പൗരത്വ നിയമഭേദഗതിക്കെതിരെ ഡല്‍ഹി ജമാമസ്ജിദില്‍ പ്രതിഷേധിച്ച സംഭവത്തില്‍ അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് രക്തത്തില്‍ ഗുരുതര രോഗമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ ഹര്‍ജിത് സിങ് ഭാട്ടി. ആഴ്ച്ചയില്‍ രണ്ടു തവണ രക്തം മാറ്റിയില്ലെങ്കില്‍ രക്തം കട്ട പിടിക്കുമെന്നും ഇതുമൂലം ഹൃദയാഘാതം സംഭവിക്കുമെന്നും ഡല്‍ഹി എയിംസിലെ ഡോക്ടര്‍ വ്യക്തമാക്കി. ഇതു കാണിച്ച് ഡല്‍ഹി പൊലീസിന് അറിയിപ്പ് നല്‍കിയിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
ചന്ദ്രശേഖര്‍ ആസാദ് തിഹാര്‍ ജയിലിലായിട്ട് ഇന്നു കൃത്യം രണ്ടാഴ്ച കഴിഞ്ഞിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിക്കാണ് അദ്ദേഹത്തിന്റെ ഡോക്ടര്‍ ഹര്‍ജിത് സിങ് ഭട്ടിയുടെ മൂന്ന് ട്വീറ്റുകള്‍ വരുന്നത്. ആഴ്ചയില്‍ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ടുന്ന രോഗമാണ് ആസാദിന്. കഴിഞ്ഞ ഒരുവര്‍ഷമായി ഡല്‍ഹി എയിംസില്‍ ചികിത്സിക്കുന്നു. ഇതു കൃത്യമായി ചെയ്തില്ലെങ്കില്‍ രക്തം കട്ട പിടിക്കാനും ഹൃദയാഘാതമോ അല്ലെങ്കില്‍ സ്‌ട്രോക്കോ സംഭവിക്കാനും സാധ്യതയുള്ളതായി ഡോക്ടര്‍ പറയുന്നുണ്ട്. പലതവണ ഡല്‍ഹി പോലീസിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെന്നും ഡോക്ടറുടെ ട്വീറ്റിലുണ്ട്.
ഡല്‍ഹി ജമാമസ്ജിദില്‍ പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ആസാദ് പ്രതിഷേധ പ്രകടനത്തിനെത്തിയത്. ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധം നയിച്ച ആസാദിനെ പുലര്‍ച്ചെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്യുന്നത്. രണ്ടാഴ്ച്ച റിമാന്‍ഡില്‍ വിട്ട ആസാദിപ്പോള്‍ തീഹാര്‍ ജയിലിലാണ് കഴിയുന്നത്. ജയിലില്‍ ആസാദിന് മര്‍ദ്ദനമേല്‍ക്കുന്നുവെന്ന് ദളഇത് നേതാവ് ജിഗ്നേഷ് മേവാനി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Leave a Reply