ചങ്ങനാശേരി ബൈപാസിൽ രക്തക്കറ പുരണ്ടതിന്റെ ഞെട്ടലിലും സങ്കടത്തിലുമാണ് നാട്ടുകാർ. ലോക്ഡൗൺ ഇളവുകൾക്കു പിന്നാലെ കഴിഞ്ഞ ഒരു മാസമായി ബൈപാസിൽ അമിതവേഗത്തിൽ യുവാക്കൾ ബൈക്കുകളിൽ ചീറിപ്പായുന്നതായി പലരും പരാതിപ്പെട്ടിരുന്നു. ഇതിനിടയിലാണ് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ മൂന്നു പേരും റോഡിലേക്കു തെറിച്ചുവീണു. ശരത്തും സേതുനാഥും സംഭവസ്ഥലത്തു തന്നെ മരിച്ചു. ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. മുരുകനെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈകുന്നേരം മുതൽ 2 ബൈക്കുകളിലായി യുവാക്കൾ ബൈക്കുകളിൽ ബൈപാസിലൂടെ അമിതവേഗത്തിലെത്തി അഭ്യാസപ്രകടനം നടത്തിയിരുന്നതായും ശരത്ത് അപകടത്തിൽപെട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന ബൈക്ക് നിർത്താതെ കടന്നുകളഞ്ഞതായും നാട്ടുകാർ ആരോപിച്ചു. സംഭവത്തെത്തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് എത്തിയിരുന്നു.
ചിതറിത്തെറിച്ചു കിടക്കുന്ന ശരീരഭാഗങ്ങളും വാഹനങ്ങളുടെ അവശിഷ്ടങ്ങളും ഉൾപ്പെടെ അതിദാരുണമായ ദൃശ്യമാണ് അപകടവിവരം അറിഞ്ഞ് എത്തിയവർ കണ്ടത്. ദേഹമാസകലം രക്തവുമായി റോഡിൽ കിടന്നവരെ അവിടെ നിന്ന് എടുക്കാൻ പോലും അധികമാർക്കും ധൈര്യമുണ്ടായിരുന്നില്ല. പൊലീസിന്റെ സഹായത്തോടെ ഇവരെ മാറ്റിയതിനു ശേഷം അഗ്നിരക്ഷാസേനയുടെ സഹായത്തോടെ റോഡ് കഴുകി വൃത്തിയാക്കി. ഇതിനു ശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലായത്. സ്വർണപ്പണികളുമായി ബന്ധപ്പെട്ട് മുരുകനും സേതുനാഥും യാത്രകൾ പോകുന്നത് പതിവായിരുന്നു. അന്ത്യയാത്രയിലും ഇവർ ഒരുമിച്ചായത് നാട്ടുകാർക്കും ബന്ധുക്കൾക്കും വേദനയായി. സേതുനാഥിന്റെയും മുരുകൻ ആചാരിയുടെയും പക്കൽ നിന്ന് 5 ലക്ഷം രൂപ ലഭിച്ചതായി പൊലീസ് പറഞ്ഞു.മുരുകന്റെ ഭാര്യ ആശാലത, മക്കൾ : രാഹുൽ, ഗോകുൽ.സേതുനാഥിന്റെ ഭാര്യ രഞ്ജിനി, മക്കൾ : ലക്ഷ്യ, അക്ഷയ്, വേദ.
നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതും കാര്യമായ പരിശോധനകൾ ഇല്ലാത്തതും പുതുതലമുറ ബൈക്കുകളുമായി ചീറിപ്പായാനുള്ള ഇടമാക്കി ബൈപാസ് തിരഞ്ഞെടുക്കാൻ കാരണമാകുന്നതായി ആക്ഷേപമുണ്ട്. ഇരുവശത്തേക്കുമുള്ള അപകടകരമായ ബൈക്ക് റേസിങ് പേടിച്ച് റോഡിൽ ഇറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാവാറുണ്ടെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. മോഡിഫിക്കേഷൻ വരുത്തിയതും നമ്പർ പ്ലേറ്റ് മറച്ചതുമായ ബൈക്കുകൾ കൂടുതലായി അഭ്യാസപ്രകടനങ്ങൾക്കായി ഇവിടേക്ക് എത്തിക്കുന്നതായും പരാതികളുണ്ട്. ബൈപാസിൽ പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
Leave a Reply