ഡോക്ടർ മനോ ജോസഫ്

പെട്ടെന്നൊരുദിവസം നിങ്ങളുടെ ഡോക്ടർ നിങ്ങളോട് പറയുകയാണ് സഹോദരാ/ സഹോദരീ നിങ്ങൾക്ക് മാരകമായ ഒരു രോഗമാണ്. ഈ രോഗം നിമിത്തം നിങ്ങൾ ആറുമാസത്തിനുള്ളിൽ മരിക്കാനാണ് സാധ്യത. ഈ വെളിപ്പെടുത്തലിനോട് നിങ്ങൾ എങ്ങിനെ പ്രതികരിക്കും? ബഹുഭൂരിപക്ഷം പേർക്കും അത് കഠിനമായ മനോവേദനയുളവാക്കുന്ന ഭയാനകമായ ഒരു ഷോക്ക് ആയിരിക്കും. സഫലമാകാതെ പൊലിഞ്ഞുപോകുമെന്നുറപ്പുള്ള സ്വപ്നങ്ങൾ. മറ്റുള്ളവർക്ക് ഭാരമായി മരുന്നും ആശുപത്രിയുമായി എന്തിന് ജീവിക്കണം എന്ന വിഷാദചിന്ത. രോഗമുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും മരുന്നുകളുടെ ദൂഷ്യഫലങ്ങളും ഇവയോടു കൂട്ടുചേരുമ്പോൾ അഗാധമായ നിരാശാബോധത്തിലേക്ക് അവർ നയിക്കപ്പെടാം. അങ്ങനെവരുമ്പോൾ ചിലരെങ്കിലും ആത്മഹത്യയെപ്പറ്റി ചിന്തിച്ചേക്കാം. എന്നാൽ ഉറ്റവരും ഉടയവരുമായ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്നേഹമസൃണമായ വാക്കുകളും സാമീപ്യവും അത് നൽകുന്ന സമാധാനവും അവരെ അതിൽനിന്ന് പിന്തിരിപ്പിക്കാറാണ് പതിവ്. ചിലർ വേദപുസ്തകങ്ങളിൽ, ആത്മീയതയിൽ, പ്രാർത്ഥനയിൽ ആശ്വാസം കണ്ടെത്തുന്നു. മറ്റുചിലർ സംഗീതത്തിലോ, വായനയിലോ, എഴുത്തിലോ, മറ്റെന്തെങ്കിലും ഹോബിയിലോ, ജോലിയിലോ മുഴുകി ബാക്കിയുള്ള ജീവിതത്തിന് അർത്ഥം കണ്ടെത്തുന്നു. കരുണാപൂർവ്വം പെരുമാറുന്ന ചുറ്റുമുള്ള സമൂഹം നൽകുന്ന പ്രത്യാശയിൽ, ഉറച്ചപിന്തുണയിൽ അവർ മരണചിന്തകളോട് വിടപറഞ്ഞുകൊണ്ട് ജീവനിലേക്ക് തിരിച്ചുവരുന്നു. കൂടാതെ ശാരീരികാസ്വാസ്ഥ്യങ്ങളിൽനിന്ന് ആശ്വാസം നൽകാൻ പാലിയേറ്റീവ് ചികിത്സകളും മാനസികമായ ബുദ്ധിമുട്ടുകളിൽ സഹായമായി സൈക്കോളജിസ്റ്റും നിലകൊള്ളുന്നു. ഇതിനെല്ലാം അടിസ്ഥാനം രോഗികളുടെ, ദുർബലരുടെ, അവശരുടെ, അംഗവൈകല്യമുള്ളവരുടെ ജീവന് മറ്റുമനുഷ്യരുടെ ജീവൻ പോലെതന്നെ വിലയുണ്ടെന്നും ആ ജീവനും പരിരക്ഷിക്കപ്പെടേണ്ടതാണെന്നും വിശ്വസിക്കുന്ന അവരോട് അനുകമ്പയുള്ള ഒരു സാമൂഹിക മനഃസാക്ഷിയാണ്.

