ബ്രിട്ടൺ : തെക്കൻ ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും തമ്മിൽ വേർതിരിക്കുന്ന ഇംഗ്ലീഷ് ചാനലിൽ നിന്നും നാല് ബോട്ടുകളിൽ ആയി നാൽപത്തിയൊന്ന് കുടിയേറ്റക്കാരെ ബോർഡർ ഫോഴ്സ് അറസ്റ്റ് ചെയ്തു. ആഭ്യന്തര വകുപ്പ് നൽകുന്ന വിവരമനുസരിച്ച് കപ്പൽ യു കെ തുറമുഖത്തേക്ക് പോകുമ്പോഴാണ് ബോർഡർ ഫോഴ്സ് സെക്യൂരിറ്റി വിഭാഗം തടഞ്ഞത്. ഇരുപത്തിനാലു പേരടങ്ങുന്ന ഒരു ബോട്ടും അതോടൊപ്പം, അഞ്ചു പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന മറ്റൊരു ബോട്ടും പിടിച്ചെടുത്തു. ഒൻപത് പേരടങ്ങുന്ന മറ്റൊരു സംഘം വേറൊരു ബോട്ടിലായിരുന്നു. അറസ്റ്റിലായ ആളുകളിൽ മിക്കവരും ഇറാൻ, അഫ്ഗാനിസ്ഥാൻ, തുർക്കി, മാലി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
അറസ്റ്റ് ചെയ്ത എല്ലാവരെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം, കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇമിഗ്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുപോയി. ഫ്രഞ്ച് ക്യാമ്പുകൾ പൂട്ടിയതോടെ യാണ് ഇംഗ്ലീഷ് ചാനലിലൂടെ ഉള്ള കുടിയേറ്റം വർദ്ധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ആയിരത്തോളം കുടിയേറ്റക്കാർ താമസിച്ചിരുന്ന ഫ്രാൻസിലെ ഡങ്കിർക് എന്ന ക്യാമ്പാണ് പൂട്ടിയത്. വെള്ളിയാഴ്ച രാവിലെയാണ് ഫ്രഞ്ച് പോലീസ് ഉദ്യോഗസ്ഥരും, വകുപ്പ് മേധാവികളും ചേർന്ന് ആളുകളെ ഒഴിപ്പിച്ചത്.
2018 നവംബറിന് ശേഷം ഏകദേശം 1373 പേരിൽ അധികമാണ് ഇംഗ്ലീഷ് ചാനൽ കടന്നുവന്നിരിക്കുന്നത്. ഇതിൽ ഒട്ടനവധി കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ 1127 പേരും ഈ വർഷമാണ് കടൽ കടന്നിരിക്കുന്നത്.
ഇതോടൊപ്പംതന്നെ ഇംഗ്ലീഷ് ചാനലിലൂടെ ഉള്ള കള്ളക്കടത്തും മറ്റും വർദ്ധിച്ചിരിന്നതായാണ് റിപ്പോർട്ടുകൾ. ബോർഡർ ഫോഴ്സ് വിഭാഗം സെക്യൂരിറ്റി ശക്തിപ്പെടുത്തിയിട്ടുണ്ട്. സിസിടിവി യും രാത്രിയിലുള്ള പെട്രോളിങ്ങും എല്ലാം ഊർജിതപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങൾക്ക് തടയിടുവാൻ വേണ്ടതായ നിയമനിർമ്മാണങ്ങൾ നടത്തുമെന്ന് ആഭ്യന്തര വകുപ്പും അറിയിച്ചിട്ടുണ്ട്.
Leave a Reply