യവശാൽ അത് എന്റെ ശരീരത്തിൽ കൊണ്ടില്ല. ചിലപ്പോഴൊക്കെ പൊട്ടിയ കുപ്പിയുമായി അയാൾ എന്റെ മുഖത്തിനു നേർക്കു വരും. കഴുത്തിലും ശരീരത്തിലെ മറ്റു ഭാഗങ്ങളിലും മുറിവേൽപ്പിക്കും. എന്റെ മുഖം പൊട്ടിയ കുപ്പി ഉപയോഗിച്ച് എന്റെ ശരീരത്തിൽ വരയ്ക്കണമെന്ന് അയാൾ പറഞ്ഞിരുന്നു.
വസ്ത്രം വലിച്ചൂരി കുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു. അയാൾ എന്റെ സ്വകാര്യഭാഗത്ത് കുപ്പി തള്ളിക്കയറ്റി. വീണ്ടും വീണ്ടും അത് ആവർത്തിച്ചു രസിച്ചു. എനിക്കിപ്പോഴും അത് ഓർക്കാൻ വയ്യ. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എങ്ങനെയൊക്കെയോ ആണ് ഞാൻ മുറിയിൽ നിന്നും രക്ഷപ്പെട്ടത്. പിറ്റേന്ന് രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ വീട്ടിലെ ചുവരിലും കണ്ണാടിയിലും അയാൾ രക്തം കൊണ്ട് പലതും എഴുതി വച്ചിരിക്കുന്നു. പ്രതികാരബുദ്ധിയോടെ ഒരു ഭ്രാന്തനെ പോലെയാണ് അയാൾ എന്നോട് പെരുമാറിയിരുന്നത്.
ഒരിക്കൽ വിമാനത്തില്‍ വച്ച് അയാൾ എന്നെ വലിച്ചിഴച്ചു. അപ്പോഴും മദ്യപിച്ചിരുന്നു. ഡെപ്പിന്റെ അനുയായികൾ ആ വിമാനത്തിലുണ്ടായിരുന്നു. പക്ഷേ, ആരും അയാളെ തടയാൻ തയ്യാറായില്ല. എനിക്ക് വലിയ ഭയം തോന്നിയ നിമിഷമായിരുന്നു അത്.’– ഹേഡ് വ്യക്തമാക്കുന്നു. അതേസമയം, ഹേഡിന്റെ വാദങ്ങൾ ഡെപ്പ് കോടതിയിൽ നിരസിച്ചു. എപ്പോഴും അക്രമാസക്തമായ സ്വഭാവം കാണിച്ചിരുന്നത് ഹേഡ് ആയിരുന്നെന്നും ഡെപ്പിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മാത്രമല്ല, വ്യക്തിഹത്യ നടത്തിയതിൽ ഹേഡിനെതിരെ കേസെടുക്കണമെന്നും ഡെപ്പ് കോടതിയിൽ ആവശ്യപ്പെട്ടു.
വിവാഹം പല വിധത്തിൽ ആഘോഷിക്കുന്നവർ ഉണ്ട്. ചിലപ്പോൾ ആഘോഷം പലപ്പോഴും അതിരുവിടാറുമുണ്ട്. ഇപ്പോൾ കൈവിട്ട കളി കളിച്ച ആഘോഷത്തിൽ വധു അറസ്റ്റിലായത് ആണ് ഒടുവിലായി റിപ്പോർട്ട് ചെയ്യുന്നത്. ഫ്‌ലോറിഡ സ്വദേശിയായ വധു ഡാന്യ സ്വോവോഡയാണ് അറസ്റ്റിലായത്. ഭക്ഷണത്തിൽ കഞ്ചാവ് കലർത്തിയായിരുന്നു ആഘോഷം. ഇതിന് മേൽനോട്ടം വഹിച്ചതാകട്ടെ, ജോയ്‌സെലിൻ ബ്രയാന്റ് എന്ന വനിതയും.
വിവാഹ ചടങ്ങിന് ശേഷം ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പലർക്കും സ്വബോധം നഷ്ടപ്പെടുന്നതായും ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിക്കുന്നതായും തലകറങ്ങുന്നതായും അനുഭവപ്പെട്ടു. ഗുരുതര രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവരും ഏറെ പ്രായംചെന്നവരും എല്ലാം ഇക്കൂട്ടത്തിൽപ്പെടും. അടുത്ത നിമിഷം മരിച്ചുപോകുമോ എന്നുപോലും തോന്നിയതായി ചിലർ പറയുന്നു.