എന്നാൽ യോർക്ഷയറിലെ സ്‌പെൻവാലി നിയോജകമണ്ഡലത്തിൽനിന്നുള്ള ലേബർ എം പി കിം ലെഡ്‌ബീറ്റർ, ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെയും മറ്റു പല ഭരണകക്ഷി നേതാക്കളുടെയും പരോക്ഷപിന്തുണയോടെ ഒക്ടോബർ 16 ന് അവതരിപ്പിച്ച പുതിയനിയമം (Assisted Dying Bill) പ്രാബല്യത്തിൽ വന്നാൽ ഇതിനെല്ലാം മാറ്റം സംഭവിക്കും. ഇതിന്മേൽ ചർച്ചകൾ നടക്കുന്നതുകൊണ്ട് നിയമം പൂർണരൂപത്തിൽ രൂപപ്പെട്ടിട്ടില്ലെങ്കിലും ചിലകാര്യങ്ങൾ അനുമാനിക്കാൻ സാധിക്കുന്നതാണ്. ഒരു രോഗി ആറുമാസത്തിലധികം ജീവിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർ വിധിയെഴുതിയാൽ ഈ നിയമം അനുസരിച്ച് ആ രോഗിക്ക് വൈദ്യസഹായത്തോടെ ആത്മഹത്യചെയ്യാൻ അപേക്ഷസമർപ്പിച്ച് അനുവാദം നേടിയെടുക്കാവുന്നതാണ്. അനുവാദം ലഭിച്ചാലുടൻ ആത്മഹത്യചെയ്യാനുള്ള മരുന്ന് ഡോക്ടറുടെ പ്രിസ്ക്രിപ്ഷനിൽ ലഭിക്കുന്നതാണ്. തുടർന്ന് ഡോക്ടറുടെയോ നഴ്‌സിന്‍റ്യോ സഹായത്തോടെ രോഗി മരുന്ന് കഴിച്ച് അല്ലെങ്കിൽ ഇൻജെക്ട് ചെയ്ത് മരിക്കുന്നു. ഇങ്ങനെ നിയമാനുസൃതം ആത്മഹത്യചെയ്യാൻ അനുവാദം ലഭിച്ച രോഗിയെ അതിൽനിന്നു തടയുകയോ തടയാൻ ശ്രമിക്കുകയോ ചെയ്യുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അറസ്റ്റുചെയ്യപ്പെടാനും ജയിൽ ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. ചുരുക്കത്തിൽ ഇങ്ങിനെ മരിക്കാൻ അനുവാദം ലഭിച്ച വ്യക്തി നമ്മുടെ എത്ര അടുത്ത ബന്ധുവോ സുഹൃത്തോ ആയിക്കൊള്ളട്ടെ, നിസ്സഹായനായി നോക്കിനിൽക്കാൻ മാത്രമേ സാധിക്കൂ. തടയാനോ സാവധാനം പ്രത്യാശനല്കി ജീവനിലേക്കു കൊണ്ടുവരാനോ പറ്റുകയില്ല.

നിയമത്തെ അനുകൂലിക്കുന്നവരും സർക്കാരിനുള്ള നേട്ടവും

മരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ നിയമത്തെ അനുകൂലിക്കുന്നവർ ഉയർത്തുന്ന പ്രധാന വാദം നിയമം നടപ്പിലായാൽ ഇത് വേദനിക്കുന്നവർക്കും കഷ്ടതയനുഭവിക്കുന്നവർക്കും മരണത്തിലൂടെ ആശ്വാസം നല്കുന്നുവെന്നതാണ്. എന്നാൽ ഏതുതരം വേദനയും പരിഹരിക്കാൻ കഴിവുള്ള ശക്തമായ മരുന്നുകളും അതുപയോഗിക്കാനുള്ള വൈദഗ്ദ്ധ്യം കൈമുതലായുള്ള പാലിയേറ്റീവ് സ്പെഷ്യലിസ്റ് ഡോക്ടർമാരും നഴ്സുമാരുമുള്ള ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നതുകൊണ്ടുതന്നെ ഈ വാദം ബാലിശമാണ്.

