നീറ്റ്-യു.ജി ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ സി.ബി.ഐ പിടിയില്‍. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നാണ് അമന്‍ സിങ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ ഏഴാമത്തെ അറസ്റ്റാണിത്.

ഞായറാഴ്ച ഗുജറാത്തിലെ ഗോധ്രയില്‍ നിന്ന് ഒരു സ്വകാര്യ സ്‌കൂള്‍ ഉടമയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ജയ് ജലറാം സ്‌കൂളുടമ ദീക്ഷിത് പട്ടേലാണ് അറസ്റ്റിലായത്. പരീക്ഷയില്‍ കൃത്രിമം നടത്താന്‍ 27 വിദ്യാര്‍ഥികളില്‍ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് ഇയാള്‍ക്കെതിരായ കണ്ടെത്തല്‍.

നേരത്തെ അറസ്റ്റിലായവരില്‍ ജയ് ജലറാം സ്‌കൂള്‍ പ്രിസന്‍സിപ്പലും ഫിസിക്സ് അധ്യാപകനും ഉള്‍പ്പെട്ടിരുന്നു. ഹിന്ദി മാധ്യമ സ്ഥാപനത്തിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരന്‍, മറ്റൊരു സ്വകാര്യ സ്‌കൂള്‍ പ്രസിന്‍സിപ്പല്‍, വൈസ് പ്രസിന്‍സിപ്പല്‍ എന്നിവരും ഝാര്‍ഖണ്ഡില്‍ അറസ്റ്റിലായിരുന്നു.
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ജൂണ്‍ 23 ന് കേസെടുത്ത സി.ബി.ഐ 27 നാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാണ, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നീറ്റ് യു.ജി ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്ത് അന്വേഷണം നടത്തുന്നത്. വഞ്ചന (ഐ.പി.സി. 420), ക്രിമിനല്‍ ഗൂഢാലോചന (ഐ.പി.സി. 120-ബി) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അജ്ഞാതരുടെ പേരില്‍ കേസെടുത്തത്. പരീക്ഷാ നടത്തിപ്പും ഗൂഢാലോചനയുമായി ബന്ധപ്പെട്ട പൊതുപ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ചന്വേഷിക്കാനും സി.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് അഞ്ചിന് നടത്തിയ പരീക്ഷയില്‍ വ്യാപക ക്രമക്കേടുണ്ടായെന്ന ആരോപണം ഉയര്‍ന്നതോടെയാണ് അന്വേഷണത്തിന് നിര്‍ബന്ധിതമായത്. ഇതിന്റെ തുടര്‍ച്ചയായി നീറ്റ് പരീക്ഷാ നടത്തിപ്പ് ഏജന്‍സിയായ എന്‍.ടി.എ നടത്തുന്ന മറ്റ് പരീക്ഷകളും മാറ്റിവെക്കേണ്ടിവന്നിരുന്നു.