ഡാന്യയുടെയും ഭർത്താവ് ആൻഡ്രൂവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന 70 ആളുകളാണ് ഫെബ്രുവരി 19ന് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത്. ആഹാരം കഴിച്ച് അധികം വൈകും മുൻപ് ഭൂരിഭാഗവും ശാരീരികനില മോശമായതിനെ തുടർന്ന് അടിയന്തര സർവീസിനെ വിളിച്ചുവരുത്തുകയായിരുന്നു. കുട്ടികൾക്ക് പ്രത്യേകമായി ഒരുക്കിയ മേശയിലാണ് ഭക്ഷണം വിളമ്പിയിരുന്നത്. എന്നാൽ ഈ ഭക്ഷണത്തിൽ കഞ്ചാവ് കലർത്തിയിരുന്നോ എന്നത് വ്യക്തമല്ല.
മുതിർന്ന സ്ത്രീകളിൽ ഒരാൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ അവരുടെ മകൾ അടുക്കള ഭാഗത്തേക്ക് പോയിരുന്നു. അവിടെയുണ്ടായിരുന്ന ജോലിക്കാരിൽ നിന്നുമാണ് ഭക്ഷണത്തിൽ കഞ്ചാവ് കലർത്തിയ വിവരം അറിഞ്ഞത്. ഡാന്യയോടും ജോയ്‌സെലിനോടും ഇതേപ്പറ്റി ചോദിച്ചപ്പോഴും കഞ്ചാവ് കലർത്തി എന്നായിരുന്നു മറുപടിയെന്ന് ഡാന്യയുടെ സുഹൃത്തായ മിറാണ്ടയും പറയുന്നു. എന്നാൽ തന്റെ പ്രാങ്ക് വിജയിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഡാന്യ എന്ന് ഇവർ കൂട്ടിച്ചേർത്തു. ആൻഡ്രൂവിനോട് തിരക്കിയപ്പോൾ ഇതേപ്പറ്റി തനിക്ക് അറിവില്ല എന്നായിരുന്നു പലർക്കും ലഭിച്ച മറുപടി.
പരാതികൾ ഉയർന്നതോടെ അധികൃതർ ആഹാരസാധനങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു. സൽക്കാരത്തിൽ പങ്കെടുത്ത അതിഥികളുടെ രക്തസാമ്പിളുകളിൽ എല്ലാം കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. പിന്നാലെ ഇതിനെല്ലാം നേതൃത്വം നൽകിയ വധുവിനെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പൂച്ചകളും പട്ടികളുമുള്‍പ്പടെ 183 മൃഗങ്ങളെ ജീവനോടെ ഫ്രീസറിനുള്ളില്‍ അടുക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍. യുഎസിലെ അരിസോണ സ്വദേശിയായ മൈക്കല്‍ പാട്രിക് ടര്‍ലന്‍ഡ് (43) ആണ് അറസ്റ്റിലായത്. മൃഗസംരക്ഷണ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
പ്രദേശവാസിയായ സ്ത്രീയില്‍ നിന്ന് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് പോലീസ് മൈക്കിളിനെതിരെ അന്വേഷണമാരംഭിച്ചത്. യുവതി വളര്‍ത്തിയിരുന്ന രണ്ട് പാമ്പുകളെ ബ്രീഡിങ്ങിനായി ഇയാളുടെ കയ്യില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ നാളുകള്‍ കഴിഞ്ഞിട്ടും പാമ്പുകളെ തിരികെ നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇയാള്‍ വീടുപേക്ഷിച്ച് പോവുകയും ചെയ്തതോടെ യുവതി വീടിന്റെ ഉടമയെ ബന്ധപ്പെട്ടു. ഇയാള്‍ മറ്റൊരിടത്തേക്ക് ഭാര്യയുമായി മടങ്ങിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് വീട് വൃത്തിയാക്കാനെത്തിയ ഉടമയാണ് ഫ്രീസറില്‍ മൃഗങ്ങളെ കണ്ടെത്തിയത്.
