ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലേബർ പാർട്ടി എംപി തെരുവിൽ ഒരു മനുഷ്യനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ചെഷെയറിലെ എംപിയായ മൈക്ക് അമേസ്ബറി ആണ് ആരോപണ വിധേയനായത്. സംഭവം മാധ്യമങ്ങളിൽ വൻ വാർത്തയായതിനെ തുടർന്ന് പാർട്ടി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു.


മൈക്ക് അമേസ്ബറി പ്രകോപനമില്ലാതെ ഒരാളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. ആക്രമണത്തിനിരയായ ആൾ തന്നെ ഭീഷണിപ്പെടുത്തിയതായി 55 കാരനായ മൈക്ക് അമേസ്ബറി അവകാശപ്പെട്ടിരുന്നു. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ ഇതിന് മതിയായ തെളിവുകൾ ഇല്ലെന്നാണ് സൂചന ശനിയാഴ്ച പുലർച്ചെ 2. 15 ന് ചെഷയറിലെ ഫ്രോഡ്‌ഷാമിലെ മാർക്കറ്റ് ടൗണിലെ ഹൈ സ്‌ട്രീറ്റിൽ വച്ചാണ് സംഭവം അരങ്ങേറിയത്. മൈക്ക് അമേസ്ബറി പ്രകോപനമില്ലാതെ ഒരാളെ ഇടിക്കുന്നതും അയാൾ തുടർന്ന് നിലത്ത് വീണിട്ടും തുടർന്നും ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ആക്രമണത്തിന് ഇരയായ വ്യക്തിയുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. 2017 മുതൽ ചെഷയറിലെ ലേബർ പാർട്ടി എംപിയാണ് അമേസ്ബറി 2018 നും 2024 നും ഇടയിൽ ഷാഡോ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. ജൂലൈയിലെ പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹം തൻ്റെ മണ്ഡലത്തിൽ 14,696 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് വിജയിച്ചത്. ഇത്രയും നാൾ ജനപ്രതിനിധിയും ഷാഡോ മന്ത്രിയുമായിരുന്ന മൈക്ക് അമേസ്ബറിയെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ രാഷ്ട്രീയ നിരീക്ഷകരുടെ ഇടയിൽ കടുത്ത ഞെട്ടലാണ് സൃഷ്ടിച്ചത്. ജൂലൈ നാലിലെ പൊതു തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയ റിഫോം യുകെയുടെ സ്ഥാനാർത്ഥി മൈക്ക് അമേസ്ബറി എംപി സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.