ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ഇന്ത്യയിലേയ്ക്ക് അയക്കുന്ന പണം ഇനിമുതൽ കർശനമായ നിരീക്ഷണത്തിന് വിധേയമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വലിയ തോതിൽ പണം നാട്ടിലേയ്ക്ക് അയക്കുന്നത് ശ്രദ്ധയിൽ പെട്ടതാണ് കർശന നടപടികൾക്ക് സർക്കാരിനെ പ്രേരിപ്പിച്ചത് എന്നാണ് അറിയാൻ സാധിച്ചത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകളിലൂടെ ദേശ വിരുദ്ധ ശക്തികൾ പണം കൈമാറ്റം ചെയ്യുന്ന സാഹചര്യം ഉണ്ടോ എന്നത് അന്വേഷണ വിധേയമാക്കും.
യുകെ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ സ്റ്റഡി വിസയിൽ പോകുന്ന വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരമുണ്ട്. അങ്ങനെ പഠനത്തോടൊപ്പം ജോലിചെയ്ത് വീട്ടിലേക്ക് പണം അയക്കുന്നവർ ഡിക്ലറേഷൻ ഫയൽ ചെയ്യുന്നതാണ് ഉചിതം. വിദ്യാർത്ഥി വിസയിൽ പോകുന്നവർ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തുന്നത് ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ സഹായിക്കും എന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടത്.
ബഡ്ജറ്റിൽ പ്രവാസി ഇന്ത്യക്കാരുടെ സാമ്പത്തിക ഇടപാടുകളെ നിരീക്ഷിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. നിലവിൽ പ്രവാസികൾ ഇന്ത്യയിലേയ്ക്ക് അയക്കുന്ന പണത്തിന് നികുതി ഇല്ല എന്ന സൗകര്യം മുതലെടുത്ത് വെട്ടിപ്പ് നടത്തുന്നു എന്ന സംശയം ശക്തമാണ്.
ഏതെങ്കിലും രീതിയിൽ ഇന്ത്യയിൽ വരുമാനമുള്ള പ്രവാസികൾ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ വരുമാനം ഇല്ലെങ്കിൽ പോലും ഇന്ത്യൻ പൗരത്വമുള്ള പ്രവാസികൾ നികുതി റിട്ടേൺ സമർപ്പിക്കുന്നത് ഉചിതമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പൂജ്യം വരുമാനം കാണിച്ച് നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിലൂടെ ആണ് ഇതിന് സാധിക്കുന്നത്.
Leave a Reply