ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഋഷി സുനക് മന്ത്രിസഭയുടെ ആദ്യത്തെ ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. പണപെരുപ്പവും ജീവിതചിലവും കുതിച്ചുയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ബജറ്റ് പ്രഖ്യാപനത്തെ നോക്കികാണുന്നത്. ഒന്നും രണ്ടും വയസു പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് ആഴ്ചയിൽ 30 മണിക്കൂർ ചൈൽഡ് കെയർ ബെനിഫിറ്റ് ലഭ്യമാക്കത്തക്കവിധമുള്ള നാലു ബില്യൻ പൗണ്ടിന്റെ വമ്പൻ പ്രഖ്യാപനമാണ് ബജറ്റിൽ എല്ലാവരും പ്രതീക്ഷിക്കുന്ന കാര്യങ്ങളിലൊന്ന്. മെറ്റേണിറ്റി ബെനിഫിറ്റുകൾക്കു ശേഷം ഫ്രീ നേഴ്സറി കെയർ ലഭ്യമാകുന്നതുവരെയുള്ള രണ്ടുവർഷക്കാലത്തേയ്ക്ക് പുതിയ കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. നിർണായക നടപടികൾ എല്ലാം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാകുമെന്നാണ് സാമ്പത്തിക നിരീക്ഷകർ പറയുന്നത്.
കൊച്ചുകുട്ടികളുടെ മാതാപിതാക്കളെ എത്രയും വേഗം ജോലിയിലേയ്ക്ക് തിരികെയത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇപ്പോൾതന്നെ ലോകത്ത് ഏറ്റവും ചെലവേറിയ ചൈൽഡ് കെയർ സംവിധാനമുള്ള രാജ്യമാണ് ബ്രിട്ടൻ. ഒരു കുട്ടിക്ക് 14,000 പൗണ്ടുവരെയുള്ള കെയർ സൗകര്യങ്ങളാണ് ഫ്രീ നേഴ്സറി സമയം ഉൾപ്പെടെ സർക്കാർ നൽകുന്നത്. ഇതാണ് ഇനിയും ഇയർത്താൻ സർക്കാർ തയാറാകുന്നത്. എനർജി ബില്ലിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള 2,500 പൗണ്ടിന്റെ സപ്പോർട്ട് പ്രൈസ് സംവിധാനം മാർച്ച് 31ന് അവസാനിക്കുകയാണ്. ഇതു ജൂൺ മാസം വരെ നീട്ടാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ. ഇന്ധന നികുതിയിലെ ഇളവാണ് എല്ലാവരും പ്രതീക്ഷിക്കുന്ന മറ്റൊരു കാര്യം. ലിറ്ററിന് അഞ്ചു പെൻസിന്റെ ഇളവുവരെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങൾ. പെൻഷൻ അലവൻസുകളിലെ നികുതിയിളവും പെൻഷൻ പ്രായത്തിലെ മാറ്റവും ബജറ്റിൽ ചിലർ പ്രവചിക്കുന്നുണ്ട്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഡിഫൻസ് ബജറ്റിന് വലിയ പ്രാധാന്യമാകും ലഭിക്കുക. രണ്ടുവർഷത്തിനുള്ളിൽ പുതിയ ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാൻ വലിയ തുക വകയിരുത്തും. അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ശക്തമായ നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ച സാഹചര്യത്തിൽ തീർച്ചയായും അതിനായി ആവശ്യത്തിന് പണം നീക്കിവയ്ക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നേരത്തേതന്നെ ജോലി നിർത്തിയ വർക്കിംങ് ഏജ് ഗ്രൂപ്പിനെ തിരികെ ജോലിയിൽ എത്തിക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എൻഎച്ച്എസ് നേഴ്സുമാരും ജൂനിയർ ഡോക്ടർമാരുമടക്കം സമരരംഗത്തുള്ള സർവീസ് മേഖലയിലെ ജീവനക്കാർക്ക് എന്തെങ്കിലും ലഭിക്കുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്ന മറ്റൊരു പ്രഖ്യാപനം. ആരോഗ്യ രംഗത്തെ നിലവിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ജെറമി ഹണ്ട് മുൻപോട്ട് വെക്കുമെന്നും വിദഗ്ധർ പറയുന്നു.
Leave a Reply