കൊച്ചി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ കുറ്റങ്ങള്‍ നിരത്തി സിബിഐ വാദം തുടങ്ങി. കേസില്‍ പത്ത് സാക്ഷികളെയാണ് സിബിഐ ഹാജരാക്കുന്നത്. എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി നടത്തിയ ഇടപാടുകളേക്കുറിച്ചുള്ള വിവരങ്ങള്‍ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി മന്ത്രിസഭയില്‍ നിന്ന മറച്ചുവെച്ചതായി സിബിഐ പറഞ്ഞു.
കരാര്‍ ലാവലിന് നല്‍കാന്‍ പിണറായി അമിത ആവേശമാണ് കാണിച്ചതെന്നും സിബിഐ വാദിച്ചു. ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ കരാറിനെ എതിര്‍ത്തിരുന്നു. സ്വാധീനം ഉപയോഗിച്ച് ഈ എതിര്‍പ്പുകള്‍ ഇല്ലാതാക്കി. ലാവലിനുമായി ഉണ്ടാക്കിയത് നിയമപരമായി നിലനില്‍ക്കാത്ത കരാറാണ്. കമ്പനി പ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.
പിണറായിക്കും മറ്റ് പ്രതികള്‍ക്കും എതിരെയുള്ള കുറ്റങ്ങളും തെളിവുകളും സാക്ഷിപട്ടികയും കോടതിയില്‍ സിബിഐ സമര്‍പ്പിച്ചു. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വിനോദ് റായി ഉള്‍പ്പെടെയുള്ളവരാണ് സാക്ഷികള്‍. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം വന്നെന്നായിരുന്നു കേസ്. 2013 നവംബറില്‍ പിണറായി വിജയനുള്‍പ്പെടെയുളളവരെ സിബിഐ കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.