ചന്ദ്രയാന്‍-2 ആദ്യഘട്ടം വിജയകരം. പേടകം ആദ്യഭ്രമണപഥത്തിലെത്തി. 181.616 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റുന്നു. ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്റെ രണ്ടാമത്തെ പതിപ്പ് ശ്രീഹരിക്കോട്ടയില്‍ നിന്ന് 2.43 നാണ് വിക്ഷേപിച്ചത്. ഓഗസ്റ്റ് 13ന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മാറ്റും.

ചാന്ദ്രയാൻ രണ്ടിനെ രാജ്യത്തിന്റെ ചരിത്ര കുതിപ്പെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോക്ടര്‍ കെ.ശിവന്‍ വിശേഷിപ്പിച്ചത്. റോക്കറ്റിന്റെ ശേഷി 15 ശതമാനം വര്‍ധിപ്പിക്കാന്‍ സാധിച്ചത് നേട്ടമെന്ന് അദ്ദേഹം വിശദീകരിച്ചു. ദൗത്യത്തില്‍ പങ്കാളികളായ എല്ലാവരെയും സല്യൂട്ട് ചെയ്യുന്നതായി ചെയര്‍മാന്‍ പറഞ്ഞു.

ദൗത്യത്തെ പ്രശംസിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ഇന്ത്യക്കാര്‍ക്ക് അഭിമാന മുഹൂര്‍ത്തമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. ചന്ദ്രയാന്‍ രണ്ട് രാജ്യത്തിന് അഭിമാന‌കരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്കിത് ചരിത്രമുഹൂര്‍ത്തമാണ് . തീര്‍ത്തും തദ്ദേശീയമായി രൂപം നല്‍കിയ പദ്ധതി രാജ്യത്തെ ശാസ്ത്രജ്ഞരുടെ പ്രാഗല്‍ഭ്യത്തിനും പ്രതിഭയ്ക്കും തെളിവാണ്. രാജ്യത്തിനായി ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞരെ വിളിച്ച് അഭിന്ദനമറിയിച്ചെന്നും മോദി ട്വിറ്ററില്‍ വ്യക്തമാക്കി. ചന്ദ്രയാന്‍ രണ്ട് ചന്ദ്രനെക്കുറിച്ചുളള അറിവ് വര്‍ധിപ്പിക്കും. രാജ്യത്തെ യുവാക്കള്‍ക്ക് ശാസ്ത്രാഭിമുഖ്യം വളര്‍ത്താനും ഗവേഷണത്തിനും കണ്ടുപിടുത്തത്തിനും പ്രചോദമാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഡല്‍ഹിയിലെ ഓഫിസില്‍ പ്രധാനമന്ത്രി ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം വീക്ഷിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചന്ദ്രനില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ചന്ദ്രയാന്‍ ഒന്നിന് കൃത്യം പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് രണ്ടാം ദൗത്യം.

ചന്ദ്രോപരിതലത്തില്‍ ഉപഗ്രഹങ്ങളും ഗവേഷണ യന്ത്രങ്ങളും ഇടിച്ചിറക്കുന്ന രീതിക്കു പകരം ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനു സമാനമായ രീതിയിലുള്ള സോഫ്റ്റ് ലാൻഡിങ്ങാണ് ചന്ദ്രയാന്‍ രണ്ടിന്റെ പ്രത്യേകത. റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് ലോകത്ത് ഇതിനു മുന്‍പ് സോഫ്റ്റ് ലാന്റിങ് നടത്തിയിട്ടുള്ളത്.