ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ ടാക്സുകളെ സംബന്ധിച്ചും, നികുതി ഇളവുകളെ സംബന്ധിച്ചും തിങ്കളാഴ്ച നടത്താനിരുന്ന സാമ്പത്തികനയ പ്രഖ്യാപനം രണ്ടാഴ്ച കൂടി നീട്ടിയതായി ചാൻസലർ ജെറെമി ഹണ്ട് അറിയിച്ചു. ഏറ്റവും പുതിയ സാമ്പത്തിക പ്രവചനങ്ങളെ അടിസ്ഥാനപ്പെടുത്തി നവംബർ 17 ന് പുതിയ പദ്ധതി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വലിയ തോതിൽ നികുതിയിളവുകൾ നൽകിയുള്ള ലിസ് ട്രസിന്റെ നടപടി ചാൻസലറായ ശേഷം ഉടൻതന്നെ ജെറെമി ഹണ്ട് റദ്ദാക്കിയിരുന്നു. നിലവിലെ സാഹചര്യങ്ങളെ കുറേക്കൂടി വിശകലനം ചെയ്ത്, രാജ്യത്തിന് സാമ്പത്തിക സ്ഥിരത ഉണ്ടാകുന്ന തരത്തിൽ പുതിയ പദ്ധതി വിശാലമായ രീതിയിൽ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. കുതിച്ചുയരുന്ന ജീവിതച്ചെലവ് നേരിടാൻ സഹായിക്കുന്നതിന് മുമ്പ് പ്രതീക്ഷിച്ചതിലും കൂടുതൽ പലിശ നിരക്ക് ഉയർത്തേണ്ടി വരുമെന്ന് ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രസ്താവനയുടെ കാലതാമസത്തെക്കുറിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണറുമായി ചർച്ച ചെയ്തതായി ഹണ്ട് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


കഴിഞ്ഞ മാസത്തെ മിനി ബജറ്റിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് യുകെയുടെ സാമ്പത്തിക വിശ്വാസ്യത നിക്ഷേപകർക്ക് ഉറപ്പു നൽകുവാൻ പുതിയ ഗവൺമെന്റിനുമേൽ സമ്മർദ്ദം ഏറെയാണ്. പൗണ്ട് ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തുകയും മുൻ പ്രധാനമന്ത്രി ലിസ് ട്രസിന്റെ മിനി ബജറ്റിന് ശേഷം സർക്കാർ വായ്പാ ചെലവ് കുത്തനെ ഉയരുകയും ചെയ്തത് സ്ഥിതിഗതികൾ കൂടുതൽ മോശമാക്കി. സർക്കാരിന്റെ സാമ്പത്തിക ബാധ്യത വീട്ടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിർബന്ധിതരായ സാഹചര്യത്തിൽ പുതിയതായി പ്രഖ്യാപിക്കുന്ന സാമ്പത്തിക നയം വളരെയേറെ ശ്രദ്ധ അർഹിക്കുന്നുണ്ട്.