കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കും. മണിയെക്കുറിച്ചുള്ള പുതിയ സിനിമയില്‍ മരണം സംബന്ധിച്ചുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നീക്കം. വിനയന്‍ ബുധനാഴ്ച തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരാകും.

അന്തരിച്ച നടൻ കലാഭവൻ മണിയുടെ ജീവിതവും മരണവും പ്രതിപാദിക്കുന്ന സിനിമയാണ് ചാലക്കുടിക്കാരൻ ചങ്ങാതി. വിനയനാണ് സംവിധാനം. മിമിക്രി കലാകാരനായ രാജാമണിയാണ് നായകനായി വേഷമിട്ടത്.

മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകൾ ഇനിയും നീങ്ങിയിട്ടില്ല. 2016 മാർച്ച് ആറിനായിരുന്നു മണിയുടെ മരണം. കൊലപാതകമെന്ന ആക്ഷേപം തുടക്കം മുതൽ തന്നെ ഉയർന്നിരുന്നുവെങ്കിലും പര്യാപ്തമായ തെളിവുകളൊന്നും പൊലീസിനു ലഭിച്ചിരുന്നില്ല. പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചുവെങ്കിലും പുരോഗതിയുണ്ടായില്ല. സംശയിക്കപ്പെടുന്നവരുടെ നുണപരിശോധനയുൾപ്പെടെ ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചു.

എന്നാൽ ആരോപിക്കുംവിധം മനഃപൂർവം അപായപ്പെടുത്താനുള്ള സാധ്യതകളിലേക്കു വിരൽചൂണ്ടുന്ന തെളിവുകൾ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ മറുപടി. സത്യം പുറത്തുകൊണ്ടുവരാൻ ഹൈക്കോടതി സിബിഐ അന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു.

വിഷമദ്യം അകത്തു ചെന്നുവെന്നു വ്യക്തമാക്കിയുള്ള രണ്ട് ലാബ് റിപ്പോർട്ടുകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തു വന്നതനുസരിച്ചു വീണ്ടും പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.