സർക്കാരിന് ഈ നിയമം പാസ്സാക്കാൻ ആഗ്രഹമുണ്ടെന്നത് പച്ചയായ ഒരു യാഥാർഥ്യമാണ്. അതിൻ്റെ കാരണം വ്യക്തമാണ്. സർക്കാർ മൊത്തത്തിലും ആരോഗ്യരംഗം പ്രത്യേകിച്ചും കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോയ്‌കൊണ്ടിരിക്കുകയാണ്. ഈ രോഗികൾ ആറുമാസം മുൻപേ മരിച്ചാൽ അത്രയും നാളത്തെ ആശുപത്രിച്ചിലവ്, മരുന്നുചിലവ്, പാലിയേറ്റിവ് കെയർ ചിലവ്, ആംബുലൻസ് ചിലവ്, ഡിസ്ട്രിക്ട് നഴ്സിങ് ചിലവ്, കെയറർമാരുടെ ചിലവ് തുടങ്ങി കോടിക്കണക്കിന് പൗണ്ട് ലാഭം. ആറുമാസത്തിലധികം ജീവിക്കില്ലായെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ട പലരോഗികളും വർഷങ്ങളോളം ജീവിച്ചിരുന്ന ചരിത്രം നമുക്ക് മുൻപിലുണ്ട്. അപ്പോൾ ലാഭം ഇതിലും കൂടും. അതുകൊണ്ടുതന്നെ ഈ നിയമം പ്രാബല്യത്തിലായാൽ സർക്കാരിന് സാമ്പത്തികലാഭം വളരെയേറെയാണ്. എന്നാൽ ഈ നിയമം നടപ്പിലായാൽ രോഗികളുടെയും ബലഹീനരുടെയും ജീവന് വിലയില്ലെന്ന് ഈ രാജ്യത്തിലെ ജനങ്ങളും സർക്കാരും വിധിയെഴുതുകയായിരിക്കും. അനേക തലമുറകളെ ബാധിക്കുന്ന വലിയൊരു മാറ്റമായിരിക്കുമത്. ജീവന് പ്രാധാന്യം നൽകുന്ന ഒരു സംസ്കാരത്തിൽനിന്ന് മരണത്തിന് പ്രാധാന്യം നൽകുന്ന ഒരു സംസ്കാരത്തിലേക്കുള്ള ചുവടുമാറ്റം.

