ഇറാനിൽ വീണ്ടും കസ്റ്റഡി മരണം. സെലിബ്രിറ്റി ഷെഫ് ആയ മെഹർഷാദ് ശാഹിദിയെ ഇറാൻ പൊലീസ് അടിച്ചു കൊന്നു. ഹിജാബ് വി​രുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത ശാഹിദിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കസ്റ്റഡിയിലിരിക്കെ തലക്ക് ക്ഷതമേറ്റാണ് ശാഹിദി മരിച്ചതെന്ന് ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ശാഹിദിയുടെ മരണത്തിൽ ഉത്തരവാദികളല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഹൃദയാഘാതം മൂലമാണ് ശാഹിദി മരിച്ചതെന്ന് പറയാൻ പൊലീസ് സമ്മർദം ചെലുത്തുന്നതായി ശാഹിദിയുടെ മാതാപിതാക്കളും പറഞ്ഞു.

മർദനമേറ്റതിന്റെ പാടുകളോ ക്ഷതങ്ങളോ ഒന്നും ശാഹിദിയുടെ ശരീരത്തിലുണ്ടായിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അബ്ദുൽ മെഹ്ദി മൂസഫി പറഞ്ഞു. ശനിയാഴ്ച ശാഹിദിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പതിനായിരക്കണക്കിന് പേർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.

ഇറാനിലെ ജാമി ഒലിവർ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മെഹർഷാദ് ശാഹിദിയുടെ ഇരുപതാം പിറന്നാളിന്റെ തലേ ദിവസമായിരുന്നു പൊലീസിന്റെ ക്രൂരത.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹിജാബിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തിനു പിന്നാലെയാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായത്. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ആദ്യമായാണ് ഇറാൻ ഇത്തരമൊരു പ്രതിഷേധത്തിന് സാക്ഷിയാവുന്നത്.

സെപ്റ്റംബർ 13 നാണ് കുർദിസ്താനിൽനിന്ന് കുടുംബത്തോടൊപ്പം ടെഹ്‌റാനിലേക്ക് പോവുകയായിരുന്ന മഹ്‌സ അമിനിയെ ഇറാനിലെ സദാചാര പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്സയെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് കസ്റ്റഡിയിൽ എടുത്ത് മൂന്ന് ദിവസത്തിന് ശേഷം അവളുടെ ജീവനറ്റ ശരീരമാണ് കുടുംബത്തിന് ലഭിച്ചത്.

ഹൃദയാഘാതം മൂലമാണ് മഹ്സ മരിച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ, കസ്റ്റഡിയിൽ മഹ്സ അതിക്രൂരതകൾ നേരിട്ടെന്ന് കുടുംബം പറയുന്നു. അവളെ തെരുവിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. വാഹനത്തിൽ വെച്ചും റോഡിൽ വെച്ചും മഹ്സയയെ പൊലീസ് മർദിച്ചുവന്ന് കുടുംബം പറഞ്ഞു. അവൾക്ക് ഹൃദയ സംബന്ധമായ യാതൊരു അസുഖങ്ങളുമില്ലെന്നും പൊലീസ് മഹ്സിയയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കുടുംബത്തിന്റെ ആരോപണം.