രാജ്യത്ത് തുടരുന്ന ആൾക്കൂട്ട ആക്രമണങ്ങളും മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖർ അടക്കമുളളവര്‍ കത്തയച്ചു. സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും, നടി രേവതിയുമുൾപ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുളള 49 പേരാണ് കത്തയച്ചത്.

ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. റാം എന്നത് ഭൂരിപക്ഷ സമുദായത്തിന്‍റെ വിശുദ്ധനാണ്. രാമനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നിർത്തേണ്ടതുണ്ടെന്നും 23-ാം തീയതി അയച്ച തുറന്ന കത്തിൽ ആവശ്യപ്പെടുന്നു. രാമചന്ദ്ര ഗുഹ, ശ്യാം ബെനഗൽ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, സംവിധായിക അപർണ സെൻ, നടി കൊങ്കണ സെൻ ശർമ്മ, സൗമിത്രോ ചാറ്റർജി, മണിരത്നം, അനുരാധ കപൂര്‍, അതിഥി ബസു, അമിത് ചൗധരി എന്നിവരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

‘ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു, അതോടൊപ്പം സമാധാനം ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി ഉണ്ടാകുന്ന സംഭവ വികാസങ്ങളിൽ അതിയായ ഉത്‌കണ്‌ഠയുണ്ട്. ഇന്ത്യ മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നു. ജാതി, മത, വർഗ, ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും തുല്യരാണ്. ഭരണഘടന പൗരന്മാർക്ക് നൽകുന്ന അവകാശങ്ങൾ ഉറപ്പാക്കണം,” കത്തിൽ ചൂണ്ടിക്കാട്ടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘നിർഭാഗ്യവശാൽ ഇന്ന്, ജയ് ശ്രീറാം എന്നത് ഒരു മനുഷ്യനെ തല്ലിക്കൊല്ലാനുള്ള ഒരു പോർവിളിയായി മാറിയിരിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും രാമനാമം പവിത്രവും പാവനവുമായാണ് കരുതി പോരുന്നത്. ആ പേര് ഇനിയും മോശമാക്കാൻ അനുവദിക്കരുത്. ഇതിന് ഒരു അറുതി വരുത്തണം. 2009 ജനുവരി ഒന്നിനും, 2018 ഒക്ടോബർ 29നും ഇടയ്ക്ക് രാജ്യത്ത് മതവുമായി ബന്ധപ്പെട്ട് 254 കൊലകളാണ് നടന്നത്.

ദലിതർക്കെതിരെ 840 അക്രമസംഭവങ്ങളാണ് 2016ൽ മാത്രം സംഭവിച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രീ, നിങ്ങൾ ഇതിനെതിരെ എന്ത് നടപടിയെടുത്തു?” സിനിമാപ്രവർത്തകർ കത്തിലൂടെ മോദിയോട് ചോദിക്കുന്നു. കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നവരെ, ‘അർബൻ നക്സൽ’ എന്നും ദേശവിരുദ്ധർ എന്നും നാമകരണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇവർ കത്തിലൂടെ ആവശ്യപ്പെട്ടു.