കത്തോലിക്കാസഭയുടെ പ്രതികരണം

ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാസഭയ്ക്ക് നേതൃത്വ൦ നൽകുന്ന അഭിവന്ദ്യ കർദ്ദിനാൾ വിൻസെൻറ് നിക്കോൾസ് പിതാവ് ഒക്ടോബർ 10 ന് പുറപ്പെടുവിച്ച ഇടയലേഖനത്തിൽ ഈ നിയമത്തിനെതിരെ പ്രതികരിക്കാനും ജീവന്റ്റെ സംസ്കാരം നിലനിർത്താനായി ഉണർന്ന് പ്രവർത്തിക്കാനും എല്ലാ കത്തോലിക്കാവിശ്വാസികളോടും ആഹ്വാനം ചെയ്യുന്നു. ആത്മഹത്യക്കുള്ള അവകാശമായിട്ടാണ് (Right to Die) ഈ നിയമം പ്രമോട്ട് ചെയ്യപ്പെടുന്നതെങ്കിലും ആത്മഹത്യചെയ്യാനുള്ള കടമയായി (Duty to Die) ഇതുമാറുമെന്നാണ് കർദ്ദിനാൾ പിതാവ് കരുതുന്നത്. ഈ നിയമം നടപ്പിലായ ഒരു സമൂഹത്തിൽ രോഗിയായ വ്യക്തി താൻ മറ്റുള്ളവർക്ക് ഭാരമായി ജീവിക്കുന്നത് ശരിയല്ലെന്നു ചിന്തിക്കുകയും അതുകൊണ്ട് ആത്മഹത്യ ചെയ്യുക തൻ്റെ കടമയും ഉത്തരവാദിത്വവുമാണെന്ന് ബോധ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. ജീവിക്കാനുള്ള ആഗ്രഹം ഉള്ളിലുള്ളപ്പോൾപോലും അത് ഒളിച്ച് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുക, അവർക്ക് ഭാരമാകാതിരിക്കുക എന്നുള്ള തൻ്റെ കടമനിർവഹിക്കാനായി മരണംവരിക്കേണ്ടിവരുന്ന സാഹചര്യം. ഈ അവസരത്തിൽ നിയമത്തിലെ നൂലാമാലകളിൽ കുടുങ്ങി അവരെ തടയാനാവാതെ നിസ്സഹായാവസ്ഥയിൽ ഉഴലുന്ന ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും. ഓരോ കത്തോലിക്കാവിശ്വാസിയും തങ്ങളുടെ എം പി ക്ക് ഈ നിയമത്തിനെതിരേ വോട്ടുചെയ്യാൻ അഭ്യർത്ഥിച്ച് കത്തുകളയക്കാൻ പിതാവ് അഭ്യർത്ഥിക്കുന്നു. മാത്രമല്ല ഈ നിയമത്തെപ്പറ്റി കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ചർച്ചചെയ്ത് അവരിൽ ശരിയായ അവബോധം സൃഷ്ടിക്കാനും എല്ലാറ്റിനുമുപരിയായി സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കാനും പിതാവ് തൻ്റെ സന്ദേശത്തിൽ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി താഴെക്കാണുന്ന ലിങ്കുകൾ ശ്രദ്ധിക്കുക.

https://rcdow.org.uk/cardinal/homilies/pastoral-letter-on-assisted-suicide/

https://rcdow.org.uk/cardinal/news/prayer-to-uphold-the-dignity-of-human-life/

ആംഗ്ലിക്കൻ സഭയുടെ നിലപാട്

ബ്രിട്ടണിലെ ഔദ്യോഗിക സഭയായ ആംഗ്ലിക്കൻ സഭയുടെ നിലപാട് പ്രസക്തമാണ്. അവരുടെ 26 ബിഷോപ്പുമാർ പ്രഭുഃ സഭയിൽ (House of Lords) വോട്ടവകാശമുള്ള അംഗങ്ങളാണ്. അതുകൊണ്ടുതന്നെ ഈ നിയമത്തിനെതിരെ വോട്ടുചെയ്യാൻ അവർക്ക് അവസരം ലഭിക്കും. ആംഗ്ലിക്കൻ സഭാദ്ധ്യക്ഷൻ കാന്റർബറിയിലെ ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി ഈ നിയമത്തെ അപകടകരമായ നിയമം എന്നാണ് ഈയിടെ വിശേഷിപ്പിച്ചത്. മാത്രമല്ല ഈ നിയമം നടപ്പാക്കിയാൽ കൂടുതൽ ജനങ്ങൾ മരുന്നുപയോഗിച്ച് ആത്മഹത്യചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു.

