ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ട് വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിലെ എൻഎച്ച്എസിനായി യുകെ ഗവൺമെൻ്റ് 22.6 ബില്യൺ പൗണ്ട് ഫണ്ടിംഗ് വർദ്ധന പ്രഖ്യാപിച്ചു. വെയിറ്റിംഗ് ലിസ്റ്റുകൾ വെട്ടിക്കുറയ്ക്കാനും ആശുപത്രി കിടക്കകളുടെ എണ്ണം വർധിപ്പിക്കാനും തുടങ്ങിയ കാര്യങ്ങൾക്കായി ഈ പണം ഉപയോഗിക്കും. ശരിയായ ഫണ്ടിങ്ങിന്റെ അഭാവം മൂലം അപ്പോയിൻ്റ്മെൻ്റുകൾക്കും ചികിത്സകൾക്കുമായി നീണ്ട സമയം രോഗികൾക്ക് കാത്തിരിക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ ഇനി സാധാരണയിലും 40,000 അധിക ആശുപത്രി അപ്പോയിൻ്റ്മെൻ്റുകൾ വരെ സാധ്യമാകും. കാത്തിരിപ്പ് സമയം കുറയ്ക്കുക എന്നതാണ് നിലവിലെ ലക്ഷ്യം. അതായത്, ഡോക്ടർ നിർദ്ദേശിച്ചതിന് ശേഷം ചികിത്സയ്ക്കായി 18 ആഴ്ചയിൽ കൂടുതൽ ആരും കാത്തിരിക്കേണ്ടതായി വരരുത്.

അധിക ജീവനക്കാരെ നിയമിക്കുന്നതിനും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആയുള്ള പ്രവർത്തനങ്ങൾക്കായി ഫണ്ടിംഗ് ഉപയോഗിക്കും. ഫണ്ടിംഗിൻ്റെ ഒരു ഭാഗം ശമ്പള വർദ്ധനയിലേക്കും വർദ്ധിച്ചുവരുന്ന പരിചരണ ചെലവുകളിലേക്കും പോകും. കാത്തിരിപ്പു സമയങ്ങളിലെ പുരോഗതി പ്രാബല്യത്തിൽ വരാൻ സമയം എടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എൻ എച്ച് എസിൻ്റെ പ്രതിദിന പ്രവർത്തന ബജറ്റിലേക്ക് ട്രഷറി ശരാശരി 4% വാർഷിക വർദ്ധനവ് അനുവദിച്ചിട്ടുണ്ട്.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ എൻഎച്ച്എസ് ഇൻഫ്രാസ്ട്രക്ചറിനും ഉപകരണങ്ങൾക്കുമായി 3.1 ബില്യൺ പൗണ്ടിൻ്റെ റെക്കോർഡ് നിക്ഷേപവും ചാൻസലർ റീവ്സ് പ്രഖ്യാപിച്ചു. ഇതിൽ മെയിൻ്റനൻസ് ബാക്ക്‌ലോഗുകളും അറ്റകുറ്റപ്പണികളും പരിഹരിക്കുന്നതിന് പ്രത്യേകമായി 1 ബില്യൺ പൗണ്ട് മാറ്റിവച്ചിട്ടുണ്ട്. മറ്റൊരു £1.5 ബില്യൺ പുതിയ ശസ്ത്രക്രിയാ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനും രോഗനിർണ്ണയ ഉപകരണങ്ങൾ വാങ്ങുന്നതിനുമായി നീക്കിവച്ചിരിക്കുന്നു. അതേസമയം £ 70 ദശലക്ഷം ക്യാൻസർ ചികിത്സ മെച്ചപ്പെടുത്തുന്നതിനായി റേഡിയോ തെറാപ്പി മെഷീനുകൾ വാങ്ങുന്നതിന് ചെലവഴിക്കും.