ബ്രിട്ടീഷ് കാലത്ത് രൂപപ്പെടുത്തിയ ഇന്ത്യന്‍ ശിക്ഷാ നിയമങ്ങളെ പൊളിച്ചെഴുതാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ‘യജമാനനും അടിമയും’ തമ്മിലുള്ള ബന്ധത്തിലൂന്നിയതാണ് ബ്രിട്ടീഷുകാര്‍ 1860ല്‍ പരുവപ്പെടുത്തിയ നിലവിലെ ഇന്ത്യന്‍ പീനല്‍ കോഡ് എന്നും അത് മാറ്റിത്തീര്‍ക്കേണ്ടത് അത്യാവശ്യമാണെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശിക്ഷാനിയമവും ക്രിമിനല്‍ നടപടിക്രമവും ഭേദഗതി ചെയ്യാന്‍ ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് നിര്‍ദ്ദേശങ്ങള്‍ വെക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ സെപ്തംബര്‍ 28ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ പൗരന്മാരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചായിരിക്കണം ഇതെന്നും അദ്ദേഹം പറയുകയുണ്ടായി.
ബ്രിട്ടീഷ് കാലത്ത് പൊലീസിനെ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് വാര്‍ത്തെടുത്തിരുന്നതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇപ്പോള്‍ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പൊലീസാണ് ആവശ്യം. സ്വാതന്ത്ര്യത്തിനു ശേഷം 34,000 പൊലീസുകാര്‍ക്കാണ് തങ്ങളുടെ കൃത്യനിര്‍വ്വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടതെന്നും അമിത് ഷാ പറഞ്ഞു.
ഐപിസിയില്‍ ഭേദഗതികള്‍ വരുത്തുന്നതിലേക്ക് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഈയിടെ ആവശ്യപ്പെട്ടിരുന്നു. നിയമവിചക്ഷണര്‍ ഉള്‍പ്പെടുന്ന രണ്ട് സമിതികള്‍ ഇതിനായി ആഭ്യന്തരമന്ത്രാലയത്തിനു കീഴില്‍ രൂപീകരിച്ചിട്ടുണ്ട്.
180ല്‍ രൂപപ്പെടുത്തിയതിനു ശേഷം ഇക്കാലമത്രയും ഒരു സമഗ്ര മാറ്റത്തിന് വിധേയമായിട്ടില്ല ഇന്ത്യന്‍ ശിക്ഷാനിയമം.
Leave a Reply