ആരോഗ്യമേഖലയിലുള്ളവരുടെ കർത്തവ്യം

രോഗികളെ ശുശ്രൂഷിക്കുമെന്നും സുഖപ്പെടുത്താൻ പ്രവർത്തിക്കുമെന്നും അവർക്ക് ഹാനികരമായതൊന്നും ചെയ്യുകയില്ലെന്നും പ്രതിജയെടുത്ത് കർമ്മമേഖലകളിൽ പ്രവേശിച്ച ഡോക്ടർമാർക്കും നഴ്‌സ്‌മാർക്കും രോഗികളുടെ ജീവനെടുക്കാൻ എങ്ങനെ സാധിക്കും, അതിന് അവരുടെ മനഃസാക്ഷി അവരെ അനുവദിക്കുമോയെന്നത് ഒരു സുപ്രധാന ചോദ്യമാണ്. വളരെ സാമൂഹികപ്രാധാന്യമർഹിക്കുന്ന ഈ വിഷയത്തിൽ സ്വതന്ത്രമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും സംവാദത്തിൽ പങ്കുചേരാനും ഡോക്ടർമാർക്കും നഴ്‌സുമാർക്കും സാധിക്കുമെന്ന് യു കെ യിലെ ചീഫ് മെഡിക്കൽ ഓഫീസർമാരുടെയും ചീഫ് നേഴ്സ്മാരുടെയും സംയുക്തപ്രസ്താവനകൾ ഉറപ്പുനൽകുന്നു. ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.

https://www.gov.uk/government/publications/assisted-dying-bill-debate-advice-to-doctors/assisted-dying-bill-debate-advice-to-doctors-from-the-uk-chief-medical-officers-and-nhs-england-national-medical-director

https://www.gov.uk/government/publications/assisted-dying-bill-debate-advice-to-nurses-and-midwives/assisted-dying-bill-debate-advice-to-nurses-and-midwives-from-the-uk-chief-nursing-officers

മലയാളി സമൂഹം

ബ്രിട്ടണിലെ മലയാളി കുടുംബങ്ങളിൽ മിക്കവാറും എല്ലാ കുടുംബങ്ങളിലും ഒരാളെങ്കിലും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നുണ്ടായിരിക്കും. ഇങ്ങനെയുള്ള നിയമങ്ങൾ നടപ്പാക്കപ്പെടുമ്പോൾ പലപ്പോഴും ഏറ്റവുമധികം ബാധിക്കുക കുടിയേറ്റസമൂഹമായ ന്യൂനപക്ഷമായ നമ്മെയാണെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടുതന്നെ ഇതിനെതിരേ നാം ശക്തമായി പ്രതികരിക്കേണ്ടതാണ്. രോഗികൾക്കാവശ്യം ആത്മഹത്യ ചെയ്യാനുള്ള സഹായമല്ല മറിച്ച് ഏറ്റവും മികച്ച പാലിയേറ്റീവ് മെഡിസിൻ ചികിത്സാസംവിധാനങ്ങളാണെന്ന് ഉറക്കെപ്പറയാനുള്ള ആർജ്ജവം നമുക്കുണ്ടാകണം. എങ്കിൽ ഭാവിയിൽ ഈ നിയമം അനുശാസിക്കുന്നതുപോലെ ആത്മഹത്യ തിരഞ്ഞെടുക്കേണ്ട സാഹചര്യം നമ്മുടേയും നമ്മുടെ പ്രിയപ്പെട്ടവരുടെയും ജീവിതങ്ങളിൽനിന്ന് ഒഴിവാക്കാം.

ഡോക്ടർ മനോ ജോസഫ് : ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ താമസിക്കുന്ന ഡോക്ടർ മനോ ജോസഫ് ചങ്ങനാശ്ശേരിക്കാരനാണ്. കോട്ടയം മെഡിക്കൽ കോളേജിൽ എം ബി ബി എസും എം ഡിയും പൂർത്തിയാക്കിയശേഷം ഉപരിപഠനത്തിനായി യു കെയിൽ എത്തി. കഴിഞ്ഞ ഇരുപതു വർഷമായി ഇംഗ്ലണ്ടിലെ കാൻസർ മേഖലയിൽ പ്രവർത്തിക്കുകയാണ്. എൻ എച്ച് എസിൽ കോൺസൾറ്റൻറ് ആയി പ്രവർത്തിക്കുന്ന അദ്ദേഹം അടുത്തകാലംവരെ റോയൽ വോൾവർഹാംപ്ടൺ ആശുപത്രിയിലെ കാൻസർ വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിരുന്നു.