പട്ടികള്‍, പൂച്ചകള്‍, പക്ഷികള്‍, എലി, മുയല്‍ തുടങ്ങി 183ഓളം മൃഗങ്ങളാണ് ഫ്രീസറിനുള്ളില്‍ ഉണ്ടായിരുന്നത്. കൂട്ടത്തില്‍ യുവതിയുടെ പാമ്പുകളെയും കണ്ടെത്തി. ഇതിന് ശേഷം രണ്ട് ദിവസത്തിനുള്ളില്‍ മൈക്കിള്‍ മടങ്ങിയെത്തുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ മൃഗങ്ങളെ ഫ്രീസറില്‍ ജീവനോടെ അടുക്കിയതിന്റെ കാരണം വ്യക്തമല്ല. ഇയാളുടെ ഭാര്യ ബ്രൂക്ക്‌ലിനായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ദുരൂഹ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഫ്രീസറിനുള്ളിലെ കാഴ്ച ഹൃദയം തകര്‍ക്കുന്നതായിരുന്നുവെന്നാണ് മൈക്കിളിനെ അറസ്റ്റ് ചെയ്ത ഷെരീഫ് കൗണ്ടി ഓഫീസ് വക്താവ് അനീറ്റ മോര്‍ട്ടെസന്‍ അറിയിച്ചിരിക്കുന്നത്. മൃഗങ്ങളുടെ ഫോട്ടോ റിലീസ് ചെയ്യാന്‍ കഴിയാത്തത്ര വിധം ദാരുണമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റഷ്യയുടെ പ്രധാന പൊതു-സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് ഉപരോധവുമായി യുഎസ്. പുടിന്റെ മക്കളായ മറിയ വോറൊന്റസോവ, കാതറീന ടിഖോനോവ എന്നിവർക്കും മുൻ ഭാര്യ ലിയൂഡ്മില ഷ്ക്രിബനേവ എന്നിവർക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തി.
ഇത് കൂടാതെ റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവിന്റെ മകൾ, ഭാര്യ, മുൻ പ്രധാനമ ന്ത്രിമാരായ ദിമിത്രി മെദ്വെദേവ്, മിഖായിൽ മിസ്ഹസ്റ്റിൻ എന്നിവരെയും വിലക്ക് പട്ടികയിൽ യുഎസ് ഉൾപ്പെടുത്തി. പുടിന്റെ സ്വത്തുവകകൾ കുടുംബാംഗങ്ങളിൽ പലരുടെയും പേരിൽ ഒളിപ്പിച്ചിരിക്കുക യാണ്, അതുകൊണ്ടാണ് അവരെ ലക്ഷ്യം വയ്ക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
റഷ്യൻ സൈന്യം സിവിലിയന്മാരെ വധിച്ചതായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. റഷ്യയിലെ പ്രധാന സാമ്പത്തിക സ്ഥാപനങ്ങളായ എസ്ബെർ ബാങ്ക്, ആൽഫാ ബാങ്ക് എന്നിവയിൽ യുഎസ് പൗ രന്മാർ നിക്ഷേപിക്കുന്നതും നിരോധിച്ചു. റഷ്യയിലെ പ്രധാന വ്യവസായങ്ങൾക്ക് നിയന്ത്രണം ഏർപ്പെ ടുത്തുന്നതിനുള്ള നടപടികൾ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് യുഎസ് കൂട്ടിച്ചേർത്തു.
കാലിഫോര്‍ണിയയുടെ തലസ്ഥാനനഗരമായ സാക്രമെന്റോയില്‍ വെടിവയ്പ്പിനെത്തുടര്‍ന്ന് ആറ് മരണം. നഗരത്തിലെ ടെന്‍ത് ആന്‍ഡ് ജെ സ്ട്രീറ്റില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം.
ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. അക്രമി ആരാണെന്നോ ആക്രമണത്തിന്റെ കാരണമെന്തെന്നോ അടക്കമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആക്രമണത്തെത്തുടര്‍ന്ന് നഗരത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. നഗരത്തിന്റെ പ്രധാനപ്പെട്ട പല ഭാഗങ്ങളും അടച്ചു. ആക്രമണം നടന്ന വിവരം ട്വിറ്ററിലൂടെയാണ് പുറംലോകമറിഞ്ഞത്. തുടര്‍ന്ന് സാക്രമെന്റോ മേയര്‍ ഡാരല്‍ സ്റ്റീന്‍ബെര്‍ഗ് പത്രസമ്മേളനം നടത്തി സംഭവം വ്യക്തമാക്കി.
യുഎസില്‍ തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങളില്‍ ഏറ്റവുമൊടുവിലത്തേതാണ് സാക്രമെന്റോയിലേത്. രാജ്യത്ത് ഒരു വര്‍ഷത്തില്‍ ശരാശരി 40000 മരണങ്ങള്‍ വെടിവെയ്പ്പിനെത്തുടര്‍ന്നുണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ ആത്മഹത്യകളും ഉള്‍പ്പെടുന്നുണ്ട്. 2020ല്‍ മാത്രം രണ്ട് കോടിയിലധികം തോക്കുകളാണ് യുഎസില്‍ വിറ്റഴിഞ്ഞതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുപ്പത് ശതമാനം അമേരിക്കക്കാരുടെ കയ്യിലും ഒരു തോക്ക് എങ്കിലും ഉണ്ടെന്ന് 2021 ജൂണില്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു.